ഓട്ടോക്കാരന്റെ ഭാര്യ

2340 Views

malayalam story

“ബഷീറേ ഭാര്യയുടെ ഓപ്പറേഷൻന്റെ കാര്യങ്ങൾ എന്തായി..”

“അധികം താമസിപ്പിക്കാൻ പറ്റൂല എന്നാണ് ഡോക്ടർ മാർ പറഞ്ഞത് തികളാഴ്ചയാണ് ഓപ്പറേഷന് ദിവസം തീരുമാനിച്ചത്..”

“അപ്പോൾ പൈസയുടെ കാര്യങ്ങൾ വല്ലതും ശരിയായോ..”

“ഒന്നും ശരിയായില്ല… എന്റെ ഓട്ടോറിക്ഷ ഞാൻ വിറ്റു… ജമാൽക്കാ.”

“അയ്യോ ആകെയുള്ള വരുമാന മാർഗ്ഗം ആയിരുന്നില്ലേ നിന്റെ ആ ഓട്ടോ”

“ശരിയാണ്… എന്റെ നിഴൽ പോലെ എന്റെ കൂടെ എന്നും ഉണ്ടാവുന്ന ഭാര്യയുടെ കിടപ്പ് സഹിക്കാൻ പറ്റുന്നില്ല എങ്ങിനെയെങ്കിലും എനിക്കവളെ രക്ഷപെടുത്തണം… അവൾ എന്റെ കൂടെ ഉണ്ടെങ്കിൽ കടല വിറ്റെങ്കിലും ഞാൻ ജീവിക്കും… ഓട്ടോ പിന്നീടും നമുക്ക് വാങ്ങാമല്ലോ”

“അല്ല നീ പറഞ്ഞല്ലോ ബന്ധുക്കളെയൊക്കെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട് എന്ന് അവര് ആരെങ്കിലും എന്തെങ്കിലും സഹായം ചെയ്യുമൊ…”

“ജമാലേ അവരൊക്കെ നമ്മുടെ സ്വന്തം ആണെന്നത് നമ്മുടെ തോന്നൽ മാത്രമാണ്…”

“പടച്ചവൻ അസുഖം ഭേദമാക്കട്ടെ
പെട്ടെന്ന് ശിഫ നൽകട്ടെ… എന്നുള്ള പ്രാർത്ഥനയിൽ ഒതുങ്ങി അവരുടെ സഹായം..”

“ബഷീറേ പ്രാർത്ഥന… ആവശ്യമായ ഘടകം തന്നെയാണ്… പക്ഷെ… പ്രാർത്ഥന ഒരു ഒഴിഞ്ഞു മാറലിനുള്ള സൗകര്യം ആയി പോവുന്നു എന്നതാണ് സങ്കടകരം..”

“ശരിയാണ് ജമാലേ നല്ല സാമ്പത്തിക നിലയിൽ ഉള്ള എത്രയോ ബന്ധുക്കൾ എനിക്കുണ്ട്… അവരൊക്കെ സഹായിക്കാനുള്ള ബാധ്യത നിറവേറ്റാതെ പ്രാർത്ഥിക്കാം എന്ന വാഗ്ദാനം തരുന്നത് കാണുമ്പോൾ
മനസ്സിന് വല്ലാത്ത വിഷമം..”

“നിനക്ക് എന്തെങ്കിലും സഹായം വേണോ എന്ന ഭംഗി വാക്ക് പോലും പറയാത്ത ബന്ധുക്കൾ… ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് ഇങ്ങിനെയുള്ള ഒരു ഗതി പടച്ചവൻ തന്നല്ലോ..”.

“ബഷീറേ അങ്ങിനെ ഒന്നും ചിന്തിക്കരുത്
പടച്ചവൻന്റെ പരീക്ഷണങ്ങളാണ് അത് ഒരുപക്ഷെ.. നിന്റെ നല്ലതിനും ആവാം
സ്വന്തം ആണെന്ന് കരുതിയത് വെറും നീർ കുമിളകൾ ആയിരുന്നു എന്ന തിരിച്ചറിവ് ഇപ്പോൾ നിനക്ക് ഉണ്ടായില്ലേ
വിഷമിക്കണ്ട… പോം വഴി വല്ലതും നമുക്ക് കാണാം… തൽകാലം ഇത് കയ്യിൽ വെക്കുക എന്റെ ചെറിയൊരു സഹായം
പതിമൂനായിരത്തി നാനൂറു രൂപയുണ്ടിത് ”

“ജമാൽലേ … ഞാനിതു വാങ്ങുന്നു എന്റെ സന്തോഷത്തിന് ഈ ഭൂമിയിൽ എന്നെ സ്നേഹിക്കുന്ന എന്റെ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളെങ്കിലും ഉണ്ട് എന്ന് ആശ്വസിക്കാൻ… ഇത്രയും സംഖ്യ തരപ്പെടുത്താൻ ജമാൽ വല്ലാതെ കഷ്ടപ്പെട്ടുകാണും അല്ലേ… ”

“ഇല്ലടാ കുറച്ചു സംഖ്യ എന്റെ കയ്യിൽ ഉണ്ടായിരുന്നു… ഭാര്യയോടും മക്കളോടും നിന്റെ സുബൈദയുടെ കാര്യം പറഞ്ഞപ്പോൾ അവർക്കും വല്ലാത്ത വിഷമമായി…. പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ വേണ്ടി മക്കൾ സ്വരൂപിച്ച പൈസ അവരെടുത്ത് എന്റെ കയ്യിൽ തന്നു… എന്റെ ഇളയ മോള് അവൾക് കിട്ടിയ സക്കാത്ത് പൈസ നൂറ്റി അമ്പത് രൂപയെടുത്ത്‌ എന്റെ കയ്യിൽ തന്നിട്ട് പറയുകയാ… ഉപ്പാ എന്റെ പൈസയും എടുത്തോ എന്ന്… എന്താ ബഷീറേ നീ കരയുന്നത്..”

“ജമാലെ ആ പൊന്നു മക്കൾക്ക്‌ പെരുന്നാൾ കോടി എടുക്കാതെ എന്തിനാടാ നീ ഇതൊക്കെ വാങ്ങിച്ചത്”

“സാരമില്ല ബഷീറേ… നിപ്പോ പനി കാരണം സ്കൂൾ തുറക്കുന്നത് താമസിച്ചാണല്ലോ ….
അവര് ആ യുണിഫോം ഡ്രസ്സ്‌ ഇട്ടു കൊള്ളും… പെരുന്നാൾ കോടിയായിട്ട്
ബഷീറേ ഇനി ആകെ മൂന്ന് ദിവസം അല്ലേ ഉള്ളൂ ഓപ്പറേഷന് ബാക്കി സംഖ്യ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം..
വീട്ടിൽ ഒരു തരി സ്വർണ്ണം ഇല്ല ഉണ്ടായിരുന്നെങ്കിൽ അത് വെച്ചിട്ട് വല്ലതും വാങ്ങാമായിരുന്നു..”

“ജമാലെ എവിടെ നിന്നും ശരിയായില്ല എങ്കിൽ ഞാൻ ഇഷ്ടപെടാത്ത ഒരു വഴി കണ്ടു വെച്ചിട്ടുണ്ട്…”

“എന്ത് വഴിയാണ് ബഷീറേ.. നീ കണ്ടു വെച്ചത്….”

“വീടിന്റെ ആധാരം.. വട്ടി പലിശ കാരന് കൊടുക്കണം… നാല്പത്തി അയ്യായിരം രൂപ കിട്ടും… ഒരു മാസം കൊണ്ട് അമ്പതിനായിരം തിരിച്ചു കൊടുക്കണം എന്നാൽ ആധാരം അവർ തിരികെ തരും..”

“വലിയ പലിശയാണല്ലോ ബഷീറേ ഒരു മാസം കൊണ്ട് തിരികെ കൊടുക്കാൻ പറ്റിയില്ല എങ്കിൽ കൂട്ടു പലിശയും വരും
കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗമാണ് പലിശ ഇടപാട്കാർ..”

“ശരിയാണ്… ജീവിതത്തിൽ ഇന്നുവരെ പലിശ ഇടപാട് ഞാൻ നടത്തിയിട്ടില്ല ഇതിപ്പോൾ… വേറെ വഴിയില്ല എങ്കിൽ എന്ത് ചെയ്യും എന്റെ ജമാലേ”

“ഞാൻ നാളെ വരാം… സുബൈദാനോട് എന്റെ അന്വേഷണം പറയാൻ മറക്കരുത് അവളോട്‌ പറയണം.. എല്ലാം സമാദാനത്തിൽ ആവും എന്ന്…”

“ഞാൻ പറയാം ജമാലേ”

ജമാൽ വീട്ടിലേക്ക് തിരിച്ചു പോയി…

പിറ്റേന്ന് ജമാൽ വീണ്ടും ആശുപത്രിയിൽ എത്തി

“ബഷീറേ…ആധാരം നിന്റെ കയ്യിൽ തന്നെ നിൽക്കട്ടെ .. വേണ്ടി വന്നാൽ തികളാഴ്ച നമുക്ക്… പലിശകാരന്റെ അടുത്ത് പോവാം … ഞാൻ ഒരാളോട് നിന്റെ വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്… ഡോക്ടർമാരെയും ഞാൻ ഇപ്പോൾ കണ്ടിരുന്നു….സമാധാനത്തോടെ ഇവിടെ തന്നെ നിൽക്കുക ..സുബൈദാ… ഒന്നുകൊണ്ടും ഭയപെടണ്ടാ…. എല്ലാം റാഹത്തായിട്ട് നടക്കും…”

“ജമാലെ… ഇന്നലെ ഞാനിവളോട് പറഞ്ഞു നിന്റെ മക്കള് സക്കാത്ത് പൈസ കൊടുത്തയച്ച കാര്യം കേട്ടപ്പോൾ പിതുമ്പികൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്… കണ്ണുകൾ നിറഞൊഴുകി ഇവളുടെ..”

“ബഷീറേ ദുനിയാവിൽ ഓരോരുത്തർക്കും ഓരോ നിയോഗം ഉണ്ടാവും എന്ന് മാത്രം മനസ്സിലാക്കുക … കൂടെ പഠിച്ച സുഹൃത്തിനു വേണ്ടി ഇത് ചെയ്തില്ല എങ്കിൽ എന്തിനാടാ മനുഷ്യൻ ആയിട്ട് ഈ ഭൂമിയിൽ ജീവിക്കുന്നത്…

ജീവിക്കാൻ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ആയുസ്സിന് നീട്ടം ഇല്ലാതെ എത്രയോ പേര് ഈ ഭൂമിയിൽ നിന്നും നമ്മോട് യാത്ര പറയുന്നു … അമ്പത്തി അഞ്ചു വയസ്സ് ഇപ്പോൾ തന്നെ ആയില്ലേ
ഇത്രയും ആയുസ്സ് പടച്ചവൻ എനിക്കും നിനക്കും തന്നില്ലേ അത് തന്നെ പോരെ നമുക്ക് അഹങ്കരിക്കാൻ…

ബഷീറേ ഞാൻ ഇറങ്ങുന്നു ഓപ്പറേഷൻ ദിവസം ലീവ് എടുക്കേണ്ടതാണ് ഇന്ന് ജോലിക്ക് പോയില്ലെങ്കിൽ ശരിയാവൂല

എന്നാൽ ശരി ജമാലെ .. നീ കൂടെ ഉള്ളത് എത്ര മാത്രം സന്തോഷമാണ് എന്ന് എനിക്ക് പറയാൻ അറിയില്ല ജീവിത കാലം മുഴുവൻ നന്ദിയും കടപ്പാടും ഉണ്ടാവും നിന്നോടും നിന്റെ കുടുംബത്തോടും……

ഇന്ന് തിങ്കളാഴ്ച..ആശുപത്രിയിൽ ഓപ്പറേഷൻ വിജയകരമായി കഴിഞ്ഞു
അടുത്ത ചില ബന്ധുക്കളും മറ്റും ആശുപത്രിയിൽ ഉണ്ട് …
വൈകിട്ട്
ബഷീറും ജമാലും ബില്ലിംഗ് സെക്ഷനിലേക് പോയി… ഇത് വരെ എത്ര പൈസ ബില്ല് വന്നു എന്ന് അന്വേഷിക്കാനും… കയ്യിൽ കരുതിയ പൈസ അഡ്വൻസ് കൊടുക്കാനും

സുബൈദയുടെ ആരാണ് നിങ്ങൾ

ഞാൻ ഭർത്താവ്…

സുബൈദയുടെ എല്ലാ ചിലവുകളും ഇവിടെ പൈഡ് ആണല്ലോ…
ഒരാൾ പൈസ ഇവിടെ മുൻകൂർ ആയി അടച്ചിട്ടുണ്ട്….

ആരാണ് അയാൾ…

ക്ഷമിക്കണം അത് ഇവിടെ രേഖ പെടുത്തിയിട്ടില്ല…..

ഇങ്ങോട്ട് വാ ജമാലെ…
ആരാണ് പൈസ അടച്ചത് നിനക്ക് അറിയാമല്ലോ നീ പറയൂ…

ബഷീറേ… സഹായം ചെയ്യുന്നത് അറിയരുത് എന്ന് നിർബന്ധം ഉള്ള ആളാണ്‌ അയാൾ അത് കൊണ്ട് തന്നെ എനിക്ക് ആരാണ് നിന്നോട് വെളിവാക്കാൻ പറ്റില്ല……

“റബ്ബിൽ ആലമീനായ തമ്പുരാനേ
എന്റെ സുബൈദാനേ തിരികെ തന്ന നിന്നോട് എന്നും ഞാൻ കടപെട്ടിരിക്കുന്നു..”
ബഷീർ കൈകൾ മുകളിലേക്കുയർത്തി പറയുകയാണ്..

സുബൈദ സുഖം പ്രാപിച്ചു വരുന്നു
ഇപ്പോൾ.. ചെറുങ്ങനെ സംസാരിക്കുന്നുണ്ട്…. ഇന്ന് പെരുന്നാൾ ദിവസം…. സുബൈദ പതിവിലും സന്തോഷത്തിലാണ്
സുബൈദാനേ കാണാൻ… ഇന്ന് ജമാലിന്റെ ഭാര്യയും മക്കളും വരുന്നുണ്ട്

അൽപ്പ നേരം കഴിഞ്ഞപ്പോൾ
സ്കൂൾ യുണിഫോമും ഇട്ടു വന്ന
മക്കളില്ലാത്ത സുബൈദ ആ മക്കളെ സ്നേഹത്തോടെ അടുപ്പിച്ചു നിർത്തി തലോടുകയാണ്….
മക്കളെ ഇനി മുതൽ നിങ്ങൾക് രണ്ട് ഉമ്മമാരും രണ്ട് ഉപ്പമാരും ഉണ്ടാവും
എന്ന് സുബൈദ പറയുന്നത് കേട്ടപ്പോൾ

അവിടെ ഉള്ള എല്ലാവർക്കും പുതിയൊരു അനുഭൂതിയാണ് സമ്മാനിച്ചത്…..
********************************

അവഗണന ആരുടെയും കൂട പിറപ്പല്ല
ആർക് എപ്പോൾ എന്ത് എന്നൊന്നും ആർക്കും പറയാൻ പറ്റൂല…. ആശ്വാസ വാക്കുകൾ പറയുന്നതിനെക്കാൾ ആത്മാർത്ഥ സഹായം ചെയ്യാൻ നമുക്ക് എന്നും കഴിയട്ടെ … നമുക്ക് ജമാലിനെ പോലെ ജമാലിന്റെ മക്കളെ പോലെ.. ആ അജ്ഞാത സഹോദരനെ പോലെ ജീവിക്കാൻ ശ്രമിക്കാം…. ശുഭം

സസ്നേഹം,
ഫൈസൽ, സറീനാസ്… കണ്ണൂക്കര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply