Skip to content

ഞാൻ പറഞ്ഞതല്ലേ അവനെ എനിക്ക് വേണം ന്ന് എന്നിട്ടും കൊന്ന് കളഞ്ഞില്ലേ

aksharathalukal love story

###ശ്രീ ബാല###

ഏട്ടൻ എന്തു പറഞ്ഞാലും എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് കിരണിനോടോപ്പം ആയിരിക്കും.

ബാല പറഞ്ഞു തീർന്നതും ശ്രീഹരിയുടെ കൈകൾ അവളുടെ മുഖത്ത് പതിച്ചതും ഒരുമിച്ചായിരുന്നു.

അവനെക്കുറിച്ച് നീ ഇനി ഒരക്ഷരം മിണ്ടിയാൽ അന്ന് തീർന്നു നിന്റെ പഠിത്തവും ഈ വീട് വിട്ട് നീ പുറത്തേക്ക് പോകുന്നതും ഞാൻ പറഞ്ഞേക്കാം.

ഹരി വീണ്ടും ബാലയ്ക്ക് നേരെ കൈയ്യോങ്ങി.

ഹരീ മോനെ ഇനി അതിനെ തല്ലല്ലേടാ .

അമ്മയാണ് ഇവളെ ഇങ്ങനെ വഷളാക്കിയത് .അഛനില്ലാത്ത കുട്ടിയല്ലേ എന്ന് പറഞ്ഞ് ലാളിച്ച് അതിനെ എടുത്ത് തലയിൽ കയറ്റി വെച്ചു ഇനി അനുഭവിച്ചോ? കുടുംബത്തിന്റെ മാനം കളയാനാണ് നിന്റെ ഭാവം എങ്കിൽ വച്ചേക്കില്ല നിന്നെ ഞാൻ. പിന്നെ നിന്റെ ഏട്ടനായിട്ടല്ല ഞാൻ നിന്റെ മുന്നിൽ വന്ന് നിൽക്കുന്നത്.

ഹരി വാതിൽ വലിച്ചടച്ച് കാറിൽ കയറി പുറത്തേക്ക് പോയി. ബാല റൂമിലേക്ക് ഓടിക്കയറി ബെഡിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ബെഡിൽ ഓരത്തു നിന്നും അവളുടെ മൊബൈൽ ഫോൺ സൈലന്റ് മോഡിൽ റിംങ്ങ് ചെയ്യുന്നുണ്ടായിരുന്നു. അവൾ അത് എടുത്ത് നോക്കി. കിരണാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അവൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു.

ഹരി നേരെ കാറും എടുത്ത് ചെന്ന് കയറിയത് സ്ഥിരം പോകാറുള്ള വോൾഗ ബാറിലേക്കാണ്. ഇരുന്ന ഇരിപ്പിന് രണ്ട് 90 MH അകത്താക്കി. പുറകിൽ നിന്നും ഹരിയുടെ ഫ്രണ്ട് മനു വിളിപ്പോൾ അയാൾ തിരിഞ്ഞു നോക്കി.

ഡാ ഹരി ഇന്ന് നേരത്തെ തുടങ്ങിയോ ? പയ്യേ അടിയടാ പുല്ലേ കരള് പറിഞ്ഞ് പോകും .

എല്ലാം പോട്ടെടാ എല്ലാം ഇങ്ങനെ കത്തി നശിച്ച് ഇല്ലാണ്ടായി പോകട്ടെ.

നീ കാര്യമായിട്ടാണോ ?എന്താടാ എന്താ പ്രശ്നം ?ആദ്യം ഞാനൊരു 90 പറയട്ടെ എന്നാലെ കേൾക്കാൻ ഒരു മൂഡ് ഉണ്ടാവൂ .

മനുവും ഒരെണ്ണം എടുത്ത് അകത്താക്കി.

ഹാ. ഇനി പറ എന്നാ നിന്റെ പ്രശ്നം ?

എടാ നന്മുടെ ബാലയ്ക്ക് ഒരു അഫയറ് അവൾ ഇന്ന് അത് എന്നോട് പറഞ്ഞു ആ ദേഷ്യത്തിൽ ഞാനൊന്ന് പൊട്ടിക്കുകയും ചെയ്തു .ഇന്നേ വരെ ഞാൻ അവളെ ഒരു ഈർക്കിലി കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ലെടാ .അത് ഓർക്കുമ്പോഴാ .

ഹരി പറഞ്ഞത് നിർത്തി .

എന്ത് പണിയാടാ പുല്ലേ നീ കാണിച്ചത്. കോളേജ് ലൈഫ് ആവുമ്പോൾ ഇതൊക്കെ സാധാരണമല്ലേ അതിന് നീ ആ കൊച്ചിനെ എടുത്തിട്ട് തല്ലണോ?

തമാശയല്ലാ അവൾ കാര്യമായിട്ടാ അവനല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ല എന്ന് അവൾ തീർത്ത് പറഞ്ഞു. നിനക്ക് അറിയാലോ അഛൻ മരിച്ചതിൽ പിന്നെ കുടുംബം നോക്കാൻ ഞാൻ എത്ര കഷ്ട്ടപ്പെട്ടു എന്ന് .പകൽ പഠിത്തവും രാത്രി തട്ടുകടയിൽ വല്ലവൻ തിന്ന പാത്രവും കഴുകിയാണ് ഞാൻ അവളെ വളർത്തിയത് ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ല. ഇപ്പോഴും അവൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് എന്റെ ജീവിതം കൂടി മാറ്റി വെച്ച്.

എടാ നീ ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ നമ്മുക്ക് വഴിയുണ്ടാക്കാം. നീ ആദ്യം ആള് ആരാന്ന് പറ ?ബാലയുടെ കൂടെ പഠിക്കുന്നവർ വല്ലതുമാനോ?

ആളെ പറഞ്ഞാൽ നീ അറിയും മംഗലത്തെ വീട്ടിലെ കിരൺ .

ഏത് ആ അങ്ങാടി മുക്കിലെ തല്ലിപ്പൊളി ഗ്യാങ്ങിലെ കിരണോ?

അതെടാ വെറെ ആരാണെങ്കിലും ഞാൻ ഒന്ന് ആലോചിച്ചേനെ ഇതിപ്പോ അങ്ങാടി പശുവിനെ പൊലെ തെണ്ടിത്തിരിഞ്ഞ് തിന്ന് നടക്കലാണ് അവന്റെ പണി . അവനെ ഒക്കെ കെട്ടിച്ച് കൊടുക്കുന്നതിലും ഭേദം അവളെ അങ്ങ് കൊല്ലുന്നതല്ലെടാ ?

ഹരി ഒന്നാമത്തത് അവന്റെ കൂട്ട് കെട്ട് ശരിയല്ല .ആ ടീമിലെ രണ്ടെണ്ണത്തിനെ എനിക്ക് അറിയാം കഞ്ചാവ് കേസിലെ പ്രതികളാണ് കഴിഞ്ഞ ആഴ്ച അവന്മാരെ ഞാനാ കോടതിയിൽ നിന്ന് ഇറക്കിയത് .മാത്രല്ല ആമ്പ്യൂളിന്റെ പരിപാടിയും വെറെ എന്തോക്കെയോ ഉണ്ട്. കണ്ടാൽ തന്നെ അറിയില്ലേ ഒക്കെ പെശക് ടിംസ് ആണ്.

മംഗലത്ത് തറവാട്ടില് അത് മാത്രമേ ഇത്ര തലതിരിഞ്ഞ ഒരെണ്ണം ഉള്ളൂ ബാക്കി ഒക്കെ പിന്നെം കുഴപ്പം ഇല്ല.

ഉം. നമുക്ക് വഴി ഉണ്ടാക്കാം നൈസ് ആയിട്ട് അവനെ ഒതുക്കിയാൽ പോരെ അതിന് പറ്റിയ ടീംസ് ഒക്കെ എന്റെ കയ്യിൽ ഉണ്ട്, ഒന്നും ഇല്ലേലും ഞാനൊരു അഡ്വക്കേറ്റ് അല്ലെടാ .

മനു നീ എന്താ ഉദ്ദേശിച്ചത് തീർക്കാനാണോ ? ഡാ അതൊന്നും വേണ്ട.

ഹേയ് അല്ലെടാ അതൊക്കെ അറ്റ കൈയ്ക്ക് അല്ലേ ഇത് ചെറിയ രീതിൽ ഒന്ന് പറഞ്ഞ് നോക്കാം .മത്തക്കണ്ണൻ മാർട്ടി ഇപ്പോ പരോളിൽ ഇറങ്ങീട്ടുണ്ട് അവന്റെ ആ കൈവെട്ട് കേസ് ഞാനല്ലേ വാദിച്ചത്.

ഉം എന്തായാലും ഒരു മയത്തിന് മതി പിന്നെ ഞാനാണ് ഇതിന്റെ പുറകിൽ എന്ന് ആരും അറിയരുത്.

അത് ഞാനേറ്റൂന്ന് നീ ഒരു 90 കൂടി പറ.

വീണ്ടും രണ്ടു പേരും കൂടി ഓരോന്ന് ഒഴിച്ചു. അതിനിടയിൽ ആണ് ഹരിയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്.

മനു ജസ്റ്റ് മിനിറ്റേ .

ഒക്കെ ഡാ

ഹരി ടേബിളിൽ നിന്നും ഫോൺ എടുത്ത് ബാറിന്റെ പുറത്തേക്ക് ഇറങ്ങി,

ഹലോ .

ഹരിയേട്ടൻ എവിടാ ?

ഞാൻ ഒരു മീറ്റിങ്ങിലാണ് എന്തേ?

സത്യം പറ ബാറിൽ അല്ലേ ?

ആ അതെന്ന് നീ കാര്യം പറ ?

ഞാൻ പറഞ്ഞിട്ടില്ലേ ഹരിയേട്ടാ എന്നും ഇങ്ങനെ കഴിക്കരുത് എന്ന് ഇതിപ്പോ കുറച്ച് കൂടുതലാണ് ട്ടോ .ഇനി നന്മുടെ വിവാഹം കഴിഞ്ഞാലും ഇങ്ങന്ന ഒക്കെ തന്നെയാവും ല്ലേ?

പൊന്നു ഭസ്മേ ഞാൻ ഇന്ന് കഴിക്കാൻ വേണ്ടി ഇറങ്ങിയതല്ല . പക്ഷേ ഇന്നത്തെ സാഹചര്യം അതായിപ്പോയി ?

എന്ത് സാഹചര്യം വല്ല കൂട്ടുമാരുമൊത്ത് പാർട്ടിയായിരിക്കും അല്ലേ.?

അതല്ലെടൊ നന്മുടെ ബാലമോൾക്ക് ഒരു പ്രശ്നം അതിന്റെ പേരിൽ വീട്ടിൽ വഴക്കിട്ടാ ഇറങ്ങിയത്.

ഉം .നല്ല പുള്ളിയാ എന്തിനാ ചുമ്മാ വീട്ടിൽ വഴക്കിടാൻ പോയെ അതിന്റെ കുറ്റബോധം കൊണ്ട് കുടിച്ചതാണോ? അല്ല ന്താ വഴക്കിടാൻ കാര്യം.

ഇപ്പോൾ ഇവിടെ നിന്ന് പറഞ്ഞാൽ ശരിയാവില്ല നാളെ ഈവനിoങ്ങ് കാണുമ്പോൾ പറയാം ?

ഉം. എന്നാൽ ശരി ഹരിയേട്ടാ ഞാൻ വെയ്ക്കുവാണേ. ആ പിന്നെ ഇതിന്റെ പേരും പറഞ്ഞ് ഇനി നേരം പുലരുവോളം അടിക്കാൻ നിൽക്കണ്ട. നല്ല കുട്ടിയായി വീട്ടിൽ പോകാൻ നോക്ക്.

ഇല്ലെടോ ഞാൻ ഇപ്പോൾ ഇറങ്ങും .

ഉം.

ഹരി ഡാ ഞാൻ എന്നാൽ ഇറങ്ങുവാണേ കേസിന്റെ കാര്യത്തിന് നാട്ടിക വരെ ഒന്ന് പോണം ഒരു ക്ലയ്ന്റ് മീറ്റിംങ്ങ് ഉണ്ട്, ആരാ ഫോണില് ഭസ്മയാണോ?

അതെടാ അവള് ചുമ്മാ വിളിച്ചതാ.ബാലയുടെ വിവാഹം കഴിഞ്ഞ് വേണം ഇവളെ കെട്ടാൻ എന്ന് പറഞ്ഞ് നിൽക്കുമ്പോഴാ ഇങ്ങനെ ഓരോ പുലിവാല്.

നീ ടെൻഷൻ ആവല്ലേ ഞാൻ ഒന്ന് പ്ലാൻ ചെയ്തിട്ട് വിളിക്കാം .അപ്പോ ഞാൻ ഇറങ്ങുവാടാ ഇനി നിന്നാൽ നേരം വൈകും പിന്നെ ബാറിലെ ബില്ല് ഞാൻ അടച്ചിട്ടുണ്ട്. അപ്പോ ഞാൻ വിളിച്ചോളാം .

ഉം എന്നാൽ പിന്നെ എല്ലാം പറഞ്ഞ പൊലെ ഞാനും ഇറങ്ങുവാ

ഉം.

ഹരി കാറിൽ കയറി നേരെ വീട്ടിലേക്ക് തിരിച്ചു .. ( മദ്യപിച്ച് വാഹനം ഓടിക്കരുത് നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. )രാത്രി ഭക്ഷണം കഴിക്കാൻ കുറെ അമ്മ കുറെ നിർബന്ധിച്ചെങ്കിലും ഹരി ഒന്നും കഴിച്ചില്ല മനസ്സ് നിറയെ വല്ലാത്തൊരു കുറ്റബോധം അവനെ വേട്ടയാടുന്നുണ്ടായിരുന്നു.

അമ്മേ ബാല കഴിച്ചോ. ?

ഇല്ല ഞാൻ കുറെ നിർബന്ധിച്ചു അവൾക്കും വേണ്ടാന്ന്.

ഉം, ഞാൻ പോയി വിളിക്കണോ?

അവൾ ഉറങ്ങിക്കാണും വിശക്കുമ്പോൾ വന്നു കഴിച്ചോളും സാരല്ല്യ നീ കിടന്നോ .

ഒരു കൈ കൊണ്ട് തല്ലുകയും മറുകൈ കൊണ്ട് തലോടിയുമാണ് ഹരിയ്ക്ക് ശീലമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.

ബാല രാവിലെ തന്നെ നേരെ വെച്ചൂർ ശിവക്ഷേത്രത്തിലേക്ക് ഒരുങ്ങി ഇറങ്ങി.

അമ്മേ ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ‘

ഉം. ശരി. ഏട്ടനോട് പറഞ്ഞാൽ അവൻ കൊണ്ടാക്കില്ലേ?

വേണ്ടമ്മേ ഞാൻ നടന്നോളാം.

പോകുന്നത് ക്ഷേത്രത്തിലേക്കാണെങ്കിലും ബാലയുടെ ഉദ്ദേശം കിരണിനെ കാണാൻ ആയിരുന്നു. ഇരുവരുടെയും വിവാഹം നടക്കാനും ഏട്ടന്റെ മനസ്സ് മാറാനും ബാല മനമുരുകി പ്രാർത്ഥിച്ചു. ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി അവൾ പുറത്തേക്ക് നടന്നു.

ആൽത്തറയിൽ പതിവ് പൊലെ കിരണും കൂട്ടുകാരും ഇരിപ്പുണ്ടായിരുന്നു.

ഡാ നിന്റെ പെണ്ണ് വരുന്നുണ്ടല്ലോടാ .

ആ വരട്ടെ.

ഇവിടെ ഇളിച്ചോണ്ട് ഇരിക്കാണ്ട് അങ്ങ്ട് ചെന്ന് സംസാരിക്കടാ .

പോവ്വാടാ .

അവൻ ഇറങ്ങി ബാലയുടെ അടുത്തേക്ക് നടന്നു.

കിച്ചൂ എന്താ നിന്റെ ഉദേശം .നിനക്ക് എന്നെ കെട്ടാൻ വല്ല പ്ലാനും ഉണ്ടോ?

എന്താ നിന്റെ മുഖത്ത് അത് ആദ്യം പറ ?

ഹരിയുടെ അഞ്ചു വിരലുകളും ബാലയുടെ മുഖത്ത് പതിഞ്ഞതിന്റെ പാട് ഇനിയും മാഞ്ഞിട്ടില്ല.

അതാ ഞാനും പറഞ്ഞേ നമ്മുടെ പ്രശ്നം വീട്ടിൽ അറിഞ്ഞു. അത് കേട്ടതും ഏട്ടൻ ചെറുതായി ഒന്ന് സ്നേഹിച്ചതാ.

ബാലയുടെ ഉണ്ടക്കണ്ണുകൾ നിറഞ്ഞു തുളുമ്പി.

നിന്റെ ഏട്ടന് എന്തിന്റെ ഭ്രാന്താ ഞാൻ ഒന്ന് കാണുന്നുണ്ട് അയാളെ .

അതെടാ ഭ്രാന്താ ഞങ്ങളെയൊക്കെ ഇത്രയധികം സ്നേഹിച്ചു പോയതിന്റെ ഭ്രാന്ത് .ഇങ്ങനെ ഒരു അവസ്ഥയിൽ ഏതൊരെട്ടനും ഇതേ ചെയ്യൂ എന്റെ ഏട്ടനും അതെ ചെയ്തൊള്ളൂ. അല്ലാതെ ജോലിയും കൂലിയും ഇല്ലാത്ത നിനെപ്പൊലെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന നിനക്ക് സ്വന്തം പെങ്ങളെ കെട്ടിച്ച് തരും ന്ന് തോന്നുണ്ടോ?

ഞാൻ എന്ത് വേണന്നാ നീ ഈ പറയണ് ബാലെ

എന്റെ പൊന്നു കിച്ചൂ നീ ആദ്യം ഇവന്മാരായിട്ടുള്ള ഈ നശിച്ച കമ്പനി നിർത്ത് ഏട്ടന് അതാണ് നിന്നോട് ഇത്ര ദേഷ്യം പിന്നെ നല്ലൊരു ജോലി കണ്ടെത്ത് എന്നിട്ട് വീട്ടിൽ വന്ന് പെണ്ണ് ചോദിക്ക് ഇനിയും വീട്ടിൽ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല.

ഇവന്മാരൊക്കെ ചെറുപ്പം മുതൽ എന്റെ കൂടെ കളിച്ച് വളർന്നതാണ് നീ പറയണ പൊലെ പെട്ടെന്ന് ഒന്നും എനിക്ക് അവരെ ഒഴിവാക്കാൻ പറ്റില്ല. പിന്നെ ജോലിടെ കാര്യം അത് ഞാൻ നോക്കുന്നുണ്ട് നീ പറഞ്ഞ് കഴിഞ്ഞ രണ്ട് ഇന്റെർവ്യൂവിനും ഞാൻ പോയതല്ലേ .ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ കിട്ടണ്ടേ.

ശ്രമിച്ചാൽ പോര ശ്രമിച്ച് കൊണ്ടിരിക്കണം എന്നാലെ കിട്ടൂ.

ഉം ശരി നീ ഇപ്പോൾ പൊയ്ക്കോ ഞാൻ വിളിച്ചോളാം ഇനി ഇത് നിന്റെ ഏട്ടൻ വന്ന് കണ്ടിട്ട് വേണം അടുത്ത പ്രശ്നം ഉണ്ടാവാൻ.

ഉം . ബാല കലങ്ങിയ കണ്ണുകൾ തുടച്ച് തിരിച്ച് നടന്നു.

കിച്ചൂ ഡാ എന്താ പ്രശ്നം?

ഒന്നൂല്ലാ അത് ഞങ്ങടെ ഇഷ്ട്ടം അവൾടെ ഏട്ടൻ അറിഞ്ഞു അതാ.

കിച്ചു നല്ലൊരു വീട്ടിലെ കൊച്ചാ അത് നിനക്ക് കെട്ടാൻ പ്ലാനില്ലെങ്കിൽ അതിനെ പറഞ്ഞ് മനസ്സിലാക്ക്,

കെട്ടാൻ ഒക്കെ പ്ലാനുണ്ട് പക്ഷേ അവൾടെ ഏട്ടൻ ആണ് പ്രശ്നം .എങ്ങനെല്ലും നല്ലൊരു ജോലി കണ്ടെത്തണം പിന്നെ ഇന്നത്തോടു കൂടി നമ്മുടെ പരിപാടിക്കോന്നും ഞാൻ ഉണ്ടാവില്ല. സംഭവം പെട്ടെന്ന് കുറച്ച് കാശ് കൈയിൽ വരും പക്ഷേ ഇനി മുതൽ അത് വേണ്ട നമുക്ക് നിർത്താം.

ഓക്കെ ടാ അങ്ങനെയാന്നേൽ ഇന്ന് നമ്മുടെ അവസാനത്തെ ഓപ്പറേഷൻ അതും നിനക്ക് വേണ്ടി പിന്നെ ഇന്നത്തെ മുഴുവൻ പൈസയും നിനക്ക് ഉള്ളതാ എന്താ അത് പോരെ .

ഉം എന്നാൽ വാ ഒന്ന് പ്ലാൻ ചെയ്യണം ഇത് പഴയ പൊലെയല്ല കുറച്ച് റിസ്ക് ഉള്ള കേസാ അമ്പതു കോടി രൂപയ്ക്ക് തൃശ്ശൂര് മുതൽ കൊച്ചി മറൈൻ ഡ്രൈവ് വരെ എസ്കോർട്ട് പോണം . കാസർകോട്ടിന്ന് വരുന്ന പൈസയാന്ന് ഓരോ ജില്ല മാറുമ്പോഴും ടീംസ് മാറിക്കൊണ്ടിരിക്കും നന്മുക്ക് റിസ്ക് അങ്കമാലിയാണ് അത് കഴിഞ്ഞാൽ സേഫാ .

എന്നാൽ വാ ബാക്കി പരിപാടിയെല്ലാം പ്ലാൻ ചെയ്യാം.

ഓഫീസിൽ നിന്ന് ഇറങ്ങി ഹരി നേരെ പോയത് ഭസ്മയെ കാണാനാണ് .

ഹരിയേട്ടൻ എന്താ ഇത്ര വൈകിയത്. ? കാണാതായപ്പോൾ ഞാൻ വിചാരിച്ചു ഇനി വരില്ല എന്ന്.

ഓഫീസിൽ നിന്ന് ഇറങ്ങാൻ ഇത്തിരി ലേറ്റായി അതാ .

വീട്ടിൽ എന്താ പ്രശ്നം ഹരിയേട്ടാ?

അത് ഞാൻ ഇന്നലെ പറഞ്ഞിലെ ബാലയ്ക്ക് ഒരു അഫയറ് അത് അറിഞ്ഞതിൽ പിന്നെ എനിക്ക് ഒരു സമാധാനം ഇല്ല .നല്ല കൊള്ളാവുന്ന ഫാമിലിയിൽ നിന്നാണെങ്കിൽ പോട്ടെ ഇതിപ്പോ ചെറുക്കന് ജോലിയും ഇല്ല കൂലിയും ഇല്ല.

എന്റെ ഹരിയേട്ടാ ഇതാണോ ഇപ്പോ ഇത്ര വലിയ പ്രശ്നം പ്രണയവും വിവാഹവും ഒക്കെ ഇപ്പോൾ സർവ്വസാധാരണം അല്ലേ.?

അതല്ലടോ ബാല നല്ല വാശിയിലാ.

അവൾക്ക് അത്ര ഇഷ്ട്ടമാണെങ്കിൽ അതങ്ങ് നടത്തി കൊടുക്കുന്നതല്ലേ നല്ലത്? മനസ്സിൽ ഇഷ്ട്ടമില്ലാത്ത ഒരാളോടൊത്ത് ജീവിക്കുന്നതിനേക്കാൾ നല്ലത് അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കുന്നതല്ലേ. ചിലപ്പോൾ ആ സന്തോഷം അവൾക്ക് ജീവിതകാലം മുഴുവനും ഉണ്ടാവുകയും ചെയ്യും .പിന്നെ എന്റെ ഫാമിലി ബാഗ്ഗ്രൗണ്ട് നോക്കിയാണോ ഹരിയേട്ടൻ എന്നെ പ്രണയിച്ചത്.

അത് പൊലെയാണോ ഇത് ഭസ്മേ .ഈ തെണ്ടിത്തിരിഞ്ഞ് നടക്കുന്നതല്ലാതെ അവന് ഒരു ജോലി പോലും ഇല്ല . ഒന്നും ഇല്ലെങ്കിലും രണ്ട് വയറ് കഴിഞ്ഞ് പോവണ്ടേ.

അതാണോ പ്രശ്നം ഹരിയേട്ടൻ വിചാരിച്ചാൽ അവന് ഒരു ജോലി ശരിയാക്കി കൊടുക്കാൻ പറ്റില്ലേ?

അതോക്കെ നടക്കും.

ഹാ പിന്നെ സ്വത്തും പണവും ഹരിയേട്ടൻ തന്നെയല്ലേ എപ്പോഴും പറയാറ് എനിക്ക് ഉള്ളത് എല്ലാം ബാലയ്ക്ക് ആണെന്ന്.

എന്തായാലും ഞാൻ ഒന്ന് നല്ല പൊലെ ആലോചിക്കട്ടെ ഇതുമായി പൊരുത്തപ്പെടാൻ എനിക്ക് കുറച്ച് സമയം വേണം.

ഇനി ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് ഒന്നും വേണ്ട ട്ടോ.?

ഉം. നോക്കാം

നോക്കാം എന്നല്ല വഴക്കിടരുത്. പിന്നെ ഇന്ന് കള്ളും കുടിക്കരുത് .

ആ ശരി സമ്മതിച്ചു. നീ ഇവിടെ ഇറങ്ങിക്കോ ഇനി ആരേലും കണ്ടാൽ അത് മതി . നിന്റെ വീട് എത്താറായി,

എന്നാൽ ശരി ഹരിയേട്ടാ ഞാൻ ഫ്രീയായിട്ട് വിളിക്കാം.

ഓക്കെ ബൈ

പിറ്റേ ദിവസം രാവിലെ നാട്ടുകാരുടെ ബഹളം കേട്ടാണ് ഹരി ബെഡിൽ നിന്നും ഉണർന്നത്. ഹരി മുറ്റത്തേക്കിറങ്ങി. പുറകെ അമ്മയും ബാലയും. റോഡിലൂടെ പോകുന്ന ഒരാളോട് ഹരി കാര്യം തിരക്കി.

എന്താ രവിയേട്ടാ പ്രശ്നം നിങ്ങൾ എല്ലാം കൂടി എവിടേക്കാ ഇത്ര ധൃതിയിൽ പോകുന്നത്.

അതു ശരി അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ?മംഗലത്തെ ആ ചെക്കനില്ലേ കിരൺ അവൻ ഇന്നലെ രാത്രി മരിച്ചു .അങ്കമാലിയിൽ വെച്ച് ക്വട്ടേഷൻ ആണെന്നാ കേട്ടത് ഇരുപത്താറ് വെട്ടുണ്ട് ബോഡി പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഇപ്പോൾ കൊണ്ടുവരും.

രവിയേട്ടൻ പറഞ്ഞത് ഹരിയുടെ കാതുക്കൾക്ക് വിശ്വസിക്കാനായില്ല .

എന്നാലും എന്റെ മഹാപാപി നീ പറഞ്ഞ പൊലെ ചെയ്തു കളഞ്ഞല്ലോ?

ഹരിയുടെ അമ്മ നെഞ്ചത്ത് കൈ വെച്ച് ഹരിയെ നോക്കി പറഞ്ഞു.

ഇത് കേട്ടതും ബാല ഗെയ്റ്റ് തള്ളിത്തുറന്ന് റോഡിലൂടെ അലറി വിളിച്ച് ഓടി. കൂടെ ഹരിയും അമ്മയും . ബാലയെ ബലമായി പിടിച്ച് വലിക്ക് ഹരി റോഡിലൂടെ വലിച്ചിഴച്ച് റൂമിയിട്ട് അടയ്ക്കാൻ നോക്കി.

ബാല ഹരിയുടെ ഷർട്ടിന്റെ കോളറിൽ നിന്നും പിടി വിട്ടില്ല.

ഞാൻ പറഞ്ഞതല്ലേ അവനെ എനിക്ക് വേണം ന്ന് എന്നിട്ടും കൊന്ന് കളഞ്ഞില്ലേ അവനെ .ദുഷ്ടനാണ് നിങ്ങൾ ബാല ഹരിയെ പിടിച്ച് കുലുക്കി.

എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഹരി മിഴിച്ച് നിന്നു.

അൽപസമയത്തിനകം തന്നെ ബാല നിലത്ത് തളർന്ന് വീണു. ഹരി ബാലയേയും എടുത്ത് നേരെ ആശുപത്രിയിലേക്ക് ഓടി കൂടെ അമ്മയും. കൊണ്ടുപോയ ഉടനെ ബാലയെ ഐസിയുവിലേക്ക് മാറ്റി, ഫോണെടുത്ത് ഹരി മനുവിനെ വിളിച്ചു.

ഹലോ ഹരി പറയെടാ ?

ഞാൻ നിന്നോട് പറഞ്ഞതല്ലേ കൊല്ലണ്ടാന്ന് എന്നിട്ടും നീ .

ഹരിയുടെ കണ്ണുകൾ ചുവന്നു.

നീ ഇത് എന്തറിഞ്ഞിട്ടാ ഹരി ഈ പറയുന്നത് .നന്മുക്ക് പ്ലാൻ ചെയ്യാം എന്ന് പറഞ്ഞതല്ലാതെ ഞാൻ അതെക്കുറിച്ച് ആലോചിച്ചിട്ടു പോലും ഇല്ല പിന്നെ ഒറ്റ രാത്രി കൊണ്ട് വെട്ടിക്കൊല്ലാൻ അവനെന്താ പാർട്ടി സഖാവോ മറ്റോ ആണോ?

പിന്നെ എന്താ അവന് സംഭവിച്ചത്,

കള്ളപ്പണത്തിന് എസ്കോർട്ട് പോയി അങ്കമാലിയിൽ വെച്ച് പിള്ളേര് പണിതു ആ പണം കൊണ്ട് പോയി പിന്നെ ഇവൻ മാത്രമല്ല മൂന്ന് സെന്റ് കോളനിയിലെ രണ്ട് മൂന്നെണ്ണം ഉണ്ട് വെട്ടും കൊണ്ട് ആശുപത്രിയിൽ ഒന്നിന്റെ നില ഗുരുതരമാണ്.

ഇത്രയും കേട്ടപ്പോൾ തന്നെ ഹരിക്ക് പാതി ആശ്വാസമായി. അവൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി. അമ്മയുടെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു.

ഞാനല്ലന്മേ സത്യമായും ഞാനല്ല.. ഒരാളെ കൊല്ലാൻ മാത്രം അന്മേടെ ഹരി അത്ര വലിയ ദുഷ്ടനായിട്ടില്ല.

അവർ ഹരിയെ പിടിച്ച് എഴുന്നേൽപ്പിച്ച് പൊട്ടിക്കരഞ്ഞു.

ബോധം വന്ന ഉടനെ ബാല ഐ സി യു വിൽ നിന്നും വരാന്തയിലൂടെ ഇറങ്ങി ഓടി ഒരു ഭ്രാന്തിയെപ്പൊലെ .

ഹരിയും ഡോക്ടർമാരും ചേർന്ന് ബാലയെ വീണ്ടും പിടിച്ച് കിടത്തി അനസ്തീഷ്യ കൊടുത്തു. വീണ്ടും ഒരാഴ്ചത്തെ ചിൽസയ്ക്ക് ഒടുവിൽ ബാലയുടെ നില കുറച്ച് നോർമൽ ആയി. പക്ഷേ ഹരി അടുത്ത് വരുമ്പോഴെല്ലാം അവൾ ഒരു ഭീകരവാദിയുടെ മുന്നിൽ പെട്ട കൊച്ചു കുട്ടിയെ പൊലെ പേടിച്ചരണ്ടു.

ഹരി ഡോക്ടർ നിന്നെ വിളിക്കുന്നുണ്ട്.

ഉം. ശരിയമ്മേ.

മിസ്റ്റർ ശ്രീഹരി ഞാൻ പറയാതെ തന്നെ അറിയാലോ വളരെ ആഴത്തിലുള്ള മെന്റൽ ഷോക്കാണ് ശ്രീബാലയ്ക്ക് സംഭവിച്ചിരിക്കുന്നത് അത് മാറാൻ ചിലപ്പോൾ സമയം എടുക്കും ഇപ്പോൾ നിങ്ങൾ അവളുടെ ജീവിതത്തിലെ വില്ലനും കൂടിയാണ്. അത് കൊണ്ട് പ്രത്യേക ഒരു അവളുടെ മേൽ ഉണ്ടാവണം .കഴിയുന്നതും ഒറ്റയ്ക്ക് എങ്ങോട്ടും വിടരുത് തനിച്ച് ഇരുത്തരുത് പഴയ പൊലെ കോളേജിൽ ഒക്കെ പോയി തുടങ്ങട്ടെ കൂട്ടുകാരുമൊത്തുള്ള ഇടപഴകൽ അവൾക്ക് കുറച്ച് ആശ്വാസം കിട്ടും ഇനി പ്രത്യേകിച്ച് മരുന്ന് ഒന്നും കഴിക്കണം എന്നില്ല .

ഉം. ശശി ഡോക്ടർ ഞങൾ എന്നാൽ ഇങ്ങട്ടെ ?

ഒക്കെ എന്നാൽ അങ്ങിനെയാവട്ടെ.

വർഷങ്ങൾ കടന്നു പോയി ബാലയ്ക്ക് അവർ വിചാരിച്ച പൊലെ യാതൊരു വിധ മാറ്റവും ഉണ്ടായില്ല. ബാല ഹരിയോട് സംസാരിക്കാറും ഇല്ല. ഞാനല്ല കിച്ചുവിന്റെ മരണത്തിന് ഉത്തരവാദി എന്ന് എത്ര പറഞ്ഞ് മനസ്സിലാക്കാൻ നോക്കായിട്ടും ഹരിക്ക് കഴിഞ്ഞില്ല .ഈ കാരണങ്ങൾ കൊണ്ടു തന്നെ ഹരിയ്ക്ക് ഭസ്മയെ വിവാഹം കഴിക്കാൻ സാധിച്ചില്ല. ഇന്നും ബാല ജീവിക്കുന്നു കിച്ചു വിന്റെ ഓർമ്മകളുമായി വെറെ ഒരു ലോകത്ത്. എല്ലാം ഉപേക്ഷിച്ച് ഹരി ബാലയ്ക്ക് വേണ്ടി മറ്റൊരു ലോകത്തും .

ശുഭം

രചന: സനൽ SBT

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!