സിസ്റ്ററേ.. എനിക്ക് ലൈനില്ല 

2291 Views

malayalam kadha
അമ്മുവും കൂട്ടുകാരും കോളേജ് വിട്ടു ബസിൽ നിന്നും വളരെ സന്തോഷത്തോടെ അടികൂടി ഓടിവരുമ്പോളാണ് ,താടിയ്ക്ക് കൈയ്യും കൊടുത്തു നിക്കുന്ന ഹോസ്റ്റലിലെ അവരുടെ കൂട്ടുകാരി ജാൻസിയെ കണ്ടത്. പിറകിൽ തന്നെ വാർഡൻ സിസ്റ്റർ ഒരു കസേരയിൽ ഇരിക്കുന്നുണ്ട്.

” ചെക്കിങ്ങാണ് മക്കളേ. എന്റെ ചെക്ക് ചെയ്തു. നിങ്ങൾ അറിയാതെ ഇരിക്കാൻ ഇവിടെ പിടിച്ചു നിർത്തിയേക്കുവായിരുന്നു”

ജാൻസി പതുക്കെ പറഞ്ഞു .

“എല്ലാരും ആ ബാഗ് കൊണ്ടുവന്നു ഈ കസേരയിലേക്ക് വച്ചേ, ഞാൻ ഒന്ന് നോക്കട്ടെ. ആരുടെ ഒക്കെ കൈയിൽ സ്പെയർ ഫോൺ ഉണ്ടെന്ന്… “

സിസ്റ്റർ ഗൗരവത്തിൽ പറഞ്ഞു. എല്ലാവരും ബാഗ് കൊണ്ടുവന്നു കസേരയിൽ വച്ചതിന് ശേഷം പതുക്കെ അടുത്തുള്ള അരമതിലിൽ ഇരുന്നു. പരസ്പരം കണ്ണുകൾ കൊണ്ട് ചോദിച്ചു

‘കൈയിൽ ഫോൺ ഉണ്ടോ ..?’

ആരുടെയും കൈയിൽ ഇല്ല എന്നറിഞ്ഞപ്പോൾ അവർ ധൈര്യത്തോടെ ഇരുന്നു. ഒന്നും കിട്ടാതെ സിസ്റ്റർ മടങ്ങി പോയി. സിസ്റ്ററുടെ കൈയിൽ നിന്നും രക്ഷപെട്ട സന്തോഷത്തിൽ എല്ലാവരും ആസ്വദിച്ചു ചായകുടിച്ചു ചിരിച്ച് ഇരുന്നപ്പോളാണ്, അകത്തേക്ക് കയറി പോയ ജാൻസി വന്നു വാതിൽക്കലേക്ക് തളർന്നു ഇരുന്നു കൊണ്ട് പറഞ്ഞത്

“എന്റെ പവർബാങ്ക് കൊണ്ടുപോയി മക്കളേ … റൂമിൽ ചെക്കിങ് നടന്നിട്ടുണ്ട് പോയി നോക്ക് “

അതുകേട്ട ശ്രീപ്രിയയും അമൃതയും കൂടി തിടുക്കത്തിൽ ഓടി മുകളിലേക്ക് പോയി. അപ്പോഴും വളരെ ശാന്തരായി ഇരിക്കുകയാണ് അമ്മുവും സ്വപ്പുവും. അമ്മു സ്വപ്പുവിനോട് വളരെ പതുക്കെ ചോദിച്ചു .

“അത് അവിടെ തന്നെ വെച്ചിട്ടില്ലേ?”

“ആ “

അപ്പോൾ ജാൻസി ചോദിച്ചു

“എന്താടി രണ്ടും കൂടെ ഒരു സ്വകാര്യം ?”

“ഫോൺ ഞങ്ങൾ ബാഗിൽ ഇട്ടു പൂട്ടി വെച്ചേക്കുവാ. അവിടുന്ന് കണ്ടുപിടിച്ചു എടുത്തോണ്ട് പോകാനൊന്നും പോണില്ല എന്ന് പറഞ്ഞതാ”

മുകളിലേക്ക് പോയ ശ്രീപ്രിയയും അമൃതയും പെട്ടന്ന് താഴേക്കു ഓടി ഇറങ്ങി വന്നു.

“പോയടി ….എന്റെ മാത്‍സ് ടെക്സ്റ്റിന്റെ ഉള്ളിന്നു വരെ പൊക്കിയെടുത്തോണ്ടു പോയി”

“ടെക്സ്റ്റിന്റെ ഉള്ളിന്നോ ?? “

“ആ. നമ്മുടെ സീനിയർസ് തന്ന ആ ടെക്സ്റ്റില്ലേ അകത്തു പേജ് കട്ട്‌ ചെയ്തു ഫോൺ വെച്ചിരുന്നത്. അതിന്നാ എടുത്തോണ്ട് പോയത് “

അതുകേട്ടു എല്ലാരും അന്തം വിട്ടു നിന്നുപോയി. അതെങ്ങനെ അറിഞ്ഞു?

“ഇനി എന്റെ മധുവേട്ടനെ ഞാൻ എങ്ങനെ വിളിക്കും ???”
എന്ന് പറഞ്ഞു അമൃത സങ്കടപ്പെട്ടു .

അവളെ ആശ്വസിപ്പിച്ച ശേഷം അമ്മു മുകളിലേക്ക് കയറി. പെട്ടന്ന് അമ്മുവിന്റെ ശബ്ദം കേട്ടാണ്

“എന്താടി ?”

എന്ന് ചോദിച്ചു കൊണ്ട് എല്ലാരും മുകളിലേക്ക് ഓടി ചെന്നത്. അപ്പോൾ അമ്മു വാതിൽക്കലേക്ക് ഓടി വന്നു പറഞ്ഞു

“സ്വപ്പൂ…… പൂട്ടോടെ കൊണ്ടുപോയി ….ദേ നോക്ക്”

അമ്മു ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി. ബാഗ് കീറി ഫോൺ എടുത്തോണ്ട് പോയിരിക്കുന്നു. എല്ലാവരും തലയ്ക്കു കൈ കൊടുത്തു ഇരുന്നു പോയി .

ശബ്ദമുഖരിതമായിരുന്ന ഹോസ്റ്റൽ മൗനത്തിലാണ്ടു പോയി. ആരുംഅന്ന് അത്താഴം കഴിച്ചില്ല. വീട്ടിലേക്ക് വിളിക്കുന്നതിന്‌ ഫോണും തന്നില്ല. എല്ലാവരും സിസ്റ്റർ കോൺവെന്റിൽ നിന്നും വരുന്നതിനായി കാത്തിരുന്നു. സിസ്റ്റർ മനഃപൂർവം തന്നെ പതിവിലും താമസിച്ചാണ് വന്നത്. തിരികെ റൂമിൽ എത്തിയ സിസ്റ്റർ കണ്ടത് തൻ്റെ റൂമിനു മുന്നിൽ നിരന്നിരിക്കുന്ന അമ്മുവിനെയും കൂട്ടുകാരെയും ആണ്. ഒട്ടും മൈൻഡ് ചെയ്യാതെ സിസ്റ്റർ റൂമിൽ കയറി പോയി. കുറച്ച് നേരത്തിനു ശേഷം സിസ്റ്റർ വീണ്ടും ഇറങ്ങി വന്നു .

“ഇവിടെ ഇങ്ങനെ ഇരുന്നിട്ട് ഒരു കാര്യവുമില്ല. എല്ലാം പോയി കിടന്നുറങ്ങാൻ നോക്ക് “

അത് കേട്ടു എല്ലാവരും കൂടി പറയാൻ തുടങ്ങി

“സിസ്റ്റർ പ്ലീസ് ,ഇനി ചെയ്യില്ല” എന്നൊക്കെ.

അപ്പോൾ സിസ്റ്റർ ചോദിച്ചു

“ആർക്കൊക്കെ ഇത് വീട്ടിൽ പറഞ്ഞു വിളിപ്പിക്കാൻ പറ്റും? വീട്ടീന്ന് വിളിച്ചാൽ ഫോൺ തരാം “

സിസ്റ്റർ പറഞ്ഞു തീർന്നതും എല്ലാരും കൈ പൊക്കി. അമൃത കൈ പോക്കുന്നത് കണ്ടു സിസ്റ്റർ പറഞ്ഞു

“നീ കൈ പോക്കേണ്ട. നിനക്ക് തരില്ല. നിന്നോട് ഇതിനു മുൻപ് പറഞ്ഞിട്ടും നീ കേട്ടില്ലല്ലോ. എല്ലാരും പോയി കിടക്കാൻ നോക്ക് “

ഇത്രയും പറഞ്ഞു സിസ്റ്റർ റൂമിലേക്ക്‌ പോയി. എല്ലാവരും പതുക്കെ എഴുന്നേറ്റു കിടക്കാൻ വേണ്ടി പോയി. ആർക്കും ഉറക്കം വന്നില്ല. എല്ലാവരും തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. നേരം വെളുത്തു. സിസ്റ്ററിന്റെ ഫോണിൽ നിന്നും ഓരോരുത്തരായി വീട്ടിലേക്ക് വിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ടിരുന്നു അമ്മു വിങ്ങിപ്പൊട്ടുകയായിരുന്നു. അവൾ സിസ്റ്ററിന്റെ അടുത്തേക്ക് നടന്നു .

“സിസ്റ്ററേ ,എനിക്ക് ഒരു കാര്യം പറയാനുണ്ട് “

“എന്താ ,പറഞ്ഞോളൂ “

“സിസ്റ്ററേ അത്… ഞാൻ പഠിക്കാൻ വേണ്ടിയാണ് ഫോൺ കൈയിൽ വച്ചത് “

സിസ്റ്റർ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു

“അമ്മു… നീ നുണ പറയല്ലേ. നിനക്ക് പഠിക്കാൻ വേണം എന്ന് പറഞ്ഞാൽ ഞാൻ തരില്ലേടി. പിന്നെ എന്തിനാ ഇങ്ങനെ ചെയ്തത് ?”

സിസ്റ്ററുടെ മറുപടി കേട്ടതും അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. സിസ്റ്റർ അറിയാതെ ഫോൺ കൈയിൽ വെച്ചത് തെറ്റാണ്. അമ്മുവിന്റെ വീട്ടിലും ഈ ഫോൺ കൈയിലുള്ള കാര്യം അറിയില്ല. എന്ത് ചെയ്യും. അവൾക്ക് ആകെ ടെൻഷൻ ആയി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കരഞ്ഞു കരഞ്ഞു അവൾക്ക് ശ്വാസം കിട്ടാതെ ആയി. അപ്പോൾ സിസ്റ്റർ പ്രയറിനു പോകാനായി റൂമിൽ നിന്നും പുറത്തേക്കു വന്നത്. അമ്മു സിസ്റ്ററിനെ കണ്ടതും വീണ്ടും കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി.

“സിസ്റ്റർ വേണെങ്കിൽ കാൾ രജിസ്റ്റർ എടുത്തു നോക്കിക്കോ. അതിൽ ഞാൻ ആരെയും രാത്രി വിളിച്ചിട്ടില്ല”

അവളുടെ കരച്ചിൽ കണ്ടു സിസ്റ്റർ ചോദിച്ചു .

“പിന്നെ നീ എന്തിനാ ആ മൊബൈൽ കൈയിൽ വെച്ചത്? സത്യം പറയണം “.

അപ്പോളേക്കും അവളുടെ കരച്ചിൽ കേട്ടു ഹോസ്റ്റലിനടുത്തുള്ള വീടുകളിൽ നിന്നും തലകൾ പതുക്കെ പുറത്തേക്കു നീണ്ടു തുടങ്ങിയിരുന്നു. അമ്മു പറഞ്ഞു തുടങ്ങി

“”സിസ്റ്ററെ വഴക്ക് പറയരുത് .എനിക്ക് ലൈൻ ഒന്നും ഇല്ല. ഞാൻ മെയിഡ് ഫോർ ഈച് അദർ കാണാൻ വേണ്ടിയാണ് വെച്ചത് “

“എന്താ ???”

സിസ്റ്റർ ഒന്നൂടെ ചോദിച്ചു.

“അതേ സിസ്റ്ററെ, ഞാൻ മെയിഡ് ഫോർ ഈച് അദർ എന്ന പ്രോഗ്രാം കാണാൻ വേണ്ടി വെച്ചതാ. അല്ലാതെ എനിക്ക് ലൈൻ ഇല്ല സിസ്റ്ററെ ….”

ഏങ്ങികരഞ്ഞു കൊണ്ടുള്ള അമ്മുവിന്റെ മറുപടി കേട്ടു സിസ്റ്റർ ചിരിച്ചു പോയി .

“അത് നിനക്ക് എന്നോട് പറഞ്ഞാൽ പോരായിരുന്നോ, ഞാൻ കാണാൻ സമയം തരുമായിരുന്നല്ലോ. എന്തിനാ ഇങ്ങനെ ചെയ്തത് ?”

അത് പറഞ്ഞു സിസ്റ്റർ എല്ലാവർക്കും ഫോൺ എടുത്തു കൊടുത്തു. ഒപ്പം ഇനി ആവർത്തിക്കരുതെന്ന് ഒരു താക്കിതും.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply