ചിരി ആരോഗ്യത്തിന് ഹാനികരം

2367 Views

ഇന്നേക്ക് പെണ്ണ് കാണാൻ തെണ്ടി തുടങ്ങിട്ട് രണ്ട് വർഷം. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം..
ഒന്നുല്ലെങ്കിലും ഇത്രയും നടന്നിട്ടും ഒരു ഉളിപ്പില്ലാതെ ഞാൻ ഇപ്പോഴും എനിക്ക് തന്നെ താങ്ങാത്ത ഷൂവും പാന്റും വലിച്ച് കേറ്റി തെണ്ടി നടക്കുന്നുണ്ടല്ലോ..
എല്ലാവരെയും പോലെ ആദ്യം എനിക്ക് എന്റെ പെണ്ണിനെ കുറിച്ച് ഒരു വണ്ടൻ ലിസ്റ്റ് ഒക്കെ ഉണ്ടായിരുന്നുട്ടോ..
വെളുത്ത നിറം, സുന്ദരിയായിരിക്കണം, വണ്ണം പാടില്ല, വലിയ വീട്ടിലെ കുട്ടി (സ്ത്രീധനത്തിനു വേണ്ടി ഒന്നുവല്ലാട്ടോ.. പെങ്കൊച്ചിനു കൊടുക്കുന്നത് നമ്മളായിട്ട് എന്തിനാ വേണ്ടാന്ന് പറയുന്നേ.. അല്ലേ), നല്ല ജോലി(തെറ്റിദ്ധരിക്കരുത്.. എനിക്ക് ജോലി ഇല്ലാതെ ഒന്നുവല്ല.. എന്നാലും എന്റെ കയ്യിരിപ്പോണ്ട് എങ്ങാനും ഇനി പോയാലോ.. ആരോടും പറയണ്ട ട്ടാ ),..
ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.. എന്നെ കാണാൻ കുറച്ച് കളർ കുറഞ്ഞാലും ഞാൻ സുന്ദരനാണ് ട്ടോ.. അത് ഞാൻ മാത്രേ ആ സത്യം തിരിച്ചറിഞ്ഞിട്ടുള്ളുന്ന് മാത്രം.
എന്നാലും ഞാനും ഒരു ആൺകൊച്ചല്ലേ.. എനിക്കും ഉണ്ടാവില്ലേ ഒരു പാട് സ്വപ്‌നങ്ങൾ..
അങ്ങനെ ഒരു പത്ത് വീട് തെണ്ടിയപ്പോൾ ഞാൻ എന്റെ ലിസ്റ്റിൽ ഓരോന്നും വെട്ടി തുടങ്ങി.. അല്ല അവർക്കും ഉണ്ടാവൂലോ ഇങ്ങനത്തെ ലിസ്റ്റ്.. അത് കൊണ്ട് മാത്രം ട്ടാ..
നോക്കിയേ എത്ര നല്ല മനസ്സാ എന്റെ.. എന്നിട്ടും എന്നെ ആർക്കും വേണ്ടാന്നേ.. എന്ത് കഷ്ടാലേ.. (അല്ല എന്റെ മനസ്സറിഞ്ഞ് നിങ്ങളങ്ങാനും വെല്ല കേസും കൊണ്ട് വന്നാൽ ഞാനായിട്ട് വേണ്ടാന്ന് പറയില്ലാട്ടോ)
അങ്ങനെ അവസാനം പണ്ട് പൂജ്യം വെട്ട് കളി കളിച്ചിരുന്ന പോലെ വെട്ടി വെട്ടി ഒരു വെളുത്ത പെണ്ണ് ആകണം എന്ന് മാത്രമായി എന്റെ ലിസ്റ്റിൽ ബാക്കി..
അയ്യോ ഇനി ഞാൻ ഒരു കോംബ്രമയിസിനും ഇല്ലാട്ടോ.. ഇത് ഞാൻ കരടിയെ പോലെയാണെന്നും പറഞ്ഞു ഇട്ടേച്ചു പോയ ആ തേപ്പു പെട്ടിടെ മുൻപിൽ ഒന്ന് നിവർന്ന് നിൽക്കാൻ വേണ്ടി മാത്രം ട്ടാ..
നിങ്ങൾ തന്നെ പറ.. ഇങ്ങനൊക്കെ പറഞ്ഞു പോയ ഒരുത്തിക്ക് ഒരു പണിയെങ്കിലും ഞാൻ കൊടുക്കേണ്ടേ..
പക്ഷെ എങ്ങനെ പണി കൊടുക്കാനാ.. ചായ തരുന്ന ഒരുത്തിക്കും എന്നെ പിടിക്കുന്നില്ല.. ഇനി ഇപ്പോൾ ഞാൻ ചായ കുടിക്കുന്നതിന് എന്തേലും മിസ്റ്റേക്ക് ഉണ്ടാവാവോ..
അങ്ങനെ ഇന്ന് പോയതിനെങ്കിലും അവർക്ക് ഒന്ന് ഇഷ്ടപ്പെടൂവെന്ന് വിചാരിച്ചു. ഒന്ന് വായയിൽ വെള്ളം ഇറക്കിയത് മാത്രം മിച്ചം..
ഒരു ചെറിയ വീട്ടിലെ നാല് പെൺമക്കളിൽ മൂത്ത കുട്ടിയാർന്നൂന്നേ.. ബാക്കി ഒന്നും ഇല്ലേലും വെളുത്ത കൊച്ചാന്നെന്ന് പറഞ്ഞപ്പോ മാത്രം പോയതാന്നേ..
പക്ഷെ ഇതും എന്നെ ഞെട്ടിച്ച് വേണ്ടാന്നും പറഞ്ഞ് പോയി കളഞ്ഞു.. ഇത്രക്ക് മോശമാണോ ഞാൻ..
ഈ ഒരു സംശയം പിടിച്ച് നിൽക്കാനാവാതെ രണ്ടും കല്പ്പിച്ച് അവൾക്ക് എഫ്ബിയിൽ മെസ്സേജ് അയച്ചു.
അല്ല.. ഇത് രണ്ടിലൊന്ന് അറിയണമല്ലോ..

 

അവൾ ആദ്യമൊന്ന് പരുങ്ങി നിന്നെങ്കിലും അവസാനം ഒന്ന് ടൈപ്പ് ചെയ്തു തുടങ്ങി.
എന്റെ അയൽക്കാരൻ ദിവാകരേട്ടൻ അവളുടെ ഏതോ അകന്ന ബന്ധുവാത്രേ..
ബാക്കിയൊന്നും ഞാൻ ചോദിച്ചില്ല.. അതൊക്കെ നമുക്ക് ഊഹിക്കാവുന്നതാണുലോ..
സത്യം പറഞ്ഞാൽ രാവിലെ ആറു മണിക്ക് എണീറ്റു ഓഫീസിലേക്ക് ഓടുന്നത് കൊണ്ട് ഇവരെയൊക്കെ കണ്ടാൽ തന്നെ ഒന്ന് ചിരിക്കാൻ തന്നെ സമയം കിട്ടാറില്ല..
ഇതൊക്കെ ഇപ്പോഴാ ആലോചിക്കുന്നത് തന്നെ..
അപ്പൊ ഈ ചിരിയാണ് വില്ലൻ. ഇപ്പോഴാണ് മനസ്സിലായെ.. ചിരി ആയുസ്സ് കൂട്ടുക മാത്രമല്ല.. ചിരിച്ചില്ലേൽ ചിലപ്പോൾ ഉള്ള ആയുസ്സും പോകും..
ഞാൻ രണ്ടും കല്പ്പിച്ച് പിറ്റേ ദിവസം തൊട്ട് തന്നെ നേരത്തെ എണീറ്റ്‌ ബൈക്ക് മാറ്റി സെന്ററിലേക്ക് നടക്കാൻ തന്നെ തീരുമാനിച്ചു.
അല്ല നമ്മടെ ദിവാകരേട്ടനെയും എല്ലാ ഏട്ടന്മാരോടൊക്കെ ഇനിയെങ്കിലും ഒന്ന് ചിരിച്ച് പോയില്ലേൽ പണി പാളും..
ഒന്ന് ആലോചിച്ചേ ഉള്ളൂ.. ദേ ദിവാകരേട്ടൻ.. എന്ത് വിശേഷം ചോദിക്കാനാ.. ഞാൻ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഒന്ന് ഇളിച്ച് കൊടുത്തു.
ഞാൻ വിചാരിച്ച പോലെ ആള് ചിരിച്ചില്ലാന്നേ.. ഒന്ന് തുറുപ്പിച്ച് നോക്കി പോയി.. ബാക്കി എല്ലാ ഏട്ടന്മാരും ഇതേ അവസ്ഥ..
ഹോ എന്താ എല്ലാർക്കും പറ്റിയാവോ..
എന്തായാലും ഞാൻ ഈ പണി ഒരാഴ്ചയോളം കൊണ്ട് നടന്നു.

 

ഇന്ന് ഞാൻ ധൈര്യപൂർവ്വം അടുത്ത ചായ കുടിക്കാൻ കയറി.. ഇനി ചിരിക്കാത്ത കുറവ് വേണ്ടാന്ന് വെച്ച് അവർക്കും കാണിച്ച് കൊടുത്തു എന്റെ മുപ്പത്തിരണ്ട് പല്ല്..
ഇറങ്ങുമ്പോൾ ആ പെണ്കൊച്ചിനോട് അവളുടെ അമ്മയുടെ കുശു കുശു ശബ്ദം കേട്ട് ഒന്ന് ശ്രദ്ധിച്ചതാ..
ഡി ആ ശ്രീധരേട്ടൻ പറഞ്ഞത് ശരിയാ.. ചിരിക്കുന്ന കണ്ടോ.. എന്തോ ഒരു കുഴപ്പം ഉണ്ട്.. നമ്മുക്ക് ഇത് വേണ്ടാട്ടോ..
ഇതും കൂടി എല്ലാം പൂർത്തിയായി.. അറിയാതെ താടിക്കും കയ്യ് കൊടുത്ത് ഇരുന്നു പോയി.. അതെ ചിരി ആരോഗ്യത്തിന് ഹാനികരം..
ഇനി ഇപ്പോൾ നിങ്ങളാണ് പ്രതീക്ഷ.. അടുത്ത ആഴ്ചക്കുള്ള അടുത്തതിനും കൊണ്ട് ബ്രോക്കർ ഏട്ടൻ വന്നിട്ടുണ്ട്.. എന്നോട് സ്നേഹം ഉണ്ടായിട്ടെന്നല്ല അങ്ങോരുടെ പോക്കറ്റ് വീർക്കണംലോ..
എന്തായാലും നിങ്ങൾ ഒന്ന് അനുഗ്രഹിക്കണം.. ഞാൻ വിളിച്ചിട്ട് ഒരു ദേവിയും കേൾക്കുന്നില്ല.. നിങ്ങളും ഒന്ന് അങ്ങോരെ ഓര്മിപ്പിക്കണെ..
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply