ഒരു ന്യൂജന്‍ നടക്കഥ

2219 Views

ഒരു ന്യൂജന്‍ നടക്കഥ

ഇതൊരു കഥയല്ല; നടന്ന സംഭവം തന്നെയാണ്.

എനിക്ക് സന്താനങ്ങളായി ഒരു പുത്രിയും പുത്രനുമുണ്ട്. രണ്ടു കൂറകള്‍ക്കും ഓരോരോ സൈക്കിളുകളും വാങ്ങി കൊടുത്തിട്ടുണ്ട്. പുത്രി എന്തരോ പഠിക്കാനാണ് എന്നും പറഞ്ഞു തിരുവന്തോരത്ത് പോയതോടെ അവളുടെ പഴയ ലേഡി ബേഡ് സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട് അനാഥപ്രേതം പോലെ കാറ്റു പോയി ചായ്പ്പില്‍ ഏറെക്കുറെ അന്ത്യവിശ്രമം കൊള്ളുന്ന സമയം. പുത്രന്‍ അവന്റെ സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്; പക്ഷെ ഇതിന്റെ ഭാഗത്തേക്ക് അവന്‍ ആലുവാമണപ്പുറത്ത് വച്ചു കണ്ട പരിചയം പോലും കാണിക്കുന്നുമില്ല. പണ്ട് ചവിട്ടി പഠിച്ചത് ഈ അവശയായ സൈക്കിളില്‍ ആണെന്നത് ആ കശ്മലന്‍ മറന്നിരിക്കുന്നു.

അങ്ങനെയിരിക്കെ ഈയുള്ളവന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ ചെല്ലുന്നു. അടുത്ത സ്ഥലങ്ങളിലുള്ള സഞ്ചാരത്തിന് സ്കൂട്ടര്‍ എന്ന സാധനം എനിക്കില്ല; ബൈക്കുമില്ല. ഇത് രണ്ടും വാങ്ങാത്തത് ഞാനൊരു പിച്ചക്കാരന്‍ ആയതുകൊണ്ടല്ല കേട്ടോ; മറിച്ച് വാങ്ങിവച്ചാല്‍ പ്ലസ് ടുവിന് പഠിക്കുന്ന എന്റെ പുത്രന്‍ സൈക്കിള്‍ ഉപേക്ഷിക്കുകയും പിന്നീടുള്ള സവാരിഗിരിഗിരി അവന്‍ സ്കൂട്ടറില്‍ ആക്കുകയും ചെയ്യും. പ്രസവിച്ചു, ഫുഡ് കൊടുക്കുന്നു എന്നീ രണ്ടു കടമകള്‍ ഒഴികെ മറ്റൊന്നും തന്റെ പണിയല്ല എന്ന് ധരിക്കുന്ന വാമഭാഗമാണ്‌ ഞാനില്ലാത്തപ്പോള്‍ അവിടെ ഉള്ളത് എന്ന കാരണം കൊണ്ട്, സ്കൂട്ടര്‍ എന്ന ഐഡിയ ഞാന്‍ ബഹിഷ്കരിച്ചു വച്ചിരിക്കുകയാണ്. രണ്ടിലേറെ കിലോമീറ്റര്‍ അകലെയുള്ള ഇടങ്ങളിലേക്ക് പോകാന്‍ ഒരു പാട്ട കാര്‍ വാങ്ങി ഷെഡ്‌ഡില്‍ ഇട്ടിട്ടുണ്ട്. അതില്‍ കൈവയ്ക്കാന്‍ ലവനോ ലവള്‍ക്കോ അറിയാത്തത് കൊണ്ട് പേടിക്കാനില്ല.

അപ്പൊ പറഞ്ഞു വന്നത്, അവധിക്ക് ചെന്നപ്പോ കുട്ടിദൂരങ്ങള്‍ താണ്ടാന്‍ സൈക്കിളാണ് നല്ലത് എന്നെനിക്കൊരു ബോധോദയമുണ്ടായി. തത്ഫലമായി ഞാന്‍ ചായ്പ്പില്‍ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പുത്രീശകടം തൂക്കിയെടുത്ത് പുറത്ത് വയ്ക്കുകയും അതിലെ പൊടിയും മറ്റും അടിച്ചു കളയുകയും ചെയ്തു. അനന്തരം ഞാന്‍ പമ്പ് എടുത്ത് കാറ്റടിച്ച് ടയറുകള്‍ വീര്‍പ്പിച്ച് ഒന്ന് ചവിട്ടി നോക്കി. എന്റമ്മോ എനിക്ക് വയ്യേ എന്ന താളത്തില്‍ ശകടം പലയിടങ്ങളില്‍ നിന്നുമായി നിലവിളി തുടങ്ങിയപ്പോള്‍ എനിക്ക് ദുഖവും വിഷമവും തോന്നി. ഇത് രണ്ടും ഒന്നല്ലേ എന്നാരും ചോദിക്കരുത്; രണ്ടും രണ്ടാണ്. ഒന്ന് ദുഃഖം; മറ്റേത് ബെശമം. വയ്യാത്ത സൈക്കിളിന്റെ മേല്‍ എന്റെ ഭാരം വച്ച് അതിനെ ദ്രോഹിച്ചാല്‍, പരലോകത്ത് എന്റെ ആത്മാവിനു ശാന്തി കിട്ടില്ല എന്ന് തോന്നിയതിനാല്‍, ഞാന്‍ എന്റെ പൃഷ്ഠം അതില്‍ നിന്നും ഇറക്കി വീടിനുള്ളിലേക്ക് നോക്കി അലറി.

“ഇവിടെ വാടാ”

മനസ്സില്‍ സ്വന്തം വല്യപ്പനെ അനുസ്മരിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ പുത്രന്‍ ഇറങ്ങി വന്നു. എന്നിട്ട് എന്തരെടോ തന്തേ എന്ന മട്ടില്‍ എന്നെയൊന്നു നോക്കി.

“ഈ സൈക്കിള്‍ ഒടനെ നീ ആ ബാബൂന്റെ കൈയീ കൊണ്ട് കൊടുക്കണം. എന്നിട്ട് ഇതില്‍ എന്തരൊക്കെ പണി ഒണ്ടോ അതെല്ലാം ചെയ്ത് കുട്ടപ്പനാക്കി എത്രേം പെട്ടെന്ന് തിരിച്ചു തരാന്‍ പറയണം. ഉം ഇന്നാ പോ..” ഞാന്‍ ആജ്ഞാപിച്ചു.

“ഈ തുണി ഒന്ന് മാറീട്ട് പോയാ പോരെ?”

“അയ്യോ നീ അവിടെ പെണ്ണുകാണാന്‍ പോവല്ല. ഇതിട്ടോണ്ട് പോയാ മതി”

“അപ്പം ഞാനെങ്ങനെ തിരിച്ചു വരും”

“നിന്റെ കാലേല്‍ ആണി ഒന്നുമില്ലല്ലോ? കൊണ്ട് കൊടുത്തിട്ട് നടന്നുവാടാ” വീണ്ടും ഞാനലറി.

അവന്‍ ആക്കിയൊരു മൂളല്‍ മൂളിയിട്ട് സൈക്കിളില്‍ കയറി. വീട്ടില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ മാറിയാണ് മേല്‍പ്പറഞ്ഞ ബാബുവിന്റെ സൈക്കിള്‍ കട കം വര്‍ക്ക്ഷോപ്പ്.

അവന്‍ പോയിക്കഴിഞ്ഞപ്പോഴാണ്‌ പെട്ടെന്ന് എനിക്കത് ഓര്‍മ്മ വന്നത്. ഓര്‍മ്മ വന്നപാടെ ഞാന്‍ തിടുക്കപ്പെട്ട് വീട്ടില്‍ക്കയറി അടുക്കളയില്‍ ചെന്നു നോക്കി. രാവിലെ മീന്‍കാരന്‍ കൊണ്ടുവന്ന പുഴമീന്‍കറി അടുപ്പിലിരുന്നു തിളയ്ക്കുന്നു. കൂര്‍ക്ക എന്ന സാധനം കൊണ്ടുണ്ടാക്കിയ മെഴുക്കുപുരട്ടി റെഡിയാണ്. കൂര്‍ക്ക പോതും എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാന്‍ മുറിയില്‍ കയറി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയ ഗ്രാന്റ്സ് എടുത്ത്, അത് എന്നോടെന്തോ വലിയ അപരാധം ചെയ്തമാതിരി കഴുത്തുപിടിച്ച് തിരിച്ച് ഗ്ലാസിലേക്ക് ഒരു സിസ്ക്റ്റി ഊത്തി. അതിന്റെ ഒപ്പം വെള്ളം ചേര്‍ത്ത് പകുതി പിടിപ്പിച്ച ശേഷം ചെന്നു കൂര്‍ക്ക ലേശം എടുത്ത് കഴിച്ചു. വാമഭാഗം അടുക്കളയുടെ പിന്നില്‍ എന്തോ ജോലിയിലാണ് എന്ന് ജാലകമാര്‍ഗ്ഗം ഞാന്‍ കാണുകയുണ്ടായി.

ഗ്രാന്റ്സ് നല്‍കിയ ഉണര്‍വ്വില്‍ ഞാന്‍ വീടിനു പുറത്ത് റോഡിലേക്ക് ഇറങ്ങി. ഒരു പെഗ്ഗും അടിച്ച് അങ്ങനെ റോഡില്‍ നിന്ന് തെക്കോട്ടും വടക്കോട്ടും നോക്കാന്‍ നല്ല സുഖമാണ്. അപ്പോഴാണ് നാടിന്റെ ഭംഗി അതിന്റെ തനതുരൂപത്തില്‍ ആസ്വദിക്കാന്‍ സാധിക്കുക. (മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് വെറുതെ പറയുന്നതാണ്; അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് കേരളത്തിലെ തൊണ്ണൂറു ശതമാനം പുരുഷന്മാരും പോത്തിന്‍ പുറത്ത് യാത്ര ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; അമിതമായാല്‍ അമൃതിനു പോലും ബാധകമായ നിയമം മാത്രമേ പാവം കള്ളിനും ബാധകമായിട്ടുള്ളൂ എന്ന് പറഞ്ഞില്ലെന്നു വേണ്ട).

അങ്ങനെ റോഡില്‍ നിന്നുകൊണ്ട് കുറെ നേരം പ്രകൃതിഭംഗി ആസ്വദിച്ചിട്ടു ഞാന്‍ വടക്കോട്ട്‌ നോക്കി. അതാണ് പുത്രന്‍ പോയ ദിശ. അവന്‍ സൈക്കിള് കൊടുത്തിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. വേണേല്‍ വരട്ടെ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തെക്കോട്ട്‌ നോക്കി. തെക്കോട്ടും വടക്കോട്ടും നീണ്ടു കിടക്കുകയാണ്, എന്തൂട്ട്? റോഡ്‌. തെക്കോട്ട്‌ നോക്കിയ ഞാന്‍ കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. കുറെ ദൂരെയായി ഒരു തലച്ചുമടുമായി പോകുന്നത് എന്റെ പുത്രന്‍ തന്നെയല്ലേ? ആണോ? ങേ?? സ്കൂളില്‍ നിന്നും കൊണ്ടുവരുന്ന ബാഗ് കാണുന്നിടത്ത് എറിഞ്ഞിട്ട് പോകുന്ന, കുളിക്കാന്‍ കയറിയാല്‍ ഉടുത്തിരുന്ന തുണി കുളിമുറിയില്‍ തന്നെ ഇട്ടിട്ട് വരുന്ന അവന്‍ ചുമടെടുക്കാനോ? ഏയ്‌, അത് അവന്റെ ലുക്കുള്ള വേറെ വല്ലോരും ആയിരിക്കുമെന്ന് ഞാന്‍ സമാധാനിച്ചു. എന്റെ അറിവില്‍ അവന്റെ ലുക്കുള്ള മറ്റൊരാള്‍ ലോകത്തിന്റെ ഒരു ഭാഗത്തും ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്നുകൂടി പറഞ്ഞോട്ടെ; എനിക്കൊറപ്പാ; അമ്മച്ചിയാണേ. അപ്പൊ ആ ചുമടും കൊണ്ട് പോകുന്ന പുത്രസാദൃശ്യത്തിന്റെ കൂടെ മറ്റൊരു മനുഷ്യനുമുണ്ട് എന്ന് ഞാന്‍ കണ്ടു; അതോടെ അത് അവനല്ല എന്ന് ഞാന്‍ പൂര്‍ണ്ണമായി ഉറപ്പിച്ചു. അനന്തരം ഞാന്‍ വീണ്ടും വടക്കോട്ട്‌ നോക്കി.

അപ്പോഴാണ് വീണ്ടും എനിക്കത് ഓര്‍മ്മ വന്നത്. ഓര്‍മ്മ വന്നതോടെ വേഗം മുറിയിലേക്ക് ചെന്ന് ഗ്ലാസില്‍ ബാക്കി വച്ചിരുന്ന ഗ്രാന്റ്സ് തീര്‍ത്ത ശേഷം അടുക്കള വഴി കൂര്‍ക്കയെടുത്ത് വായിലിട്ട് വീണ്ടും ഞാന്‍ റോഡിലെത്തി. എന്റെ ദൃഷ്ടികള്‍ വടക്കോട്ടും പിന്നെ തെക്കോട്ടും നീണ്ടു. ദോ വരുന്നു തെക്കുനിന്നും എന്റെ പുത്രന്‍! ങേ? അതപ്പോ അവന്‍ ആയിരുന്നോ? വടക്കോട്ട്‌ പോയ പുത്രന്‍ തെക്കുനിന്നും!! അപ്പൊ ഇവനാണോ ചുമടും കൊണ്ട് പോയത്? തന്നെ..ഇവന്‍ തന്നെ.

“മോനെ..എനിക്ക് തൃപ്തിയായെടാ..ഇനി ഗള്‍ഫീന്ന് ധൈര്യമായി ജോലി വിട്ട് എനിക്ക് നാട്ടീ വരാം. ചുമടെടുത്തിട്ടായാലും നീ അരി വാങ്ങാനുള്ള കാശ് ഉണ്ടാക്കുമെന്നെനിക്ക് ബോധ്യമായെടാ. ആദ്യമായി കിട്ടിയ കൂലി നീ അപ്പന് താടാ..” വികരവിക്ഷുബ്ധനായി അങ്ങനെ പറഞ്ഞിട്ട് ഞാന്‍ കൈ നീട്ടി.

“കൂലിയോ? പിന്നെ ഞാന്‍ തന്നിട്ട് പപ്പാ അരി കുറെ വാങ്ങും..ഹും”

പുച്ഛത്തോടെയുള്ള അവന്റെ സംസാരം എനിക്ക് കലിപ്പ് കയറ്റി; പ്രത്യേകിച്ചും ഗ്രാന്റ്സ് ഉള്ളില്‍ കിടന്ന് മാന്തുമ്പോള്‍ പറയേണ്ടല്ലോ.

“പിന്നെ എന്ത് പണ്ടാരമടക്കാനാടാ നീ തലേല്‍ ചുമടും എടുത്തോണ്ട് അങ്ങോട്ട്‌ പോയത്?” ഞാനലറി.

“ഓ അതോ..ഞാന്‍ സൈക്കിളു കൊടുത്തിട്ട് വരുമ്പോ ഒരു അപ്പൂപ്പന്‍ റേഷന്‍ കടേന്നു സാധനം വാങ്ങി ആ കനാലിന്റവിടെ നിലത്ത് വച്ച് ചുമക്കാന്‍ വയ്യാതെ നില്‍ക്കുന്നു. അതുകൊണ്ട് ഞാനത് വാങ്ങി അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടുക്കൊടുത്തു. അത് കൂലിക്കൊന്നും അല്ല ബ്രോ…” അങ്ങനെ പറഞ്ഞിട്ട് അവന്‍ വീട്ടിലേക്ക് പോയി.

ഞാന്‍ ഞെട്ടിപ്പോയാച്ച് കേട്ടോ. എടാ റേഷന്‍ കടേല്‍ പോയി അരിവങ്ങിയിട്ടു വാടാ എന്ന് മിനിമം പത്തുതവണ എങ്കിലും പറയുകയും അവസാനം ഭീഷണിയുടെ പുറത്ത് മാത്രം അനുസരിക്കുകയും ചെയ്യുന്നവന്‍ സ്വയം മനസിലാക്കി ഒരു വൃദ്ധനെ സഹായിച്ചിരിക്കുന്നു! ന്യൂജന്‍ പിള്ളേര്‍ക്ക് വിവരമില്ല എന്നും അവര്‍ മൊബൈല്‍ ഫോണ്‍ ജീവികളാണ് എന്നുമൊക്കെ പരിഹസിക്കുന്നവര്‍ അവരെ അത്ര മോശക്കാരായി കാണേണ്ട കാര്യമില്ല എന്ന് പറയാന്‍ വേണ്ടിയാണ് ഇതെഴുതിയത്. ഇന്നത്തെ മൊബൈല്‍ ഫോണ്‍ തലമുറയ്ക്ക് അതിനു തൊട്ടുമുന്‍പ് ഉണ്ടായിരുന്ന തലമുറയെക്കാള്‍ ബോധവും വിവരവും ഉണ്ട് എന്നാണ് എന്റെ വിലയിരുത്തല്‍. കൂടുതലും മുതിര്‍ന്നവര്‍ ആണ് ഇന്റര്‍നെറ്റ്‌ മൊബൈല്‍ എന്നിവ ദുരുപയോഗം ചെയ്ത് അതിന്റെ സ്വാധീനത്തില്‍ വീഴുന്നവര്‍. അത് കയം കണ്ട കന്നിന്റെ അവസ്ഥ മൂലമാണ് എന്നും എനിക്ക് തോന്നുന്നുണ്ട്.

വാല്‍ക്കഷണം:

പിന്നീട് അവനോടു ഞാന്‍ ചോദിച്ചു: “എന്തുകൊണ്ടാണ് ആ അപ്പൂപ്പനെ നിനക്ക് സഹായിക്കാന്‍ കഴിഞ്ഞത്?”

അവന്‍: “ഞാന്‍ കണ്ടതുകൊണ്ട്”

ഞാന്‍: “എന്തുകൊണ്ട് നീ കണ്ടു?”

അവനെന്റെ ചോദ്യം മനസിലായില്ല. അതുകൊണ്ട് ഞാന്‍ തന്നെ വിശദീകരിച്ചു.

“നീ നടന്നു പോയതുകൊണ്ട് മാത്രമാണ് നീ അയാളെ കണ്ടത്. സ്കൂട്ടറിലും കാറിലും കയറി മിന്നിപ്പായുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്നതും ഇതുപോലെയുള്ള മനുഷ്യരെയാണ്. ഭൂമിയില്‍ കാലുകുത്തി സഞ്ചരിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ യഥാര്‍ത്ഥ മനുഷ്യരാകുന്നത്. അപ്പോഴേ നമുക്ക് പലതും കാണേണ്ടപോലെ കാണാന്‍ സാധിക്കൂ; അതുകൊണ്ട് ഇതുപോലെ വല്ലപ്പോഴുമൊക്കെ നാട്ടിന്‍പുറത്തുകൂടി നടക്കണം. മനസ്സിലായോ?”

മനസിലായി എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി.

അടുത്ത വാല്‍ക്കഷണം:

അവന്‍ പിന്നീട് എവിടെയെങ്കിലും നടന്നു പോയതായി ചരിത്രത്തില്‍ പരാമര്‍ശമില്ല; ഇതുവരെ.

Samuel George
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply