ദൈവത്തിന്റെ മധ്യസ്ഥന്മാർ
••••••••••••••••••
” മായേ .. ദേ ഒരു ലേശം ചോറും കൂടി ഇട്ടേ മോളേ…വയറ് നിറഞ്ഞില്ല..”
രണ്ടു തവണ വിളിച്ചു പറഞ്ഞിട്ടും മരുമകളും ഭാര്യയും ചന്ദനമഴയിൽ മുഴുകിയിരിക്കയാണ് ,കേട്ട ഭാവമില്ല….സന്ധ്യക്ക് തുടങ്ങിയ ഇരുപ്പ് .
പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്ന് ചോറുപാത്രം തുറന്നേയുള്ളു ചോറെടുക്കും മുൻപേ ഭാര്യയെത്തി..
“നിങ്ങൾക്ക് ആവശ്യത്തിനുള്ളത് ഞാനതിലിട്ടിരുന്നു ബാക്കിയുള്ളോരും കൂടി ഇവിടുണ്ട് …മറക്കണ്ട ”
ഒന്നും മിണ്ടാതെ തുറന്ന പാത്രമെടുത്തടച്ചു കഴിച്ചു കഴിഞ്ഞ പ്ലേറ്റെടുത്തു ഞാൻ കഴുകി വച്ചു…
അല്ലെങ്കിലും പരാതിയില്ലാതെ ജീവിക്കാൻ ശീലിച്ചിരിക്കുന്നു ഞാനിപ്പോളെന്നു ചായ്പ്പിലേക്ക് നടക്കുമ്പോളോർത്തു …
വർഷങ്ങളോളം നീണ്ടു നിന്ന പ്രവാസമവസാനിപ്പിച്ചു ഞാൻ നാട്ടിലെത്തിയപ്പോഴേക്കും ഭാര്യയും മൂന്നു മക്കളും തീർത്തും അന്യരായിക്കഴിഞ്ഞിരുന്നു.
തിരിച്ചുപോക്കില്ലാത്ത മടങ്ങിവരവാണ് എന്നറിഞ്ഞ മകൻ ഇനിയും അടച്ചു തീരാത്ത ലോണിനെ പറ്റിയും വാങ്ങാനായി ടോക്കൺ കൊടുത്തിട്ട പുതിയ സ്ഥലത്തെപ്പറ്റിയും ഓർമിപ്പിച്ചു.
തീരുമാനത്തിൽ മാറ്റമൊന്നും കാണാതിരുന്നത് കൊണ്ടാവാം അല്പനാൾ കഴിഞ്ഞപ്പോളേക്കും മകനെത്തി, വീടും സ്ഥലവും അവന്റെ പേരിൽ വേണമെന്ന ആവശ്യവുമായി …
ഒപ്പത്തിനൊപ്പം ….തന്ന സ്ത്രീധനമൊക്കെ എന്നേ തീർന്നു ഭർത്താക്കന്മാർക്കൊക്കെ ഇപ്പോൾ പ്രാരബ്ദങ്ങൾ കൊണ്ട് ഇടം വലം തിരിയാൻ വയ്യാത്തത് അച്ഛന് കാണാൻ വയ്യേ എന്ന ചോദ്യവുമായി പെൺമക്കളും … എനിക്ക് മറുപടിയില്ലായിരുന്നു…
അല്ലെങ്കിലും അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കുക എന്നതിലപ്പുറം എന്റെ മറുപടികൾക്കെന്ത് പ്രസക്തി.
ഓരോ തവണയും ഇനിയില്ല എന്ന ആഗ്രഹവുമായി നാട്ടിൽ കാലുകുത്തുമ്പോഴേക്കും അടുത്തൊരാവശ്യം പന പോലെ വളർന്നു നിൽക്കുന്നുണ്ടാവും…അതെത്തുന്നത് വീണ്ടും മരുഭൂമിയിലേക്ക് തന്നെ.
അത്യാവശ്യം സ്ത്രീധനമൊക്കെ കൊടുത്ത് രണ്ടു പെൺമക്കളെ കെട്ടിച്ചു വിട്ടപ്പോഴേക്കും നടുനിവർക്കാൻ പറ്റാതായി…
ബാധ്യതകൾ തീർക്കാൻ ഒരു കൈത്താങ്ങായാണ് മകനോടും അവിടേക്ക് വരാൻ പറഞ്ഞത് …സ്നേഹിച്ചു കല്യാണം കഴിച്ച ഭാര്യയെ വിട്ട് മറുനാട്ടിലേക്കില്ല എന്ന നിർബന്ധം മകൻ കാണിച്ചപ്പോൾ പിന്നെ ചോദിക്കാൻ നിന്നില്ല .
സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും എല്ലാവർക്കുമായി പങ്കു വച്ചു കഴിഞ്ഞപ്പോഴേ ഞാനൊരു അധികപ്പറ്റായി…എല്ലാറ്റിനുമപ്പുറം കൂടെ നിൽക്കേണ്ട ഭാര്യ തന്നെ പലപ്പോഴും സമ്മാനിച്ച അവഗണനയിൽ മനസ്സ് പതറിപോയിരുന്നു ..
നേരത്തും കാലത്തും വയറുനിറയെ ഭക്ഷണം കിട്ടിയില്ലെങ്കിൽ പോലും കയറികിടക്കാൻ ഒരു വീടുണ്ടല്ലോ എന്ന ആശ്വാസം പതറിയ മനസ്സിന് സാന്ത്വനമേകി…..
ഒരഭിപ്രായം ചോദിക്കാനായി പോലും മകൻ മിണ്ടാറില്ല..ഞാനൊന്നു മിണ്ടാൻ ചെന്നാലും മൊബൈലിൽ തലതാഴ്ത്തി മക്കളോട് യാത്ര പറഞ്ഞു പുറത്തേക്ക് പോകുന്ന അവനെ ചങ്കു തിങ്ങുന്ന വേദനയോടെ നോക്കാറുണ്ട് …..
ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന എന്നോടൊരു ദിവസം , അകത്തിരുന്നൂടെ അച്ഛനെന്ന് ചോദിച്ച മരുമകളുടെ ചോദ്യം കേട്ടിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ ഭാര്യവീട്ടുകാരെ സ്വീകരിക്കാനിറങ്ങുന്ന മകനെയും എന്റെ ഭാര്യയെയും ഞാൻ അകത്തേക്കുള്ള നടത്തത്തിനിടയിൽ കണ്ടിരുന്നു.
മുഷിഞ്ഞ മുണ്ട് മാറിയുടുക്കാനില്ലാതായപ്പോൾ ഭാര്യയോട് ചോദിച്ച എന്നോട്
“എങ്ങും യാത്ര പോവാനില്ലല്ലോ…പിന്നെ ഇതൊക്കെ അവിടെ സ്വയമല്ലേ ചെയ്‌തിരുന്നേ ” എന്ന മറുചോദ്യത്തോടെ സ്വന്തം തുണികൾ കഴുകലും തുടങ്ങിയിരുന്നു.
ജീവിക്കാൻ മറന്നുപോയി എന്ന തോന്നലിനപ്പുറം ആർക്ക് വേണ്ടി ജീവിച്ചുവോ അവർക്കെന്നെ വേണ്ടല്ലോ എന്ന സങ്കടം വല്ലാത്തൊരു വേദനയാണ്..
ഒരു ദിവസം രാവിലെ മുറ്റത്തു നിന്ന് കളിക്കുന്ന ഉണ്ണിക്കുട്ടനെ മരുമോള് മണ്ണിലെ കളി നിർത്തി അകത്തു കയറാൻ പറയുന്ന കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത് …
“അവൻ കളിക്കട്ടെ മായേ…അവന്റച്ഛനും ഇങ്ങനൊക്കെ കളിച്ചല്ലേ വളർന്നത് ..കുട്ട്യോള് കുറച്ചൊക്കെ മണ്ണിൽ കളിച്ചു വളരണം ”
പറഞ്ഞത് പിഴച്ചു!!! ഞാനെന്തോ മഹാപരാധം പറഞ്ഞപോലെ തുടങ്ങിയ അവളുടെ മറുപടിക്കൊപ്പം കൂടാൻ എന്റെ ഭാര്യയും…
“ഓ പിന്നേ ഗൾഫിൽ സുഖിച്ചു ജീവിച്ച നിങ്ങളെത്രെ കണ്ടിരിക്കുന്നു മോൻ മണ്ണിൽ കളിക്കുന്നത് …കൊച്ചിന് വയ്യാതായാൽ അവനൊരുത്തനെ ഇവിടെ ഓടാനുള്ളൂ അതോർമ വേണം ഉപദേശം കൊടുക്കും മുൻപ് …ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല പിടിച്ചു കുലുക്കാൻ ”
അതു വരെയുള്ള എന്റെ സകല ക്ഷമയും ഓടിയൊളിച്ചിരുന്നു പിന്നെയുള്ള എന്റെ ഓരോ വാക്കിലും…
“അതേ …ഞാൻ പിടിച്ചു കുലുക്കിയ മരത്തിലെ പൈസയാണ് ഇന്നത്തെ നിന്റെയും നിന്റെ മക്കളുടെയും തണ്ടും തടിയും …സുഖജീവിതം ഓർമ്മിപ്പിക്കാൻ വരും മുൻപേ അതും വിട്ടുകളയണ്ട ”
ആ സംസാരം അതിരുകടന്നെന്നും വലിയൊരു ഭൂകമ്പത്തിനാണ് തുടക്കമിട്ടതെന്നും മനസിലായത് മായ , പെട്ടിയും പ്രമാണവുമായി ഉണ്ണിക്കുട്ടനെയും കൊണ്ട് ഇറങ്ങാൻ നിൽക്കുന്നത് കണ്ടപ്പോഴായിരുന്നു .
കൊല്ലാനുള്ള കലിയോടെ എന്നെ നോക്കുമ്പോളും ഭാര്യ വെപ്രാളപ്പെട്ട് മോനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു..
കണ്ണിലൊരു അഗ്നിപർവതമൊളിപ്പിച്ചു മോൻ വരുന്നത് വരെയും മായയെ തടഞ്ഞു നിർത്താനുള്ള തത്രപ്പാടിലായിരുന്നു ഭാര്യ .
” എനിക്ക് വേറൊന്നും പറയാനില്ല എന്റെ ഭാര്യക്കും മകനും ഇവിടെ സന്തോഷായിട്ട് ജീവിക്കണം …അച്ഛൻ ഞങ്ങളെ നോക്കിയ കണക്കു ബോധിപ്പിച്ചതൊക്കെ ഞാനറിഞ്ഞു ..ഇനി എന്നെ നോക്കി ബുദ്ധിമുട്ടണ്ട , ഒന്നുകിൽ ഞാൻ തരുന്നതും തിന്ന് ഇവിടെ നിക്കാം അല്ലെങ്കി എവിടേക്കാച്ചാ ഇറങ്ങിപൊക്കൊളു…”
ഞാൻ …ഞാനെവിടേക്കിറങ്ങാൻ …….ചിന്തകൾ പലവഴിക്ക് തിരിഞ്ഞു ..ജോലിയെടുത്തു ജീവിക്കാനുള്ള ആരോഗ്യമില്ല ..പക്ഷേ ഇനിയെങ്ങനെ ഒരു പട്ടിയെ പോലെ ഇവിടെ കഴിയും ….എല്ലാം കേട്ടും ശരിവെക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന ഭാര്യയെ ഞാൻ നോക്കിയില്ല …
പണ്ട് നാട്ടിൽ വരുമ്പോൾ പോകുന്നത് വരെയും പിന്നാലെ നിന്ന് മാറാതെ നടന്നിരുന്ന മകനാണ് ,അച്ഛന്റെ നെഞ്ചിലേ അവനുറങ്ങിയിരുന്നുള്ളു …അച്ഛനോട് ഇറങ്ങിപ്പോകാൻ പറയാൻ മാത്രം അവൻ വളർന്നത് അമ്പരപ്പോടെയാണ് ഞാൻ കേട്ടത് …
ഇരുട്ടിലേക്ക് കണ്ണും നട്ട് ഉമ്മറപ്പടിയിലിരുന്ന എന്നോട് ആരും വന്നു പറഞ്ഞില്ല അകത്തേക്ക് കയറാൻ.. ഒടുവിൽ ആ രാത്രിയിൽ ഒരു തുണിസഞ്ചിയിൽ രണ്ടുജോഡി തുണിയും വച്ചു ഞാനിറങ്ങുമ്പോൾ ഏതെങ്കിലും അമ്പലനട തന്നെയായിരുന്നു ലക്‌ഷ്യം …
പക്ഷേ അമ്പലനടയിൽ ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ ഒരുമൂലയിൽ തളർന്നു വീണ എന്നെയാരോ ആസ്പത്രിയിലെത്തിച്ചു …വീടും നാടും ഓർമയില്ലെന്ന് കള്ളം പറഞ്ഞ എന്നെ അവിടെ നിന്നും ഈ ശരണാലയത്തിലും …
“ഇത്രേയുള്ളൂ കുട്ടി എന്റെ കഥ …വന്നിട്ട് എട്ടുമാസത്തോളമായി ഇതുവരെ ആരോടും പറയാൻ മനസ്സ് വന്നില്ല …മോനെ പലതവണയായി കണ്ടപ്പോൾ ഒരടുപ്പം ”
എന്റെ മുഖത്തുനോക്കി കൺകോണിലെ നീർതുള്ളികൾ അറിയാത്ത മട്ടിൽ തട്ടിക്കളയുന്ന അരുണിനെ നോക്കി ഞാൻ പുഞ്ചിരിച്ചു ..
“എന്താ പറയേണ്ടത് എന്നറിയില്ല ചേട്ടാ …ആരുടെയോ കനിവിൽ പഠിച്ചു ഇന്നൊരു നല്ല നിലയിലെത്തി…
മാസത്തിലൊരിക്കലെങ്കിലും ഇവിടെ വന്ന് എനിക്ക് കിട്ടാതെ പോയ സ്നേഹം ,ഇവിടെ ആർക്കും വേണ്ടാതെ ജീവിക്കുന്നവർക്ക് മടക്കി കൊടുക്കുമ്പോൾ മനസ്സ് നിറയുന്ന ഒരു സന്തോഷം അത്രേയുള്ളു ഈ വരവുകൾ ”
അരുൺ മടങ്ങിപോകുമ്പോൾ ഒരാളോടെങ്കിലും മനസ്സ് തുറന്ന സന്തോഷമായിരുന്നു എന്റെ ഉള്ളു മുഴുവൻ …
വേദന കലർന്ന ഓർമകളും കഷ്ടപ്പാടുകളും അത്രക്കധികം മനസ്സിനെ നോവേൽപ്പിച്ചിരുന്നു ..
മാസത്തിലൊരിക്കൽ വരുന്ന അരുൺ പിറ്റേ ആഴ്ച തന്നെ വന്നപ്പോൾ എന്താവോ എന്നു തോന്നി ….
എന്നെക്കാണാൻ വേണ്ടി മാത്രമാണ് അവൻ വന്നതെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
എങ്കിലും അവൻ പറഞ്ഞുതന്ന കാര്യങ്ങൾ ചെയ്യാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല ..പക്ഷേ കൂടെയുള്ളവർ പിൻതുണ തന്നപ്പോൾ മനസ്സിലായി ഇതിലൊരു ശരിയുണ്ടെന്ന് …
എന്നെപോലെയുള്ളവർക്ക് കിട്ടേണ്ട നീതിയുടെ ശരി.
അരുണിനോടും അവന്റെ ഭാര്യയോടുമൊപ്പം ഞാൻ പറഞ്ഞു കൊടുത്ത വഴികളിലൂടെ കാറിൽ പോകുമ്പോൾ എന്റെ മനസ്സിന് ഒരു ചാഞ്ചാട്ടവുമുണ്ടായിരുന്നില്ല .
വീട്ടുപടിക്കൽ കാർ നിർത്തി അകത്തേക്ക് ചെന്ന എന്നെ നോക്കി ഭാര്യ ഒരു പരിഹാസച്ചിരി പൊഴിച്ചു …
കാടാറുമാസം കഴിഞ്ഞു ഗതികെട്ട് വന്നോ എന്ന ചിരി….മറുപടിയായി അങ്ങനെ തോറ്റുകൊടുത്തു ഓടിയൊളിക്കാനുള്ളതല്ല എന്റെ ജീവിതമെന്ന ആത്മവിശാസത്തിന്റെ ചിരിയിൽ അവളൊന്നു
പതറിയോ ..
ഉമ്മറത്തെ ചാരുകസേരയിലേക്ക് കഴിഞ്ഞു പോയ ആറുമാസത്തെ അനാഥത്തിന്റെയും നിരാലംബതയുടെയും ഉൾബലത്തിൽ ഞാൻ ഇരിക്കുമ്പോഴേക്കും മകനും മരുമകളും ഇറങ്ങി വന്നു ..
“ചേട്ടാ ഇതാ ഈ ഫോൺ കയ്യിൽ വച്ചോളൂ ..എന്റെ നമ്പർ ഇതിൽ അടിച്ചു വച്ചിട്ടുണ്ട് …എന്താവശ്യത്തിനും എന്നെ വിളിക്കണം ….ഞാനെന്നും വിളിക്കാം ..ചേട്ടൻ ഒപ്പിട്ട പേപ്പറുകൾ എന്റെ കയ്യിലുണ്ട് ആവശ്യമെന്നു തോന്നിയാൽ ഉടനെ ഞാൻ കേസ് ഫയൽ ചെയ്യും …ഒരു പേടിയും വേണ്ട ”
ഒന്നും മനസ്സിലാവാതെ നിൽക്കുന്ന മോന്റടുത്തേക്ക് ചെന്ന് അരുൺ സ്വയം പരിചയപ്പെടുത്തി..
“ഞാൻ അരുൺരാജ് …വക്കീലാണ് , അച്ഛന്റെ കയ്യീന്ന് ഞാൻ ഒപ്പിട്ട് വാങ്ങിയത് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനുള്ള ഒരു വക്കാലത്താണ് …മക്കൾ അച്ഛനമ്മമാരെ നോക്കിയില്ലെങ്കിൽ എഴുതി കൊടുത്ത സ്വത്തുക്കൾ തിരികെ പിടിക്കാൻ ഒരു നിയമമുണ്ട് കേട്ടിട്ടുണ്ടോ എന്നറിയില്ല …ഒന്നോർമിപ്പിച്ചു എന്നു മാത്രം….അപ്പൊ ശരി ഞാനിറങ്ങട്ടെ ”
ചോരയും നീരും വിയർപ്പാക്കി മക്കളെ പോറ്റി വളർത്തിയ മാതാപിതാക്കളെ അവസാനകാലത്തു നിഷ്കരുണം വലിച്ചെറിഞ്ഞു കളയുമ്പോൾ ഓർക്കണം എല്ലാവരെയും രക്ഷിക്കാൻ ദൈവം വരണമെന്നില്ല അതിനൊരു മധ്യസ്ഥൻ അല്ലെങ്കിൽ രക്ഷക്കൊരു കാരണം എവിടെയെങ്കിലും കോറിയിട്ടിട്ടുണ്ടാകുമെന്ന് …
എനിക്കുള്ള മധ്യസ്ഥൻ കാറിനടുത്തേക്ക് മടങ്ങി പോകുന്നതും നോക്കി ഞാനിരുന്നു ചാരുകസേരയിൽ പ്രൗഢിയോടെ …ഉമ്മറത്തു എന്നെയും അരുണിനെയും മാറി മാറി നോക്കുന്ന ബാക്കിയുള്ളവരെ അശേഷം ശ്രദ്ധിക്കാതെ .
ഈ സമയം കാറിലിരുന്ന തന്റെ പെണ്ണിനോട് അരുൺ പറയുന്നുണ്ടായിരുന്നു …
“എനിക്ക് വേണമെങ്കിലദ്ദേഹത്തെ ശരണാലയത്തിൽ നിർത്താമായിരുന്നു പക്ഷേ ഇതദ്ദേഹത്തിന്റെ വിയർപ്പാണ് മരണം വരെയും അവകാശത്തോടെ അനുഭവിക്കാനുള്ളത്…”
അതേ എന്റെ പുരുഷായുസ്സിന്റെ മുഴുവൻ വിയർപ്പ്കണങ്ങൾ ആണിത് …സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവരെ നെഞ്ചോടു ചേർത്ത് നിർത്തി തണലേകിയ എന്റെ പുരുഷായുസ്സിന്റെ വിയർപ്പ് കണങ്ങൾ …..
••••••••••••••
ലിസ് ലോന
Wawaappu@gmail.com
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission