Skip to content

ആഞ്ചനേയ കൃപ

malayalam cherukatha

ഭാസ്കരൻ ഭയങ്കര ഭക്തനാണ് ! അദ്ദേഹം പ്രഭാതത്തിൽ തന്നേ എണീക്കും ,എണീറ്റാലുടൻ തന്നെ കുളിച്ച് ,വിളക്ക് വച്ച് പ്രാർത്ഥിക്കും! എത്ര തണുപ്പായാലും, മഴ ആയാലും, അതു കഴിഞ്ഞേ പിന്നെ എന്തും ഉള്ളു. അടുക്കളയോട് തന്നെ ചേർന്ന കുളിമുറി ,അടുക്കളയുടെ മറുവശത്തുള്ള ഭിത്തിയിൽ എല്ലാ ദൈവങ്ങളയുടെയും ഫോട്ടോ ഒന്നന്നായി നിരത്തിവച്ചിരിയ്ക്കുന്നു . ഗണേശ ഭഗവൻ, സീതാ-രാമൻ,ലക്ഷ്മി ദേവി അങ്ങനെ എല്ലാരും ഉണ്ട്. കൂടാതെ ഒന്ന്-രണ്ട് കലണ്ടറും,അതും പളനി സുബ്രഹ്മണ്യസ്വാമി യുടെയും, തിരുപ്പതി ബാലാജി സ്വാമിയുടെയും. എല്ലാ ദേവരുടെയും നടുവിൽ തന്റെ ഇഷ്ട ഭഗവൻ ആഞ്ചനേയ സ്വാമിയും. ദിവസവും ഭഗവാനെ കുങ്കുമം ചാർത്തി, എല്ലാ ഫോട്ടോയിലും ആരതിയും ഒഴിഞ്ഞു, ഒരോ ഭഗവന്മാരെയും തൊഴുതു വണങ്ങി പുറത്ത് ഇറങ്ങുമ്പോൾ ഏകദേശം ആറര മണി .പിന്നെ സൈക്കിൾ വൃത്തിയാക്കൽ .അത് ഒരു പൂജ പോലെ തന്നെയാ. എത്ര വൃത്തിയാക്കിയാലും മതിവരില്ല , റിമ്മിലെ ഓരോ കമ്പിയും , റിം , ചെയിൻ കവർ, മഡ് ഗാർഡ് അങ്ങനെ ഓരോ ഭാഗങ്ങളും .പിന്നെ ചെയിനിൽ ഓയിൽ ഇട്ട്,സ്റ്റാൻഡിൽ വച്ചിട്ട് ഡൈനാമോ ഓൺ ആക്കി, പെഡൽ കറക്കി മുന്നിലെ ലൈറ്റ് ഇട്ട് നോക്കി, അവസാനം ഒരു മണി അടിച്ച് കഴിഞ്ഞാൽ ദിവസത്തിന്റെ തുടക്കമായി എന്ന പറയാം. ഫാക്ടറിയിൽ ഏഴര മണിക്ക് തന്നെ എത്തണം. എട്ട് മണിക്ക് തന്നെ പഞ്ചിങ് കഴിഞ്ഞ് എല്ലാവരും അകത്തുകയറും. ഭാസ്കരൻ ഏഴരക്ക് തന്നെ ഫാക്ടറിയിൽ എത്തിയിരിക്കും. തന്റെ നീല ഷർട്ടും, കാക്കി പാന്റും ഇട്ട്, പിന്നെ കണ്ണാടിയുടെ മുന്നിൽ നിന്ന് പത്ത് തവണ മുടി ചീകിയാലും മതി വരില്ല. ഭസ്‌മ കുറിയും ,പുറകോട്ട് ചീകിയ മുടിയും ,പാന്റും ഷർട്ടും ഒക്കെ ആയി പുറത്തു വരുമ്പോൾ ഭാസ്കരനെ കാണാൻ നല്ല ഭംഗ്യാ, ഒരു നല്ല പ്രത്യേക ഗെറ്റ്അപ്പാ.

താൻ റെഡി ആയി എന്ന് അറിയിക്കാൻ ..ഭാസ്കരൻ ഭാര്യയെ നീട്ടി വിളിച്ചു …
അടുക്കളെന്ന് മറുപടി ആയി.

ദാ വരുന്നേ , ഒന്നെടുത്തോട്ടെ. ഞാൻ വരുന്നു ……

ഒരു കയ്യിൽ വലിയ സ്റ്റീൽ ഫ്ളസ്കും, മറുകൈയിൽ ചായക്കപ്പുകളുമായി, ഭാര്യ ദാ വന്നു .

സൈക്കിൾ വീടിനോട് ചേർത്ത് വച്ച്. സൈക്കിൾ, സ്റ്റാൻഡിൽ കയറ്റി, ക്യാരിയറിൽ ഫ്ലാസ്കും, മുന്നിൽ ചായ കപ്പുകളും തൂക്കി ഭാസ്കരൻ വീട്ടിൽ നിന്ന് ഇറങ്ങും. പോകുന്ന വഴിയിൽ തന്നെയാ ആഞ്ജനേയ സ്വാമിയുടെ ക്ഷേത്രം. അവിടെ സൈക്കിൾ നിർത്തി പതിവുപോലെ പ്രാർത്ഥിച്ച് , കുംകുമതിലകം ചാർത്തി, സൈക്കിൾ വേഗത്തിൽ ഒന്ന് ഉന്ത, ഒറ്റ കാലിൽ ചവിട്ടി സൈക്കിളിന് വേഗതകൂട്ടി ഒരു പായിച്ചിൽ ആണ് .ആഞ്ജനേയ ക്ഷേത്രം കഴിഞ്ഞാൽ പിന്നെ ഇറക്കമാണ്. സൈക്കിൾ ബ്രൈയ്ക് ഒന്ന് പതുക്കെ പിടിച്ച് പോയാൽ പെട്ടന്ന് അങ്ങ് എത്തും .ഫക്ടറിയിലേക്ക് അധികം ദൂരം ഇല്ല .ഏഴര മുതൽ വണ്ടികൾ വരാൻ തുടങ്ങും. കോളനിയിലെ ഒട്ടുമുക്കാൽ ആൾക്കാർക്കും ഭാസ്കരനെ അറിയാം .ഫാക്ടറിയിലെ ജോലിക്കാർ വരുന്നതിനുമുമ്പ് തന്നെ പുള്ളിക്കാരൻ എത്തിയിരിക്കും. പ്രധാന കവാടത്തിന്റെ മുൻവശത്തായി വലിയ ഒരു ആൽ മരം ഉണ്ട്. മരത്തിന്റെ താഴെതന്നെയാ കച്ചവടസ്ഥലം .ആൽ പടർന്ന് പന്തലിച്ച് കുടപോലെ നിൽക്കുന്നു, ഭാസ്കരനും അത് ഒരു തണലാ. ക്യാന്റീനിലെ ചായ മുപ്പത് പൈസയ്ക്ക് കിട്ടും, എന്നാലും ജോലിക്കാർക്ക് ഭാസ്കരന്റെ ചായയാ ഇഷ്ട്ടം. നല്ല കടുപ്പം! കുടിച്ചാൽ ഒരു നല്ല ഉന്മേഷവും, ഉണർവു ഉണ്ടാകും. കാന്റീൻ നടത്തുന്നത് യൂണിയൻ ആണ് .ക്യാന്റീന്റെ അടുത്ത് തന്നെയാ യൂണിയൻ ആഫീസും. യൂണിയൻ ലീഡർ ഗൗഡർക്കും ഭാസ്കരന്റെ ചായ ഇഷ്ടമാ. പിന്നെ ആർക്കും ക്യാന്റീനിലെ ചായ കുടിക്കാനും ഇഷ്ടമില്ല. ഒരു തട്ടിക്കൂട്ട് മുപ്പത് പൈസ ചായ! നിവർത്തിയില്ലാത്തവർ മാത്രമാണ് ക്യാന്റീനിൽ നിന്ന് കുടിക്കുന്നത് . കൃത്യം എട്ട് മണിക്ക് തന്നെ സൈറൺ അടിക്കും, പിന്നെ ഫാക്ടറി കോമ്പൗണ്ട് ശാന്തം, ആ സൈറൺ അടിച്ചാൽ പിന്നെ ചായ കച്ചവടവും തീരും, ഇനി പതിനൊന്നു മണി വരെ വലിയ കച്ചവടം ഒന്നും ഇല്ല. ഫാക്ടറിയ്ക്ക് പുറത്തെ കച്ചവടം അത്രയ്ക്ക് ഒന്നും ഇല്ല.വഴിയേ പോകുന്ന ആരെങ്കിലുംവാങ്ങിയാൽ ആയി.
ഭാസ്കരന് പ്രാരാബ്ധങ്ങൾ കൂടുതലാ, നാല് മക്കൾ. മൂത്ത രണ്ട് പെൺകുട്ടികൾ,പിന്നെ ഇരട്ട ആൺ കുട്ടികൾ. ഒരാൺ കുട്ടി എങ്കിലും വേണം എന്ന് പ്രാർഥിച്ചപ്പോൾ, ആഞ്ജനേയ സ്വാമി കനിഞ്ഞ് അനുഗ്രഹിച്ച് കൊടുത്താ, ഈ ഇരട്ട ആൺ കുട്ടികൾ .അച്ഛൻ ചെറുപ്പത്തിലേ മരിച്ചു .ഇപ്പോൾ അമ്മ കൂടെ ഉണ്ട്. അച്ഛൻ മരിച്ചതിനു ശേഷമാണ്, ഗ്രാമം വിട്ട് സിറ്റിയില്ലേക്ക് താമസം മാറിയത് .ഗ്രാമത്തിൽ കുറച്ച് സ്ഥലം ഉണ്ടെങ്കിലും കൃഷി ചെയ്യാൻ പറ്റില്ല.മഴ പെയ്താൽ മാത്രം വെള്ളം ഉള്ളു.ഒരു ഭാഗ്യ കുറി പോലെ ,ചിലപ്പോൾ മഴ കനിഞ്ഞേക്കാം, മിക്കവാറും മഴ ഇല്ല. കുറച്ച സ്ഥലത്തു പരുത്തി കൃഷി ചെയ്തരിന്നു.കഷ്ടപ്പാടും നഷ്ടവും അല്ലാതെ ഒന്നും ബാക്കി ഇല്ല.നിർഭാഗ്യത്തിന്റെ സമ്മാനം എന്ന പോലെ, അച്ഛന് കുറച്ച് രോഗങ്ങളും, കടങ്ങളും മാത്രം. കല്യാണം കഴിക്കുന്നത് വരെ ,പിന്നെ എല്ലാം അമ്മായിരുന്നു. അങ്ങനെ ദുരിധങ്ങളുടെ ഭാണ്ഡക്കെട്ടും സൈക്കിളിലേറ്റി ഈ സിറ്റിയിൽ വന്നിട്ട് കാലങ്ങളായി . അകെ ഉണ്ടായിരുന്ന സൈക്കിൾ ആണ് ഇപ്പൊൾ ഉള്ള ഒരേ ഒരു ആസ്തി .ഭാസ്കരന്റെ നാട്ടുകാരാൻ ഒരാൾ ഇവിടെ ഫാക്ടറിയിലെ ടൂൾ റൂമിൽ ജോലി ചെയ്യുന്നുണ്ട് .മഞ്ചുനാഥ്‌ എന്നാ പേര്, മഞ്ജു അണ്ണാ എന്നാ എല്ലാവരും വിളിക്കുന്നത്. എന്നാൽ ഭാസ്കരൻ മാത്രം മഞ്ജു എന്നാ വിളിക്കുന്നെ, സമയം കിട്ടുമ്പോൾ ഒക്കെ സൊറ പറയാൻ വരു. ഭാസ്കരന് വേറെ അധികം ആരും കൂട്ടുകാർ ഇല്ലാ, എന്നാൽ എല്ലാവരും ആയി നല്ല അടുപ്പം ഉണ്ട്. സൗമ്യമായാ സ്വഭാവം ആയതിനാലാണ് പുള്ളിക്കാരനെ എല്ലാവര്ക്കും ഇഷ്ട്ടം. ഭാസ്കരന്റെ ചിരിയിൽ എല്ലാവരും മയങ്ങും. വഴക്ക് പറഞ്ഞാലും ഒരു പുഞ്ചിരി .അതിനാൽ യൂണിയൻ ലീഡർ ഗൗഡർക്ക് പോലും ഇഷ്ടമാ. അല്ല, അദ്ദേഹത്തിന്റെ ഭാര്യക്ക് പോലും അറിയാം, ഈ ചിരിക്കുന്ന ചായ ഭാസ്കരനെ. യൂണിയൻ ലീഡറുടെ ഭാര്യയും നല്ല ഭക്ത ആണ്.

ഫാക്ടറിയുടെ കോമ്പൗണ്ട് ഒരു ഉദ്യാനം പോലെയാ, നിറയെ മരങ്ങളും ,പക്ഷികളും,അവിടെ, ഇവിടെ ആയി ചാഞ്ചാടി നടക്കുന്ന, അണ്ണൻ, വാനര കൂട്ടങ്ങൾ ഒക്കെ. വൈകുന്നേരങ്ങളിൽ ഫാക്ടറിയിയുടെ പുറത്ത് ഒരു പച്ചക്കറി ചന്ത ഉണ്ടാകും. കോളനിയിലെ എല്ലാവരും പച്ചക്കറി വാങ്ങാനും,നടക്കാനും ഒകെ ആയി അവിടെയാ വരുന്നത് , ഭാസ്കരന്റെ വൈകുന്നേരത്തെ ചായ കച്ചവടം ഇവിടെയാ. വില്പനക്ക് വരുന്നവരാണ് കൂടുതലും ചായ വാങ്ങുന്നത്. ഫാക്ടറിയിൽ ജോലി ചെയ്യുന്നവരെക്കാൾ, ഫാക്ടറി പരിസത്ത് സമയം ചെലവഴിക്കുന്നത് ഭാസ്കരനാണ്. ഫാക്ടറിലെ അകത്തെ വിശേഷണങ്ങൾ എല്ലാം മഞ്ജുആണ് ഭാസ്കരനിൽ എത്തിക്കുന്നത്. കാലങ്ങൾ കഴിഞ്ഞു,ആൽ മരം പലതവണ തളിർത്തു, ഇല പൊഴിഞ്ഞു,വീണ്ടു തളിർത്തു. ഇപ്പൊ ദേ കോമ്പൗണ്ട് ഭിത്തിയും തകർത്ത് ഭീമാകാരനായി വളർന്ന്പന്തലിച്ചിരിക്കുന്നു . എന്നാൽ ഭാസ്കരാനോ,സൈക്കിളിനോ, ചായ കച്ചവടത്തിനോ ഭാസ്കരന്റെ പുഞ്ചിരിക്കൊ ഒന്നും അധികം മാറ്റമില്ല !

ഈ കുറെ ദിവസങ്ങളായി, യൂണിയൻ ആഫീസിൽ നല്ല തിരക്കാണ് !ഒരുപാട് യോഗങ്ങളും, ചർച്ചകളും ഒക്കെ നടക്കുന്നു. എന്തെക്കെയോ നടക്കുന്നുണ്ട്, മഞ്ജു വിവരങ്ങൾ ധരിപ്പിച്ചു.
ഭാസ്കരൻ ചോദിച്ചു ദിപാവലി ആകാറായി അതിന്റെ വല്ല ചർച്ചയാണോ ?

ഹേയ് ! അതിന്നുമല്ല ! ഇത് വേറെ എന്തോ ഗുലുമാലാ ! എനിക്ക് യൂണിയനുമായി ബന്ധമില്ല .

ഭാസ്കരനും മഞ്ജുവും പൊരിഞ്ഞ ചർച്ച .ചായ ബ്രേക്കിന്റെ സമയത്ത് മുദ്രാ വാക്യങ്ങൾ മുഴങ്ങുന്നത് കേട്ടു.
മഞ്ജു പറഞ്ഞു, ഞാൻ പറഞ്ഞില്ലേ, ഇത് വേറെ എന്തോ ഗുലുമാലാ എന്ന് .

മഞ്ജു ചായ കുടിച്ച് വേഗത്തിൽ ഫാക്ടറിയിലേക്ക് പോയി. ഭാസ്കരൻ ആകെ വ്യാകുലനായി .എന്താ നടക്കുന്നത് എന്ന് ശെരിക്ക് അറിയില്ല! ആരോടാ ചോദിക്കുന്നത്? ചായ ബ്രേക്ക് ആണേ കഴിഞ്ഞു. ഇനി ഉച്ച വരെ കാത്തിരിക്കണം. ഭാസ്കരന്റെ മനസിലൂടെ ഒരായിരം കാര്യങ്ങൾ ഓടി ഓടി മാഞ്ഞു!
സമരമോ മറ്റോ ആണോ? അങ്ങനെ ആകല്ലേ അഞ്ജനേയാ !

മനസിൽ എവിടെയോ ഒരു ശങ്ക. നേർച്ചകൾ പലതും അറിയാതെ നേർന്നുപോയി .
അഞ്ജനേയാ! നീ മാത്രമേ എനിക്ക് എന്നും തുണ. ഒന്ന് പച്ച പിടിച്ചു വരുന്നേ ഉള്ളു .

ഞാൻ നാരങ്ങാ മാല ചാർത്തിക്കോളാമെ !

ഉച്ച വരെ കാത്തിരിക്കാൻ കഴിയുന്നില്ല. സാധരണ ഉച്ചക്ക് വീട്ടിൽപോയി ഊണ് കഴിച്ചിട്ട് ചായ നിറച്ച് വരുന്നതാ പതിവ്. പോകണോ വേണ്ടയൊ, മനസ്‌സിൽ ഒരു ആകുലത! ആ പുഞ്ചിരിക്കുന്ന മുഖം, വാടിയ സൂര്യകാന്തി പൂ പോലെ ആയി! വീട്ടിലെത്തിയ ഭാസ്കരനെ കണ്ടപ്പോളെ ഭാര്യയ്ക്ക് എന്തോ പന്തികേട് തോന്നി! ഭാസ്കരൻ, ഭാര്യ ചോദിച്ചതിന് ഒന്നും മറുപടി പറഞ്ഞില്ല. വിളമ്പിയ ചോർ പാതി കഴിച്ച്, വീടുവിട്ടു. ആഞ്ചനയേനെ, അമ്പലത്തിന്റെ പുറത്ത് നിന്ന് തൊഴുത്, നേർച്ച ഒന്നുകൂടി നേർന്ന്. എല്ലാം ആ തൃകാൽക്കൽ സമർപ്പിച്ച് , കാത്തുകൊള്ളണേ എന്ന് പ്രാർത്ഥിച്ച് ,ഒറ്റക്കാലിൽ പെഡൽ കറക്കി, പാതി മനസ്സ്‌ ഫാക്ടറിയിലും, പാതി പ്രാർത്ഥനയിലും ആയി വീണ്ടും ഫാക്ടറി പടിക്കൽ ശരവേഗത്തിൽ എത്തി .ഇപ്പോൾ, കച്ചവടത്തെക്കാളും ആധി, നാളെ എന്ത് ആകും എന്നോർത്ത്! കണ്ണുകൾ മഞ്ജുവിന്റെ വരവിനെ തേടി തിന്നു. മഞ്ജുവിനെ ഒട്ട് കാണുന്നും ഇല്ലാ !

ശോ! അറിയാവുന്ന ഒരാൾ എങ്കിലും ഒന്ന് പുറത്ത് വന്നാൽ കാര്യം അറിയാമായിരുന്നു.

ഇനി എത്ര നേരം കാത്തിരിക്കണോ ആവോ.

ഭാസ്കർ പുറുപുറത്ത് നിന്നു. ആധിയും, ആകാംഷയും, അക്ഷമതയുടെ വേഗത കൂട്ടി !
ഇത്രയും കാലം, സമയം എത്ര വേഗമാ പോയത്. ഇന്ന് പതുക്കെ പോകുന്നപോലെ തോന്നി. ഓരോ നിമിഷവും ഓരോ മണിക്കൂർപോലെ തോന്നി.ഒരാളേലും ക്യാന്റീനിൽ വന്നാൽ മതിയായിരുന്നു. സൈക്കിൾ ആൽ മരത്തിൽ ചാരി വച്ച് കണ്ണിമ വെട്ടാതെ കാത്തിരുന്നു. ഘടികാരസൂചിക മൂന്ന് മണിയും താണ്ടി . ആകാംഷയുടെ ആക്കം കൂട്ടി, ഒപ്പോം മനസ്താപവും. ഭാസ്കരന്റെ ആകാംഷയുടെ പര്യാവസാനം എന്നപോലെ, അങ്ങ് അകലെ ഇടിനാദം പോലെ, ആകാശത്തിൽ ആക്രോശങ്ങൾ മുഴങ്ങി.

ഈങ്കുലാബ് സിന്ദാബാദ് ….സിന്ദാബാദ് ….സിന്ദാബാദ് …….

ആ ഒരു മുഴക്കത്തിൽ തന്നെ കർണ്ണബിംബങ്ങൾ തകർന്ന പോലെ. പിന്നെ ഭാസ്കരൻ ഒന്നും കേട്ടില്ല. വിവശനായി ആൽ മരത്തിൽ ചാരിനിന്നപ്പോൾ, ഗൗഡറും, മറ്റുപല ലീഡർമാരും മുഷ്ടി ചുരുട്ടി, ആരവങ്ങളും, മുദ്രാവാക്യങ്ങളും ഒക്കെയായി ആക്രോശിക്കുന്നത്, തന്റെ മാറിലേക്ക്ന്ന് തോന്നി. അവർ എല്ലാവരും തന്നെ ലക്‌ഷ്യം വെച്ച് വരുന്നത് പോലെ തോന്നി! അല്ല ഇങ്ങോട്ട് തന്നെയാ. രോഷാകുലരായ മദആനകളെ പോലെ മദിച്ചു വരുന്ന കൂട്ടം. പകച്ചു നിന്നുപോയി ഭാസ്കരൻ ! ആ കൂട്ടത്തിൽ മഞ്ജുവും ഉണ്ട്. മഞ്ജു കൈകൊണ്ട് എന്തോ ആംഗ്യം കാട്ടി. കുറെ കഴിഞ്ഞപ്പോൾ മഞ്ജു വന്നു. ഭാസ്കരൻ, ആധിയും, ആക്മഷയും കൊണ്ട് അർധ ശാസ്വത്തിൽ ചോദിച്ചു
എന്താ, സമരം ആണോ?

മഞ്ജുവും ആവേശത്തിലാ. സമരാവേശത്തിലാ !

എന്റെ ഭാസ്കരണ്ണാ, സമരമല്ലാതെ പിന്നെ എന്താ! കണ്ടാൽ മനസിലാവില്ലേ ?
ഈ ദീപാവലിക്ക് ബോണസ് കൂട്ടി കിട്ടണം, കിട്ടിയേ പറ്റു. രണ്ട് വർഷമായി ബോണസ് കൂട്ടിയിട്ട് .
ഞങ്ങളുടെ അവകാശം കിട്ടുന്നിടം വരെ സമരം ചെയ്യും. ഗൗഡ സാർ ,മാനേജ്‍മെന്റുമായി ചർച്ച ഒക്കെ നടത്തിയതാ, മാനേജ്‌മന്റ് അടുക്കുന്ന ലക്ഷണമില്ല. ഇനി കുറച്ച് ദിവസം സമരമാ. ഇത്തവണ മാനേജ്‌മെന്റ്റ് വഴങ്ങും എന്നാണ്, ഗൗഡ സാർ പറയുന്നേ.
മഞ്ജുവിന്റെ പ്രതീക്ഷയുടെ ഉദയവും ഭാസ്കരന്റെ പ്രതീക്ഷയുടെ അസ്തമയവും ഒരുപോലെ തോന്നി. ഫ്ലാസ്കിലെ തുളുമ്പുന്ന ചായപോലെ, ഭാസ്കരന് ഇപ്പോളും മുഴു പ്രതീക്ഷയാ !!!!
ആ ദിവസം നേരത്തെ തന്നെ വീട്ടിലേക്ക് മടങ്ങി. പതിവ് തെറ്റിക്കാതെ ആഞ്ജനേയസ്വാമിയേ വണങ്ങി, തന്റെ സങ്കടങ്ങളും, അപേക്ഷയും, പ്രാർത്ഥനയും എല്ലാം അവിടെ അർപ്പിച്ച്. പ്രെത്യുപകാരം പോലെ നാളെ രാവിലെ നാരങ്ങാ മാല ചാർത്താം എന്ന് നേർച്ച വീണ്ടും ഓർമിപ്പിച്ച് , വീട്ടിലേക്ക് മടങ്ങി.

പിറ്റേ ദിവസം, പറഞ്ഞത് പോലെ, രാവിലെ തന്നെ. പ്രതീക്ഷയോടെ ഫ്ലാസ്കിൽ ചായ നിറച്ച് . പതിവിലും നേരത്തെ, നാരങ്ങാ മാലയും ആയി ക്ഷേത്രത്തിൽ എത്തി. സാഷ്ടാംഗം പ്രണമിച്ച് , കുങ്കുമവും, മാലയും ചാർത്തി, ഫാക്ടറിയിലേക്ക് പതിവുപോലെ പോയി. എവിടെയോ ഒരു ധൈര്യം വന്നപോലെ. ആഞ്ജനേയൻ ഇന്നുവരെ എന്നെ കൈവിട്ടട്ടില്ല ഇനി വിടുകയുമില്ല. എന്ന ഒരു ഉറപ്പ് കിട്ടിയമാതിരി. സുര്യൻ ഉദിച്ചുയരുന്നപോലെ മുഖം വീണ്ടും പ്രസാദിച്ച്, പുഞ്ചിരി വീണ്ടും തൂകി നിന്നു. പതിവ് പോലെ ഫാക്ടറികവാടത്തിൽ എത്തി. ആൽ മരത്തിൽ കൊടിയും തോരണങ്ങളും. ഗൗഡരുടെ ചിരിച്ച്, കൈകൂപ്പി നിൽക്കുന്ന വലിയ പോസ്റ്ററും, ബാനറും, ബോർഡും എല്ലാം. ഒരു ആഘോഷത്തിന്റെ ഒരു വട്ടക്കൂട്ടംപോലെ. അപ്പോളേക്കും, മഞ്ജു വേറെ കൂട്ടുകാരുമൊത്ത്, കൈയിൽ കുറെ മര വളയങ്ങളും, കയറും ഒക്കെ ആയി പതുക്കെ വരുന്നത്കണ്ടു. മഞ്ജു, ഭാസ്കരനെ കണ്ട പാടെ,

അണ്ണാ …സമരപന്തൽ ഇവിടെയാ കെട്ടാൻ പോകുന്നെ …,ആൽമരത്തിനടിയിൽ .

കുറെ നേതാക്കൾ ഒക്കെ വരുന്നുണ്ട്. ഇന്ന് ഒമ്പത് മണിക്കാണ് സമരം ഉൽഘാടനം. ഇന്ന് മുതൽ ആരും ഫാക്ടറിയിൽ പോകുന്നില്ല, ജോലി ബഹിഷ്കരിച്ച് സമരത്തിലാണ്. എല്ലാവരും ഇവിടെയുണ്ടാകും .

ഇപ്പൊൾ ഫാക്ടറിയുടെ പുറത്ത് ആഘോഷം പോലെയാണ് ,കൊടിയും ,തോരണവും,ഗൗഡരുടെ വലിയ ബോർഡും ഒക്കെ ആയി വച്ചുകൊണ്ടേയിരുന്നു. ഭാസ്കരന് വിശ്വസിക്കാനേ പറ്റിയില്ല. എവിടെയൊക്കയോ വീണ്ടും പ്രതീക്ഷയുടെ നാമ്പ് വീണ്ടും മുളച്ചപോലെ. ആഞ്ജനേയ സ്വാമി എന്റെ പ്രാർത്ഥന കേട്ടു. സമരപന്തലിൽ നിറയെ കസേരകൾ ഏതൊക്കയോ നേതാക്കൾക്ക് വേണ്ടി കാത്തിരിക്കുന്നു! കോളാമ്പിയും മൈക്കും തമ്മിൽ സംസാരിക്കാൻ തുടങ്ങി.

ഹലോ ഹലോ …മൈക് ടെസ്റ്റിംഗ് ….. ഹലോ ഹലോ …മൈക് ടെസ്റ്റിംഗ് …..

പിന്നെ സമരത്തിന്റെ ആരവം മുഴക്കി. മുഷ്ടി ചുരുട്ടി ,

ഈങ്കുലാബ് സിന്ദാബാദ് ….സിന്ദാബാദ് ….സിന്ദാബാദ് …….ഗൗഡർസാർ സിന്ദാബാദ് ….സിന്ദാബാദ്.

മുട്ടുകുത്തിക്കും, കൂട്ടുകുത്തിക്കും, മാനേജ്മെന്റിനെ മുട്ടുകുത്തിക്കും……

സമരപന്തലിൽ ആൾക്കാർ നിറഞ്ഞു. ഒട്ടുമുക്കാൽ തൊഴിലാളികളും ഉണ്ട് . ഉൽഘാടനത്തിനായി വേറെയും പ്രമുഖ നേതാക്കൾ വന്നു ചേർന്നു. ഉൽഘാടന ചടങ്ങുകൾ തുടങ്ങി. ഭാസ്കരൻ, തന്റെ സൈക്കിൾ ആൽമരത്തിന്റെ ചുവട്ടിൽ തന്നെ നിർത്തി.

മഞ്ജു, കുറെ കുപ്പി ഗ്ലാസുമായി വന്നു.

നേതാക്കൾക്ക് കൊടുക്കാനായി ചായ, ഈ കുപ്പി ഗ്ലാസിൽ തരാൻ ഗൗഡ സർ പറഞ്ഞു.

അപ്പോളേക്കും ഉൽഘാടനം കഴിഞ്ഞു, ഗൗഡർസാറുടെ പ്രസംഗം തുടങ്ങി. കൈ അടിയും വിസിലും ഓക്ക് ആയി ഒരു ആഘോഷംപോലെ. മഞ്ജു യൂണിയൻ ഓഫിസിന്റെ പടിവാതിക്കൽ പോലും പോകുന്നത്, ആരും പറഞ്ഞ് പോലും കേട്ടിട്ടില്ല. ഇപ്പോൾ നല്ല ആവേശത്തിലാണ്. എന്തും ചെയ്യാൻ തയ്യാറായ ഭടനെ പോലെ, നേതാക്കൾക്കുള്ള ചായ, കുപ്പി ഗ്ലാസിൽ ആക്കി മഞ്ജുവിന്റെ കൈയിൽ കൊടുത്തയച്ചു. അങ്ങനെ ഭാസ്കരന്റെ ഇന്നത്തെ ചായക്കച്ചവടത്തിന്റെ ഉൽഘാടനവും കഴിഞ്ഞു. കച്ചവടം പൊടി പൊടിപൊടിച്ചു തുടങ്ങി. ഓരോരുത്തരായി ചായകുടിക്കാൻ വന്നു, സൈക്കിളിനു ചുറ്റും ആൾക്കാർ. ചായകിട്ടാൻ താമസിക്കുന്നത്തിന്റെ നീരസവും ചിലർ മറച്ച് വച്ചില്ല. മറ്റ് ചിലർക്ക്, ബിസ്‌ക്കറ്റും ,ബോണ്ടയും ഇല്ലാത്തതിന്റെ മുറുമുറുപ്പ്. കാശ് വാങ്ങാനും, ചായ കൊടുക്കാനും, എല്ലാറ്റിനുമായി ഭാസ്കരൻ മാത്രം. വിശ്രമമില്ല! ഫ്ലാസ്കിലെ ചായ തീരാറായി. വീട്ടിൽ പോയി ചായ ഉണ്ടാക്കി വരാൻ ഒരുമണിക്കൂർ എങ്കിലും എടുക്കും. മഞ്ജുവിനെ വീട്ടിൽ പറഞ്ഞ് വിട്ട് ചായ തയ്യാർ ആക്കി വെക്കാൻ ഭാര്യയോട് പറഞ്ഞു. ചായ വീണ്ടും കൊണ്ടുവന്നു. അപ്പോളേക്കും, ഗൗഡറും അദ്ദേഹത്തിന്റെ സഹായികളും, ചായകുടിക്കാൻ വന്നു.
ഭാസ്കരാ, ഇനി സമരം തീരുന്നവരെ ആരും ഫാക്ടറിയിൽ പോകില്ല.

നീയാ ഞങ്ങളുടെ കാന്റീൻ.
നാളെ മുതൽ .ചായ മാത്രം പോരാ കേട്ടോ. ഭാര്യയെയും കൂട്ടിക്കോ.
കുറച്ച് ബിസ്ക്കറ്റും, ബോണ്ടയും ബജിയും ഒക്കെ ഉണ്ടാക്കിക്കോളു.
പിന്നെ സമരക്കാർക്ക് വെള്ളം കൊടുക്കണം .

മഞ്ജു, സമരം തീരും വരെ നീ ഒന്ന് ഭാസ്കറെനെ സഹായിക്കണം .

ആ വാക്കുകൾ, മരുഭൂമിയിലെ മഴപോലെ ….. ഒരു കുളിര്കാറ്റുപോലെ ….തോന്നി

ആഞ്ജനേയസ്വാമി ആണോ അതോ ഗൗഢരാണോ മുന്നിൽ നില്ക്കുന്നത് എന്ന് ഒരു സംശയം!!??

മഞ്ജുവിനോടായ്, ഭാസ്കരൻ പറഞ്ഞു : ഞാൻ പറഞ്ഞില്ലേ. വിളിച്ചാൽ വിളിപ്പുറത്താ ആഞ്ജനേയണസ്വാമി. ഞാൻ രാവിലെ നാരങ്ങാ മാല ചാർത്തിയിട്ട് വന്നേഉള്ളു. അപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു. എല്ലാം ശരി ആകും എന്ന്. ആ ദിവസം അങ്ങനെ പര്യാവസാനിച്ചു.

പാട്ടും പാടി അല്പം സന്തോഷത്തിൽ ഭാസ്കരൻ തന്റെ വിശ്വാസത്തിന്റെ കേറ്റം കയറി അമ്പലമുറ്റത്ത് എത്തി. നടന്ന കാര്യങ്ങൾ ഒക്കെയും പൂജാരിയോട് പറഞ്ഞു. പൂജാരി പറഞ്ഞു . ഞാൻ ഒരു ഫോട്ടോ പൂജിച്ച് വച്ചേക്കാം, നാളെ മുതൽ എപ്പോളും കൂട്ടത്തിൽ എടുത്തോളൂ. സൈക്കിൾ ആണേലും വച്ചാൽ മതി. പൂജാരിയോട് സമ്മതം മൂളി ,ആഞ്ജനേയനെ തൊഴുത് വീട്ടിലേക്ക് മടങ്ങി.

പിറ്റേ ദിവസം, ഗൗഡാർ പറഞ്ഞപോലെ ബോണ്ടയും, ബജിയും ഉണ്ടാക്കാൻ വേണ്ട സാമഗ്രികളും ,സ്റ്റൗവും ,ചട്ടിയും ആയി ഭാസ്കരനും, ഭാര്യയും വീടുവിട്ട് ഇറങ്ങി. പതിവുപോലെ അമ്പലത്തിന്റെ മുന്നിലെത്തി കുമ്പിട്ട് ,തിലകവും ചാർത്തി, പൂജാരി പൂജിച്ച് തന്ന ആഞ്ജനേയ ഫോട്ടോയും , ജപിച്ച് തന്ന ചുവന്ന ചരട് ,കൈയിൽ കെട്ടി. പുതിയ ആത്മവിശ്വാസത്തോടെ സമരപന്തലിൽ അരികിൽ, ആല്മര ചോട്ടിൽ ഭാസ്കരനും , ഭാര്യയും പുതിയ കച്ചവടം തുടങ്ങാനുള്ള പരിവട്ടങ്ങൾ തുടങ്ങി .ആഞ്ജനേയന്റെ ഫോട്ടോ ആൽ മരത്തിൽ ഒരാണി അടിച്ച് തൂക്കി ഇട്ടു . ആദ്യത്തെ ബോണ്ടയും ബജിയും ആഞ്ജനേയന് സമർപ്പിച്ച് ,കച്ചവടം തുടങ്ങി. സമരക്കാർ ഓരോരുത്തരായി ചായയും ബോണ്ടയും, ബജിയും ഓരോന്നായി വാങ്ങിയും കഴിച്ചും തുടങ്ങി.

അങ്ങനെ ഇരിക്കെ ഗൗഡർ സാർ വന്നു. ഭാസ്കരാ, കൊള്ളാലോ ബജിയും ബോണ്ടയും ഒക്കെ. ഞാൻ ഉദ്ദേശിച്ചതിലും ഒരു പടി മുന്നോട്ടാണല്ലോ താൻ. എങ്കിലും തന്റെ ഉപദേശം അതേപടി സ്വീകരിച്ചതിന്റെ ഒരു ഗാംബിരത്തിൽ ഗൗഡർ ഒരു ഉപദേശം കൊടുത്തു.
ആർക്കും കടം ഒന്നും കൊടുക്കേണ്ട, എന്റെ പേരുപറഞ്ഞാലും വേണ്ട കേട്ടോ.

ഉവ്വേ ! എന്ന് അനുസരണയോടെയും, വിനയത്തോടും കൂടി ഭാസ്കരനും. കാലിൽ വീണില്ല എന്ന് മാത്രം, വിനയം കാരണം അത്രക്ക് കുനിഞ്ഞു നിന്നിരുന്നു.

ഇപ്പൊൾ സമരക്കാരും, വൈകുന്നേരത്തെ കച്ചവടക്കാരും ,വഴിപോക്കരും ഒക്കെ ആയി നല്ല തിരക്കാ, ചായ ഇപ്പോൾ ഇവിടെ തന്നെയാ ഉണ്ടാക്കുന്നത്. .ചായ പല തരത്തിലും കിട്ടും. ഏലക്ക ഇട്ടതും,ഇഞ്ചി ഇട്ടതും,വെറും പാലും പിന്നെ കാപ്പിയും. സമരപ്പന്തലിനോട് ചേർന്ന് ഒരു ചെറു പടുതാ കെട്ടി ഒരു ചെറിയ ചായ കടയുടെ മട്ടും ഭാവവും ഒക്കെ ആയി. സമരകക്കാർക്കുള്ള വെള്ളവും, മറ്റുസഹായവുമായി ഭാസ്കരൻ നല്ല തിരക്കാ. ആരുടേയും മുഖത്ത് പോലും നോക്കാൻ സമയമില്ല! ഭാര്യ, നാലു- അഞ്ച മണിക്ക് വീട്ടിൽ പോകും .ഈ ഇടയായി ആൽ മരത്തും പരിസരത്തും പതിവിലും കൂടുതൽ വാനര സംഘനകൾ റോന്ത് ചുറ്റുന്നു. അധികം ഒന്നും ശല്യമില്ലങ്കിലും സമരക്കാരിൽ ചിലർ അതിനെ അടിയ്ക്കുകയും, ഓടിക്കയും ഒക്കെ ചെയ്യാറുണ്ട് .ഭാസ്കരൻ എന്നും ആഞ്ജനേയന് വെക്കുന്ന ബോണ്ടയും, ബജിയും അവറ്റകൾക്ക് കൊടുക്കും. പിന്നെ ചിലപ്പോൾ ബിസ്ക്കറ്റും ഒക്കെ. അവിടെ കഴിക്കാൻ വരുന്ന പലരും ,പലതും വാങ്ങി കൊടുക്കാറുണ്ട് .

സമരം തുടങ്ങിയിട്ട് ഇന്ന് ഏകദേശം ഒരുമാസം ആകാറായി. പലർക്കും നിരാശയും, സങ്കടവും, ആവേശ കുറവും ഒക്കെ ആയി തുടങ്ങി. കുറേപേർ ജോലിക്ക് കേറി തുടങ്ങി. എന്നാലും ബഹുഭൂരിപക്ഷം വരുന്നവർക്ക് ഇപ്പോളും പ്രതീക്ഷ കൈ വെടിഞ്ഞിട്ടില്ലാ . ഇപ്പോളും മുദ്രാവക്യം വിളിയും, പ്രസംഗങ്ങളും ഒക്കെ ആയി സമരം മുന്നോട്ട് പോയി. ദീപാവലിക്ക് ഇനി അധികം ദിവസം ഒന്നും ഇല്ല.പല ചർച്ചകളും നടന്നു ,ഒന്നിനും ഒരു തീരുമാനവും ആയില്ല. ഗൗഡരുടെ മുഖത്തും അത് കാണാമായിരുന്നു.

അങ്ങനെ ഒരിക്കൽ ഗൗഡർ വീണ്ടും ഭാസ്കരന്റെ അടുത്ത് എത്തി. ചായയും ബോണ്ടയും കഴിച്ച് , കുശലം പറഞ്ഞ് നിന്നപ്പോൾ ,ഭാസ്കരൻ താണ സ്വരത്തിൽ പറഞ്ഞു

ഞാൻ ഒരു കാര്യം പറഞ്ഞാൽ അങ്ങേയ്ക്ക് വിഷമം ആകുമോ?

ഗൗഡർ കുറച്ച ഗൗരവത്തിൽ ! എന്താ ഭാസ്കരാ? പറ, എന്താ എന്നെ വിഷമിപ്പിക്കാനുള്ള കാര്യം?
അയ്യോ അങ്ങയെ വിഷമിപ്പിക്കാനുള്ളതല്ല …..
പിന്നെ ! പറയു ഭാസ്കര, എന്തായാലും പറ, കേൾക്കട്ടെ ……

തലയിൽ ചൊറിഞ്ഞുകൊണ്ട് ഭാസ്കരൻ പറഞ്ഞു, സാറിന് കഷ്ട്ടകാലം ആണ് എന്ന് തോന്നുന്നു. സാറിന്റെ കവിളിലെ ഈ കറുപ്പ് കൂടി വരുന്നു. അങ്ങേയ്ക്ക് വിശ്വാസം ഉണ്ടോ എന്ന് അറിയില്ല .ആഞ്ജനേയ സ്വാമിക്ക് ഒരു നാരങ്ങാ മാല ചാർത്താൻ നേർന്നുകൂടെ?

ഭയങ്കര ശക്തിസ്വോരൂപനാ, മനസിരുത്തി പ്രാർത്ഥിച്ചാൽ കേൾക്കും …

ഗൗഡർ ഒന്ന് ഉറക്കെ ചിരിച്ചു! നാരങ്ങാ മാല ചാർത്തിയാൽ മുഖത്തെ കറുപ്പ് പോകുമോ ഭാസ്കരാ?
കൂടെ ഉള്ളവർ ഭാസ്കരൻ പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തി. ഇവിടുത്തെ ആഞ്ജനേയൻ സ്വാമിക്ക് ഭയങ്കര ശക്ത്യാ. പലരും തങ്ങളുടെ അനുഭവങ്ങൾ പറയാൻ തുടങ്ങി ….

എന്റെ മുഖത്തെ കറുപ്പും , കഷ്ടകാലവും മാറുമെങ്കിൽ, ഭാസ്കരാ നീ ചെയ്തോളു.

അയ്യോ! സാറെ, സാർ തന്നെ നേർന്ന് കഴിപ്പിക്കണം.

ഹാ ! ഹാ ! ഹാ ! ഹാ !

ഗൗഡരുടെ ചിരി , അട്ടഹാസം പോലെ തോന്നി. എന്തായാലും ഞാൻ എന്റെ ഭാര്യയോട് പറയാം, അവൾ വലിയ വിശ്വാസിയാ !

ഇത് പറഞ്ഞ് നിൽക്കുമ്പോൾ ഒരു കുരങ്ങൻ ആൽമരത്തിൽ നിന്ന് ഇറങ്ങി ഗൗഡരുടെ കൈയിലെ ബോണ്ട തട്ടിപ്പറിച്ചു , മറ്റൊന്ന്, പുറകിലും വന്നു … സമരപന്തലിൽ നിന്ന് ആരോ ഒരു കല്ല് എടുത്ത് എറിഞ്ഞു കുരങ്ങനെ ഓടിച്ചു. കുരങ്ങന് ഏർ കൊണ്ട് എന്ന് തോന്നുന്നത്. അവിടെ ചോര പൊടിഞ്ഞു വീണിട്ടുണ്ടയിരുന്നു. കുരങ്ങൻ ബോണ്ടയുമായി ആൽ മരത്തിലേക്ക് ഓടി പോയി. അങ്ങനെ സംസാരിച്ചുനിൽക്കുമ്പോൾ പെട്ടന്ന് കുരങ്ങൻ ആൽ മരത്തിന്റെ ചോട്ടിലേക്ക്, ആഞ്ജനേയന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് പിടഞ്ഞു വീണു …എല്ലാവരും സ്താബ്ദരായി നിന്നു !!

സാറെ, ഞാൻ പറഞ്ഞില്ലേ ! ഇപ്പൊ എന്തായി നോക്കിക്കേ ? പകുതി സങ്കടവും, പരിഭവവും ആയി, ഭാസ്കരൻ പറഞ്ഞു.

സാറെ, നാളെ തന്നെ പൂജ നടത്തണം. കൂടെ ഉള്ളവർ അതിനെ അനുകൂലിച്ചു പറഞ്ഞു.

ഇത് എന്തോ ദുശ്ശകുനതിന്റെ ലക്ഷണമാ! പൂജ നടത്തണം. സായംസന്ധ്യാ ആയ സമയത്ത് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് !! ആശ്ചര്യവും, സംശയവയും എല്ലാം ചേർത്തുള്ള ഓരോ പുലമ്പലുകൾ!
വേറെ ചിലർ , അതാ സമരംപോലും തീരത്തെ ! എത്ര ദിവസമായി ജോലിക്ക് കേറിയിട്ട് !

പലരുടെയും പുലമ്പലും, മുറുകുപ്പും എല്ലാം ഗൗഡർക്ക് വല്ലാതെ തോന്നി. മുഖം തിരിച്ച്കൊണ്ട് .പറഞ്ഞു: നാളെ തന്നെ അവളോട് അമ്പലത്തിൽ വരാൻ പറയാം. പൂജ കഴിപ്പിച്ചോളു, വേണ്ടത് എന്താ എന്ന് വെച്ചാൽ ചെയ്തോളു.
ഇപ്പൊ ഇതിനെ എവിടെയെങ്കിലും കൊണ്ട് മറവ് ചെയ്യൂ. യുണിയൻ ആഫീസിൽ തൂമ്പ ഉണ്ട് .

മഞ്ജു തൂമ്പാ എടുത്തുകൊണ്ട് വന്നു.

ഭാസ്കരൻ കുഴിവെട്ടി, ആൽ മരത്തിന്റെ ഇത്തിരി മാറി കുരങ്ങനെ മറവ്‌ ചെയ്തു. ഭാസ്കരന്റെ മനസ്സ് വല്ലാതേ കലുഷിതമായിരുന്നു. വീട്ടിൽ പോകുന്നതിന് മുമ്പ് കുഴിമാടത്തിൽ രണ്ട് സാംബ്രാണി തിരി കത്തിച്ചുവച്ചു. പിന്നെ ഒരു നാരങ്ങയും.
വീട്ടിൽ തിരികെ പോകുന്ന വഴിയിൽ, അമ്പലത്തിൽ എത്തിയപ്പോൾ ഇന്ന് നടന്ന ഓരോ കാര്യങ്ങളും പൂജാരിയോട് വിശദമായി പറഞ്ഞു. പൂജാരി, ആഞ്ജനേയാ ! ആശ്ചര്യം കൊണ്ടും , ഭക്തിഭയം കൊണ്ടും ആഞ്ജനേയനോട് ക്ഷമ ചോദിച്ചുകൊണ്ട് പറഞ്ഞു,
ഞാൻ ജോത്യരെ ഒന്ന് കാണട്ടെ! നാളെ രാവിലെ വരുമ്പോൾ വിവരം പറയാം. അദ്ദേഹം ഒരു പ്രതിവിധി പറയാതിരിക്കില്ല.
ഗൗഡർക്ക് വേണ്ടിയുള്ള നാളത്തേക്കുള്ള പൂജയുടെയും, ഗൗഡരുടെ ഭാര്യ, നാളെ രാവിലെ വരും എന്നുഉള്ള കാര്യവും, പൂജാരിയെ ധരിപ്പിച്ച് ഭാസ്കരൻ വീട്ടിലേക്ക് പോയി.

പറഞ്ഞത് പോലെ ,രാവിലെ തന്നെ, നാരങ്ങാമാലയും വാങ്ങി ക്ഷേത്രത്തിൽ എത്തി. ഗൗഡരുടെ ഭാര്യയും രാവിലെ തന്നെ എത്തിയിട്ടുണ്ടായിരുന്നു. ദർശനവും കഴിഞ്ഞ്, പൂജാരി പറഞ്ഞ പല പൂജകളും കഴിപ്പിച്ച്, ഭാസ്കരനും , ഗൗഡരുടെ ഭാര്യയും , പൂജാരിക്കായി ക്ഷേത്ര നടയ്ക്ക് കുറെ അകലെ മാറി നിന്നു. പൂജാരി കുറച്ച് കഴിഞ്ഞ് വന്നു. ഗൗഡരുടെ ഭാര്യയോടായി പറഞ്ഞു. ഭാസ്കരൻ എല്ലാ വിവരവും പറഞ്ഞു. ഞാൻ ഇന്നലെ തന്നെ ജ്യോസ്ത്യരെ വിവരങ്ങൾ എല്ലാം പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്, ഗൗഡരുടെ നാളും, ജന്മമാസവും, ഗോത്രം ഒന്ന് എഴുതിത്തരുക. ഭാസ്കരന്റെ എല്ലാ വിവരങ്ങളും ഇവിടെ ഉണ്ട്.

ജ്യോസ്ത്യർ ഉച്ച ആകുമ്പോൾ അങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ പൊയ്ക്കോളൂ. കാര്യങ്ങൾ എല്ലാം കേട്ട് ഭാസ്കരൻ ഫാക്ടറിയിലേക്കും, ഗൗഡരുടെ ഭാര്യ, അവരുടെ വീട്ടിലേക്കും പോയി.

ഭാസ്കരൻ, ചായക്കടയിൽ എത്തി. സമരക്കാർ ഓരോരുത്തരായി വന്നുകൊണ്ട് ഇരിക്കുന്നു. കുറെ പേർ നേരത്തെയും എത്തിയിരിക്കുന്നു. ഭാസ്കരൻ ആഞ്ജനേയ ഭഗവാന്റെ ഫോട്ടോയിൽ കുംകുമ ചാർത്തി , മാല ഇട്ട്, സാംബ്രാണിത്തിരി കുഴിമാടത്തിൽ കത്തിച്ച് വച്ചിട്ട്, ചായക്ക് തീ കൊളുത്തി. പതിവു പോലെ ആദ്യത്തെ ബോണ്ടയും, ബജിയും ആഞ്ജനേയ ഭഗവാന്റെ ഫോട്ടോയ്ക്ക് മുന്നിൽ സമർപ്പിച്ച്, അതുപോലെ തന്നെ കുഴിമാടത്തിലും എല്ലാം ഓരോന്നും സമർപ്പിചിട്ട് കൈകൂപ്പി പ്രാർത്ഥിച്ചു. അറിഞ്ഞും, അറിയാതെയും ചെയ്ത എല്ലാ പാതകങ്ങളും പൊറുക്കണെ എന്ന്.

മഞ്ജു വന്നു പറഞ്ഞു ,

ഗൗഡസാർ മാനേജ്‌മെറ്റുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ അവർ വിളിച്ചേക്കും, വിളിച്ചാൽ മതിയായിരുന്നു. അങ്ങനെ, സമയം ഏകദേശം ഉച്ചയായി. അമ്പലത്തിലെ പൂജാരിയും, ജോസ്ത്യരും വന്നു .

ജോസ്ത്യർ പറഞ്ഞു, ഇന്നലെ ഞാൻ പ്രശ്നം വച്ചു. ഇവിടെ ആഞ്ജനേയന്റെ ശക്തമായ സാന്നിദ്യം ഉണ്ട്.കുഴിമാടത്തിൽ നിത്യവും ഒരു ചെറിയ പൂജ ചെയ്തോളു. സാംബ്രാണി കത്തിക്കുന്നുണ്ടല്ലോ? വിശ്വാസി ആയിരിക്കണം ഇത് നിത്യവും ചെയ്യാൻ. ഉവ്വ് ! എന്ന് ഭാസ്കരൻ. ഇപ്പോളെ കത്തിക്കുന്നുണ്ട്. അവർ പോകുന്നതിന് മുൻപ് പൂജാരി തീർത്ഥം തളിച്ച് കുംകുമവും അതോടൊപ്പം ഒരു ചെറിയ കല്ലും ഭാസ്കരന് കൊടുത്തിട്ട് പറഞ്ഞു ഇത് ഇവിടെ സ്ഥാപിക്കുക.നന്നായിട്ട് ആഞ്ജനേയനെ മനസ്സിൽ വിചാരിച് പൂജ ചെയ്യുക.
ഈ സമയത് സമര പന്തലിൽ വലിയ ആരവം കേട്ടു. അത് വിജയാരവം ആയിരുന്നു.

മഞ്ജു ഓടി വന്ന് പറഞ്ഞ. അണ്ണാ, ഭാസ്കരണ്ണാ, സമരം ജയിച്ചു.

മാനേജ്‌മന്റ് എല്ലാം സമ്മതിച്ചു.
ഭാസ്കരൻ, ആഞ്ജനേയ !ആഞ്ജനേയ! എല്ലാം നന്നായി നടക്കുന്നല്ലോ. അങ്ങയുടെ കൃപാ കടാക്ഷം.സമരക്കാർ, ജയാഘോഷമായി ,മുദ്രാവാക്യങ്ങൾ ഒക്കെ ആയി. ഗൗഡരെ തോളിലേറ്റി, ഫാക്ടറിക്ക് ഉള്ളിലേക്ക് പോയി.
കാലം ഒരുപാട് കഴിഞ്ഞു. ആൽ മരം പലതവണ പൂത്തു, തളിർത്തു, വണ്ണം വച്ച് ഭാസ്കരന്റെ ചായക്കടയ്ക്കും അമ്പലത്തിനും നടുവിലായി വലിയ തണലായി പടർന്ന് പന്തലിച്ച് നിൽക്കുന്നു. ഇപ്പോൾ നിരവധി കുരങ്ങുകൾ സ്വയ്യര്യമായി വിഹരിക്കുന്നു. ബോണ്ടയും, ബജിയുമാണ് അമ്പലത്തിലെ പ്രസാദം. അവ എല്ലാം ഇവിടുത്തെ കുരങ്ങൻ മാർക്കാണ്. അവയെതീറ്റുന്നത് തെന്നെ ഒരു പ്രധാനവഴിപാട് ആണ. അമ്പല ത്തിന്റെ അടുത്ത് ചായക്കടയോട് ചേർന്ന് ഇപ്പോൾ പ്രസാദത്തിനും, വഴിപാടിനുമായി പ്രത്യേകം കൗണ്ടർ ഉണ്ട്. ഈ കൗണ്ടർ നോക്കുന്നത് ഭാസ്കരന്റെ മക്കളാണ്. നാരങ്ങാ മാലകളുടെ കൌണ്ടർ ഭാര്യയാ നോക്കുന്നെ. ഭാസ്കരൻ ,ഇപ്പോളും ചായക്കടയിൽ തന്നെ. ഇപ്പൊൾ ചായക്കട എന്ന പറഞ്ഞുകൂടാ!! ചെറിയ ഹോട്ടൽ തന്നെ.ഗൗഡർ റിട്ടയർ ആയി.അദ്ദേഹം ഇപ്പോൾ നല്ല ഭക്തനാണ്, അമ്പലത്തിന്റെ പുനരുധരണ കമ്മറ്റി രക്ഷാധികാരിയാണ്.

ഭാസ്കരൻ ഇപ്പോളും അടിയുറച്ച ഭക്തനാണ്. താൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ എല്ലാ വളർച്ചയ്ക്കും, ഉയർച്ചക്കും പിന്നിൽ ആഞ്ജനേയ സ്വാമിയുടെ കൃപയും, കടാക്ഷവുമാണ്, ആ ചിരിക്ക് പിന്നിലും ആഞ്ചനേയ കൃപ തന്നെ!

ഷിജി പവിത്രൻ

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആഞ്ചനേയ കൃപ”

Leave a Reply

Don`t copy text!