ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി

37074 Views

lodge love story

“” നീ പോകാൻ തന്നെ തീരുമാനിച്ചോ.,? “” ശ്രേയ ഭീതിയോടെ ചോദിച്ചു.

“” ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി….കിട്ടുന്നത് ഒരു ലക്ഷമാ..എന്റെ നെക്സ്റ് സെം ഫീസിന് ചാച്ചക്കു കഷ്ടപ്പെടേണ്ടി വരില്ല ” ഞാൻ അവളെ നോക്കി കണ്ണിറുക്കി..

“”ഡി, ..എന്നാലും ..വേറെ എന്തെങ്കിലും വഴി നോക്കിയാലോ..ഇതു തന്നെ വേണോ? “”

“” ഇതിനേക്കാൾ നല്ല വേറെ വഴിയില്ല മോളെ..ഓരോ മാസവും നൂറു കാര്യങ്ങൾ മാറ്റിവച്ചാ ചാച്ച ഹോസ്റ്റൽ ഫീ അടക്കുന്നത്.. ഇവിടുത്തെ അച്ചാർ കമ്പനിയിൽ പാർട് ടൈം ജോലി ചെയ്താ ബാക്കി കാര്യങ്ങൾക്ക് ഒപ്പിക്കുന്നത്..നിനക്കെല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ..”

“” ന്നാലും ഇത് കേട്ടേ പിന്നെ എന്റെ സമാധാനം പോയി.. നീ ഒന്നു കൂടിയൊന്നു ആലോചിക്ക് ”

“” ഇനി ഇതിൽ കൂടുതൽ ഒന്നും ആലോചിക്കാനില്ല.. ഈ ചാൻസ് എപ്പോഴും കിട്ടിയെന്നു വരില്ല..വന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടിയെറിയല്ലേഡി.”‘

“” ഡീ, വീട്ടിലെങ്ങാനുമറിഞ്ഞാൽ…”

“” അറിയില്ല..നീ ഇനി വിളിച്ചുകൂട്ടി അറിയിക്കാതിരുന്നാ മതി..”‘

“”സേഫ്റ്റിക്കു നീ എന്തെങ്കിലും കരുതിയിട്ടുണ്ടോ ?””

“‘ഒക്കെയുണ്ട്..നീ പേടിക്കാതെ ഇവിടെ വല്ല നാമവും ജപിച്ചിരിക്ക്.. അപ്പോഴേക്കും ഞാനിങ്ങെത്തും..”‘

അവളുടെ മുഖത്തെ പേടി മാറിയിട്ടില്ല..ഇന്ന് രാവിലെ മുതൽ തുടങ്ങിയതാ… അങ്ങോട്ടും ഇങ്ങോട്ടും നടപ്പും…നഖം കടിച്ചുള്ള ഇരിപ്പും..ഒരു ഇരുപ്പുറക്കാത്ത അവസ്ഥ..
ഉള്ളിൽ എനിക്കും ഭയമുണ്ട്.. പക്ഷെ അത് പ്രകടിപ്പിച്ചാൽ, പിന്നെ പോകാനവൾ സമ്മതിക്കില്ല..

ചാച്ചനോട് ഒളിച്ചു ജീവിതത്തിലിന്ന് വരെ ഒരു കാര്യവും ചെയ്തിട്ടില്ല.. എല്ലാം പറയണം..ഇപ്പോഴല്ല..എല്ലാം കഴിഞ്ഞ്.. ചാച്ചനെന്നെ മനസ്സിലാവാതെ ഇരിക്കില്ല..ഇപ്പോൾ സമയം നാല്..ആറുമണിക്ക് ഹോട്ടലിൽ നിന്നും വണ്ടിയെത്തും..ചാച്ചനെ വിളിക്കണം… ആ ശബ്ദമൊന്നു കേൾക്കണം..മനസ്സുകൊണ്ട് മാപ്പു ചോദിക്കണം..

ഫോൺ ബെല്ലടിച്ചു കഴിയാറായപ്പോഴാണ് എടുത്തത്..
“” ഹലോ.. എന്താ മോളെ ..ഈ നേരത്തു നീ വിളിക്കാറില്ലല്ലോ..ചാച്ചൻ പറമ്പിൽ നനക്കുകയായിരുന്നു..അതാ വൈകിയത്..”‘ ചാച്ചന്റെ കിതപ്പ് കേൾക്കാനുണ്ടായിരുന്നു.

“‘ ഒന്നുമില്ല ചാച്ചാ..വെറുതെ വിളിച്ചതാ..ശബ്ദമൊന്നു കേൾക്കണമെന്നു തോന്നി.. അമ്മച്ചിയും റോസിയുമെന്തിയേ “‘

”അവരും നനക്കാൻ ഒപ്പമുണ്ട് മോളെ..എന്നതാ..”

“”ഒന്നുമില്ല ചാച്ചാ..അവരോടു പറഞ്ഞാൽ മതി..”ശബ്ദം ഇടറാതിരിക്കാൻ പരമാവധി ശ്രമിച്ചു

“” മോൾക്കെന്തെങ്കിലും വിഷമമുണ്ടോ ? ചാച്ചൻ 2ദിവസം കഴിഞ്ഞങ്ങോട്ടു വരാം..”

“”ഒന്നുമില്ല ചാച്ചാ….ചാച്ചൻ വരേണ്ട..അടുത്തയാഴ്ച ഞാനങ്ങോട്ടു വരുന്നുണ്ട്..ഞാൻ വെക്കുവാണേ..””

സംസാരിച്ചു കഴിഞ്ഞപ്പോൾ ഒരാശ്വാസം തോന്നി..ഉള്ളിലെ ഭയം ചെറുതായി നീങ്ങിയപോലെ.
ശ്രേയ അപ്പോഴും നഖം കടിച്ചു ചിന്തിച്ചിരിപ്പുണ്ട്..

“‘ ഡി, നാളെയാകുമ്പോഴേക്കും ആ വിരൽ മൊത്തം തിന്നുതീർക്കുമോ..ഒന്നുമില്ലെങ്കിലും ഒരു സായിപ്പല്ലേഡി… ഞാനെന്റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഒന്നു മെച്ചപ്പെടുത്തട്ടെ..”‘

അവളെന്നെ ചെറഞൊന്ന് നോക്കി ..പുറത്തേക്കു തിരിഞ്ഞിരുന്നു..വേഗം കുളിച്ചു റെഡിയായി..പറഞ്ഞ ടൈം തന്നെ വണ്ടി വന്നു..അവളോട്‌ യാത്ര പറഞ്ഞപ്പോൾ ആ കണ്ണു നിറഞ്ഞിരിക്കുന്നു..

ഹോട്ടലിലെത്തി..എഗ്രിമെന്റ് ഫോം സൈൻ ചെയ്ത് കൊടുത്തു.. രാത്രി 8 മുതൽ രാവിലെ 6 വരെ .. അതാണ് ടൈമിങ്.. അവർ റൂം കാണിച്ചു തന്നു..തേർഡ് ഫ്ലോർ 313..മനോഹരമായ റൂം..എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ വിളിക്കാൻ ഒരു ബെൽ കാണിച്ചു തന്നു. ആൾ ദി ബെസ്റ്റ് നേർന്ന് അവർ പോയി…
ഡോർ അടച്ചു..ഡിന്നർ ടേബിളിൽ വച്ചിട്ടുണ്ട്.. കഴിക്കാൻ തോന്നിയില്ല..ചെറുതായി ഭയം വന്നു തുടങ്ങി.. വേണ്ടിയിരുന്നില്ല ..എന്നൊരു തോന്നൽ..നാളെ കിട്ടാൻ പോകുന്ന പണവും വീട്ടിലെ സാഹചര്യങ്ങളും ഓർമ്മിപ്പിച്ചു മനസ്സിനെ ധൈര്യപ്പെടുത്തി..സേഫ്റ്റിക്കുള്ളത് പുറത്തേക്കെടുത്തു..കുരിശും കൊന്തയും…മനമുരുകി പ്രാർത്ഥിച്ചു….

നേരം വെളുത്തു….ഡോർ തുറന്നു..പുറത്തുകയ്യടി..ബൊക്കെ.. വീഡിയോ.. ക്യാമറ ഫ്ലാഷ് ലൈറ്റുകൾ…റിപ്പോർട്ടറുടെ ശബ്ദം
“” അങ്ങനെ ആദ്യമായി വർഷങ്ങളായി ഉപയോഗിക്കാത്ത മുറിയിൽ ഒരു ദിവസം താമസിച്ചു വിജയിച്ചിരിക്കുന്നു.. മിസ് ഡയാന വർഗീസ്….ബ്ലൂ മൂൺ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലെ 313 എന്ന മുറിയാണ് സായിപ്പിന്റെ പ്രേതശല്യത്തെ തുടർന്ന് വർഷങ്ങളായി അടഞ്ഞു കിടന്നത്…അങ്ങനെ ‘”സായിപ്പിനോടൊപ്പം ഒരു രാത്രി”‘ എന്ന ചലഞ്ചിൽ വിജയിച്ചിരിക്കുന്നു ധീരയായ ഒരു പെണ്കുട്ടി…….””
© Nitya Dilshe. All rights reserved.

4.2/5 - (34 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply