ബീഫിന്റെ മണമടിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് നേരത്തെ വരുമെന്നെനിക്കറിയാം

7377 Views

ബീഫ് story

“ബൈജുഏട്ടാ… ഇന്ന് ഞായറാഴ്ചയല്ലേ ? ബീഫ് വാങ്ങിക്കുന്നില്ലേ?

“ഒഹ്, എന്തിനാടി, മനുഷ്യൻ
കൊതി മൂത്തിട്ടാണ്, ആഴ്ചയിലൊരിക്കൽ ഇല്ലാത്ത കാശ് മുടക്കി, ഇത്തിരി ബീഫ് വാങ്ങുന്നത്, എന്നിട്ട് അത് കറി വച്ച് ആർത്തിയോടെ കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും കഴിഞ്ഞയാഴ്ച ,നിന്റെ ആങ്ങളയും കുടുംബവും വന്ന് മൂക്ക് മുട്ടെ തിന്നിട്ട് പോയത് പോലെ, ഇന്നും ആരെങ്കിലും വന്ന് തിന്നിട്ട് പോകാൻ”

കഴിഞ്ഞയാഴ്ചത്തെ അനുഭവമോർത്ത് കൊണ്ട് ,സൗമ്യയോട് ബൈജു നീരസത്തോടെ പറഞ്ഞു.

“ഓഹ്, ഒരു ദിവസം അങ്ങനെ സംഭവിച്ചെന്ന് കരുതി, എന്നും അങ്ങനെ ആകണമെന്നുണ്ടോ?
നിങ്ങള് പോയി വാങ്ങിച്ചോണ്ട് വാ മനുഷ്യാ, പിള്ളേർക്കും ഇന്ന് ബീഫ് ബിരിയാണി മതിയെന്ന്”

സൗമ്യ ഭർത്താവിനോട് നിർബന്ധപൂർവ്വം പറഞ്ഞു.

“ഒരു കിലോ ബീഫ് വേണമെങ്കിൽ പത്ത് മുന്നൂറ്റിയമ്പത് രൂപാ വേണം,
ഈ മാസാവസാനം, എന്റെ കൈയിൽ അത്രയൊന്നും എടുക്കാനില്ല, നീ തല്കാലം ചമ്മന്തിയരച്ച്, ഉണക്കമീനും പൊരിക്ക് ,ഇനി, ഒന്നാം തിയതി ശബ്ബളം കിട്ടുമല്ലോ? അപ്പോഴെങ്ങാനും വാങ്ങാം”

“ഓഹ് ഇങ്ങനെയൊരു പിശുക്കൻ ,തല്ക്കാലം പിള്ളേർക്ക് വിഷു കൈനീട്ടം കിട്ടിയ കാശ് എന്റെയടുത്തുണ്ട്, അത് കൊണ്ട് പോയി വാങ്ങ് ,എന്നിട്ട് ശബ്ബളം കിട്ടുമ്പോൾ തിരിച്ച് തന്നാൽ മതി”

അങ്ങനെ സൗമ്യ കൊടുത്ത കാശുമായി ബൈജു മാർക്കറ്റിലേക്ക് പോയി.

################$$$##

“എടീ സൗമ്യേ.. ഇത് വരെ കഴിഞ്ഞില്ലേ?എനിക്കാണെങ്കിൽ വിശന്നിട്ട് കുടല് കരിയുവാ”

വയറ് തടവികൊണ്ട് ബിജു, അടുക്കളയിൽ നിന്ന സൗമ്യയോട് വിളിച്ച് ചോദിച്ചു.

“ഒന്നടങ്ങ് ബൈജൂട്ടാ..അല്ലേലും ബീഫിന്റെ മണമടിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് നേരത്തെ വരുമെന്നെനിക്കറിയാം”

അപ്പോഴേക്കും,ബൈജുവിന്റെ മൊബൈൽ ബെല്ലടിച്ചു.

“ഹലോ ആരാ?

“അളിയാ ബൈജു, ഇത് ഞാനാ സൗമ്യയുടെ അമ്മാവന്റെ മോൻ ബിനീഷ്”

“ങ്ഹാ,ബിനീഷളിയനോ?
അളിയനെക്കുറിച്ച് കുറെനാളായിട്ട് വിവരമൊന്നുമില്ലല്ലോ”

ബൈജു സ്നേഹാന്വേഷണം നടത്തി.

“ഓഹ് ഒന്നും പറയേണ്ടാ എന്റെ ബൈജു അളിയാ ,പെട്ടെന്നുള്ള ഗൾഫിൽ പോക്കല്ലായിരുന്നോ?
അത് കൊണ്ടാരോടും ഒന്നും പറയാൻ പറ്റിയില്ല ,പിന്നെ, ഞാൻ നാട്ടിൽ വന്നിട്ടിപ്പോൾ കുറച്ച് ദിവസമായി, ഇനി ഇവിടെയെന്തെങ്കിലും നോക്കണം,
അങ്ങനെയിരുന്നപ്പോൾ, സുശീല പറയുവാ, നിങ്ങളെയൊക്കെ കണ്ടിട്ട് കുറെ നാളായില്ലേ? നമുക്ക് സൗമ്യയുടെ വീട് വരെ ഒന്ന്,പോയാലോ എന്ന്”

അത് കേട്ടപ്പോൾ ബൈജുവിന് എന്തോ അപകടം മണത്തു .

ബീഫ് ബിരിയാണിയുടെ സുഗന്ധം പേറുന്നതിനിടയിൽ, ബൈജു കഴിഞ്ഞയാഴ്ചയിലെ അനുഭവമോർത്തു.

“അയ്യോ !ബിനീഷളിയാ.. നിങ്ങൾക്ക് വരാൻ പ്ളാൻ ഉണ്ടെങ്കിൽ ഇന്ന് രാവിലെയെങ്കിലും ഒന്ന് വിളിച്ച് പറയണ്ടേ? ഞങ്ങൾ വിരുന്ന്കാരൊന്നുമില്ലാതെ, ബോറടിച്ചിട്ട് ഒരു വൺഡേ ടൂറ് പോകാനിറങ്ങിയതാ ,ഇപ്പോൾ വീട്ടിലാരുമില്ല, ഒരു കാര്യം ചെയ്യ് തല്ക്കാലം വല്യേച്ചീടെ വീട്ടിലോട്ട് ചെല്ല്, അവര് പിന്നെ പുറത്തോട്ടൊന്നും ,അങ്ങനെ
പോകാറില്ല”

“ആണോ ?ഇനി എന്ത് ചെയ്യാനാ?
സാരമില്ല ബൈജു അളിയാ.. എന്നാൽ പിന്നെ വല്യേച്ചീടടുത്തോട് പോകാം, ശരി, എന്നാൽ വെയ്ക്കട്ടെ”

“ഓകെ അളിയാ.. ഡൺ”

ആശ്വാസത്തോടെ ബൈജു ഫോൺ കട്ട് ചെയ്തു .

“എടീ.. സൗമ്യേ .. നമ്മുടെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും കളയാൻ ഒരുങ്ങിപ്പുറപ്പെട്ട, ഒരു മഹാ മാരണത്തെ ഞാൻ ഐഡിയാ പരമായി ഒഴിവാക്കിയെടീ..”

നടന്ന കാര്യങ്ങൾ ബൈജു ഭാര്യയോട് പറഞ്ഞു.

“നിങ്ങളെന്ത് മണ്ടത്തരമാണ് മനുഷ്യാ ഈ കാണിച്ചത് ,ബിനീഷ് ഗൾഫിൽ നിന്ന് വരുമ്പോൾ ,നമുക്ക് തരാനായിട്ട്, എന്തെങ്കിലുമൊക്കെ എടുത്ത് വച്ച് കാണില്ലേ? അവനവിടെ നല്ല സെറ്റപ്പിലാണെന്നാണ്, അന്ന് കല്യാണ വീട്ടിൽ വച്ച് കണ്ടപ്പോൾ ,അമ്മായി പറഞ്ഞത്, നിങ്ങൾക്ക് കുറഞ്ഞതൊരു സ്മാർട്ട് ഫോണെങ്കിലും കൊണ്ട് തന്നേനെ, പിന്നെ, എനിക്കും പിള്ളേർക്കും ഡ്രസ്സും, സ്പ്രേയും ഒക്കെ കിട്ടിയേനെ, എല്ലാം നശിപ്പിച്ച് കളഞ്ഞില്ലേ ?ഇനിയിപ്പോൾ അതെല്ലാം വല്യേച്ചിക്കും ,ഭർത്താവിനും ,മക്കൾക്കും കൊണ്ട് പോയി കൊടുക്കില്ലേ?

അത് കേട്ടപ്പോൾ ബൈജുവിന് ,താൻ കാണിച്ചത് മഹാ മണ്ടത്തരമായി പോയെന്ന് മനസ്സിലായി.

“ഇനിയിപ്പോൾ എന്ത് ചെയ്യുമെടീ”

“നിങ്ങളൊരു കാര്യം ചെയ്യ് ,അവരെ എല്ലാവരെയും കാണാൻ, പിള്ളേര് ബഹളം വച്ചത് കൊണ്ട്,നമ്മള് ടൂറ് ക്യാൻസല് ചെയ്ത് തിരികെ വരികയാണെന്നും, നാല് മണിക്ക് മുൻപ് നമ്മള് വീട്ടിലെത്തുമെന്നും ,അത് കൊണ്ട് മണിപ്പുഴയിൽ നിന്ന് ,അവര് പുറപ്പെട്ടോളാനും പറയ്”

ഭാര്യയുടെ ബുദ്ധിയെ പുകഴ്ത്തിക്കൊണ്ട്, ബൈജു ബിനീഷിനെ വിളിച്ച് കാര്യം പറഞ്ഞു.

“എടീ.. അവര് വരുമ്പോൾ ,കഴിക്കാൻ എന്തെങ്കിലും കൊടുക്കണ്ടേ?

“അതിനല്ലേ ഇവിടെ ബീഫ് ബിരിയാണിയിരിക്കുന്നത്, നമുക്ക് തല്ക്കാലം, തൈരും ചമ്മന്തിയും കൂട്ടി പഴഞ്ചോറ് കഴിക്കാം ,അവരെന്തെങ്കിലുമൊക്കെ ഗൾഫ് ഫുഡ് കൊണ്ട് വരാതിരിക്കില്ലല്ലോ ,ബദാമും പിസ്തയും ,ചോക്ളേറ്റുമൊക്കെ കാണും ,നമുക്ക് അടുത്തയാഴ്ചയാണെങ്കിലും ബിരിയാണി വച്ച് കഴിക്കാമല്ലോ?

ഭാര്യയുടെ ആശ്വാസവാക്കുകൾ കേട്ട്, ബൈജു പഴഞ്ചോറിൽ തൈര് ഒഴിച്ച് വിശപ്പടക്കി.

നാല് മണിയോട് കൂടി ബിനീഷും ഫാമിലിയുമെത്തിച്ചേർന്നു.

ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ അവരുടെ കയ്യിലിരുന്ന വലിയ രണ്ട് ബിഗ് ഷോപ്പറിലായിരുന്നു ബൈജുവിന്റെ ശ്രദ്ധ .

ബിനീഷും ഭാര്യയും മക്കളും വയറ് നിറച്ച് ബിരിയാണി കഴിച്ച് ഏമ്പക്കവും വിട്ടു.

“എന്റെ അളിയാ… ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്ര രുചികരമായ ബിരിയാണി കഴിച്ചിട്ടില്ല, അല്ലേലും ഈ സൗമ്യക്ക് വല്ലാത്ത കൈപ്പുണ്യമാണളിയാ, അളിയന്റെ ഭാഗ്യം”

കൈ കഴുകുന്നതിനിടയിൽ സൗമ്യയെ പുകഴ്ത്താനും ബിനീഷ് മറന്നില്ല.

“എന്തായാലും നിങ്ങള്, ഒരു പാട് നാള് കൂടിയിരുന്ന് വന്നതല്ലേ ,ഇനി രണ്ട് ദിവസം ഇവിടെ താസിച്ചിട്ട് പോയാൽ മതി”

ബൈജു ,ഒരു ഫോർമാലിറ്റിക്ക് ബിനീഷിനോട് പറഞ്ഞു.

“അതത്രേയുള്ളു അളിയാ.. ഞങ്ങൾ ഒരാഴ്ച കഴിഞ്ഞിട്ടേ പോകുന്നുള്ളു,
അതല്ലേ ,രണ്ട് ബിഗ് ഷോപ്പർ നിറച്ചും, ഞങ്ങൾ മാറ്റിയുടുക്കാനുള്ള ഡ്രസ്സുമായിട്ട് വന്നത്, ഞാൻ പറഞ്ഞില്ലേ സുശീലേ .’ നമ്മളെ കണ്ടാൽ ബൈജു അളിയൻ ,സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുമെന്ന് ഇപ്പോൾ എങ്ങനുണ്ട്?

അത് കേട്ട് ബൈജുവിന്റെ മുഖം വിളറി.

“അല്ല ബിനീഷേ.. അപ്പോൾ നിനക്ക് ലീവുണ്ടോ? എല്ലാ ബന്ധുക്കളെയും കണ്ട്, നിനക്ക് തിരിച്ച് ഗൾഫിൽ പോകാനുളതല്ലേ?

“അതിന് അവിടെ പോയിട്ടെന്തിനാ അളിയാ ,അറബിയുടെ ആടിനെ മേയ്ക്കാനോ? ,അതിലും നല്ലതല്ലേ നമ്മുടെ നാട്ടിൽ കൂലിപ്പണിക്ക് പോകുന്നത് ,ഒന്നുമില്ലേലും വൈകിട്ട് ശബ്ബളം കൃത്യമായി കിട്ടുമല്ലോ ,ഇത് മരുഭൂമിയിൽ കിടന്ന് കുറെ കഷ്ടപ്പെട്ടിട്ട് ഉടുതുണി മാത്രമായിട്ടാണ് ഞാനവിടുന്ന് ഓടിപ്പോന്നത്, ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ”

പല്ലിടയിൽ കയറിയ ഇറച്ചി കഷ്ണം കുത്തിക്കളഞ്ഞിട്ട്, ബിനീഷ് ,ദിവാൻ കോട്ടിൽ കയറി നീണ്ട് നിവർന്ന് കിടന്നു.

എച്ചിൽപാത്രം, ടേബിളിൽ നിന്ന് എടുത്ത് കൊണ്ടിരുന്ന ,സൗമ്യയുടെ അടുത്ത് വന്ന് ബൈജു പല്ല് ഞെരിച്ചു.

“നിന്റെ അമ്മാവൻമാർക്ക്, ഗൾഫിൽ നിന്ന് നിറയെ സാധനങ്ങൾ കൊണ്ട് വരുന്ന ,ഇത് പോലുള്ള മക്കൾ, ഇനിയുമുണ്ടോടി”

മറുപടി പറഞ്ഞാൽ ,ഭർത്താവ് തന്റെ തലയടിച്ച് പൊളിക്കുമെന്ന് ഭയന്ന്, തല കുനിച്ച് കൊണ്ട് സൗമ്യ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.

രചന
സജി തൈപ്പറമ്പ്

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply