Skip to content

മുറിയിലെ മേളങ്ങൾ

malayalam story reading

പതിവില്ലാതെ മോന്റെ റൂമിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ കേട്ടാണ് രാജനും ഭാര്യയും സ്റ്റെയർകേസ് കയറി മുകളിലേക്ക് എത്തിയത്.

അവിടെന്തൊക്കെയോ കാര്യമായി നടക്കുകയാണ്.

അലങ്കോലമായിക്കിടന്ന മേശവലിപ്പും മുഷിഞ്ഞ വിരിയും പാടേ മാറിയിരിക്കുന്നു. ചിതറിക്കിടന്ന പുസ്തകങ്ങൾ ഒതുക്കി ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. മെത്ത ചുളിവുകളില്ലാതെ വിരിച്ചിട്ടിരിക്കുന്നു.

മാറാലതൂത്ത് അടിച്ചുവാരിയ മുറി തുടയ്ക്കാൻ ഉള്ള ശ്രമത്തിലാണ് വരുൺ.

ജീവിതത്തിൽ ഇന്നോളം അങ്ങനെ ഒരു കാഴ്‌ച അവർ കണ്ടിട്ടില്ലായിരുന്നു. വന്യജീവികൾ വല്ലതും അവന്റെ മുറിയിൽ കയറിക്കൂടിയാൽ കൂടി അറിയില്ല എന്ന് പറഞ്ഞവരെ അവനെ കളിയാക്കിയിട്ടുണ്ട് അവർ.

മാസത്തിൽ ഒന്നോ മറ്റോ അതിക്രമിച്ച് കയറി തൂത്ത് വാരി വൃത്തിയാക്കിയാൽ മാത്രം വൃത്തിയാവുന്ന അവന്റെ മുറി ഇത്ര ഭംഗിയോടെ കാണാൻ പറ്റുന്നത് ഒരു അത്ഭുതമാണ്.

മൂക്കത്ത് വിരൽവെച്ച് അന്തം വിട്ടു നിക്കുന്ന അച്ഛനോടും അമ്മയോടും ചമ്മൽ ഒഴിവാക്കാൻ ഒരു ഗൗരവം മുഖത്ത് വരുത്തി അവൻ ചോദിച്ചു

‘എന്തെ മുറി അടിച്ച് വാരുന്നത് കണ്ടിട്ടില്ലേ,ഇവിടെന്താ ഉത്സവം വല്ലതും ആണോ ഇത്ര കാണാനായിട്ട് ‘

അതിനു മറുപടി പറഞ്ഞത് അമ്മയായിരുന്നു

‘ഞാൻ വൃത്തിയാക്കിയാൽ അല്ലാതെ നേരെയാവാത്ത ഓരോന്ന് നേരെയാവുമ്പോൾ പിന്നെ അത്ഭുതപ്പെടാതെ എന്ത് ചെയ്യും,പോരാത്തതിന് രണ്ടു ദിവസം കൂടി കുളിക്കുന്ന നീ ഇന്ന് കാലത്ത് തന്നെ കുളിച്ചിട്ടും ഉണ്ട്, ആഹാ, ബാത്റൂം വരെ വൃത്തിയാക്കി പളപളാ തിളങ്ങുന്ന മാതിരി, പറ കണ്ണാ,നിനക്ക് ഇത് എന്ത് പറ്റി ‘

”അമ്മ ഒന്ന് പോയെ,ഒരാൾക്ക് നന്നാവാൻ അധികം നേരം ഒന്നും വേണ്ട,എല്ലാരും ഒന്ന് പോയെ ,എനിക്ക് ഇവിടെ പിടിപ്പത് പണിയുണ്ട് ‘

റൂമിൽ നിന്നും മടങ്ങവേ മേശമേൽ ഇരുന്ന അവന്റെ ഫോണിൽ മിന്നിമറയുന്ന മെസ്സേജുകൾ കണ്ണിൽ പെട്ടു

‘റൂം അടിച്ചു വാരിയോ ടാ ? അത് കഴിഞ്ഞിട്ട് വേണം മുഷിഞ്ഞ തുണി ഒക്കെകൊണ്ട് അലക്കാൻ ഇടാൻ, ഇങ്ങനെ വൃത്തികേടാക്കി ഇട്ടിരിക്കുന്ന വീട്ടിലേക്ക് ഒന്നും ഞാൻ വരില്ല ‘

ശ്രീയെന്ന പേരിൽ സേവ് ചെയ്തിട്ടിരുന്ന ആ നമ്പറിന് അവനെ സ്വാധീനിക്കാൻ ഏറെ കഴിയുന്നുണ്ട് എന്ന് മനസിലാക്കിയിരുന്നു ‘അമ്മ അപ്പോഴേക്കും

കുത്തഴിഞ്ഞ ജീവിതശൈലിയിൽ നിന്നും അവനെ നേരെയാക്കാൻ ദൈവം കൊണ്ടുവന്നതാവും എന്നവർ ഓർത്തു,അച്ഛനോട് ഒന്നും പറയാൻ നിന്നില്ല, എവിടെ വരെ പോവും എന്നറിയാമല്ലോ

കുറച്ച് ദിവസമായി മെസ്സേജുകളായി വരുന്ന നിർദേശങ്ങൾക്ക് കയ്യും കണക്കുമില്ല, തുണിയലക്കൽ, പാത്രം കഴുക്ക്, അത്യാവശ്യം അരിവെയ്പ്പ് എല്ലാം അവൻ പഠിച്ചു.

‘ഇനി നീ അമ്മയോട് നമ്മുടെ കാര്യം പറ’,എന്നിട്ട് മെസ്സേജ് അയച്ചാൽ മതി എന്ന് കൂടി കണ്ടപ്പോൾ ഭയത്തോടെയാണെങ്കിലും അമ്മയുടെ അടുത്ത് ചെന്നു

കുഞ്ഞിപ്പിള്ളേർ കാര്യം സാധിക്കാൻ കുണുങ്ങുന്നത്പോലെ അമ്മയുടെ ചുറ്റും വട്ടം വെച്ച് നടന്ന ആ 28 കാരന്റെ മട്ടും ഭാവവും കണ്ടു ‘അമ്മ ചോദിച്ചു

‘എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ,എന്താ അത് ‘

‘അത്,,,അത് അമ്മേ ,,അത് പിന്നെ , എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു ‘

‘എന്തിനാ ഒരു വളച്ച് കെട്ടൽ ,നീ പറ ‘

‘അതില്ലേ, ഞാൻ ഈയിടെ കുറെ മാറിയില്ലേ,കുറെ നല്ല സ്വഭാവങ്ങൾ ഒക്കെ വന്നില്ലേ എനിക്ക്,അതൊക്കെ വേറൊരാൾ കാരണമാണ് ‘

‘അതാരാ ,അങ്ങനെ ഒരാൾ ‘

ശ്രീയെക്കുറിച്ചുള്ള അവന്റെ സംസാരം മുഴുക്കെ കേട്ട് ‘അമ്മ ചിരിക്കാൻ തുടങ്ങി

‘ഇനി നീ ഫോൺ എടുത്ത് നോക്കടാ’ എന്ന് മാത്രം പറഞ്ഞു

അവളുടെ പേരിനോടൊപ്പം അമ്മയുടെ നമ്പർ കൂടി അമ്മ ചേർത്ത് വെച്ചിരുന്നു അതിൽ , അവൾ അറിയാത്ത പല പണികളും ചെയ്യിപ്പിച്ചത് അമ്മയുടെ സന്ദേശങ്ങൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ വീണ്ടും ഒരു ചമ്മലും,ഒരിത്തിരി ദേഷ്യവും വന്നു

അമ്മയോട് ചെന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടത് തന്നെ അമ്മയുടെ കുടില ബുദ്ധിയിൽ തീർന്ന ഒരു പൊറാട്ടു നാടകം ആയിരുന്നു എന്നവൻ മനസിലാക്കി

‘ചമ്മണ്ട,’അമ്മ കണ്ടിരുന്നു, അവൾ ഓരോന്ന് ചെയ്യാൻ ആവശ്യപ്പെടുന്നത്,അങ്ങനെ എങ്കിലും നീ നേരെയായല്ലോ, വീടൊക്കെ വൃത്തിയാണ്,ധൈര്യമായി ഇങ്ങോട്ട് പോരാൻ റെഡി ആയിക്കോ എന്ന് ‘അമ്മ പറഞ്ഞൂന്നു പറ നിന്റെ ശ്രീയോട് ‘

പേടിയില്ലാതെ വരുൺ അന്നാദ്യമായി ശ്രീയെ വിളിച്ചു, സാധാരണ സംസാരിക്കാറുള്ളത് പോലുള്ള പതിഞ്ഞ ശബ്ദം ആയിരുന്നില്ല, ‘അമ്മ അവളുടെ പേരിൽ ബാക്കി ചെയ്യിച്ച പണികളുടെ ഒരു നീണ്ട നിരതന്നെ പറയാൻ ഉണ്ടായിരുന്നു അവളോട്. പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ കേട്ടിരുന്നു.

ആ വീട്ടിലേക്ക് വൈകാതെയുള്ള ഒരു യാത്ര സ്വപനം കണ്ടുകൊണ്ട്.

Hari Krishnan
5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!