Skip to content

അവൾ

aval-malayalam-story

ഈ കഥ എന്റെ സുഹൃത്ത്‌ വിവരിച്ച ഒരു സാങ്കല്പിക സംഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിലെ സംഭവങ്ങൾക്കൊ കഥാപാത്രങ്ങൾക്കൊ യാഥാർത്ഥ്യവുമായി എന്തെങ്കിലും സാദൃശ്യം നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമായും സാങ്കല്പികമായും തോന്നിക്കുന്നതായി കൂടി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സീൻ ഒന്ന്:

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏട്ടിലെ ജൂൺ മാസത്തിലെ ഒരു വസന്തക്കാലത്താണ് പത്താം ക്ലാസ് കഷ്ടി പാസായതിന്റെ അഹങ്കാരത്തിൽ പ്രീഡിഗ്രീ അഡ്മിഷനെടുക്കാൻ അവൻ ആ കോളേജിലേക്ക് പോയത്. ആപ്പീസിലേക്ക് കാലെടുത്ത് വച്ചപ്പോത്തന്നെ അവന്റെ കണ്ണ് അവളുടെ പൂ പോലെയുള്ള മുഖത്ത് ഉടക്കി. പക്ഷെ അവളുടെ കണ്ണ് എവിടെയും ഉടക്കിയതായി അവന്റെ ശ്രദ്ധയിൽ പെട്ടില്ല. പ്രണയവർണങ്ങളിലെ മഞ്ജുവാര്യരെ നേരിട്ട് കണ്ടത് പോലെ അവനു തോന്നി, ‘വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞ് തുള്ളി ഉറങ്ങീ…’ എന്ന പ്രണയ ഗാനം അവന്റെ മനസ്സിൽ അലയടിച്ചു. ഏതോ മുൻജ്ജന്മ ബന്ധത്തിന്റെ മണം മൂക്കിൽ തട്ടിയതു പോലെ അവനനുഭവപ്പെട്ടു. സ്‌കൂൾ ജീവിതത്തിൽ നടത്തികൊണ്ടിരുന്ന നീണ്ട പതിനഞ്ചു വർഷത്തെ അന്വേഷണം അവടെ അവസാനിച്ചതായി അവൻ തിരിച്ചറിഞ്ഞു.

സീൻ രണ്ട്:

ശരത്കാലമായപ്പോഴേക്കും അവരെപ്പോലെ ആയിരുന്നെങ്കിലെന്ന് ആ കോളേജിലെ എല്ലാ കമിതാക്കളും ആഗ്രഹിച്ചിരുന്നിരിക്കണം. അത്രക്കും അഗാധവും നിഷ്കളങ്കത നിറഞ്ഞതുമായിരുന്നു അവരുടെ പ്രണയം. ഉല്ലാസ പൂമ്പാറ്റകളെയോ ഇണ കുരുവികളെയോ അനുസ്മരിപ്പിച്ചിരുന്ന ആ പ്രണയ ജോഡികൾ കോളേജിന്റെ ഏദൻ തോട്ടമായ പഞ്ചാര പാർക്കിലൂടെ ഒഴുകി നടക്കുന്നത് അദ്ധ്യാപകർ പോലും നിർനിമേഷരായി സ്വയം മറന്നു നോക്കി നില്ക്കാറുണ്ടായിരുന്നു, പ്രണയം ഉള്ളിൽ ഒളിപ്പിച്ചിരുന്ന അവരെപോലും അസ്സൂയപ്പെടുത്തിയിരുന്നിരിക്കാം.

സീൻ മൂന്ന്:

പഠനകാലത്തെക്കുറിച്ചും പ്രണയകാലത്തേക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മാത്രമല്ല ജീവിതത്തെക്കുറിച്ചും വരെ വ്യക്തമായ കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നതായി പലരും പറഞ്ഞിരുന്നു. അത്രക്കും പക്വതയോടെയായിരുന്നു അവരുടെ പെരുമാറ്റം. അങ്ങനെ പ്രണയപൂർണമായ കലാലയ ജീവിതത്തോട് വിട പറഞ്ഞു വീണ്ടും കാണും വരെ വിധിയെ ആശ്രയിച്ചു അവർ പരസ്പരം പിരിഞ്ഞതായി അറിയാൻ കഴിഞ്ഞു.

സീൻ നാല്:

നീണ്ട ഇരുപതു വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രക്കിടയിലാണ് പിന്നീടവർ യാദൃശ്ചികമായി കണ്ടുമുട്ടിയത്. ഇരുപതു വർഷം ഇരുപതു സെക്കന്റ് മാത്രമായിട്ടാണ് അപ്പൊ അവർക്കനുഭവപ്പെട്ടത്. പതിമൂന്നു സെക്കന്റോളം ഇമവെട്ടാതെ പരസ്പരം അവർ നോക്കി നിന്നു. മണിക്കൂറുകൾ നീണ്ട ആ യാത്രയുടെ ഒടുവിൽ ഇനിയങ്ങോട്ടുള്ള ജീവിത യാത്രയും പരസ്പര സഹകരണത്തോടെ തുടരാം എന്ന ആഗ്രഹം അങ്ങോട്ടും ഇങ്ങോട്ടും അവർ പങ്കുവക്കുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടന്ന ഇടപഴകലിലൂടെ നിയമപരമായി ദാമ്പത്യ ജീവിതം തുടങ്ങാൻ തീരുമാനമെടുക്കുകയും ചെയ്തു.

സീൻ അഞ്ച്:

ഒരു വസന്ത കാലത്തു നാട്ടുകാരുടെയും വീട്ടുകാരുടെയും സഹകരണത്തോടെ അവർ നിയമപരമായ ദാമ്പത്യ ഉടമ്പടിയിൽ ഒപ്പു വച്ചുകൊണ്ടു രജിസ്റ്ററാപ്പീസിൽ വിവാഹിതരായി. ആപ്പീസിന്റെ പടി ഇറങ്ങുമ്പോ അവൾ തല കറങ്ങി ബോധം കേട്ട് വീണു. മൂക്കിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അവന് ഒരു ഐഡിയയും കിട്ടിയില്ല. അടുത്തുണ്ടായിരുന്ന ആരോ വന്നു കുറച്ചു വെള്ളം മുഖത്തു തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. മൂക്കിലെ ചോര തുടച്ചു. വേറെ പ്രശ്നം ഒന്നും ഉള്ളതായി അവൾക്കു തോന്നാഞ്ഞതു കൊണ്ട് രണ്ടു പേരും അവരുടെ പുതിയ വീട്ടിലേക്കു പോയി. അവരുടെ സുന്ദരമായ ദാമ്പത്യ ജീവിതം അന്ന് ആരംഭിച്ചു.

സീൻ ആറ്:

പിറ്റേ ദിവസ്സം അവർ രാവിലെ ജോലിക്ക് പോവാൻ നേരം വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും അവളുടെ മൂക്കിൽ നിന്ന് ചോര വന്നു. അപ്പൊ തന്നെ രണ്ടു പേരും കൂടി ആശുപത്രിയിലേക്ക് പോയി. സ്കാനിംഗ് റിസൾട്ട് വന്നപ്പോഴാണ് അവൾക്കു ബ്രെയിൻ ട്യൂമറാണെന്നാണ് ഡോക്ടർ പറഞ്ഞത്. അതോടെ തീർന്നു അവരുടെ അന്നത്തെ മനസമാധാനം.

സീൻ ഏഴു:

ഇനി ആറ് മാസത്തിൽ കൂടുതലൊന്നും ജീവിച്ചിരിക്കാൻ സാധ്യതയില്ല എന്ന രീതിയിൽ ആയിരുന്നു ഡോക്ടറുടെ പെരുമാറ്റം. എല്ലാം പക്വതയേടെ നേരിട്ടിരുന്ന അവൾക്ക് ഇനിയുള്ള ജീവിതവും ഇതുവരെ ജീവിച്ചതുപോലെ പൂർണതയോടെ ജീവിക്കാം എന്നതിൽ യാതൊരു വേവലാതിയും ഉണ്ടായിരുന്നില്ല. അതോടൊപ്പം തന്നെ അവന്റെ കാര്യത്തിൽ വ്യക്തമായ പ്ലാനും അവൾക്കുണ്ടായിരുന്നു. തന്റെ മരണശേഷം ഒറ്റക്ക് ജീവിക്കരുതെന്നും മറ്റൊരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്നും ഇതു വരെ ജീവിച്ചതു പോലെ തന്നെ ജീവിതം അതിന്റെ എല്ലാ പൂർണതയോടെയും ജീവിക്കണമെന്നും എപ്പോഴും അവനോട് അവൾ പറയാറുണ്ടായിരുന്നു. അവന് അത് സമ്മതമല്ലായിരുന്നു.

സീൻ എട്ട്:

മരിക്കുന്നതിന്റെ അന്ന് അവൾ അവന് ഒരു കത്ത് കൊടുത്തു. അത് അവന്റെ പുനർ വിവാഹത്തിനു ശേഷം ഭാവി വധുവിന്റെ ഒപ്പമിരുന്നു മാത്രമേ സ്വയം വായിക്കാൻ പാടുള്ളൂ എന്നും, ആ കത്ത് അവളെ കൊണ്ട് വായിപ്പിച്ചതിന് ശേഷം അവൾക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രമേ അവളെ വിവാഹം കഴിക്കാൻ പാടുള്ളൂ എന്നും പറഞ്ഞു കൊണ്ട് അവൾ അവനോടും ഈ ലോകത്തോടും എന്നെന്നേക്കുമായി വിട പറഞ്ഞു.

സീൻ ഒമ്പത്:

അതു വരെ വൃത്തിയോടെ ജീവിച്ചിരുന്ന അവന്റെ ജീവിതത്തിന്റെ സമനില മുഴുവനും അവളുടെ അഭാവത്തോടെ തകിടം മറിഞ്ഞു. താടിയും മുടിയും വളർത്തി ഒരു പ്രാന്തനെ പോലെയായിരുന്നു പിന്നീടുള്ള അവന്റെ ജീവിതം. ജോലിയൊക്കെ നഷ്ടപ്പെട്ടു, മാസങ്ങളോളം എവിടെയൊക്കെയോ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നു, ഇടയ്ക്കു ഏതൊക്കെയോ ആശ്രമത്തിലൊക്കെ മനസ്സമാധാനം തേടി കയറി ചെന്നെങ്കിലും അവന്റെ പെരുമാറ്റത്തിൽ ഒരു തോന്ന്യാസിയുടെ മനോഭാവം പ്രകടമായത് കൊണ്ടു ഒരു സന്ന്യാസിമാരും അവനെ സ്വീകരിച്ചില്ല. ഒടുവിൽ ഷൊർണൂരിൽ വച്ച് പഴംപൊരി കഴിച്ചുക്കൊണ്ടിരുന്നപ്പോഴാണ് അവളെ കാണുന്നത്. മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ച ലിജോമോൾ ജോസിനെ നേരിട്ട് കണ്ടത് പോലെ അവനു തോന്നി. അപ്പൊ തന്നെ പോയി പരിചയപ്പെടണമെന്നു ചിന്തിച്ചെങ്കിലും ഏതോ അജ്ഞാത ശക്തിയുടെ പ്രേരണയാൽ സ്വബോധം തിരിച്ചു കിട്ടിയതു കൊണ്ട് അപ്പോഴുള്ള കോലത്തിൽ ചെന്ന് പരിചയപ്പെടേണ്ട എന്ന് കരുതി ബാക്കി പഴംപൊരിയും തിന്നു.

സീൻ പത്ത്:

പിറ്റേ ദിവസ്സം തന്നെ തേങ്ങാ പൊളിച്ച്‌ വൃത്തിയാക്കിയത് പോലെ താടിയും മുടിയും ഒക്കെ ട്രിം ചെയ്തു അതെ സമയത്തു അതെ സ്റ്റേഷനിൽ പോയി അതെ സ്ഥലത്ത് തന്നെ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നെങ്കിലും അവളെ കാണാൻ സാധിച്ചില്ല. അങ്ങനെ വിഷമിച്ചിരുന്നപ്പോൾ തന്റെ മരിച്ചു പോയ ഭാര്യയെ കുറിച്ചും അവളുമായുള്ള പ്രണയ നിമിഷങ്ങളെ കുറിച്ചും അവനോർമ വന്നു. ഒടുവിൽ അവളുടെ മരണ സമ്മാനമായ ആ കത്തിനെ കുറിച്ചും ഓർമ്മ വന്നു. അവളോടുള്ള ഒരിയ്ക്കലും മരിക്കാത്ത സ്നേഹത്തിന്റെ പിൻതാങ്ങൊടെ ആ കത്ത് അടങ്ങിയ കവർ അവന്റെ ബാഗിൽ നിന്ന് പുറത്തേക്കെടുത്തു, ഒന്ന് നെടുവീർപ്പിട്ട് തിരികെ വച്ചു.

സീൻ പതിനൊന്ന്:

മാസങ്ങൾ പിന്നിട്ടു. വീട്ടുകാരും കൂട്ടുകാരും പുനർ വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങി. ആ കത്തിനെ കുറിച്ചുള്ള ചിന്ത എപ്പോഴും അവനെ അലട്ടി കൊണ്ടിരുന്നു, വീട്ടുകാർക്ക് അറിയില്ലായിരുന്നു ആ കത്തിനെ കുറിച്ച്. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മാട്രിമോണിയൽ വെബ്‌സൈറ്റിൽ തന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്തു. ആദ്യം കണ്ട പ്രൊഫൈൽ തന്നെ അവന്റെ കിളി പറത്തിച്ചു. അവൻ സ്റ്റേഷനിൽ വച്ച് കണ്ട അതേ പെൺകുട്ടി!

സീൻ പന്ത്രണ്ട്:

ചായയും ലഡ്ഡുവും കഴിച്ചതിനു ശേഷം അവനും അവൾക്കും എന്തെങ്കിലും സ്വകാര്യമായി സംസാരിക്കാൻ ഉണ്ടായേക്കുമെന്ന് അവളുടെ അച്ഛൻ പറഞ്ഞു. രണ്ടും കൽപ്പിച്ചു ആ കത്ത് പോക്കറ്റിൽ വച്ച് കൊണ്ടു അവനും അവളും കൂടി വീട്ടിലെ പൂന്തോട്ടത്തിലേക്കു ഇറങ്ങി. ഒരു പത്തു മിനിട്ടു പോലുമായില്ല ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടു അവൾ അവളുടെ മുറിയിലേക്ക് ഓടിപ്പോയി. അന്തം വിട്ടു കൊണ്ട് ആ കത്തിൽ എന്താണ് എഴുതിയതെന്നു നോക്കാൻ വേണ്ടി അവൻ അത് വായിക്കാൻ തുടങ്ങിയെങ്കിലും അവന്റെ മനസാക്ഷി അതിനു സമ്മതിച്ചില്ല. അവനതു മടക്കി പോക്കറ്റിലിട്ടു. ആ കല്യാണാലോചന അതോടെ അവസാനിച്ചു.

സീൻ പതിമൂന്ന്:

പിന്നീടു നടന്ന മൂന്നാലോചനയിലും കത്ത് വായിച്ചതിനു ശേഷം പെൺകുട്ടികളുടെ സ്ഥിതി ആദ്യത്തേതിലും മോശമായിരുന്നു, അതിൽ ഒരെണ്ണത്തിന്റെ സമനില തെറ്റി, രണ്ടെണ്ണം ആത്മഹത്യ ചെയ്തു. അതോടെ അവനെ കെട്ടിക്കണമെന്ന അവന്റെ വീട്ടുകാരുടെ ആഗ്രഹവും ജീവിതം അതിന്റെ പൂർണതയോടെ ജീവിച്ചു തീർക്കണമെന്ന തന്റെ മരിച്ചു പോയ ഭാര്യയുടെ അന്ത്യാഭിലാഷവും കര കാണാൻ പോണില്ല എന്നു അവനു മനസിലായി.

സീൻ പതിനാല്:

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു കൊണ്ടു നെല്ലിയാമ്പതി ആത്മഹത്യാ മുനമ്പിൽ ചെന്ന് ആരുമില്ലാത്ത തക്കം നോക്കി ചാടാൻ തയ്യാറായി അവൻ നിന്നു. എന്തായാലും മരിക്കാൻ പോവുകയാണല്ലോ, ഇനിയെങ്കിലും ആ കത്തിൽ എന്താണെഴുതിയിരിക്കുന്നതെന്നു വായിക്കാം എന്ന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവൻ തീർച്ചപ്പെടുത്തി. നിറകണ്ണുകളുമായി, വിട പറഞ്ഞ തന്റെ ഉറ്റവളുടെ ആത്മാവിനോട് മാപ്പപേക്ഷിച്ചുകൊണ്ടു, പോക്കറ്റിൽ നിന്നും ആ കത്ത് പുറത്തെടുത്തു. നല്ല കാറ്റുള്ള സ്ഥലത്താണ് താൻ നിൽക്കുന്നത് എന്ന ബോധം എല്ലാം കലങ്ങിയ നിമിഷത്തിൽ ആ മൊണ്ണക്കുണ്ടായില്ല. ആ കത്ത് കാറ്റിൽ നെല്ലിയാംപതിയുടെ ആഴങ്ങളിലേക്ക് പറന്നു പോയി. കയ്ച്ചിട്ടെറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന സ്ഥിതിയിൽ അവൻ കണ്ണും അടച്ചു താഴേക്കു ചാടി.

സീൻ പതിനഞ്ച്:

“മുകളിൽ നിന്ന് ഏതൊ താഴ്ചയിലേക്ക് വീഴുമ്പോൾ, താഴെ ഞാൻ കിടക്കുന്നതെനിക്ക് കാണാമായിരുന്നു. പേടിച്ചലറിവിളിക്കുന്നുണ്ടായിരുന്നു ഞാനപ്പോൾ. വീഴ്ച്ചയുടെ ആഘാതത്തിൽ എന്റെ കണ്ണ് തുറന്നു. അനുഭവിച്ചത് സ്വപ്നത്തിലാണെന്ന് ബോധ്യപ്പെടാൻ അധികം സമയമെടുത്തില്ല. ചെവിയിൽ അലർച്ചയുടെ മാറ്റൊലി അപ്പൊഴും മുഴങ്ങുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. വീഴുന്നതിനു മുൻപ് ഞാൻ (സ്വപ്നത്തിൽ) എന്ത് ചെയ്യുകയായിരുന്നുവെന്ന് എനിക്കോർമ്മ വന്നില്ല. പക്ഷെ വീഴുമ്പോൾ ഞാൻ താഴെ കിടക്കുന്നത് കണ്ടത് എനിക്ക് നല്ല ഓർമ്മയുണ്ട്. എല്ലാം എന്റെ തോന്നലായിരിക്കും. സംഭവിച്ചതും, അനുഭവിച്ചതും മനസ് ഓർമ്മയിൽ സൂക്ഷിക്കുന്നു. അതൊ, ഓർമ്മയിലുള്ളതിനെയെല്ലാം സംഭവിച്ചതായും, അനുഭവിച്ചതായും മനസ്സ് തോന്നിപ്പിക്കുന്നതാണോ, എല്ലാം തോന്നലാണെങ്കിൽ?…

നേരം വെളുത്തിരുന്നു. പ്രഭാതചര്യകളൊക്കെ കഴിഞ്ഞ് ഞാൻ പതിവ് ജോലിയിൽ ഏർപ്പെട്ടു. അന്നു ഒരു യാത്ര പോകാനുണ്ടായിരുന്നു. ട്രെയ്നിൽ ഇരുന്ന് ഞാനുറങ്ങിപോയി, രണ്ട് മണിക്കൂർ. അവസാനത്തെ സ്റ്റേഷനായിരുന്നത്കൊണ്ട് ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാൻ സാധിച്ചു. തിരിച്ച് പോരുമ്പൊഴും ഉറക്കം വരുന്നുണ്ടായിരുന്നു.”

സീൻ പതിനാറ്:

മൂന്ന് ആഴ്ചകൾക്കു ശേഷം മൊബൈൽ അലാറം അടിക്കുന്നത് കേട്ട് അവന്റെ കണ്ണ് തുറന്നു. കൈയും കാലും കഴുത്തും ഒടിഞ്ഞ സ്ഥിതിയിൽ കണ്ണൊഴിച്ചു ബാക്കി ഒന്നും അനക്കാൻ പറ്റാതെ തന്റെ തറവാട്ടു വീട്ടിലെ കട്ടിലിൽ, സമയം 6:20am., കക്കൂസിൽ പോവാനും മുട്ടുന്നുണ്ടായിരുന്നു.

ശുഭം!

[കഥാ ബീജത്തിന് കടപ്പാട്: ജാസ്സറുദ്ധീൻ എം വി]

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!