ഉള്ളം കവർന്ന ചിരി | Malayalam Story

9644 Views

malayalam story pdf

ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ കോളജിലേക്ക് പോകുന്നില്ലാന്ന് എത്ര പറഞ്ഞിട്ടും സമ്മതിക്കാതെ ഉമ്മ എന്നെ വീട്ടിൽ നിന്ന് ഓടിപ്പിച്ചതാര്ന്നു.

എന്നോടാ കളി.. ഏഴ് മണിക്ക് വരുന്ന കോളേജ് ബസ്സിനെ ബസ് സ്റ്റോപ്പിൽ എത്തിയത്, 7:10 ന്. കുറച്ച് നേരം നിന്നിട്ടും കോളേജ്ബസ് കാണാതായപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. യെസ് ഓപ്പറേഷൻ വിജയിച്ചു. കോളേജ് ബസ് പോയി. ഇനി ഇപ്പോൾ വീട്ടിലേക്ക് പോയാലോ.. വേണ്ട കുറച്ച് നേരം കൂടി കാത്ത് നിൽക്കാം അല്ലെങ്കിൽ എന്നെ ലൈൻ ബസ്സിൽ പറഞ്ഞയക്കും.

കുറച്ച് നേരം ഞാൻ മൊബൈലിൽ ഗെയിം കളിച്ചിരുന്നു. സമയം 7:45 ആയി. ഇനി ഇപ്പോൾ ലൈൻ ബസിൽ പോയാലും ഒരു പിരീഡ് കഴിയുമെന്നും സാർ നല്ല ചീത്ത പറയുമെന്നൊക്കെ വീട്ടിൽ പറയാം. പക്ഷെ ഈ കളി ഉമ്മയുടെ അടുത്തേ നടക്കൂ.

പെട്ടന്നാണ് ബസ്റ്റോപ്പിൽ അടുത്ത് നിൽക്കുന്ന ഒരു അപ്പാപ്പനെ ഞാൻ ശ്രദ്ധിച്ചത്. അങ്ങോർ എന്നെയാണ് തുറുപ്പിച്ച് നോക്കികൊണ്ടിരിക്കുന്നത്. റബ്ബേ.. ഇങ്ങോർ എന്റെ ഉപ്പയെ അറിയുന്ന വെല്ലോരും ആവോ ? ഏയ് ഇനി ഇവിടെ നിൽക്കുന്നത് പന്തികേടല്ല.. വേഗം മൊബൈൽ എടുത്ത് ബാഗിൽ വെച്ചു.

നേരിട്ട് വീട്ടിലേക്ക് ചെന്നാൽ പച്ചത്തെറി അഭിഷേകമാകുമെന്ന് എനിക്കുറപ്പാണ്. അതുകൊണ്ട് ഫോണിൽ വിളിച്ച് പറയുന്നതാണ് നല്ലത്. കുറച്ച് ഫോണിൽ കേട്ട് ബാക്കി വീട്ടിൽ ചെന്ന് കേട്ടാൽ മതിയല്ലോ. അതും ഞാൻ നടന്ന് വീട്ടിൽ എത്തുമ്പോഴേക്കും ഉമ്മ ഉപ്പയോട് എന്തെലൊക്കെ പറഞ്ഞ് കുറച്ചോക്കെ എന്നെ രക്ഷപെടുത്തിക്കോളും.

കയ്യിൽ മൊബൈൽ ഉണ്ട് പക്ഷെ അതിൽ വിളിക്കണ്ട. മൊബൈൽ കോളജിലേക്ക് ഞാൻ കൊണ്ട് പോകുന്നുണ്ടെന്ന് അറിഞ്ഞാൽ അടുത്ത ഭൂകമ്പാകും. അത് വേണ്ടാ.. എല്ലാം സൂക്ഷിച്ച് തന്നെ ചെയ്യണം.. നേരെ അടുത്തുള്ള ബൂത്തിൽ പോയി ഉമ്മയുടെ നമ്പറിലേക്ക് വിളിച്ചു.

പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കൊണ്ട്, ‘ഫോൺ ഉമ്മയെടുക്കണേ’ എന്ന എന്റെ പ്രാർത്ഥന റബ്ബാ കേട്ടില്ല.

അത് എപ്പോഴും അങ്ങനെയാ ഒരു പ്രാർത്ഥനയുടെ അവിടെയും ഇവിടെയും ഒക്കെയാ അങ്ങൊരു കേൾക്കൂ. ബസ് പോകണേ എന്നത് കേട്ടു പക്ഷെ ഇത് കേട്ടില്ല. എന്താ ചെയ്യാ ചില കാര്യങ്ങൾക്ക് അങ്ങോർക്ക് വല്ലാത്ത ജാഡ ആണെന്നേ.

ഫോൺ എടുത്തതും ഉപ്പയുടെ ഒരു വല്ലാത്ത സൗണ്ടിൽ ‘ഹലോ: കേട്ടതും എന്റെ കിളി എങ്ങോട്ടോ പോയി. ഉള്ള കിളിയെ പിടിച്ച് കൂട്ടിലിട്ട് ഒരുവിധം ബസ് പോയെന്ന് പറഞ്ഞ് ഒപ്പിച്ചു. പക്ഷെ പിന്നെ പറഞ്ഞ ഉപ്പയുടെ മറുപടി എനിക്ക് മുൻപേ അറിയാവുന്നത് കൊണ്ട് അത്രക്ക് ഷോക്കടിച്ചില്ല.

‘നിനക്ക് ലൈൻ ബസ് പിടിച്ച് പൊയ്ക്കൂടേ’ എന്ന് കേട്ട പാതി കേൾക്കാത്ത പാതി ഫോൺ വെച്ച് നേരെ അങ്ങോട്ട്‌ ബസ്റ്റോപ്പിൽ പോയി അനുസരണയുള്ള കുട്ടിയായി നിന്നു.

അവിടെ ചെന്നപ്പോൾ ആ അപ്പാപ്പൻ അവിടെ തന്നെ ഉണ്ട്. ഞാൻ അങ്ങോരെ മൈൻഡ് ചെയാൻ പോയില്ല. പിന്നെ അതിലൂടെ പോയികൊണ്ടിരിക്കുന്ന ഓരോ ബസുകളുടെ ബോര്ഡുകളിലായിരുന്നു എന്റെ കണ്ണുകൾ. പെട്ടെന്ന് കൊടകര എന്നു കണ്ണിൽ പതിഞ്ഞതും വേഗം കയറി വിന്ഡോ സീറ്റ് തന്നെ പിടിച്ചു.

എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നതിന്റെ ഇടയിലാണ് ഒരു വിളി കേട്ടത്. ഞാൻ വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു വയസായ സ്ത്രീ കൂടെ പത്ത് ഇരുപത്തഞ്ചു വയസ്സായ ഒരു യുവാവുമുണ്ട്.

ഞാൻ നോക്കിയതും ആ അമ്മ പറഞ്ഞു ‘മോളെ ഒന്നു ഇങ്ങോട്ടു നീങ്ങിയിരിക്കാമോ മോന് അവിടെ ജനാലയുടെ അരികിൽ ഇരിക്കണമെന്നു.’ ച്ചെ… നോക്കണ്ടായിരുന്നു. വെറുതെ പോയി പണി വാങ്ങിച്ചു.

എന്നോട് എണീക്കാൻ പറയാൻ ഈയാൾ ഏതാ പ്രധാന മന്ത്രിയോ? ഹം.. ഞാൻ ഇരിക്കുന്ന വിന്ഡോ സീറ്റ് തന്നെ അങ്ങോർക്ക് വേണമെന്ന്… വേറെ എത്ര സീറ്റ് ഉണ്ട്.. അതും ഈ സ്ത്രീകളുടെ സീറ്റ്..

ഞാൻ ഒന്നും മിണ്ടാതെ മനസില്ലാമനസോടെ നീങ്ങി കൊടുത്തു. ആ അമ്മയും അമ്മേടെ പുന്നാര മോനും എന്റെ അരികത്തുതന്നെ ഇരിന്നു. ഞാൻ എനിക്ക് വന്ന എല്ലാ ദേഷ്യവും അടക്കി പിടിച്ചു പുറത്തോട്ടു നോക്കിയും ഇരുന്നു.

പിന്നെ ആ മകന്റെ സംസാരത്തിലെ എന്തോ ഒരു അപാകത കേട്ടാണ് ഞാൻ അവരെ വീണ്ടും ശ്രദ്ധിച്ചത്.
‘അമ്മേ നോക്കു ദേ ഒരു കാർ പോകുന്നു.. ആ കാറിന്റെ നിറം വെള്ളയല്ലമ്മേ. ‘ മറുപടിയെന്നോണം അമ്മ പറഞ്ഞു ‘ആ.. മോനെ.. ഇന്ന് രാവിലെ കുട്ടൻ കഴിച്ച മാമ്മുവിന്റെ നിറവും ഇതല്ലേ..’ അയാൾ സന്തോഷത്തോടെ തലയാട്ടി ചിരിച്ചു.

ഇതെല്ലാം കണ്ടു തുറിച്ചു നോക്കുന്ന എന്നെ കണ്ടു സാരിത്തുമ്പു കൊണ്ടു കണ്ണുകൾ തുടച്ചു ചുളിഞ്ഞു തുടങ്ങിയ ആ മുഖത്തിൽ ചിരി വരുത്തി. ആ നിമിഷം മനസ്സിലെന്തോ കത്തിയമരുന്ന പോലെ വേദന കൊണ്ടു ഞാൻ പുളഞ്ഞു. പിന്നെ എനിക്കൊന്നും കാണാൻ ശക്തിയിലായിരുന്നു.

വേഗം കൺപോളകളടച്ചു. റബ്ബേ.. ഈ അമ്മയെ ആണലോ ഒരു നിമിഷമെങ്കിലും പകയോടെ നോക്കിയത്… എത്ര ക്രൂരമാണ് എന്റെ മനസ്സ്.. ഒരു അമ്മയുടെ മകൾ തന്നെയല്ലെ ഞാനും… നാം പോലും അറിയാതെ എത്ര വേദനിപ്പിക്കുന്നു… ഒന്നു ചുറ്റുമുള്ള ലോകത്തെ കണ്ണ് തുറന്ന് കാണുവാൻ എന്നു പഠിക്കും?
ഇങ്ങനെ ചിന്തകൾ കൊണ്ടു കാട് കടക്കവേ കൈയിൽ ഒരു തള്ളു കിട്ടിയപ്പോഴാണ് ആ മായാലോകത്തിൽ നിന്ന് കണ്ണുകൾക്ക് വിട നൽകിയത്. ഞാൻ സൈഡിലേക്ക് നോക്കിയപ്പോൾ അതേ അവർ വിശേഷങ്ങൾ പറഞ്ഞു തന്നെ ഇരിക്കുന്നുണ്ട്.

പിന്നെ മൊബൈൽ എടുത്ത് സമയം നോക്കിയപ്പോഴാണ് ബോധം വന്നത്. സമയം 9:30 കഴിഞ്ഞു. പുറത്ത് നോക്കിയപ്പോൾ എവിടെ എത്തിയെന്ന് ഒന്നും മനസിലാകുന്നില്ല. വേഗം അടുത്തു നിൽക്കുന്ന ഒരു ചേച്ചിയോട് ‘കൊടകര എത്തിയൊന്നു’ ചോദിച്ചു. മറുപടി ഞാൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു കിട്ടിയത്.

‘മോളെ.. കൊടകര കഴിഞ്ഞല്ലോ.. ‘പിന്നെ എന്റെ മനസിൽ ഇടിവാൾ മിന്നുന്ന പോലെ ഡിപ്പാർട്മെന്റ് ഹെഡിന്റെ മുഖം തെളിഞ്ഞു. ഇനി അങ്ങോരെ കാണാതെ ക്ലാസ്സിൽ കയറാൻ സാധിക്കില്ല.

വേഗം എവിടെയൊക്കെയോ കിടക്കുന്ന ചെരുപ്പുകൾ കണ്ടുപിടിച്ചു തിക്കിനിടയിലൂടെ അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി. അപ്പോഴും ആ അമ്മയുടെ മുഖം മനസിൽ നിന്ന് മായ്ക്കുവാൻ കഴിഞ്ഞിരുന്നില്ല.

Writer: # maria fraji

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഉള്ളം കവർന്ന ചിരി | Malayalam Story”

Leave a Reply