Skip to content

പ്ളീസ് ഒരേ ഒരു തവണ മാത്രം..നീയൊന്നു സമ്മതിക്കണം

kamuki kathakal

ഫ്യൂഷൻ

“പഠിക്കുന്ന കാലം തൊട്ടു നീയെന്നെ കൊതിപ്പിച്ചു കൊണ്ടിരിക്കയാ ജാനി…ഇത്രത്തോളം ഞാൻ ആരുടെ മുൻപിലും കെഞ്ചിയിട്ടില്ല…പ്ളീസ് ഒരേ ഒരു തവണ മാത്രം..നീയൊന്നു സമ്മതിക്കണം..നിന്നോടൊപ്പം കുറച്ചു സമയം…ലോകത്തിന്റെ ഏതു കോണിലേ ക്കാണെങ്കിലും ഞാൻ വരാം..”

അയാളുടെ ചുവന്ന കണ്ണുകൾ ഒന്നു കൂടി ചുവന്നു..

“ജോഹൻ ഞാൻ പറയുന്നതൊന്നു കേൾക്കു.. പഴയതു പോലെയല്ല..ഞാൻ തിരക്കിലാണ്..എനിക്കൊരു ഭർത്താവും കുഞ്ഞുമുണ്ട്..”

“അല്ലെങ്കിലും നീ എപ്പോഴും എന്നെ അകറ്റി നിർത്തിയിട്ടേ ഉള്ളു..നിന്റെ രഹസ്യങ്ങൾ ഞാൻ അറിയുമോ എന്നുള്ള പേടി”

“ജോഹൻ ഞാൻ വിളിക്കാം..കുഞ്ഞു കരയുന്നു..”
അവളുടെ സ്വരത്തിൽ യാചനയുണ്ടായിരുന്നു…

“എനിക്കുള്ള ഡേറ്റ് ശരിയാക്കിയിട്ടു നീയിനി എന്നെ വിളിച്ചാൽ മതി..അല്ലെങ്കിൽ ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലെന്നു മറന്നു എന്നെ അങ്ങു ഡിലീറ്റ് ചെയ്തേക്ക്…”

ദേഷ്യത്തോടെ ജോഹൻ ഫോൺ കട്ട് ചെയ്തു…
ഒഴിച്ചുവച്ച ഗ്ലാസിലെ മദ്യം അയാൾ ഒറ്റവലിക്കു കുടിച്ചു തീർത്തു..

സ്ക്രീനിൽ അവളുടെ സുന്ദരമായ ചിരിച്ച മുഖം കണ്ടിട്ടും അയാളുടെ കലി അടങ്ങിയില്ല…

“ആ ഡേറ്റ് ഒന്നു കിട്ടിക്കോട്ടടി…..അല്ലെങ്കിലും എന്നോട് മാത്രമാ അവളുടെ ഒടുക്കത്തെ ജാഡ…”

ഗ്ലാസ്സിലെ ഐസ് ക്യൂബ് ന് മുകളിലേക്ക് വീണ്ടും മദ്യം ഒഴിക്കുമ്പോൾ അയാൾ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു..

ഇന്ന് തണുപ്പ് കൂടുതലാണ്..ജനൽചില്ലുകളിൽ മഞ്ഞു വീണു പുകമറ തീർത്തിരിക്കുന്നു..

മൊബൈലിലെ ഗാലറി തുറന്നു അയാൾ പഴയഫോട്ടോകൾ തപ്പിയെടുത്തു..

ജാനി, അരവിന്ദ് , ജഗൻ, സിന ..പിന്നെ താൻ…കോളേജ് യൂണിഫോമിൽ..അതിലേക്കു നോക്കി നിന്നപ്പോൾ അറിയാതെ ഒരു ചിരി മുഖത്തു വിരിഞ്ഞു..

കോയമ്പത്തൂരിലെ ഞങ്ങളുടെ കോളേജിൽ വച്ചു സീനിയേഴ്സിന്റെ റാഗിംഗിനിടയിൽ വച്ചാണ് ഞാനവളെ ആദ്യം കാണുന്നത്..

ഒരുപറ്റം തമിഴ് കുട്ടികൾക്കിടയിൽ പേടിച്ചരണ്ട് അവൾ.. കണ്ണു നിറച്ചുള്ള അവളുടെ നില്പിനെ പിന്നീട്‌ പലപ്പോഴും കളിയാക്കിയിട്ടുണ്ട്..ആദ്യമായി നാട് വിട്ടതിന്റെയും ഭാഷ അറിയാത്തിന്റെയും അങ്കലാപ്പ് അവളുടെ മുഖത്തുണ്ടായിരുന്നു..

നെറ്റിയിലെ ചന്ദനക്കുറിയും നീളൻ കണ്ണുകളിലെ അല്പം പടർന്ന കണ്മഷിയും ഐശ്വര്യമുള്ള മുഖവും അടുത്തറിയാവുന്ന ആരോ ആണ് അവൾ എന്നു തോന്നിപ്പിച്ചു..

“ഹാരീഷ്, എന്നാ പ്രോബ്ലെം..ലീവ് ഹെർ..ഷി ഇസ് മൈ കസിൻ..”

അവിടെ നിന്നും രക്ഷപ്പെട്ടു വന്നപ്പോൾ അവളെന്നെ നന്ദിയോടെ നോക്കി..

“അണ്ണാ..താങ്ക്സ്..”

കൂടെയുണ്ടായിരുന്ന ജഗൻ ചിരി കടിച്ചമർത്തി നിൽക്കുന്നത് കണ്ടു..അവനെ ഞാനൊന്നു തറപ്പിച്ചു നോക്കി..

“.സ്വന്തം നാട്ടിലേതാണല്ലോ എന്നോർത്തു സഹായിക്കാൻ വന്നതാ.. അപ്പൊ പിടിച്ച് അന്യസംസ്ഥാനക്കാരനാക്കി കളഞ്ഞു.. ഇതാണ് ഇന്നത്തെ കാലത്ത് ഒരുത്തനെ സഹായിച്ചാലുള്ള അവസ്ഥ..”

ഞാൻ അമർഷം മറച്ചുവച്ചില്ല..

അവളുടെ മുഖം വിളറുന്നത്‌ കണ്ടു..

“ചേട്ടൻ മലയാളിയാണെന്നു അറിഞ്ഞില്ല..ഞാനിവ്ടെ ആദ്യായിട്ടാണ്..ക്ഷമിക്കണം..”

“അയ്യോ അതിനു കുട്ടി സോറി ഒന്നും പറയണ്ട..അവന്റെ ജനറ്റിക് പ്രോബ്ലെം ആണ്..”
ജഗൻ കിട്ടിയ ചാൻസിൽ ഗോളടിച്ചു..

ടേബിളിലിരുന്ന ഫോൺ റിംഗ് ചെയ്യുന്ന ശബ്ദമാണ് അയാളെ ചിന്തകളിൽ നിന്നുണർത്തിയത്..

സ്ക്രീനിൽ ജാനിയുടെ ചിരിക്കുന്ന മുഖം…ഫോൺ അയാൾ ചെവിയോട് ചേർത്തു…

“ജോഹൻ കമിങ് സൺഡേ വരാൻ കഴിയുമോ ?
അന്നിവിടെ ആരും ഉണ്ടാവില്ല..”

അയാളുടെ മുഖത്തൊരു പുഞ്ചിരി പരന്നു . മറുപടി പറയാൻ അയാൾക്ക്‌ ഒട്ടും ആലോചിക്കേണ്ടി വന്നില്ല..

“സമ്മതം..എപ്പോൾ വരണം..?”

“ഈവനിംഗ് സെവൻ…ത്രീ ഹവേഴ്‌സ് പോരെ നിനക്ക് ?”

“മണിക്കൂറുകൾക്കു വിലയുള്ള നിന്നിൽ നിന്നു മൂന്നു മണിക്കൂർ… അതുമതി..” അയാൾ അമർത്തി ചിരിച്ചു..

“നിനക്കു വേണ്ടി എന്താണ് ഞാൻ കൊണ്ടു വരേണ്ടത്?”സ്നേഹം കലർത്തി അയാൾ ചോദിച്ചു..

“ഒന്നും വേണ്ടായെ.. കൃത്യ ടൈമിൽ എത്തിയാൽ മതി..” ഫോണിലൂടെ അവളുടെ ചിരി കേട്ടു..

“അപ്പോൾ സൺഡേ ഷാർപ് സെവൻ ..ജോഹൻ നിന്റെ വീടിനു മുന്പിലുണ്ടാകും..”അയാളും ചിരിച്ചു..

“ജോഹൻ, ഒരു സംശയം.. എന്തേ വിദേശി വിട്ട്‌ നാടനെ പിടിക്കുന്നു..?”

അതു കേട്ടു അയാൾ പൊട്ടിച്ചിരിച്ചു..

“ഫ്യൂഷൻ..അതാണിപ്പോൾ ക്രേസ്..നാടൻ..അതിൽ നിന്നെ വെല്ലാൻ ആരുമില്ലെന്ന് എനിക്കറിയാം..ഞാൻ വെയ്റ്റ് ചെയ്തതും അതിനു വേണ്ടിയാണ്.. നിന്നിലെ രഹസ്യങ്ങളറിയാൻ ”

അയാൾ ചിരിയോടെ ഫോൺ വച്ചു…

ഇനി നാലുദിവസം മാത്രം..ലാപ്ടോപ്പ് ഓൺ ചെയ്ത് അയാൾ ടിക്കറ്റ് എടുത്തു..ഇനിയുള്ള ദിവസങ്ങളിൽ തിരക്കാണ്..

അയാൾ ഓവർകോട്ട് എടുത്തിട്ടു..ശേഷം തണുപ്പിനെ വക വെക്കാതെ പുറത്തേക്കിറങ്ങി നടന്നു..

ഷോപ്പിൽ കത്തികളിൽ പലതിന്റെടേയും മൂർച്ച അയാൾ പരിശോധിച്ചു..ഒന്നിലും തൃപ്തി വരാതെ അയാൾ വീണ്ടും വീണ്ടും തിരഞ്ഞു..ഭംഗിയുള്ള കൈപ്പിടിയിലൊതുങ്ങുന്ന മൂർച്ചയേറിയ കത്തി തന്നെ അവസാനം അയാൾ തിരഞ്ഞെടുത്തു..അപ്പോൾ അയാളുടെ മുഖത്തെ ചിരി കത്തിയേക്കാൾ തിളക്കമേറിയതായിരുന്നു..

പിന്നീടയാൾ പോയത് ഒരു ക്യാമറ ഷോപ്പിലേക്കാണ്.. ഷർട്ടിൽ പിടിപ്പിക്കാവുന്ന ചെറിയ വിലയേറിയ ക്യാമറ തന്നെ അയാൾ തിരഞ്ഞെടുത്തു..

★★★★★

ജാനിയുടെ വീടിനുമുന്പിൽ കൃത്യം 7 നു തന്നെ അയാൾ എത്തി..വണ്ടി നിർത്തി ഇറങ്ങുമ്പോൾ മഴ ചെറുതായി ചാറിതുടങ്ങിയിരുന്നു..തുളസിത്തറയിലെ ദീപം അപ്പോഴും അണയാതെ കത്തിക്കൊണ്ടിരുന്നു….

പഴയ രീതിയിലുള്ള ഒരു ഇരുനില വീടായായിരുന്നു അവളുടേത്..

പുറത്തു തൂക്കിയിട്ടുള്ള മണിയടിച്ചു കാത്തു നിന്നു..
അൽപസമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.. ..ജാനി….കറുപ്പ് കരയുള്ള മുണ്ടും നേരിയതിലും അവൾ പഴയതിലും തടിച്ചിട്ടുണ്ടെന്നു തോന്നി..നെറ്റിയിൽ കറുപ്പ് വട്ടപ്പൊട്ട്.. അതിനു മുകളിൽ ഭസ്മം കൊണ്ട് കുറി വരച്ചിരിക്കുന്നു..

അയാളെ നോക്കി അവൾ ഭംഗിയായി ചിരിച്ചു..
“വരൂ ജോഹൻ.. അകത്തേക്ക് കയറൂ ”
അവൾ വാതിലിൽ നിന്നും അല്പം മാറി നിന്നു..
അയാൾ അകത്തു കയറി..

പൂജാ മുറിയിൽ കത്തിച്ചു വച്ച നിലവിളക്കിന്‌ മുൻപിൽ കള്ളച്ചിരിയോടെ കണ്ണൻ…

അയാൾ സോഫയിലേക്കിരുന്നു…

“ജോഹന് ഒരു മാറ്റവുമില്ല”..അവൾ അടുത്തു വന്നിരുന്നു പറഞ്ഞു..

“എപ്പോഴെത്തി നാട്ടിലേക്ക്?”

“ഇന്ന് മോർണിംഗ്..”

അയാൾ ചുവരിലെ ക്ലോക്കിലേക്കു നോക്കി..
അതു മനസ്സിലാക്കിയിട്ടെന്നപോലെ അവൾ എഴുന്നേറ്റു..

“വരൂ..സമയം കളയേണ്ട..”
അവൾ പോയി ഉമ്മറത്തെ വാതിലടച്ചു..
അവൾക്കു പിന്നാലെ അയാളും എഴുന്നേറ്റു അകത്തേക്ക് നടന്നു..

“ഇവിടം പോരെ ?” അവൾ ചോദിച്ചു..അയാളുടെ കണ്ണുകൾ വിടർന്നു..

” മതി..ഇവിടെ മതി..”അയാൾ പറഞ്ഞു..

ക്ലോക്കിലെ പെൻഡുലം പത്തുതവണ മുഴങ്ങുന്നതിനൊപ്പം തന്നെ പുറത്തെ ബെല്ലടിച്ചു..

അവർ അവസാന ഇനമായ പരിപ്പ്പായസത്തിന്റെ രുചികൂട്ടുക്കൂട്ടുകളിലായിരുന്നു..

“ജോഹൻ, അർജുൻ ചേട്ടൻ വന്നെന്നു തോന്നുന്നു..പിന്നെ പായസം തമ്പാലൊഴിച്ചാൽ അപ്പോൾ തന്നെ ഇറക്കിയേക്കണം ….ചൂടോടെ തന്നെ ഫ്രഷായി പൊടിച്ച ഏലക്ക ചേർത്തോളൂ..അപ്പോൾ തന്നെ അടച്ചു വെക്കണം..എങ്കിലേ ഫ്ളേവർ നില്ക്കു..”

“നിന്റെ ഇത്തരം രഹസ്യങ്ങൾ കണ്ടുപിടിക്കാനാ ഞാൻ നേരിട്ടു കാണണമെന്ന് വാശി പിടിച്ചതും എല്ലാം ഈ കുഞ്ഞു ക്യാമറയിൽ പകർത്തിയതും..”
പുറത്തേക്കു പോകുന്ന അവളെ നോക്കി അയാൾ
ഷർട്ട് കാണിച്ചു..

“എന്തായി…ഞാൻ കഴിക്കാൻ വരാറായോ ?” വാതിൽ പടിയിൽ നിന്നുകൊണ്ട് അർജുൻ ചോദിച്ചു…
കണ്ടതും ജോഹൻ അർജുനെ കെട്ടിപ്പിടിച്ചു…

” സെവൻ സ്റ്റാർ ഹോട്ടലിലെ ഷെഫ് ..ഗോൾഡ്‌ മെഡലിസ്റ്..അവൾടെ റെസിപി ടെ പിന്നാലെ നടക്കുന്നത് ഗമ പറയാറുണ്ട്..” അർജുൻ ചിരിയോടെ പറഞ്ഞു..

“ഈ അടുപ്പിൽ അവൾ ഉണ്ടാക്കുന്ന കറികൾക്കെന്നും കൊതിയൂറുന്ന രുചിയായിരുന്നു..ടിവിയിൽ ഇവളുടെ കുക്കറി ഷോ കാണുമ്പോഴെല്ലാം ആ രുചി എന്റെ നാവിലേക്കെത്താറുണ്ട്..

ഇവൾ റെസിപി എല്ലാവർക്കും പറഞ്ഞു കൊടുക്കുമെങ്കിലും എന്നിൽ നിന്നും പലതും മറച്ചു വക്കാറുണ്ട്..”
അയാൾ പരിഭവം പറഞ്ഞു..

“അതു നീ കൃത്യമായി കണ്ടുപിടിച്ചു പറയുകയും ചെയ്യും..അതു കേൾക്കാൻ വേണ്ടിയാ അന്നങ്ങനെ ചെയ്തിരുന്നത്..”
അവൾ പൊട്ടിച്ചിരിച്ചു……..

“വില്ലന്റെ ലുക്ക് മാത്രമേ ഉള്ളു..ലോലഹൃദയനാ..ചെറിയ കാര്യം മതി പിണങ്ങാൻ..” അവൾ കളിയാക്കി..

“അപ്പോൾ എല്ലാം റെഡിയല്ലേ.. എനിക്ക് നന്നായി വിശക്കുന്നു..നിങ്ങൾക്ക് ശല്യമാവാതിരിക്കാൻ മോനെയും കൊണ്ട് കഷ്ടപ്പെട്ടത് ഞാനാ..അവനുണ്ടെങ്കിൽ ഒന്നിനും സമ്മതിക്കില്ല…”

തന്റെ കൂട്ടുകാരിക്ക് പ്രിയപ്പെട്ട മനോഹരമായ കത്തി സമ്മാനിച്ച്.., രുചിയേറിയ ഭക്ഷണവും കഴിച്ചു വയറും മനസ്സും നിറഞ്ഞു ജോഹൻ പടിയിറങ്ങുമ്പോൾ രാവേറെ കഴിഞ്ഞിരുന്നു..

തന്റെ പ്രിയപ്പെട്ട രുചി കൂട്ടുകളിൽ പുതിയ പരീക്ഷണം…അതായിരുന്നു ജോഹന്റെ മനസ്സിലപ്പോൾ..

സ്നേഹത്തോടെ….
Nitya Dilshe

© Nitya Dilshe. All rights reserved.

3.7/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!