Skip to content

കാതിലോല

malayalam kadha

” ഹാ ഇന്നും കൂടി അല്ലെയുള്ളൂ നിങ്ങളുടെ ഈ ചേർന്നിരുത്തവും സംസാരവുമൊക്കെ.. നാളെ കഴിഞ്ഞ് ഉണ്ടാവില്ലല്ലോ…”

തട്ടിൽ തങ്ങളുടെ അടുത്തടുത്തായിരിക്കുന്ന വളയുടെ വാക്കുകൾ കേട്ട് അവർ സംശയത്തോടെ വളകളെ നോക്കി മുഖം ചുളിച്ചു.

” അതെന്താ നീ അങ്ങനെ പറഞ്ഞത്.. നാളെ കഴിഞ്ഞ് എന്താ ഞങ്ങൾ പിരിയാൻ പോകുവാണോ …! “

ഒരു ചെറുതമാശ മട്ടിൽ കമ്മലുകളിൽ ഒരുവൾ ചോദിച്ചു.

” അതെ വേർപിരിയും .. ” വള പറഞ്ഞു.

കമ്മലുകളുടെ മുഖത്തെ ചിരി അപ്രതക്ഷ്യമായി. വളയെ നോക്കി. അവരുടെ നോട്ടം മനസ്സിലായെന്നപ്പോൽ വള പറഞ്ഞു..:
” അറിഞ്ഞില്ലേ നിങ്ങൾ… നമ്മുടെ യജമാനൻ നിങ്ങളെ ആരോ ഒരാൾക്ക് വിൽക്കാൻ പോകുവാ നാളെ…”
അതുകേട്ട് കമ്മലുകൾ ഒന്ന് ഞെട്ടിയെങ്കിലും സംശയത്തോടെ ഒരേ സ്വരത്തിൽ ചോദിച്ചു. :
” വിൽക്കാനോ… ഞങ്ങളെയോ…? “

” അതെ സത്യമാണ് പറഞ്ഞത്…നാളെ നിങ്ങൾ ഇവിടെ നിന്നും പോകും..” കമ്മലുകൾ ഞെട്ടലോടെ പരസ്പരം മുഖത്തോട് മുഖം നോക്കി.
” അയ്യോ നാളെ അപ്പോൾ ഞങ്ങളിവിടുന്ന്‌ പോകുവാണോ…? “

” അതെ .. ഏതോ ഒരു വീട്ടിലേക്ക്…”
എല്ലാവരും വിഷമത്തോടെ മുഖം താഴ്ത്തി.

” ഇവിടുന്ന് പോകുന്നതോടെ നിങ്ങൾ രണ്ടാകും..”

” രണ്ടാകുമെന്നോ.. എന്തൊക്കെയാ നീ ഈ പറയുന്നത്.. എവിടെ പോയാലും ഞങ്ങൾ ഒന്നിച്ചേ പോകൂ.,അത് മാറില്ല.. നി വെറുതെ ഓരോന്നും പറയല്ലേ..” അൽപം ദേഷ്യത്തോടെ അതിലൊരു കമ്മൽ ശബ്ദം ഉയർത്തി.

” അവൾ സത്യമാണ് പറഞ്ഞത്. നിങ്ങളെ അതിന് വേണ്ടി തന്നെയാ ഈ രൂപത്തിലാക്കിയതും..” മാലയും അത് ഏറ്റ് പിടിച്ചു.
മാലയുടെ വാക്കുകൾ കേട്ട് അവർ ഒരു ഇടിവേട്ട്‌ ഏറ്റ പോലെ നിന്നു. പരസ്പരം നോക്കി അവർ ഒന്നു കൂടി ചേർന്നിരുന്നു.

” തൊട്ട് അടുത്ത് തന്നെയാകും നിങ്ങൾ പക്ഷേ , ഒരിക്കലും പിന്നെ നിങ്ങൾക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല..”

” ഏഹ് തൊട്ടടുത്താണെങ്കിലും കാണാൻ പറ്റില്ലന്നോ… അതെന്താ..” അതിശയത്തോടെ കമ്മലുകൾ തിരക്കി…

” മനുഷ്യരുടെ ഒരു അവയവം., കാത് എന്നാണ് പറയുക. അവിടെ അണിയിക്കാനാ നിങ്ങളെ നിർമ്മിച്ചത് പോലും. 2 കാതുകളാണ് മനുഷ്യ ശരീരത്തിൽ ഉള്ളത്. നിങ്ങളെ രണ്ടിടത്തായി ധരിക്കും.. കാതുകൾക്കിടയിൽ ഒരു മതിൽ പോലെ മനുഷ്യമുഖമുണ്ട്. വായും കണ്ണും മൂക്കും അടങ്ങുന്ന ഒരു അവയവം. ഇരുകാതുകളികൾക്കിടയിലാണത്. മുഖത്തിന് ഇരുവശമുള്ള ആ കാതുകളിലാണ് പിന്നെ നിങ്ങളുടെ സ്ഥാനം.. ഒരു അടി ദൂരമേയുള്ളൂ നിങ്ങൾക്കിടയിൽ.. പക്ഷേ , നിങ്ങൾക്ക് പിന്നെ ഒരിക്കലും തമ്മിൽ കാണാനോ മിണ്ടാനോ പറ്റില്ല..” വള പറഞ്ഞു നിർത്തി.
വള പറഞ്ഞതൊക്കെയും നല്ല ശ്രദ്ധയോടെ അവർ കേട്ടിരുന്നു. എന്നിട്ട് വളയോട് ചോദിച്ചു.

” നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം..? ” വിഷമം നിറഞ്ഞ സ്വരത്തിൽ കമ്മലിലൊരുവൾ ചോദിച്ചു.

” എന്നെ വാങ്ങിക്കൊണ്ട് പോയ ആളുവഴി അറിഞ്ഞതാ…”

” വാങ്ങിക്കൊണ്ട് പോയതോ.. പിന്നെ നീ എങ്ങനെ ഇവിടെ വീണ്ടും വന്നു.. ? ” ആകാംക്ഷയോടെ അവർ ചോദിച്ചു.

” വാങ്ങി കൊടുത്തയാൾക്ക്‌ എന്നെ ഇഷ്ടപ്പെട്ടില്ല. തിരിച്ചുകൊണ്ടു വന്നു..” നിരാശ വളയുടെ വാക്കുകളിൽ നിഴലിച്ചിരുന്നു.

” അപ്പോ നിങ്ങളും ഇതുപോലെ…? “

” അല്ല ഞങ്ങള് എല്ലാവരും ഉണ്ടായിരുന്നു. ഞങ്ങൾ എപ്പോഴും ഒന്നിച്ചാണ് കൈകളിൽ കിടക്കുന്നത്. വേർതിരിക്കേണ്ട ആവശ്യമില്ല…” ചുണ്ടിലൊരു പുഞ്ചിരി വിടർത്തി അവൾ പറഞ്ഞു.

” അതെ അതുപോലെ ഞങ്ങൾ രണ്ടിടത്താണ് കിടക്കുന്നതെങ്കിലും ഞങ്ങൾക്ക് മിക്കപ്പോഴും ചേർന്നിരിക്കാനാകും..” പാദസ്വരം സന്തോഷത്തോടെ പറഞ്ഞു.
അതുകേട്ട് കമ്മലുകൾ നെടുവീർപ്പിട്ടു.

” മാലേ… നിനക്ക് കൂട്ടൊന്നുമില്ലേ..ഒറ്റക്ക് നിനക്ക് സങ്കടമില്ലെ…? “കമ്മൽ ചോദിച്ചു.

” ഇല്ലല്ലോ.. ഞാൻ അണിയുന്നയാളുടെ നെഞ്ചോട് ചേർന്നാണ് കിടക്കുന്നത്. അവരുടെ ഹൃദയമിടിപ്പ് പോലും എനിക്ക് കേൾക്കാം.. പിന്നെ എന്തിന് ഞാൻ വിഷമിക്കണം..” അഭിമാനത്തോടെ മാല അത് പറഞ്ഞപ്പോൾ വള ഒരു പുച്ഛത്തോടെ അവളെ നോക്കി മുഖം വെട്ടിച്ചു.

” പക്ഷേ നിങ്ങൾ… നമ്മുടെ കൂട്ടത്തിലെ വേറെയാർക്കുമില്ലാത്ത ഒരു അവസ്ഥയാണ് നിങ്ങൾക്ക്….”
എല്ലാവരും നിശബ്ദരായി. കമ്മലുകൾ പരസ്പരം നോക്കി..

ഒരുമിച്ച് ജനിച്ച രണ്ടുപേർ.. നിമിഷങ്ങളുടെ വ്യത്യാസമെ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ ജനനത്തിനിടയിൽ.. ജനിച്ച അന്ന് തൊട്ട്‌ ഒരുമിച്ചാണ് ഞങ്ങൾ. അവൾക്ക് കൂട്ട് ഞാനും തനിക്ക് കൂട്ട് അവളും.. തങ്ങൾ രണ്ടുപേരും ഒരുപോലെ ആയിരുന്നു.അതുകൊണ്ട് ഞങ്ങൾ പരസ്പരം നോക്കി ഞങ്ങളുടെ സൗന്ദര്യം അളക്കുമായിരുന്നു. അവളിൽ എനിക്ക് എന്നെ തന്നെ കാണാനാകുമായിരുന്നു. പക്ഷേ നാളെ നമ്മൾ …..

അവർ അസ്വസ്ഥതരായി.

*****************************************

” ഞങ്ങൾ ഒരു കമ്മൽ ഓർഡർ ചെയ്തിരുന്നു. അത് വാങ്ങാൻ വന്നതാണ്..” ഒരു ചെറുപ്പകാരൻ അങ്ങോട്ടേക്ക് വന്നു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

” ആഹ് ഓർമ്മയുണ്ട് സർ. ഇപ്പോള് തരാം. ഒന്ന്‌ വെയിറ്റ് ചെയ്യണേ…”

അതും പറഞ്ഞ് അയാൾ മുകളിലെ തട്ട് തുറന്ന് അതിൽ നിന്നും ആ ജോഡി കമ്മലുകളെ കൈയിലേക്ക് എടുത്തു. എല്ലാവരുടെയും മുഖം ഒരുപോലെ വാടി. എല്ലാവരെയും നിറഞ്ഞ മിഴികളോടെ ഒന്നു നോക്കി അവർ അയാളുടെ കൈകളിൽ ഇരുന്നു. അയാളൊരു കവറെടുത്ത് കമ്മലുകളെ അതിലേക്ക് വെച്ചു. ഇരുട്ട് നിറഞ്ഞ ഒരു സ്ഥലം. അവർ പേടിച്ച് പരസ്പരം മുറുകെ പിടിച്ചിരുന്നു. ബൈക്ക് സ്റ്റാർട്ടാക്കുന്ന ശബ്ദം അവർ ഇരുവരും ശ്രദ്ധിച്ചു. തങ്ങളെ അവിടെ നിന്നും കൊണ്ടു പോകുവാണെന്ന്‌ അവർക്ക് മനസ്സിലായി. ഇടക്ക് അവരുടെ ശബ്ദവും അവർ കേൾക്കുന്നുണ്ടായിരുന്നു. വണ്ടിയുടെ ചലനം നിന്നപ്പോൾ എത്തേണ്ടടുത്ത് എത്തിയെന്ന് അവർ ഊഹിച്ചു. അവരുടെ മുഖത്തെ പ്രസരിപ്പ് നഷ്ട്ടപ്പെട്ടിരുന്നു. ആ പെൺകുട്ടി വളരെ സന്തോഷത്തോടെ കവറെടുത്ത്‌ കൊണ്ട് അകത്തേയ്ക്ക് ഓടി. അവൾ കവർ തുറന്ന് അവരെ പുറത്തേക്കെടുത്തു. അൽഭുദത്തോടെയും ഇഷ്ട്ടത്തോടെയും രണ്ടുപേരെയും നോക്കി. അവൾ അവരെ തന്റെ കാതുകളിൽ അണിയാൻ കൊതിച്ചു. അത്യധികം സന്തോഷത്തോടെ വലത്തെ കമ്മലിനെ അവൾ കൈയിലെടുക്കാൻ തുനിഞ്ഞപ്പോൾ കമ്മൽ പേടിച്ച് നീങ്ങി മാറാൻ തുടങ്ങി. അവളെ വിടാൻ മറുകമ്മൽ കൂട്ടാക്കിയില്ല. അവർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഫലം ഉണ്ടായില്ല. അത് വകവെക്കാതെ അവൾ വലത്തെ കമ്മൽ കൈയ്യിലെടുത്തു. ഇരുവരും നിറഞ്ഞ മിഴികളോടെ പരസ്പരം നോക്കി തന്റെ കൂട്ടുകാരിയെ കാതിൽ അണിയുന്നത് ഇടത്തെ കമ്മൽ വിഷമത്തോടെ നോക്കി കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.

” അവൾ എന്നിൽ നിന്ന് അടർന്ന് പോയിരിക്കുന്നു..”
വിഷമത്തോടെയവൾ മുഖം താഴ്ത്തി.

” ഈശ്വര എന്ത് വിധിയാണ്..”

ആ പെൺകുട്ടി ഇടത്തെ കമ്മലുമെടുത്തപ്പോൾ യാതൊരു എതിർപ്പും കാണിക്കാതെ അവൾ ആ കുട്ടിയുടെ കൈകളിൽ ഒതുങ്ങി നിന്നു. കുട്ടി അവളെ തന്റെ ഇടത്തെ കാതിലണിഞ്ഞു.

” ശരിയാണ് അവർ പറഞ്ഞത്. ഞങ്ങൾ പരസ്പരം രണ്ട് വശങ്ങളിലാണ്‌.. അടുത്തടുത്താണേലും കാണാൻ കഴിയാത്ത രീതിയിൽ… അനുപൂരകങ്ങളായി…”

അതിന്റെ സങ്കടമെന്നോണം അവർ രണ്ടുപേരും ആ കുട്ടിയുടെ കാതുകളിൽ കിടന്ന് തങ്ങളുടെ ജിമിക്കിയാൽ അവളെ തട്ടാൻ തുടങ്ങി. പെൺകുട്ടി കണ്ണാടിക്ക് മുന്നിൽ വന്ന് തന്റെ സൗന്ദര്യം നോക്കി കണ്ടു. പ്രതിബിംബത്തിൽ തങ്ങളെ കണ്ട അവർ ഇരുവരും ഒരുപോലെ ഞെട്ടി.

” ഈശ്വര ഞങ്ങൾക്കിത്രയും സൗന്ദര്യം ഉണ്ടായിരുന്നോ..? ഒത്തുചേർന്നിരുന്നപ്പോൾ അത് ഞങ്ങൾ അറിഞ്ഞിരുന്നില്ല..”
അവർ തങ്ങളുടെ സൗന്ദര്യം ഇമ ചിമ്മാതെ നോക്കിയിരുന്നു.

“ഞങ്ങൾ വേർപിരിഞ്ഞപ്പോൾ ഇവളുടെ മുഖത്തിന് ഐശ്വര്യം കൂടിയതോടൊപ്പം ഞങ്ങളുടെ ഭംഗിയും വർധിച്ചിരിക്കുന്നു. മനുഷ്യന്റെ ഏറ്റവും മനോഹരമായ അവയവം അവളുടെ മുഖമാണ്. അവിടെ സുന്ദരമാക്കുവാൻ വേണ്ടിയാണവൾ തങ്ങളെ രണ്ടാക്കിയതും അണിഞ്ഞതും. ഇൗ വേർപാട് ഞങ്ങൾക്ക് ദുഖം സമ്മാനിക്കുന്നുവെങ്കിലും അത് ഞങ്ങളുടെ ഭാഗ്യം തന്നെയാണ്..”
ആ വിഷമത്തിലും അവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവർ തങ്ങളുടെ സൗന്ദര്യം മതിയാകുവോളം ആസ്വദിക്കുകയായിരുന്നു. സന്തോഷത്തോടെ അവർ ആടുവാൻ തുടങ്ങി. അവളുടെ കാതുകളോട് ചേർന്ന് കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു..:

” ഞങ്ങൾ ഇനി നിന്റെ ഇൗ കാതുകളെയാണ് സ്നേഹിക്കുക്കേണ്ടത്.. ഇവരാണ് ഞങ്ങളുടെ സ്നേഹിതർ.. ഞങ്ങളിലൊരാൾ ഇല്ലാതാകുമ്പോൾ മാത്രമേ ഞങ്ങൾ ഇൗ കാതുകളെ വിട്ടു പിരിയുകയുള്ളൂ…”

അപ്പോഴും മൂവരുടെയും മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല…….

അമ്മു 
Bis Binth Ash

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!