കാണാൻകൊള്ളാത്തോൻ

5497 Views

കാണാൻകൊള്ളാത്തോൻ

എപ്പൊഴാകുട്ടിയെ നീ വന്നത് ?

ഇന്ന് കാലത്തു എത്തി

എടിപിടീന്നുള്ള മടക്കം ഉണ്ടോ ഇക്കുറിയും ?,അല്ല കുറച്ചനാള് കാണുമോ തറവാട്ടില് ?

മ്മ് ,ചിലപ്പോൾ

എന്താ ഇക്കുറിയെങ്കിലും നാണിവല്യമ്മയ്ക്കു ഒരു ഇല ചോറ് ഉണ്ണാൻ പറ്റുമോ ഉണ്ണിയുടെ പുടമുറിയുടെ ?

അറിയില്ല വല്ല്യമ്മേ ,നിങ്ങളുടെ ആഗ്രഹങ്ങളും അമ്മയുടെ കണ്ണുനീരും ഒക്കെ ദിനോംകാണണുണ്ടു അല്ലെങ്കിൽ കേൾക്കുന്നുണ്ട് ,മനസ്സിൽ കൊരുത്തിട്ട കുരുക്ക് അതുപൊട്ടിച്ചെറിയാൻ എത്ര ശ്രമിച്ചിട്ടും എന്നെകൊണ്ട് പെട്ടെന്നങ്ങട് കഴിയുന്നില്ല ,ഒരു വശത്തുനിന്നും മറക്കാൻ ശ്രമിക്കുമ്പോഴും മറു വശത്തു അത് എന്നെ മുഴുവനായി അങ്ങു മൂടുകയാണ് ,ഞാൻ എന്താ ചെയ്യുക ? വല്യമ്മ തന്നെ പറ

,ആർക്കും ഒരു ദ്രോഹവും ചെയ്യാത്തവരെയാണല്ലോ ദേവിയേ നീ ഇങ്ങനെ പരീക്ഷിക്കുന്നത് ,എന്റെ കുട്ടിയുടെ മനസ്സു നല്ലതാ ഒക്കെത്തിനും ദേവിതന്നെ ഒരു പരിഹാരം കാട്ടിത്തരും ,

വല്യയ്മ്മ ഇതു വെച്ചോ ,,പറ്റീച്ചാൽ വൈകിട്ട് ഇല്ലത്തേക്ക് ഒന്നുവരണം ഒരൂട്ടം സാധനം ഞാൻ കൊണ്ടുവന്ന്നിട്ടുണ്ട് വല്യമ്മയ്ക്കു തരാൻ

ഒന്നും വേണ്ട ഉണ്ണിയെ , അടുത്തുള്ള മക്കള് തിരിഞ്ഞു നോക്കിയില്ലെങ്കിലും അങ്ങ് കടലിനക്കരെ നിന്ന് നീ ഈ വല്യമ്മയെ ഓർക്കുന്നുണ്ടല്ലോ അത് ഈ വായിന്നുകേട്ടല്ലോ അത് മതി എനിക്ക് അതിൽ കൂടുതൽ ഒന്നും വേണ്ട ,നാളെ ഞാനങ്ങു തീർന്നുപോയാൽ എന്റെ ഉണ്ണിയുടെ കൈകൊണ്ടു ഒരുപിടിച്ചോറു അത് മാത്രം എനിക്ക് വെച്ചാൽ മതി അങ്ങനെ വന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ശാന്തികിട്ടും അതെനിക്കുറപ്പാ

അങ്ങനെ ഞാൻ വിടുമോ നിങ്ങളെ ,ഞാൻ ഓരോ തവണ വരുമ്പോഴും എനിക്ക് കാണണം ഇങ്ങനെ ചുറുചുറുക്കോടെ ,,രാത്രിയായാൽ വല്ല ദീനവും വന്നാൽ ആരാണ് നോക്കാൻ കഴിഞ്ഞതവണയെ ഞാൻ പറഞ്ഞതല്ലേ വീട്ടിൽ വന്നുകിടക്കാൻ വീട്ടിലുണ്ടാക്കുന്നതിന്റെ ഒരോഹരിയും കഴിച്ചു അവിടെചുരുണ്ടുകൂടിക്കോടെ ? അമ്മയ്ക്കും ഒരുകൂട്ടാകും

അതൊക്കെ അവിടെ നില്കട്ടെ നീ അവളെ കണ്ടുവോ മോനെ ?

