Skip to content

അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകൻ ആത്മഹത്യ ചെയ്തത്

Malayalam Love Story

അവളുടെ വിവാഹമുഹൂർത്ത
സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്,

അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു,

എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല,
എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ ഒന്നും അറിഞ്ഞില്ല,

എന്നാൽ കല്യാണമണ്ഡപത്തിലേക്ക് കയറി വന്ന് അവൾക്കു കൈ കൊടുത്തു ചിരിച്ച കൂട്ടുകാരിൽ പലരുടെ ചിരിയിലും ഒരു താൽപ്പര്യക്കുറവ് അനുഭവപ്പെട്ടപ്പോൾ അവൾ കരുതിയത് അവനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിലുള്ള അവരുടെ നീരസമായിരിക്കുമെന്നാണ്,

അതു കൊണ്ടു തന്നെ അവളത് അത്ര കാര്യമായെടുത്തില്ല, കാരണം ആ നീരസം അവൾ പ്രതീക്ഷിച്ചതാണ്,

അവളെ സംബന്ധിച്ച് ഇപ്പോൾ അവരുടെ ഉള്ളിലെ നീരസത്തേക്കാൾ സ്വന്തം ഭാവിയുടെ സുരക്ഷക്കായിരുന്നു പ്രാധാന്യം,

കാരണം,
അടുത്ത കാലത്തായി അവൾ കണ്ട പ്രണയ വിവാഹങ്ങളെല്ലാം പരാജയങ്ങളായിരുന്നു അതു കൊണ്ടു തന്നെ അവളിലെ മനം മാറ്റം പെട്ടന്നായിരുന്നു,

മറ്റുള്ളവരുടെ നീരസം അതു കുറച്ചു നാൾ കഴിയുമ്പോൾ തനിയെ മാറുമെന്നും, ജീവിതം തന്റെയാണെന്നും അവിടെ എന്തു സംഭവിച്ചാലും താൻ മാത്രമേ ഉണ്ടാവൂ എന്നും അവൾക്കറിയാം,

ഭർത്താവു മരണപ്പെട്ടാൽ പോലും ഭാര്യക്ക് സസുഖം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പെൻഷനടക്കം ലഭിക്കും വിധം ഒരാൾ വന്നപ്പോൾ അവനു കൊടുത്ത വാക്കും ആറു വർഷത്തെ പ്രണയവും മറന്നു എന്നതു ശരി തന്നെ,

പക്ഷെ
അതെല്ലാവരും ചെയ്യുന്നതു തന്നെയല്ലെ ?

ഞാനായിട്ടു സൃഷ്ടിച്ച പുതിയ കീഴ് വഴക്കമൊന്നും അല്ലല്ലൊ ?

100% ത്തിൽ 90% പ്രേമവും പരാജയമാവുന്ന നാട്ടിൽ ഇതിനൊക്കെ എന്തു പ്രത്യേകത ?

സത്യത്തിൽ അവൾ താൻ ചെയ്തത് തെറ്റല്ല എന്നു അവളെ തന്നെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്,

അവളുടെ ആ ചിന്തകൾക്കിടയിലും കല്യാണം അതിന്റെതായ ആഘോഷങ്ങളിലൂടെ കടന്നു പോയി കൊണ്ടിരുന്നു,
ഫോട്ടോഷൂട്ടെല്ലാം പൂർവ്വധികം ഭംഗിയോടെ തന്നെ നടന്നു കൊണ്ടിരുന്നു,
ആരും അവളെ ഒന്നും അറിയിക്കേണ്ടാനു തീരുമാനിച്ചതോടെ അവൾ ഒന്നും അറിഞ്ഞില്ല,

എല്ലാം കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങാൻ നേരം ഉറ്റവരെ ചേർത്തു പിടിച്ചുള്ള കരച്ചിലുകൾക്കും ശേഷം അവൾ തന്റെ ഭർത്താവിനോടൊപ്പം കാറിലേക്കു കയറി,

അങ്ങിനെ വീട്ടുകാരും ബന്ധുകളും ചേർന്ന് ഒന്നും അറിയിക്കാതെ പുതിയ ജീവിതത്തിലേക്ക് അവളെ യാത്രയാക്കി,

വീട്ടുകാരെ പിരിഞ്ഞ ദു:ഖം കുറച്ചു ദൂരം കാർ നീങ്ങിയതും മാറിയതായിരുന്നു, എന്നാൽ ആ ദു:ഖത്തിന്റെ അവസാന നിമിഷങ്ങളിലൊന്നിലായിരുന്നു ദൈവം അവൾക്കായുള്ള വിധിയെ കാത്തു വെച്ചിരുന്നത്,

കൈയ്യിലെ ടൗവൽ കൊണ്ടു മുഖം തുടച്ച ശേഷം പുറത്തേക്ക് നോക്കിയതും റോഡ് സൈഡിലെ
” പ്രിയ സുഹൃത്തിന് വിട ”
എന്ന അവന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് കണ്ടവൾ ഞെട്ടിത്തരിച്ചു പോയി,
അവളുടെ ഹൃദയം ആ കാഴ്ച്ച കണ്ട് രണ്ടായി പിളർന്നു പോയി,
നെഞ്ചു കിടന്ന് പിടച്ചു,
ഹൃദയമിടിപ്പുകൾ ഹൃദയത്തെ തകർത്തു കളയുമാറ് വേഗത്തിലായി,
ഒരു ഇടിമിന്നൽ ഹൃദയത്തെ ശക്തമായി തുളച്ചു കടന്നു പോയി,

കുറച്ചു മുന്നേ അവൾ കരഞ്ഞതു പോലായിരുന്നില്ല,
അവളിലെ അവളുടെ നിയന്ത്രണങ്ങളെ ബേധിച്ചു കൊണ്ട് കണ്ണീർത്തുള്ളികൾ ധാരധാരയായി പുറത്തേക്കൊഴുകി,

കൈയ്യിലെ ടൗവ്വൽ വായയോടു ചേർത്ത് പൊത്തിപ്പിടിച്ച് നെഞ്ചുപൊട്ടിയവൾ കരഞ്ഞു,

അവൾക്കത് വിശ്വസിക്കാനായില്ല,
പറഞ്ഞതു പോലെ അവനങ്ങനെ ചെയ്യുമെന്ന് അവളൊരിക്കലും കരുതിയില്ല,

നേരിട്ടല്ലെങ്കിലും ഒറ്റനിമിഷം കൊണ്ട് താൻ കല്യാണപ്പെണ്ണിൽ നിന്നും ഒരു കൊലപാതകിയിലെക്ക് എത്തിയിരിക്കുന്നു എന്ന ചിന്ത അവളെ അന്നേരം പച്ചക്ക് കീറിമുറിക്കുന്നുണ്ടായിരുന്നു,

ആ സമയം ഒന്നും വേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി,
പക്ഷെ എല്ലാം കൈവിട്ടു പോയിരിക്കുന്നു,

അവൻ മുന്നേ പറഞ്ഞ പല വാക്കുകളും അന്നേരം അവളുടെ തലച്ചോറിൽ കുത്തി കറങ്ങി,

നീ എന്നെ വിട്ടു പോയാൽ പിന്നീട് ഒരിക്കലും ഞാൻ നിന്നെ തിരഞ്ഞു വരികയില്ല ”

നീയെന്നെ ഒറ്റക്കാക്കിയാലും ഞാനെന്നെ ഒരിക്കലും ഒറ്റക്കാക്കില്ല ”

എനിക്കു പകരം നിന്റെ കഴുത്തിൽ മറ്റൊരു താലി സ്വീകരിക്കാൻ നീ തയ്യാറായാൽ പിന്നെ ഈ ഞാനില്ല ”

നീ എന്റെതല്ലാത്ത മറ്റൊരു സൂര്യോദയം കാണാൻ ഞാനുണ്ടാവുകയുമില്ല ”

ആ വാക്കുകൾ ഒരോന്നും ആയിരം ശരങ്ങൾ കണക്കെ അവളുടെ ഹൃദയത്തിൽ അന്നേരം തുളഞ്ഞു കയറി,

അവളുടെ ഒരായുസ്സിന്റെ സന്തോഷങ്ങളൊക്കയും ഒരു നുള്ളു ബാക്കി വെക്കാതെ ഒറ്റയടിക്ക് എങ്ങോ വാർന്നു പോയി,

ഒരോന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടെയിരുന്നു,
കൂടെയുള്ള ഭർത്താവ് വീട്ടുക്കാരെ പിരിഞ്ഞതിലുള്ള അവളുടെ വിഷമം ആയിരിക്കാം ആ കണ്ണുനീരുകൾ എന്നു കരുതിയത് മാത്രമായിരുന്നു അവളുടെയും വലിയൊരാശ്വാസം,

ഭർത്താവിന്റെ വീട്ടിലെത്തിയതൊന്നും അവൾ അറിഞ്ഞതേയില്ല,

അവൾക്കു ചുറ്റും കല്യാണ ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കേ,
അവൾക്കുള്ളിലെ ആ ദു:ഖത്തിനിടയിലും ചിലതെല്ലാം അവനവളെ പഠിപ്പിച്ചു,

തീ കനലിൽ ചവിട്ടി നിന്നു കൊണ്ട് എങ്ങിനെ പുഞ്ചിരിക്കണമെന്ന്…!

ഹൃദയം കത്തുമ്പോഴും അശ്ലേഷിക്കാൻ വരുന്നവരെ എങ്ങിനെ ആലിംഗനം ചെയ്യാമെന്ന്…!

ചുറ്റിനും തീ പടർന്നു പിടിക്കുമ്പോൾ എങ്ങിനെ നിവർന്നു നിൽക്കാമെന്ന്…!

പൊള്ളുന്ന നെഞ്ചുമായി നിന്ന് മനസു പിടയുന്ന വേദനയിലും എങ്ങിനെ
ആശംസകൾക്ക് നന്ദി പറയണമെന്ന്…!

ഉള്ള് വെന്തു വെണീറാവുമ്പോഴും എങ്ങിനെ ഫോട്ടോക്ക് ചിരിച്ചു പോസ്സ് ചെയ്യണമെന്ന്…!

ഇരുട്ടു പരന്നതോടെയാണ് പല ആഹ്ലാദ പ്രകടനങ്ങൾക്കും അറുതിയായത്,

ഒരാശ്വാസം തേടിയാണ് ഒന്നു കുളിക്കാൻ കയറിയത് എന്നാൽ വെള്ളത്തിനു പകരം ഷവറിൽ നിന്നു അവൾക്കു ചുറ്റും പെയ്തിറങ്ങിയത് ഒാർമ്മകളുടെ അഗ്നിത്തുള്ളികളായിരുന്നു,

ഒാർമ്മകളുടെ കൊടീയ കുറ്റഭാരത്തോടെ കട്ടിലിൽ ഇരിക്കവേയാണ് പെട്ടന്നവൾ ഫോണിനെ കുറിച്ചോർത്തത് കല്യാണത്തിന്റെ തിരക്കിനിടയിൽ സൈലന്റാക്കിയതായിരുന്നു,

ഫോണെടുത്ത് തുറന്നതും അവനും അവളും ഒന്നിച്ചുള്ള ഒരു ഗ്രൂപ്പിൽ മുഴുവൻ അവനു അനുശോചനം അറിയിച്ചു കൊണ്ടുള്ള അവന്റെ ഫോട്ടോയും പോസ്റ്ററുകളും മാത്രമായിരുന്നു,

അവളുടെ ഉള്ള ദു:ഖം കൂട്ടാനെ അതു കൊണ്ടെല്ലാം കഴിഞ്ഞുള്ളൂ, അവന്റെ മുഖത്തേക്കൊന്നു നോക്കാൻ കൂടിയുള്ള ത്രാണിയില്ലാതെ ആ ഗ്രൂപ്പിൽ നിന്നും പിന്മാറാൻ തുടങ്ങിയതും പെട്ടന്നൊരു വീഡിയോ കയറി വന്നു,

എന്താണെന്നറിയാൻ ഉള്ള ആകാംഷയിൽ അത് ഒാപ്പൺ ചെയ്തതും അവൾ ഞെട്ടി പോയി….!

ആരോ അവന്റെ ചിത കത്തുന്നതിന്റെ വീഡിയോ ഇട്ടതായിരുന്നു അത്,

അവൻ അഗ്നിഗോളമായി മേലോട്ടുയരുന്ന കാഴ്ച്ച അവൾക്കുള്ളിലെ അവസാന ജീവനെയും ബലി കഴിച്ചു കളഞ്ഞു,

കാണേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി, എന്നാൽ അതെല്ലാം കാണാൻ വിധിക്കപ്പെട്ടവളായി ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ ആർക്കെന്തു ചെയ്യാനാവും….?

ആ അഗ്നിയിൽ എരിഞ്ഞടങ്ങുന്ന അവന്റെ ശരീരത്തേക്കാൾ വേഗതയിൽ ഉള്ളിൽ വേദനയുടെ കത്തി ജ്വലിക്കുന്ന തീഗോളങ്ങളായി അവൾ മാറി,

അധികം നേരം അതിലേക്കു നോക്കി നിൽക്കാനാവാതെ ഫോൺ ഒാഫ് ചെയ്തവൾ മെത്തയിലേക്കിട്ടു,

എന്നാൽ കുറച്ചു കഴിഞ്ഞതും അതു വരെ സംഭവിച്ചതിലും നിർഭാഗ്യകരമായിരുന്നു അവിടന്നങ്ങോട്ടുള്ള കുറച്ചു മണിക്കൂറുകൾ,

നടന്നതൊന്നും ഭർത്താവിനെ അറിയിക്കാൻ കഴിയാത്ത കാര്യമായതു കൊണ്ട് പഴയ കാമുകന്റെ ചിത കത്തി തീരും മുന്നേ തന്നെ ആദ്യരാത്രിയിലെ ഒരു ഭർത്താവിന്റെ അവകാശത്തിനും ആവശ്യത്തിനും താൽപ്പര്യത്തിനും മുന്നിൽ ഒരക്ഷരം ശബ്ദിക്കാനാവാതെ പിറന്നപടി കിടക്കേണ്ടി വന്നപ്പോൾ ഇഷ്ടമില്ലാതെയും ഒരാളുമായി ശരീരം പങ്കു വെക്കുന്നതിന്റെ മാനസീക വേദന പെരുവിരലിൽ നിന്നു നെറും തലവരെ ആഴ്ന്നിറങ്ങി,

ഹൃദയം നുറുങ്ങുന്ന വേദനയിൽ നിവൃത്തികേടു കൊണ്ടു മാത്രം ഉടുത്തിരിക്കുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് ഒരാളെ സ്വീകരികേണ്ടതിലെ പ്രയാസവും അവനവൾക്കു പഠിപ്പിച്ചു,

ഭർത്താവിന്റെ ആവശ്യം കഴിഞ്ഞ് അവളുടെ സ്വന്തം ശരീരം അവൾക്കു തിരിച്ചു കിട്ടിയപ്പോഴെക്കും ഒന്നു കരയാൻ പോലും അവൾ അശക്തയായിരുന്നു,

എന്നിട്ടും അവൻ അവളിൽ നിറച്ചു വെച്ച നിലക്കാത്ത അവന്റെ ഒാർമ്മകളുടെ ഉമിത്തീയിൽ നീറി നീറി എങ്ങിനെയൊക്കയോ നേരം വെളുപ്പിക്കുകയായിരുന്നു ആ രാത്രിയവൾ…..!

നാടും നാട്ടുക്കാരും അവളെ കാണാൻ ശ്രമിക്കുന്ന കണ്ണിലൂടെ അവൾ അവളെ തന്നെ നോക്കി കാണാൻ ശ്രമിച്ചതോടെ അത്ര അത്യാവശ്യങ്ങൾക്കല്ലാതെ നാട്ടിലും വീട്ടിലും പോകുന്നതവൾ വേണ്ടന്നു വെച്ചു,

കൂടെ അവന്റെ ഒാർമ്മകൾ പിൻതുടരുമെന്നുള്ളതിനാലും പോയാൽ തന്നെ അതിലും വേഗത്തിൽ അവൾ മടങ്ങി പോന്നു,

പഴയ പൂക്കൾ വാടി കരിഞ്ഞും,
പുതിയ പൂക്കൾ വിടർന്നും,
കാലം മെല്ലെ കടന്നു പോയി,

ഏഴെട്ടു വർഷങ്ങൾക്കു ശേഷമാണ് ഹോസ്പ്പിറ്റലിൽ വെച്ച് പഴയ കൂട്ടുകാരി ഹിരൺമയ(ഹിമ)യെ അവൾ കണ്ടത്, എന്തോ അപ്പോൾ ഹിമയോടൊന്നു സംസാരിക്കണമെന്നു അവൾക്ക് തോന്നി,

അവൾക്ക് ഉള്ളിലൊരു ഭയമുണ്ട് ഹിമ തന്നോട് പഴയ നീരസം ഇപ്പോഴും പ്രകടിപ്പിച്ചേക്കുമോയെന്ന്,

പക്ഷെ ഹിമയുടെ ഭാഗത്തു നിന്ന് യാതൊരു നീരസവും ഉണ്ടായില്ല,
അതു കൊണ്ടു തന്നെയാണ് കുറച്ചു സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം അവനെ കുറിച്ച് ഹിമയോട് ചോദിക്കാൻ അവൾക്ക് ധൈര്യം വന്നത്,

അവൾ ചോദിച്ചു,
പ്രേമം നഷ്ടപ്പെട്ട സകലരും ആത്മഹത്യ ചെയ്യുകയാണോ ചെയ്യുന്നത് ?

പ്രേമിച്ച പെണ്ണിനെ നഷ്ടമായാൽ അതിനുള്ള ഏക പോംവഴി മരണമാണോ ?

മറ്റുള്ളവർക്ക് കാര്യങ്ങളെ കാണാൻ കഴിയുന്നതു പോലെ എന്തു കൊണ്ട് അവനതിനു കഴിഞ്ഞില്ല ?

അതു കേട്ടതും ഹിമ ഒന്നു ചിരിച്ചു,

അതു കണ്ടതും അവൾ പറഞ്ഞു,

വീട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും അവനോർക്കാമായിരുന്നില്ലെ ?
ഇനിയൊരു ജന്മം ഇല്ലായെന്നവനറിഞ്ഞൂടെ ?

അതു കേട്ടതും ഹിമ അവളോടു പറഞ്ഞു,

നിന്റെ എല്ലാ ചോദ്യങ്ങൾക്കും കൂടി ഒറ്റ ഉത്തരം ഞാൻ തരാം,

പ്രണയം, ആത്മാർത്ഥത ഇവ തമ്മിൽ എപ്പോഴും ഒരു അകലമുണ്ട്,
പ്രണയം രണ്ടു പേരിൽ ഒരേ സമയം സംഭവിച്ചെന്നിരിക്കും, എന്നാൽ അപൂർവ്വം ചില പ്രണയങ്ങളൊഴിച്ചാൽ മറ്റു സകല പ്രണയങ്ങളിലും രണ്ടു പേരിൽ ഒരാൾക്കു മാത്രമാണ് തന്റെ പ്രണയത്തോട് ആത്മാർത്ഥതയുള്ളത്,

ആ ഒരാൾ തന്റെ പ്രണയത്തിനും താൻ പ്രണയിക്കുന്നവർക്കും വേണ്ടി മറ്റെല്ലാം മറക്കാനും സ്വയം ഹോമിക്കാനും തയ്യാറാവും,

എന്നാൽ മറ്റെയാൾ അവസരത്തിനൊത്ത് മാറുകയാണ് പതിവ് ”

അവൻ വീട്ടുകാരെ ഒാർത്തില്ലെന്ന് നീ അവനെ കുറ്റപ്പെടുത്തിയ പോലെ നീ നിന്റെ വീട്ടുകാരെ മാത്രമേ ഒാർത്തുള്ളൂ എന്നത് നിന്റെ ഭാഗത്തുള്ള തെറ്റല്ലെ ?

അതു പോലെ പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തമ്മിൽ ഒന്നാവാനും മുന്നിൽ ഈ ജന്മം മാത്രമേയുള്ളൂവെന്ന് നിനക്കും അറിയില്ലായിരുന്നോ ?

നിന്റെയുള്ളിൽ ഇനിയും അനവധി ചോദ്യങ്ങളുണ്ടാവാം ചിലതിനുള്ള മറുപടി കൂടി തരാം,

ഒരാൾ തനിക്ക് പ്രിയമുള്ളവരെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ,
മറ്റെയാൾ ഏറ്റവും സുരക്ഷിതമായ ജീവിതം കൈയെത്തി പിടിക്കാൻ സ്വന്തബന്ധങ്ങളെ കൂട്ടു പിടിച്ച് അവരെ തോൽപ്പിക്കുന്നു,

ഒരാളുടെ കഴുത്തിൽ താലി ചാർത്താൻ രണ്ടു കൈകൾ മാത്രം മതി എന്നാൽ വിശുദ്ധമായ ഹൃദയത്തിനു മേലെ കെട്ടുന്നതും സ്വീകരിക്കപ്പെടുന്നതും ആവണം താലി അല്ലാത്തത് തിളങ്ങുന്നൊരു സ്വർണ്ണമാല മാത്രമാണ് ”

എന്നെ സംബന്ധിച്ചിടത്തോള്ളം അവൻ ചെയ്തതു തന്നെയാണ് ശരി അതല്ലെങ്കിൽ നിന്നോടുള്ള ഇഷ്ടം മൂത്ത് മനസിന്റെ സമനില തെറ്റിയ നിലയിൽ ഒരു ഭ്രാന്തനായി ചിലപ്പോൾ എനിക്കവനെ കാണേണ്ടി വന്നേനെ”

ഇനി നീ അറിയാൻ ആഗ്രഹിച്ച അവൻ ആത്മഹത്യ ചെയ്തതിന്റെ കാരണം കൂടി നിനക്കു പറഞ്ഞു തരാം,

അവൻ നിന്നോടു മാത്രമായ് ചെയ്യാൻ ആഗ്രഹിച്ചതെല്ലാം അവനെ മറന്നു കൊണ്ട് നീ മറ്റൊരാളോടൊത്തു ചെയ്യുന്നത് സഹിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടു തന്നെ ”

ഹിമയുടെ ആ വാക്കുകൾ അവളുടെ ഹൃദയത്തെ കീറി മുറിച്ചാണ് കടന്നു പോയത്,

അതും പറഞ്ഞ് അവളെയൊന്നു നോക്കി ചിരിച്ച ശേഷം ഹിമ അവളെ വിട്ടകന്നു,

മനുഷ്യ ഹൃദയം അതിന്റെ ഉള്ളറകളും ധമനികളും കൂടാതെ ആയിരക്കണക്കിനു ആശകളും ഉൾക്കൊള്ളുന്നുണ്ട്,

അതു കൊണ്ടു തന്നെ
വിശ്വാസം കാത്തു സൂക്ഷിക്കുക, ,

കാരണം,

വിശ്വാസം എന്ന ചരടിനു മുകളിലാണ് പ്രണയം എന്ന പട്ടം കോർത്തിട്ടിരിക്കുന്നത് ”

.
#Pratheesh
❤❤❤❤❤❤❤

4.7/5 - (84 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!