കുട്ടിക്കുറുമ്പി Malayalam Story

7991 Views

kuttikurumbi malayalam story

“ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം,. ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ. അടുക്കള ജോലികൾ ചെയുന്ന സമയത്തല്ലേ ഇടാറുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ ചിലവഴിക്കാറുണ്ട് കൂടുതൽ സമയവും “. …….
എന്നും പറഞ്ഞു സുധ മുഖം വീർപ്പിച്ചു.

“എടി സുധേ, നമ്മളുടെയൊക്കെ കാലത്തു ഇത് വല്ലതും ഉണ്ടായിരുന്നോ?.എന്നിട്ടും നമ്മളൊക്കെ വളർന്നില്ലേ. ഇപ്പോളത്തെ കുഞ്ഞുങ്ങൾക്കല്ലേ കാർട്ടൂണും നെറ്റും ഒന്നുമില്ലാതെ പറ്റാത്തതു”….
.
“എന്റെ ചേട്ടായി,, നമ്മുടെയൊക്കെ കാലത്തു വീട്ടിൽ അമ്മുമ്മയോ അപ്പുപ്പനോ ചേച്ചിയോ ചേട്ടനോ ചിറ്റയോ ആരെങ്കിലുമൊക്കെ കാണും, അപ്പോൾ നമ്മളെയൊക്കെ മാറിമാറി നോക്കാൻ അമ്മമാർക്കൊരു സഹായവുമാകും. അല്ലേൽ തൊട്ടപ്പുറത്തുള്ള ചേട്ടന്റെയോ ചേച്ചിയുടെയോ അല്ലേൽ നമ്മുടെ പ്രായമുള്ള കുഞ്ഞുങ്ങളോ ഒക്കെ കാണും കൂടെ കളിക്കാൻ. നമ്മുടെ കാലമല്ല ഇപ്പോൾ. ചേട്ടായി പോയാൽ ഞാനും മോളും തനിച്ചല്ലേ ഉള്ളു ഈ ഫ്ലാറ്റിൽ. അവളേം വെച്ച് കൊണ്ട് സമയത് ഒരു പണിയും നടക്കാതോണ്ടല്ലേ അൽപ്പ നേരത്തേക്ക് കാർട്ടൂൺ ഇട്ടു അതിന്റെ മുന്നിൽ അവളെ ഇരുത്തുന്നേ . അവളുടെ ഒരു മുഷിച്ചിൽ മാറാൻ എന്റെ പണികളൊക്കെ കഴിഞ്ഞു ഫ്രീ ആകുമ്പോൾ അപ്പുറത്തെ രാധേച്ചിയുടെ ഫ്‌ളാറ്റിൽ കൊണ്ട് പോകുമല്ലോ. അവിടത്തെ കുഞ്ഞുങ്ങളുടെ കൂടെ നമ്മുടെ മോള് കളിയ്ക്കാൻ. ഒറ്റയ്ക്ക് അവളെ എങ്ങും കൊണ്ടാക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ പോലും ഒരു ജോലിക്കു ശ്രമിക്കാതെ. കളിക്കാനായാൽ കൂടെ എങ്ങും ഒറ്റക്ക് ആക്കാൻ പറ്റുമോ ഈ നശിച്ച കാലത്തു”

” നിനക്ക് കുഞ്ഞുങ്ങളെ ഡീൽ ചെയ്യാനറിയാത്തോണ്ടാ ഇങ്ങനൊക്കെ പറയുന്നേ. നീ അവളെ കൂടെ അടുക്കളയിൽ ഇരുത്തി വല്ല കപ്പോ സ്പൂണോ ഒക്കെ കളിയ്ക്കാൻ കൊടുത്ത നോക്ക്. അവളവിടെ മിണ്ടാതെ ഇരിക്കും”…….

“പിന്നെ. ഇപ്പൊ അടങ്ങിയിരിക്കും. ചേട്ടായി ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് എല്ലാം കൗതുകമാ. അവർക്കു നല്ലതെന്താണെന്നോ ചീത്തയെന്താണെന്നോ ഒന്നുമറിയില്ല .ഞാൻ എന്തേലും ചെയ്തു കൊണ്ടിരിക്കുമ്പോളാകും അവള് കുസൃതി ഒപ്പിക്കുന്നെ, വെറുതെ റിസ്ക് എടുക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ അടുക്കളയിൽ കേറുന്ന സമയത് മാത്രം അവൾക് ടിവി ഇട്ടു കൊടുക്കുന്നെ”…….

“അല്ലെങ്കിൽ തന്നെ എന്ത് പണിയാ നിങ്ങൾക് ഇവിടെ .എല്ലാ പെണ്ണുങ്ങളുടേം സ്ഥിരം നമ്പർ ആണിതൊക്കെ . കുഞ്ഞുങ്ങളുള്ളത് കൊണ്ട് സമയത് ജോലികളൊന്നും നടകത്തില്ലാ എന്ന്.. നാളെ ലീവ് അല്ലെ. ഞാൻ ചെയ്തു കാണിച്ചു തരാം എങ്ങനാ കുഞ്ഞിനെ അടുക്കള ജോലികൾ ചെയുന്ന സമയത്തും നോക്കുന്നതെന്ന്. “,,,,,,,

“അത് വേണോ ചേട്ടായി.”……

“വേണം. നാളെ കുക്കിംഗ് എന്റെ വക. നിനക്ക് റസ്റ്റ്. അല്ലേലും നീ ഈ ജോലികളൊക്കെ ചെയ്തു ക്ഷീണിച്ചു പോയെന്നല്ലേ പരാതി . സൊ നാളെ കിച്ചൻ ഡ്യൂട്ടി എനിക്ക്. നീ നോക്കി പഠിച്ചോ. എല്ലാം. ഞാൻ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുവാ”.

“ശെരി . സമ്മതിച്ചു. പക്ഷെ ചില കണ്ടിഷൻസ് ഉണ്ട്. ഒന്ന്, രാവിലത്തെ കാപ്പി ഞാനുണ്ടാക്കാം. ഉച്ചക് അഥവാ സമയത് ഫുഡ് ആയില്ലേലും പാർസൽ വാങ്ങാല്ലോ “എന്നും പറഞ്ഞു അവള് ചിരിച്ചു.

“നീ കൂടുതൽ കളിയാക്കണ്ട”…

“പിന്നെ രണ്ടാമത്തേത് ഞാൻ ഇവിടെ ഉണ്ടെന്ന് മോളറിയരുത്. അല്ലേൽ ഇടക്ക് അവളെൻറെ അടുത്തേക്ക് വരും, അത് കൊണ്ട് അവൾക്കു രാവിലത്തെ ഭക്ഷണം കൊടുത്തിട്ട് ഞാൻ ഈ റൂമിൽ കേറി അവള് കാണാത്തിരിക്കാം. ഇവിടാകുമ്പോൾ ജന്നല് വഴി അടുക്കളേയും കാണാം. എനിക്ക് ചേട്ടായി എങ്ങനെയാ എല്ലാം ചെയ്യുന്നേ എന്ന നോക്കി പഠിക്കേം ചെയാം. പിന്നെ ഒരു കാര്യത്തിനും എന്നെ വിളിച്ചു പോകരുത്, നിങ്ങൾ രണ്ടു പേരും മാത്രേ ഇവിടെ ഉള്ളു എന്ന് കരുതിയാൽ മതി”……

“ശെരി . നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട്. നിങ്ങളില്ലെങ്കിൽ നമ്മൾ ആണുങ്ങളുടെ ഒരു കാര്യവും നടക്കില്ലെന്നു. അതൊക്കെ ഞാൻ നാളെ മാറ്റി തരാമെടി”..

ഞാൻ ഗിരി പ്രസാദ്.കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു.സ്വന്തം നാടായ പാലാക്കാട് നിന്നും ഇങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ ഭാര്യ സുധയെയും കുഞ്ഞുമോളെന്നു വിളിക്കുന്ന അനാമികയെയും കൂട്ടി ഇങ്ങോട്ടു വന്നു.കുഞ്ഞുമോള്ക്കിപ്പോൾ രണ്ടു വയസ്സാകാറായി. നല്ല കുസൃതി കുടുക്കയാണ്. അവളെയും വെച്ചു കൊണ്ട് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സുധ കാർട്ടൂൺ ഇട്ടു കൊടുക്കുന്നത് ഇഷ്ടമല്ലാത്തത് പറഞ്ഞതാ ഇത്തിരി മുന്നേ നടന്ന സംസാരം. കുഞ്ഞുമോളും ഒരു കൊച്ചു കുറുമ്പി തന്നെയാ . പക്ഷെ നാളെ എന്തായാലും ആണുങ്ങൾ വിചാരിച്ചാലും കുഞ്ഞിനെ നോക്കാനും അടുക്കള പണി ചെയ്യാനും പറ്റുമെന്ന് കാണിചു കൊടുക്കണം. അങ്ങനെ അങ്ങ് തോറ്റു കൊടുത്താലും ശെരിയാവില്ലല്ലോ.

അങ്ങനെ രാവിലത്തെ കാപ്പിയുണ്ടാക്കി മോൾക്കും കൊടുത്തിട്ട് മോള് കാണാതെ അവള് റൂമിൽ കേറി ലോക്ക് ചെയ്തു കുട്ടികുറുമ്പി ഒന്ന് മൊത്തത്തിൽ കറങ്ങി നോക്കിയിട്ട് അയ്യോ ‘മ്മ പോയി എന്നും പറഞ്ഞു കൊണ്ട് എന്റെ അടുത്ത വന്നു ചിണുങ്ങി. ഞാൻ അവളെ എടുത്ത് ഒന്ന് കളിപ്പിച്ചിട്ട് അവളുടെ കളിപ്പാട്ട പെട്ടി എടുത്തു കൊടുത്തു. നേരെ പോയി അരി അടുപ്പത്തിട്ടിട്ടു അയയിൽ കിടക്കുന്ന തുണികളൊക്കെ മടക്കി വെക്കാമെന്നു കരുതി തുണികളെല്ലാം കൊണ്ട് വന്നു സോഫയിലിട്ടു മടക്കി തുടങ്ങി. മടക്കി പകുതി ആയപോളെക്കും കളിപ്പാട്ടങ്ങൾ വെച്ചു കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമോള് വന്നു മടക്കി വെച്ച തുണികളുടെ നടുക്ക് നിന്നും അവളുടെ ഉടുപ്പെടുക്കാൻ നോക്കി. അതും ഒത്ത നടുക്ക് നിന്നും. ഞാൻ അത് വരെ മടക്കിയ തുണികളെല്ലാം തന്നെ പിരുന്നു പോയി…

അവളുടെ ഉടുപ്പെടുത്തിട്ട് “ഉപ്പിട്ടാ ഉപ്പിട്ടാ ” എന്നും പറഞ്ഞു എന്റെ കാലിൽ തൂങ്ങി. എവിടെയെങ്കിലും പോകുന്നെന്ന്കരുതിയാകും ഉടുപ്പിട്ടുകൊടുക്കാൻ പറയുന്നേ. ഉടുപ്പിട്ടുകൊടുക്കാം അല്ലെങ്കിൽ ഇപ്പൊ സൈറൺ വിളി തുടങ്ങും .ബാക്കി മടക്കാനും സമ്മതിക്കൂല മടക്കി വെച്ചതെല്ലാം ഇപ്പോൾ പൊളിച്ചടുക്കുമെന്നു അറിയാവുന്നത്കൊണ്ട് ഇട്ടുകൊടുത്തിട്ട് കളിപ്പാട്ടത്തിന്റെ അടുത്തിരുത്തി വീണ്ടും വന്നു തുണികൾ മടക്കി . പക്ഷെ ഞാൻ വീണ്ടും തുണികൾ മടക്കുന്നതു കണ്ടു കളിക്കുകയാണെന്ന് കരുതി അവളെടുത്തോട്ടു വന്നു തുണികളെല്ലാം പിര്ത്തിട്ടു . എങ്കിൽ അവൾ തുണികളിൽ കളിക്കുന്ന സമയം കൊണ്ട് ആ കളിപ്പാട്ടങ്ങളൊക്കെ വാരി ഒതുക്കി വെക്കാമെന്നു കരുതി എല്ലാം ഒരു കവറിൽ ഇട്ടുകൊണ്ടിനിന്നപ്പോൾ തുണികളൊക്കെ അവിടെ ഇട്ടിട്ടു കളിപ്പാട്ടങ്ങളുടെ പുറകെ വന്നു ..

ദേവിയെ ഞാൻ എന്തെടുത്തലും അതവക്ക് വേണമല്ലോ. തുണി മടക്കുംമ്പോൾ അത് പിര്ത്തിടുന്നു… കളിപ്പാട്ടം ഒതുക്കാമെന്നു വെച്ചപ്പോൾ അപ്പൊ തന്നെ അവൾക്കത് കളിക്കാനും വേണം…..സാരമില്ല, അവള് ഇത് രണ്ടിലും കളിക്കുന്ന സമയത് അടുക്കളയിൽ പോകാം. അവസാനം വൃത്തിയാക്കാൻ നിക്കാമെന്ന് കരുതി…

അടുക്കളയിൽ കേറി ഫ്രിഡ്ജിൽ നിന്നും മീനൊക്കെ വെള്ളത്തിലിട്ടിട്ടു എരിശോരി ഉണ്ടാക്കാൻ വേണ്ടി മത്തങ്ങയും പയറും എടുത്തു. മത്തൻ അരിഞ്ഞ ശേഷം പയറെടുക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നില്ല. ഇപ്പോളിവിടെ മേശപ്പുറത്തെടുതു വെച്ചതാണലോ എവിടെ പോയി എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോളതാ മേശയിൽ നിന്നും പയറു ഡപ്പ എടുത്ത് തുറക്കാൻ നോക്കുന്നു എന്റെ കുറുമ്പി…

ഇതെപ്പോ വന്നു എന്നും പറഞ്‍ അവളുടെ കയ്യിൽ നിന്നും അത് വാങ്ങിയപ്പോളേക്കും അവള് കരയാൻ തുടങ്ങി…

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നപ്പോൾ എന്റെ തലയിൽ ഒരു ഐഡിയ ഉദിച്ചു

ഞാൻ കുറച്ചു പയറെടുതു ഒരു പാത്രത്തിൽ ഇട്ടിട്ടു രണ്ടു സ്‌പൂണും കൊടുത്തിട്ടു മത്തങ്ങാ അരിഞ്ഞെടുക്കാൻ തുടങ്ങി ….

കുറച്ച കഴിഞ്ഞപ്പോൾ ഞാൻ കൊടുത്ത പയറൊക്കെ അവിടെ മുഴുവൻ വാരി വിതറിയിട്ട്ഒരു ഗ്ലാസും പൊക്കിപ്പിടിച്ചു കൊണ്ട് കുഞ്ഞുമോളെന്റെ കാലിൽ താങ്ങി. വെള്ളം കുടിക്കാനാകുമെന്നു കരുതി അതിൽ അല്പം വെള്ളം കൊടുത്തു. ഒരൽപം മാത്രം കുടിച്ചിട് ആ കുട്ടികാന്താരി അതു മുഴുവനും തറയിൽ ഒഴിച്ചിട്ടു കയ്യിട്ടടിച്ചു കളിച്ചു..

ഈ കുറുമ്പി മനപ്പൂർവം പണി തന്നു കൊണ്ടിരിക്കുവാണല്ലോ എന്നും പറഞ്ഞു കൊണ്ട് ആ വെള്ളമൊക്കെ തുടച്ചു മാറ്റിയിട്ട് അവളുടെ കളിപ്പാട്ടങ്ങൾ അടുക്കളയിൽ എടുത്തു കൊണ്ട് വന്നു കൊടുത്തിട്ടു എന്റെ പണികളിൽ മുഴുകി….

അൽപ്പം കഴിഞു അവളുടെ ഒരു അനക്കവുമില്ലാതെ ഇരുന്നപ്പോൾ ചുറ്റും നോക്കി. ഈ കുഞ്ഞിപ്പെണ്ണ് എവിടെ പോയിരിക്കുവാ എന്നുപറഞ്ഞു അവിടെയൊക്കെ നോക്കിയിട്ടും കണ്ടില്ല.. കുറച്ച കഴിഞ്ഞപ്പോൾ അതാ ഫ്രിഡ്‌ജും തുറന്നു വെച്ചു പച്ചക്കറികളെല്ലാം പുറത്തിട്ടു മൂന്നു മുട്ടയും താങ്ങി പിടിച്ചു നിക്കുന്നു……ഇവിടെ തന്നെയുള്ള പഴ ഫ്രിഡ്ജ് ആയതുകൊണ്ട് ചാവിയും ഇല്ലായിരുന്നു…

“അച്ഛന്റെ പൊന്നുംകുടമല്ലേ അത് ഇങ്ങു തന്നെ ” എന്നും പറഞ്ഞു അടുത്തോട് ചെന്നപ്പോളേക്കും ആ മുട്ടകൾ തറയിലെറിഞ്ഞിട്ട് ഓടി സോഫയിൽ ചെന്ന് കമ്മന്നു വീണു കണ്ണടച്ചു കിടന്നവൾ. എന്തേലും കള്ളത്തരങ്ങൾ കാണിച്ചാൽ ഇതാ അവളുടെ പരിപാടി..എനിക്ക് ചിരിക്കണോ കരയണോ വഴക്കു പറയണോ എന്നറിയാത്ത ഒരവസ്ഥ. ഞാൻ ഒരു വിധത്തിൽ അവളെ എടുത്ത് അടുക്കളയിൽ കൊണ്ടിരുത്തി മുട്ട പൊട്ടി വീണ സ്ഥലമൊക്കെ കഴുകി വൃത്തിയാക്കിയിട്ടു വീണ്ടും പണികൾ തുടങ്ങി.. കുറച്ചു പാത്രങ്ങളും സ്പൂണും ഒക്കെ എടുത്ത് കൊടുത്തിട്ട് അത് വെച്ച് കോട്ടടികളിക്കുന്നതൊക്കെ കാണിച്ചു കൊടുത്തു. ഇടക്കിടക്ക് അവളെ ഞാൻ നോക്കുന്നുണ്ടായിരുന്നു കുസൃതി ഒപ്പിക്കുന്നുണ്ടോ എന്ന്. അങ്ങനെ എരിശോരിക്കുള്ളതു എല്ലാം കഴുകി കുക്കെറിലാക്കി ഗാസിൽ വെച്ചിട് ഓണാക്കാൻ നോക്കുമ്പോൾ അത് ഓണാകുന്നില്ല.. ഈ ഇടക്കല്ലേ പുതിയ ഗ്യാസ് കുറ്റിയെടുത്തെ തീരാൻ സമയമായിട്ടില്ലലോ എന്നും പറഞ്ഞുപറഞ്ഞ നോക്കിയപ്പോൾ അതാ സിലിണ്ടെർ വാൽവ് തുറന്ന് കളിക്കുന്നു കാന്താരി.. ഇത്തവണ അവളെ പിടിച്ച ദേഷ്യത്തിൽ അൽപ്പം ഒച്ച ഇട്ടു. അപ്പോളേക്കും ആള് സൈറൺ വിളി പോലെ കരഞ്ഞു തുടങ്ങി. അവളെ ആശ്വസിപ്പിക്കാനായിട് ഫ്രറിഡ്‌ജിൽ നിന്ന് ഐസ്ക്രീം എടുത്തു കൊടുത്തു ഒരു വിധം സോൾവ് ചെയ്തു. അവളെ തറയിൽ ഇരുത്തിയിട്ടു മീൻ കഴുകാനായി തുടങ്ങി.

ഇടക്കിടക്ക് ആളെ നോക്കുനുണ്ടടെങ്കിലും അനങ്ങാതെ ഐസ് ക്രീം കുടിക്കുവായിരുന്നു ആശാട്ടി. ഇനി കുസൃതിയൊന്നും കാണിക്കില്ലെന്നു കരുതി മീൻ ഒക്കെ കഴുകി വൃത്തി ആകിയിട്ട് വന്നു നോക്കിയപ്പോൾ അതാ അടിയിലത്തെ റാക്ക് തുറന്നു അരി മാവ് എടുത്ത് തറയിൽ മുഴുവൻ ഇട്ടു കളിക്കുന്നു.,,,

ഞാൻ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു പോയി….

പക്ഷെ ഇതിൽ നിന്നുമെല്ലാം കഷ്ടം എന്റെയും മോള്ടെയും പ്രകടനങ്ങൾ എന്റെ കെട്ടിയോള് പിശാച് കണ്ടുകൊണ്ടിരിക്കുവാ റൂമിൽ നിന്നും. ആ മീൻ കഷ്ണങ്ങളും അവിടെ വെച്ചിട്ട് തറയൊക്കെ വീണ്ടും വൃത്തയാക്കിയാക്കി. അപ്പോളതാ വീണ്ടും ഗ്ളാസ്സും പൊക്കിപ്പിടിച്ചു കൊണ്ട് കുറുമ്പതി എന്റെ അടുത്ത വന്നു വെള്ളത്തിനായി ചിണുങ്ങി. ഇത്തവണ ഗ്ലാസ്സ് നിറക്കാതെ ഒരു കാൽഭാഗം മാത്രം കൊടുത്തു .അതൊരല്പം കുടിച്ച ശേഷം വേറെ ഒരു ഗ്ലാസ്സെടുതു ഒഴിച്ച് കളിക്കുന്നു…ഇനിയും ഗ്ലാസ്സ് മാറ്റിയില്ലേൽ തുടച്ച സ്ഥലത്തു വീണ്ടും വെള്ളമൊഴിക്കുമെന്നറിയാവുന്നതു കൊണ്ട് ഞാൻ പോയി പിടിച്ചു മാറ്റി. അപ്പോളതാ കരച്ചിൽ വീണ്ടും തുടങ്ങി….

ഞാൻ തലയിൽ കൈ വെച്ചു തറയിൽ ഇരുന്നു പോയി …. കുട്ടിപാച്ചു ആളാണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല. അവസാനം സഹികെട്ടാണെന്നു തോനുന്നു സുധ വന്നു. അവളെ കണ്ടപ്പോളേക്കും കാന്താരി കരച്ചിലൊക്കെ നിർത്തി കുഞ്ഞുമോൾ അവളുടെ അടുത്ത ഓടി ചെന്ന് ..

“നിന്നോടാരാ പറഞ്ഞെ ഇങ്ങോട് വരാൻ..നീ വരത്തില്ല റസ്റ് ആണെന്നല്ലേ പറഞ്ഞെ “……

“”പിന്നെ….അച്ഛന്റെയും മോള്ടെയും പ്രകടനം കാണുമ്പോൾ സ്വസ്ഥമായിത്തന്നെ റസ്റ്റ് എടുക്കാൻ പറ്റും….. എന്തെ ഒന്നും റെഡി ആയില്ലേ ഇത് വരെയും..”

“അത് ഇപ്പോളാകും”

“എന്ത് അടുക്കളെയാ മനുഷ്യാ ഇത് …..ആന കരിമ്പിൻകാട്ടിൽ കേറിയത് പോലെ”

“അതൊക്കെ ഞാൻ വൃത്തിയാക്കാം. നീ പോയെ”,,,,

“കുറെ നേരമായി അതല്ലേ നടക്കുന്നുള്ളൂ,..”……….

അവളെന്റെ അടുത്ത വന്നു കവിളിൽ പിടിച്ചിട്ടു ” തോൽവി സമ്മതിക്കാൻ മനസില്ലല്ലേ” ..എന്നും പറഞ്ഞു ചിരിച്ചു..

ഞാനും ഗൗരവം വിടാതെ നിന്നു്

“അപ്പോൾ ഇന്ന് കഞ്ഞി അല്ലെ. ചോറ് വെന്തു കുളമായികാണും”

അപ്പോളാണ് ഞാൻ അരി അടുപ്പിലിട്ട കാര്യം ഓർത്തത്…

ഒരു വളിച്ച ചിരി പാസ്സാക്കി ഞാനവൾക്കു ,,,

“അപ്പൊ പാർസൽ വറുത്തുന്നോ പുറത്തു പോകുന്നോ”,,,??

“പാർസൽ വരുത്താം”,,,,

“ഇനി ഇങ്ങനെ വെല്ലുവിളികളുമായിട്ടു എന്റെ അടുത്ത് വരല്ലേ”…….

“എന്നാലും എങ്ങനെയാ നീ പണികളൊക്കെ സമയത് ചെയ്യുന്നേ??….”

“അവകൾ ടിവി ഇട്ടു കൊടുത്തിട്ട് പെട്ടെന്ന് ജോലികൾ തീർക്കാൻ നോക്കും. ഇടക്ക് കുറുമ്പിക്കു ബോറടിക്കുമ്പോൾ അടുക്കളയിൽ ചേട്ടായിയെ സഹായിച്ചത് പോലെ സഹായിക്കാൻ തുടങ്ങും . കുറച്ചു നേരം ഇവിടെയൊക്കെ ചുറ്റിത്തിരിയട്ടെ എന്ന് കരുത്തും. കുസൃതി കൂടുമ്പോൾ വീണ്ടും ടിവിയുടെ മുന്നിൽ ചെന്ന് അടുത്ത കാർട്ടൂൺ സിഡിയും ഇട്ടു രണ്ടു ബിസ്‌ക്കറ്റും കൊടുത്തിട്ടു അവള് വീണ്ടും അടുക്കളയിലേക്കു വരും മുമ്പ് ബാക്കി പണികൾ കൂടെ തീർക്കാൻ നോക്കും.. അംഗങ്ങനെ ….ഇപ്പൊ മനസ്സിലായോ എനിക്ക് ഇവിടെ വലിയ പണികളൊന്നുമില്ലെന്നു”
എന്നും പറഞ്ഞ അവളെന്നെ ശരിക്കും കളിയാക്കി.

തോൽവി സമ്മതിച്ചു ഞാൻ പാർസൽ ഓർഡർ ചെയ്യാൻ നോകുമ്പോളേക്കും ഫോൺ കാണുന്നില്ല
കാന്താരിയുടേം അനക്കമില്ല. അപ്പോളതാ എന്റെ ആപ്പിളിന്റെ ഫോണും എടുത്ത് തറയിൽ അടിച്ചു കളിച്ചു കൊണ്ടിരിക്കുന്നു കാന്താരി. ഞാൻ വീടും തലയിൽ കൈ വെച്ചു തറയിലിരുന്നു….­

3.3/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply