ക്രിസ്മസ് രാത്രി ഒരു ഓർമ്മ

2518 Views

“വാതിൽ തുറക്കൂ നീ കാലമേ…..

കണ്ടൊട്ടെ സ്നേഹ സ്വരൂപനെ…….
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്…..
പ്രാർഥിച്ച യേശു മഹേശനെ”……….

അപ്പുറത്തെ തോമാച്ചന്റെ വീട്ടിൽ നിന്നും വീണ്ടും ഒരു ക്രിസ്തുമസ് രാവ് വരവായി എന്നുവിളിച്ചറിയിക്കാൻ ഭക്തിഗാനം മുഴങ്ങി കേൾക്കുന്നുണ്ട്…. ഒപ്പം കുട്ടികളുടെയും മുതിർന്നവരുടെയും കളിയും ചിരിയുമെല്ലാം ആ സംഗീതത്തിനൊപ്പം കാതിലേയ്ക്ക് ഒഴുകി വരുന്നു..

മക്കളുമൊന്നിച്ചിരുന്ന് സന്തോഷം പങ്കിടേണ്ട ഈ ദിനം ആരോരുമില്ലാതെ…. ത്രേസ്യാ ഒരു ദീർഘ നിശ്വാസത്തോടെ ഫോണിലേക്ക് ഒന്ന് കൂടി നോക്കി….. ഇല്ല.!! ഒന്ന് വിളിക്കാൻ കൂടി മറന്നു പോയിരിയ്ക്കുന്നു…..

ആത്മഗതത്തോടെ ത്രേസ്യ കസേരയിലേയ്ക്ക് ചാരി ഇരുന്നു കണ്ണുകൾ മെല്ലെ അടച്ചു…!!!

***********

ഡീ ത്രേസ്യാ…………… എടിയേ……… നീ അവിടെ എന്തെടുക്കുവാ? ഇതൊന്ന് പിടിച്ചു താഴോട്ട് വച്ചേ…. അവറാച്ചൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു..

നില്ല് മനുശ്യാ.. ഇതിയാനെക്കൊണ്ട് തോറ്റല്ലോ.. അതെങ്ങനാ കിഴക്കോട്ടു പോയാലും പടിഞ്ഞാട്ട് പോയാലും ഈ ത്രേസ്യാ ഇല്ലാണ്ട് ഇതിയാന് ഉറക്കം വരില്ലല്ലോ..

ഉടുത്തിരുന്ന ചട്ട മുണ്ടിന്റെ അറ്റത്തു കൈയും തുടച്ചു ത്രേസ്യാമ്മ ചേടത്തി ഉമ്മറത്തോട്ട് വന്നു അവറാച്ചന്റെ തലയിലെ കേട്ട് താഴെ വക്കാൻ സഹായിച്ചു….

അവറാനേ എന്താ ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ?? എന്താ കെട്ടില്? ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ അവറാച്ചൻ കണ്ടത് രണ്ടു കൈയിലും ഈർക്കിലിയിൽ കോർത്ത പുഴമീനുമായി നിൽക്കുന്ന തോമാച്ചനെയാണ്..

ക്രിസ്തുമസ് പ്രമാണിച്ചു മക്കൾ ഒക്കെ ഇന്ന് വരുവല്യോ…അതുകാരണം കടം വാങ്ങീട്ടാണേലും കുറച്ചു മലക്കറീം ഇറച്ചിയും ഒക്കെ വാങ്ങിയതാ….. നമ്മുടെ കുറവ് നമ്മൾ അറിഞ്ഞാൽ പോരേഡോ ……

നീ എന്തോ കണ്ടോണ്ട് നിക്കുവാ ത്രേസ്യാമോ.. ഇതെല്ലം അകത്തോട്ട് കൊണ്ട് വക്കാന് ഇനി ഞാൻ നിന്നോട് പറയണോ അതോ എന്റെ കൈ തന്നെ വേണോ??

ഹും… ത്രേസ്യാമ്മ വല്ല വിധേനയും ആ ചാക്കുകെട്ടുമായി അടുക്കളയിലോട്ട് പോണതും നോക്കി അവറാച്ചൻ കുശലോം പറഞ്ഞോണ്ട് തോമാച്ചന്റെ അടുത്തേയ്ക്ക് പോയി…

നീ അന്തിയ്ക്ക് വല്ലോം മോന്തിയോടാ അവറാനേ … രണ്ടെണ്ണം വീശാൻ ആഗ്രഹമുണ്ട് പക്ഷേ മക്കള് പഴേ പോലല്ലോ..വളർന്നു വലുതായി. സിറ്റിയിൽ ഒക്കെ അല്ലെ പഠിപ്പ്.. അവർക്ക് ഇതൊന്നും ഇഷ്ടാവൂല്ല ന്റെ തോമായേ…..

നീ ഇങ്ങട് വായോ.. വീട്ടിൽ ഒരു സാധനം വാങ്ങി വച്ചിട്ടുണ്ട്.. ക്രിസ്തുമസ്സ് ഒക്കെ ആയിട്ട് രണ്ടെണ്ണം അടിച്ചില്ലേൽ മ്മളൊക്കെ ക്രിസ്ത്യാനി ആവുന്നത് എങ്ങനാ ന്റെ അവറായെ….

അവറാ ആ പറച്ചിലിൽ വീണ് പോയി.. നീ ഒരു കാര്യം ചെയ്യ് ഞാൻ ഒന്ന് മേല് കഴുകിയെച്ചും ഓടി വരാം അപ്പോഴേക്കും നീ ആ പുഴമീനെ ഒന്ന് ശരിയാക്ക്..പിന്നെ ഒരു കാര്യം മറിയ നിന്നെ മറിച്ചിടാതെ നോക്കിക്കോണം.. ഇതും പറഞ്ഞു രണ്ടു പേരും വലിയ അട്ടഹാസത്തോടെ അവരുടെ വീടുകളിലേക്ക് പോയി.

ത്രേസ്യാമോ… ത്രേസ്യമോ അടുപ്പിൽ കുളിക്കാൻ വെള്ളം വച്ചിട്ടുണ്ടോ ?? അതൊന്ന് ആ പൊരേന്റെ പര്യമ്പ്രതൊട്ട് വച്ചേ.. ഞാൻ ഇച്ചിരി കുഴമ്പിട്ട് വരാം….

ദേ.. വെള്ളം വടക്കേപ്പുറത് വച്ചിട്ടുണ്ട് കേട്ടോ.. ഒരു വിളക്ക് അവിടെ കത്തിച്ചു വച്ചിട്ടുണ്ട്.. പോവുമ്പം കല്ലേലൊന്നും തട്ടി വീഴണ്ട..

മ്…മ്… എന്താ ഇത്ര സ്നേഹം?? മക്കള് വരുന്നെന്റെയാണോ ?? അതേ… അവര് ന്റേം കൂടി മക്കളാ.. നീ അധികം കിടന്നു തുള്ളണ്ട കേട്ടല്ലോ.. അവറാ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു…

ത്രേസ്യാമ്മ കേട്ടിട്ടാണോ കേൾക്കാഞ്ഞിട്ടാണോ അറിയില്ല.. മറുപടി ഒന്നും പറഞ്ഞില്ല.. അവറാ കുഴമ്പു തേപ്പും കഴിഞ്ഞു കുളിക്കാനായി വടക്കേപ്പുറത്തോട്ട് പോവുകേം ചെയ്തു…

*********
സമയം ഒൻപത് മണിയോടടുത്തു. രണ്ടു കരോൾ ടീമ് വന്നു പോയി.. ത്രേസ്യാ വഴിച്ചാലിലേയ്ക്ക് നോക്കി.. ഇല്ല ആരേം കാണുന്നില്ല.. രമേശൻ നായരുടെ വീട്ടിലേയ്ക്ക് മക്കൾ ഫോണ് വിളിച്ചു പറഞ്ഞ സമയമൊക്കെ കഴിഞ്ഞല്ലോ?? മക്കളേം കാണുന്നില്ല അപ്പുറത്തേയ്ക്ക് എന്നും പറഞ്ഞു പോയ മക്കടെ അപ്പനേം കാണുന്നില്ല..

ത്രേസ്യാ ഉറക്കെ വിളിച്ചു… ദേ…… ദേ……ഇങ്ങോട്ടു വന്നേ മനുഷ്യാ കുട്ടികളെ ഇതുവരെ കണ്ടില്ലല്ലോ.. നിങ്ങളാ മുക്ക് വരെ ഒന്ന് പോയി നോക്കിക്കേ….

വരുവാടി ത്രേസ്യായെ… അവരെന്റെ മക്കൾ അല്ലേ? അവരിപ്പം ഇങ്ങോട്ട് വരും.. അവരെന്റെ മക്കളാ… വാക്ക് പറഞ്ഞാൽ മാറ്റാത്തവരാ ഈ ചേലമറ്റം കുടുംബക്കാർ…. നിനക്കറിയില്യോടീ…. അവറാ എന്തൊക്കെയോ വീണ്ടും വിളിച്ചു പറഞ്ഞോണ്ടിരുന്നു.. അവറാച്ചൻ ഇങ്ങനാ മദ്യം കണ്ടാൽ മതി.. രണ്ടെണ്ണം അടിച്ചാൽ ഉടനെ ചാർജ് ആവും..

ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. കള്ള് എന്ന് എഴുതി കാണിച്ചാൽ മതി അന്നേരം നിന്ന് ആടാൻ തുടങ്ങിക്കോളും.. നിങ്ങളിങ്ങോട്ട് വന്നേ മനുശ്യാ….ത്രേസ്യാ വിളിച്ചോണ്ടിരുന്നു..

അല്പം കഴിഞ്ഞപ്പോൾ അവറാച്ചൻ ഒരു മൂളി പാട്ടും പാടി വീട്ടിലേയ്ക്ക് കയറി വന്നു. വന്ന പാടെ ത്രേസ്യയോട് ചോദിച്ചു പിള്ളാര് വന്നില്യോ ഡീ…

അതല്ലേ മനുശ്യാ പറഞ്ഞോണ്ടിരുന്നേ.. നിങ്ങളാ മുക്ക് വരെ ഒന്ന് പോയേച്ചും വന്നേ.. എനിയ്ക്കണേൽ ഇവിടെ ഇരുന്നിട്ട് ഒരു സമാധാനോം ഇല്ല..

അവറാച്ചൻ പയ്യെ എണീറ്റ് ഒരു ചൂട്ട് കറ്റയും കത്തിച്ചു കവലയിലോട്ട് പാട്ടും പാടി വച്ച് പിടിച്ചു…

അകലെ നിന്നും കരോൾ ഗാനത്തിന്റെ ശീലുകൾ അടുത്തു വരുന്നത് കേൾക്കാം..

ശാന്ത രാത്രി തിരു രാത്രി….
പുൽക്കുടിലിൽ പൂത്തൊരു രാത്രി…
വിണ്ണിലെ താരക ദൂതർ ഇറങ്ങിയ,
മണ്ണിൻ സമാധാന രാത്രി….
ഉണ്ണി പിറന്നു, ഉണ്ണിയേശു പിറന്നു…
ഉണ്ണി പിറന്നു, ഉണ്ണിയേശു പിറന്നു….

അവറാച്ചൻ ഒരു ബീഡിയ്ക്ക് തീയും കൊളുത്തി കവലയിൽ മക്കളെയും നോക്കി കൈൽ ഇരിയ്ക്കുന്ന ചൂട്ടുകറ്റയെ ഇടയ്ക്കിടെ ഇളക്കിക്കൊണ്ട് നിന്നു.

കുറേനേരം കൂടി കഴിഞ്ഞപ്പോൾ ഒരു ഓട്ടോയിൽ മക്കൾ വന്നിറങ്ങി. അപ്പനെ കണ്ടതും രണ്ടു പേരും സന്തോഷത്തോടെ ഓടി അടുത്തോട്ട് ഓടി വന്നു…

നോബിൾ, നെൽസൺ അതാണ് അവരുടെ പേര്… ഇരട്ടകൾ ആണ്.. ഇരട്ടകൾ ആണെങ്കിലും അവരെ തമ്മിൽ കണ്ടാൽ അങ്ങനെ പറയത്തെ ഇല്ല എന്നുള്ളതാണ് ഇവരുടെ പ്രത്യേകത.

നോബിൾ ജനിച്ചു കഴിഞ്ഞു നെൽസൺ പുറത്തു വരാതെ അവസാനം ഓപ്പറേഷൻ ചെയ്താണ് നെൽസനെ പുറത്തെടുത്തത്. അവര് തമ്മിൽ സാമ്യം ഇല്ലാത്തത് ഈ കാരണത്താൽ ആണെന്നാണ് സംസാരം. പുറമെ സാമ്യമില്ലെങ്കിലും രണ്ടുപേരും ഒരേ മനസാണ്. അവരുടെ ചിന്തയും സങ്കടവും എല്ലാം ഒരേ വഴിയിലൂടെ തന്നെ. സ്‌കൂളിൽ എല്ലാം അതുകൊണ്ട് തന്നെ പഠന കാര്യത്തിൽ രണ്ടുപേരും തമ്മിൽ മത്സരം ഉണ്ടാകുമെങ്കിലും മാർക്ക് പരസ്പരം തുല്യമായി തന്നെ പങ്കിട്ട് ടീച്ചറിനും കുട്ടികൾക്കും അത്ഭുതമാവാറുണ്ട് രണ്ടു പേരും. പഠിത്തത്തിൽ രണ്ടുപേരും മിടുക്കന്മാർ ആയതുകൊണ്ട് പള്ളിവക സഹായത്തോടെ രണ്ടു പേരും ബാംഗ്ലൂർ സിറ്റിയിൽ എഞ്ചിനീയറിംഗ് പഠിക്കുകയാണ്.

മക്കൾ എന്ന് പറഞ്ഞാൽ ത്രേസ്യയ്ക്കും അവറാനും ജീവനാണ്.. മക്കൾ ആണ് അവരുടെ എല്ലാം.. ദാരിദ്ര്യത്തിന്റെ ഇടയിലും ഒരു കുറവും അറിയിക്കാതെയാണ് രണ്ടു പേരെയും വളർത്തിയതും, ഇപ്പോൾ പഠിപ്പിയ്ക്കുന്നതുമെല്ലാം.തങ്ങളുടെ കുട്ടികൾ മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാൻ പാടില്ല എന്ന് ത്രേസ്യയ്ക്കും അവറാനും നിർബന്ധമുണ്ടായിരുന്നു…

ചാച്ചനും അമ്മയ്ക്കും നോബിയും നെല്ലുവും ആണ് അവർ..

ഓടിവന്ന് ചാച്ചനെ കെട്ടിപ്പിടിച്ചപ്പോളേ പിള്ളേർക്ക് കാര്യം പിടികിട്ടി, ചാച്ചൻ മദ്യപിച്ചിട്ടുണ്ടെന്ന്..

അവറാച്ചൻ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.. മക്കളെ ചാച്ചൻ രണ്ടെണ്ണം.. അത്രേ ഉള്ളടാ മക്കളേ എന്ന്…

നോബിയും നെല്ലുവും ചാച്ചനെ കെട്ടിപിടിച്ചു രണ്ടു കവിളിലും ഉമ്മയും കൊടുത്തു നേരേ വീട്ടിലേക്ക് നടന്നു..

**********

സമയം രാത്രി പന്ത്രണ്ട് മണിയായി… ഉണ്ണിയേശുവിന്റെ പിറവി അറിയിച്ചു പള്ളിയിൽ മണി മുഴങ്ങി.. എങ്ങും വെടിയും കരോൾ ഗാനവും മുഴങ്ങി..

മക്കൾക്കായി ത്രേസ്യാ ഒരുക്കിയ പുൽകൂട്ടിലേയ്ക്ക് ഉണ്ണീശോയെ കൊണ്ടുവന്നു വച്ച് എല്ലാവരും പ്രാർത്ഥിച്ചു.. പിന്നെ പള്ളിയിലേക്ക് പാതിരാ കുർബാന കൂടാൻ നാലുപേരും കൂടി യാത്രയായി.. പള്ളിയിലെ കുർബാനയും കൂടി തിരിച്ചു വന്നു ത്രേസ്യാ നേരെ അടുക്കളയിലേയ്ക്ക് പോയി രാവിലത്തെ അപ്പത്തിനുള്ള അരി എടുത്ത് വെളളത്തിൽ ഇട്ടു. മക്കൾക്ക് പായൊക്കെ ഇട്ടുകൊടുത്തു അവറാച്ചൻ കിടക്കുന്ന കോലായിൽ വന്നു കിടന്നു.

ദേ.. മനുശ്യാ, രാവിലെ നേരത്തെ എണീക്കണം. പിള്ളേരുടെ കൂട്ടുകാരൊക്കെ വരുന്നതല്ലേ..? എന്തേലും ഒക്കെ നേരത്തെ ഉണ്ടാക്കണം.. നിങ്ങൾ വല്ലതും കേൾക്കുന്നുണ്ടോ ?? ആരോടാ ഇത്രയും നേരം ഞാൻ പറഞ്ഞോണ്ടിരുന്നത് എന്റെ ഈശോയെ… ത്രേസ്യാ ആത്മഗതം ചെയ്തു തിരിഞ്ഞു കിടന്നു. ഇനി അധികം സമയമില്ല. ഇറച്ചി ഇന്നലെ തന്നെ പാതി വേവിച്ചു വച്ചതുകൊണ്ട് അത് പെട്ടന്നുണ്ടാക്കാം.. പിന്നെ അപ്പം ഉണ്ടാക്കണം.. അത് പിള്ളേരുടെ അച്ഛനെ ഏൽപ്പിയ്ക്കാം.. ഇങ്ങനെ ഓരോ ചിന്തയിൽ കിടന്ന ത്രേസ്യാ നേരം വെളുത്തത് അറിഞ്ഞേ ഇല്ല..

അവറാച്ചൻ വിളിച്ചെഴുന്നേല്പിച്ചപ്പോൾ ആണ് ത്രേസ്യാ കണ്ണ് തുറന്നത്. ഞെട്ടി നാലു പാടും നോക്കുന്ന ത്രേസ്യായെ നോക്കി അവറാച്ചൻ പറഞ്ഞു വെയിൽ ഉച്ചീൽ വരുന്ന വരെ പോത്തുപോലെ കിടന്നുറങ്ങാതെ നീ ആ അടുക്കളയിലോട്ട് ചെല്ല്..

ഇനി എന്നാ നമുക്ക് ഇങ്ങനെ ഒരു ക്രിസ്തുമസ് ആഘോഷിയ്ക്കാൻ പറ്റുക എന്നറിയില്ല. മക്കൾ ഇനി എന്ന് തിരിച്ചു വരും എന്നൊന്നും നമുക്ക് പറയാൻ പറ്റൂല്ല… ഇപ്പോഴത്തെ പിള്ളേരാ.. എന്തൊക്കെ കുരുത്തക്കേട് കൈൽ ഉണ്ടെന്ന് ആർക്കറിയാം…അവറാച്ചൻ പയ്യെ പത്രം നോക്കാനെന്നും പറഞ്ഞു തോമാച്ചന്റെ വീട്ടിലോട്ട് വച്ച് പിടിച്ചു.

നോബിയും നെല്ലുവും എണീറ്റിട്ടില്ല. ത്രേസ്യാ കാപ്പി കൊണ്ടുപോയി തലയ്ക്കൽ വച്ചിട്ട് രണ്ടിനേം ഓരോ ചീത്തയും പറഞ്ഞിട്ട് വീണ്ടും അടുക്കളയിലേയ്ക്ക് പോയി..

അവറാച്ചൻ അപ്പുറത്ത് തോമാച്ഛന്റടുത്ത് പോയി ഇന്നലെ മിച്ചം വെച്ചിരുന്നതിൽ നിന്ന് രണ്ടെണ്ണം അടിച്ചിട്ട് തിരിച്ചു വരുമ്പോളും നോബിയും നെല്ലുവും നല്ല ഉറക്കമായിരുന്നു.

ഡാ മക്കളേ.. ഡാ.. എണീയ്ക്ക്.. ഡാ പുള്ളേരെ.. അവറാച്ചൻ നോബിയെയും നെല്ലുവിനെയും മാറി മാറി വിളിച്ചു.. രണ്ടു പേരും കണ്ണും ചിമ്മി എണീറ്റ് വന്നു..

രാവിലത്തെ പ്രഭാത പരിപാടി ഒക്കെ കഴിഞ്ഞു ചാച്ചനോടും അമ്മച്ചിയോടും തമാശയൊക്കെ പറഞ്ഞോണ്ടിരുന്ന സമയത്ത് നെൽസൺ പറഞ്ഞു; ചാച്ചാ ഒരു കാര്യം പറയാനുണ്ട്.

എന്താടാ മക്കളെ.. ചാച്ചനോട് ഒരു കാര്യം പറയാൻ മക്കൾക്കെന്തിനാ ഈ മുഖവുര..??

അത് പിന്നെ ചാച്ചാ….. രണ്ടു പേരും മുഖത്തോട് മുഖം നോക്കി ആര് പറയും ??

അവറാച്ചനും ത്രേസ്യാമ്മയ്ക്കും ആകാംഷയായി…

മക്കളെ കാര്യം പറയെടാ.. പൈസ വേണോ, അതോ പുതിയ ഉടുപ്പ് വേണോ?? എന്താ മക്കൾക്ക് വേണ്ടത്..?? ഈ ചാച്ചനോടും അമ്മയോടും പറ…..

അതോന്നും അല്ല ചാച്ചാ.. ബാംഗ്‌ളൂര് ഈ വർഷം കൂടിയല്ലേ ഉള്ളൂ കോളേജ് പഠിത്തം.. ഈ സെമസ്റ്ററോട് കൂടി അതങ്ങ് കഴിയും. എനിക്കും നെല്ലൂനും ഒരു അമേരിക്കൻ കമ്പനിയിൽ സെലക്ഷൻ കിട്ടി. ആദ്യത്തെ ഒരു വർഷം ട്രെയിനിങ് ആണ് ചെലവിനു മാത്രം പൈസ തരും. അത് കഴിഞ്ഞാൽ പിന്നെ ശമ്പളം ആയി മാറും.

ഇപ്പാ ആണേൽ നമ്മൾ ഒന്നും കൊടുക്കണ്ട.. എല്ലാ ചിലവും അവര് തന്നെയാ തരുന്നത്..

മക്കളേ മനസ്സിൽ സന്തോഷം ഉണ്ടേലും കൂടി നിങ്ങൾ അങ്ങോട്ടൊന്നും പോണത് ചാച്ചനും അമ്മച്ചിയ്ക്കും താങ്ങാൻ പറ്റൂല്ല.. ഞങ്ങൾക്ക് നിങ്ങൾ അല്ലെ മക്കളേ ഉള്ളൂ… പക്ഷേങ്കി…. ന്റെ മക്കള് പൊക്കോ…..

ഞങ്ങൾ കാത്തിരുന്നോളാം…… അത് പറയുമ്പോൾ അവറാച്ചന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മറ്റൊന്നും പറയാതെ അവറാച്ചൻ പറഞ്ഞു നിർത്തി…

വൈകുന്നേരത്തോടെ അവർ ബാംഗ്ലുർക്ക് തിരിച്ചു പോയി… വീണ്ടും അവറാച്ചനും ത്രേസ്യായും തനിച്ചായി..

ന്യൂ ഇയറിന്റെ തലേദിവസം ആണ് രമേശൻ നായരുടെ സ്‌കൂട്ടർ വന്നു പടിയ്ക്കൽ നിന്നത്.. അവറാച്ചോ… പിള്ളേരുടെ ഫോൺ ഉണ്ടായിരുന്നു.. അവരിന്ന് വൈകിട്ടത്തെ ഫ്ലൈറ്റിന് അമേരിക്കക്ക് പോകുന്നു എന്ന് നിന്നോട് പറയാൻ പറഞ്ഞിട്ടുണ്ട്. അതും പറഞ്ഞു രമേശൻ പോയി.

രണ്ടു കിലോമീറ്റർ ഉണ്ട് രമേശന്റെ വീട്ടിലേയ്ക്ക്.. ആ ചുറ്റുവട്ടത്തുള്ള എല്ലാവരുടേം ഫോണ് നായരുടെ വീട്ടിൽ ആണ് വരുന്നത്. കളർ സിനിമ കാണണമെങ്കിലും അവിടെ തന്നെ പോണം.

അവറാച്ചൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു, നീ കേട്ടോടി നമ്മട മക്കൾ ഇന്ന് അമേരിക്കക്ക് പോകുവാന്ന്…

***********

ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി, മാസങ്ങൾ വർഷങ്ങൾക്കും…. അതിനിടയിൽ അവറാച്ചനെ ദൈവം തിരുസന്നിധിയിലേയ്ക്ക് മടക്കി വിളിച്ചു.. മക്കൾ മാസങ്ങൾ കൂടുമ്പോൾ രമേശൻ നായരുടെ വീട്ടിലേയ്ക്ക് വിളിക്കുന്നതല്ലാതെ അവരുമായി യാതോരു ബന്ധവും ഇല്ലാത്തത് കൊണ്ട് അവരെ അറിയിക്കാനും പറ്റിയില്ല..

അവറാച്ചന്റെ മരണം ത്രേസ്യയെ ആകെ തളർത്തി.. താങ്ങും തണലുമായി തോമാച്ചനും കുടുംബവും മാത്രാമായി. പിന്നീട് മാസങ്ങൾക്ക് ശേഷം മാത്രമാണ് മക്കളെ അപ്പന്റെ മരണം അറിയിക്കാൻ കഴിഞ്ഞത്.. ഇനി നാട്ടിൽ വന്നിട്ട് കാര്യമില്ലല്ലോ അമ്മച്ചീ എന്നായിരുന്നു മക്കളുടെ പ്രതികരണം..

വർഷങ്ങൾ ഇതിനിടയിൽ പലതു കൊഴിഞ്ഞു വീണു.. അമ്മച്ചിയ്ക്കുള്ള ചിലവിന് മക്കൾ പൈസ അയച്ചുകൊണ്ടേയിരുന്നു പക്ഷേ ഒരിക്കൽ പോലും നാട്ടിലേക്ക് വരാൻ അവർ മനസു കാണിച്ചില്ല..

അമേരിക്കയിൽ ഇരുന്നു തന്നെ അവർ അമ്മയ്ക്ക് വേണ്ട സൗകര്യങ്ങൾ ഓരോന്നായി ചെയ്‌തു കൊടുത്തു. വലിയ വീടും വണ്ടിയും ഫോണും എന്നുവേണ്ട എല്ലാ ഉണ്ട് ഇന്ന്.. ത്രേസ്യയെ നോക്കാൻ വരെ ആളിനെ അമേരിയ്ക്കയിൽ ഇരുന്ന് മക്കൾ ചെയ്തു കൊടുത്തു.

പിന്നീടാണ് ത്രേസ്യാ അറിഞ്ഞത്, മക്കൾ അവിടെ നിന്നും കല്യാണം കഴിച്ചെന്നും അമേരിക്കയിലെ ഏതോ സായിപ്പിന്റെ ഇരട്ട പിള്ളേരെ തന്നെയാണ് ആണ് കെട്ടിയതെന്നും ഒക്കെ… മക്കൾ വളരെ വലിയ സന്തോഷത്തോടെ പറയുമ്പോൾ ത്രേസ്യാടെ നെഞ്ച് നീറുന്നത് അവരറിഞ്ഞില്ല…..

ടം…………ടം…………ടം…………ടം…………

ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു….

ത്രേസ്യാ ഞെട്ടി ഏണീറ്റു.. കരോൾകാര് കൊട്ടി പാടുകയാണ്…

പഴയ ഓർമ്മകളെ വീണ്ടും ഒരു നീറ്റലായി ഓർമ്മപെടുത്തുവാൻ…

ഒരു നക്ഷത്രം എന്നെ നോക്കി ചിരിക്കുന്നുവോ?? പിള്ളേരുടെ അപ്പനായിരിയ്ക്കും.. ക്രിസ്തുമസ് ആഘോഷിയ്ക്കാൻ എന്റെ ത്രേസ്യയെ തന്നെ വിടില്ല എന്ന് പറയുന്ന പോലെ…

ഒരു തുള്ളി കണ്ണീർ വന്നു കണ്ണിന്റെ കാഴ്ചകളെ മറച്ചു….. ഒന്നും അറിയണ്ട എന്ന് പറയുന്ന പോലെ….

സുനിൽ – കുട്ടായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply