ഒന്നാം റാങ്ക്

3415 Views

malayalam story

“ക്ലാസില്‍ ഫസ്റ്റ് വാങ്ങിയാല്‍, നീ തല്ലു മേടിക്കും..തോറ്റാല്‍ അതിലേറെ തല്ലു കിട്ടും. മറക്കരുത്”

നാലാം ക്ലാസ് വരെ തുടര്‍ച്ചയായി ക്ലാസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ എന്നോട് അഞ്ചിലേക്ക് കയറിയപ്പോള്‍ അച്ഛന്‍ പറഞ്ഞതാണ്‌ മേല്‍പ്പറഞ്ഞ വാചകം.

“അല്ല മനുഷ്യാ..നിങ്ങക്ക് പ്രാന്തൊണ്ടോ? ഓരോ തന്തമാര് മക്കള്‍ക്ക് ഫസ്റ്റ് കിട്ടാന്‍ വേണ്ടി തലകുത്തി മറിയുന്നു. ഇവിടൊരു ചെക്കന്‍ അവന്റെ ബുദ്ധി കൊണ്ട് ഫസ്റ്റ് മേടിച്ചിട്ട് വരുമ്പോ അങ്ങേരു ഭീഷണിപ്പെടുത്തുന്നു..” അമ്മ അച്ഛനോട് തട്ടിക്കയറി.

“നീ പോടീ..നിനക്ക് വിവരമില്ല..നിനക്കെന്നല്ല ഒരു സ്ത്രീയ്ക്കും വിവരമില്ല. അവര്‍ക്ക് സ്വന്തം മക്കള് ബാക്കി എല്ലാരെക്കാട്ടിലും മോളില്‍ നില്‍ക്കണം. എന്നാ എനിക്കത് വേണ്ട..ഇനി ഇവന്‍ ഫസ്റ്റ് വാങ്ങിച്ചോണ്ട് വന്നാല്‍ നീയും ഇവനും വിവരമറിയും..”

അച്ഛന്റെ ഭീഷണി വെറും ഭീഷണിയല്ല. തല്ലുമെന്ന് പറഞ്ഞാല്‍ തല്ലും. അതുകൊണ്ട് ഞാന്‍ സന്തോഷിച്ചു. ഇനി കുറച്ചു പഠിച്ചാല്‍ മതിയല്ലോ.

“എന്തുപറ്റി സുരേഷേ..ഇത്തവണ നിനക്ക് ഫസ്റ്റ് പോയിട്ട് ആദ്യത്തെ പത്തില്‍ പോലും നീ കടന്നില്ലല്ലോ? ഉഴാപ്പനായി നീ അല്ലെ?” ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസ് ടീച്ചര്‍ ചോദിച്ചതാണ്.

“അച്ഛന്‍ പറഞ്ഞു ടീച്ചറെ ഫസ്റ്റ് വാങ്ങിയാല്‍ അടിക്കുമെന്ന്..അതോണ്ടാ”

“ങേ..അതെന്തൊരച്ഛന്‍? ഫസ്റ്റ് വാങ്ങിയാല്‍ തല്ലുമെന്നോ..നിന്റെ അച്ഛന്റെ തലയ്ക്ക് വല്ല കുഴപ്പോം ഒണ്ടോ?”

ടീച്ചറുടെ ചോദ്യം കേട്ടു കുട്ടികള്‍ ആര്‍ത്തുചിരിച്ചു.

“അതെനിക്കറിയില്ല ടീച്ചര്‍. പക്ഷെ തല്ലുമെന്ന് പറഞ്ഞാല്‍ അച്ഛന്‍ തല്ലും..എനിക്കിഷ്ടമല്ല തല്ലു കൊള്ളാന്‍”

“എനിക്ക് നിന്റെ അച്ഛനെ ഒന്ന് കാണണം. നാളെ ഇങ്ങോട്ടൊന്നു വരാന്‍ പറ”

“ശരി”

അങ്ങനെ അടുത്ത ദിവസം അച്ഛന്‍ എന്റെ ഒപ്പം സ്കൂളിലെത്തി.

“നിങ്ങള്‍ ഇവനോട് പറഞ്ഞോ ഫസ്റ്റ് വാങ്ങിയാല്‍ തല്ലുമെന്ന്?” ടീച്ചര്‍മാരുടെ മുറിയിലായിരുന്നു ഞാനും അച്ഛനും.

“ഉവ്വ്”

“ഇതെന്ത് കഷ്ടമാ മിസ്റ്റര്‍. ഇത്ര നന്നായി പഠിക്കുന്ന ഒരു കുട്ടിയോട് പഠിക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്ക് വല്ല മാനസിക പ്രശ്നവും ഉണ്ടോ?” ടീച്ചര്‍ പൊട്ടിത്തെറിച്ചു.

