Skip to content

നീലക്കണ്ണുള്ള പെണ്ണിനെ തേടി അലയുകയായിരുന്നവന്റെ മനസ്സ്.

aksharathalukal pranaya novel

യക്ഷി
**********
അവളുടെ കണ്ണുകൾക്ക് നീലനിറമാണ്…ജലത്തിന്റെയോ ആകാശത്തിന്റെയോ നീലയല്ല…സർപ്പത്തിന്റെ കൃഷ്ണമണികളുടേതുപോലെ തിളക്കമുള്ള നീല…ആരെയും കൊര്ത്തെടുക്കാൻ ശേഷിയുള്ളൊരു ചൂണ്ട തന്നെ ആണത്…

“നീയാരടെ കാര്യാ ഈ പറയണത് ഉണ്ണി..? ”

” നിനക്കറിയാം നന്ദാ അവളെ…ആ കണ്ണ്… അത് മാത്രം മതിയവളെ പിടികിട്ടാൻ.പക്ഷെ..പെണ്ണൊരു വരാലാണ്…വഴുതി വഴുതി ഇപ്പൊ കൊറേയായി അവളെന്നെ ഇട്ട് മത്തുപിടിപ്പിക്കുന്നു…”

“ശിവമൂലി അസ്ഥിക്ക് പിടിച്ചിട്ടുണ്ടല്ലോ ഇന്ന്…വെറുതെ പുലമ്പാതെ നീയിങ്ങട്ട് വരുന്നുണ്ടോ…നേരം പാതിരാ കഴിഞ്ഞു…”

ഉണ്ണിയുടെ മുഖം ചുവന്നു…

“ഇന്നാട്ടിലെ ഇത്രേം സുന്ദരിയായൊരു പെണ്ണിനെ നിനക്കറിയില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടനല്ലട്ടോ ഞാൻ…നാള് കൊറേ കൂടി ഉത്സവത്തിനെത്തിയതാണെങ്കിലും എന്റെ നെഞ്ചിലാണിപ്പോ പഞ്ചാരി കൊട്ടിക്കയറണത്…അവളെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട് വന്നപ്പോ മുതല്…നേരെ ചൊവ്വെയൊന്നു കാണാൻ പോലും കിട്ടിയില്ല…സഹായം ചോദിച്ചു വന്നപ്പോ ദേ നിന്റെ അസ്സൽ അഭിനയോം…മര്യാദക്ക് നീ അതിനെ കണ്ടുപിടിച്ചു തന്നോ നിക്ക്… ”

“ശ്ശെടാ… ഇവനെക്കൊണ്ട്‌…നാട്ടിലെ പ്രധാന പയ്യൻസായ ഞങ്ങൾക്ക് പോലും മനസ്സിലായില്ലെന്ന് വെച്ചാൽ എന്റെ മോനെ… നിന്റെ കഞ്ചാവ് വലി ഇശ്ശി കൂടിണ്ട് ന്ന് സാരം…ഏതായാലും അമ്മമ്മയോട് പറഞ്ഞു നിനക്കിട്ടു ഇതിനുള്ള മറുപണി ഞാൻ തരുന്നുണ്ട്…ഇപ്പൊ വേഗം നടക്ക്…അല്ലേലമ്മാവൻ വീട്ടില് കയറ്റില്ല കട്ടായം… !”

ഉണ്ണിയുടെ കയ്യും വലിച്ചവൻ പാഞ്ഞു നടന്നു… പക്ഷെ…നീലക്കണ്ണുള്ള പെണ്ണിനെ തേടി അപ്പോഴും അലയുകയായിരുന്നവന്റെ മനസ്സ്… !

***********

“എന്റെ ഹൃദയം നിന്നിൽ കോർത്തുവെയ്ക്കാൻ ഞാൻ അത്രേമേൽ ആഗ്രഹിക്കുന്നു… എന്തിനാണീ ഒളിച്ചുകളി? എല്ലാവരുമെന്നെ പറ്റിയ്ക്കയാണ്… നിന്നെ എന്നിൽ നിന്നുമകറ്റാൻ…വീരവാദങ്ങൾ മുഴക്കുമെന്നല്ലാതെ ഞാനിതുവരെയും ഒരു പെണ്ണിനേയും അറിഞ്ഞിട്ടില്ല ..നിനക്ക് തരാൻ പരിശുദ്ധമായൊരു ശരീരവും നിര്മലമായൊരു ഹൃദയവും എന്നിലുണ്ട് … ഒന്ന് മുന്നിൽ വന്നൂടെ തനിക്ക്? ”

അരണ്ടവെളിച്ചത്തിൽ ആരോടെന്നില്ലാതെയവൻ ഉരുവിട്ടു…

വഴിവക്കിലൂടെ നാടകം കഴിഞ്ഞുപോവുന്നവരുടെ തിരക്ക് ഒഴിഞ്ഞുതുടങ്ങിയിരുന്നു…

നിലാവെളിച്ചം മണ്ണിനെ കുളിർപ്പിച്ചുകൊണ്ട് മരങ്ങൾക്കിടയിലൂടെ ഒഴുകിവരുന്നതും നോക്കി ലയിച്ചുകിടക്കുമ്പോളാണ് ദൂരെ അരളിമരച്ചോട്ടിലായൊരു പിടിവലി കണ്ണിലുടക്കിയത് …

അഴിഞ്ഞുലഞ്ഞ ദാവണി നിലാവെട്ടത്തിൽ തെളിഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ അവനങ്ങോട്ടോടി…

ആളനക്കം കണ്ടതും ആരൊക്കെയോ ഉദ്യമം ഉപേക്ഷിച്ചു ഓടിപ്പോവുന്നതു കണ്ടാണവൻ പാഞ്ഞെത്തുന്നത്…

മുട്ടിനു മേലെ മുഖമമർത്തി പൂഴിമണ്ണിൽ ഇരുന്ന് ഏങ്ങലടിക്കുകയാണവൾ…കേശഭാരം മുഖം മറച്ചിരിക്കുന്നതിനാൽ ആളെ കാണാനാവൻ കൈയൊന്നുയർത്തി അവളെ തൊട്ടു…

നീർക്കണങ്ങൾ വീണുചിതറുന്ന നീലക്കണ്ണുകൾ… ഒരുവേള അതുതന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന അശ്രു ബാണങ്ങളാണെന്നവന് തോന്നിപ്പോയി…

“എടൊ… താൻ… താനിവിടെ ഒറ്റയ്ക്കെന്തിന്…? കൂട്ടിനാരും ഇല്ലാതെ എന്തിനാ കാവിൽക്ക് വന്നത്? ഞാനിപ്പോ വന്നില്ലായിരുന്നേൽ എന്താ ഉണ്ടാവാന്നറിയോ? അസമയത് ഇങ്ങനെ തോന്ന്യാസത്തിനു ഇറങ്ങിപ്പുറപ്പെടാൻ തനിക്കെവിടുന്നാ ധൈര്യം കിട്ട്യേ…? ”

മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു…

“ഉണ്ണ്യേട്ടാ” എന്ന് വിളിച്ചവൾ അവന്റെ മാറിലമർന്നു വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങി…

ഹൃദയം ഒരുമിച്ചുചേർന്ന് കൂടുതൽ ഉച്ചത്തിൽ മിടിക്കുന്നതും ദേഹമൊട്ടാകെ സുഖമുള്ള വിറയൽ പടരുന്നതും അവനറിഞ്ഞു…

അരളിപ്പൂവിന്റെ ഗന്ധം നാസികയെ തുളച്ചു കയറുമ്പോൾ ഉന്മാദം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു…

“തനിക്ക്… തനിക്കെങ്ങനെ എന്നെയറിയാം?? ”

“ഉണ്ണ്യേട്ടനെ അറിയാൻ ദേവൂന് വല്ല്യേ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല ഒരിക്കലും…കാലത്തിന്റെ ഒഴുക്കിൽ എന്നെ മറവിയിലേക്ക് തള്ളിയത് ഉണ്ണ്യേട്ടനാണ്… ”

അവന്റെ കണ്ണുകൾ വിടർന്നു… പിന്നെ ചുരുങ്ങി… ചുണ്ട് വിറച്ചു… കണ്ണിൽ നിന്നൊരു തുള്ളി… അതവളുടെ നെറുകിൽ വീണ് തകർന്നു…

അരളിപ്പൂവൊന്ന് അവർക്കിടയിൽ വീണു…
ചേർന്ന് നിന്നിരുന്ന രണ്ട് പേർക്കിടയിൽ ഒരു കുഞ്ഞുപൂവ്… വശ്യമായ സുഗന്ധവും പേറി…

മാറിൽ നിന്നത് എടുത്തുമാറ്റുമ്പോൾ അവളുടെ നീലക്കണ്ണുകളോന്നു പിടഞ്ഞുവോ? അതിനും മാത്രം അനുഭൂതി നേർത്തൊരു സ്പര്ശത്തില് ഉണ്ടായിരുന്നോ…?

അവന്റെ നാസിക വീണ്ടും ആ മത്തുപിടിപ്പിക്കുന്ന ഗന്ധത്തിൽ വിടർന്നു…

നിലാവിന്റെ വെള്ളിവെളിച്ചത്തിൽ അവൻ കണ്ടു… തുടുത്തൊരു നമ്പ്യാർവട്ടപ്പൂവ്…
തന്റെ മുന്നിൽ വിടർന്നുനിൽക്കുന്നത്…
അംഗലാവണ്യം അപ്സരസിനേയും തോൽപ്പിക്കാൻ പോന്നതായിരുന്നു…താമരനൂലിഴ കടക്കാത്ത മാറിടം വഴിഞ്ഞു വീണ ദാവണി പതിഞ്ഞ അരക്കെട്ടിനെ വകഞ്ഞുമാറ്റി ഒഴുകുന്നതു നോക്കി ഒരുമാത്ര അവൻ സ്തംഭിച്ചു നിന്നു…
നാഭിച്ചുഴിയ്ക്കപ്പുറം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നേർത്ത അരമണി പൊന്നിൻ നിറത്തിലെങ്കിലും അവളുടെ വർണത്തെതോൽപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതുപോലെ…

കൂമ്പിയടഞ്ഞ മിഴികളോടെ തന്റെ മുന്നിൽ നിൽക്കുന്ന അവളുടെ അധരങ്ങളിലേയ്ക്ക് ഏതോ നിമിഷത്തെ പ്രേരണയാൽ അവൻ മുദ്രപതിപ്പിച്ചു…

നഖക്ഷതങ്ങളവനെ വീണ്ടും ഉന്മാദിയാക്കി… ഭ്രാന്തമായ ആവേശത്തോടെ ഇരുവരും വീണ്ടും പുണർന്നു…
ആദ്യം നനുത്ത മഞ്ഞായി…പിന്നെ തുള്ളിമഴയായി ഒടുവിൽ ആർത്തലച്ചു പെയ്യുന്ന മഴയായവൻ അവളിലേക്ക് ആഴ്ന്നിറങ്ങി…

സർപ്പക്കാവിൽ ആ സമയം രണ്ട് നാഗങ്ങൾ ഇണചേരുന്നുണ്ടായിരുന്നു…കെട്ടുപിണഞ്ഞു വള്ളിപ്പടർപ്പു പോലെ പുഷ്പ്പിച്ചു കൊണ്ടവർ പടർന്നും പടർത്തിയും കൊതിച്ചും കൊതിപ്പിച്ചും നുണഞ്ഞും ചുറ്റിവരിഞ്ഞും ദീർഘമായി വേഴ്ചയിലേർപ്പെടവേ അരളിപ്പൂവിലൊന്നിൽ സിന്ദൂരചുവപ്പിൽ നൂല് പോലെ നേർത്തൊരു രേഖ തെളിഞ്ഞുവന്നു…
ഒടുവിലവളിലേയ്ക്ക് തളർന്നുവീഴും വരെയും നാഗങ്ങളവരവരിൽ ലഹരി കണ്ടെത്തുകയായിരുന്നു… ജന്മാന്തരങ്ങളോളം പരസ്പരം വിട്ടുകൊടുക്കില്ലെന്ന് ശാട്യം പിടിച്ചുകൊണ്ടുള്ള രതി…അതിന്റെ ആലസ്യമവനേ പൂർണമായും കീഴ്‌പ്പെടുത്തി കളഞ്ഞു…. !!

*************

“ന്റെ ഭഗവതി…നീ ചതിച്ചല്ലോ…ന്റെ ഉണ്ണ്യേ നീ തുണച്ചില്ലല്ലോ…”

പൊട്ടിക്കരഞ്ഞുകൊണ്ട്‌ അന്തർജ്ജനം അവന്റെ ജീവനറ്റ കാൽക്കീഴിൽ തളർന്നു വീണു…

“കരിമൂർഖനാ ഇനം…തൊട്ടപ്പോഴേയ്ക്കും മിടിപ്പ് നിലച്ചിരിക്കണം…എന്നാലും ആ കുട്ടി അസമയത്ത് എന്തിനാ അരളിച്ചോട്ടിൽ പോയതാവോ…എടുത്തുപൊക്കി കൊണ്ടൊരുമ്പോഴും വലതു കൈപ്പിടിയിൽ മുറുകി കിടപ്പുണ്ടായിരുന്നു പൂവൊരെണ്ണം…നൊസ്സായിരുന്നെന്നും രണ്ടീസായിട്ട് നല്ല ബേധം ണ്ടായിരുന്നെന്നും പറഞ്ഞിട്ടാണ് നന്ദനവനേം കൊണ്ട് കാവിൽ പോയത്…പാവം കുട്ടി…ഏതോ നാട്ടിൽ എങ്ങനെ കഴിഞ്ഞിരുന്നവനാ…നാട്ടിലെത്തി കൊല്ലം ഒന്നാവുന്നെ ഉള്ളോ… അപ്പോഴേക്കും…ഹാ യോഗല്യ അതിന്റെ കുടുമ്മക്കാർക്ക്… അല്ലാണ്ടെന്താ പറയാ? ”

ഈറൻ മാറ്റി വരുന്നവരാരോ പരസ്പരം പറഞ്ഞുകൊണ്ട് നടന്നകന്നു…

ആൽമരചുവട്ടിലെ വൃദ്ധബ്രാഹ്മണൻ തന്റെ രുദ്രാക്ഷമോന്നമർത്തിപ്പിടിച്ചു…

“നീ കൊണ്ടോയി ലെ അവനെ…? ഹ്മം… എനിക്കറിയാരുന്നു…അവനിവിടെ വന്നത് നീ വിളിച്ചിട്ടാണെന്ന്…നിന്നോടുള്ള സ്നേഹം സിരയിൽ നുരഞ്ഞുപൊന്തിയതാണവന്റെ ഭ്രാന്തെന്നും…വിട്ടുകൊടുക്കാൻ ഭാവമില്ലെന്നിന്നലെ നിന്റെ നീലകണ്ണ് തിളങ്ങിയപ്പോൾ തന്നെ ഞാനൂഹിച്ചു ശ്രീദേവി…പ്രാണൻ വെടിഞ്ഞും പ്രാണനെടുത്തും നേടിയല്ലേ നീയാ പ്രണയം…ആ അരളിമരമിനി ഒരിക്കലും പൂക്കാൻ പോണില്ല..ഒരിക്കലും.. !”

അതെ…അതിനി പൂവിടുകയില്ല… പൂത്തും തളിർത്തും ഒരു വസന്തം തന്നെ സൃഷ്ട്ടിച്ചാണവൾ അവനെയും കൊണ്ട് പോയത്…ബന്ധങ്ങളുടെയോ ബന്ധനങ്ങളുടെയോ കെട്ടുപാടുകളില്ലാതെ പരസ്പരം ഇനിയുമിനിയും ലയിക്കാൻ…ഒന്നാവാൻ…പ്രണയം സിരകളിൽ ജന്മാന്തരങ്ങളോളം പടർത്തിക്കൊണ്ടവന്റെ മാത്രം യക്ഷിപ്പെണ്ണാവാൻ…!!

ശിവാംഗിശിവ

4.1/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നീലക്കണ്ണുള്ള പെണ്ണിനെ തേടി അലയുകയായിരുന്നവന്റെ മനസ്സ്.”

Leave a Reply

Don`t copy text!