കാമം തിളയ്ക്കുന്ന മനസ്സുകൾ

4616 Views

malayalam story
“സർ എനിക്കൊരു പരാതി ഉണ്ട്…… “

“ഉള്ളിൽ എസ് ഐ സർ ഉണ്ട്…. അവിടെ പറഞ്ഞാൽ മതി…… “

കോൺസ്റ്റബിളിന്റെ കൂടെ എസ് ഐ സാറിന്റെ റൂം ലക്ഷ്യമാക്കി പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു ഞാൻ….

റൂമിൽ കയറിയതും എസ് ഐ സാറിനു ഒരു സല്യൂട്ടും കൊടുത്തു ” ഒരു പരാതിക്കാരാൻ ആണ് സർ ” എന്നും പറഞ്ഞു കോൺസ്റ്റബിൾ ആ മുറി വിട്ടു പുറത്തേക്ക് പോയി…..

” വരൂ….. ഇരിക്കൂ…… ”
എസ് ഐ സാറിന്റെ മുന്നിലുള്ള ചെയറിൽ ഞാൻ ഇരുന്നു

“ഇനി പറയൂ…. എന്താണ് താങ്കളുടെ പരാതി…..? “

“എന്റെ പേര് കൃഷ്ണൻ….. ഇവിടെ കുറ്റിറ ആണ് എന്റെ വീട്….. തമിഴ്നാട്ടിൽ ഒരു തോട്ടത്തിൽ കൃഷിപണിയാണ് സർ എനിക്ക്…… എല്ലാ ശനിയാഴ്ചയും ഞാൻ ഇങ്ങോട്ട് വരും, തിങ്കളാഴ്ച പുലർച്ചെ തിരിച്ചു പോവുകയും ചെയ്യും….. “

“ഓക്കേ… എന്നിട്ട്……? “

“കഴിഞ്ഞ തിങ്കളാഴ്ച എനിക്കൊരു ആക്‌സിഡന്റ് സംഭവിച്ചു…. തമിഴ്നാട്ടിലേക്ക് പോകാൻ പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ എന്നെ ഒരു കാർ വന്നു ഇടിച്ചു….. എന്നിട്ട് ആ കാർ നിർത്താതെ പോയി……. അതൊരു സ്വാഭാവിക ആക്‌സിഡന്റ് ആയിരുന്നില്ല, ആരൊക്കെയോ ചേർന്നു മനഃപൂർവം ചെയ്തതാണ് സർ…… “

“കൃഷ്ണന് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ…..? “

“ഇല്ലാ…… അറിഞ്ഞു കൊണ്ടു ആരോടും ഒരു തെറ്റ് ചെയ്യാത്തവനാ സാറേ ഞാൻ…… “

” ശത്രുക്കൾ ഒന്നും ഇല്ലേൽ…. ഇതൊരു സ്വാഭാവിക ആക്‌സിഡന്റ് അല്ല എന്ന് കൃഷ്ണന് തോന്നാനുള്ള കാരണം….? “

” വീട്ടില് നിന്നും ഇറങ്ങിയാൽ ഒരു ഇടവഴി കഴിഞ്ഞു വേണം മെയിൻ റോട്ടിലേക്ക് കടക്കാൻ……. മെയിൻ റോട്ടിൽ നിന്നും ഇടത്തോട്ട് ഒരു 500 മീറ്റർ നടക്കണം ബസ് സ്റ്റോപ്പിലേക്ക്….. അന്ന് ഞാൻ മെയിൻ റോട്ടിലേക്ക് കടന്നതും… റോഡിന്റെ ഇടതു വശത്തു ചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ എന്റെ ശ്രദ്ദയിൽ പെട്ടിരുന്നു….. എന്നും റോഡിന്റെ ഇടതു വശത്തോടു കൂടി നടക്കുന്ന ഞാൻ എന്തോ ഒരു ഉൾ വിളി പോലെ അന്ന് നടന്നത് റോഡിന്റെ വലതു വശം ചേർന്ന് കൊണ്ടാണ്…….. ഞാൻ ആ കാറിനെ മറികടന്നതും ആ കാർ എന്നെ പാസ്സ് ചെയ്തു കടന്നു പോയി… പക്ഷെ ആ കാർ തിരിച്ചു വന്നു…. നടപ്പാതയിലൂടെ നടന്നിരുന്ന എന്നെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി സർ…… തെറിച്ചു വീണത് പുൽകൂട്ടത്തിലേക്ക് ആയതു കൊണ്ടു നിസ്സാരപരിക്കുകളെ സംഭവിച്ചുള്ളൂ…… അവിടെ നിർത്തിയിരുന്ന കാർ എന്നെ കണ്ടപ്പോൾ സ്റ്റാർട്ട്‌ ആക്കിയത് എന്തിനാണ്…?, മുന്നോട്ടു പോയ കാർ വീണ്ടും തിരിച്ചു വന്നത് എന്തിനാണ്…?, ഇടിചിട്ടും ആ കാർ നിർത്താതെ പോയത് എന്തിനാണ്…? …. ഇതൊക്കെയാണ് സർ എനിക്ക് സംശയം തോന്നാനുള്ള കാരണം….. “

“ഹ്മ്മ്…… ആ കാറിൽ ഉണ്ടായിരുന്ന ആരേലും കൃഷ്ണൻ കണ്ടായിരുന്നോ…? “

“ഇല്ല സർ….. “

“കാറിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നോ …..? “

“ഇല്ലാ… പക്ഷെ അതൊരു വെള്ള കളർ സ്വിഫ്റ്റ് ആയിരുന്നു സർ….. “

സർ മുന്നിൽ ഉണ്ടായിരുന്ന ബെല്ലിൽ അടിച്ചതും ഒരു കോൺസ്റ്റബിൾ ഉള്ളിലേക്ക് വന്നു.. അയാളോടായി എസ് ഐ പറഞ്ഞു

” അനിൽ….. ഇയാളുടെ കംപ്ലയിന്റ് ഒന്നു എഴുതി വേടിച്ചോ…… പിന്നെ ഫോൺ നമ്പറും….. “

“യെസ് സർ….. ” എന്നും പറഞ്ഞു അയാൾ പുറത്തേക്കു പോയി…..

“അപ്പൊ കൃഷ്ണൻ ചെന്നോളൂ…. അവിടെ പറഞ്ഞാൽ മതി ബാക്കി ….. എത്രേം പെട്ടെന്നു തന്നെ കൃഷ്ണന്റെ സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി തരാം…… “

“ഓക്കേ സർ….. “എന്നും പറഞ്ഞു കൊണ്ടു ഞാൻ ആ ചെയറിൽ നിന്നും എണീറ്റപ്പോൾ എസ് ഐ സർ വീണ്ടും എന്നോടായി ചോദിച്ചു

“കൃഷ്ണന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്……? “

“ഭാര്യയും മോളും മാത്രമേ എനിക്കുള്ളൂ സർ…… “

“മോളെന്തു ചെയ്യുന്നു…..? “

“അവൾ പഠിക്കുകയാണ്… നാലാം ക്ലാസ്സിൽ….. “

“വൈഫോ……?”

“അവൾ വീട്ടിൽ തന്നെയാ….. “

” ഓക്കേ കൃഷ്ണൻ…… ഭാര്യയുടെ നമ്പർ കൂടെ കൊടുത്തോളൂ…. നിങ്ങളിൽ വിളിച്ചു കിട്ടിയില്ലേൽ അതിൽ വിളിക്കാല്ലോ……? “

“ഹ്മ്മ് …… “എന്നും പറഞ്ഞു കൊണ്ടു ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നു….

*************************************

രണ്ടു ദിവസത്തിന് ശേഷം…….

കാളിങ്ബെൽ കേട്ടാണ് ഞാൻ വാതിൽ തുറന്നത്….. എസ് ഐ സർ ആയിരുന്നു

” സാറോ…… വരൂ….. “

“എന്തൊക്കെ കൃഷ്ണ….. മുറിവോക്കേ മാറിയോ….? “

“ആഹ്…. ഭേദമുണ്ട് സർ……. “

“അപ്പോഴേയ് കൃഷ്ണാ…… ഞാൻ വന്നതെയ് രണ്ടു ദിവസം മുന്നെ താൻ എനിക്കു തന്ന പരാതിക്കുള്ള ഉത്തരം കൊണ്ടാണ്………. തന്റെ സംശയങ്ങൾ ഒക്കെ ശരിയാണെന്ന് വേണം പറയാൻ….”

“സർ… അപ്പൊ ആ ആക്‌സിഡന്റ്…..? “

“അതൊക്കെ പറയാം…… അതിന് മുന്നെ ഈ നമ്പർ അറിയോ എന്നൊന്ന് നോക്കിയേ….. ” എന്ന് പറഞ്ഞു സാറിന്റെ മൊബൈൽ എനിക്കു നേരെ നീട്ടി….

ആ നമ്പർ ഒന്നു നോക്കി…. “ഇല്ലാ സർ… ” എന്ന് പറഞ്ഞപ്പോൾ ഭാര്യയോട് ചോദിച്ചു നോക്ക് എന്നും പറഞ്ഞു ആ ഫോൺ എന്റെ കയ്യിൽ ഏൽപ്പിച്ചു. അവളും ഇല്ലെന്ന് അർത്ഥത്തിൽ തലയാട്ടി…..

ഫോണിലെ ഒരു വിഡിയോ ഓൺ ആക്കിയതിനു ശേഷം സർ എന്നോട് വീണ്ടും ചോദിച്ചു
” ഈ കാർ തന്നെയല്ലേ….. അന്ന് നിങ്ങളെ ഇടിച്ചതു….? ”
ആ വീഡിയോയിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയതിനു ശേഷം ഞാൻ പറഞ്ഞു
“അതെ സർ… ഈ കാർ തന്നെയാ…. ഇത് തന്നെയാണ് എന്നെ…… “

“യെസ്…. അനിൽ ബ്രിങ് ഹിം…… ”
അനിൽ പുറത്തേക്ക് പോയി ഒരാളെ കൂട്ടി കൊണ്ടു തിരികെ വന്നു. എസ് ഐ വീണ്ടും തുടർന്നു…
” ഇവനാണ് ബിനു….. ടൂൾ ബിനു…. പോലീസിന്റെ നോട്ടപുള്ളിയാ….. അന്ന് കാർ ഓടിച്ചിരുന്നത് ഇവനാണ്…. നിന്നെ ഇടിച്ചതും മനഃപൂർവം ആണ്… അങ്ങനെ ചുമ്മാ ഇടിച്ചതോന്നും അല്ലാട്ടോ….. നിന്റെ ജീവൻ എടുക്കാൻ 4 ലക്ഷത്തിന്റെ കൊട്ടേഷൻ കിട്ടിയിട്ടുണ്ട് ഇവൻക്ക്…. അതിൽ ഇരുപതിനായിരം അഡ്വാൻസും വേടിച്ചിട്ടുണ്ട് ഇവൻ…….. ഇനി ഇവൻക്ക് കൊട്ടേഷൻ കൊടുത്തത് ആരെന്ന് അറിയണ്ടേ….? അനിൽ……. ”
വീണ്ടും അനിൽ ഒരാളെ കൂട്ടി തിരികെ വന്നു…..

” ഇവൻ അനൂപ്….. ഇവന്റെ നമ്പർ ആണ് ഞാൻ നേരത്തെ കാണിച്ചു തന്നത്……. നിങ്ങളുടെ മകൾ പഠിക്കുന്ന സ്കൂളിലെ ബസ്സിന്റെ ഡ്രൈവർ ആണ്…….. ബിനുവിനു കൊട്ടേഷൻ കൊടുത്തത് ഇവൻ ആണ്….. നിങ്ങളുടെ ഭാര്യ പറഞ്ഞിട്ട്…… “

അത് കേട്ടതും ഞെട്ടി തിരിഞ്ഞു കൊണ്ടു ഞാൻ രജനിയെ നോക്കി…..

“എന്തൊക്കയ സാറെ ഈ പറയുന്നത്…. ഞാനെന്തിനാ എന്റെ കൃഷ്ണേട്ടനെ കൊല്ലാൻ നോക്കുന്നത്…..? “

“അത് ഇവൻ പറയും ” എന്നും പറഞ്ഞു കൊണ്ട് എസ് ഐ അനൂപിനെ നോക്കി

എല്ലാവരെയും മുഖമുയർത്തി ഒന്ന് നോക്കി എന്നല്ലാതെ അനൂപ് ഒന്നും പറഞ്ഞില്ല.. അതു കണ്ടിട്ടേന്ന വണ്ണം എസ് ഐ സർ വീണ്ടും തുടർന്നു….

“എന്താടോ.. ഞങ്ങളോട് പറഞ്ഞതൊക്കെ ഇവിടെ പറയാൻ ഒരു മടി ഉള്ളത് പോലെ…..?…. നിനക്ക് മടിയാണെങ്കിൽ ഞാൻ തന്നെ പറയാം….. “

“രജനിയും അനൂപും കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിൽ ആണ്…. കൃഷ്ണൻ തമിഴ്നാട്ടിൽ പോകുന്ന മിക്ക ദിവസങ്ങളിളെയും ഇവിടത്തെ രാത്രി സന്ദർശകൻ ആണ് അനൂപ്…. ആ ബന്ധം അങ്ങനെ തന്നെ തുടരാൻ ആയിരുന്നു അവർക്കും താല്പര്യം…. പക്ഷെ ഒരു മാസം മുന്നെ തന്റെ അയൽവാസിയായ ബക്കർ കൃഷ്ണനോട് ഒരു കാര്യം പറഞ്ഞില്ലേ…? എന്തോ രജനിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്ന്… പൊതുവെ നല്ലോണം ഏഷണി പറയുന്ന ബക്കറിന്റെ ആ വാക്കുകൾ കൃഷ്ണൻ അന്ന് മുഖവരക്ക് എടുത്തില്ല…. അത് മാത്രമല്ല ബക്കർ പറഞ്ഞത് മുഴുവൻ കൃഷ്ണൻ രജനിയോട് പങ്കുവെക്കുകയും ചെയ്തു…. അന്ന് ഇവൾ തീരുമാനിക്കുക ആയിരുന്നു അവൾക്ക് അനൂപ് മതി കൃഷ്ണനെ വേണ്ട എന്ന്… കൃഷ്ണനെ തനിക്ക് വേണ്ട എന്നല്ല… കൃഷ്ണൻ ഈ ഭൂമിയിലെ വേണ്ട എന്ന്… പിന്നീട് നടന്നതൊക്കെ രജനിയുടെ ഉള്ളിലെ കാമം കയറിയ സ്ത്രീയുടെ വൃത്തികെട്ട തന്ത്രങ്ങൾ ആയിരുന്നു… ആദ്യം എല്ലാം സ്വയം പ്ലാൻ ചെയ്തു… എന്നിട്ട് തന്റെ പ്ലാൻസ് എല്ലാം അനൂപിനെ അറിയിച്ചു… ആദ്യം എതിർത്തെങ്കിലും രജനിയുടെ നിർബന്ധം കൊണ്ട് അനൂപും എല്ലാത്തിനും സമ്മതം മൂളുകയായിരുന്നു…. രജനി പറഞ്ഞത് അനുസരിച്ചാണ് അനൂപ് ബിനുവിനെ കണ്ടതും കൊട്ടേഷൻ നൽകിയതും…..തന്റെ സ്വർണങ്ങൾ വിറ്റ് ബിനുവിന് നൽകാനുള്ള ക്യാഷ് അനൂപിനെ ഏൽപ്പിച്ചതും രജനി തന്നെയായിരുന്നു….. അവസാനം കഴിഞ്ഞ തിങ്കളാഴ്ച കൃഷ്ണൻ രാവിലെ എണീറ്റു കുളിക്കാൻ പോയപ്പോൾ രജനി അനൂപിനെ അറിയിച്ചു അനൂപ് ബിനുവിനെയും….. പക്ഷെ ദൈവ വിധി പോലെ ഒന്നവിടെ സംഭവിച്ചു…. റോഡിന്റെ ഇടതു വശം ചേർന്നു നടന്നാണ് കൃഷ്ണൻ നടക്കുക എന്ന രജനിയുടെ ഇൻഫർമേഷൻ… കൃഷ്ണൻ റോഡ് ക്രോസ്സ് ചെയ്തു നടന്നത്തോടെ തെറ്റുകയായിരുന്നു…… ഒരു പക്ഷെ കൃഷ്ണൻ റോഡ് ക്രോസ്സ് ചെയ്തില്ലയിരുന്നുവെങ്കിൽ രജനിയുടെ ക്രൂരത നിറഞ്ഞ ഈ കൊലപാതക ശ്രമം…. ഒരു ആക്‌സിഡന്റ് കേസിൽ ഒതുങ്ങുമായിരുന്നു…. ” ഇത്രെയും പറഞ്ഞു കൊണ്ട് എസ് ഐ സർ എനിക്കു നേരെ തിരിഞ്ഞു
“ഇതാണ് കൃഷ്ണൻ . താങ്കളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ…. “

ഇത്ര കേട്ടതും നിറഞ്ഞ കണ്ണുകളുമായി ഞാൻ അവളെ നോക്കി…. അത് കണ്ടതും ഓടി വന്നു അവൾ എന്റെ കാലിൽ വീണു…. “എനിക്കൊരു തെറ്റു പറ്റി കൃഷ്ണേട്ടാ…. എന്നോട് ക്ഷമിക്ക്…. “

ഞാൻ നേരെ എസ് ഐ സാറിന് നേരെ തിരിഞ്ഞു….. “ഇവളെ കൊണ്ടു പൊക്കൊളു സർ….. ഇത്രേം ക്രൂരത എന്നോട് കാണിക്കാമെങ്കിൽ….. എന്റെ മോളെയും ഈ ദുഷ്ട കൊന്നു കളയും…. “

ശുഭം

(കാത്തിരിക്കുമ്പോൾ കാമം തോന്നുന്നവൾ അല്ല കാമം തോന്നുമ്പോൾ കാത്തിരിക്കുന്നവൾ ആണ് പെണ്ണ്….. അത് പോലെ തന്നെ അന്യന്റെ ഭാര്യയിൽ കാമ ശമനം കാണുന്നവൻ ആണൊരുത്തൻ ആണെന്ന് പറയാൻ ലജ്ജിക്കണ്ടേ…?
ഇത്തരം ചിന്തകൾ ഉള്ളവർ ഒറ്റദിവസം കൊണ്ട് നന്നാവും എന്നൊരു ഉറപ്പും എനിക്കില്ല.. എന്നാലും ഞാനൊന്ന് ചോദിച്ചോട്ടേ….. ഈ ഒരു കാര്യത്തിന് കോടതി വിധി പോലും നിങ്ങൾക്ക് അനുകൂലമാകുമ്പോൾ… എന്തിന് നിങ്ങൾ ഒന്നുമറിയാത്ത പാവങ്ങളുടെ ജീവൻ എടുക്കുന്നു….? )

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply