Skip to content

സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura Book Review

സൂസന്നയുടെ ഗ്രന്ഥപ്പുര Book Review

ആദ്യമായി വിൽപ്പനക്കെത്തിയ പുസ്തകം രണ്ടാഴ്ചക്കകം വാങ്ങാനായി ചെന്നപ്പോഴേക്കും രണ്ടാം പതിപ്പ് ഇറങ്ങിയിരിക്കുന്നു. അതും ഒരു എഴുത്തുകാരന്റെ ആദ്യ നോവൽ. സാഹിത്യനിരൂപകനായ ഇദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ച ഉടനെ സാഹിത്യലോകത്തു വലിയ ചർച്ചയായപ്പോൾ, ലോകത്തെ പ്രശസ്ത എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും ചേർന്ന് സൃഷ്ടിച്ച ഈ കൃതി ഒരു സാധാരണ വായനക്കാരന് താങ്ങാനാവില്ല എന്നൊരു തോന്നലുണ്ടായിരുന്നു. എന്നാൽ വായന തുടങ്ങിയതോടെ അതെല്ലാം വെറുതെയാണെന്നും വായനയോട് ഇഷ്ടമുള്ള ആർക്കും സ്നേഹം തോന്നുന്ന രചനയെന്നും ഉറപ്പായി.

വായനയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. ആമുഖത്തിൽ എഴുത്തുകാരൻ എഴുതുന്നു – 

“ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള ആദരമാണീ നോവൽ” എന്ന്. അതെ, വായനയെ സ്നേഹിക്കുന്ന എല്ലാവരും വായിക്കേണ്ട പുസ്തകമാണിത്. എഴുത്തുകാരന്റെ വായനയുടെ ഒരു ചരിത്രമാണ് ഈ പുസ്തകം. പുസ്തകത്തിൽ ഒരിടത്തു അദ്ദേഹം എഴുതി ” ഒരാൾ എഴുതുമ്പോൾ ഒരിക്കൽ താൻ വായിച്ച എന്തിന്റെയൊക്കെയോ ആഹ്ളാദം പങ്കുവെയ്ക്കാനാണയാൾ നോക്കുന്നത്.”

(ഞാനീ കുറിപ്പ് എഴുതുന്നതും ഈ വായനയുടെ ആഹ്ലാദം പങ്കുവെക്കാനാണ് )

സൂസന്നയുടെ ഗ്രന്ഥപ്പുര – Susannayude Granthappura  Book Review

ഇതിലെ കഥാപാത്രങ്ങളെല്ലാം അവർ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ ചർച്ചയാക്കുന്നു. ഇതുമൂലം വിശ്വസാഹിത്യത്തിലെ കാഫ്ക, ദസ്തയെവ്‌സ്‌കി, ആർതർ കൊനാൻ ഡോയൽ, ബൊലാനോ, ടാഗോർ, നെരൂദ തുടങ്ങി ഒരുപാട് പേർ ഈ പുസ്തകത്തിൽ കടന്നുവരുന്നു. ബൈബിൾ, ആയിരത്തൊന്നു രാവുകൾ, മാക്ബത്ത് തുടങ്ങി എന്തും ഇതിലെ കഥാപാത്രങ്ങൾക്ക് ചർച്ചയാവുന്നു. 

മരിച്ചുപോയ നീലകണ്ഠൻ പരമാര എന്ന ഒരു പ്രശസ്ത എഴുത്തുകാരന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തത്തിന്റെ കയ്യെഴുത്ത് പ്രതി തേടി, 90കളുടെ തുടക്കത്തിൽ മറയൂരിൽ എത്തുന്ന അലി, അഭി എന്നീ ചെറുപ്പക്കാർ തന്റെ അച്ഛൻ താണ്ടിയെക്കന്റെ അയ്യായിരത്തിൽ അധികം വരുന്ന ലോക ക്ലാസ്സിക്‌ പുസ്തകങ്ങൾ സൂക്ഷിക്കുന്ന സൂസന്നയെ കണ്ടെത്തുന്നതോടെ തുടങ്ങുന്നു നോവൽ മറയൂരിലെ തണുത്ത രാത്രികളിലെ സാഹിത്യ ചർച്ചകളും കവിതാ പാരായണവും സംവാദങ്ങളുമൊക്കെയായി മുന്നേറുന്നു. വായനയും എഴുത്തും ഇഷ്ടപ്പെടുന്ന ഒരുപാട് സൗഹൃദങ്ങളിലൂടെ വളരുന്ന കഥ 2016 എത്തുന്നവരെ മുഷിപ്പില്ലാതെ കൊണ്ടുപോകുവാൻ നോവലിസ്റ്റിനു കഴിയുന്നുണ്ട്. എങ്കിലും അലി മഹാരാജാസിൽ പഠിക്കുമ്പോൾ ഉണ്ടാകുന്ന വിരസത എന്നെയും ബാധിച്ചു.

അമിതവായന മനുഷ്യനെ ഭ്രാന്തനാക്കുന്നുവെന്ന് നോവലിൽ പറയുന്നു. വായന മൂലം നഷ്ടപ്പെടുന്ന ജീവിതങ്ങളും, പുസ്തകങ്ങളെ ഉപേക്ഷിക്കുമ്പോളുള്ള വേദനയും ഈ നോവലിലൂടെ നമുക്ക് കാണാനാവുന്നു. 

എല്ലാം കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് ഇത്തരം ഒരു പുസ്തകം എഴുതിയ ആൾ എത്ര ആഴത്തിൽ നിരന്തരമായി വായിച്ചിരിക്കുമെന്നാണ്. അതിനിടയിലുള്ള ഇടവേള മാത്രമായിരിക്കും അദ്ദേഹത്തിന് ജീവിതം. വളരെകുറച്ചു വായിക്കുന്ന എന്നെപ്പോലെയുള്ളവർക്ക്‌ വായന നിർത്താതെ പോകാനുള്ള പ്രചോദമാണ് ഈ പുസ്തകം.

വായനതുടങ്ങുമ്പോൾ മുതൽ നമുക്കനുഭവപ്പെടുന്ന ഗ്രാമീണവായനശാലയുടെയും കോളേജ് ലൈബ്രറിയുടെയും ഗന്ധം വായന അവസാനിച്ചാലും ഒരുപാടുകാലം നമ്മുടെ ചുറ്റും തങ്ങിനിൽക്കും. ചർച്ചകൾക്കും കവിതകൾക്കും വേണ്ടി വീണ്ടും വീണ്ടും മറയൂരിൽ പോകാൻ തോന്നും.

സൂസന്നയുടെ ജീവിതപങ്കാളി ചോദിക്കുന്നു “നാം ഏറ്റവും സ്നേഹിക്കുന്നതിനെ ഒരുനാൾ നാം വിട്ടുകൊടുക്കണം സൂസന്നാ, ഞാൻ നിന്നെ നിനക്ക് വിട്ടുതന്നല്ലോ. നീയെന്താണ് എന്നെ എനിക്കു വിട്ടുതരാത്തത്? നീയെന്താണ് നിന്റെ പുസ്തകങ്ങളെ സ്വതന്ത്രമാക്കാത്തത്”

സൂസന്ന പുസ്തകങ്ങളെ സ്വതന്ത്രമാക്കുമോ ? അവൾക്കതിനു കഴിയുമോ ? 

വായിക്കുക നിർത്താതെ… നിർത്താതെ…

വായന കൊണ്ട് ഒന്നും സംഭവിക്കാത്തവരെ പറ്റി പറയുന്നതുപോലെ അത്ഭുതകരവും വിചിത്രവുമാണ് വായന കൊണ്ടുവരുന്ന ചിന്തകളും സ്വപ്നങ്ങളും പ്രവൃത്തികളും. യഥാർത്ഥ ജീവിതത്തിലൂടെയും, സ്വപ്നങ്ങളിലൂടെയും, സങ്കല്പങ്ങളിലൂടെയും വായിച്ച പുസ്തകങ്ങളിലൂടെയും കയറിയുമിറങ്ങിയുമുള്ള അല്പം വിസ്മയിപ്പിക്കുന്ന നോവലാണ് അജയ് പി മാങ്ങാട്ടിന്റെ “സൂസന്നയുടെ ഗ്രന്ഥപ്പുര”. ഒരുപക്ഷെ, മലയാളസാഹിത്യം പരിചയിച്ചിട്ടുള്ളതിൽ നിന്നുമൊക്കെ വേറിട്ട ഒരു ഘടനയിൽ എഴുതപ്പെട്ടത്.

ഗ്രന്ഥപ്പുരകളിൽ നിന്നും അക്ഷരങ്ങൾ  തീർക്കുമ്പോൾ

        അക്ഷരങ്ങൾ ചോർന്ന് ഭാവനകൾ തളം കെട്ടിയ അനുവാചകന്റെ  പല വായനയുടെ നദികളായിരുന്നു സൂസന്നയുടെ ഗ്രന്ഥപ്പുര എന്നനോവൽ. വിസ്മയങ്ങൾ അണിഞ്ഞൊരുങ്ങിയ ഭാവനയുടെ അക്ഷരങ്ങൾ ഗ്രന്ഥപ്പുരയെ പണിയുകയായിരുന്നു. ചർച്ചകളിലും റിവ്യൂകളിലും നിറഞ്ഞു നിന്ന .. ഒരാഴ്ച കൊണ്ട് രണ്ടാം പതിപ്പിൽ എത്തിയ നോവൽ… 

.. ഒരു ചർമവാർഷികപരസ്യത്തിലെ പെൺകുട്ടിയുടെ കണ്ണുകളിലെ പ്രകാശം നോവലിസ്റ്റിന്  സൂസന്ന എന്ന കേന്ദ്രകഥാപാത്രം ഭാവനയിൽ ഉരുത്തിരിയാൻ ഇടവരുത്തി. 

വായന ആരംഭിക്കുമ്പോൾ നിരവധി പുസ്‌തകങ്ങളും കഥാപാത്രങ്ങളുമാണ് മുന്നിലേക്ക് കടന്നു വരുന്നത്. ആദ്യ കുറച്ചു അദ്ധ്യായങ്ങൾ ലേഖനം പോലെ തോന്നിച്ചു എങ്കിലും പിന്നീട് നോവലിലേക്ക് ഉയരുന്നത് കാണാം.. 

സൂസന്നയുടെ ഗ്രന്ഥപുര എന്ന പുസ്തകത്തിന്റെ കഥയിലൂടെ ചെറിയ  ഒരു എത്തിനോട്ടം

വായനാ ഭ്രാന്തന്മാരും സാഹിത്യതൽപ്പരരുമായ രണ്ടു ചെറുപ്പക്കാരുടെ സംഭാഷണത്തിൽ കടന്നു വരുന്ന ഒരു പുസ്തകം തേടി നടത്തുന്ന അന്വേഷണത്തിലൂടെ തുടങ്ങുന്ന കഥ…. അലി എന്ന ചെറുപ്പക്കാരന്റെ കാഴ്ചപ്പാടിലും സങ്കല്പത്തിലും കൂടിയാണ് മുന്നോട്ട് പോകുന്നത്. അലിയുടെ ജീവിതത്തിന്റെ ഏടുകൾ ലോകസാഹിത്യ രചനകളെ തൊട്ടുതലോടിയാണ് പോകുന്നത്. 

“സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ ” ലോകസാഹിത്യത്തിലെ നൂറിലധികം പുസ്തകങ്ങളും എഴുത്തുകാരും കടന്നു വരുമ്പോൾ അതിനെല്ലാമിടയിലൂടെ അത് മനുഷ്യരുടെ വൈകാരിക ലോകത്തെ വിസ്മയങ്ങളിലേക്ക് സഞ്ചരിക്കുന്നത് കാണാം.. പുസ്തകങ്ങളെയല്ല മനുഷ്യരെയാണ് വായിക്കുന്നത്. 

അലിയുടെ മനോവിചാരങ്ങളും ഭ്രാന്തമായ പ്രയാണങ്ങളും കടിഞ്ഞാണില്ലാത്ത കുതിരപോൽ ഉള്ള ചിന്തകളും ഇടയിലൂടെ ഇതര കഥാപാത്രങ്ങളുടെ മനോധർമ്മങ്ങളും ഇടക്ക് അവതരിപ്പിക്കുന്നത് കൊണ്ട് ഒഴുക്കോടെയുള്ള വായന “സൂസന്നയുടെ  ഗ്രന്ഥപ്പുരയിൽ ” വെല്ലുവിളി ഉയർത്തുന്നതാണ്.. എങ്കിലും നിരവധി കഥാപാത്രങ്ങൾ നിരവധി കഥാസന്ദർഭങ്ങൾ ഇവയൊക്കെ ഒരു ചട്ടക്കൂടിൽ ഒതുക്കാൻ എഴുത്തുകാരന് സാധിച്ചു.. സൂസന്നയുടെ വായന വിശാലമായൊരു വായനപ്രപഞ്ചത്തിലേക്ക് വാതിൽ തുറക്കുന്നു. നല്ല പുസ്തകങ്ങളുടെ വായന അവസാന നാളിൽ ഒടുങ്ങുകയല്ല ഉയിർക്കുന്നതാണ് എന്നതിന് തെളിവാണ് സൂസന്ന. 

ഇനിയുമേറെ വായിക്കാൻ ഉണ്ട് ഇനിയുമേറെ അറിയാൻ ഉണ്ട് എന്ന് നമ്മളെ തോന്നിപ്പിക്കുന്ന നോവൽ… വായിച്ചു അവസാനിക്കുമ്പോൾ ആകെ ഒരു അനുഭൂതി മനസ്സിൽ അവശേഷിക്കുന്നു അതാണ് ഈ നോവലിന്റെ സൗന്ദര്യവും പ്രത്യേകതയും എന്ന് തോന്നുന്നു. 

വായന അജ്ഞതയുടെ ജഡകോശങ്ങളെ പൊഴിച്ചുകളഞ്ഞ് ജീവിതത്തെ നിരന്തരമായി നവീകരിക്കുന്നതും, വേദനകളെ തൂത്തെറിയുന്നതും, അതുപോലെ തന്നെ നേടിയതൊക്കെയും നിരതർത്ഥകമെന്നു തോന്നിപ്പിച്ചു ചാമ്പലാക്കിക്കളയുന്നതും മറഞ്ഞുകിടക്കുന്ന മുറിവുകളെ കുത്തിയുണർത്തി ഓർമ്മിപ്പിക്കുന്നതുമെല്ലാം പുസ്തകത്തിൽ വിടർന്നു തീരാത്ത പൂവിന്റെ ഇതളുകൾ പോലെ വായനക്കാരന് മുൻപിൽ വിരിയുന്നു. 

അലിയുടെ തലച്ചോർ ട്രാൻസ്‌ക്രിപ്റ്റ് ചെയ്തതുപോലെയാണ് അജയ് എഴുതിയിരിക്കുന്നത്. കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെയുള്ള ചിന്തകൾ. തികച്ചും അസംസ്കൃതമായ മനോവേഗങ്ങളും ഒന്നോടൊന്നിലേക്കുള്ള ഭ്രാന്തമായ പ്രയാണങ്ങളും. ഇതിനിടയിൽ , ഇതരകഥാപാത്രങ്ങളുടെ ഭാഗികമായ മനോധർമ്മങ്ങൾ ഇടക്ക് അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതുകൊണ്ട് ഒഴുക്കോടെയുള്ള വായന എന്നത് “സൂസന്നയുടെ ഗ്രന്ഥപ്പുര”യിൽ വെല്ലുവിളി ഉയർത്തുന്നതാണ്. ഒരുപക്ഷെ, അതിന്റെ വന്യമായ സൗന്ദര്യവും പ്രത്യേകതയും അതാണെന്ന് തോന്നുന്നു. 

ഒരു മൂല്യവർധിത ഫലം പോലെ “സൂസന്നയുടെ ഗ്രന്ഥപ്പുര” വായിച്ച് കഴിഞ്ഞാൽ വായനക്കാരന്റെ തലക്ക് പിടിക്കുന്നത് “വായന” തന്നെയാണെന്നത് രസകരമാണ്. നോവലിൽ ഉടനീളം പരാമർശിക്കപ്പെടുന്ന പുസ്തകങ്ങൾ നോവൽ നിർത്തിപ്പോന്നിടത്തു നിന്നും വായനക്കാരനെ പിന്തുടരുന്നു.

വായനാനുഭവം

ചിലപ്പോൾ ഒറ്റവരിയിലെഴുതിയ ഒരെഴുത്തു മതി. അല്ലെങ്കിൽ പണ്ടെങ്ങോ കേട്ടു മറന്ന ഒരു പാട്ടിന്റെ ചില വരികൾ. അതുമല്ലെങ്കിൽ ചുരുക്കം വാക്കുകളിൽ അവസാനിക്കുന്ന ഒരു ടെലിഫോൺ സംഭാഷണം. അത്രയും തന്നെ ധാരാളം. മറവിയിലാണ്ടുപോയ ഭൂതകാലം പൊടിയും മാറാലയും തട്ടിക്കളഞ്ഞ് തെളിഞ്ഞ ഓർമ്മകളായി തിരിച്ചു വരാൻ അധികമൊന്നും വേണമെന്നില്ല. പ്രത്യേകിച്ചും മറന്നു പോയവ അത്ര മാധുര്യമുള്ളതും ഒരു കാലത്ത്  തനിക്കേറ്റവും പ്രിയപ്പെട്ടതും ആയിരുന്നതാണെങ്കിൽ. അതിനാലാവണം ഒരുപാട് വർഷങ്ങൾക്കിപ്പുറം സൂസന്നയുടെ മകനായ പോൾ ഒന്ന് നേരിൽ കാണണം, ചിലത് സംസാരിക്കാനുണ്ട് എന്ന് ഫോണിൽ പറഞ്ഞപ്പോൾ തന്റെ ഹൃദയത്തിൽ ഓർമകളുടെ തിരതള്ളൽ അനുഭവപ്പെട്ടതായി അലിക്ക് തോന്നിയത്. ആ സംഭാഷണം ഒരുപാടു വർഷം പിറകിലേക്ക് അയാളെ നടത്തിച്ചത്, സുഹൃത്തുക്കളും എഴുത്തുകാരും എഴുതപ്പെട്ടതും എഴുതിതീരാത്തതുമായ കഥകളും അനുഭവങ്ങളും ഒക്കെയായി ആ പഴയകാലത്തിന്റെ വീഞ്ഞും ലഹരിയും അയാളുടെ സ്‌മൃതിപഥങ്ങളിൽ പതഞ്ഞു പൊങ്ങിയത്, എന്തിനായിരിക്കും അയാൾ തന്നെ കാണണമെന്ന് പറഞ്ഞത് എന്ന ആകാംക്ഷയും അതിനോടൊപ്പം എന്തായിരിക്കും അയാൾ തനിക്കു വേണ്ടി കൊണ്ടുവരിക എന്ന ജിജ്ഞാസയും അയാളുടെ മനസ്സിനെ മഥിച്ചത് – സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ വാതിൽ തുറക്കുന്നത് അങ്ങനെയൊരു കഥാസന്ദർഭത്തോടു കൂടിയാണ്. തികച്ചും സ്വാഭാവികമായ, ലളിതമായ ഒരു തുടക്കം.

ശാന്തമായി ഒഴുകുന്ന പുഴകൾ

ചില പുഴകളുണ്ട്. സമതലങ്ങളിലൂടെ ശാന്തമായി ഒരുപാട് ദൂരം ഒഴുകുന്നതും അടിത്തട്ട് പോലും വ്യക്തമായി കാണുന്ന തെളിനീരുള്ളതും. കുത്തൊഴുക്കും മലയിറങ്ങിവരുന്ന ചെളിവെള്ളവും ഹുങ്കാര ശബ്ദവും ഒന്നും അവയിലുണ്ടാവില്ല. പകരം, അവയിൽ ഇറങ്ങാനും ആ ശുദ്ധജലം കൈക്കുടന്നയിലെടുത്ത് നുകരുവാനും മനോഹരമായ ആ നദിയിൽ മുങ്ങിക്കുളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമവ. തിരക്കൊട്ടുമേയില്ലാതെ, ഒരുപാടു ദൂരം പതിയെ ഒഴുകിയതിനു ശേഷം മാത്രം എനിക്ക് സമുദ്രത്തിലെത്തിയാൽ മതി എന്നു പറയാതെ പറയുന്നവ. അവയെ ഓർമിപ്പിക്കുന്ന ഒന്നാണ് നോവലിന്റെ കഥാഗതി. കാഫ്‌കയുടെ മെറ്റാമോർഫോസിസ് പോലെ, പൊടുന്നനെ ഒരു രൂപാന്തരത്വം കൈവരുന്നില്ല അതിൽ (കാഫ്‌കയും, അദ്ദേഹത്തിന്റെ പുസ്തകവും മാത്രമല്ല, അതിലെ കഥാപാത്രങ്ങളും കടന്നു വരുന്നുണ്ട് ഈ പുസ്തകത്തിൽ, വളരെ ചെറിയ ഭാഗമായി). തുടക്കത്തിലെ ശാന്തത, അത് അവസാന പേജ് വരെ നിലനിർത്തിയിട്ടുണ്ട് എഴുത്തുകാരൻ.

താളുകൾ മറിയുമ്പോൾ, കഥയുടെ സാവധാനമുള്ള എന്നാൽ ഒട്ടും മടുപ്പിക്കാത്തതും വിരസത തോന്നിക്കാത്തതുമായ മുന്നോട്ടുപോക്കിൽ, തികച്ചും അമ്പരപ്പുളവാക്കുന്ന ചിലതുണ്ട്. ഒരെഴുത്തുകാരന്റെ ആദ്യ നോവലാണിത് എന്നതാണ് അതിലാദ്യത്തേത്. പതിഞ്ഞ ശബ്ദത്തിൽ കഥ പറയുക എന്നതും ഒരു കലയാണ് എന്ന തിരിച്ചറിവാണ് അടുത്തത്. അതിനപ്പുറം, ശീഘ്രഗതിയിൽ, ചടുലതയോടെ, കഥയുടെ മുന്നോട്ടുള്ള വഴികളുടെ ഓരോ വളവിലും തിരിവിലും ഒരുപാടു മാറ്റങ്ങൾ എഴുതിച്ചേർക്കുന്ന രീതിയെക്കാൾ യഥാർത്ഥത്തിൽ ഏറെ വിഷമമേറിയതാണ് കഥയുടെ വേഗം നിയന്ത്രിച്ച്, ആദ്യാവസാനം ഒരേ പോലെ കൊണ്ടുപോവുക എന്നതും മനസ്സിലാക്കുന്നുണ്ട് വായനക്കാരൻ.

നോവലിനുള്ളിലേക്ക്, കഥകൾക്കുള്ളിലേക്ക്

വൻ മരങ്ങളുടെ വേരുകളെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? മരത്തിൽ നിന്നും തുടങ്ങുന്ന ഒന്നായല്ല, മറിച്ച്, വേരുകളിൽ നിന്നാരംഭിച്ച്, വൃക്ഷത്തിലവസാനിക്കുന്ന ആ യാത്രയും വേരുകൾ കടന്നുപോവുന്ന വഴികളും മനസ്സിൽ വരുന്നുണ്ടോ? വന്യവും മോഹനവുമായവ മാത്രമല്ല, സ്വയം കണ്ടെത്തേണ്ടവ കൂടിയായ വ്യത്യസ്തങ്ങളായ ഭൂമികകൾ ആ വേരുകൾക്കും മരത്തിനുമിടക്കുണ്ടാവും. അത് തീർച്ചയാണ്.

ആ വേരുകളിൽ ചിലത് തുടങ്ങുന്നത് സമുദ്രത്തിൽ നിന്നാവാം, ചിലത് അരുവികളിൽ നിന്ന്, മറ്റു ചിലത് ചതുപ്പു നിലങ്ങളിൽ നിന്ന്, ചിലത് പരന്നു കിടക്കുന്ന ജലാശയങ്ങളിൽ നിന്ന്, ചിലതാവട്ടെ പാറയിടുക്കുകളിൽ നിന്നും. വൃക്ഷത്തിലേക്കെത്തും മുൻപു തന്നെ, അവ കണ്ടുമുട്ടിയിട്ടുണ്ടാവാം, വിശേഷങ്ങൾ അറിയിച്ചിട്ടുണ്ടാവാം, വേദനകളും പരിഭവങ്ങളും പരസ്പരം പങ്കുവെച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ തന്നെ, വേരുകളോളം മരത്തെ അറിയുന്ന മറ്റെന്തുണ്ടാവും!

അതുപോലെയുള്ള ഒരു കൂടിച്ചേരലാണ് നോവലിലുടനീളം വായനക്കാർ അനുഭവിച്ചറിയുക. ഒരുപാട് യാത്രകൾ, പലതരം എഴുത്തുകാർ, അവരുടെ പുസ്തകങ്ങൾ, ആ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ, ആ പുസ്തകങ്ങളുടെ വായനക്കാർ, മറ്റു വായനക്കാരും എഴുത്തുകാരുമായുള്ള അവരുടെ സുഹൃത്‌സംഗമങ്ങൾ, അവരുടെ തികച്ചും വ്യത്യസ്തമായ ജീവിതങ്ങൾ, ജീവിതാനുഭവങ്ങൾ – അങ്ങനെയൊരുപാട് കാര്യങ്ങൾ കൂട്ടിയിണക്കിയിട്ടുണ്ട് നോവലിൽ. പ്രധാന കഥാതന്തു അതേപോലെ നിലനിർത്തി, ഇത്തരം കണ്ണികൾ അതിലെമ്പാടും കൃത്യമായി ഇണക്കിച്ചേർത്തിട്ടുണ്ട് എഴുത്തുകാരൻ. ആ കണ്ണികളിലൊന്നുപോലും ദുർബലമല്ല. അതുപോലെ തന്നെ, ആ കൂട്ടിയിണക്കലുകൾ ഒന്നുപോലും വ്യർത്ഥമായോ ഏച്ചുകെട്ടലുകളായോ തോന്നുകയുമില്ല. അതിനെല്ലാമുപരി, ഇത്രയും കാര്യങ്ങൾ കൂടിച്ചേർന്നിട്ടുണ്ട് എന്ന് ഒരിക്കൽ പോലും തോന്നാത്തത്ര ലളിതമായ ആഖ്യാനരീതിയാണ് പുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത്. ഒരിടത്തും ദുർഗ്രാഹ്യതയുടെ നേർത്ത പാട പോലും കാണാനാവില്ല.

പോളുമായുള്ള ടെലിഫോൺ സംഭാഷണം, സൂസന്നയെ ആദ്യമായി കാണാൻ പോയ അനുഭവമാണ് അലിയെ ഓർമ്മിപ്പിക്കുന്നത്. തികച്ചും യാദൃശ്ചികമായി മനസിലേക്ക് വന്ന ഒരു പുസ്തകത്തിന്റെ പേര് – നീലകണ്ഠൻ പരമാരയുടെ ‘വിഷാദത്തിന്റെ ശരീരഘടന’ – അയാളിൽ  കൗതുകമുണർത്തുന്നതും, അത് ഒരു യാത്രയിലേക്ക് നീളുന്നതും, ആ യാത്ര സൂസന്നയുടെ വീട്ടിലവസാനിക്കുന്നതും അയാൾ ഓർത്തെടുക്കുന്നുണ്ട്. എല്ലാറ്റിന്റെയും തുടക്കം അവിടെ നിന്നായിരുന്നല്ലോ. അന്നും പോളുണ്ട്, സൂസന്നയുടെ കൈക്കുഞ്ഞായി. പുസ്തകത്തെപ്പറ്റി ഒരു വിവരവും ലഭിക്കാതെ സുഹൃത്ത് അഭിയോടൊപ്പം നിരാശനായി മടങ്ങുമ്പോൾ, അണിയറയിൽ അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പുകൾ കാലം അയാൾക്ക് വേണ്ടി നടത്തുന്നുണ്ട്. അനന്തതയിലേക്ക് നീളുന്ന അലിയുടെ യാത്രകൾ സ്ഥലങ്ങളിലേക്ക് മാത്രമല്ല, പുസ്തകങ്ങളിലേക്കും, അവയുടെ എഴുത്തുകാരിലേക്കും കഥാപാത്രങ്ങളിലേക്കും കൂടിയാണ്. തുടർന്ന് കൊണ്ടേയിരിക്കുന്ന മനോഹരമായ ഒരു യാത്ര!

വായനക്കാരൻ കഥാപാത്രത്തോടു ചേർന്ന് നിൽക്കുന്ന അനുഭവങ്ങൾ

ഒരു പുസ്തകം വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളിൽ അല്ലെങ്കിൽ അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളിൽ, അങ്ങനെയെവിടെയെങ്കിലും തന്നെ അല്ലെങ്കിൽ താനറിയുന്നവരെ, അവരുടെ അനുഭവങ്ങളെ – അതെത്ര ചെറുതായാലും പോലും – ഒരു വായനക്കാരനു ദർശിക്കാനായാൽ അത് തീർച്ചയായും എഴുത്തുകാരന്റെ പ്രാഗത്ഭ്യം തന്നെയാണ് എന്നാണ് വ്യക്തിപരമായ വിശ്വാസം. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യിലൂടെ കടന്നുപോവുമ്പോൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ കാണാനായി. അതിൽ ഒരുപാട് യാത്രകളും പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള, ചിരപരിചിതമായ സ്ഥലനാമങ്ങളും മാത്രമായിരുന്നില്ല സാമ്യതക്ക് കാരണമായി ഉണ്ടായിരുന്നത്. 

പായയിൽ പൊതിഞ്ഞുകെട്ടിയ ശവശരീരവുമായി, വഴിയരികിലെ പൊടിമണ്ണും പുളിയിലകളും പറത്തി, പാഞ്ഞുപോവുന്ന ജീപ്പിൽ നിന്നും ഉയർന്ന കൂട്ടക്കരച്ചിൽ. ഒൻപതു വയസിൽ കേട്ട ആ നിലവിളി ഇപ്പോഴുമുണ്ട് മനസ്സിൽ. പിന്നെയൊരിക്കൽ, കടുത്ത വേനലിൽ ഉച്ചഭക്ഷണ സമയത്ത് കുടിവെള്ളം തേടി സ്‌കൂളിനടുത്തുള്ള വലിയ പറമ്പിൽ പോയതും അധികം ആഴമില്ലാത്ത, എന്നാൽ ആൾമറയില്ലാത്ത കിണറ്റിൽ വീണതും, കൂടെയുണ്ടായിരുന്ന കൂട്ടുകാർ എങ്ങനെയോ പുറത്തേക്ക് എടുത്തുപൊക്കി രക്ഷപെടുത്തിയതും. ഇറച്ചിവെട്ടുകാരുടെ കുടുംബത്തിൽ നിന്നും വന്ന സ്‌കൂളിലെ ആത്മാർത്ഥ സുഹൃത്ത് ഒരു പോത്തിനെ അവരെങ്ങനെയാണ് കൊല്ലുന്നത് എന്ന് വിശദമായി പറഞ്ഞുതന്നത്. ‘എന്നാൽ പോവുകയല്ലേ?’ എന്ന ഒറ്റച്ചോദ്യത്തിന് മറുചോദ്യങ്ങളെറിയാതെ, എന്തിനുമേതിനും കൂട്ടു വന്നിരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ, അവരോടൊപ്പമുള്ള നീണ്ട യാത്രകൾ, കുട്ടിക്കാലത്തു വായിച്ച ചില പുസ്തകങ്ങൾ, അവയിലെ വിചിത്ര കഥാപാത്രങ്ങൾ, അങ്ങനെയൊരുപാട് കാര്യങ്ങൾ.

താനറിയാതെ തന്നെ, പുസ്തകത്തിലെവിടെയോ ഒരു കുഞ്ഞു കഥാപാത്രമായി വായനക്കാരൻ മാറുന്നുണ്ടെങ്കിൽ അതല്ലേ എഴുത്തുകാരന്റെ ഏറ്റവും വലിയ വിജയം?

 

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾ

പറയേണ്ട ഒരു പ്രധാന കാര്യം അതു തന്നെയാണ്. സ്വന്തം വ്യക്തിത്വത്തിൽ അഭിമാനിക്കുകയും തികഞ്ഞ ആത്മവിശ്വാസം കൈമുതലാക്കിയവരുമാണ് ഈ പുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങൾ. എഴുത്തുകാരന്റെ തന്നെ വാക്കുകളിൽ, അതിഥികളെ അടുപ്പമുള്ള സ്നേഹിതരെപ്പോലെ എന്നും സ്വീകരിച്ച, ഒരുപാടു വിചിത്ര സ്നേഹങ്ങളെയും ആകുലതകളെയും ഒരുമിച്ചു കൊണ്ടുപോയ, സ്നേഹിതരുടെ കലഹങ്ങൾ ക്ഷമയോടെ കേട്ട, സാഹിത്യവും സംഗീതവും ശാസ്ത്രവും സംസാരിച്ച, അറിവുകളും ആശങ്കളും പങ്കിട്ട സൂസന്നയിൽ തുടങ്ങുന്നു അവരുടെ നിര.

സൂസന്നയുടെ ഇളയ സഹോദരിയെപ്പോലെയോ അംഗരക്ഷകയെപ്പോലെയോ അവരോടൊപ്പം ജീവിച്ച സരസ, നാടുവിട്ടുപോയ, ഇടയ്ക്കിടെ അത് തുടരുന്ന ചന്ദ്രന് തന്റെ വീട്ടിലെ ഒരു മുറിയിൽ കഴിയാൻ അനുവാദം നൽകിയ ജല, സ്നേഹമാണ് ഏറ്റവും വലിയ സിദ്ധിയെന്ന് ആളുകളെ പഠിപ്പിച്ച മേരിയമ്മ, നാടകീയമായ രീതിയിൽ അലിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന അമുദ, ഒരു കാലിന് നീളം കുറവാണെന്നതും മുടന്തുണ്ടെന്നതും നിസാരമാക്കി സൈക്കിളിൽ പോവുന്ന ലക്ഷ്മി, കണ്ണ് കാണാനാവാത്ത മ്യൂസിഷ്യൻ കൃഷ്ണന് താമസസ്ഥലവും സംരക്ഷണവും നൽകിയ ഫാത്വിമ, പ്രകോപനത്തിന്റെ ആളാണെങ്കിലും അതെ അളവിൽ അല്ലെങ്കിൽ അതിലേറെ പ്രചോദനവും പ്രോത്സാഹനവും നൽകുന്ന മതി എന്ന ഭാനുമതി. പേരുകൾ ഇനിയുമുണ്ട് …

മറുവശത്ത് കാഫ്‌കയുടെ സഹോദരിമാരിൽ, അദ്ദേഹത്തിന്റെ ‘ട്രയൽ’ എന്ന രചനയിലെ പെൺകുട്ടിയിൽ, അങ്ങനെ മറ്റു പുസ്തകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളായും, ആ പുസ്തകങ്ങളുടെ രചയിതാക്കളുടെ യഥാർത്ഥ ജീവിതത്തിലെ സ്ത്രീകളായും പല പേരുകൾ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യിൽ കടന്നു വരുന്നു! മേൽപ്പറഞ്ഞതു പോലെ, കരുത്തിന്റെ പ്രതീകങ്ങളായി, ശിരസ്സുയർത്തി, പുഞ്ചിരിയോടെ അവർ നിൽക്കുന്നു. തങ്ങളുടെ അന്തസും മാന്യതയും പ്രദർശിപ്പിച്ചും, അതു പൂർണമായി ഉൾക്കൊണ്ടും.

വായിച്ചു തീരുമ്പോൾ

ആദ്യ പേജിൽ പ്രതിപാദിച്ച പോളിന്റെ ടെലിഫോൺ സംഭാഷണം വായനക്കാരിൽ ഉണർത്തുന്ന ജിജ്ഞാസയും കൗതുകവും ഇരുനൂറ്റി അൻപത്തി നാലു പേജുകൾക്കപ്പുറവും നിലനിർത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. അതിലെവിടെയും കഥയുടെ രസച്ചരട് പൊട്ടിപോവുന്നില്ല, ഒഴുക്ക് മുറിയുന്നുമില്ല. അവസാന ഭാഗങ്ങളിലൊന്നിൽ സൂസന്നയുടെ ജീവിതപങ്കാളി പറയുന്നുണ്ട് – ‘നാം ഏറ്റവും സ്നേഹിക്കുന്നതിനെ ഒരുനാൾ നാം വിട്ടുകൊടുക്കണം സൂസന്നാ, ഞാൻ നിന്നെ നിനക്ക് വിട്ടുതന്നല്ലോ. നീയെന്താണ് എന്നെ എനിക്കു വിട്ടുതരാത്തത്?’. അങ്ങനെ വിട്ടുകൊടുക്കാൻ സൂസന്നക്ക് കഴിയുമോ എന്നതും സൂസന്നയുടെ ഗ്രന്ഥപ്പുരക്ക് എന്ത് സംഭവിക്കുന്നു എന്നതും പുസ്തകത്തിൽ നിന്നും തന്നെ വായിച്ചറിയണം. ആ അറിവുകൾ അനുഭൂതിയായി, ഒരു തിരിച്ചറിവായി, വായനക്കാരുടെ മനം നിറയ്ക്കും, ഉറപ്പാണത്. 

പറയേണ്ട മറ്റൊന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിലോ, സോഷ്യൽ മീഡിയയിലോ ഒന്നും മാർക്കറ്റിംഗ് എന്ന രീതിയിൽ ഒരു ഇടപെടലും എഴുത്തുകാരൻ നടത്തിയതായി അറിവില്ല. നല്ല പുസ്തകങ്ങൾ, അവ വായനക്കാരെ തേടിച്ചെല്ലുക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടെന്ന് തോന്നിപ്പിച്ചു അത്. പുസ്തകത്തിന്റെ ആദ്യ താളുകളിലൊന്നിൽ ഒരു ചെറിയ കുറിപ്പുണ്ട് അദ്ദേഹത്തിന്റെ. അതിങ്ങനെയാണ് അവസാനിക്കുന്നത് – ‘ഈ നോവൽ, ഇതിനേക്കാൾ മികച്ച നോവലുകൾക്കും ഈ കഥാപാത്രങ്ങൾ, ഇവരെക്കാൾ ഉജ്വലരായ മനുഷ്യർക്കും നൽകുന്ന സ്നേഹമായി എടുക്കുക’. ഇതിലും എളിമയോടെ, വിനയത്തോടെ തന്റെ കൃതി വായനക്കാർക്കു മുൻപിൽ എങ്ങനെയാണ് ഒരു എഴുത്തുകാരൻ അവതരിപ്പിക്കുക!

യാതൊരു അവകാശവാദങ്ങളും ഇല്ലാതെ, സ്വന്തം പേരിന്റെയോ മുൻകൃതികളുടെയോ ഭാരമേതുമില്ലാതെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ വായനക്കാർക്കായി തുറന്നു കൊടുത്തിരിക്കുന്നു അജയ് പി. മങ്ങാട്ട്. വശ്യവും മനോഹരവുമായ ഈ ഗ്രന്ഥപ്പുര, അനുവാചകരുടെ മനസുകളിൽ മാധുര്യം നിറയ്ക്കുക തന്നെ ചെയ്യും. തങ്ങളിതുവരെ കാണാത്ത ഒരു മായാലോകത്തിലേക്ക് അവരെ കയറ്റിവിടും, തികച്ചും സാധാരണക്കാരായ വായനക്കാരുടെ മനസുകൾ പോലും അത് കീഴടക്കും. അത്രയും മികച്ച ഒരു സൃഷ്ടിയാണത്. സംശയമേതുമില്ല അക്കാര്യത്തിൽ.

സൂസന്നയുടെ ഗ്രന്ഥപ്പുര ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണ്.

പല ആളുകളോടും ഈ ഒരു ആർട്ടിക്കിളിനു കടപ്പാട് ഉണ്ട്. ഇതിൽ വായനാനുഭവം എന്നത് തൊട്ടുള്ള ഭാഗത്തിന് ദിൻകർ മോഹന പൈ എന്നയാളോട് കടപ്പെടുന്നു.

സൂസന്നയുടെ ഗ്രന്ഥപ്പുര – അജയ് പി. മങ്ങാട്ട് എഴുതിയ ആദ്യ നോവൽ

പ്രസാധകർ – മാതൃഭൂമി ബുക്‌സ്

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!