കുടവയറൻ റോക്ക്സ്

4104 Views

malayalam story

നിങ്ങളുടെ വയറു വല്ലാണ്ട് ചാടുന്നുണ്ട് കേട്ടോ….
കൂരിക്കു പരിഞ്ഞില് വെച്ചപോലെയുണ്ട് ഇപ്പോൾ കണ്ടാൽ !!!

കുടവയർ ഉണ്ടേൽ പ്രായം തോന്നിക്കും മനുഷ്യാ..

നിന്റെ ഭർത്താവു അങ്ങ് വയസായിപ്പോയല്ലോടിയെന്ന് നാട്ടുകാരു ചോദിക്കുന്നതിനു മുൻപേ വേഗം വല്ല ജിമ്മിലും ജോയിൻ ചെയ്യ് …അല്ലെങ്കിൽ അധികം താമസിക്കാതെ എല്ലാവരും നിങ്ങളെ അപ്പച്ചാ എന്ന് വിളിക്കാൻ തുടങ്ങും….ഞാൻ പറഞ്ഞേക്കാം.

എനിക്ക് ഇതിനൊക്കെ എവിടെയാണെടി സമയം…?

രാവിലെ എഴുന്നേറ്റു ജോലിക്കു പോകുന്നതാ….തിരിച്ചെത്തുമ്പോഴേക്കും ഒരു സമയമാകും….വന്നിട്ട് ജിമ്മിൽ പോക്കൊന്നും നടക്കത്തില്ല ….നിലത്തു നിന്നിട്ടു വേണ്ടേ അഭ്യാസം കാണിക്കാൻ?

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും….

ആണുങ്ങൾ എപ്പോഴും നല്ല ഫിറ്റ് ആയിട്ട് നടക്കണം….അല്ലേലും നിങ്ങളൊരു കുഴി മടിയനാ….ജിമ്മിൽ പോയാൽ കുറച്ചു കഷ്ടപ്പെടണം….അത് അവോയിഡ് ചെയ്യാനുള്ള എസ്ക്യൂസ്സ് എല്ലാം നിങ്ങൾ കണ്ടു പിടിക്കും.

ങ്ങേ…..ശെടാ….ഇവളേ കൊള്ളാമല്ലോ…

ഒരുതരത്തിൽ അവളു പറയുന്നതിലും കര്യമില്ലാതില്ല…

ഈ കുടവയറ്‌ ഒരു ശല്യം തന്നെയാ….എത്ര നല്ല പാന്റും ഷർട്ടും ഇട്ടാലെന്താ….അതിന്റെ എല്ലാം മുകളിൽ വയറിങ്ങനെ പ്രൊജക്റ്റ് ചെയ്തു നിൽക്കും.

ഈ ഹൃതിക്കിനെയും സൽമാനെയുമൊക്കെ സമ്മതിക്കണം……ഇത്രയും തിരക്കിനിടയിൽ ഇവന്മാരിതെങ്ങനെ മെയിന്റൈൻ ചെയ്തു പോകുന്നു …..?

അപ്പച്ചാ ….എന്ന് വിളിക്കുമെന്നോ..????

കാണിച്ചു താരമെടി….നീ കളിയാക്കിയ കൂരിയുടെ പരിഞ്ഞിലില്ലേ….? അതു ഞാൻ സിക്സ് പാക്ക് ആക്കിയിട്ടേ അടങ്ങു….ഇതു സത്യം!!!

രണ്ട് മാസം….രണ്ടേ….രണ്ട് മാസം മതി….നീ നോക്കിക്കോ….എന്നെ കണ്ടാൽ ചിലപ്പോൾ നിനക്കുപോലും തിരിച്ചറിയില്ല ….സൽമാനെ തോൽപ്പിക്കുന്ന ഫിഗറുമായി ഞാൻ നിന്റെ മുൻപിൽ നിൽക്കും ….പെൺപിള്ളേര് ദാണ്ടെ……….. എന്റെ അടുത്തു
വന്നു ഇങ്ങനെ…ക്യു നിൽക്കും….നീ കണ്ടോണം.

അല്പം വയറുണ്ടായത് ഇത്ര വലിയ തെറ്റാണോ..?

ഓ….കാണാം….ആദ്യം ജിമ്മിലൊന്ന് ജോയിൻ ചെയ്യ് ….എന്നിട്ടു വീരവാദം അടിക്ക്..പണ്ടേ നിങ്ങൾക്ക് തള്ളലിനൊരു കുറവുമില്ലല്ലോ….

ശെടാ….ഇവൾ വീണ്ടും ….വീണ്ടും ഗോൾ അടിക്കുക ആണല്ലോ….? അങ്ങനെയാണെങ്കിൽ കാണിച്ചു തരാമെടി നീ നോക്കിക്കോ.

മാസം നാനൂറ്റി അൻപത് ദിർഹംസ് ….നാട്ടിലെ ഏഴായിരത്തി എഴുന്നൂറു രൂപ!!!.

എന്റമ്മോ !!!!!

ഫീസ് അല്പം കൂടുതലാ…എന്നാലും അവളുടെ അടുത്ത് തോറ്റു കൊടുക്കരുതല്ലോ..നല്ല ജിമ്മിൽത്തന്നെ അങ്ങ് ചേർന്നു.

എടീ…ഞാൻ നാളെ രാവിലെ മുതൽ ജിമ്മിൽ പോകുകയാ..വെളുപ്പിനെ അഞ്ചു മണിക്ക്.

ഓ….ആയിക്കോട്ടെ..(ഞാൻ ചൊവ്വയിൽ വരെ പോയിട്ടുവരാം എന്നു പറഞ്ഞാൽ പോലും അവൾ വിശ്വസിക്കും….പക്ഷേ ജിമ്മിൽ പോകുന്ന കാര്യം..ങ്ങേ ..ങ്ങേ..എവിടെ…)

പോയിട്ട് വരുമ്പോൾ രണ്ടു ഗ്ലാസ് പാൽ ചൂടാക്കി അതിൽ രണ്ടു പച്ച മുട്ടയും അടിച്ചു വെച്ചേക്കണം….കുറച്ചു ബദാം രാത്രിയിൽ തന്നെ വെള്ളത്തിലിട്ടു കുതിർത്തു വെച്ചേര്..പിന്നെ കുറച്ചു സലാഡും…കൂട്ടത്തിൽ രണ്ട് ഏത്തക്കയും കൂടി പുഴുങ്ങി വെച്ചേക്കണം..

അതൊക്കെ ഞാൻ ചെയ്തോളാം….നിങ്ങളൊന്നു പോയാൽ മതി.സമയത്തു വിളിച്ചെഴുന്നേൽപ്പിക്കുന്നതും ഹെൽത്തി ഫുഡ് തരുന്നതുമൊക്കെ ഞാൻ നോക്കിക്കോളാം..കേട്ടോ.

എന്റെ കർത്താവേ ..ഓരോരുത്തന്മാർ കിടന്നു മരണ ഓട്ടവും …ചാട്ടവും …ജിമ്മിൽ!!!!

വല്ല മിസ്റ്റർ വേൾഡ് മത്സരത്തിനു വല്ലതും പോകുന്നോ ഇവരെല്ലാം…?

ഇവന്മാർക്കെല്ലാം എന്താ കക്ഷത്തും മസിലുണ്ടോ..? അതോ പരു വല്ലതുമാണോ…? നടക്കുമ്പോൾ എല്ലാവരും കക്ഷം ദേഹത്ത് മുട്ടിക്കാതെ കൈ ഒന്നര മീറ്റർ അകറ്റിപ്പിടിച്ചു നടക്കുന്നു.

ആദ്യ ദിവസത്തെ ട്രെഡ്മില്ലിൽ കിടന്നുള്ള എന്റെ തത്തി ചാട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവിടുത്തെ മസിൽ വീരന്മാരെല്ലാം കൂടി ഒരുമാതിരി ആക്കി ചിരിച്ചോ എന്നൊരു സംശയം.

കുഴപ്പമില്ല ലോകത്തിലെ ആരുടെ വെല്ലുവിളിയും കളിയാക്കലും നമ്മള് സഹിക്കും.പക്ഷേ …..കെട്ടിയോളുടെ …..അത് നമ്മള് സഹിക്കൂല…മക്കളേ…

നിങ്ങള് നോക്കിക്കോ…ഒറ്റ മാസം..അതൊന്നു കഴിഞ്ഞോട്ടെ….. എന്റെ ഫിഗറും മസിലും കണ്ടു അസൂയ മൂത്തു നിനക്കൊക്കെ ഭ്രാന്ത് പിടിക്കും….

