ജോലിയോ സൗന്ദര്യമോ അല്ല.. നട്ടെല്ലുള്ള ചെക്കനെയാണ് നോക്കേണ്ടത്..

7329 Views

ഏട്ടന്റെ സമ്മാനം…

“”ഏട്ടാ,വീട്ടിൽ പോയിട്ടു രണ്ടു മാസമായി…കഴിഞ്ഞ പ്രാവശ്യം ഒരാഴ്ച നിന്നോളാൻ പറഞ്ഞിട്ടു നാലു ദിവസമായപ്പോഴേക്കും അമ്മക്കു വയ്യാന്നും പറഞ്ഞു തിരിച്ചു വിളിച്ചു..ഇപ്രാവശ്യം ശരിക്കും ഒരാഴ്ച എനിക്ക് നിൽക്കണം..ട്ടോ..ഏട്ടൻ അമ്മയോടൊന്നു പറയണം…”

”ഡീ, അന്ന് അമ്മക്കു വയ്യാഞ്ഞല്ലേ..നീ തന്നെ നേരിട്ട് ചോദിച്ചോ..അതിനു ഇപ്പൊ ഞാൻ ഇവിടുന്ന് വിളിച്ചു സമ്മതം വാങ്ങണോ ? “”പിന്നീടെന്റെ സംസാരത്തിനു പഴയ ആവേശം ഇല്ലായിരുന്നു…ചോദിക്കുന്നതിനൊക്കെ ഉത്തരം ഒരു മൂളലിലൊതുക്കി..പതിവുമ്മ ചോദിച്ചേ കൊടുത്തുള്ളു..
“”ഇനി ഇതു പറഞ്ഞു പിണങ്ങേണ്ട..ഞാൻ അമ്മയെ വിളിച്ചു പറഞ്ഞേക്കാം..”” പറഞ്ഞതും ഫോൺ വച്ചു..
കേട്ടപ്പോൾ ഒരു സന്തോഷം തോന്നിയെങ്കിലും പൊടുന്നനെ അത് മാഞ്ഞു..ചേട്ടന് വിഷമമായിക്കാണുമോ എന്നൊരു തോന്നൽ..സാരമില്ലെന്നു പറഞ്ഞു മനസ്സിനെ ആശ്വസിപ്പിക്കാൻ നോക്കി…. എപ്പോൾ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാലും ഇവിടുത്തെ അമ്മയ്ക്ക് എന്തെങ്കിലുമൊരു ന്യായീകരണം കാണും..അമ്പലത്തിൽ കൊടിയേറി.. ബന്ധുവിന്റെ കല്യാണം..അല്ലെങ്കിൽ അമ്മക്കു തീരെ വയ്യ..അങ്ങനെ ഓരോന്നു പറഞ്ഞു രണ്ടു ദിവസം കഴിയുമ്പോഴേക്കും തിരിച്ചു വിളിക്കും..കേട്ടപാതി ചേട്ടനും പറയും ..

“”‘സാരമില്ലെടി.. ഇതു കഴിഞ്ഞു പോയി നിന്നോ..ഇപ്പൊ നീ ചെല്ലു…ഏട്ടന്റെ മുത്തല്ലേ..”‘ ഈ പറച്ചിലിൽ കഴിഞ്ഞ എട്ടുമാസമായി ഞാൻ വീണു പോകാറാണ് പതിവ്..

ഗൾഫിലുള്ള പയ്യൻ….നല്ലജോലി.ഒറ്റമോൻ..കാണാനും സുന്ദരൻ..ഫ്രണ്ട്സിൽ ചിലരുടെ വിവാഹം കഴിഞ്ഞെങ്കിലും സ്വന്തം വിവാഹം ഉറപ്പിക്കാൻ പോകുന്നതറിഞ്ഞപ്പോൾ ആകെയൊരു വെപ്രാളമായിരുന്നു..

“”ജോലിയോ സൗന്ദര്യമോ അല്ല..നട്ടെല്ലുള്ള ചെക്കനെയാണ് നോക്കേണ്ടത്..” ഇതുവരെ വിവാഹം കഴിക്കാത്ത റീന മിസ്സിന്റേതായിരുന്നു തികച്ചും വിഭിന്നമായ ആ ഉപദേശം..അതിപ്പോ എങ്ങനെ നോക്കും എന്നു തലപുകഞ്ഞാലോചിച്ചു..ഒരെത്തും പിടിയും കിട്ടിയില്ല..’ ഫ്രണ്ട്സിനോട് ചോദിച്ചപ്പോൾ “മിസ്സിനെ ആരെങ്കിലും തേച്ചിട്ടുണ്ടാവുമെഡി” എന്നായിരുന്നു അവരുടെ കണ്ടെത്തൽ…

എൻഗേജ്‌മെന്റ് കഴിഞ്ഞു ആറുമാസം കഴിഞ്ഞായിരുന്നു വിവാഹം..ഒരുമാസത്തെ ലീവിന് വന്ന ചേട്ടനെ15 ദിവസമായപ്പോഴേക്കും അർജൻറ് പ്രോജക്ട് എന്നു പറഞ്ഞ് കമ്പനി തിരിച്ചു വിളിച്ചു…വർക് ഒന്നു സെറ്റിലായാൽ ലീവിന് വീണ്ടും വരാമെന്നു സമാധാനിപ്പിച്ചു പോയതാ..അടുത്ത മാസം..അടുത്ത മാസം എന്നു പറഞ്ഞു , ഇപ്പോൾ മാസം എട്ടു കഴിഞ്ഞു..

കിച്ചനിൽ പാത്രങ്ങളോട് മല്ലിട്ടു നിൽക്കുമ്പോൾ ഹാളിൽ നിന്നും അമ്മയുടെ സംസാരം കേട്ടു..
“‘കെട്ടുകഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലാ പെണ്ണ് നിൽക്കേണ്ടത്..അതാണ് പിന്നെ അവളുടെ വീട്..അല്ലാതെ ഏതു സമയവും സ്വന്തം വീട് ന്നും പറഞ്ഞു ഓടി പോവല്ല… ആതിരയെ കണ്ടില്ലേ..കഴിഞ്ഞ ഓണത്തിന് വന്ന് പോയതാണവൾ..”” ഫോണിൽ ഏട്ടനാണെന്നു മനസ്സിലായി..ഞാൻ കൂടി കേൾക്കാനാണ് ഈ ഉച്ചത്തിലുള്ള സംസാരമെന്നും..

ആതിര ഏട്ടന്റെ അനിയത്തിയാണ്…അവർ സ്വന്തം വീട് വച്ചു താമസിക്കുന്നു.പോരാത്തതിന് അവളുടെ ചേട്ടൻ നാട്ടിലും..ഹും.. അതും വച്ചാ ഈ പറച്ചിൽ…ഇവർക്ക് വല്ല അനാഥ പെണ്കുട്ടിയെ നോക്കായിരുന്നില്ലേ..അപ്പൊ പിന്നെ ഈ വീട്ടിൽ പോക്ക് ഉണ്ടാവില്ലല്ലോ..

ഇപ്രാവശ്യം എന്തൊക്കെ സംഭവിച്ചാലും ഒരാഴ്ച കഴിഞ്ഞേ വരൂ എന്നു മനസ്സിനെ തീർച്ചപ്പെടുത്തി…

പോകുംമ്പോഴുള്ള അമ്മയുടെ നീരസം കണ്ടില്ലെന്നു നടിച്ചു..രണ്ടാമത്തെ ദിവസം വൈകീട്ട് ഏട്ടന്റെ വിളി വന്നു..
“‘നാളെ രാവിലെ നേരത്തെ തന്നെ വീട്ടിലെത്തണം””
എന്താ കാര്യമെന്നു ചോദിക്കുമ്പോൾ മനസ്സിൽ നിന്നു വിഷമവും ദേഷ്യവുമൊക്കെ പുറത്തു ചാടി…
“”നിന്നെക്കൊണ്ടരാവശ്യമുണ്ട് വീട്ടിൽ..അത്രതന്നെ…”‘ ,ഏട്ടന്റെ ശബ്ദത്തിനു മുമ്പെങ്ങുമില്ലാത്ത ഘനം..

രാവിലെ തന്നെ കുളിച്ചൊരുങ്ങി അച്ഛന്റെ കൂടെ വീട്ടിലേക്കിറങ്ങി…ഇറങ്ങുമ്പോൾ കണ്ണു നിറയുന്നുണ്ടായിരുന്നു..വീട്ടിലുള്ളവർക്കും വിഷമം..അവരെ കൂടുതൽ വിഷമിപ്പിക്കേണ്ടെന്നു കരുതി ഉള്ളിലെ വിഷമം കുറെയൊക്കെ അവിടെത്തന്നെ ഇട്ടുമൂടി..

ഇനിയിപ്പോ അവിടെയെന്താവോ കാത്തിരിക്കുന്നത് എന്നോർത്താണ് വീട്ടിലേക്കു കയറിയത്..ആരെയും പുറത്തു കണ്ടില്ല…അച്ഛനോടിരിക്കാൻ പറഞ്ഞ് ബാഗെടുത്ത് റൂമിലേക്ക്‌ കയറിപ്പോൾ കണ്ടു ..കുസൃതി കണ്ണുകളുമായ് കള്ളച്ചിരിയോടെ ഒരാൾ ബെഡിൽ.. വേറാരുമല്ല.. മ്മടെ കെട്ടിയോൻ തന്നെ..
സന്തോഷമാണോ.. സങ്കടമാണോ…ആകേക്കൂടി.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം..
കൈയ്യിലെ ബാഗുമെടുത്തു ഒരേറു കൊടുത്തു.. ..പ്രതീക്ഷിച്ചിരുന്നതുപോലെ സുഖായി കാച്ച്‌ ചെയ്തു..എണീറ്റു എന്നെ വന്നു മുറുകെ പിടിച്ചു…കാതിൽ മെല്ലെ പറഞ്ഞു ‘”‘മണിക്കൂറൊന്നായി നിന്നെ കാത്തിരുന്ന്, ക്ഷമനശിച്ചിട്ട്…”‘

മാസം ഒന്നു കഴിഞ്ഞതേയുള്ളൂ, ചെറിയൊരു തലകറക്കവും ക്ഷീണവും കണ്ടാണ് ഡോക്ടറെ കാണാമെന്നു വച്ചത്‌..സംശയിച്ചത് തന്നെ..ഒരച്ഛനാകാൻ പോകുന്നു എന്ന് ഡോക്ടർ ഏട്ടനോട് പറഞ്ഞപ്പോൾ, നമ്മൾ മാത്രമുള്ള കുറച്ചുനാൾ കഴിഞ്ഞുമതി കുഞ്ഞ് , എന്നുതീരുമാനിച്ചത് കൊണ്ടാണാവോ, ഏട്ടന്റെ മുഖത്തു പ്രതീക്ഷിച്ച സന്തോഷം കണ്ടില്ല..എന്തേ എന്നു കണ്ണു കൊണ്ടു ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന്‌ കണ്ണടച്ചു കാണിച്ച് എന്നെ ചേർത്തുപിടിച്ചു…

എല്ലാവരോടും പറയുന്ന പോലെ തന്നെ, മൂന്നുമാസം അധികം ജോലിയൊന്നും ചെയ്യാതെ ശ്രദ്ധിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു..

വീട്ടിൽ വന്നു പറഞ്ഞപ്പോൾ ആദ്യം സന്തോഷം വന്നെങ്കിലും റെസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ അമ്മയുടെ മുഖം മങ്ങി…

“”മനു, അവളെ നോക്കാനൊന്നും എനിക്ക് വയ്യ..അവളെ വീട്ടിൽ കൊണ്ടുചെന്നു ആക്കിയേക്ക്‌…ഇനി പ്രസവം കഴിയും വരെ അവിടെ നിന്നോട്ടെ..”‘

കേട്ടതും ഏട്ടന്റെ മുഖം ചുവക്കുന്നത് കണ്ടു..
“‘അമ്മയല്ലേ പറയാറ്, കെട്ടികൊണ്ടുവന്നാൽ ഇതാണ് അവളുടെ വീടെന്ന്..പിന്നെ ഇവിടെയാണ് ജീവിക്കേണ്ടതെന്ന്…ഇതെന്റെ ഭാര്യയാണ്..അല്ലാതെ പണിക്കാരിയല്ല.. വിവാഹം കഴിഞ്ഞപ്പോൾ തൊട്ടു അമ്മ പറയുന്നതെല്ലാം ഞാൻ ഇവളെകൊണ്ടു ചെയ്യിച്ചിട്ടുണ്ട്..അത് പേടിച്ചിട്ടല്ല.. പെൺകോന്തനെന്നുള്ള വിളി കേൾക്കാതിരിക്കാൻ..ആതിരക്കാണ് ഇങ്ങനെയെങ്കിൽ ‘അമ്മ നോക്കാതിരിക്കോ..

ആരുമെന്റെ ഭാര്യയെ നോക്കേണ്ട..എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്..അവൾക്കുള്ള വിസയും കൊണ്ടാ ഞാൻ വന്നത്..അതിനു മുൻപ് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കുറച്ച് ദിവസം നിൽക്കണമെന്ന് തോന്നി….ഞങ്ങൾ പോവാണ്..കുറച്ച് ബുദ്ധിമുട്ടുണ്ടാകും ഇവൾക്ക്..ന്നാലും സാരല്ല്യാ ..ഞാൻ കുറച്ച് ബുദ്ധിമുട്ടിയാണേലും നോക്കും എന്റെ ഭാര്യയെയും കുഞ്ഞിനെയും…അമ്മക്കു സഹായത്തിനു ഒരാളെ വക്കുന്നുണ്ട്..”‘

ഞാനൊരത്ഭുതത്തോടെ ഏട്ടനെ നോക്കി..വിസയോ ..ഇതൊക്കെ എപ്പോ എന്ന മട്ടിൽ..വന്നപ്പോൾ തൊട്ടു പറയുന്ന എനിക്കുള്ള സർപ്രൈസ് ഇതായിരുന്നോ.. അതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത്, മനസ്സിൽ ഇതുവരെ ഉണ്ടായിരുന്ന റീന മിസ്സിന്റെ വാക്കുകൾക്ക് ഒരുത്തരം കിട്ടി എന്നതായിരുന്നു….എനിക്ക് കിട്ടിയിരിക്കുന്നത് നല്ല നട്ടെല്ലുള്ള ഒരുത്തനെ തന്നെയെന്ന്…ഇതു തന്നെയാണ് ഒരു പെണ്ണിന് വേണ്ടതെന്നും…

.writer: Nithya dhilshe

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply