Skip to content

ഷാഫി

shafi malayalam story

[ഒരായിരം ഷാഫിമാര്‍ക്ക് വേണ്ടി]

” ഉമ്മാ നിക്ക് വേണ്ട ആ ആംബുലന്‍സ് ഡ്രൈവറേ അയാളെയെങ്ങാനും കെട്ടേണ്ടി വന്നാല്‍ ദേ ഞാനീ വീടിന്‍റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി ചാവും പറഞ്ഞില്ലാന്ന് വേണ്ട….”

പെണ്ണ് കാണാന്‍ വന്നവര് വീടിന്‍റെ ഗെയിറ്റ് കടന്ന് പോയതും മുഹ്സിന ഭ്രാന്തിയെപ്പോലെ കയ്യിലെ ട്രേ വലിച്ചെറിഞ്ഞ് ആക്രോശിക്കുകയായിരുന്നു…

” മോളേ അങ്ങനെയൊന്നും പറയല്ലോ മോള്‍ക്ക് അറിയാലോ ഓനീ കുടുംബത്തിന് വേണ്ടി എത്രയോ സഹായങ്ങള് ചെയ്തോനാ അന്നെ ഓന്‍ കെട്ടിക്കൊണ്ടോവാന്ന് പറഞ്ഞാ അതില്‍ പരമൊരു സന്തോഷം ഉമ്മാക്ക് വേറേയുണ്ടോ , ഷാഫിക്കെന്താ കുറവ് കാണാന്‍ മൊഞ്ചില്ലേ അതൃാവശൃം നല്ല കുടുംബവും, അംബുലന്‍സിന്‍റെ ഡ്രൈവര്‍ എന്ന് പറയാന്‍ അതൊരു സ്ഥിരം ജോലിയല്ലല്ലോ ഇടക്കിടെ ഡ്രൈവറായി പോവാറുണ്ടെന്നല്ലേയുള്ളൂ….”

നിലത്ത് വീണ് ചിന്നിച്ചിതറിയ ട്രേയുടെ കഷ്ണങ്ങള്‍ ഓരോന്നായി പൊറുക്കിയെടുക്കുന്നതിനിടയില്‍ ഉമ്മ അവളേ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു…

” ഇങ്ങനെ ഒരാള്‍ക്ക് കെട്ടിച്ച് കൊടുക്കാനാണോ ഉമ്മാ ഇങ്ങളെന്നേ വളര്‍ത്തി വലുതാക്കിയതും കഷ്ടപ്പെട്ട് പഠിപ്പിച്ചതും…? ”
നിറകണ്ണുകളോടെയാണ് അവളത് പറഞ്ഞത്…

” വേണ്ട മോള്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും ഉമ്മ ചെയ്യൂല പോരെ…”

ഉമ്മാന്‍റെ വാക്കുകള്‍ കേട്ടതും കടന്നല് കുത്തിയ പോലുള്ള ആ മുഖം വിടര്‍ന്നു…

ഇവള്‍ മുഹ്സിന,സുലൈഖയുടെയും അഷ്റഫിന്‍റേയും ഒരേ ഒരു മകള്‍.

ഉപ്പ അഷ്റഫ് ഇവള്‍ക്ക് അഞ്ച് വയസ്സുണ്ടായപ്പോള്‍ മരിച്ചതാണ് പിന്നീട് ഉമ്മ തയ്യില്‍ മെഷീന്‍ ചവിട്ടിയാണ് അവളെ പോറ്റിയത്.
ഉമ്മാക്ക് അവളും അവള്‍ക്ക് ഉമ്മയും അതായിരുന്നു അവരുടെ ലോകം ഇപ്പോയും സന്തോഷമുണ്ടായിട്ടല്ല വിവാഹം നോക്കുന്നത്, അവളുടെ കൂടെ പഠിച്ചവരുടെയെല്ലാം വിവാഹം കഴിഞ്ഞ് കുട്ടികള് ഒന്നും രണ്ടും ആയി.

ഷാഫി അവരുടെ തൊട്ടടുത്ത വീട്ടിലെ പയ്യനാണ് മുഹ്സിനയെക്കാള്‍ നാല് വയസ്സ് മൂത്തത് കാണാന്‍ സുമുഖന്‍ സുന്ദരന്‍ നല്ല സ്വഭാവം ആര്‍ക്ക് എന്ത് ആവശൃം വന്നാലും അവനുണ്ടാകും കൂടെ നാട്ടുകാര്‍ക്കെല്ലാമൊരു പരോപകാരിയാണവന്‍.
മുഹ്സിനയുടെ വീട്ടിലേ എന്ത് ആവശൃത്തിനും ഓടി നടക്കുന്നതും, കറന്‍റ് ബില്ലടക്കുന്നത് മുതല്‍ റേഷന്‍പീടികയില്‍ പോയി സാധനങ്ങള്‍ എത്തിച്ച് കൊടുക്കന്നത് വരെ ചെയ്യുന്നത് അവനാണ്.പക്ഷേ അതൊന്നും അവിടെ വളര്‍ന്ന് വരുന്ന പെണ്ണിന്‍റെ തൊലിവെളുപ്പോ മൊഞ്ചോ ഒന്നും കണ്ടിട്ടല്ല, വേദനക്കുന്നവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനുള്ളൊരു മനസ്സ് പടച്ചോന്‍ ഓന്‍ക്ക് കൊടുത്തിട്ടുണ്ടായിരുന്നു അത് കൊണ്ടാണ്.

വീട്ടില്‍ ഉമ്മ വിവാഹക്കാരൃം പറഞ്ഞ് നിര്‍ബന്ധിപ്പിക്കാന്‍ തുടങ്ങിയത് മുതലാണ് പണ്ടെന്നോ മനസ്സില്‍ കുഴിച്ചുമൂടിയ അയല്‍വക്കത്തെ പാവാടക്കാരിയോടുള്ള പ്രണയം വീണ്ടും മുളപൊട്ടിയത് അവള്‍ക്കും വിവാഹമാലോചിക്കുന്നെണ്ടെന്നറിഞ്ഞപ്പോള്‍ വല്ലാണ്ട് സന്തോഷിച്ചു പക്ഷേ പടച്ചോന്‍ ആരേയും അത്രയ്ക്ക് സന്തോഷിക്കാന്‍ അനുവദിക്കില്ലല്ലോ അത് തന്നെയാണ് സംഭവിച്ചത്…പെണ്ണാലോചിച്ച് ചെന്ന ഷാഫിക്കും ഉമ്മാക്കും നേരേ മുഹ്സിനയുടെ ചാട്ടുളിപോലുള്ള വാക്കുകളാണ് പ്രഹരിച്ചത്.

പത്താം ക്ലാസില്‍ പഠനം നിര്‍ത്തി വളയം പിടിച്ച് നടക്കുന്ന പ്രതൃേകിച്ച് ആംബുലന്‍സിന്‍റെ വളയം പിടിക്കുന്ന അവനോട് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല ഒരുതരം വെറുപ്പായിരുന്നു…

തലതാഴ്ത്തിയിറങ്ങിപ്പോകുമ്പോൾ കലങ്ങിയ കണ്ണുകള്‍ ഉമ്മ കാണാതെ മറച്ചുപിടിക്കാന്‍ അവന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു…

**************************************

ഇന്ന് നാളേക്ക് വഴിമാറിക്കൊണ്ടുള്ള പ്രകൃതിയുടെ കുസൃതിയില്‍ കാലങ്ങള്‍ പൊഴിഞ്ഞ് വീണു…

അവളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി ഇപ്പോള്‍ അവള്‍ ഒമ്പത് മാസത്തോളം ഗര്‍ഭിണിയാണ്, പ്രസവത്തിനായി അവളുടെ വീട്ടിലാണിപ്പോള്‍…

അവളുടെ ആഗ്രഹപ്രകാരം തന്നെ ഉയര്‍ന്നവിദൃാഭൃാസമുള്ളയാള്‍ തന്നെയായിരുന്നു അവളുടെ ഭര്‍ത്താവ് അഞ്ചക്ക ശമ്പളമുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍.

ആംബുലന്‍സിന്‍റെ ഡ്രൈവര്‍ എന്ന പേരില്‍ പലവിവാഹങ്ങളും മുടങ്ങിയ ഷാഫി പിന്നീട് അതിനായി തുനിയാതേ ഇപ്പോഴും ഒറ്റത്തടിയുമായി പഴയത് പോലെ തന്നെ മറ്റുള്ളവരേ സഹായിച്ചൊരു പരോപകാരിയായി ജീവിക്കുന്നു.

അടുത്തയാഴ്ചയാണ് അവള്‍ക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത്,
പതിവ് പോലെ ഉച്ചഭക്ഷണവും കഴിഞ്ഞ് മയങ്ങാന്‍ കിടന്ന അവള്‍ക്ക് വയറിനനുഭവപ്പെട്ട കലശലായ വേദന കാരണം കണ്ണൊന്നടയ്ക്കാന്‍ പോലും കഴിഞ്ഞില്ല…

കിടക്കുന്ന ബെഡ്ഡില്‍ കിടന്നവള്‍ വേദന കൊണ്ട് പുളഞ്ഞു…

നിലവിളി കേട്ട് അടുക്കളയില്‍ പാത്രം മോറുകയായിരുന്ന ഉമ്മ ഓടി വന്നു…

ഉമ്മാ… ഉമ്മാ… എന്ന് വിളിച്ചുള്ള അവളുടെ കരച്ചില്‍ അവര്‍ക്കുള്ളില്‍ ഭയം വര്‍ദ്ധിപ്പിച്ചു…

എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതിരുന്ന അവര്‍ ഫോണെടുത്ത് ഉടനെ മരുമകന് വിളിച്ചു…

” മോനേ ഓള്‍ക്ക് പേറ്റുനോവ് വന്നെന്ന് തോനുന്നു ഹോസ്പിറ്റലില്‍ കൊണ്ട് പോവണം ഇയ്യൊന്ന് വേഗം വാ…”

” ഹോ ഉമ്മാ ഞാനിപ്പൊ ഓഫീസിലാ അല്‍പ്പം ബിസിയാ ഉമ്മ ഒരു ടാക്സി വിളിച്ച് പൊക്കോളൂ…ഐ വില്‍ കോള്‍ യൂ ബാക് ”
എന്ന് പറഞ്ഞ് മരുമകന്‍ കോള്‍ കട്ടാക്കി..

അവര്‍ മടിച്ച് മടിച്ച് ഫോണിലുള്ള ഷാഫിയുടെ നന്പറിലേക്ക് വിളിച്ച് കാരൃം പറഞ്ഞു…

(അന്നത്തെ ആ സംഭവത്തിന് ശേഷം അവന്‍ പിന്നീട് അവരില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞ് മാറുകയായിരുന്നു അത് കൊണ്ടാവും മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട പെണ്ണിന്‍റെ കല്ലൃാണത്തിന്‍റെ അന്ന് മോഹങ്ങളെല്ലാം ഒഴുക്കികളയാനായി ആരോടും പറയാതെ ഒരു യാത്ര പോയത്.എവിടേക്കാണ് പോയതെന്ന കാരൃം ഇന്നും അവനും പടച്ചോനും മാത്രം അറിയാവുന്ന രഹസൃമായി കിടക്കുന്നു അതിനിയും അങ്ങനെ തന്നെ കിടക്കട്ടെ അല്ലേ…)

**************************************

നിമിഷങ്ങള്‍ക്കകം വീടിന്‍റെ ഗേറ്റിലൊരു ആംബുലന്‍സ് പാഞ്ഞുവന്ന് നിന്നു…

അംബലുന്‍സില്‍ നിന്നും ഇറങ്ങി ഓടി വന്ന ഷാഫിയും ഉമ്മയും കൂടി ചേര്‍ന്ന് അവളേയെടുത്ത് ആംബുലന്‍സില്‍ കയറ്റുമ്പോയേക്ക്‌ അവളുടെ കണ്ണുകള്‍ക്ക് കാഴ്ചകൾ അവ്യക്തമായിരുന്നു അരക്ക് താഴേക്ക് മുഴുവന്‍ അനുഭവപ്പെട്ട അസഹനിയമായ വേദന കൊണ്ടവള്‍ കിടന്ന് പുളയുന്നുണ്ട്..

ഹോസ്പിറ്റലിലെത്തി ലേബര്‍ റൂമിലേക്ക് കൊണ്ടുപോവുമ്പോള്‍ പാതിയടഞ്ഞ കണ്ണുകള്‍ ആയസപ്പെട്ട് തുറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു സ്ട്രെച്ചറില്‍ നിന്നും കൈ പിന്‍വലിച്ച് അവളേ അകത്തേക്ക് കൊണ്ടുപോകുന്നതും നോക്കി അവനവിടെ നിന്നു…

ഉമ്മ അവിടെ സീറ്റില്‍ തളര്‍ന്നിരിക്കുകയാണ് പാവം ആകെ പേടിച്ചിട്ടുണ്ട്…

അവന്‍ മെല്ലേ ഉമ്മാക്കരികില്‍ പോയിരുന്നു…

” പേടിക്കണ്ട ഉമ്മാ ഒന്നൂല്ലൃ ഒക്ക റാഹത്താകും ”
അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവന്‍ പറഞ്ഞു…

ലേബര്‍ റൂമിന്‍റെ വാതില്‍ തുറന്ന് സിസ്റ്റര്‍ പുറത്ത് വന്നു..

” ഇപ്പൊ അകത്തേക്ക് കയറ്റിയ പേഷൃന്‍റിന്‍റെ ആരെങ്കിലും ഉണ്ടോ…?”

സിസ്റ്ററുടെ വാക്കുകള്‍ കേട്ട് ഷാഫി ഉമ്മയെ നോക്കി അവര് തളര്‍ന്നിരിക്കുന്നത് കണ്ട് അവന്‍ സിസ്റ്റര്‍ക്കരികിലേക്ക് നടന്നു…

” പേഷൃന്‍റിന് നല്ല ബ്ലീഡിങ്ങുണ്ട് അപ്പൊ കുറച്ച് ബ്ലഡ് വേണ്ടിവരും അതിനുള്ള ഏര്‍പ്പാട് എത്രയും പെട്ടന്ന് ചെയ്യണം…”
സിസ്റ്റര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു..

” ഏതാ സിസ്റ്റര്‍ ബ്ലഡ് ഗ്രൂപ്പ്…? ”
സംശയഭാവത്തോടെ അവന്‍ ചോദിച്ചു..

” അതൊന്നും അറിയില്ലേ ഇയാളാരാ അപ്പൊ…പേഷൃന്‍റുമായി ഇയാള്‍ക്കെന്താ ബന്ധം…? ”
ആ സിസ്റ്റര്‍ അത്ഭുതത്തോടെ ചോദിച്ചു..

” ഞാന്‍ ഞാൻ അവരുടെ അയല്‍വാസിയാണ് സിസ്റ്റര്‍, ഞാനതിന് വേണ്ട ഏര്‍പ്പാട് ചെയ്യാം…”

” മ് ശെരി ആരെങ്കിലും ഒരാള് ഇവിടെ വേണം കേട്ടല്ലോ…! ”

” ഹാ പേഷൃന്‍റിന്‍റെ ഉമ്മയാണ് ദാ അവിടെയിരിക്കുന്നത്…”

സിസ്റ്റര്‍ അകത്തോട്ട് പോയതും ഷാഫി പതിയേ ഉമ്മാന്‍റെ അടുത്തേക്ക് നീങ്ങി..

” ഉമ്മാ പേടിക്കണ്ട, കുഴപ്പമൊന്നുമില്ല പിന്നേ ഓളെ ബ്ലഡ് ഗ്രൂപ്പ് ഏതാ…? “

” ഓ പോസ്റ്റീവാണ്…, ന്താ മോനെ ന്താ ന്‍റെ കുട്ടിക്ക് കൊഴപ്പൊന്നും ഇല്ലൃല്ലോ…”
അത് പറയുന്പോള്‍ അവരുടെ സ്വരം ഇടറുന്നുണ്ടായിരുന്നു…

” ബേജാറാവണ്ട ഉമ്മാ ഒക്ക റാഹത്താവും ഇന്‍ഷാഅള്ളാഹ്‌…”

അവനതും പറഞ്ഞ് ഫോണെടുത്ത് ആരെയോ വിളിച്ചു…

ഏതാനും നിമിഷങ്ങള്‍ക്കകം വെള്ളത്തുണിയും ചുവപ്പ് കുപ്പായവുമിട്ട ഒരാള്‍ അവിടേക്ക് കടന്നു വന്നു…

ശേഷം അവര്‍ രണ്ട് പേരും ചേര്‍ന്ന് സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ബ്ലഡ് കൊടുക്കാനായി പോയി…

ഷാഫിയും പുതുതായി വന്നയാളും ഓ പോസിറ്റീവ് ഗ്രൂപ്പായത് കൊണ്ട്തന്നെ എല്ലാം റാഹത്തായി…

ബ്ലഡ് കൊടുത്തതിന്‍റെ ക്ഷീണത്തിലും തളര്‍ന്നിരിക്കാതെ അവന്‍ ഉമ്മാന്‍റെ അടുക്കല്‍ വന്ന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു…

അവനവിടെ ഉണ്ടെന്ന ധൈരൃത്തിലായിരിക്കണം ഉമ്മ അവിടെയിരുന്ന് തസ്ബീഹ് മാലയില്‍ വിരലനക്കി ചുണ്ടുകളാല്‍ വിശുദ്ധവചനങ്ങള്‍ ഉരുവിടുകയായിരൂന്നു…

പെട്ടന്നാണ് ഒരു പൈതലിന്‍റെ കരച്ചില്‍ കാറ്റിലലിഞ്ഞ് ചില്ലുവാതിലിന്‍റെ വിടവിലൂടെ പുറത്തേക്കെത്തിയത്…

ഇരുന്ന ഇരുപ്പില്‍ നിന്നും ആ ഉമ്മ ചാടിയെണീറ്റു…

ഷാഫി ആകാംശയോടെ ആ വാതിലുകളിലേക്ക് കണ്ണുകള്‍ പായിച്ചു…

നേരത്തേ പുറത്ത് വന്ന സിസ്റ്റര്‍ ഇത്തവണ കയ്യിലൊരു ചോരപ്പൈതലുമായി പുറത്തേക്ക് വന്നു…

” മുഹ്സിനാ സമീറിന്‍റെ ആരേലും ഉണ്ടോ…? ”

ഉമ്മ അവര്‍ക്കരികിലേക്ക് ആകാംശയോടെ നടന്നടുത്തു…

കുഞ്ഞിനെ ഏറ്റുവാങ്ങി നെറ്റിയില്‍ ചുംബിച്ചു ശേഷം ഷാഫിയേ നോക്കി.

ആ നോട്ടം കാത്തിരുന്നവണ്ണം അത് കിട്ടിയതും അവന്‍ അടുത്തേക്ക് വന്നു…

” കുഞ്ഞിനും അമ്മയ്ക്കും കുഴപ്പമൊന്നുമില്ല രാത്രി ആയാല്‍ റൂമിലേക്ക് മാറ്റാം…”
സിസ്റ്ററുടെ വാക്കുകള്‍..

കുഞ്ഞിനെ ഏറ്റുവാങ്ങി വാങ്ങി ഷാഫി ചെവിയില്‍ ബാങ്ക് കൊടുത്തു ഉമ്മ കൊടുത്ത സംസം വെള്ളം അല്‍പ്പം കുഞ്ഞിന്‍റെ നാവില്‍ പുരട്ടിക്കൊടുത്തു…

ഇതെല്ലാം നിറഞ്ഞ കണ്ണുകളോടെയാണ് ഉമ്മ വീക്ഷിക്കുന്നത് ശേഷം ഫോണെടുത്ത് ആരെയൊക്കയോ വിളിച്ച് സന്തോഷം പറയുന്നുണ്ട്…

അതേ സമയത്താണ് അവരുടെ മരുമകന്‍ അഥവാ മുഹ്സിനയുടെ ഭര്‍ത്താവിന്‍റെ രംഗപ്രവേശനം…

തോളില്‍ തൂങ്ങിക്കിടക്കുന്ന ബാഗ് ഒന്നൂടെ വലിച്ചുകയറ്റി അയാള്‍ അവര്‍ക്കരികിലേക്ക് എത്തി…

അവളുടെ ഉമ്മയേയും കുഞ്ഞിനേയും മാറിമാറി നോക്കി പുഞ്ചിരിച്ചു…

ശേഷം കുഞ്ഞിനെ എടുത്തിരിക്കുന്ന ഷാഫിയെ നോക്കി…

” ഇത് നമ്മുടെ വീടിനടുത്തുള്ള കുട്ടിയാ മോനെ ഷാഫി,ഇവന്‍റെ അംബുലന്‍സിലാ ഓളെ കൊണ്ടുവന്നത് പടച്ചോന്‍റെ കൃപകൊണ്ട് എല്ലാം റാഹത്തായി…”
കവിള്‍തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ചാണ് അവരിത് പറഞ്ഞത്.

ഇത് കേട്ടതും അയാളുടെ മുഖഭാവം മാറി കുഞ്ഞിനെ പിടിച്ചു വാങ്ങി അയാള്‍ സിസ്റ്ററുടെ കയ്യിലേക്ക് തന്നെ കൊടുത്തു…

ഉമ്മയെ നോക്കി അയാളപ്പോയും എന്തൊക്കയോ പിറുപിറുക്കുന്നുണ്ട്…

ഉമ്മയേ നോക്കി ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞ് നടക്കുന്പോയും അവൃക്തമായി അയാള്‍ പറയുന്നത് അവന് കേള്‍ക്കാമായിരുന്നു…

” എന്തിനാ കുഞ്ഞിനെ അയാളുടെ അടുത്ത് കൊടുത്തത്, കണ്ടാലറിയാം തീരെ കള്‍ച്ചറില്ലാത്തയാളാണെന്ന് ആംബുലന്‍സിന്‍റെ ഡ്രൈവറല്ലേ അയാളുടെ ദേഹത്ത് നിന്ന് ഇന്‍ഫങ്ഷന്‍സ് എങ്ങാനും കുഞ്ഞിന്‍റെ ദേഹത്തേക്കായാല്‍ പിന്നെ അതുമതി ”

എല്ലാം കേട്ട് തലതാഴ്ത്തി നില്‍ക്കാനെ ആ ഉമ്മാക്ക് കഴിഞ്ഞുള്ളു താനെന്തേലും മറുവാക്ക് പറഞ്ഞാല്‍ തന്‍റെ മകള്‍ക്കത് ദോഷം ചെയ്യും എന്ന ചിന്തയായിരുന്നു അവര്‍ക്ക്…

പുറത്ത് ഷാഫി ആംബുലന്‍സും എടുത്ത് അടുത്ത ഒരു ജീവന്‍ രക്ഷിക്കാനുള്ള യാത്രയിലായിരുന്നു…

********************************

ഇതുപോലെ പലരും ഉണ്ട് കുത്തുവാക്കുകളും പ്രാക്കുമെല്ലാം ഏറ്റുവാങ്ങിയിട്ടും ആംബുലന്‍സിന്‍റെ വളയം പിടിക്കുന്നവര്‍…

സതൃത്തില്‍ ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെക്കാളും എത്രയോ മുകളിലല്ലേ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങളേ പേറി വളയം പിടിക്കുന്ന ഇതുപോലുള്ള അനേകായിരം ഷാഫിമാര്‍ ചെയ്യുന്ന ജോലി അവരൊക്കെ അല്ലേ ശെരിക്കും ഭൂമിയിലേ ദൈവത്തിന്‍റെ അവതാരം.

ഓപ്പറേഷന്‍ കഴിഞ്ഞിറങ്ങുന്ന ഡോക്ടര്‍ക്ക് നേരെ കൈ കുപ്പി നന്ദി പറയുന്പോയും അവരെ ദൈവത്തിന്‍റെ സ്ഥാനത്ത് കാണുന്പോയും, പുകഴ്ത്തുന്പോയും കൃതൃ സമയത്തിന് രോഗിയേ ആശുപത്രിയില്‍ എത്തിക്കുന്ന ഇതുപോലുള്ള ഒരായിരം ഡ്രൈവര്‍മാര്‍, ഓര്‍ക്കാറുണ്ടോ ആരെങ്കിലും അവരെ ? അന്വാഷച്ചാല്‍ ചുരുക്കം ചിലര്‍ മാത്രം അവരേയും സ്മരിക്കും…

സ്വന്തം ജീവന്‍ പോലും പണയം വെച്ച് അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്‍റെ ജോലി പോലെ തന്നെ ഇവരുടെ ജോലിയും മഹത്വമേറിയതല്ലേ പട്ടാളക്കാരന്‍ ആയുധമേന്തി അനേകലക്ഷം ജീവനുകള്‍ക്ക് കാവല്‍ നില്‍ക്കുന്പോള്‍ ഇവര്‍ കയ്യില്‍ വളയം പിടിച്ച് ഒരു ജീവന്‍റെ നിലനില്‍പ്പിനായി പോരാടുന്നു….

പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്തരുത് ഈ പാവങ്ങളേ…

_സ്നേഹപൂര്‍വ്വം സനു മലപ്പുറം,

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!