Skip to content

വീഡിയോ എടുത്ത കാമുകനോട് കാമുകി ചെയ്‍ത പ്രതികാരം

kamukan kamuki prathikaram

“നിങ്ങൾ അറിഞ്ഞില്ലേ ???… നാരായണൻ ചേട്ടന്റെ മകളുടെ മറ്റേ വീഡിയോ പുറത്തിറങ്ങിയെന്ന്… ഏതോ ഒരു പയ്യനും ഉണ്ട് കൂടെ ”

“എന്തായിരുന്നു അങ്ങേരുടെ ഒരു നെഗളിപ്പ്… സ്വന്തം മക്കളെ നേരാവണ്ണം വളർത്താൻ കഴിയാത്ത ഇവനൊക്കെ പോയി തൂങ്ങി ചത്തൂടെ ”

ഗോപാലേട്ടന്റെ ചായക്കടയിൽ കൂട്ടച്ചിരി മുഴങ്ങിയതും നിമിഷ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. അവൾ ലൈറ്റ് ഓൺ ചെയ്തു ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നിലേക്ക് അടുക്കുന്നു.

നെറ്റിയിൽ നിന്നും കവിളിലേക്ക് ഊർന്നിറങ്ങുന്ന വിയർപ്പ് കണങ്ങൾ ഓരോന്നും അവൾ തുടച്ചെടുത്തു.

കണ്ണടച്ചാൽ മനസ്സിനെ അസ്വസ്ഥമാക്കുന്ന ദുസ്വപ്നങ്ങൾ മാത്രം. നന്നായിയെന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ഏഴായി.

അവൾ മൊബൈൽ ഫോണെടുത്തു. നവീൻ അവസാനമായി അയച്ച വാട്സാപ്പ് മെസ്സേജ് ഒരിക്കൽക്കൂടി വായിച്ചു നോക്കി.

“ഇനിയും നിന്റെ തീരുമാനം അറിയിച്ചില്ലെങ്കിൽ ഞാൻ ആ കടുംകൈ ചെയ്യും ”

ഓരോ തവണ അത് വായിക്കുമ്പോഴും മനസ്സ് കൂടുതൽ അസ്വസ്ഥമാകുന്നത്പോലെ അവൾക്ക് തോന്നി.

ഒരു വർഷം മുൻപാണ് അവൾ നവീനെ ആദ്യമായി കണ്ടുമുട്ടിയത് .അവളുടെ പ്രിയകൂട്ടുകാരി ലക്ഷ്മിയുടെ ചേട്ടനും കോളേജിലെ തന്റെ സീനിയറുമായിരുന്നു നവീൻ അന്ന്.

നവീനുമായുള്ള സൗഹൃദം ഗാഢമായ പ്രണയത്തിലേക്ക് തെന്നിമാറിയത് വളരെ പെട്ടെന്നായിരുന്നു. ലക്ഷ്മിപോലും അറിയാതെ ആ ബന്ധം കൂടുതൽ ദൃഢമായി വളർന്നു.

പഠിത്തം കഴിഞ്ഞാലുടൻ പ്രണയത്തെ കുറിച്ച് വീട്ടുകാരോട് പറയാമെന്നും അവർ എതിർത്താലും ഇല്ലെങ്കിലും അവളെ വിവാഹം കഴിക്കാമെന്നും അവൻ ഉറപ്പ് നൽകിയപ്പോൾ അവളത് വിശ്വസിച്ചു.

ഒരിക്കൽ ഒരു ഹോട്ടൽ മുറിയിൽവെച്ച് തന്റെ ശരീരം ആവശ്യപ്പെട്ട അവനോട് അത് പറ്റില്ലെന്ന് നിർദാക്ഷിണ്യം പറഞ്ഞതാണ്. തന്റെ പ്രണയത്തെ വിശ്വാസമില്ലെങ്കിൽ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് അവൻ ശാഠ്യം പിടിച്ചതോടെ അവൾക്കും സമ്മതിക്കേണ്ടി വന്നു.

അടുത്ത ദിവസം അവളുടെ ഫോണിലേക്ക് അവന്റെ ഒരു വീഡിയോ സന്ദേശം വന്നു. നവീനുമായി ശരീരം പങ്കുവെക്കുന്ന ചിത്രം അവൻ തന്നെ മൊബൈൽ കാമറയിൽ പകർത്തിയിരിക്കുന്നു. വീഡിയോയുടെ കൂടെ അവന്റെ ഒരു ഭീഷണി കുറിപ്പും.

താൻ ആവശ്യപ്പെടുന്ന സന്ദർഭങ്ങളിലെല്ലാം അവൾ അതിന് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ഈ ചിത്രങ്ങൾ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും ആ ഭീഷണികുറിപ്പിലുണ്ടായിരുന്നു.

താൻ പ്രാണന് തുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത നവീൻ തന്നെ ചതിക്കുകയായിരുന്നെന്ന സത്യം ഉൾകൊള്ളാൻ അവൾക്കാദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഒരിക്കൽപോലും അവർ തമ്മിൽ കണ്ടുമുട്ടിയിട്ടില്ല. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും അവന്റെ ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടേയിരുന്നു.

ഇങ്ങനെ തീ തിന്ന് ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന് നിരവധി തവണ ആലോചിച്ചിരുന്നു. പക്ഷേ, തന്റെ മരണശേഷം പപ്പയുടെയും മമ്മയുടെയും ജീവിതം ഇരുട്ടിലാകുമെന്ന് അവൾക്കറിയാമായിരുന്നു.

സമയം അഞ്ചര മണി കഴിഞ്ഞിരിക്കുന്നു. ചെരിഞ്ഞും മലർന്നും ഉറക്കം വരാതെ സമയം തള്ളിനീക്കിയിരുന്ന അവൾ ഇപ്പോൾ ഉറക്കത്തിലേക്ക് വീണിരിക്കുന്നു.

അന്നേ ദിവസം അവളുണർന്നത് ചില തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ടായിരുന്നു.

അവൾ കുളിച്ചൊരുങ്ങി മുറ്റത്തേക്ക് ചെന്നു. കോഴിത്തള്ളയെയും കുഞ്ഞുങ്ങളെയും കൂട്ടിൽ കയറ്റാൻ മത്സരിച്ചു ഓടുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു.

“ഞാൻ ലക്ഷ്മിയുടെ വീട്ടിലേക്ക് പോകുന്നു… നാളെയൊരു പരീക്ഷയുണ്ട്… അവളുടെ കൂടെ പഠിക്കാമെന്ന് കരുതി… ഞാൻ നാളെ രാവിലെ മാത്രമേ വരുകയുള്ളൂ ”

പതിവിൽ നിന്ന് വ്യത്യസ്തമായി അവൾ അവരുടെ കാൽതൊട്ട് വന്ദിച്ചു. ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്ന അവരോട് അവൾ പറഞ്ഞു.

“ഈ പരീക്ഷ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്… ഞാൻ ജയിച്ചു വരാൻ നിങ്ങൾ മനസ്സുരുകി പ്രാർത്ഥിക്കണം ”

അവർ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ തിരിച്ചു നടന്നിരുന്നു.

ലക്ഷ്മിയുടെ വീട്ടിലെത്തിയതും അവർ അവളെ ഹൃദ്യമായി സ്വീകരിച്ചു. ആദ്യമായി വീട്ടിലേക്ക് താമസിക്കാൻ വന്ന അതിഥിയെ സ്വീകരിക്കാൻ അവർ ഉല്സാഹം കാണിച്ചു.

ലക്ഷ്‌മിക്കപ്പോഴും നിമിഷയിലെ ഈ മാറ്റത്തെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.താൻ നിരവധി തവണ അവളെ വീട്ടിലേക്ക് ക്ഷണിച്ചതാണ്. അപ്പോഴെല്ലാം എന്തെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന അവളിന്ന് വിളിക്കാതെ തന്നെ വന്നിരിക്കുന്നു.

സമയം ഒമ്പതര കഴിഞ്ഞെത്തും നവീൻ വന്നു . തന്റെ വീട്ടിലെ സ്വീകരണ മുറിയിൽ സ്വന്തം അനിയത്തിയുടെ തോളിൽ കയ്യിട്ടു ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന നിമിഷയെ കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു.

“ഇവളെങ്ങനെ ഇവിടെയെത്തി ???”

“ചേട്ടാ… ഇതെന്റെ ഫ്രണ്ട് നിമിഷ… ചേട്ടൻ കോളേജിൽ ആയിരുന്നപ്പോൾ കണ്ടിട്ടില്ലേ ഇവളെ എന്റെ കൂടെ ??”

“ഹ്മ്മ്… കണ്ടതായി ഓർക്കുന്നു ”

നവീന്റെ മനസ്സാകെ അസ്വസ്ഥമാകാൻ തുടങ്ങി. ഇവൾ അച്ഛനോടും അമ്മയോടും കാര്യങ്ങൾ അവതരിപ്പിച്ചാൽ ആകെ കുഴപ്പമാകും. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

തീന്മേശക്ക് ചുറ്റും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അവൻ ഇടംകണ്ണിട്ട് അവളെത്തന്നെ നോക്കികൊണ്ടിരുന്നു.

കൈകഴുകാൻ വാഷ്‌ബേസിന് നേരെ നടന്ന അവുടെ പിറകെ അവനും ചെന്നു. ആരും ശ്രധിക്കില്ലെന്ന് ബോധ്യമായപ്പോൾ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു.

“അച്ഛനോടും അമ്മയോടും പറയാനാണ് വന്നതെങ്കിൽ ഇന്ന് തന്നെ ഞാനതെല്ലാം നെറ്റിൽ ഇടും… മര്യാദക്ക് നാളെ അതിരാവിലെ തന്നെ സ്ഥലം വിട്ടോ ”

നിമിഷ അവനോട് ഒന്നും പറഞ്ഞില്ല. പകരം, അവനെ തീക്ഷണമായൊന്ന് നോക്കി.

അടുത്ത ദിവസം അവൻ പതിവിൽ നിന്നും വളരെ നേരെത്തെ എഴുന്നേറ്റു. നിമിഷയെ തിരഞ്ഞ് വീടിനകം നടന്നു. കണ്ടില്ല . അടുക്കളയിൽ പാത്രങ്ങൾ കഴുകകയായിരുന്ന ലക്ഷ്മിയോടവൻ സമ്മർദ്ദം പുറത്തുകാണിക്കാതെ സ്വാഭാവികമായി ചോദിച്ചു.

“നിന്റെ ഫ്രണ്ട് എവിടെ ??”

“അവൾ അതിരാവിലെ തന്നെ പോയല്ലോ”

അവന്റെ മനസ്സ് സന്തോഷം പെരുമ്പറകൊട്ടി. അവൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് നടന്നു. തന്റെ ഇന്നലത്തെ ഭീഷണി അവളെ ഭയപ്പെടുത്തിയെന്ന് അവൻ കരുതി. ഫോണെടുത്തു. ഇന്റർനെറ്റ്‌ ഓണാക്കി.

വാട്സാപ്പ് തുറന്നപ്പോൾ നിമിഷയുടെ മൂന്ന് സന്ദേശങ്ങൾ വന്നിരുന്നതായി നോട്ടിഫിക്കേഷൻ ബാറിൽ തെളിഞ്ഞു. അവൻ ആകാംഷാപൂർവ്വം അത് തുറന്നുനോക്കി.

മൂന്ന് വിഡിയോകൾ.

ഓരോന്നും ആകംഷപൂർവ്വം അവൻ നോക്കി.

കുളിമുറിയിൽ നിന്ന് വസ്ത്രം മാറുന്ന ഒരു മധ്യവയസ്‌ക. അതും പരിചയമുള്ള മുഖം. അവൻ പരിഭ്രമത്തോടെ ആ മധ്യവയസ്കയുടെ മുഖം സൂം ചെയ്ത് നോക്കി.

“അമ്മ !!!!!….എന്റെ വീട്ടിലെ ബാത്റൂം ”

രണ്ടാമത്തെ വിഡിയോയിൽ ചേട്ടന്റെ ഭാര്യ.

മൂന്നാമത്തെ വിഡിയോയിൽ ലക്ഷ്മി.

അവൻ തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിക്കാതെ തലയിൽ കൈവെച്ചു.

“ദൈവമേ… ഇവളിത് ആർക്കെങ്കിലും അയച്ചു കൊടുക്കുമോ… ഞാൻ കാരണം, എന്റെ അമ്മ, അനിയത്തി, ചേച്ചി…. ”

അവന്റെ ചിന്തകൾ കാടുകയറി സഞ്ചരിക്കാൻ തുടങ്ങുന്നതിന് മുൻപേ മൂന്നാമത്തെ മെസ്സേജും.

“നീ എന്താണ് കരുതിയത്….. നിനക്ക് മാത്രമേ ഈ വിദ്യ അറിയുമെന്നോ ??…നീ എന്റെ വീഡിയോ അപ്‌ലോഡ് ചെയ്താൽ അപമാനിക്കപ്പെടുന്നത് ഞാൻ മാത്രമാണ്… പക്ഷേ, എന്റെ കയ്യിലുള്ള വിഡിയോകൾ ഞാൻ ഷെയർ ചെയ്താൽ ഒരു കുടുംബം മുഴുവൻ അപമാനിക്കപ്പെടും….

പക്ഷേ, ഞാനിത് ചെയ്യില്ല… കാരണം, ഞാൻ നിന്നെപ്പോലെ ചെറ്റയല്ല…. നിന്റെ അമ്മയെ എന്റെ സ്വന്തം അമ്മയായി കണ്ടുപോയി. … നിന്റെ അനിയത്തിയേയും ചേട്ടത്തിയെയും എന്റെ കൂടപ്പിറപ്പുകളായി കണ്ടുപോയി…

അത്കൊണ്ട് നീ എനിക്കയച്ച വീഡിയോ ഞാൻ പൊലീസിന് കൈമാറിയിട്ടുണ്ട്. അവരിപ്പോൾ നിന്നെ അറസ്ററ് ചെയ്യാൻ വരും…. നീ വേഗം ഗേറ്റിന് പുറത്തേക്ക് നിന്നോ… വീട്ടിലൊരു സീൻ ഉണ്ടാക്കേണ്ട…

ഇനിയെങ്കിലും മനസ്സിലാക്കിക്കോ…

പെണ്ണാന്നാൽ ഭൂമിയോളം ക്ഷമിക്കാൻ ശേഷിയുള്ളവളാണ് … അഗ്നിപർവ്വതത്തോളം കരിച്ചുകളയാനും….. ”

ALL RIGHTS RESERVED

സമീർ ചെങ്ങമ്പള്ളി

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!