അച്ഛന്‍ ടീച്ചറെ നോക്കി ചിരിച്ചു; പിന്നെ ഇങ്ങനെ ചോദിച്ചു.

“നിങ്ങള്‍ക്ക് മക്കളുണ്ടോ?”

“ഉണ്ടെങ്കില്‍?”

“അവര് ക്ലാസില്‍ ഫസ്റ്റ് വാങ്ങണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?”

“ഏതു മാതാപിതാക്കള്‍ക്കാണ് ആ ആഗ്രഹം ഇല്ലാത്തത്”

“ഒരു ക്ലാസില്‍ എത്ര പേര്‍ക്ക് ഫസ്റ്റ് ആകാന്‍ പറ്റും?”

“ഒരാള്‍ക്ക്”

“അപ്പം ഫസ്റ്റ് ആകാന്‍ പറ്റാത്ത ബാക്കി മൊത്തം പിള്ളേര്‍ക്കും അവരുടെ തന്തമാര്‍ക്കും തള്ളമാര്‍ക്കും വിഷമം ഉണ്ടാകില്ലേ?”

“അത് സ്വാഭാവികം”

“ആ വിഷമത്തിന് കാരണക്കാരനോ കാരിയോ ഫസ്റ്റ് വാങ്ങുന്ന കുട്ടിയല്ലേ?”

“ആണല്ലോ”

“അപ്പോള്‍ അതാണ് ഞാനിവനോട് പറഞ്ഞത് ഫസ്റ്റ് വേണ്ടാന്ന്. എന്റെ മോന്‍ കാരണം ആരും വിഷമിക്കാന്‍ പാടില്ല. ഞങ്ങള്‍ മൂന്നുപേരുടെ, എന്ന് പറഞ്ഞാ ഞാന്‍, ഇവന്റെ അമ്മ, ഇവന്‍, സന്തോഷത്തേക്കാള്‍ ഇവന്‍ മൂലം വിഷമിക്കുന്ന കുട്ടികളും അവരുടെ അച്ഛനമ്മമാരുമാണ് എനിക്ക് മുഖ്യം. എന്റെ മോനെ ആരും മനസില്‍ ശപിക്കാന്‍ പാടില്ല. അവന് കഴിവുണ്ട് എന്നെനിക്കറിയാം. ആ കഴിവ് ആരുടേയും മനസ്സില്‍ ദുഖമുണ്ടാക്കാന്‍ കാരണം ആകരുത്. അവന്‍ തോല്‍ക്കാതെ ജയിച്ചാല്‍ മാത്രം മതി. അതേപോലെ ടീച്ചറെ ഈ ഒന്നാം സ്ഥാനം എന്നും ഒരു കുരിശാണ്. ഒന്നില്‍ നിന്നും രണ്ടിലേക്ക് ഇറങ്ങാനേ പറ്റൂ; ഒരിക്കലും മുകളിലേക്ക് പോകാന്‍ പറ്റില്ല; ശരിയല്ലേ? സ്ഥിരം ഒന്നാമനായി നില്‍ക്കുന്നയാള്‍ക്ക്‌ താഴേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ അവന്റെ മനസ്സും ആത്മവിശ്വാസവും നഷ്ടമാകും. വീണ്ടും അത് നേടിയെടുക്കാന്‍ അവന് സമ്മര്‍ദ്ദം ഉണ്ടാകും. അതവന്റെ മാനസിക സമാധാനം ഇല്ലാതെയുമാക്കും. എന്നാല്‍ ഇടയ്ക്ക് സാധാരണക്കാരനായി കിടന്നാല്‍, ഒരിക്കലുമത് സംഭവിക്കില്ല. അവന്‍ ഫസ്റ്റ് റാങ്ക് നേടേണ്ടത് സ്കൂളിലും കോളജിലുമല്ല, ജീവിതത്തിലാണ്..അവന്‍ ജീവിച്ചു തുടങ്ങുമ്പോള്‍…അതിനു വേണ്ടത് അപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുത്തോളാം..അപ്പൊ ഞാന്‍ പോട്ടെ..” അച്ഛന്‍ കൈകള്‍ കൂപ്പി.

ടീച്ചര്‍ക്ക് മറുപടി ഇല്ലായിരുന്നു. ഇങ്ങനെയുമൊരു മനുഷ്യനോ എന്നൊരു ഭാവം മാത്രം ആ മുഖത്ത് തത്തിക്കളിച്ചു.

അച്ഛന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങുമ്പോള്‍ അച്ഛന്‍ വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചു.

“എങ്ങാനും നീ പിന്നേം ഫസ്റ്റ് മേടിച്ചാല്‍…ങാ….” ആ കൊടും ഭീഷണിക്ക് മുന്‍പില്‍ ഞാന്‍ ഭയത്തോടെ തലയാട്ടി…

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply