Skip to content

മാശാരി Malayalam Story

mashari malayalam story

സഞ്ചു…! അതാണവന്റെ പേര്.
ആദ്യമായി ഞാൻ അവനെ കാണുന്നത് ബസ് സ്റ്റോപ്പിനടുത്ത് വച്ചായിരുന്നു. അന്നവനെ ശ്രദ്ധിക്കുവാൻ ഒരു കാരണമുണ്ട്. രാവിലെയുള്ള എൻറെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ, ഇന്നവനെ ഞാൻ തട്ടി തെറിപ്പിച്ചു വീഴ്ത്തുകയായിരുന്നു.
“മോനെന്തെങ്കിലും പറ്റിയോ”..? തിരിഞ്ഞു നോക്കികൊണ്ട് ഞാൻ ചോദിച്ചു
ആ ചോദ്യം ശ്രദ്ധിക്കാതെ കൈമുട്ടിൽ പറ്റിയ മണ്ണും പൊടിയും അവൻ തട്ടിക്കളഞ്ഞു. വീഴ്ച്ച പറ്റിയതിൽ അവന് യാതൊരു പരാതിയും ഉണ്ടായതായി തോന്നിയില്ല. പക്ഷെ.. കയ്യിൽ ആട്ടിപിടിച്ചിരുന്ന തൂക്കുപാത്രം തെറിച്ചു ദൂരെ വീണപ്പോൾ പരിഭ്രമത്തോടെ അവനത് ധൃതിയിൽ ചാടിപിടിച്ചെടുത്തു.
അപ്പോഴാണ് എന്റെ ശ്രദ്ധ ആ പാത്രത്തിലേക്ക് പതിക്കുന്നത്.
ഭാഗ്യം..! അത് തുറന്നു പോയില്ല.
സമാധാനത്തോടെ ഞാൻ നെടുവീർപ്പിട്ടു. ആർക്കെങ്കിലും കഞ്ഞിയോ മറ്റോ കൊണ്ടുപോയതാവും.
ഞാൻ വെറുതെയൊരു ക്ഷമ ചോദിച്ചു. എന്റെ വായിൽ നിന്നർടന്നു വീണ സോറി എന്ന വാക്കുപോലും ശ്രദ്ധിക്കാതെ അവൻ അവിടെനിന്ന് വേഗത്തിൽ നടന്നകന്നു. ധൃതിയിൽ ഞാനുമപ്പോൾ തന്നെ പാഞ്ഞു വന്ന ബസ്സിലേക്ക് ചാടി കയറി ആദ്യ സീറ്റിൽ ഇരിപ്പുറപ്പിച്ചു. കാഴ്ചകൾ കൺമുൻപിലൂടെ ഓടി മറയുന്നുണ്ടെങ്കിലും എന്റെ ചിന്തകൾ മുഴുവൻ അവനിലായിരുന്നു.
ഏകദേശം എട്ട് വയസ്സോളം പ്രായം കാണും അവന്. പുറത്ത് സ്കൂൾ ബാഗ് തൂക്കിയിട്ടിട്ടുണ്ടായിരുന്നു, കയ്യിൽ ആട്ടിപിടിച്ചൊരു തൂക്കുപാത്രവും..
ആ തൂക്കുപാത്രത്തിൽ എന്തായിരിക്കുമെന്നായിരുന്നു പിന്നീടുള്ള എന്റെ ചിന്തകൾ. കാരണം ഇക്കാലത്തെ കുട്ടികൾ തൂക്കുപാത്രത്തിൽ ഉച്ചഭക്ഷണം കൊണ്ടുപോകാറില്ലല്ലോ..!
ജോലി കഴിഞ്ഞു വീട്ടിൽ ചെന്നിട്ടും അവൻ എന്റെ മനസ്സിൽ നിന്ന് വിട്ടുപോയിരുന്നില്ല. ഇവിടേയ്ക്ക് ട്രാൻസ്ഫർ ആയിട്ട് അധികനാൾ ആയിട്ടില്ല. ഒരു വാടക വീട്ടിലാണ് ഇപ്പോഴത്തെ താമസം. അടുത്തുള്ളവരെ പോലും പരിചയപ്പെടാൻ ഇതുവരെ സാധിച്ചിട്ടുമില്ല. വൈകിയോടുന്ന തീവണ്ടിപോലെ എന്റെയോരോ ദിവസങ്ങളും അങ്ങനെ കടന്നുപോയികൊണ്ടിരുന്നു.
ഇടയ്ക്കെപ്പോഴൊക്കെയോ വീണ്ടും അവനെ ഞാൻ കണ്ടിരുന്നു. നിഷ്കളങ്കമായ ഒരു പുഞ്ചിരി കൈമാറികൊണ്ട് നടന്നകലുമ്പോഴും എന്റെ ശ്രദ്ധ കയ്യിലാടുന്ന ആ തൂക്കുപാത്രത്തിൽ തന്നെയായിരുന്നു..

തിരക്കുപിടിച്ച ജീവിതത്തിന്റെ വേഗത തിട്ടപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ ഞാനൊരു സെക്കന്റ് ഹാൻഡ് ബൈക്ക് തരപ്പെടുത്തി. പിന്നീടുള്ള യാത്രകൾ മുഴുവനും ആ ശകടത്തിലായിരുന്നു.
ബൈക്ക് വാങ്ങിയശേഷം അവനെ കാണുന്നത് തന്നെ വല്ലപ്പോഴുമൊക്കെയായി. വയലോരത്തെ ഒറ്റപ്പെട്ട ഒരു കുടിലിലാണ് അവൻ താമസിച്ചിരുന്നതെന്ന് ബൈക്കും കൊണ്ടുള്ള കറക്കത്തിൽ നിന്ന് ഞാൻ മനസ്സിലായി.
ഒരു ദിവസം അവൻ ആ പാടവരമ്പത്തുകൂടി തൂക്കുപാത്രം ആട്ടികൊണ്ട് കയറി വരുന്നത് കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി. ഊർന്നിറങ്ങിയ സ്കൂൾ ബാഗിന്റെ വള്ളി ഇടയ്ക്കിടെ തോളിലേക്ക് കയറ്റിയിട്ടുകൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ അവനെന്റെ മുൻപിലൂടെ പതുക്കെ നടന്നുനീങ്ങി.

നിൽക്ക്..! അവൻ തിരിഞ്ഞു നോക്കി.
എന്താ നിൻറെ പേര്..?
സഞ്ചു..! പുറംതിരിഞ്ഞു നടന്നുകൊണ്ട് എന്നെ നോക്കി അവൻ മറുപടി പറഞ്ഞു. പുറത്ത് തൂങ്ങി കിടക്കുന്ന ബാഗിൽ എന്തൊക്കെയോ കിലുകിലാ കിലുങ്ങുന്നുണ്ടായിരുന്നു.
കേറ്.., ഞാൻ കൊണ്ട് വിടാം..!
വേണ്ടാ.!. അവൻ തലയാട്ടി പ്രതിഷേധിച്ചുകൊണ്ട് ഒറ്റയോട്ടം.
ങാ.. കുട്ടികളായാൽ ഇങ്ങനെ വേണം. ഒരു അപരിചിതൻ വിളിക്കുമ്പോൾ ഓടി വന്ന് വണ്ടിയിൽ കേറാൻ പാടില്ലല്ലോ.. ഞാൻ ആത്മഗതം ചെയ്തു.

വണ്ടി സ്റ്റാർട്ട് ചെയ്ത് തൊട്ടടുത്ത വളവിലേക്ക് തിരിഞ്ഞപ്പോൾ ഒരു കാഴ്ച കണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞുപ്പോയി. അവൻ ആ തൂക്കുപാത്രം ഒരു യാചകന് കൈമാറുകയായിരുന്നു. ആ വൃദ്ധൻ വളരെ സ്നേഹത്തോടെ അവന്റെ കയ്യിൽ നിന്ന് ആ തൂക്കുപാത്രം വാങ്ങി കൊണ്ട് സന്തോഷത്തോടെ തിരിച്ചു നടന്നകന്നു.
ഡാ ..നീയാള് കൊള്ളാലോ..!
എന്റെ പ്രശംസകേട്ട് അവൻ കുറച്ചു അഹങ്കാരത്തോടെ ബാഗ് റോഡിൽ വച്ചു രണ്ടു ചുവടു അങ്ങോട്ടും ഇങ്ങോട്ടും തലകുത്തി മറിഞ്ഞു.
ഞാൻ അവനെ പൊക്കിയെടുത്തു വായുവിലേക്കുയർത്തി. അവൻ വളരെ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ ഞാനുമപ്പോൾ പങ്കുചേർന്നു.

ചെറുപ്പത്തിൽ മകൻ ദീപകും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തലകുത്തി മറിയുകയും തലകുത്തി നിൽക്കുകയും ചെയ്യുമായിരുന്നു. മറിഞ്ഞു വീഴുമെന്ന് ഭയന്ന് സ്നേഹത്തോടെ ശകാരിച്ചിട്ടുണ്ട്. ഇടയ്ക്ക് ദേഷ്യം വന്നപ്പോൾ തല്ലിയിട്ടുമുണ്ട്. എന്നിരുന്നാലും ഒരു അച്ഛനും മകനും എന്നതിലുപരി ഞങ്ങൾ വലിയ കൂട്ടുകാരുമായിരുന്നു. ഞങ്ങളുടെ സ്നേഹം മുഴുവൻ അവന് കിട്ടട്ടെയെന്നു കരുതിയാണ് ഒരു മകൻ മതിയെന്ന് ഞാനും രേവതിയും തീരുമാനിച്ചത്. വലുതായപ്പോൾ തന്റെ ആഗ്രഹപ്രകാരമാണ് നല്ല വിദ്യാഭ്യാസത്തിന് ചെന്നൈയിലുള്ള വലിയൊരു സ്കൂളിലേക്ക്പഠിക്കാൻ വിട്ടത്. അവിടെ അവന്റെ അങ്കിളിനോടൊപ്പമായിരുന്നു താമസം. പിന്നീട് ഞങ്ങൾ തമ്മിലുള്ള കൂടികാഴ്ച്ചകൾ വെക്കേഷൻ കാലയളവിലേക്ക് മാത്രമായി ഒതുങ്ങികൂടി. ഞങ്ങളുടെ കുടുംബത്തിന്റെയും അവന്റെ ജീവിതത്തിൻറെയും താളപ്പിഴകൾ അവിടെനിന്ന് തന്നെ തുടങ്ങി. ജീവിതത്തിലെ നല്ല കാലഘട്ടത്തിന് തിരശീല വീഴ്ത്തികൊണ്ട് അപ്രതീക്ഷിതമായി പലതും സംഭവിച്ചു.
ചിന്തകൾ മനസ്സിനെ വേദനയോടെ കാർന്നു തിന്നുകൊണ്ടിരുന്നു. കണ്ണട എടുത്തുമാറ്റികൊണ്ട് ഇരുവിരലുകൾ ചേർത്ത് കണ്ണുകൾ മുറുക്കെ തിരുമികൊണ്ട് കണ്ണുനീർ തുടച്ച് ദീർഘനിശ്വാസം വിട്ടു. ഇന്നിനി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. കലുഷിത മനസ്സോടെ കസേരയിലിരുന്ന് തലച്ചുമരിലേക്കാഞ്ഞുകൊണ്ട്‌ കണ്ണടച്ചു കിടന്നു.

ഈയിടെയായി എപ്പോഴും ഒറ്റയ്ക്കിരിക്കാനാണെനിക്കിഷ്ടം. രേവതിയെ കൂടെ കൂട്ടാത്തതിനു കാരണവും അതുതന്നെയാണ്. അഞ്ചാറു പേർ അടങ്ങിയൊരു ലോഡ്ജ് ലാണ് താമസമെന്നും നല്ലൊരു വീടുകിട്ടുമ്പോൾ കൂടെ കൂട്ടാമെന്നും അവളോടെനിക്ക് കള്ളം പറയേണ്ടിവന്നു. എന്നും നേരം വെളുക്കുന്നവരെ ആകാശത്തിലേക്ക് നോക്കി നക്ഷത്രങ്ങൾ എണ്ണികൊണ്ട് മുറ്റത്തു കിടക്കാനും ലക്കുവിടും വരെ മദ്യപിക്കാനും പൊട്ടിക്കരയാനുമൊക്കെ ഒറ്റയ്ക്കുള്ള താമസം തന്നെയാണ് നല്ലതെന്ന് തോന്നി. അവളുടെ കണ്ണീരിൽ നിന്നും ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു എൻറെ ഈ ഒളിത്താവളം.

ചിന്തകളോടൊപ്പം മണിക്കൂറുകൾ കടന്നുപോകുന്നതിനനുസരിച്ച് തറയിൽ സിഗരറ്റുകുറ്റികളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ കണ്ണുകൾ നിദ്രയുടെ അഗാധഗർത്തത്തിലേക്ക് ഊളിയിട്ടു.