ഇല്ലാ

എന്തേ ?

എനിക്ക് വയ്യ ആ കാഴ്ചകാണാൻ ,അത് കാണാൻ വയ്യാഞ്ഞിട്ടാ ഞാൻ ഇവിടം വിട്ടുതന്നെ പോയത്

ഈ അവസാന സമയത്തെങ്കിലും ചികിത്സ ഒക്കെ ചെയ്യുന്നത് നീയാണെന്നെങ്കിലും അവളറിയേണ്ടേഉണ്ണിയേ ?

വേണ്ട ,ഒരുപടുതവണ എന്റെ ഇഷ്ടം അറിയിച്ചിട്ടും അവളൊരിക്കലും സ്നേഹത്തിന്റെ ഒരു നനുത്ത പ്രതീക്ഷപോലും തനിക്കുതന്നില്ല ,,പലപ്പോഴും മറ്റുള്ളവരെ മുൻപിൽവെച്ചു കറുത്തമെലിഞ്ഞ തന്നെ അതിന്റെ പേരിൽ പുച്ഛിച്ചു പരിഹസിച്ചു ,അവള് തന്നെ വെറുക്കുമ്പോഴൊക്കെ അതിന്റെ നൂറുമടങ്ങു അവളോടുള്ള ഇഷ്ടമാണ് തനിക്കു തോന്നിയത് ,പക്ഷെ ഓജസ്സും തേജസ്സും നശിച്ചുനിൽക്കുന്ന അവളുടെ അടുത്തുപോയി ഞാനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വിളിച്ചുപറയുമ്പോൾ അവളുടെ മുൻപിൽ തനിക്ക് ആളാകാം ആ വാക്കുകൾ കൊണ്ട് അവളുടെ നെഞ്ചുതകർക്കാം , പക്ഷെ ഞാൻ ആഗ്രഹിച്ചതു അതൊന്നുമല്ലലോ വല്യമ്മേ ? അവളുടെ ഹൃദയത്തിൽ തനിക്കൊരു ഇടം അതല്ലേ ,? ദേവി എന്തിനാണ് ഈ കുടുക്കിലിട്ടു തന്നെ ബന്ധിപ്പിച്ചിരിക്കുന്നതു എന്ന് എത്ര ആലോചിച്ചിട്ടും അങ്ങട് മനസ്സിലാകുന്നില്ല അവള് ഈ ഭൂമിയിൽ ഉള്ള കാലത്തോളം അത് വെറുമൊരു എല്ലുംകൂടു ആണെങ്കിലും അത് തന്റെതാണു എന്നൊരു തോന്നല്

വേണ്ട കുട്ടീ ,അതുവേണ്ട സഹായിക്കുന്നതൊക്കെ നല്ലതു അതിനുള്ള കൂലി ദേവിതരും ,പക്ഷെ എല്ലാം അറിഞ്ഞുകൊണ്ട് ആ ചിന്ത മനസ്സിൽ നിന്നങ്ങട് കളയുക ,,,കുറെ കരഞ്ഞതല്ലേ എന്റെകുട്ടി ഇനി ഒരു നമ്പൂരികുട്ടിയേ ഇല്ലത്തേക്ക് കൊണ്ടുവന്നു എല്ലാം അങ്ങട് മനസ്സിൽ നിന്ന് മായിക്കുക ,

എന്തേ വല്യമ്മ പോലും ഇങ്ങനെ പറയുന്നത് ,?

പേരും പ്രശസ്തിയും ഉള്ള തറവാട്ടിലെ അവസാനകണ്ണിയാണ് ഉണ്ണീ നീ ,ആ നീ ഒരു നശിച്ചപെണ്ണിനു പുടവകൊടുക്കാനോ ശിവ ശിവ ഞാൻ എന്താണ് ഈ കേൾക്കുന്നത്

നാലുപേരുചേർന്നു അവളെ നശിപ്പിച്ചു ജീവച്ഛവമാക്കിയതിനു അവൾ എങ്ങനെ തെറ്റുകാരിയാകും ,മനസ്സുകൊണ്ട് അവള് ഒരിക്കലും നശിക്കില്ല ,അവളങ്ങനെ ഉള്ളോളല്ല ,എനിക്ക് അവളുടെ മനസ്സിലേക്ക് എത്തിനോക്കാൻപോലും കഴിഞ്ഞില്ലെങ്കിലും അവളുടെ മനസ്സിന് നല്ല ഉറപ്പാ ആ കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല , കാണേണ്ട എന്ന് കരുതിയതാണ് ഇപ്പോൾ തോന്നുന്നു അവളെ ഒരു തവണയെങ്കിലും ഒന്ന് കാണണം,, ഒന്നും പറയാതെ ഒരുനോക്കെങ്കിലും എന്റെ കണ്ണുകളിലൂടെ ഹൃദയത്തിലേക്കു അവളുടെ ഇപ്പോഴത്തെ ചിത്രങ്ങൾ പകർത്തിവെക്കണം അതിലൂടെ ഒരു മറവി ദൈവം അനുഗ്രഹമാവുമെങ്കിൽ അത് ദൈവത്തോട് ഇരന്നു വാങ്ങും ഞാൻ ,നിങ്ങൾക്കെല്ലാവർക്കും വേണ്ടി

ഉണ്ണീ ,മോനെ നിന്റെ നന്മയെ ഈ അമ്മയ്ക്ക് ആഗ്രഹമുള്ളു ,എന്നോട് ചൊടിയായോ നിനക്ക് ?

,,
ഏയ് ,,ഒന്നുമില്ല ഇതേവാചകങ്ങൾ അമ്മയിൽ നിന്നും ഗുളികപോലെ വന്ന അന്ന് മുതൽ ദിനവും കേൾക്കുന്നുണ്ട് ,വല്യമ്മ നടന്നോ മഴക്കോളുണ്ട് ,ഈ വടിയുംകുത്തിപ്പിടിച്ചു അത്രടം നടക്കേണ്ടതല്ലേ ഒരുനേരമാകും

ലക്ഷ്മിയുടെ വീടിന്റെ പൂമുഖത്തു എത്തിയപ്പോൾ മുതൽ കാലുകൾക്കു ബലക്കുറവ് അനുഭവപ്പെട്ടു തുടങ്ങി മുന്നോട്ടു നടക്കുന്ന കാലുകൾ മനസ്സ്‌പിന്നോട്ടു വലിക്കുന്നു ,, ,എന്ത് പറഞ്ഞു താൻ അവിടേക്കു കയറിച്ചെല്ലും ഒരുപ്രാവശ്യം ലക്ഷ്മിയുടെ പിറകെ നടന്നതിന് ഗൗരവത്തിൽ അവളടെ ‘അമ്മ മാധവിയേട്ടത്തി തനിക്കൊരു വാണിങ് തന്നതാണ് ,കൂടാതെ അവളുടെ ചികിത്സക്ക് ചിലവാകുന്നതുക നാണിവല്യമ്മയുടെ അടുത്ത് കൊടുത്തുവിടുമ്പോഴും ഇതു താനാണ് തരുന്നത് എന്ന് പറയരുത് എന്ന് പ്രത്യേകം ചട്ടം കെട്ടിയിരുന്നു

ഉമ്മറത്തേക്ക് കയറാൻ ശങ്കിച്ച് നിൽക്കുമ്പോൾ അകത്തുനിന്നും ഒരുവിളിവന്നു

ഉണ്ണി അല്ലെ ഇതു ,കുട്ടിയെന്താ പുറത്തുതന്നെ നിൽക്കുന്നത് ഇങ്ങകത്തേക്കു കയറി ഇരിക്കൂ

അത് മാധവിയേട്ടത്തിയുടെ ശബ്ദമായിരുന്നു എന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു ,കാരണം മുൻപ് മനസ്സിൽ തറച്ച ശകാരസ്വരം മനസ്സിൽ നിന്നും ഇപ്പോഴും പടിയിറങ്ങിട്ടുണ്ടായിരുന്നില്ല

ഉണ്ണി എപ്പോഴാ വന്നത് ?

ഇന്നലെ

ജോലിയൊക്കെ എങ്ങനെ നന്നായി പോകുന്നുണ്ടോ ?

മ്മ് ,ഉണ്ട്

അമ്മയ്ക്ക് അസുഖമൊന്നും ഇല്ലാലോ ?

ഇല്ലാ

ഉണ്ണിയുടെ അമ്മയൊക്കെ കണ്ടിട്ട് കാലം ഒരുപാടായി ,മോളൂട്ടി ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എവിടെ പോകാനാ ,ഒക്കെ എന്റെ വിധി ഇതൊക്കെ കാണാനും കേൾക്കാനും അനുഭവിക്കാനും ,എന്റെ മോളേ ഈ ഗതിയിൽ ആക്കിയവൻ മാരെയൊന്നും ഞാൻ വെറുതേവിടില്ല അവര് ജയിലിൽ നിന്ന് ഇങ്ങു വന്നോട്ടെ ഈ വീട് വിറ്റിട്ട് കിടത്തിണ്ണയിൽ കിടക്കേണ്ടി വന്നാലും എന്നെക്കൊണ്ട് ആകും പോലെ ഞാൻ ചെയ്യും ,,,,,,,,,,,,,,,,,,,,,അതിനു അവര് വരുമ്പോഴേക്കും എന്റെ ജീവനുണ്ടാകുമോ എന്നറിയില്ല ,,ഇപ്പൊ എനിക്കൊരെയൊരു ആഗ്രഹമേ ഉള്ളൂ ഉണ്ണീ ഞാൻ മരിക്കുന്നതിന് ഒരു ദിവസം മുൻപെങ്കിലും എന്റെ മോള്,,അവള് മുന്നേപോണം ,,,,,അവള് ഈ മലത്തിലും മൂത്രത്തിലും കിടന്നു ചത്താലും ഒരാളും തിരിഞ്ഞുനോക്കാൻ ഉണ്ടാകില്ല ,,,,,അവൾക്കുയോഗമില്ല അല്ലാതെന്തുപറയനാ,,, ഉണ്ണിയുടെ മനസ്സുകണ്ടു ഉണ്ണിപോലും അറിയാതെ ഉണ്ണിയുടെ വിവാഹാലോചന ഉണ്ണിയുടെ അമ്മ എന്റടുത്തുകൊണ്ടുവന്നതാ ..അന്ന് അവൾക്കു അത് തീരെ ബോധിച്ചില്ല ,,കുറച്ചു സൗന്ദര്യം കൂടിപോയതിന്റെ അഹങ്കാരം ,, ആ സൗന്ദരം, തന്നെയാണ് എന്ന്‌ ഒരു വശം തളർന്നു ഈ കിടക്കാനുള്ള കാരണവും ,

ഒന്ന് കണാൻ പറ്റുമോ എനിക്കവളെ ?

ഉണ്ണി പോയികൊള്ളു ആ കാണുന്ന മുറിയിൽ അവളുണ്ട്

മുറിക്കടുത്തു എത്തിയതും ,കിടന്നകിടപ്പിലും രണ്ടുകണ്ണുകൾ ആരുടെയോ വരവുപ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്ന് മനസ്സിലായി ,കാരണം ആ കണ്ണുകൾ നടന്നുവരുന്ന വഴിയിലേക്ക് കണ്ണുംനട്ടാണ് ഉണ്ടായിരുന്നത്

അനവധി തവണ തന്നെ മോഹിപ്പിച്ചമുടികൾ ,കണ്ണുകൾകൊണ്ട് തന്നോട് ഗോഷ്ടികാണിച്ച ആ വെള്ളാരം കണ്ണുകൾ ,ചെന്താമരവിരിയുന്ന ചുണ്ടുകൾ ,ചിരിക്കുമ്പോൾ കൂടെ താളമിടുന്ന നുണക്കുഴികൾ ,എല്ലാം ഇന്നലെകളുടെ വെറും സ്വപ്നങ്ങൾ പോലെ ,..അപ്പോഴും അന്യം നിന്നുപോകാതെ അവളിൽ ഉണ്ടായിരുന്നത് ആ ഒരു തന്റേടം ആയിരുന്നു ,അതുമാത്രം ആ മുഖത്തിൽ പ്രകടമാണ് ,,

തന്റെ മൗനം കണ്ടാവണം അവള് തന്നെ തുടങ്ങിയത്

ഈ കട്ടിലുവിട്ടുപോകുന്നതിനുമുന്പ് ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ,അത് നടന്നു സന്തോഷായി എനിക്ക് ,,,,,ഓരോതവണ ഉണ്ണിയേട്ടൻ നാട്ടിലുവരുമ്പോഴും ഞാൻ വെറുതെ ആഗ്രഹിക്കും ഒന്ന് ഇത്രടം വരെ വന്നിരുന്നെങ്കിൽ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ,പിന്നീട് പോയി എന്നറിയുമ്പോൾ മനസ്സൊന്നുപിടക്കും ,പിന്നെ സ്വയം ശകാരിക്കും ,നിനക്കെന്തു അർഹത ഉണ്ണിയുടെ വരവ് പ്രതീക്ഷിക്കാൻ ,വേദനിപ്പിച്ചിട്ടേ ഉള്ളു ഞാൻ ,,ഈ കാലിൽ വീണു മാപ്പിരക്കണം എന്നുണ്ട് അതിനുപോലും എനിക്കിപ്പോൾ സാധിക്കുന്നില്ല ,,,ഒരു വർഷത്തോളം മുൻപിൽ നെടുവീർപ്പെടാനും ഉള്ളിൽ ചിരിക്കനും ഒരുപാടുപേരുണ്ടായിരുന്നു പിന്നെ കൂടെ ഉണ്ടാകും എന്ന് വിചാരിച്ചവരൊക്കെ അകന്നു തുടങ്ങി എനിക്ക് ചിരിക്കാനും വർത്തമാനം പറയാനും വല്ലപ്പോഴും വരുന്ന നാണിവല്യമ്മയും അമ്മയും മാത്രമായി കൂട്ട് ,അങ്ങനെ ഒറ്റക്കിരിക്കുമ്പോൾ പിന്നെ എനിക്കുകൂട്ടു ഉണ്ണിയേട്ടനെക്കുറിച്ചുള്ള ചിന്തകൾ മാത്രമായി ,രാവിലെ എഴുന്നേറ്റു എന്നെക്കാണാൻ അമ്പലത്തിൽ വരുന്നതും ,കോളേജുവിടുന്നസമയത് കൃത്യമായി ഹാജരുണ്ടാകുന്നതും ,ചുറ്റുവട്ടത്തുള്ള കല്യാണത്തിനൊക്കെ എന്റെപിറകേ നടന്നതും ഞാൻ വഴക്കുപറഞ്ഞതും ,ആദ്യമായി തന്ന ലവ് ലെറ്റർ അമ്മയ്ക്ക് കൊണ്ടുകൊടുത്തതും ,എന്നെ നോക്കുന്ന ചെക്കന്മാരെക്കണ്ടാൽ ചെങ്ങായിമാരെക്കൂട്ടി വിരട്ടിവിടുന്നതും ,പ്രണയദിനത്തിനുതന്ന കാർഡും മിട്ടായിയും എല്ലാവരുടെമുൻപിലും വെച്ച് മുഖത്തേക്കുവലിച്ചെറിഞ്ഞു പരിഹസിച്ചനേരം അറിയാതെ വന്ന സങ്കടങ്ങളെ പിടിച്ചുനിർത്താൻ ഉണ്ണിയേട്ടൻ പാടുപെട്ടതും അങ്ങനെ കഴിഞ്ഞ നിമിഷങ്ങൾ എല്ലാം ഞാൻ ഓർത്തെടുക്കാറുണ്ട് ,ഓർത്തോർത്തു കരയാറുണ്ട് ആ കണ്ണുനീരിൽ നിന്ന് എനിക്കൊരു സുഖം ലഭിക്കാറുണ്ട് ,ആ കണ്ണുനീരൊക്കെ ഉണ്ണിയേട്ടന്റെ കാലിലേക്ക് ചെന്നെത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട് ,,

ലക്ഷ്മീ ഈ വായിൽ നിന്നും സ്നേഹത്തോടെ ഒന്നും വേണ്ട അല്ലാതെയെങ്കിലും ഉണ്ണിയേട്ടാ എന്നൊരു വിളി അത് ഞാൻ ആഗ്രഹിച്ചിരുന്നു ,അതുണ്ടായില്ല ,അത് സാരമില്ല നടക്കാതെപോയ സ്വപ്നങ്ങളുടെ ഒരു നീണ്ടനിരതന്നെ ആരെയും കാണിക്കാതെ എന്റെ ഹൃദയത്തിൽ ഞാൻ പൂഴ്ത്തിവെച്ചിട്ടുണ്ട് അതിൽ ഇതൊന്നുകൂടി ,,

അകലെ മാറിനിന്നു എനിക്കുവേണ്ടി എല്ലാം ചെയ്യുന്നത് ഉണ്ണിയേട്ടൻ ആണ് എന്ന് അല്പം വൈകിയെങ്കിലും ഞാൻ അറിഞ്ഞു ,മതി ഇതിൽ കൂടുതൽ ഒന്നും എനിക്കുവേണ്ടി ചെയ്യരുത് ,ജീവിതത്തിൽ ഞാൻ കാരണം ഒരു നന്മയും നേട്ടവും ഉണ്ണിയേട്ടന് ഉണ്ടായിട്ടില്ല ,ഇനി എന്റെ കണക്കിൽ നിങ്ങളുടെ നഷ്ടത്തിന്റെ തുലാസിന് തൂക്കം കൂടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല ,പെട്ടന്ന് തന്നെ ഉണ്ണിയേട്ടൻ ഒരു വിവാഹം കഴിക്കണം അയാളെയും കൂട്ടി ഇത്രടം വരെ ഒന്ന് വരണം ,,അതുകൂടി കണ്ടാൽ സമാധാനത്തോടെ എനിക്ക് പോകാം ,എന്നിട്ടു മൂപ്പത്തിയാരോട് എനിക്ക് പറയണം ഇത്രയും നല്ളൊരു ഭർത്താവിനെ കിട്ടിയ കുട്ടി ഭാഗ്യമുള്ളവൾ ആണ് എന്ന് ,,
ശബ്ദം താഴ്ത്തികൊണ്ടു അവൾ പറഞ്ഞുനിർത്തി “തനിക്കു ലഭിക്കാതെപോയ മഹാഭാഗ്യം ”

ലതീഷ് കൈതേരി

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply