പൊതിച്ചോർ

4467 Views

pothichoru

രാത്രി ഉറങ്ങാൻ അമ്മയുടെ മടിയിൽ കിടന്നിട്ടും എന്റെ ചിന്ത മുഴുവൻ ആ ഭ്രാന്തനെ ക്കുറിച്ചായിരുന്നു.. ഭക്ഷണം മോഷ്ടിച്ചതിന് കവലയിൽ വച്ചു നാട്ടുകാര് തല്ലിയോടിച്ച ഭ്രാന്തനെ ക്കുറിച്ച്..

അമ്മേ ഭ്രാന്തമാർ ആള്യോളെ കൊല്ലോ ..

ഇല്ല അപ്പൂ…ഒരു ഗദഗ്‌ധത്തോടെയാണ് അമ്മ അത് പറഞ്ഞത്

പിന്നെന്താ അയാൾക്ക് ആരും ഭക്ഷണം കൊടുക്കാത്തത്..

അത്.. അത്… അമ്മക്കറിയില്ല അപ്പൂ… മോനുറങ്ങിക്കോ നാളെ സ്കൂളിൽ പോകണ്ടേ…

* * * * * *

പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴിയിൽ അയാളെ വീണ്ടും കണ്ടു..ഒരു മതിലിന്റെ ഓരം ചേർന്നു കൂനിക്കൂടിയിരിപ്പുണ്ടായിരുന്നു…
അമ്മ എന്റെ ബാഗിൽ നിന്നും എന്റെ പൊതിച്ചോറെടുത്തു അയാൾക്ക്‌ നേരെ നീട്ടി.. അയാൾ പക്ഷെ തലയുയർത്തി ഒന്ന് നോക്കിയതുപോലുമില്ല.. അമ്മ പൊതി അയാൾക്കരികെ വച്ചു എന്റെ കയ്യും പിടിച്ചു നടന്നു..

അമ്മ കവലയിൽ നിന്ന് മോന് ദോശ വാങ്ങി തരാം ഉച്ചയ്ക്ക് കഴിക്കാൻ..

അമ്മയ്ക്ക് പേടിയില്ലേ അയാളുടെ അടുത്തുപോകാൻ..

മോൻ പേടിച്ചോ??

മ്..

പേടിക്കണ്ടാട്ടൊ മോനെ ഒന്നും ചെയ്യില്ല…

പിന്നെ അമ്മയെന്നും അയാൾക്കും കൂടി പൊതിച്ചോറ് കരുതി..

കനലിലിട്ടു വാട്ടിയെടുത്ത ഇലയുടെ മണം വരുമ്പോഴേ കൊതി വരും.. അതുകൊണ്ടായിരിക്കും അമ്മ പൊതിച്ചോറ് കൊടുത്ത ഉടനെ തന്നെ അയാളത് ആർത്തിയോടെ വാരി വാരി തിന്നുന്നത്… അമ്മ അത് കണ്ണീരോടെ നോക്കി നിൽക്കും.. ഇടയ്ക്കയാളുടെ തലയിലൂടെ വിരലോടിക്കും.. അത് കാണുമ്പോ
ചിലപ്പോ അയാളോട് അറപ്പു തോന്നും ചിലപ്പോ സഹതാപവും… ചിലപ്പോൾ അയാളുടെ ശരീരമാകെ മുറിഞ്ഞിട്ടുണ്ടാവും, ആരെങ്കിലും തല്ലുന്നതായിരിക്കും…അങ്ങനത്തെ ദിവസം രാത്രി അമ്മ എന്നെ നെഞ്ചോട്‌ ചേർത്തു കുറെ കരയും..

ഒരു ദിവസം സ്കൂളിന് മുന്നിൽ അമ്മയോടൊപ്പം മാമനും ഉണ്ടായിരുന്നു.. അന്ന് കൂട്ടുകാരുടെയൊക്കെ മുന്നിൽ വച്ചു ഗമയോടെയാണ് കാറിൽ കയറിയത്.. മാമൻ വരുമ്പോ വീട്ടിൽ ആകെ പെർഫ്യൂമിന്റെ മണമാണ്.. അന്ന് വീട്ടിൽ സദ്യയും ഉണ്ടാവും പോകുമ്പോ എനിക്ക് പുത്തൻ ഉടുപ്പും പൈസയും ഒക്കെ കിട്ടാറുണ്ട്.. സ്കൂളടച്ചാൽ എന്നെയും ബാംഗ്ലൂർ കാണിക്കാൻ കൊണ്ടുപോകാന്നു പറഞ്ഞിട്ടുണ്ട്..

പക്ഷെ എന്നത്തേയും പോലെ അല്ലാരുന്നു.. വീട്ടിലെത്തിയപാടെ മാമൻ അമ്മയെ തല്ലി.. വഴക്കും പറഞ്ഞു… അമ്മയുടെ അടുത്തേക്ക് ഞാൻ ഓടിയെങ്കിലും മുത്തശ്ശി എന്നെ തടഞ്ഞു
മാമന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി അമ്മ ആ ഭ്രാന്തനെ കാണുന്നതാണ് പ്രശ്നമെന്ന്….

ഭ്രാന്തുള്ളത് മറച്ചു വച്ചു ഒരിക്കൽ എന്റെ കുട്ട്യേ ചതിച്ചു.. ഇപ്പൊ ബാക്കിയുള്ള സമാധാനം കൂടെ കളയാൻ എന്തിനാ അവനിങ്ങോട്ടു വന്നത് ഈശ്വരാ.. എന്നും പറഞ്ഞു മുത്തശ്ശിയും നെഞ്ചത്തടിച്ചു കരയുന്നുണ്ടായിരുന്നു…

ഭ്രാന്തു മൂത്തു നിന്നെയും കുഞ്ഞിനേയും പൂട്ടിയിട്ട മുറിപൊളിച്ചു രക്ഷിച്ചില്ലായിരുന്നെങ്കിൽ പട്ടിണി കിടന്നിപ്പൊ ചത്തിട്ടുണ്ടാവുമായിരുന്നു… ഇനിയും ബന്ധം കൂടാൻ പോയാൽ പിന്നെ ഞങ്ങൾ തിരിഞ്ഞു നോക്കില്ല.. അതും പറഞ്ഞു മാമൻ ഇറങ്ങിപ്പോയി..

അമ്മ ചുമരിൽ മുഖം അമർത്തി കരയുന്നുണ്ടായിരുന്നു.. അല്ലെങ്കിലും ഇടയ്ക്ക് തോന്നാറുണ്ട് അമ്മ സംസാരിക്കുന്നതിലും കൂടുതൽ കരയാറാണെന്നു..

അമ്മയ്ക്ക് അറിയോ ആ ഭ്രാന്തനെ..

അമ്മ എന്റെ വായ പൊത്തി

മോൻ അങ്ങനെ വിളിച്ചൂടാ..

അപ്പൊ അയാൾ ഭ്രാന്തനല്ലേ.. ഏഴു വയസ്സുകാരന്റെ കൗതകത്തിനുമപ്പുറം അലട്ടിയിരുന്ന കുറെ ചോദ്യങ്ങളുണ്ടായിരുന്നു..

ആരും അങ്ങനെ ജനിക്കുന്നില്ല അപ്പൂ.. ചിലപ്പോ അങ്ങനെയൊക്കെ ആയിപ്പോവുന്നതാ..

അതെങ്ങനെയാ അമ്മേ

ഏഴു ജന്മങ്ങളിൽ സ്നേഹിക്കേണ്ട സ്നേഹം ചിലപ്പോ ചിലരോട് ഒരു ജന്മത്തിൽ തോന്നും.. അവരെ വിട്ടു പോകേണ്ടി വരുമോ എന്ന ചിന്ത ചിലപ്പോ ഭ്രാന്തുപോലെയാവും.. വിട്ടു പോവേണ്ടി വന്നാൽ പിന്നെ ഭ്രാന്തും..

അതെന്താ മാമനും മുത്തശ്ശിക്കും അറിയാത്തത്..

അത്… സ്നേഹം എന്നത് അനുഭവിച്ചാൽ മാത്രെ അതിന്റെ ആഴം മനസ്സിലാകൂ.. പറഞ്ഞാൽ മനസ്സിലാകില്ല മോനെ..

അതെന്താ അമ്മേ അങ്ങനെ..

അത് മോന് വലുതാവുമ്പോ മനസ്സിലാവും..

ഉത്തരം കിട്ടാതെ കുറെ ചോദ്യങ്ങളുമായി അമ്മയുടെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോ ഞാനറിയുന്നുണ്ടായിരുന്നു അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ…
അനുസരണയില്ലാത്ത പെയ്യുന്ന കണ്ണുകൾ..

പിറ്റേന്നും അമ്മയുടെ കൈയിൽ പൊതിച്ചോറ് കണ്ടു എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അമ്മയുടെ കയ്യും പിടിച്ചു നടന്നു… എന്നത്തേയും പോലെ അമ്മ അന്നും അയാൾക്കരികിലെത്തി പൊതിച്ചോറ് കൊടുത്തു.. അന്നും ആർത്തിയോടെ അയാളത് കഴിച്ചു..
പിന്നെയും അത് തുടർന്നു…
ഒരു ദിവസം ദേഹം മുഴുവൻ ചോരയൊലിപ്പിച്ചു തളർന്നു കിടക്കുന്ന അയാളെ കണ്ട് അമ്മ പൊട്ടിക്കരഞ്ഞു.. അന്ന് അമ്മ അയാൾക്ക്‌ ചോറ് വാരി കൊടുത്തു മുഖമുയർത്താതെ ഒരു കുഞ്ഞിനെപ്പോലെ അയാളത് മുഴുവൻ കഴിച്ചു.. അന്ന് സ്കൂളിൽ നിന്ന് തിരിച്ചു വരും വഴി അയാളെ ഒന്നൂടെ കണ്ടു.. അന്നാദ്യമായി ഞങ്ങളെ മുഖമുയർത്തി നോക്കി.. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചു.. പേടിച്ച് ഞാൻ അമ്മയ്ക്ക് പിറകിലൊളിച്ചു… അമ്മ എന്നെയും കൂട്ടി തിരികെ നടന്നു…

പിറ്റേ ദിവസം മുതൽ അയാളെ അവിടെ കാണാറില്ലായിരുന്നു
പക്ഷെ അമ്മ എന്നും ഒരു പൊതിച്ചോറ് കരുതും.. ഒന്നിന്റെയും പൊരുളറിയാതെ ആ മതിലിന്റെ ഓരത്തേക്കു ഞാനും നോക്കും.. മഴയും വെയിലും മാറി മാറി വന്നു ആ ഭ്രാന്തനെ എല്ലാരും മറന്നു… അമ്മ മാത്രം ഇന്നും പൊതിച്ചോറും കെട്ടി ആ വഴിയിലേക്കിറങ്ങും…. ഈ പതിനെട്ടു വർഷത്തിനിപ്പുറവും…

മാമൻ പറയും ഭ്രാന്ത് പകർന്നതാണെന്നു.. കുടുംബത്തിന് നാണക്കേടായിന്നു… പക്ഷെ ഇന്നെനിക്കറിയാം അമ്മ ഒരിക്കൽ പറഞ്ഞപോലെ സ്നേഹം അനുഭവിച്ചറിഞ്ഞാലേ അതിന്റെ ആഴം മനസ്സിലാകൂ.. പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലാന്ന്…
അതുകൊണ്ടാണ് വര്ഷങ്ങളിത്രയായിട്ടും ഒരു താലി ആരും കാണാതെ അമ്മയുടെ നെഞ്ചോട്‌ ചേർന്നു കിടക്കുന്നത്…

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply