Skip to content

മനോരഥം

cherukatha malayalam

നോക്കെത്താ ദൂരത്തു നീണ്ടു നിവർന്നു കിടക്കുന്ന പുഴ, അങ്ങിങ്ങായി ചാടിക്കളിക്കുന്ന പരൽ മീനുകൾ , പരസ്പരം കിന്നാരം പറഞ്ഞു വെറുതെ ശബ്ദമുണ്ടാക്കി ചിലക്കുന്ന കുളക്കോഴികൾ, കാറ്റിലൂടെ ഊളിയിട്ടുവരുന്ന കാടിൻറെ മര്മരങ്ങൾ…

ഇടവപ്പാതിയിലെ ചാറ്റൽ മഴയുള്ള രാത്രി….
” പതിനാറു വയസുള്ള കുഞ്ഞനന്തൻ ,തൻ്റെ ‌സ്വപ്‌നങ്ങൾ കൊണ്ട് മുറുക്കെ കെട്ടിയ ഒരു മുളം ചങ്ങാടത്തിൽ ആട്ടിന്കുട്ടിയെയും കൂട്ടി മെല്ലെ തുഴച്ചിൽ തുടർന്നു…”

മഴ കനത്താൽ യാത്ര കഠിനമാകും , അധികം അകലെയാക്കാതെ മുടിവിരിച്ചാടുന്ന വെള്ളച്ചാട്ടം
, ഇനിയും ഏറെ തുഴയാനുണ്ട് പുഴയുടെ അക്കരെയെത്താൻ ,ആകാശവും അവൻ്റെ മനസും ഒരുപോലെ കറുത്തിരുണ്ടു.

“ഷോളയാർ വനാന്തരങ്ങൾ തഴുകി വന്ന കുളിർ കാറ്റിന് ചോരയുടെ ഗന്ധം ആയിരുന്നു” .

വസൂരി ബാധയെത്തുടർന്ന് മാതാപിതാക്കളെ നഷ്ടപെട്ട ശേഷം കുഞ്ഞന് കൂട്ട് മുത്തശ്ശി മാത്രമാണ് ,സമപ്രായക്കാരുമൊത്തു കളിക്കുവാനും പഠിക്കുവാനും വിധി അവനു ഇടം നൽകിയില്ല , മുത്തശ്ശിയുടെ കലർപ്പില്ലാത്ത സ്നേഹമായിരുന്നു മുന്നോട്ടുള്ള ജീവിതത്തിനു അവനു ഊർജം നൽകിയത് .നാല് വര്ഷം മുൻപ് അമ്മാവന്റെ കൂടെയായിരുന്നു കാട്ടിലേക്കുള്ള അവന്റെ കന്നി യാത്ര, കാട് കയറുമ്പോഴൊക്കെ അയാൾ നൽകിയ കുറച്ചു പണമായിരുന്നു കുഞ്ഞന്റെ ഏക വരുമാനം.

മുഴു കുടിയനായ അമ്മാവൻ വൃക്കരോഗം ബാധിച്ചു ഇപ്പോൾ കിടപ്പിലാണ്, പണ്ടൊക്കെ വർഷത്തിൽ ഏഴും എട്ടും തവണ കാട് കയറുമായിരുന്നു, എന്നാൽ കഴിഞ്ഞ ആറു മാസമായി കാട് കയറിയിട്ട് , കുഞ്ഞനും മുത്തശ്ശിയും കടുത്ത പട്ടിണിയിലും…

ഇതിനിടയിൽ അമ്മാവനെ തിരക്കി അപരിചിതരായ പലരും വന്നു, കൂട്ടത്തിൽ ഏറ്റവും ഒടുവിൽ വന്ന സ്വർണ്ണപ്പല്ലുള്ള കൊമ്പൻ മീശക്കാരൻ കുഞ്ഞനെ അടുത്ത് വിളിച്ചു പറഞ്ഞു

” എടാ കൊച്ചനേ…നീയും കുറേയായില്ലേ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട് , അയാളെകൊണ്ടിനി ഒന്നിനും കൊള്ളില്ല….നീ വേണേചാ കാട് കയറിക്കോ,സാധനം കിട്ടിയാ നല്ല തുക ഞാൻ തരാം…”

ചാണകം മെഴുകിയ ഓലപ്പുരയും, ഒട്ടിയ വയറും, വയസ്സായ മുത്തശ്ശിയുടെ മുഖവും അവന്റെ മനസ്സിൽ കരിനിഴൽ ചിത്രങ്ങളായി തെളിഞ്ഞു . ലക്ഷ്യങ്ങൾ എളുപ്പവഴിയിൽ നേടുവാനായി സ്വർണ്ണപ്പല്ലുള്ള കൊമ്പൻ മീശക്കാരന്റെ പ്രലോഭനത്തിനു മനസ്സില്ലാമനസ്സോടെ അവൻ സമ്മതം മൂളി.

പ്രകൃതിയുടെ അമർഷമെന്നോണം മഴ കനത്തു തുടങ്ങി, ആട് ഉറക്കെ ചിണുങ്ങി , കുളക്കോഴികൾ ഓടിയൊളിച്ചു, ചങ്ങാടം കാറ്റത്തു ശക്തമായി ഉലഞ്ഞു. ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് സർവ്വശക്തിയുമെടുത്തു ദുർവിധിയുടെ നീർച്ചാലാകുന്ന കണ്ണീർപുഴയിൽ അവൻ മുളംതണ്ടു കൊണ്ട് ആഞ്ഞു കുത്തി.കൺപീലികളിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു , പക്ഷെ അവയ്ക്കൊന്നും കണ്ണിലെ ജ്വാലയെ കെടുത്താൻ അവൻ അനുവാദം നൽകിയില്ല.

ഏറെ നേരത്തെ കഠിനപരിശ്രമത്തിനൊടുവിൽ അവൻ മറുകരയെത്തി. മഴ തോർന്നു …പ്രകൃതിയുടെ ഉന്മാദഭാവങ്ങൾ ഉൾവലിഞ്ഞു , ഒരു നിസ്വിനിയായ നിശ്വസിച്ചു ശാന്തമായി കാട് അവനെ ഉള്ളിലേക്ക് വിളിച്ചു .

നല്ല ക്ഷീണമുണ്ടെങ്കിലും കുഞ്ഞൻ വിശ്രമിക്കാൻ കൂട്ടാക്കിയില്ല, ഇനിയും കുറേനടന്നാലേ ലക്ഷ്യസ്ഥാനം എത്തുകയുള്ളൂ എന്ന് അവനു അറിയാമായിരുന്നു.മണിക്കൂറുകൾ നടന്നു,ഒടുവിൽ തളർന്ന ആടിനെയും തോളിൽ ചുമന്നു വേച്ചു വേച്ചു കുഞ്ഞൻ തൻ്റെ സ്ഥിരം താവളമായ സർപ്പഗുഹയിലെത്തി.

ഒരു സർപ്പത്തിന്റെ വായിലേക്ക് കയറുന്നതുപോലെ ആയിരുന്നു ഗുഹയുടെ കവാടം , മനുഷ്യന്റെ അസ്‌ഥികളും ,തലയോട്ടികളും ഗുഹയുടെ ഇരുവശങ്ങളിലായി കുന്നുകൂടി കിടന്നു .അവയ്ക്കു മുകളിലിരുന്ന് കണ്ണുരുട്ടി ഒരു മൂങ്ങ അവനെ തുറിച്ചുനോക്കി .കാലൊച്ചകേട്ട കടവാവലുകൾ ബഹളമുണ്ടാക്കി കൂട്ടത്തോടെ പുറത്തേക്കു പറന്നു.

മനസ്സിൽ ധൈര്യം സംഭരിച്ചു ആടിനെയും കൂട്ടി ഒരു നേർത്ത ഇടവഴിയിലൂടെ അവൻ ഗുഹയ്ക്കു ഉള്ളിലേക്ക് നടന്നു, റാന്തൽ വിളക്ക് തപ്പിപ്പിടിച്ചു തിരിതെളിച്ചു ,അതിവിശാലമായ വലിയ ഒരു ഗുഹ,മഞ്ഞ വെളിച്ചത്തിൽ കണ്ട ചുമർ ചിത്രങ്ങളിൽ തെളിഞ്ഞതെല്ലാം രൗദ്രഭാവങ്ങൾ ആയിരുന്നു . പക്ഷെ തൻ്റെ ഓലപ്പുരയെക്കാൾ മികച്ച സജ്ജീകരണങ്ങൾ ആണ് അവിടെ ഉണ്ടായിരുന്നത് .തുകൽ മെത്തയും, വിറകടുപ്പും, എന്നുവേണ്ട ഒരു മാസം കഴിയുവാനുള്ള അരിയും ഉപ്പും വരെ അവിടെ കരുതിയിരുന്നു.

നേരം ഏറെ വൈകി ,കുഞ്ഞൻ നന്നേ ക്ഷീണിതനായിരുന്നു, ആടിനെ ഒരറ്റത്ത് കെട്ടിയിട്ട ശേഷം , തുകൽ മെത്തയിൽ കിടന്നു എല്ലാം മറന്നവൻ ഉറങ്ങി.

നേരം പരപരാ വെളുത്തു,ഈറനണിഞ്ഞ കുന്നിൻ ചെരുവിൽ സൂര്യൻ ആവേശത്തോടെ ഉദിച്ചു ,സർപ്പഗുഹയുടെ നേർത്ത വിടവുകളിലൂടെ സൂര്യകിരണങ്ങൾ അരിച്ചിറങ്ങി . പതിവിലും വിപരീധമായി ഇത്തവണ താൻ ഒറ്റയ്‌ക്കാണെന്ന ഓർമ്മയിൽ കുഞ്ഞൻ ഞെട്ടിയുണർന്നു .നേരം ഒട്ടും കളയാതെ ഗുഹക്കുള്ളിലുണ്ടായിരുന്ന ചെറിയ നീരുറവയിലെ തണുത്ത വെള്ളത്തിൽ അവൻ മുങ്ങിനിവർന്നു .ആടിന് പച്ചിലയും വെള്ളവും നൽകിയശേഷം അരി കഴുകി അടുപ്പത്തു വെച്ചു. ഇരുകൈകളും പുറകെകെട്ടി അസ്വസ്ഥനായി ,പുകയുന്ന അടുപ്പിനു ചുറ്റും വലംവെച്ചു കുറെ നേരം നടന്നു .

ഒടുവിൽ രണ്ടുംകല്പിച്ചു അത് എടുക്കാൻ തന്നെ അവൻ തീരുമാനിച്ചു, ഗുഹയുടെ വടക്കേകോണിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു പെട്ടി അവൻ പൊടി തട്ടി എടുത്തു.അതിൽ വല കെട്ടി കാവലിരുന്നു ചിലന്തിയെ തട്ടി മാറ്റിയ ശേഷം അതിലുള്ള ആയുധങ്ങൾ ഓരോന്നോരോന്നായി അവൻ പുറത്തെടുത്തു വെച്ചു .
“ഇരുതല മൂർച്ചയുള്ള വാള്, നീളൻ കത്തി, വലിയ വടം, പിന്നെ അമ്മാവന് വില്യം സായിപ്പ് സമ്മാനിച്ച പഴയ ഡബിൾ ബാരൽ തോക്ക്”.

കരിഞ്ചന്തയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പുലിത്തോൽ ആയിരുന്നു അവന്റെ ലക്‌ഷ്യം.ബ്രിട്ടീഷുകാരുടെയും ചില നാട്ടുരാജാക്കന്മാരുടെയും പ്രധാന വിനോദമായിരുന്നു വേട്ട,ചെറു പ്രായത്തിൽ വില്യം സായിപ്പിന്റെ സഹായിയായി കൂടിയ അമ്മാവൻ സ്വാതന്ദ്ര്യ ലബ്ധിക്കു ശേഷവും ഉപജീവനത്തിനായി വേട്ട തുടർന്നു .ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് കുഞ്ഞൻ എന്ന കുഞ്ഞനന്തൻ.

അധികാര ലഹരി തലക്കുപിടിച്ചു സ്വാഭാവിക ജീവിതം മടുത്ത ചില സായിപ്പന്മാർക്കു മറ്റൊരു ക്രൂര വിനോദം കൂടി ഉണ്ടായിരുന്നു “മനുഷ്യക്കുരുതി”

അതെ ,ആടിന് പകരം മനുഷ്യനെ ഇരയായി ഉപയോഗിച്ചിരുന്ന ഒരു കാലം …

ആരും തേടിവരാനില്ല എന്നുറപ്പുള്ള , ഉറ്റവരില്ലാത്തതോ , വസൂരി ബാധിച്ചതോ , കുറ്റവാളികളോ ആയ പാവപെട്ട നാട്ടുകാരെയാണ് അവർ ഇരയായി കണ്ടെത്തിയിരുന്നത് .വയറു നിറയെ ഭക്ഷണം നൽകിയ ശേഷം ,കയ്യും കാലും ചങ്ങലയിൽ ബന്ധിച്ചു ആടിന്റെ സ്ഥാനത്തു അവരെ കെട്ടിയിടും .മരണം മുന്നിൽ കണ്ടു ഒന്ന് കരയാൻ പോലും കഴിയാതെ മരിച്ച മനസ്സുമായി അവൻ നിർവികാരത പൂണ്ടുനിൽകും .

തൊട്ടടുത്ത് തന്നെ ഒരു ഏറുമാടത്തിൽ മുന്തിയ ഇനം സ്കോച്ച് വിസ്കിയും ,ചുട്ട കാട്ടുപോത്തിന്റെ ഇറച്ചിയും , കോഹിബ സിഗാറും, ഡബിൾ ബാരൽ തോക്കുമായി സായിപ്പു സ്ഥാനം പിടിക്കും .ലഹരി നുകർന്ന് മണിക്കൂറുകൾ അയാൾ കാത്തിരിക്കും ,ഒടുവിൽ പുലി മനുഷ്യനെ പിച്ചി ചീന്തുമ്പോൾ തോക്കിന്റെ കാഞ്ചി മനപ്പൂർവ്വം വലിക്കാതെ ,ജീവനുവേണ്ടി പിടയുന്ന മനുഷ്യനെ ഒരു പിശാചിനെപ്പോലെ കണ്ടാസ്വദിക്കും
.
അമ്മാവൻ പറഞ്ഞ സായിപ്പിന്റെ വികൃത മുഖം കുഞ്ഞന്റെ മനസ്സിൽ ഇന്നും ഒരു പേടിസ്വപ്നമായി തെളിഞ്ഞു നിന്നു.

സർപ്പഗുഹയുടെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരുന്ന അസ്ഥികൾക്കും ,തലയോട്ടികൾക്കും ജീവിച്ചു കൊതിതീരാത്ത പാവം അടിമകളായ മനുഷ്യന്റെ നീറുന്ന കഥകൾപറയാനുണ്ടായിരുന്നു.

“കറുത്ത കണ്ണുള്ള മൂങ്ങ ഒരുപക്ഷെ അവരുടെ ആത്മാവായിരിക്കും ”

നേരം ഉച്ചയോടടുത്തു …വാട്ടിയ ഇല കുമ്പിൾകുത്തി കലത്തിൽ നിന്നും കഞ്ഞിയെടുത്തു അവൻ ഊതിയൂതി കുടിച്ചു .ഒരു നിമിഷം അറിയാതെ അവൻ മുത്തശ്ശിയെ ഓർത്തു വിതുമ്പി .

ഇരയാകാൻ പോവുകയാണെന്നറിഞ്ഞിട്ടാണോ എന്ന് അറിയില്ല ,ആട് ഒരു ദൈന്യ ഭാവത്തിൽ കുഞ്ഞനെ നോക്കി .” ഇരുമ്പു പെട്ടിയിലെ ഇരുതല മൂർച്ചയുള്ള വാളിനേക്കാൾ തീക്ഷണത ആടിന്റെ ആ നോട്ടത്തിനുണ്ടായിരുന്നു ”

വേട്ടയ്ക്കുവന്നത് താനാണെങ്കിലും മനസിന്റെ പ്രക്ഷുബ്ധാവസ്ഥ അവനെ തിരിച്ചു വേട്ടയാടിക്കൊണ്ടേയിരുന്നു .ഏതോ ഒരു ശക്തി തന്നെ പുറകോട്ടു വലിക്കുംപോലെ അവനു അനുഭവപെട്ടു .

“നിയോഗം എന്നത് ഒരിക്കലും മുൻകൂട്ടി കല്പിക്കപ്പെട്ടിട്ടുള്ള ഒന്നല്ല ,അത് പരിപൂർണമായും സ്വന്തം തീരുമാനം ആണ്”, ഒരു ശക്തിക്കും കീഴടങ്ങില്ല എന്ന വാശിയോടെ ,ആത്മസംഘര്ഷത്തെ അതിജീവിച്ചതായി ഭാവിച്ചു , ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാൻ കൂസാതെ ,ഒരു വീരയോദ്ധാവെന്നോണം നെഞ്ചും വിരിച്ചു കാട്ടിലൂടെ അവൻ പുലിയെയും തേടി നടന്നു .

മഴക്കാലത്ത് കാല്പാദം പിൻതുടർന്നു പുലിയെ കണ്ടെത്തുക ക്ലേശകരമാണ് ,പക്ഷെ തന്റെ സാമ്രാജ്യം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ചില മരങ്ങളിൽ നഖം കൊണ്ട് മാന്തുന്ന ശീലം അവറ്റകൾക്കുണ്ടായിരുന്നു .അങ്ങനെ ഒരു മരം കണ്ടെത്തി ,അടുത്ത് ആടിനെയും കെട്ടി, അധികം അകലെയല്ലാതെ ഒരു ഏറുമാടവും ഒരുക്കാം എന്നായിരുന്നു കുഞ്ഞൻ മനസ്സിൽ കണ്ട പദ്ധതി .

എന്നാൽ പ്രകൃതി അവനെ മാറോടണച്ചു ,കാട്ടരുവികളും, ഇണക്കുരുവികളും, മാന്പേടയുമെല്ലാം ഇഴചേർന്ന കാടിൻറെ വശ്യമനോഹാരിതയിൽ അവൻ മെല്ലെ അലിഞ്ഞു …

മരക്കൂട്ടത്തിനിടയിലൂടെ നടന്നു നടന്നു അവൻ ഒരു വലിയ കുന്നിൻചെരുവിലെത്തി .അവിടെ പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് അവർണ്ണനീയമായിരുന്നു .

“മഞ്ഞപ്പൂക്കൾ അടുക്കിവെച്ചപോലെ പൂത്തുനിൽക്കുന്ന പുൽമേട് ‌, അതിൽ തേൻനുകർന്നു പാറി പറക്കുന്ന വെള്ള ശലഭങ്ങൾ , നിരനിരയായ് മേയുന്ന വരയാടിൻ കൂട്ടം”

ആ മായാലോകത്തു എല്ലാംമറന്നവൻ ലയിച്ചു നിന്നു …

മേഘങ്ങൾ ചാറ്റൽമഴയായ് സ്നേഹം വിളമ്പി, മഴത്തുള്ളികൾ തഴുകി വന്ന സായാഹ്നസൂര്യൻ അവനു വേണ്ടി സ്വപ്നവർണങ്ങളിൽ തുന്നി ഒരു മഴവിൽ ചിത്രം കുന്നിൻറെ കിഴക്കേകോണിൽ ഒരുക്കി വെച്ചു.വരാനിരിക്കുന്ന വസന്ത കാലത്തിൻറെ സുന്ദര നിമിഷങ്ങൾ അതിൽ പ്രതിഫലിച്ചു .തന്നെ പുറകോട്ടു വലിച്ചുകൊണ്ടിരുന്നു ശക്തി സ്വന്തം മനസാക്ഷി ആണെന്ന സത്യം അവൻ തിരിച്ചറിഞ്ഞു .

നേരം സന്ധ്യയായി …നക്ഷത്രങ്ങളെ പൂർണ്ണചന്ദ്രന്റെ കാവൽ ഏല്പിച്ചു സൂര്യൻ കുന്നിന്ചെരുവിലേക്കു മെല്ലെ മറഞ്ഞു . പ്രത്യാശയാകുന്ന നിലാവെളിച്ചത്തിൽ ആടിനെയും തോളിലേന്തി കുഞ്ഞൻ എന്നെന്നേക്കുമായി കാടിറങ്ങി…

“വിഷലിപ്തമായ മനസ്സിൻന്റെ ജീർണ്ണാവസ്ഥ മറികടന്ന് , ഒരു പ്രബുദ്ധ പ്രപഞ്ച സൃഷ്ടിയായി അപ്പോഴേക്കും അവൻ മാറിയിരുന്നു”

ശ്രീകേഷ് എസ് ആർ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മനോരഥം”

Leave a Reply

Don`t copy text!