എയർനോട്ടിക്കൽ എന്ജിനീയറാ..പെണ്ണ് നോക്കണം..

13013 Views

aksharathalugal story

സ്നേഹതീരം..

”അമ്മു, അപ്പുറത്തെ വില്ലയിൽ പുതിയ താമസക്കാരു വന്നു “‘ കേട്ടതും ചായ കുടിച്ചു കൊണ്ടിരുന്ന ഞാൻ ചാടി എണീറ്റു..

“”ഒരു പ്രായമായ കേണലും ഭാര്യയും.” കേട്ടതും കാറ്റുപോയ ബലൂൺ പോലെ വീണ്ടുമിരുന്നു രണ്ടു ഇഡ്ഡലി കൂടി അകത്താക്കി..അല്ലെങ്കിലും ഈ ഗുരുവായൂർ ഭാഗത്തു വില്ലകളിൽ കൂടുതലും 50 പ്ലസ് ആണ്..ജീവിതത്തിലെ തിരക്കുകൾ കഴിഞ്ഞ്, ഗുരുവായൂർ കണ്ണനോടൊത്തു ശിഷ്ടകാലം കഴിയാൻ വരുന്നവർ..വൃദ്ധഭവനങ്ങൾ..അങ്ങനെ വിളിച്ചാലും. കുറ്റം പറയാൻ പറ്റില്ല.. സ്വന്തം വീടിനോടു തന്നെ പുച്ഛം തോന്നി…അച്ഛനുമമ്മക്കും ഇവിടെയല്ലാതെ വേറൊരു സ്ഥാലവും കിട്ടിയില്ലെന്നു തോന്നുന്നു..

ആ കൊച്ചിയിലെങ്ങാനുമായിരുന്നെങ്കിൽ കൊച്ചു ഒരെണ്ണമെങ്കിലും ഒക്കത്തായേനെ.. സ്വന്തം വിധിയെ ഓർത്തു നെടുവീർപ്പിട്ടു…
ഡിഗ്രി എക്സാം കഴിഞ്ഞേ പിന്നെ പുത്തേക്കിറങ്ങുന്നതും കുറഞ്ഞു… വല്ലപ്പോഴും ഒന്നു അമ്പലത്തിലേക്കിറങ്ങും..കൂടെ വാലുപോലെ അമ്മയുള്ളത് കൊണ്ടു കാര്യമായി വായിനോട്ടമൊന്നും നടക്കാറില്ല..ന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ..ഒരു ദൃഷ്ടി സുഖം..അത്ര തന്നെ…

വൈകീട്ട് വല്ല കോഴികളും വഴിതെറ്റി വരുന്നുണ്ടോന്നു നോക്കി മുറ്റത്തു ഉലാത്തുമ്പോഴുണ്ട്, പുതിയ വീട്ടിൽ നിന്ന് നല്ല മണം.. സംഭവം പെട്ടെന്ന് കത്തി..ഉഴുന്നുവട..മനുഷ്യനെ കൊതിപ്പിക്കാനായിട്ടു ഓരോന്നു വന്നു കയറിക്കോളും..ആത്മഗതം ചെയ്തതു മുഴുവനാവുന്നതിനു മുൻപ് മതിലിനു മുകളിൽ ഒരു തല പ്രത്യക്ഷപ്പെട്ടു..നല്ല ഐശ്വര്യമുള്ള ഒരു മുത്തശ്ശി…

“”അമ്മു.. വീട്ടിലേക്കു വാ..”” എന്നെത്തന്നെയാണോ വിളിച്ചത് , നാലുപാടും നോക്കി..

.”മോളെത്തന്നെയാ, രാവിലെ ഞങ്ങൾ വീട്ടിൽ വന്നിരുന്നു..മോൾ നല്ല ഉറക്കായിരുന്നു..വരൂ.. നല്ല ഉഴുന്ന് വടയുണ്ട്..”‘ പിന്നൊന്നും നോക്കിയില്ല അനുസരണയുള്ള നായക്കുട്ടിയെ പോലെ അങ്ങോട്ടു വച്ചടിച്ചു..

ഡൈനിങ്ങ് റൂമിൽ ഒരപ്പൂപ്പനിരുന്നു വട കഴിക്കുന്നു..അമ്മൂമ്മ സ്നേഹത്തോടെ വിളിച്ചടുത്തിരുത്തി… പ്ലേറ്റിലേക്ക്‌ ചൂടുള്ള വടയും ചട്നിയും വിളമ്പി..പറയാതിരിക്കാൻ വയ്യ.. അപാര ടേസ്റ്റ്..

“”മോൾ ഡിഗ്രി കഴിഞ്ഞെന്താ അടുത്ത പ്ലാൻ ?”‘ അപ്പൂപ്പനാണ്..ഫുൾ ബയോഡാറ്റയും പഠിച്ചു വച്ചിരിക്കുന്നു..

“”പി ജി ചെയ്യണം അങ്കിൾ..” വായിലെ വട വിഴുങ്ങി കൊണ്ട് മറുപടി പറഞ്ഞു..

“”മുത്തച്ഛനെന്നു വിളിച്ചാൽ മതീട്ടോ..ഉണ്ണിക്കുട്ടനും എന്നെ അങ്ങനെയാ വിളിക്കാ..”” ഏതു ഉണ്ണിക്കുട്ടനെന്നു കണ്ണുമിഴിച്ചു..

“”ഞങ്ങൾടെ ഒരേയൊരു പേരകുട്ടിയാ..അടുത്തമാസം വരും..കുറച്ചു ദിവസം ഇവിടെ കാണും..”‘ ഏതോ കൊച്ചു കുഞ്ഞു..ഇതിലൊക്കെ നമുക്കെന്തു കാര്യം എന്ന മട്ടിലിരുന്നു..

“”എയർനോട്ടിക്കൽ എന്ജിനീയറാ..പെണ്ണ് നോക്കണം..”‘ അതുകേട്ടതും ഉള്ളിലെ പിടക്കോഴി ചികടിച്ചുയർന്നു..പിന്നെ ആൾടെ ഡീറ്റൈൽസ് അറിയാനൊരു ത്വര..അപ്പോഴേക്കും അമ്മയുടെ വിളിയെത്തി.. അല്ലെങ്കിലും ഈ അമ്മമാർക്കൊന്നും ഒരു ടൈമിങ് ഇല്ല..പിന്നെ വരാന്നും പറഞ്ഞു അവിടെന്നും ഓടി..

അന്ന് രാത്രി മുഴുവൻ വരാനിരിക്കുന്ന എൻജിനീയർ ആയിരുന്നു മനസ്സിൽ.. ഞങ്ങൾടെ ഡ്യുയറ്റ് സോങ്ങും കഴിഞ്ഞാണ് ഉറങ്ങിയത്..പിറ്റേന്ന് മുതൽ രാവിലെയും വൈകീട്ടും മുത്തച്ഛനേയും മുത്തശ്ശിയെയും കാണാൻ പോകും ..അവിടുന്നു നല്ല ഫുഡടിയും.

.വേറെയും ചില ദുരുദ്ദേശങ്ങളുമുണ്ട്..സ്ഥിരമായി പോയാൽ എൻജിനീയർ വന്നാലും ആരും എന്റെ പോക്കിനെ സംശയിക്കില്ല.. പ്രത്യേകിച്ച് ‘അമ്മ..അതിലേക്കുള്ള റൂട്ട് ക്ലീയർ ആകാനാണ്..പിന്നെ ആളെക്കുറിച്ചു കൂടുതൽ അറിഞ്ഞു ഒരു തയ്യാറെടുപ്പ് നടത്താം..കേട്ടിടത്തോളം ഈ ബന്ധത്തിന് എന്റെ വീട്ടുകാർ ഓക്കേ ആവും.. ആളെ പിടിച്ചു കുപ്പിയിലാക്കിയാൽ മതി..

ഉണ്ണിക്കുട്ടനെക്കുറിച്ചു അങ്ങോട്ടു ചോദിച്ചു കഷ്ടപ്പെടേണ്ടി വന്നില്ല..അവർക്ക് ഫുൾ ടൈം ഇയാളെക്കുറിച്ചു മാത്രേ പറയാനുള്ളു.. ഉണ്ണിക്കുട്ടന്റെ ഇതുവരെയുള്ള ജീവചരിത്രം കിട്ടി..ഇവരുടെ മകന്റെ മകനാണ്….ആൾക്കു രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു..അമ്മയെ രണ്ടാമത് ഇവരുടെ ബന്ധുവിനെ കൊണ്ടുതന്നെ കെട്ടിച്ചു..ഇപ്പോൾ അമേരിക്കയിലാണ്…

ഉണ്ണിക്കുട്ടന്റെ ഫോട്ടോയും കാണിച്ചു തന്നു.10 വയസ്സുള്ളപ്പോഴത്തെ ആണെന്ന് മാത്രം..ഒരു സുന്ദരക്കുട്ടൻ..പുതിയ ഫോട്ടോസ് ഒക്കെ ഉണ്ണിക്കുട്ടന്റെ മൊബൈലിലാണത്രേ…ഇപ്പോൾ ആൾ നന്നായി ക്ഷീണിച്ചെന്നു പറഞ്ഞു രണ്ടാളും കണ്ണു നിറച്ചു…

ഉണ്ണിക്കുട്ടൻ എന്നേക്കാൾ നിറമുണ്ടെന്നു കേട്ടപ്പോൾ പിറ്റേന്ന് മുതൽ മഞ്ഞൾ തേച്ചു കുളി തുടങ്ങി..എന്റെ ചില വികൃതികൾ കണ്ട്,
‘ഞങ്ങൾടെ ഉണ്ണിക്കുട്ടന്റെ കയ്യിൽ നിന്ന് ഒരടി കിട്ടിയാൽ നീ പിന്നെ അനങ്ങില്ല ട്ടോ’ എന്നു കേട്ടതും ഞാൻ ഡീസന്റ് ആയിത്തുടങ്ങി…

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വർണ്ണന കേട്ടാണോ എന്തോ അപ്പോഴേക്കും ആളോടുള്ള എന്റെ പ്രണയം പടർന്നു പന്തലിച്ചു പൂവും കായും ഇട്ടു തുടങ്ങിയിരുന്നു…

എന്റെ ഈ പ്രവൃത്തികളെല്ലാം കണ്ടു അമ്മയുടെ തലയിലെ കിളികളൊക്കെ കൂടൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…എനിക്ക് പ്രാന്തായിപ്പോയോ എന്നും പോലും ‘അമ്മ സംശയിച്ചു… ലക്ഷ്യം മാത്രമായിരുന്നു എനിക്ക് മുന്നിൽ..

അങ്ങനെ കാത്തിരുന്ന ദിനം വന്നെത്തി..രാവിലെ നേരത്തെ എണീറ്റു കുളിച്ചു ചമഞ്ഞൊരുങ്ങി ഇരുന്നു..മുത്തച്ഛനും ഡ്രൈവറും എയർപോർട്ടിലേക്കു വിളിക്കാൻ പോയിട്ടുണ്ട്..മുത്തശ്ശി തിരക്കിട്ട പാചകത്തിലാണ്..നല്ല മണം വരുന്നുണ്ട്..

കുറച്ചു കഴിഞ്ഞപ്പോൾ കാർ വരുന്നത് കണ്ടു..വീടിന് മുൻപിൽ ഷേഡ് ഇട്ടത്‌ കാരണം മുറ്റത്തെ സംഭവങ്ങളൊന്നും കാണാൻ വയ്യ…അപ്പോൾ തന്നെ അങ്ങോട്ടു പോവാൻ മനം തുടിച്ചെങ്കിലും പണിപ്പെട്ടു അടക്കിനിർത്തി..അവരുടെ സ്നേഹപ്രകടനങ്ങൾ കഴിയട്ടെ ..എന്നാലേ ഉള്ളിലേക്ക് കയറാൻ ഒരു സ്പേസ് കിട്ടൂ..

ക്ലോക്കിലേക്കു നോക്കി ഒരുമണിക്കൂർ തികച്ചു..പിന്നെ പാഞ്ഞോടി..ഗേറ്റിലെത്തിയപ്പോൾ കിതപ്പ് അടക്കിപ്പിടിച്ചു.. ..അടക്കവും ഒതുക്കവുമുള്ള കുട്ടിയെ പോലെ വീട്ടിലേക്കു ചെന്നു..ആൾ ടി വി കാണുകയാണ്..പിറകുവശം തല മാത്രേ കാണാനുള്ളു.. എന്നെ കണ്ടതും മുത്തച്ഛൻ,
“”ആഹാ എത്തിയോ അമ്മുക്കുട്ടി.. ഇതാട്ടോ ഞങ്ങൾടെ ഉണ്ണിക്കുട്ടൻ ..” ന്നും പറഞ്ഞു സോഫയിലേക്കു നോക്കി..

അതു കേട്ടതും സോഫയിലെ ആൾ തിരിഞ്ഞു നോക്കി, എണീറ്റു…ആൾ സോഫയിൽ നിന്നു എണീറ്റതും ഞാൻ എന്റെ അടുത്തുള്ള സോഫയിലേക്കു വീണു…ഞാൻ വീണത് തല കറങ്ങിയാണ്…ഒരു 150 കിലോയുള്ള മനുഷ്യൻ..എന്റെ സങ്കല്പങ്ങളൊക്കെ 100 പീസായി തറയിൽ വീണു ചിന്നി ചിതറി….

മുഖമൊക്കെ സങ്കല്പത്തിലെ പോലെ തന്നെ..ആൾ എനിക്കു കൈ നീട്ടി..ഒരു വലിയ ടെഡിബിയർ പോലെയാണ് തോന്നിയത്…ഇയാളെയാണോ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്നത്..തലയിലെ കിളികൾ ഷോക്കേറ്റു പിടഞ്ഞു മരിച്ചു വീണു….

ഇയാൾ എവിടെ ക്ഷീണിച്ചെന്നു പറഞ്ഞാണ്‌ ഇവർ കരഞ്ഞുകൊണ്ടിരുന്നത്..😇😇..മുത്തശ്ശിയുടെ പാചകത്തോട് ആദ്യമായി ദേഷ്യം തോന്നി..ഒരു മാസമായി തന്നെ ഇങ്ങനെ കഴിപ്പിക്കുന്നതെങ്കിൽ ഒരേയൊരു പേരക്കുട്ടിക്കു എന്തൊക്കെ കൊടുത്തുകാണും…വെറുതെയല്ല ഈ തടി..

ഒരു കാര്യം മാത്രം കറക്ടായി പറഞ്ഞു..ഈ കൈ കൊണ്ട് ഒന്നു കിട്ടിയാൽ…പിന്നെ എന്നെ തറയിൽ നിന്നു വടിച്ചെടുക്കേണ്ടി വരും..വല്ല വിധേനയുമാണ് വീട്ടിലേക്കു തിരിച്ചെത്തിയത്..’അമ്മ വീട്ടിലില്ലാതിരുന്നത് ഭാഗ്യം..ഇല്ലെങ്കിൽ എന്റെ വരവ് കണ്ട് അമ്മയുടെ ബോധം പോയേനെ…
*****
ആളെ തന്നെ കെട്ടീട്ടൊ..ഒരു ഷോക്ക് ഉണ്ടായെങ്കിലും അങ്ങനെയങ്ങു പിന്മാറാൻ ഒരുക്കമല്ലായിരുന്നു..ഒരു ചെറിയ പ്രണയം ആൾക്കും വന്നപ്പോൾ ആളെ കളിയാക്കി ഡയറ്റ് ചെയ്യിപ്പിച്ചു ..തടി ഒന്നൊതുക്കം വരുത്തി..

ഇപ്പോൾ അകത്തു തൊട്ടിലിൽ ഒരു കുഞ്ഞു ടെഡിബിയർ ഉറങ്ങുന്നുണ്ട്…അവൻ എണീക്കാറായീട്ടോ…അപ്പൊ ചെല്ലട്ടെ ….

സ്നേഹത്തോടെ….
Nitya Dilshe

4/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എയർനോട്ടിക്കൽ എന്ജിനീയറാ..പെണ്ണ് നോക്കണം..”

Leave a Reply