പിറ്റേന്നു ഞാൻ വളരെ വൈകിയാണ് എണീറ്റത്. വീട്ടിൽ നിന്ന് ഇറങ്ങാൻ വൈകിയെങ്കിലും യാത്രാമദ്ധ്യത്തിൽ വച്ച് സഞ്ചുവിനെ കണ്ടുമുട്ടി. ഓരോ ദിവസവും കഴിയുംതോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു. ചുരുക്കി പറഞ്ഞാൽ എനിക്കിവിടെ ആകെയുള്ള കൂട്ട് അവൻ മാത്രമാണെന്ന് സാരം. പുകയടുപ്പുപോലെ കരിഞ്ഞു ഇരുണ്ടുപോയ എൻറെ ജീവിതത്തിലേക്ക് നേരിയ വെള്ളിവെളിച്ചം വീശിത്തുടങ്ങി.
വൃദ്ധനെ പിന്നീട്ഞാൻ കണ്ടിരുന്നില്ല. ഒരു ദിവസം സഞ്ചുവിനോടൊപ്പം പോയി അയാൾക്ക് വേണ്ടുന്നതെല്ലാം വാങ്ങികൊടുക്കണമെന്ന് മനസ്സിലോർത്തു.

അന്നൊരു ഞായറാഴ്ചയായിരുന്നു. അവധിദിവസങ്ങളിൽ ഉച്ചവരെ ഉറങ്ങുന്ന പതിവുതെറ്റിച്ചുകൊണ്ട് കുറച്ചു നേരത്തെ എണീറ്റു. സഞ്ജുവിന്റെ വീടുവരെയൊന്ന് പോകണമെന്ന് കുറെ നാളായി വിചാരിക്കുന്നു. ധൃതിയിൽ കുളിച്ചു റെഡിയായി ബൈക്കെടുത്തു പുറത്തേക്കിറങ്ങി. പതിവില്ലാത്തൊരു മൂളിപ്പാട്ടോടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ ബൈക്ക് ഒഴുകി നീങ്ങി. വഴിയരികിൽ വണ്ടി നിർത്തിവച്ചുകൊണ്ട് തോടുംവക്കത്തുകൂടി അവൻറെ കുടിലിനെ ലക്ഷ്യമാക്കി പതുക്കെ നടന്നു. വരമ്പിൽ നിറയെ പുല്ലു വളർന്നിരിക്കുന്നു. അധികമാരും ആ വഴിയിലൂടെ നടക്കാറില്ലെന്ന് തോന്നുന്നു.
പച്ചപ്പ് പുതച്ച മനോഹരമായ പാടം. തണുത്ത കാറ്റ് വീശുന്നുണ്ട്. പാറിപ്പറന്ന മുടിയിൽ ഇളംതെന്നൽ കുസൃതി കാട്ടികൊണ്ട് തട്ടി തെറുപ്പിച്ച് കളിച്ചു രസിച്ചു. കാതിൽ ചെറുകിളികളുടെ മധുര ശബ്ദങ്ങൾ ഇമ്പമോടെ തട്ടികൊണ്ടിരുന്നു. മെയ്യും മനസ്സും ഒരുപോലെ കുളിരേകുന്നൊരു അന്തരീക്ഷം.

ഹോയ്..! സഞ്ചുവിന്റെ ശബ്ദം.
തോട്ടിലെ വെള്ളത്തിൽ മുങ്ങികിടന്ന അവൻ തലപൊക്കി ശബ്ദമുണ്ടാക്കി. തിരിഞ്ഞു നോക്കിയപ്പോൾ പിന്നെയും വെള്ളത്തിൽ മുങ്ങികിടന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഊളയിട്ടു. കാലിട്ടടിച്ചുകൊണ്ട് ചേറും വെള്ളവുംകൂടി കുത്തികലക്കി.

കേറിവാടാ..!
അവൻ സംശയത്തോടെ തലപൊക്കി എന്റെ മുഖത്തേക്ക് നോക്കി.
നിന്റെ വീട്ടിലേക്ക് വന്നതാ ഞാൻ..!
ഒരൊറ്റ മിനുട്ട് കൂടി.. എന്നുപറഞ്ഞുകൊണ്ട് അവൻ വേഗം കരയിൽ കേറി അകലേയ്ക്ക് പാഞ്ഞോടി. അതേ സ്പീഡിൽ തന്നെ തിരിച്ചോടിവന്നു വെള്ളത്തിലേക്ക് കുതിച്ചൊരൊറ്റചാട്ടം. പിന്നീട് മുങ്ങിനിവർന്ന് കരയിൽ കേറി തോർത്തെടുത്ത് തലതുവർത്തി, തോർത്ത് മുണ്ട് പിഴിഞ്ഞുടുത്തു. ഒരു കയ്യിൽ ചെറിയ സോപ്പ് പെട്ടിയും മറ്റേ കയ്യിൽ ചെറിയ പരലിനെയും പൊടിമീനെയും പിടിച്ചിട്ട കുപ്പിയും തൂക്കികൊണ്ട് അവൻ എനിക്കുമുമ്പേ നടന്നു.

ഓലകൊണ്ടുമറച്ച ചെറ്റയ്ക്കരികിലായി കയ്യിലിരുന്ന മീൻകുപ്പി ചാരിവച്ചുകൊണ്ട് അവൻ അകത്തേയ്ക്ക് കടന്നു. തെല്ലധികാരമഭാവത്തോടെ തന്നെ ഞാനും അവനോടൊപ്പം ആ കുടിലിനകത്തേയ്ക്ക് പ്രവേശിച്ചു.
വായിച്ചു തീർന്ന ഏതോ ഒരു കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും പോലെതോന്നി ആ വീട്ടിന്റെ അന്തരീക്ഷം. രോഗം മൂലം ക്ഷീണിച്ചു അവശയായ അമ്മ.. പിന്നെ ദാരിദ്ര്യവും. ഇവിടേയ്ക്ക് വരുമ്പോൾ ഉണ്ടായിരുന്ന എൻറെ സന്തോഷം ഞൊടിക്കിടയിൽ മാഞ്ഞുപോയി.
കുറച്ചു നേരത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ട് ഞാൻ പറഞ്ഞു ” ഇവിടെ നല്ല കാറ്റുണ്ടല്ലേ.. ഇതൊക്കെ കണ്ടപ്പോൾ എന്റെ കുട്ടികാലമാണ് ഓർമ്മ വന്നത്.”

പതുക്കെ ചിരിച്ചതല്ലാതെ ആ അമ്മ മറ്റൊന്നും പറഞ്ഞില്ല. അവരുടെ നിശബ്ദത എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. രോഗിയായ ഇവരാണോ രാവിലെ ഇവനും ആ വൃദ്ധനുമുള്ള ഭക്ഷണം കൊടുത്തയയ്ക്കുന്നത്.. അത്ഭുതം തോന്നി. മറ്റൊന്നും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ട് അവിടെ കിടന്ന സഞ്ചുവിന്റെ പുസ്തകം വെറുതെ മറിച്ചു നോക്കി. അവൻ നന്നായി പഠിക്കുമെന്നു തോന്നി. പുസ്തകങ്ങൾ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. നല്ല കയ്യക്ഷരവും. വീടിന്റെ നാലുവശവും മറച്ചിരുന്ന ചെറ്റയിൽ തൂക്കിയിട്ടിരിക്കുന്നത് മുഴുവനും അവൻ വരച്ച ചിത്രങ്ങളായിരുന്നു.
ഇതൊക്കെ ഞാൻ വരച്ചതാ.. സാറ് നോക്ക്യേ! അവൻ അഭിമാനത്തോടെ പറഞ്ഞു.
സാറോ..ഒറ്റ വീക്ക് വച്ച് തന്നാലുണ്ടല്ലോ..! സ്നേഹത്തോടെ അവനെ തല്ലാൻ ഞാൻ കയ്യോങ്ങി.
അവൻ പെട്ടെന്ന് ചിരിച്ചു. കൂടെ അമ്മയും. മനസ്സ് കുളിർത്തു. മരണ വീടിൻറെ ശൂന്യത അവിടം വിട്ടൊഴിഞ്ഞു.
ചെറിയ ചെറിയ തമാശകളോടെ കുറച്ചു നിമിഷങ്ങൾ കടന്നുപോയി.
“ആരെയാടി ഇന്ന് വീട്ടിൽ കേറ്റിയിരിക്കുന്നത്..” സഞ്ചുവിന്റെ അച്ഛനാണെന്ന് തോന്നി.
മാമൻ..! സഞ്ചു പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.
“ഞാൻ ഇവിടെ ഇലേക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്നതാ..സഞ്ചുവിനെ അറിയാം. ഞാൻ സൗമ്യമായി മറുപടി പറഞ്ഞു.
“ആരാടാ നീ.. ഈ കറണ്ട് പോലുമില്ലാത്ത വീട്ടിൽ കേറിയതെന്തിനാടാ..” നിലയുറയ്ക്കാത്ത കാലിൽ ആടിയാടി കൊണ്ട് അയാൾ ആക്രോശിച്ചു. പിന്നീട് തെറിവിളിക്കാൻ തുടങ്ങി.
“ആളില്ലാത്ത നേരം നോക്കി ഓരോരുത്തരെ വിളിച്ചു കേറ്റികോളും..മൂതേവി..!” അയാൾ ആ സ്ത്രീയുടെ മുടിയിൽ പിടിച്ചു വലിച്ചു താഴെയിട്ടു. തടുക്കാൻ ചെന്ന അവനും അടി കിട്ടി. ഒന്നും പറയാൻ പറ്റാതെ വളരെ വിഷമത്തോടെ ഞാൻ അവിടെന്ന് പോന്നു.
പിറ്റേന്ന് ജോലിക്കിറങ്ങിയത് അവനെ കാണണമെന്ന് മനസ്സിൽ ഉറപ്പിച്ചിട്ടായിരുന്നു. പക്ഷേ പതിവ് സ്ഥലങ്ങളിലൊന്നും അവനെ കണ്ടില്ല.
“ആ ചെകുത്താൻ ഇനിയവനെ എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമോ? ഇന്നലെ ആ കുഞ്ഞിനെ തല്ലുന്നതുകണ്ടിട്ടും തിരിച്ചു പ്രതികരിക്കാൻ കഴിയാഞ്ഞതിൽ മനസ്സിൽ കുറ്റബോധം തോന്നി.
പിന്നീടുള്ള ദിവസങ്ങളിലും അവനെ കാണാൻ കഴിഞ്ഞില്ല. ആ വൃദ്ധനെ അന്വേഷിച്ചു കുറച്ചു നേരം അലഞ്ഞു. എങ്ങും കാണാനില്ല.
വൈകിട്ട് ജോലി കഴിഞ്ഞു കുറച്ചു നേരത്തെയിറങ്ങി. നേരെ സഞ്ചുവിൻറെ വീട്ടിലേക്ക് പോയി. പാടത്തേക്കിറങ്ങിയപ്പോൾ നടത്തത്തിന് സ്പീഡ് കൂടി. വയലിന്റെ മനോഹാരിതയോ കിളികളുടെ ശബ്ദമോ ഒന്നും തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
വീട്ടിൽ ചെന്നുകേറിയപ്പോൾ തന്നെ അമ്മ പൊട്ടിക്കരഞ്ഞു.
ഞാൻ ആകെ വല്ലാതെയായി.
“സഞ്ചു എവിടെ..”? ഗദ്ഗദത്തോടെ ചോദിച്ചു.
ആ അമ്മയുടെ കരച്ചിലിന് ശക്തി കൂടി. എനിക്കും കരച്ചിൽ വന്നു.
“അവനെയും അയാളെയും പോലീസുകാര് പിടിച്ചു കൊണ്ടുപോയി..” കരച്ചിലിനിടയിൽ ഒരു കണക്കിന് അവർ പറഞ്ഞൊപ്പിച്ചു.
ഞെട്ടലിൽ നിന്ന് വിടാതെ തന്നെ ആ സ്ത്രീയോട് ഞാൻ കാരണമാരാഞ്ഞു.
“അയാൾക്ക് മാശാരി വിൽപ്പനയായിരുന്നെന്ന്എനിക്കറിയില്ലായിരുന്നുന്നു. തൂക്കുപാത്രത്തിൽ ചോറാണെന്ന വ്യാജേന അയ്യാൾ കൊടുത്ത് വിട്ടിരുന്നത് മാശാരി പൊതികൾ ആയിരുന്നു. അത് ആ ഭിക്ഷക്കാരൻ മുഖേനെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. എനിക്ക് വയ്യാത്തതുകൊണ്ട് ഭക്ഷണം വയ്ക്കുന്നതും കൊടുത്തുവിടുന്നതുമെല്ലാം അയാളാണ്. ഒരു നേരത്തെ ഭക്ഷണം ആ വൃദ്ധന് കൊടുക്കുന്നതിൽ ഞാനും മോനും ഏറെ സന്തോഷിച്ചിരുന്നു. അയാൾ ഇത്ര വലിയ ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല…
അയാൾ അവന്റെ മാമനൊന്നുമല്ല. സഞ്ചുവിന്റെ അച്ഛനും അയാൾക്കും തമിഴ് നാട്ടിൽ കച്ചവടമായിരുന്നു. അവിടെ വച്ചു നടന്ന ഒരു കൊലക്കുറ്റത്തിൽ അവന്റെ അച്ഛൻ ജയിലിലായി. ജയിലിൽ പണിയെടുത്തു കിട്ടുന്ന തുച്ഛമായ കൂലി അയാൾക്ക് അയച്ചു കൊടുക്കും. ഞങ്ങളുടെ സംരക്ഷണ ചുമതലയും അയാളെ ഏൽപ്പിച്ചിരുന്നു. അങ്ങനെയാണ് അയാൾ ഇവിടെ താമസക്കാരനായത്.
“..ന്റെ മോനൊരു പാവമാ സാറേ.. അവന് ഇതൊന്നും മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ല. ൻറെ മോനെ എങ്ങനെയെങ്കിലും രക്ഷിക്കണം സാറെ..” അവർ ഏങ്ങലടിച്ചുകൊണ്ടു പറഞ്ഞു.
പിന്നീടാണ് എനിക്ക് മാശാരി എന്താണെന്ന് മനസ്സിലായത്. ഞങ്ങളുടെ നാട്ടിൽ കഞ്ചാവ് വിൽപ്പനയ്ക്ക് പൊതിവിൽപ്പനയെന്ന് നാട്ടുഭാഷയിൽ പറയും.
മരവിച്ച മനസ്സോടെയാണ് ഞാൻ അവിടം വിട്ടിറങ്ങിയത്.
കാലുകൾക്ക് വല്ലാത്ത ഭാരം… ആ വരമ്പിലേക്ക് പതിഞ്ഞ എന്റെ ഓരോ ചുവടും റബ്ബർ പന്തുപോലെ തെറിച്ചു. ഹൃദയമിടിപ്പ് ഉയർന്ന് കേട്ടു…ചുറ്റുപാടുകൾ ശ്രെദ്ധിക്കാൻ കഴിയാത്ത വിധം കണ്ണിലെ കാഴ്ചയ്ക്ക് മങ്ങലേറ്റിരിക്കുന്നു. പിന്നീട് എന്നെയുമായി ബൈക്ക് അശ്രദ്ധമായി കുതിച്ചുകൊണ്ട് അവസാനം വീട്ടുമുറ്റത്തേക്ക് കേറി.

മനസ്സ് നിറയെ ദീപുവിന്റെ മുഖമായിരുന്നു.
എന്റെ ഏക സന്താനം ദീപു..!
കഴിഞ്ഞ തവണ ജുവനൈൽ ഹോമിൽ നിന്ന് അവനെ കണ്ടു മടങ്ങാൻ നേരത്തുള്ള അവന്റെ കരച്ചിൽ ഇപ്പോഴും കാതുകളിൽ മുഴങ്ങികൊണ്ടിരിക്കുന്നു.

ദീപു പക്വതയുള്ള കുട്ടിയാണ്. അറിഞ്ഞുകൊണ്ട് അവൻ ആ മേഖലയിലേക്ക് എത്തിപ്പെടുകയായിരുന്നു. അവനും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പിന്നീട് അറിഞ്ഞു. ഒരിക്കൽ വെക്കേഷന് വീട്ടിൽ വന്നപ്പോൾ എനിക്കും എന്തൊക്കെയോ സംശയങ്ങൾ ഉള്ളിൽ തോന്നിയിരുന്നു. യാതൊരുവിധ പരിചയമില്ലാത്ത അന്യദേശ തൊഴിലാളികളുമായുള്ള കൂട്ടുകെട്ടും തന്നെ അമ്പരപ്പിച്ചിരുന്നു. ചോദിക്കുമ്പോഴൊക്കെ അവൻ തന്റെ ചോദ്യങ്ങളിൽ വിദഗ്ധമായി ഒഴിഞ്ഞു മാറി. പലതും തന്നിൽ നിന്ന് മറയ്ക്കുന്നതുപോലെ. അമ്മയെ ജീവനേക്കാൾ സ്നേഹിച്ചിരുന്നവൻ വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ചാൽ മതിയെന്നായി. കഞ്ചാവ് വിൽപ്പനകേസിൽ പോലീസ് പിടിക്കപ്പെട്ടപ്പോഴും അവൻ തെറ്റൊന്നും ചെയ്തു കാണില്ലെന്നുതന്നെ ഞാനും അവളും ഉറച്ചു വിശ്വസിച്ചു.
പക്ഷെ സഞ്ചുവിന് ചെയ്ത തെറ്റെന്താണെന്നോ, എന്തിനാണ് പോലീസ് തന്നെ പിടിച്ചുകൊണ്ടുപോയതെന്നുപോലും അറിയില്ല.
ഇല്ല.. ഒരു തെറ്റും ചെയ്യാത്ത ഈ ചെറിയ ബാലനെ ശിക്ഷിക്കാൻ അനുവദിക്കില്ല.
പിന്നീട് ഒരു ദീർഘനിശ്വാസത്തിൽ മനസ്സിൽ ചിലത് തീരുമാനിച്ചുറപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു. പിന്നീടുള്ള തൻറെ അലച്ചിലുകളും യാത്രകളും മുഴുവനും അവന് വേണ്ടിയായിരുന്നു. ഓഫീസിലെ അറ്റന്റൻസ് രെജിസ്റ്ററിൽ ചുവന്ന മാർക്കുകൾ അനുദിനം കൂടിക്കൊണ്ടേയിരുന്നു. ഊണും ഉറക്കവും നഷ്ടപ്പെട്ടു.
അതിനിടയിൽ ഗുഡല്ലൂർ സെൻട്രൽ പ്രിസണിൽ രണ്ടുമൂന്നുതവണ പോകേണ്ടിവന്നു. സഞ്ചുവിന്റെ അച്ഛനെ കണ്ടുസംസാരിക്കുകയായിരുന്നു ലക്ഷ്യം. മൂന്നാമത്തെ പ്രാവശ്യം ചെന്നപ്പോളാണ് ഒന്നുകാണാൻ തരപ്പെട്ടത്. മോനെ കാണണമെന്ന് അയാൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. ചെയ്ത തെറ്റിൽ അയാൾക്ക് വല്ലാത്ത മനഃപ്രയാസമുണ്ടെന്ന് തോന്നി.. അന്നേരത്തെ എടുത്തുചാട്ടത്തിൽ നഷ്ടപ്പെട്ടത് പൊന്നുമോനും ഭാര്യയും അവരോടൊപ്പമുള്ള ജീവിതവുമായിരുന്നു. ഞാൻ അയാളോട് സംസാരിച്ചത് മുഴുവനും സഞ്ചുവിനെ കുറിച്ചായിരുന്നു സഞ്ജുവിൻറെ അവസ്ഥയെക്കുറിച്ചറിഞ്ഞപ്പോൾ അയാൾ ശരിക്കും തളർന്നുപോയി.
“ഞാൻ കാരണമാണ് എന്റെ മോന് ഈ ഗതി വന്നത്..എങ്ങനെയെങ്കിലും അവനെ രക്ഷിക്കണം സാറേ.. ഇതിനകത്ത് പെട്ടാൽ അവന് ഒരിക്കലും രക്ഷപെടാൻ കഴിയില്ല.. സാറ് വിചാരിച്ചാൽ അവൻറെ നിരപരാധിത്വം തെളിയിക്കാൻ കഴിയും. അത്രയും പറഞ്ഞു അയാൾ പൊട്ടിക്കരഞ്ഞു.
നിറവേറ്റാൻ കഴിയുമെന്ന വിശ്വാസമില്ലെങ്കിലും അവൻറെ കാര്യം താൻ നോക്കിക്കോളാമെന്ന് വാക്കുകൊടുത്തു തിരിച്ചുപോന്നു.വീട്ടിലെത്തിയപ്പോൾ സമയം 10മണി കഴിഞ്ഞിരുന്നു. രാവിലെ തന്നെ സഞ്ജുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവന്റെ അമ്മയെ അടുത്തുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റിപാർപ്പിച്ചത് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. അതൊരു കണക്കിന് ആശ്വാസം തോന്നിപ്പിച്ചു.
പിന്നീട് സ്റ്റേഷൻ വരാന്തയും കോടതി മുറികളും എന്റെ സ്ഥിരം കാഴ്ചയായി. പലമുഖങ്ങളും സുപരിചിതമായി. അങ്ങനെ ദിവസങ്ങളേറെ കടന്നുപ്പോയി. കഠിനപ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി നിയമത്തിന് എനിക്ക് മുൻപിൽ തോറ്റുതരേണ്ടി വന്നു.

പിന്നീട് ഇടയ്ക്കുവച്ച് മുറിഞ്ഞുപോയ കാക്കനാടുള്ള ജുവനൈൽ ഹോമിലേക്കുള്ള എന്റെ യാത്ര കാലങ്ങൾക്കു ശേഷം വീണ്ടും ആഗതമായി. പതിവിൽ നിന്ന് വ്യത്യസ്തമായി ദീപുവിനെ കാണാനുള്ള ഈ യാത്രയിൽ ചെറുചൂടുള്ള ഒരു കുഞ്ഞു കൈപ്പത്തിയും എന്റെ കയ്യിൽ മുറുക്കെ അമർത്തിപിടിച്ചിരുന്നു.

ഷൈജ എം.എസ്സ്.

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!