രണ്ടഴ്ച കൊണ്ടുതന്നെ ബലൂണുപോലെ വീർത്തിരുന്ന കുടവയറ്‌ നന്നായി കുറഞ്ഞു…
ശരീരം കാണുമ്പോൾ ഒരു അഭിമാനം തോന്നിത്തുടങ്ങിയിട്ടുണ്ട്….

കൂട്ടുകാരന്മാരൊക്കെ…ഡാ… നീയങ്ങു സ്മാർട്ട് ആയല്ലോടാ…എന്നു പറയുമ്പോൾ മനസ്സിൽ ലഡു രണ്ടു പൊട്ടും……കെട്ടിയോളുടെ മുഖത്താണെൽ അബുദാബി ബിഗ് ടിക്കറ്റ് അടിച്ച സന്തോഷമാ..അപ്പോൾ.

ഉള്ളത് പറയണമല്ലോ …എന്നും നാലരക്കു തന്നെ അവൾ വിളിച്ചെഴുന്നേല്പിക്കും.

ജിം കഴിഞ്ഞു വരുമ്പോൾ മുട്ട ,പാൽ,സാലഡ് ,ഫ്രൂട്സ് ,ബദാം എന്നു വേണ്ടാ എല്ലാം റെഡി..ഇവൾക്ക് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ..? എന്ത് പാവമാ…എന്റെ ഭാര്യ!!എന്ന് ഇടക്ക് തോന്നിപ്പോയി.

അന്നു ശനിയാഴ്ച അവധി ആയതു കൊണ്ടു വെറുതേ ഭാര്യയുമായി ഷോപ്പിംഗിനു സിറ്റി സെന്റർ വരെ പോയതാ..അപ്പോൾ ദാണ്ടെ… നേരേ കേറി വരുന്നു പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച ….മറിയാമ്മ….

ആളൊരു പാവമാ…പക്ഷേ ലക്കും ലഗാനവും ഇല്ലാതെ..സംസാരിച്ചു കളയും..പരിസരം നോക്കില്ല…കോടാലി മറിയാമ്മ എന്നാണ് ഞങ്ങൾ വിളിക്കുന്നത്.

എന്നേ കണ്ടതും ഭാര്യ അടുത്തു നിൽക്കുന്നതൊന്നും ഓർക്കാതെ …എന്റെ വയറ്റത്തിട്ടു ഒരു ചെറിയ ഇടി തന്നിട്ട് അവളങ്ങു തുടങ്ങി….”എടാ….നീ പഴയതിലും അങ്ങ് സുന്ദരനായല്ലോ…ദിവസത്തിന് ദിവസം നീ സ്മാർട്ട് ആയി വരിക ആണെടാ….!! ഫോട്ടോസൊക്കെ ഫേസ്ബുക്കിൽ കാണുന്നുണ്ട് …സൂപ്പറാ എല്ലാം… മൂന്നു പിള്ളേരുടെ അപ്പനാണെന്നു പറയില്ല ഇപ്പോൾ കണ്ടാൽ.

കോളേജിൽ പഠിക്കുമ്പോൾ പെൺപിള്ളേര് മുഴുവൻ ഇവന്റെ പുറകെ ആയിരുന്നു കേട്ടോ ….ഞാനും ഒന്നു രണ്ടു വട്ടം ഇവനെ വളക്കാൻ നോക്കിയതാ.പക്ഷേ നടന്നില്ല…ഹാ ..ഹാ..ഹാ.

കെട്ടിയോളുടെ നേരേ നോക്കി വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞിട്ട്…ആ കോടാലി മറിയ ദിഗന്തങ്ങൾ പൊട്ടുമാറു അവളുടെ തനതു ശൈലിയിൽ ഒറ്റച്ചിരി.

ആ സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു…പിന്നീടൊരിക്കലും എന്റെ വീട്ടിൽ വെളുപ്പിനെ നാലരക്ക് അലാറം അടിച്ചിട്ടില്ല….നിർബന്ധിച്ചു ജിമ്മിൽ വിടാൻ ആളില്ലാതെ പാവം എന്റെ വയറു ദാണ്ടെ… ഏകദേശം ഇങ്ങനെ ആയിട്ടുണ്ട് ???

-ശുഭം-
Rajesh Peter,Dubai

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply