ഈ കഥ വായിക്കാൻ നിൽക്കണ്ട പണികിട്ടും

8128 Views

aksharathalukal horror story

2019ലെ ഒരു സമ്മർ വെക്കേഷൻ

ദൂരയാത്ര കഴിഞ്ഞതിന്റെ ക്ഷീണവും പേറി ഷെയിൻ തന്റെ വീടിന്റെ മുൻപിലെത്തി ..
5കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള ബാഗെടുത്ത് നിലത്തുവെച്ചിട്ടവൻ കാളിങ് ബെല്ലിൽ വിരലമർത്തി ..
രണ്ട് മിനുട്ട് കഴിഞ്ഞാണ് ഫാത്തിമ വാതിൽ തുറന്നത്
ഷെയിൻ ദേഷ്യത്തോടെ ഉമ്മയെ നോക്കി

”എന്താണുമ്മ വാതിൽ തുറക്കാൻ ഇത്ര നേരം ”

”ഞാൻ അടുക്കളയിൽ മീൻ വെട്ടായിരുന്നു …അല്ല നീയെന്താ നേരം വൈകിയത് ”

”ട്രെയിൻ ലേറ്റ് ആയിരുന്നു ”

ഷെയിൻ വീടിനകത്തേക്ക് കയറി തന്റെ റൂമിലേക്ക്‌ പതിയെ ചുവടുവെച്ചു .

”അനക്കെന്താ വയ്യേ ”

ഉമ്മയുടെ ചോദ്യത്തിന് ഉച്ചത്തിലായിരുന്നു അവന്റെ മറുപടി

”ഒന്നുമില്ല ”

ഫാത്തിമ അവനെ തന്നെ നോക്കി ഈ ചെക്കനെന്തുപറ്റിയെന്ന മട്ടിൽ .
ഷെയിൻ റൂമിൽ കയറി കതകടച്ചു കുറ്റിയിട്ടു .
ഡ്രസ്സ് മാറ്റാതെ ബെഡിലോട്ടു വീണു
അൽപം അസ്വസ്ഥയോടെയവൻ ഫോണെടുത്ത്  കൂട്ടുകാരനായ വിഷ്ണുവിനെ ഫോൺ വിളിച്ചു

”ഹലോ ”

”വിഷ്ണുവെ  ഷെയിനാ ”

”പറ മുത്തേ ”

”ഡാ നീ എയ്ഞ്ചലിനെ പുസ്തകം വായിച്ചിട്ടുണ്ടോ  ”

”ഏത് എയ്ഞ്ചൽ ”

”എനിക്കറിയില്ല ഇന്ന് ട്രെയിനിൽ വെച്ച് തൊട്ടടുത്തിരുന്ന രണ്ടുപേർ ആ കഥയുടെ കുറച്ചു രംഗങ്ങൾ പറഞ്ഞിരുന്നു ..അത് കേട്ടപ്പോൾ മുതൽ അവളെ പറ്റി അറിയാഞ്ഞിട്ട് എനിക്കെന്തോപോലെ .  ”

”അതേതാടാ എയ്ഞ്ചൽ എനിക്കറിയില്ല ”

”നീ ഒന്ന് അന്വേഷിക്ക് .. ഇംഗ്ലണ്ടിലെ ഏതോ സായിപ്പ് എഴുതിയ കഥയാണ് ..”

”ഹം മനസ്സിലായി നിനക്ക് ഷോർട്ട്ഫിലിം എടുക്കാനായിരിക്കും അവളുടെ കഥ ”

ഒരു കള്ളചിരിയോടെ ആണ് ഷെയിൻ അതിന് മറുപടി പറഞ്ഞത്‌

”അതെ  പ്രൊഡ്യൂസറടക്കം എല്ലാം ശരിയായതാ പക്ഷെ നല്ലൊരു ത്രില്ലർ സ്റ്റോറിയില്ല പക്ഷെ   ഇവളുടെ കഥയുണ്ടല്ലോ ഹാർട്ട് ടച്ചിങാണ് കൂടാതെ  പണ്ട് നടന്ന സംഭവവും ”

”ഷോർട്ട് ഫിലിം എടുക്കുന്ന കാര്യം ഉപ്പയ്ക്കറിയുമോ ”

”ഏയ് ഇല്ല  ..അറിഞ്ഞാൽ ഉപ്പ സമ്മതിക്കില്ല  അതുകൊണ്ട് എന്റെ ഫേസ്ബുക്ക് ഫേക്ക് ഐഡിയുടെ പേരില്ലേ ക്രിസ്റ്റി .. ആ പേരാണ് സിനിമയിൽ കൊടുക്കുന്നത് ”

”ഹാ ശരി ഞാനൊന്ന് അന്വേഷിക്കട്ടെ ”

”ഉം അളിയാ അന്വേഷിച്ചാൽ പോരാ കണ്ടുപിടിച്ചു തരണം പ്ലീസ് ..അവളെ പറ്റി അറിഞ്ഞത് മുതൽ എന്റെ മനസ്സ് വേറെ എവിടെയോ ആണ്  ”

”ഹാ കണ്ടുപിടിക്കാം  ”

”ഒക്കെടാ താങ്ക്സ് ”

ഷെയിൻ ഫോൺ കട്ടാക്കി ബെഡ്‌ഡിൽ കിടന്നു … അവന്റെ മനസ്സ് മൊത്തം എയ്ഞ്ചലിനെ പറ്റിയായിരുന്നു
അവളെയാലോചിച്ചു അവനങ്ങനെ കിടന്നു
പതിയെ ഉച്ചമയക്കത്തിലേക്കവൻ വീണു..

7PM

യാത്രക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു അവൻ
അപ്പോഴായിരുന്നു അവന്റെ ഫോൺ റിംഗ് ചെയ്‌തത്‌
ഷെയിൻ ഞെട്ടിയെഴുന്നേറ്റ് ഫോണെടുത്തു
വിഷ്ണുവായിരുന്നു ഫോണിൽ .

”വിഷ്ണു  കിട്ടിയോടാ ”

”കിട്ടി ”

ഷെയിനിന്റെ മുഖം സന്തോഷം കൊണ്ട് കോരിതരിച്ചു

”താങ്ക്സ് മോനെ എവിടെനിന്നൊപ്പിച്ചു അവളുടെ കഥ.. ഇംഗ്ലീഷ് ആണോ മലയാളമാണോ  ”

”എല്ലാം പറയാം  അതിന് മുൻപ് എനിക്കൊരു കാര്യം പറയാനുണ്ട് ”

”എന്താടാ ”

”ഈ കഥ വായിക്കാൻ നിൽക്കണ്ട പണികിട്ടും ”

അൽപം ഞെട്ടലോടെ ഷെയിൻ ചോദിച്ചു

”അതെന്താടാ ”

”1980 കാലഘട്ടത്തിൽ ജീവിച്ചിരുന്ന എയ്ഞ്ചലിനെ പറ്റി കഥയെഴുതിയ ആരും ഇന്ന് ജീവിച്ചിരിപ്പില്ല ”

”അതെന്താടാ ”

”അറിയില്ല  അവളുടെ കഥ ബേസ് ചെയ്‌ത്‌ 3 ഇംഗ്ലീഷ് സിനിമകൾ  വന്നിരുന്നു  അതിൽ അഭിനയിച്ചവരും അതിന്റെ അണിയറ പ്രവർത്തകരും ഇന്ന് ജീവിച്ചിരിപ്പില്ല .. എന്തിന്  ആ സിനിമ പോലും ഇപ്പൊ എവിടെയും കാണാൻ കഴിയില്ല ”

ഷെയിനിന്റെ ടെൻഷൻ കൂടി കൂടി വന്നു
സ്വയം ആശ്വസിപ്പിച്ചു കൊണ്ടവൻ പറഞ്ഞു

”ഹേയ് അതൊക്കെ ചുമ്മാ തള്ളുന്നതാകും ബുക്ക് നിന്റെ കയ്യിൽ കിട്ടിയോ  ”

”തള്ളിയതല്ല സത്യം പറഞ്ഞതാ. ഈ കഥ വായിച്ച ഒരുപാട് പേർ  മാനസിക സമ്മർദ്ദം കൂടി ആത്മഹത്യ ചെയ്തിട്ടുണ്ട് പല യൂറോപ്പ്യൻ രാജ്യങ്ങളിലും
ഈ പുസ്തകം നിരോധിച്ചതാണ്   ”

”ഒന്ന് പോടാ ആ കഥ വായിച്ചിട്ടും ജീവനോടെയുള്ള 2പേരെ ഞാനിന്ന് കണ്ടതാ  ”

”നിനക്ക് വേണമെങ്കിൽ ഗൂഗിളിൽ സേർച്ച് ചെയ്യാം ഞാൻ പറഞ്ഞത്‌ സത്യമാണ് വെറുതെ ആത്മഹത്യ ചെയ്യേണ്ട
സിറ്റിവേഷ്യനുണ്ടാക്കണ്ട മോനെ   ”

”ഒന്ന് പോടാ  ഞാനെന്തായാലും ആത്മഹത്യ ചെയ്യില്ല അവളെ പറ്റി എഴുതാനും പോകുന്നില്ല നീയാ  പുസ്തകമൊന്ന് താ ”

”എനിക്ക്‌ കിട്ടിയത്‌ പുസ്തകമല്ല  ”

”പിന്നെ ”

”എന്റെ തൂലിക എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ട് അതിൽ നിത്യ ദിൽഷെ എന്ന  പെൺകുട്ടിയെഴുതിയ കഥയാണ്..  ”

”ശരി നീയാ കഥയുടെ ലിങ്ക് എനിക്കൊന്നയച്ചു താ ”

”തരാം ബട്ട് വൺ കണ്ടിഷൻ ”

”എന്താ ”

”നീ എയ്ഞ്ചലിന്റെ കഥ ഷോർട്ട് ഫിലിമാക്കരുത്  അവളെയോർത്ത്‌
സ്ക്രിപ്റ്റ് എഴുതാനും പാടില്ല ”

”ഇല്ലെന്നൊരിക്കൽ പറഞ്ഞു .  നീ വേഗം ലിങ്ക് അയക്ക് ”

”അയച്ചു  മെസ്സഞ്ചർ നോക്ക് ”

”താങ്ക്സ് മുത്തേ അപ്പോൾ പിന്നെ കാണാം  ”

ഷെയിൻ ഫോൺ കട്ടാക്കി.
വായിക്കാനുള്ള ത്രില്ലിൽ അവൻ റൂമിലെ ലൈറ്റ് ഓഫാക്കി ജനലിലെ  കർട്ടനടച്ചു ചുറ്റുപാടും ഭീതിയുള്ള അന്തരീക്ഷം സൃഷ്ടിച്ച്
തന്റെ ലാപ്ടോപ് ഓപ്പൺ ചെയ്തു
മെസ്സഞ്ചറിൽ കിട്ടിയ ലിങ്ക് വഴി അവൻ തൂലിക ഗ്രൂപ്പിലെ കഥയെടുത്തു ….
ഞാൻ എയ്ഞ്ചൽ എന്നായിരുന്നു കഥയുടെ പേര് ..
കഥയുടെ പോസ്റ്ററും പേരുമെല്ലാം ഷെയിനിനെ രസം കൊള്ളിച്ചു എയ്ഞ്ചൽ എന്ന പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു അതിലെ പോസ്റ്റർ  15വയസ്സ് പ്രായമുള്ള സുന്ദരിയായൊരു പെൺകുട്ടി
അവൻ പോൾ സെബാസ്റ്റിയൻ എന്നയാൾക്ക്‌ ഫേസ്ബുക്കിൽ മെസ്സേജ് ചെയ്തു

”അച്ചായാ ഒരു സൂപ്പർ കഥയുമായി ഞാൻ നാളെ വീട്ടിലേക്ക്‌ വരുന്നുണ്ട്  പൈസയെല്ലാം റെഡിയാക്കി വെച്ചോ ഒരാഴ്ച്ച കൊണ്ട് ഷൂട്ട് തുടങ്ങാം കഥയുടെ പേര് ഞാൻ എയ്ഞ്ചൽ ”

മെസ്സഞ്ചർ ബാക്കടിച്ചു ഷെയിൻ പതിയെ അവളുടെ കഥ വായിക്കാനൊരുങ്ങി

_________________________________________

ഒരുപാട് സൗഭാഗ്യവും  സ്നേഹവും അളവിൽ കൂടുതൽ ലഭിച്ചിട്ടും ജീവിതത്തിൽ   ദുരിതം മാത്രം അനുഭവിച്ചവൾ അതായിരുന്നു ഞാൻ ..  ഏയ്ഞ്ചൽ മരിയ..
1980 ജൂൺ 23ന് ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു എന്റെ ജനനം ..

ലിവർപൂൾ എന്ന ഫുടബോൾ ക്ലബ്ബിലെ അക്കൗണ്ടന്റായിരുന്ന  ഡാനിയലിന്റെയും ഹൗസ് വൈഫ് ആയ സ്റ്റെല്ലയുടെയും ഏകമകൾ ..

ഞങ്ങൾ ഇംഗ്ലണ്ടുകാർക്ക്
ഇവിടെയുള്ള ഓഫീസ് ജോലിയെക്കാളും മതിപ്പാണ്  ഫുട്ബാൾ ക്ലബ്ബിൽ വർക്ക് ചെയുമ്പോൾ  .. അതുകൊണ്ട് തന്നെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കെല്ലാം പപ്പയോട് അസൂയയായിരുന്നു

ജന്മനാ ഇടത്കാലിന് നീളം കുറവായിരുന്നു  എനിക്ക്‌.  പിച്ചവെച്ചു തുടങ്ങിയത് തന്നെ ഞൊണ്ടി ഞൊണ്ടിയാണ് ..
ഒറ്റമോളായത് കൊണ്ട് വളരെയേറെ ലാളിച്ചാണ് അവരെന്നെ വളർത്തിയത്.. കുട്ടികാലം മുതലേ അവരെന്റെ  എല്ലാ ആഗ്രഹവും സാധിച്ചുതരുമായിരുന്നു .
പപ്പയും മമ്മിയുമായിരുന്നു എന്റെ ലോകം
പിന്നെ സ്റ്റെഫിയും
ആരോടും കൂട്ട് കൂടാതെ എപ്പോഴും എന്റെ റൂമിൽ സ്റ്റെഫിയെയും കെട്ടിപിടിച്ചിരിക്കുക അതാണ് എന്റെ പ്രധാനഹോബി .
പപ്പയും മമ്മിയും കഴിഞ്ഞാൽ അവളാണെന്റെയെല്ലാം . സ്റ്റെഫി എന്റെ അഞ്ചാം പിറന്നാളിന് പപ്പ വാങ്ങി തന്ന ടെഡിബിയറാണ് ..

എനിക്ക്‌ 5 വയസ്സുള്ളപ്പോഴാണ് എന്റെ പപ്പ ഫുട്ബാൾ ക്ലബ്ബിൽ പെർമെനെന്റാകുന്നത്..
ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടിയയാണ് പെർമെനെന്റ് സ്റ്റാഫായാൽ ലഭിക്കുക
അന്ന് ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു

___________________________________________

പെട്ടെന്നാണ് ഷെയിനിന്റെ ഫോൺ റിംഗ് ചെയ്‌തത്‌ .

”ഛേ കഥയുടെ മൂഡ് പോയി ”

അവൻ ദേഷ്യത്തോടെ മൊബൈലെടുത്തു.

”എന്റെ പടച്ചോനെ ഉപ്പയാണല്ലോ
വിളിക്കുന്നത് ”

അവൻ വേഗം  ഫോണെടുത്തു

”ഹലോ ഉപ്പ ”

”എവിടെയാ ”

”വീട്ടിലുണ്ട് ഉപ്പ  ”

”ഒരു ഹാപ്പി ന്യൂസ് വിളിക്കാന ഉപ്പ വിളിച്ചത്‌ ”

”എന്താ ഉപ്പ ”

”അങ്ങനെ ഉപ്പ കിൻഫ്രയിലെ സ്ഥിരം ജീവനക്കാരനായി..  കമ്പനി എന്നെ പെർമെനെന്റാക്കി ”

അതിശയം കലർന്ന സന്തോഷത്തോടെ ഷെയിൻ പറഞ്ഞു

”ഇതെന്ത് മറിമായം ”

”എന്താ ”

”ഹേയ് ഒന്നുമില്ല ഉപ്പാ  ഉമ്മയോട് പറഞ്ഞോ ഈ കാര്യം ”

”പറഞ്ഞു  .നിന്നെ അറിയിക്കാന ഇപ്പൊ വിളിച്ചത്‌ ”

”ഉപ്പ ഇനി എപ്പോഴാ വരിക ”

”ഈ ശനിയാഴ്ച്ചയെത്തും  . എന്നാൽ ശരി. ഉപ്പ അൽപം തിരക്കിലാണ് പിന്നെ വിളിക്കാം”

”ശരി ഉപ്പ ”

ഷെയിൻ ഫോൺ കട്ട് ചെയ്ത ശേഷം ത്രില്ലോടെ  അടുത്ത പാരാഗ്രാഫ് വായിക്കാൻ തുടങ്ങി

____________________________________________

ഞൊണ്ടി ഞൊണ്ടിയാണ് ഞാൻ സ്കൂളിൽ പോയിരുന്നത് .
കുട്ടികളെല്ലാം ചട്ടുകാലത്തി എന്നൊക്കെ വിളിച്ചു  കളിയാക്കും .
അതിന്റെ പേരിൽ സങ്കടപെട്ട് ദിവസവും നാലഞ്ചു തവണ കരയുക എന്നതായിരുന്നു സ്കൂളിൽ വന്നാൽ എന്റെ പ്രധാന പണി .
എന്നോട്‌ കൂട്ട് കൂടാൻ ആരും വന്നില്ല ..
കളിയാക്കൽ ഭയന്ന് ബെഞ്ചിൽ ഞാനൊറ്റയ്ക്കിരിക്കാൻ തുടങ്ങി
ഒരു ബെഞ്ചിൽ 2കുട്ടികൾക്കിരിക്കാനുള്ള സ്ഥലമുള്ളൂ .

പതിയെ പതിയെ ഞാനൊരു അന്തർമുഖിയായിമാറി .
ഒരു റൂമിൽ ഒറ്റയ്‌ക്കിരിക്കും  സ്കൂളിൽ പോയാൽ കുട്ടികൾ പോയിട്ട് ടീച്ചർമാരോടുപോലും മിണ്ടാറില്ല

ഇങ്ങനെ പോയാൽ മകൾ പതിയെ വിഷാദരോഗത്തിലേക്ക് കടക്കുമെന്ന്  മനസ്സിലാക്കിയ എന്റെ പപ്പ
എന്നെ  ഹാപ്പിയാക്കാനും മറ്റുള്ള കുട്ടികളുടെ മുൻപിൽ വലുതായി കാണിക്കുവാനും  വേണ്ടി  എനിക്കൊരു വില കൂടിയ സമ്മാനം തന്നു
ഒരോ മണിക്കൂറിലും സമയം വിളിച്ചു പറയുന്ന ടൈറ്റാൻ കമ്പനിയുടെ പുത്തൻ വാച്ചായിരുന്നു അത്‌
20യൂറോ ആയിരുന്നു അതിന്റെ വില ..
_________________________________________

വീട്ടിലെ കോണിംഗ് ബെല്ലടിച്ചുകൊണ്ടേയിരുന്നു
ഷെയിൻ ദേഷ്യത്തോടെ പുറത്തോട്ട് നോക്കി

”നാശം ആരാണാവോ ഈ സമയത്ത് ”

ബെല്ലടിച്ചയാളെ പ്രാകികൊണ്ടവൻ ബെഡ്‌ഡിൽ നിന്നെഴുന്നേറ്റു

”ഈ ഉമ്മ ഇതെവിടെ പോയി ”

വേഗത്തിൽ അവൻ പടിയിറങ്ങി എന്നിട്ട്   ഡോർ തുറന്നു ..
തലയിൽ ക്യാപ്പും തോളിൽ ബാഗും ധരിച്ച ആമസോണിന്റെ ഡെലിവറി ബോയ് ആയിരുന്നു അത്‌

”ഈ ഷെയിൻ സാറിന്റെ വീടല്ലേ ”

”അതെ ഷെയിനാണ് ”

”സാർ ഓർഡർ ചെയ്ത ടൈറ്റാനിന്റെ  വാച്ച് വന്നിട്ടുണ്ട് ”

അത്കേട്ടതും ആശ്ചര്യത്തോടെ ഷെയിൻ ഡെലിവറി ബോയിയെ നോക്കി  .

”വാച്ച് സ്റ്റോക്കില്ല 2മാസം കഴിഞ്ഞേ സ്റ്റോക്ക് വരൂ എന്നാണല്ലോ അന്ന് ഓർഡർ കൊടുത്തപ്പോൾ പറഞ്ഞത്‌ ”

”അത്‌ സാർ..  അത്ഭുതമെന്ന് പറയാം ഈ ഒരു വാച്ച് സ്റ്റോർ റൂമിൽ ബാക്കി കിടന്നിരുന്നു .
അത്‌ കുറച്ചു മുൻപാണ് സ്റ്റോർ കീപ്പർ കണ്ടത്‌  ഉടനെ ഓർഡർ ചെയ്ത 25പേരുടെ ലിസ്റ്റ് നോക്കി അങ്ങനെ സാറിനെ സെലെക്ട്  ചെയ്തു  .സാറാണ് ആ ഭാഗ്യവാൻ ”

ഞെട്ടലോടെ ഷെയിൻ ആ പാക്കറ്റ് വാങ്ങി .
പേപ്പറിൽ സൈൻ ചെയ്‌ത്‌ കൊടുത്തിട്ടവൻ ഡെലിവറി ബോയെ പറഞ്ഞയച്ചു

”ആരാടാ വന്നത്‌ ”

അടുക്കളയിൽ നിന്ന് വരാന്തയിലേക്ക് ഉമ്മ വന്നു

”ഒന്നുമിള്ള അമ്മ എന്റെ വാച്ച് വന്നതാ ആമസോണിൽ നിന്ന് ”

”എന്നാ വന്ന് ചായ കുടിച്ചോ  പത്തിരിയും കോഴികറിയും ഉമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട് ”

”വിശപ്പില്ല ഉമ്മ രാത്രി മതി ”

ഷെയിൻ ധൃതിയിൽ തന്റെ റൂമിലേക്ക്‌ നടന്നു
ഓരോന്നാലോചിച്ചു കൂട്ടിയാണവൻ  ഒരോ ചുവടും മുൻപോട്ട് വെച്ചത്‌

”ഏയ്ഞ്ചലിന്റെ കഥയുടെ ഒരോ പാരാഗ്രാഫ്  കഴിയാനാവുമ്പോൾ അവസാന വരികളിൽ  എഴുതിയ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നു ”

അവൻ സ്വയം ചിന്തിച്ചുകൊണ്ട്
തന്റെ റൂമിലെത്തി
ലാപ്ടോപ്പിന്റെ മുൻപിലിരുന്നു ആവേശത്തോടെയവൻ അവളുടെ കഥയുടെ അടുത്ത പാരാഗ്രാഫ് വായിക്കാൻ തുടങ്ങി
_________________________________________

ക്ലാസ്സിലെ അനുഭവങ്ങൾ വേദന നിറഞ്ഞതാണെങ്കിലും വീട്ടിലെ അനുഭവം എനിക്ക്‌ എപ്പോഴും സന്തോഷകരമായിരുന്നു  അതിനാൽ മറ്റ്  വേദനകളെല്ലാം  ഞാൻ കടിച്ചമർത്തി …….
കളിയാക്കി കളിയാക്കി മതിയായപ്പോൾ കുട്ടികളെല്ലാം എന്നോട്‌ മിണ്ടാൻ തുടങ്ങി
പിറ്റേദിവസം മുതൽ എന്റെ ബെഞ്ചിൽ ഒരുകുട്ടി വന്നിരുന്നു
നടാഷ എന്നായിരുന്നു അവളുടെ പേര് .
ഒട്ടും വൈകാതെ തന്നെ അവളെന്റെ കൂട്ടുകാരിയായി മാറിയിരുന്നു ..
പപ്പയ്ക്കും മമ്മയ്ക്കും ശേഷം അവളായിരുന്നു എന്റെയെല്ലാം

ആ വർഷത്തെ പരീക്ഷ  ആരംഭിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ  ആഘാതം സംഭവിക്കുന്നത്
അന്നൊരു ഞായറാഴ്ച്ചയായിരുന്നു
വീട്ടിൽ ടോം ആൻഡ് ജെറിയും കണ്ടു  കൊണ്ടിരിക്കുമ്പോൾ പപ്പയ്ക്ക് സ്കൂളിൽ നിന്നൊരു ഫോൺകാൾ വന്നു
എന്റെ ക്ലാസ് ടീച്ചറായിരുന്നു ഫോൺ വിളിച്ചത്‌
2മിനുട്ട് സംസാരിച്ചശേഷം സങ്കടത്തോടെ പപ്പാ ഫോൺവെച്ചു
എന്നിട്ട് മമ്മിയോട് പറഞ്ഞു

”നടാഷയും അവളുടെ അമ്മയും കാർ ആക്‌സിഡന്റിൽ മരിച്ചു ”

___________________________________________

ഞെട്ടലോടെ ഷെയിൻ വായന നിർത്തി

”എന്റള്ളാഹ്  പാരഗ്രാഫിന്റെ അവസാനം മരണം ”

ഷെയിൻ എന്ത്‌ ചെയ്യണമെന്നറിയാതെ  ബെഡ്‌ഡിൽ നിന്നെഴുന്നേറ്റു
നിമിഷങ്ങൾക്കകം അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി
പട പടാന്നടിച്ച നെഞ്ചിൽ കൈവെച്ചു കൊണ്ട് അവൻ ഫോണിൽ നോക്കി .
വിളിക്കുന്നത്‌ സൽമാൻ ആണ്
കൂടപിറപ്പ്പോലെ അടുപ്പമുള്ള കൂട്ടുകാരൻ

ഷെയിൻ വിറച്ചുകൊണ്ട് പതിയെ  ഫോണെടുത്തു

”ഹലോ ”

”ഷെയിനല്ലേ ഇത്‌ ”

വിളിച്ചത്‌ സൽമാനല്ല  അൽപം പ്രായം തോന്നിക്കുന്നയാളാണ്. ഗൗരവത്തിലാണ് അയാളുടെ സംസാരം

”അതെ….അതേലോ ”

അടഞ്ഞ സ്വരത്തിൽ ഷെയിൻ പറഞ്ഞു

”സൽമാന്റെ ചിറ്റപ്പനാണ് സംസാരിക്കുന്നത്
മഞ്ചേരിയിൽ വെച്ച് സൽമാന്റെ ബൈക്കും ബസുമായി കൂട്ടിയിടിച്ചു …”

ഷെയിൻ വേദനയോടെ  അത്‌ കേട്ടുനിന്നു

” അവനും അവന്റെ ഉമ്മയും പോയി ”

ഷെയിൻ നിലവിളിച്ചു കൊണ്ട് ഫോൺ നിലത്തെറിഞ്ഞു………..

അവൻ തന്റെ  രണ്ടുകൈകളും തലയിൽ വെച്ച് ചുമരിൽ ചാരിനിന്നു ….
പതിയെയവൻ തറയിലിരുന്നു

”എന്നാലും സൽമാൻ ”

വിങ്ങിപൊട്ടികൊണ്ട് ഷെയിൻ കുറച്ചുനേരം പൊട്ടികരഞ്ഞു

കൂട്ടുകാരൻ മാത്രമായിരുന്നു അവന്റെ മനസ്സിലെ ചിന്ത
തറയിൽ നിന്ന് പതിയെ എഴുന്നേറ്റശേഷം അവൻ ലാപ്ടോപ്പിലേക്ക് ദേഷ്യത്തോടെ  നോക്കി
എന്നിട്ട് ലാപ്ടോപ്പിലെ കീബോർഡിൽ തന്റെ കൈപത്തികൊണ്ടാഞ്ഞടിച്ചു .
ആഞ്ഞടിച്ചതും കഥാഭാഗം താഴെക്ക് താഴെക്ക് വന്നു
ഒടുവിൽ കഥയുടെ അവസാനം വന്ന പോസ്റ്ററിൽ വന്നു നിന്നു .
എയ്ഞ്ചൽ എന്ന പെൺകുട്ടി ചിരിക്കുന്ന ഫോട്ടോയായിരുന്നു കഥയുടെ പോസ്റ്റർ

അത് കണ്ടതും ഷെയിനിന്റെ ദേഷ്യം കൂടി
നായിന്റെ മോളെ എന്ന് വിളിച്ചു കൊണ്ടവൻ ലാപ്ടോപിന്റെ മുൻപിലിരുന്നു

”തോറ്റ് തരാൻ എനിക്കുദ്ദേശമില്ലടി ”

ഷെയിൻ അരിശത്തോടെ അടുത്ത ഭാഗം വായിക്കാൻ തുടങ്ങി

____________________________________________

കൂട്ടുകാരിയുടെ മരണം അക്ഷരാർത്ഥത്തിൽ എന്നെ തളർത്തിയിരുന്നു
തളർത്തിയെന്ന് മാത്രമല്ല എന്റെ മനോനില തന്നെ തെറ്റിയിരുന്നു ..
ഉറങ്ങില്ല ഭക്ഷണം കഴിക്കില്ല എപ്പോഴും അവളുടെ ചിന്ത മാത്രം
പപ്പ പല സൈക്യാട്രിസ്റ്റുകളെയും മാറി മാറി കാണിച്ചു ഫലമുണ്ടായില്ല
വിഷാദരോഗവും ഇതിലൂടെ എനിക്ക്‌ പിടിപെട്ടു
3 വർഷം വേണ്ടിവന്നു ഞാനൊക്കെയാവാനും  മനസ്സറിഞ്ഞു ചിരിക്കാനും

അങ്ങനെ ഞാൻ മുടങ്ങിപോയ രണ്ടാം ക്ലാസ് പഠനം വീണ്ടും ആരംഭിച്ചു
ഇത്തവണ പുതിയ കൂട്ടുകാർ എന്നെ കളിയാക്കാനൊന്നും നിന്നില്ല
അവരെന്നോട് കൂട്ട് കൂടാൻ വന്നു
അങ്ങനെ വീണ്ടും എന്റെ ജീവിതത്തിൽ ആനന്ദപൂക്കൾ വിരിഞ്ഞു
എത്ര സന്തോഷം വന്നാലും അതിന്റെ ആയുസ്സ് ദിവസങ്ങൾ മാത്രമായിരിക്കും എന്റെ ജീവിതത്തിൽ ………….

പതിവ് പോലെ ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിലെത്തി
പാതിയടഞ്ഞ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് ആ കാഴ്ച്ച ഞാൻ കാണുന്നത്
ചോരയിൽ കുളിച്ചു കിടക്കുന്ന  എന്റെ മമ്മിയെ

ഞാൻ വേഗം നിലവിളിച്ചു കൊണ്ട് മമ്മിയുടെ അടുത്തെത്തി  .മമ്മിക്ക് തെല്ലും അനക്കമില്ലായിരുന്നു
എന്റെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിവന്നു
അവർ വേഗം മമ്മിയെ ഹൊസ്പിറ്റലിലേക്ക് കൊണ്ട് പോയി ഒപ്പം എന്നെയും
അന്നെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടന്ന ദിനമാണ് …..
മോഷ്ടിക്കാൻ കയറിയ കള്ളനെ തടയാൻ ശ്രമിച്ച മമ്മിയെ കള്ളൻ നിഷ്കരുണം  തലയ്ക്കടിച്ചു കൊന്നു
മമ്മിയുടെ മരണത്തിന്റെ ആഘാതത്തിൽ ഓഫീസിൽ നിന്ന് ദൃതിപെട്ട് വീട്ടിലേക്ക്‌ വരാൻ നോക്കിയ പപ്പയും ആക്‌സിഡന്റിൽ എന്നെ വിട്ടുപോയി  രണ്ടുമരണവും നടന്നത്  അരമണിക്കൂർ വ്യത്യാസത്തിൽ
____________________________________________

ഷെയിൻ പേടിയോടെ വായനനിർത്തി
പടച്ചോനെ ഉമ്മയുടെയും ഉപ്പയുടെയും മരണമാണല്ലോ ഇനി നടക്കാൻ പോകുന്നത്‌ .
അവൻ ബെഡിൽ നിന്ന് ചാടിയിറങ്ങി
ഡോർ തുറന്ന് പടികൾ ഓടിയിറങ്ങി നിലത്തെത്തി ..
അവൻ വേഗം ഉമ്മയുടെ റൂം ലക്ഷ്യമാക്കിയോടി
റൂം തുറന്നിട്ടിട്ടുണ്ട് അവിടെ ഉമ്മയില്ല

ഷെയിനിന്റെ നെഞ്ചിടിപ്പ് ഇരട്ടിയായി
അവൻ വേഗം അടുക്കളയിലേക്കോടി

”ഉമ്മാ ”

അലറിവിളിച്ചു കൊണ്ട് ഷെയിൻ അടുക്കളയിലെത്തി ..
അടുക്കളയിലെ തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഉമ്മയെയാണവൻ കണ്ടത്‌

ഷെയിൻ ഉറക്കെ കരഞ്ഞുകൊണ്ട് ഉമ്മയെ തന്റെ മടിയിൽ കിടത്തി
ഉമ്മയ്ക്ക് തീരെ ബോധമുണ്ടായിരുന്നില്ല ശ്വാസവും നിലച്ചിരുന്നു
അവൻ ആർത്തുകരഞ്ഞു കൊണ്ടിരുന്നു . ആരുമില്ലായിരുന്നു അവനെയൊന്നു  ആശ്വസിപ്പിക്കാൻ .
കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു .
ഷെയിൻ പതിയെ തലയുയർത്തി

”അയ്യോ എന്റെ ഉപ്പ ”

അവൻ പതിയെ തറയിൽ നിന്നെഴുന്നേറ്റു
ഫോൺ മുകളിലത്തെ റൂമിലാണ് .
ഷെയിൻ കണ്ണീർ തുടച്ചുകൊണ്ട് പടി കയറി
റൂമിലെത്തി ..
ബെഡ്‌ഡിൽ കിടന്ന് റിംഗ് ചെയ്ത ഫോണിലവൻ  നോക്കി ..
വിളിക്കുന്നത് കിൻഫ്രയിൽ നിന്നാണ് അതായത്‌ ഷെയിനിന്റെ  ഉപ്പയുടെ ഓഫീസിൽ നിന്ന് …

അവൻ വീണ്ടും പൊട്ടി കരയാൻ തുടങ്ങി ..
സങ്കടവും ദേഷ്യവും അവന്റെ മുഖത്ത് മാറി മാറി വന്നു
മൊത്തത്തിൽ അവന്റെ മൈൻഡ് തന്നെ മാറി മറിഞ്ഞു
ഷെയിൻ  ഫോണെടുത്ത് നിലത്തെറിഞ്ഞു പൊട്ടിച്ചു …
ഉച്ചത്തിൽ അലറി വിളിക്കാൻ തുടങ്ങി …
ചുമരിൽ കൈകൊണ്ടാഞ്ഞു കുത്തി

5മിനുട്ട് കൊണ്ട് ഷെയിൻ വീണ്ടും പഴയ രൂപത്തിലായി .
മുഖ ഭാവം ദേഷ്യ ഭാവത്തിൽ നിന്ന്  ശാന്തതയിലേക്ക് മാറി
അവൻ ലാപ്ടോപ്പിലേക്ക് നോക്കി
എയ്ഞ്ചലിന്റെ പുഞ്ചിരിയായിയുന്നു അതിലെ സ്‌ക്രീനിൽ തെളിഞ്ഞത്
ഷെയിനിന്  ദേഷ്യം ഇരച്ചുകയറി

”തൃപ്തിയായില്ലേ നായിന്റെ മോളെ നിനക്ക് ”

അവൻ ഓടിച്ചെന്ന് ലാപ്ടോപ്പെടുത്ത്  തറയിൽ ആഞ്ഞെറിഞ്ഞു .
ലാപ്ടോപ്പ് 2കഷ്ണമായി മാറി
അവൻ ലാപ്ടോപ്പ് ചവിട്ടികൂട്ടി ..
സർവ്വ നിയന്ത്രണവും വിട്ട് മുഴു ഭ്രാന്തനായി അവൻ മാറിയിരുന്നു

നിമിഷങ്ങളോളം ലാപ്ടോപ്പ് ചവിട്ടികൂട്ടിയവൻ
ക്ഷീണിതനായി മാറിയിരുന്നു .
ഷെയിൻ റൂമിന്റെ ഒരു മൂലയിൽ പോയിരുന്നു ഓരോന്നു പറഞ്ഞു കരയാൻ തുടങ്ങി

”അയ്യോ …എനിക്കെന്തിന്റെ കേടായിരുന്നു
എന്റെ ഉമ്മ  ….ഉപ്പ …… കൂട്ടുകാരൻ ……എല്ലാവരും പോയി … ഞാൻ കാരണം ….. ഈ കഥ സിനിമയാക്കാൻ ശ്രമിച്ച എനിക്ക്‌ ശിക്ഷ  കിട്ടി …….. ”

അവൻ രണ്ട് കൈകൊണ്ടും തലയ്ക്കടിക്കാൻ തുടങ്ങി
വീണ്ടും അലറി കരഞ്ഞു

”….വേണ്ടായിരുന്നു…..  ഈ കഥ ഞാൻ വായിക്കാൻ പാടില്ലായിരുന്നു … ഉമ്മയും പോയി ഉപ്പയും പോയി ഞാൻ കാരണം  ഇനിയെനിക്ക് ജീവിക്കണ്ട…..എനിക്ക്‌ ചാകണം.”

ഷെയിൻ ഇരുന്നിടത്ത് നിന്ന് ഫാനിലേക്ക് നോക്കി
വേഗത്തിൽ കറങ്ങുന്ന ഫാനിനെ കണ്ടപ്പോൾ അവന്റെ  ചിന്തകൾ മാറിമറിഞ്ഞു

”ആളുകൾ വരുന്നതിന് മുൻപ് ഈ ഫാനിൽ കെട്ടി എന്റെ ജീവിതമവസാനിപ്പിക്കാം ”

അവൻ വേഗം റൂമിന്റെ മൂലയിൽ നിന്നെഴുന്നേറ്റു
അലമാര തുറന്ന് തന്റെ വെള്ളമുണ്ടെടുത്തു .
ഫാനിന്റെ സ്വിച്ച് ഓഫാക്കി
തൊട്ടടുത്തിരുന്ന സ്ടൂളെടുത്ത് കട്ടിലിന്റെ മുകളിൽ വെച്ചു .
അവൻ പതിയെ കട്ടിലിൽ ചവിട്ടി സ്റ്റൂളിന്റെ മുകളിൽ നിന്ന്
മുണ്ട് കുരുക്കാക്കി മാറ്റി ഫാനിൽ ചുറ്റി

”സ്വന്തം മാതാപിതാക്കളെ മനപ്പൂർവമല്ലെങ്കിലും   ഇല്ലാതാക്കിയ എനിക്ക്‌ ഇനി ഈ  ലോകത്ത് ജീവിക്കണ്ട”

ഷെയ്ൻ കുരുക്ക് കഴുത്തിൽ ടൈറ്റാക്കിയ ശേഷം കാലുകൊണ്ട് സ്റ്റൂൾ ചവിട്ടി നിലത്തിട്ടു
സ്റ്റൂൾ വീണതും പ്രാണവായുവിന് വേണ്ടിയവൻ പിടയാൻ തുടണ്ടി
കുറച്ചു നിമിഷം അവനങ്ങനെ പിടഞ്ഞു കൊണ്ടിരുന്നു
പെട്ടെന്നാണ് വലിയൊരു ശബ്ദം ആ റൂമിൽ കേട്ടത്‌
________________________________________

രണ്ടുമണിക്കൂർ കഴിഞ്ഞു  വാതിലിലാരോ തട്ടിവിളിക്കുന്ന ശബ്ദംകേട്ട് ഷെയിൻ പതിയെ കണ്ണ്തുറന്നു …
അവൻ ചുറ്റും നോക്കി മുണ്ടിന്റെ കുരുക്ക് കഴുത്തിൽ കുടുങ്ങി കിടക്കുന്നു ഒപ്പം സീലിംഗ് ഫാനിന്റെ ഒരു കഷ്ണവും
ഷെയിൻ കഴുത്തിൽ നിന്ന് കുരുക്കഴിച്ചു പതിയെ എഴുന്നേറ്റു

”ഞാൻ ചത്തില്ലേ ”

അവൻ മുകളിലേക്ക് നോക്കി

”ചത്തിട്ടില്ല ..എന്റെ ബലം താങ്ങാനാകാതെ ഫാൻ പൊട്ടിവീണിരിക്കുന്നു ”

അപ്പോഴും വാതിൽ മുട്ടുന്ന ശബ്ദം കേൾക്കാം
അവൻ പതിയെ വാതിലിനടുത്തേക്ക്  പോയി
വാതിൽ തുറന്നു
ഉമ്മയായിരുന്നു വാതിലിൽ മുട്ടിയത് . ഉമ്മയെ കണ്ടതും ഷെയിൻ ഒന്നും മനസ്സിലാകാതെ നിന്നു

”എന്തോരൊറക്കാട ഇത്‌  വിളിച്ചാലും കേൾക്കില്ല മനുഷ്യനെ പേടിപ്പിക്കാനായിട്ട് ”

ഉമ്മയുടെ ചീത്തയും കേട്ട് അവനവിടെ  മിഴിച്ചു നിന്നു

”വേഗം കുളിച്ചിട്ട് വാ ഭക്ഷണം കഴിക്കാം ഉപ്പ കാത്തിരിക്കുന്നുണ്ട് ”

ഷെയിനിന്റെ കിളിമൊത്തം പാറിപോയിപോയിരുന്നു
ഉമ്മ ദേഷ്യത്തോടെ പടിയിറങ്ങി താഴോട്ട്പോയി
അവൻ റൂം ലോക്ക് ചെയ്‌ത്‌ ബെഡ്‌ഡിൽ വന്നിരുന്നു
പതിയെ പതിയെ അവന്റെ മുഖത്ത് പുഞ്ചിരി പടർന്നു

”എന്റള്ളാഹ്  ഇതെല്ലം എന്റെ തോന്നലായിരുന്നു അല്ലെ ”

അവൻ സന്തോഷത്തോടെ  കൂട്ടുകാരനായ
വിഷ്ണുവിനെ വിളിച്ചു

”ഹലോ ”

”വിഷ്ണു ഒന്നും പറയണ്ട  വായനക്കാരെ വേറൊരു ലോകത്തെത്തിക്കുന്ന
സൂപ്പർ കഥ എനിക്കെന്റെ ജീവൻ തിരിച്ചു കിട്ടിയത്‌ ഭാഗ്യം  ”

”അതെന്താടാ ”

”നിന്നെപോലുള്ള ഊളകളുടെ അന്ധവിശ്വാസം വിശ്വസിച്ചു കഥ വായിച്ചത്‌ കൊണ്ട് ഞാൻ ആത്മഹത്യാ ചെയ്യാൻ വരെ പോയി എന്റെ മൈൻഡ് വരെ മാറിപ്പോയി”

”എന്നിട്ട് ”

”എല്ലാം ഒരു കഥയാണ് മോനെ എല്ലാം നേരിട്ട് പറയാം  ..ഞാനവളുടെ കഥയുടെ ബാക്കി വായിക്കട്ടെ  .എന്നിട്ട് വേണം ഈ കഥ ഷോർട്ട്ഫിലിം ചെയ്യാൻ ”

”എടാ ഷോർട്ട് ഫിലിം ചെയ്യണ്ട ..പണിപാളും ”

”ഒന്നുപോട ചുമ്മാ ഓരോന്ന് തള്ളിവിടണ്ട അവളുടെ കഥ വായിക്കുമ്പോൾ അതെ സംഭവം എന്റെ ലൈഫിൽ സംഭവിക്കുന്നു എന്റെ ഫ്രണ്ട് മരിക്കുന്നു ,ഉമ്മ മരിക്കുന്നു ഇതെല്ലം കണ്ട്‌ ഞാൻ ആത്മഹത്യ ചെയുന്നു
അവസാനം ഇതെല്ലം എന്റെ തോന്നലായിരുന്നു  ..ഈ അന്ധവിശ്വാസം ഞാൻ പൊളിച്ചടുക്കും  അപ്പോൾ ഞാൻ ബാക്കി വായിക്കട്ടെ ”

”ഡാ അച്ഛനുമമ്മയും നഷ്ടപെട്ട എയ്ഞ്ചൽ വിഷാദ രോഗത്തിന് അടിമപെട്ടിരുന്നു ഒടുവിൽ അവളുടെ പതിനഞ്ചാം വയസ്സിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു    ”

”ഡേയ് ത്രില്ല് കളയല്ലേ  ബാക്കി ഞാൻ വായിച്ചോളാം നീ പറയണ്ട ”

”ഡാ ബാക്കി വായിക്കരുത് നിന്റെ ജീവന് തന്നെ അത്‌ ഭീഷണിയാണ് ”

ഷെയിൻ ഫോൺ കട്ട് ചെയ്തു
ഉടനെ തന്നെ പ്രൊഡ്യൂസർ അച്ചായനെ അവൻ വിളിച്ചു

”ഹലോ ”

”അച്ചായാ ഞാനാ ഷെയിൻ”

”പറയടാ ”

”അച്ചായാ ഈ ആഴ്ച തന്നെ നമുക്ക്‌ ഷൂട്ട് തുടങ്ങാം  അച്ചായൻ ക്യാഷെല്ലാം റെഡിയാക്കി വെച്ചോ ”

”അതെല്ലാം എപ്പോഴേ റെഡിയാ നീ സ്ക്രിപ്റ്റുമായി വാ ”

”ഒക്കെ അച്ചായാ താങ്ക്സ് ”

ഷെയിൻ ഫോൺ കട്ട് ചെയ്തിട്ട് ബെഡ്‌ഡിലിരുന്നു എന്നിട്ട് ലാപ്ടോപ്പ് ഓൺ ചെയ്‌ത്‌ ഏയ്ഞ്ചലിന്റെ കഥ വായിക്കാൻ ആരംഭിച്ചു .
പെട്ടെന്നായിരുന്നു ഷെയിനിന്റെ പുറകിൽ നിന്നൊരു പെൺസ്വരം കേട്ടത്‌

”നിനക്ക്  നന്നാവാൻ ഉദ്ദേശമില്ലേ ക്രിസ്റ്റി ”

ഷെയിൻ ഞെട്ടലോടെ പുറകിലേക്കു നോക്കി ആരെയും കാണാനില്ല
പേടിയോടെയവൻ ബെഡ്‌ഡിൽ നിന്നെഴുന്നേറ്റു .
പുറകിലൊന്നും ആരെയും കാണാനില്ല
ഷെയിൻ പതിയെ ചുമരിന്റെ മുകൾഭാഗത്തേക്ക്  നോക്കി
അപ്പോഴാണവനാ കാഴ്ച്ച കാണുന്നത്
വെള്ള കളർ ചുമരിൽ രക്തം കൊണ്ട് Angel എന്നെഴുതിയിരിക്കുന്നു

ഷെയിൻ പേടിയോടെ രണ്ടടി പുറകോട്ട് നിന്നു
റൂമിലെ തറയിൽ കിടന്ന ചവിട്ടിയിലായിരുന്നു അവൻ ചവിട്ടിയത്
ഷെയിൻ ഭീതിയോടെ ചുറ്റും നോക്കി
പെട്ടെന്നാണ് ചവിട്ടി അതിശക്തിയിൽ മുൻപോട്ട് പോയത്‌
ചവിട്ടി മുൻപോട്ട് പോയ ശക്തിയിൽ ഷെയിൻ അല്പം പൊന്തി തലയടിച്ചു നിലത്ത്‌ വീണു
തേങ്ങ എറിഞ്ഞു പൊട്ടിച്ച പോലെയാണ് ഷെയിനിന്റെ തല പൊട്ടിയത്
അവന്റെ തലയിൽ നിന്ന് രക്തം വാർന്നൊഴുകി

ഷെയിൻ തലയിൽ കൈവെച്ചിട്ട് ആർത്തുകരഞ്ഞു …
പെട്ടെന്നായിരുന്നു മുകളിലൊരു പെൺകുട്ടി പ്രത്യക്ഷപെട്ടത്
ഷെയിനിന്റെ ഭയം വർദ്ധിച്ചു
രക്തം വീണ്ടും വാർന്നൊഴുകാൻ തുടങ്ങി
എയ്ഞ്ചലായിരുന്നു പ്രത്യകഷപെട്ട ആ പെൺകുട്ടി
ഷെയിനിനെ നോക്കി പുഞ്ചിരിച്ചു കണ്ടവൾ  പറഞ്ഞു

”ക്രിസ്റ്റി എന്റെ കഥയും എന്റെ മരണവും പുറംലോകമറിയുന്നത് എനിക്കിഷ്ടമല്ല  അതിന് ശ്രമിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല
രക്ഷപെടാൻ നിനക്ക് അവസരമുണ്ടായിരുന്നു
പക്ഷെ ….നീ ”

ഷെയിനെന്തോ പറയാൻ ശ്രമിച്ചു
എന്നാൽ അമിതരക്തസ്രാവം മൂലം അവനൊന്നും പറയാൻ പറ്റിയില്ല
പതിയെയവൻ കണ്ണടച്ചു
ഒരുനെടുവീർപ്പോടെ അവന്റെ ശ്വാസം നിലച്ചു
ഏയ്ഞ്ചൽ ആ റൂമിൽ നിന്നും അപ്രത്യക്ഷമായി.
തന്റെ ജീവിതം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ തയ്യാറായി നിൽക്കുന്ന എഴുത്തുകാരെ തേടിയവൾ യാത്രയായി

                          The end

     An Aneesh manohar spoof story

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply