വാളയാർ ദുരന്തം: സൂക്ഷിക്കുക.. ഇനിയും ആവർത്തിക്കാം

5408 Views

walayar rape case

അമ്പിളിയെ വീട്ടിൽ തനിച്ചാക്കി അങ്ങാടിയിലേക്ക് നടക്കുമ്പോൾ മനസ്സിൽ അല്പം പോലും ആശങ്കയില്ലായിരുന്നു, ഓമനത്വം വിട്ടുമാറാത്ത ഒരു പിഞ്ചു കുഞ്ഞിനോട് വാത്സല്യമല്ലാതെ മറ്റെന്ത് വികാരം തോന്നാനാണ് എന്നായിരുന്നു എന്റെ ചിന്ത….

പിന്നെ പത്രങ്ങളിൽ വായിക്കുന്ന വാർത്തകളൊക്കെ വിശ്വസിച്ച് എപ്പോഴും അവളെക്കൂടെ കൊണ്ട് നടക്കാൻ പറ്റുമോ, അങ്ങാടിയിൽ എത്തിയാൽ കണ്ണിൽ കാണുന്നതെല്ലാം അവൾക്ക് വേണ്ടി വരും, വാങ്ങിക്കൊടുത്തില്ലേൽ അലമുറയിട്ട് കരഞ്ഞ് ചെളിയിൽ കിടന്ന് ഉരുളും, വേണ്ട ഒരു പതിനഞ്ചു മിനുറ്റല്ലേ, അവളിവിടെ തന്നെ ഇരിക്കട്ടെ….

ഞാൻ വീടിന്റെ വാതിൽ പുറത്ത് നിന്നു പൂട്ടി മുറ്റത്തേക്കിറങ്ങി. അല്പം നടന്ന് ഇടവഴിയിൽ എത്തിയതും വീട്ടിലേക്കൊന്ന് കൂടെ എത്തി നോക്കി. അവളപ്പോഴും ഞാൻ നടന്നകലുന്നതും നോക്കി ജനലിൽ തൂങ്ങി നിൽക്കുകയാണ്…

അങ്ങാടിയിലെത്തിയതും പലചരക്ക് കടയിലേക്ക് നടന്നു, അരിയും പച്ചക്കറികളുമെല്ലാം വാങ്ങിച്ച് മടങ്ങാൻ തുടങ്ങുന്നതിനിടെയിലാണ് അമ്പിളിയെ കുറിച്ചോർത്തത്, അവളെ കൂടെ കൂട്ടാതെ പോയതിന്റെ പരിഭവം തീർക്കാൻ അവൾക്കെന്തെങ്കിലും വാങ്ങണം, അവൾക്കേറെ ഇഷ്ടമുള്ള രണ്ട് മിട്ടായി കൂടെ വാങ്ങിച്ചു സഞ്ചിയിലേക്കിട്ട് വീട്ടിലേക്ക് മടക്കം ആരംഭിച്ചു….

വീട്ടിലെത്തിയതും മുൻവാതിൽ തുറന്ന് അകത്തേക്ക് കയറി…

” അമ്പിളി, അമ്മയെത്തി…”

എന്റെ അനക്കം കേട്ടാൽ ഉടനെ ഉമ്മറത്തേക്ക് ഓടിച്ചാടിയെത്തുമായിരുന്ന അവൾക്കിപ്പോൾ എന്തുപറ്റി, എന്റെ മനസ്സ്‌ പെട്ടെന്ന് അസ്വസ്ഥമായി. ഞാൻ സാധങ്ങളെല്ലാം അലക്ഷ്യമായി സോഫയിലേക്കെറിഞ്ഞ് മുറിയിലേക്കോടി.

“അമ്പിളി, ദേ അമ്മ നിനക്ക് എന്താ കൊണ്ടുവന്നതെന്ന് നോക്കിയേ,ഇങ്ങോട്ട് വന്നേ..”

ലൈറ്റിട്ടതിന് ശേഷം മുറിയിലാകെ പരതി നോക്കി. അവളെ കാണ്മാനില്ല. പേടിച്ചരണ്ടുപോയ ഞാൻ നേരെ അടുക്കളയിലേക്കോടി.

അടുക്കള വാതിൽ ആരോ തുറന്ന് വെച്ചിട്ടുണ്ട്,
ഞാൻ മുറ്റത്തിക്കിറങ്ങി, നാലു ഭാഗവും കണ്ണുകളോടിച്ചു, അവളെയെങ്ങും കാണുന്നില്ല, എന്റെ ശരീരം വിറക്കാൻ തുടങ്ങി, അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ്‌ പറയുന്നപോലെ…..

” അമ്പിളി… അമ്മയെത്തി, നീ കളിക്കാതെ ഇങ്ങോട്ട് വാ… “

അവളിൽ നിന്നൊരു പ്രതികരണവും ഇല്ല…

ഞാൻ അവളെയും തിരഞ്ഞ് ചായ്‌പിന്റെ ഭാഗത്തേക്ക്‌ നടന്നു, വിറകു കെട്ടുകൾക്ക് ചുറ്റും അലക്ഷ്യമായി കണ്ണുകളോടിക്കുമ്പോൾ അതാ അവിടെ …

രണ്ടു കുഞ്ഞു കാൽപാദങ്ങൾ ഒരു വലിയ വിറകു കൂനക്ക് പിറകിൽ പുറത്തേക്ക് തള്ളി നിൽക്കുന്നു…

അത്, എന്റെ അമ്പിളിയല്ലേ…

“അമ്പിളി…………… “

ഞാൻ അലറി വിളിച്ചതും അമ്പിളി എന്റെ മുഖത്തേക്ക് ഒറ്റയടി…

“അയ്യേ, അമ്മ പിശാശിനെ കണ്ടേ… “

അവൾ എന്റെ മുൻപിൽ ഇരുന്ന് കൈകൊട്ടി ചിരിക്കുകയാണ്. അവളുടെ പാൽപ്പല്ലുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ എനിക്ക് തോന്നി…

ഞാൻ അവളെ എന്റെ മാറിലേക്ക് ചേർത്തുപിടിച്ചു , അവളുടെ കുഞ്ഞു കവിളുകൾ എന്റെ അധരങ്ങളിലേക്ക് അടുപ്പിച്ചു…

“അമ്പിളി, നമുക്ക് അങ്ങാടിയിൽ പോകേണ്ടേ”

” ചോക്കെറ്റ് വാങ്ങി തരാവോ?? ,… “

” തരാല്ലോ, എന്റെ അമ്പിളിക്ക് എന്ത് വേണേലും വാങ്ങി തരാം… “

എന്റെ അമ്പിളി എന്റെ വിരൽത്തുമ്പത്ത് തന്നെ ഉണ്ടാകട്ടെ, അവൾ മിട്ടായി വേണമെന്ന് പറഞ്ഞ് വാശിപിടിച്ചു കരഞ്ഞോട്ടെ, ചെളിയിൽ കിടന്നുരളട്ടെ,എന്നാലും കോടതിയിൽ നിന്നും പോലീസിൽ നിന്നും നീതി കിട്ടാതെ അസ്തമിച്ചുപോയ ഒരുപാട് അമ്പിളിമാർക്കിടയിൽ എന്റെ അമ്പിളി ഉണ്ടാകാതിരുന്നാൽ മതി…

വാളയാറിൽ നീതി കിട്ടാതെ പോയ ആ രണ്ട് പെൺകുഞ്ഞുങ്ങളുടെ ഓർമ്മയുടെ,

രചന : സമീർ ചെങ്ങമ്പള്ളി

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply