Skip to content

മിഠായി സതീശൻ

aksharathalukal-malayalam-kathakal

ബാന്റ്മേളം അതിന്റെ ഫുൾ ടെമ്പോല് കൊട്ടിക്കേറിക്കൊണ്ടിരിക്കാ അതിന്റെ എടേക്കൂടിയാ ആ ഓളി കേട്ടത്. ഏതാണ്ട് ഏറു കൊണ്ട പട്ടി കരയണപോലെ . നല്ല പരിചയമുള്ള സ്വരം , പക്ഷേ ആരുടെയാന്ന് മനസ്സിലാവണില്ല .

അപ്പോഴാ പ്രേക്ഷിതൻ സുകു ഓടി വന്ന് പറഞ്ഞേ .

എടാ.., നമ്മുടെ അവറാൻ ചേട്ടനെ പൂരപ്പറമ്പിലിട്ട് ആരോ തല്ലുണൂന്ന് ..

അന്ന് ഞങ്ങടെ ഗ്രാമത്തിലെ പൂരാ അതിന്റെ ആഘോഷത്തില് ഒരുമാതിരി എല്ലാവരും നല്ല ഫിറ്റായിട്ടാ നടക്കണേ . പെയിന്റടിക്കാരൻ വാസു , വറീതിന്റെ കള്ളുഷാപ്പീന്ന് രണ്ടുകുപ്പി അടിച്ചു വന്ന് ബാന്റുമേളം നോക്കി കടത്തിണ്ണയിലിരിപ്പുണ്ട്. പെട്ടെന്നാ അയ്യോ ..ന്നൊരു നിലവിളി കേട്ടത് തിണ്ണയിലിരുന്ന വാസു താഴെ വീണുകിടപ്പുണ്ട്. ബാന്റുമേളം ആസ്വദിച്ച് ആസ്വദിച്ച് പാവം തിണ്ണയിലിരുന്ന് ഉറങ്ങിപ്പോയി. കട്ടിലിലാ കിടക്കണേന്ന വിചാരത്തില് ഒന്ന് തിരിഞ്ഞു കിടന്നതാ. ആ ദേഷ്യം വാസു തിണ്ണയോട് തീർത്തു.

തട്ടിയിടുന്നോ നായിന്റെ മോനേന്നും ചോദിച്ച് തിണ്ണക്കിട്ട് രണ്ടു ചവിട്ടും കൊടുത്താ വാസു പോയത്. മീൻകാരൻ മമ്മദിന്റെ നായ രാജു അപ്പുറത്ത് പൂരം കാണാൻ നിപ്പുണ്ടായിരുന്നു നായിന്റെ മോനേന്നുള്ള വിളിയും ചവിട്ടും കണ്ടപ്പോ ആ പാവം ജീവനും കൊണ്ടോടി പൂരം അടുത്തകൊല്ലം കാണാം.

ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ തരക്കേടില്ലാണ്ട് ആടുന്നുണ്ട് അല്ലെങ്കിലേ പാക്കരൻ ചേട്ടന് നടക്കുമ്പോ ചെറുതായിട്ടൊരു ആട്ടമുള്ളതാ വലിവിന്റെ അസുഖമുള്ള കാരണാന്നാ പാക്കരൻ ചേട്ടൻ പറയാറ്. ഇപ്പൊ രണ്ടും കൂടി ചേർന്ന് ഒരു മാതിരി നന്നായിത്തന്നെ പാക്കരൻ ചേട്ടൻ ആടുന്നുണ്ട്. പക്ഷേ ആരുമത് അറിയാണ്ടിരിക്കാൻ കൊട്ടിന്റെ താളത്തിനൊത്ത് ഡാൻസ് കളിക്കണ പോലെ കൈയ്യോണ്ട് താളം പിടിച്ചിട്ടാ നടക്കണത്, ആൾക്കാര് കാണുമ്പോ പാക്കരൻ ചേട്ടൻ ഡാൻസ് കളിക്കാന്നേ വിചാരിക്കത്തുള്ളൂ . അതിന്റെ എടേക്കൂടെ കാണുന്ന എല്ലാവരേം നോക്കി പാക്കരൻ ചേട്ടൻ ചിരിക്കുന്നുണ്ട്. സത്യത്തില് അത് പാക്കരൻ ചേട്ടൻ ചിരിക്കണതല്ല പാക്കരൻ ചേട്ടന്റെ ഉള്ളീ കിടക്കണ കള്ള് പാക്കരൻ ചേട്ടനെക്കൊണ്ട് ചിരിപ്പിക്കണതാ .

പാക്കരൻ ചേട്ടന്റെ കൂടെ പ്രേക്ഷിതൻ സുകുവുമുണ്ട്, സുകുവും നന്നായി മോന്തിയിട്ടുണ്ടെന്ന് നടത്തം കണ്ടാത്തന്നെ അറിയാം .

അങ്ങനെ ചിരിച്ച് ചിരിച്ച് പോണേന്റെ എടേലാ ചായ കുടിച്ച പറ്റു തരാനുള്ള ബ്രോക്കർ വേണുവിനെ കണ്ടത്. അപ്പോഴും പാക്കരൻ ചേട്ടൻ ചിരിച്ചു സത്യത്തിലത് ആളെ മനസ്സിലാവാണ്ട് ചിരിച്ചതായിരുന്നു . ആ ചിരി കണ്ടപ്പോ വേണുവിന് ഭയങ്കര സന്തോഷം പാക്കരൻ ചേട്ടൻ എല്ലാം മറന്നു അത് കാരണാ തന്നെ നോക്കി ചിരിച്ചേന്നാ വേണൂന്റെ വിചാരം .

തലേദിവസം പാക്കരൻ ചേട്ടന്റെ ചായക്കടേല് വെച്ച് പറ്റിന്റെ കാര്യോം പറഞ്ഞ് രണ്ടുപേരും നല്ല വഴക്കായിതാ. കടേലിക്ക് വന്ന വേണുവിന്റെ അടുത്ത് പറ്റുകാശ് തീർത്താലേ ഇനി ചായ തരത്തുള്ളുന്ന് പാക്കരൻ ചേട്ടൻ കട്ടായം പറഞ്ഞു .

എന്റെ ചേട്ടാ ഞാനിന്ന് പറ്റു മുഴുവനും തീർത്തീട്ടെ പോകത്തുള്ളൂ

എടാ എനിക്ക് നിന്നെ വിശ്വാസമില്ലാ, നീ ആദ്യം പറ്റു തീർക്ക് എന്നിട്ട് ചായ കുടിച്ചാ മതി .

ഇത് കണ്ടോന്നും ചോദിച്ച് വേണു ട്രൗസറിന്റെ പോക്കറ്റിന്ന് പേഴ്‌സ് എടുത്ത് കാണിച്ചു. ഇത് മുഴുവൻ കാശാന്നും പറഞ്ഞാ എടുത്ത് കാണിച്ചത് അത് കണ്ടതോടെ പാക്കരൻ ചേട്ടന്റെ കണ്ണ് മഞ്ഞളിച്ചു.

അന്ന് വേണു രണ്ടുകുറ്റി പുട്ടും രണ്ടു മുട്ടക്കറിയും, പിന്നെ ഒരു ഏത്തപ്പഴവും ചേർത്താ പൂശിയത്. വേണുവിന്റെ ആ തീറ്റ കണ്ട് ചായ കുടിക്കാൻ വന്ന തമിഴൻ മുരുകൻ വാ പൊളിച്ചിരുന്നു . ഏതായാലും ഇന്ന് മുഴുവൻ കാശും കിട്ടൂന്നുള്ള വിശ്വാസത്തില് പാക്കരൻ ചേട്ടനും നന്നായി വിളമ്പിക്കൊടുത്തു.

തീറ്റ കഴിഞ്ഞ് പേഴ്സ് തുറന്ന വേണുവിന്റെ മുഖം പുട്ട് പോലെ വിളറി, വേണുവിന്റെ മുഖം വിളറണ കണ്ടതോടെ പാക്കരൻ ചേട്ടന്റെ മുഖവും വിളറി. പേഴ്സില് മുഴുവൻ കടലാസ്സു കഷ്നങ്ങള് അടക്കി വെച്ചേക്കാന്ന് പാക്കരൻ ചേട്ടന് അപ്പോഴാ മനസ്സിലായത്.

ഇതിന്റെ എടേലു അഞ്ഞൂറ് രൂപാ വെച്ചിരുന്നതാ എന്റെ ചേട്ടാ

എന്നിട്ടാ അഞ്ഞൂറ് പേഴ്സിന്നിറങ്ങിപ്പോയോ ?

സത്യമായിട്ടും ഞാൻ വെച്ചതാ ചേട്ടാ

വേണോ നിന്റെ വിളച്ചിലൊന്നും എന്റടുത്ത് വേണ്ടാ, മര്യാദക്ക് കാശ് വെച്ചിട്ട് പോടാ .

എന്റെ ചേട്ടാ പേഴ്സ് മാറിപ്പോയതാ ഞാനിപ്പോ കാശെടുത്തിട്ട് വരാട്ടാ .

അത് സമ്മതിക്കാണ്ട് പാക്കരൻ ചേട്ടനും നിവൃത്തിയില്ല ഏതായാലും തിന്ന പുട്ടും മുട്ടയും തിരിച്ച് കിട്ടത്തില്ല ആ നേന്ത്രപ്പഴമെങ്കിലും കൊടുക്കാണ്ടിരിക്കായിരുന്നു. വേണു വേണ്ടാ വേണ്ടാന്ന് പറഞ്ഞിട്ടും പാക്കരൻ ചേട്ടൻ നിർബന്ധിച്ച് കൊടുത്തതാ ആ നേന്ത്രപ്പഴം.

തനിക്ക് അങ്ങനെത്തന്നെ വേണടോന്നും പറഞ്ഞ് തൊലി താഴേക്കിടപ്പുണ്ട് മര്യാദക്ക് ആ കോലേമേ തൂങ്ങിക്കിടന്നതാ.

ദേ ഞാനിപ്പോ കാശെടുത്തിട്ട് വരാന്നും പറഞ്ഞ് മുങ്ങിയ വേണുവിനെ പിന്നെ ഇപ്പോഴാ കാണണെ .

എടാ ചെറ്റേ ന്നും വിളിച്ചോണ്ട് പാക്കരൻ ചേട്ടൻ വേണൂന്റെ കരണക്കുറ്റി നോക്കി ഒറ്റ പെട. എന്റെ പറ്റു കാശ് എവിടെയെടാ റാസ്ക്കൽന്നും ചോദിച്ചോണ്ടാ പാക്കരൻ ചേട്ടൻ പൂശിയത് . ചിരിച്ചോണ്ട് വന്ന വേണു അത് കിട്ടിയതോടെ നാട്ടാരെ നോക്കി ഒറ്റ കരച്ചില് , അതോടെ പാക്കരൻ ചേട്ടൻ തന്നെ നോക്കി ചിരിച്ചതല്ലാന്ന് വേണൂന് മനസ്സിലായി .ഈ അടി പറ്റിലേക്ക് വരവു വെച്ചോളാൻ പറഞ്ഞ് ചെകിടും തിരുമ്മി വേണു പോയി . എന്നാ ഇതുകൂടി പിടിച്ചോളാൻ പറഞ്ഞ് പാക്കരൻ ചേട്ടൻ പിന്നാലെ ചെന്നതാ പക്ഷെ, വേണു ഓടി. പാക്കരൻ ചേട്ടനും പിന്നാലെ ഓടാൻ നിന്നതാ പക്ഷേ പാക്കരൻ ചേട്ടന്റെ വലിവ് പാക്കരൻ ചേട്ടനെ പിടിച്ചു നിറുത്തി, ആവശ്യമില്ലാത്ത പണിക്ക് പോണോ പാക്കരാന്നും ചോദിച്ച് .

ഈ സമയത്താ എഴുന്നിള്ളിക്കാൻ കൊണ്ടു വന്ന ചേലക്കര ശങ്കരൻ ഇടഞ്ഞൂന്നും പറഞ്ഞ് ആരോ ഓളിയിട്ടത് അത് കേട്ടതോടെ വലിവ് പാക്കരൻ ചേട്ടനേം കൊണ്ടോടി . പൂരപ്പറമ്പില് ആകെ ബഹളം. ചേലക്കര ശങ്കരൻ തുമ്പിക്കയ്യിട്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നുണ്ട് പാപ്പാനെവിടെ ഒന്നാം പാപ്പാൻ രാവുണ്ണിനെ കാണാനില്ല രാവുണ്ണി രണ്ടാം പാപ്പാൻ മൊയ്തൂനെ ഏല്പിച്ച് രണ്ടെണ്ണം അടിക്കാൻ പോയതാ മൊയ്തു പേടിച്ച് വിറച്ച് അപ്പുറത്ത് നിപ്പുണ്ട് ആനക്കോലും പിടിച്ചാ മൊയ്‌തു നിക്കണത് സത്യത്തില് ആനക്കോലിന്റെ ബലത്തിലാ മൊയ്തു നിക്കണത് തന്നെ . മെമ്പറ് സുകേശൻ ആനപ്പുറത്തിരുന്ന് കരയുന്നുണ്ട് . സുകേശൻ വല്യ ആനക്കമ്പക്കാരനാ എവിടെ ആനേനെ കണ്ടാലും അതിനെ തൊട്ടും തലോടിയും നിക്കും . മൊയ്തൂന് അമ്പതു രൂപാ കൈക്കൂലി കൊടുത്തിട്ടാ സുകേശൻ ആനപ്പുറത്ത് കേറീത് അതോടെയാ ശങ്കരന്റെ പരാക്രമം തുടങ്ങീത് ചിലപ്പോ കൈക്കൂലി കൊടുത്തത് ശങ്കരന് ഇഷ്ട്ടപ്പെട്ടീട്ടുണ്ടാവില്ല .

പാപ്പാനേ വിളിക്ക് പാപ്പാനെ വിളിക്ക് ന്ന് എല്ലാവരും കിടന്ന് അലമുറയിടാ. മൊയ്തുവാണെങ്കീ കുന്തം വിഴുങ്ങിയ പോലെ അന്താളിച്ചു നിപ്പുണ്ട്

എടോ പാപ്പാനേ എന്തെങ്കിലും ചെയ്യ് .. ചെയ്യെന്ന് മൊയ്തൂനെ നോക്കി എല്ലാവരും ഓളിയിട്ട് പറയുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ പോയിട്ട് പേടിച്ച് വിറച്ച് നിന്നോടുത്തുനിന്ന് അനങ്ങാൻ പോലും പറ്റാണ്ടാ മൊയ്തു നിക്കണത് . കാലെങ്കിലും അനങ്ങിക്കിട്ടിയിരുന്നെങ്കി മൊയ്തു ഓടിയേനേ.

എന്റെ ദേവിയേ .., ദേവിയേ ന്നും വിളിച്ച് സുകേശൻ ആനപ്പുറത്തിരുന്ന് വാവിട്ട് കരയുന്നുണ്ട്, ഞാൻ കേറാൻ വേണ്ടി കാത്തിരിക്കായിരുന്നോ എന്റെ ദേവിയേ..? സുകേശന്റെ ആ കരച്ചില് കേട്ട് ദേവിക്ക് വരെ സങ്കടം വന്നു . ആ സമയത്താ ശങ്കരൻ ചിന്നം വിളിച്ചത് അത് കേട്ടതോടെ മൊയ്തു ഞെട്ടി, അതോടെ മൊയ്തൂന്റെ കാലുകൾ ഭൂമിയിൽ നിന്നും റിലീസായി ആ കാലുകൾ മൊയ്‌തുനേം കൊണ്ടു പാഞ്ഞു .

സുകേശൻ പേടിച്ചിട്ട് ആനപ്പുറത്തിരുന്ന് മുള്ളി.

ആനക്ക് മദം പൊട്ടിന്നാ തോന്നണേ ദേ കണ്ടില്ലേ വെള്ളം ഒഴുകണത് ഗൾഫ്‌കാരൻ ഭാസ്കരൻ ചേട്ടനാ വിറച്ചോണ്ടത് പറഞ്ഞേ

എന്റെ ചേട്ടാ അത് ആനക്ക് മദം പൊട്ടിയതല്ലാ സുകേശൻ പേടിച്ചിട്ട് മൂത്രമൊഴിച്ചതാ

ആരെങ്കിലും പോയി പാപ്പാനേ വിളിച്ചോണ്ട് വായോ ഇല്ലെങ്കിലവൻ ആനപ്പുറം മുഴുവൻ വൃത്തികേടാക്കും എഴുന്നിള്ളിക്കാൻ കൊണ്ടുവന്ന ആനയാ .

ഈ സമയത്താ ആരോ പറഞ്ഞേ പാപ്പാൻ രാവുണ്ണി നമ്മടെ വറീതിന്റെ കള്ളു ഷാപ്പിലുണ്ടെന്ന്

പ്രേക്ഷിതൻ സുകു സൈക്കിളില് പറന്നിട്ടാ പോയത്

എന്റെ രാവുണ്ണിയേട്ടാ ആനയവിടെ മദം പൊട്ടി നിക്കണൂ..

എന്റെ സുകുവേ ഞാനിതൊന്ന് തീർത്തിട്ട് വരാടാ..,

ചേട്ടാ അതൊക്കെ പിന്നെ തീർക്കാം സുകേശൻ അവിടെയിരുന്ന് വാവിട്ട് കരയാ

ശങ്കരന് മദം പൊട്ടിയതിന് സുകേശനെന്തിനാ കരയണേ ?

എന്റെ ചേട്ടാ സുകേശൻ ആനപ്പുറത്തിരിക്കാണ്

ആയ്.. അവനെയാരാ ആനപ്പുറത്ത് കയറ്റിത് നമ്മുടെ മൊയ്‌തുവില്ലേ അവിടെ

മൊയ്തൂനെ കാണാനില്ല …

ആ പാവം ജീവനും കൊണ്ട് ഓടിയ .. ഓട്ടാ, അങ്ങ് ആനയില്ലാത്ത നാടുവരേക്കും ഓടി

രാവുണ്ണിനെ കണ്ടതോടെ ശങ്കരൻ അടങ്ങി . ഇത് ശങ്കരന്റെ തമാശയാന്നാ രാവുണ്ണി പറഞ്ഞത്, ഇടക്കിടക്ക് ഇങ്ങനെ കാട്ടാറുണ്ടത്രെ .

അത് കേട്ട് സുകേശൻ കരഞ്ഞു ആനപ്പുറം മുഴുവൻ വൃത്തി കേടാക്കിയിട്ടാ സുകേശൻ ഇറങ്ങീത്. ഭാഗ്യത്തിന് ശങ്കരനത് അറിഞ്ഞില്ല അല്ലെങ്കീ സുകേശനെ ചവിട്ടി കൊന്നേനേ . രാവുണ്ണി, ശങ്കരനെ മൂന്നു മണിക്കൂറോളം വെള്ളത്തീ കിടത്തിയിട്ടാ വൃത്തിയാക്കിയെടുത്തത്.

അതോടെ സുകേശന്റെ ആനഭ്രമം തീർന്നു കിട്ടി ഇപ്പൊ ആനാന്ന് കേട്ടാലേ സുകേശന് പനി വരും . സുകേശൻ വരുന്നുണ്ടെന്ന് കേട്ടാ ആനകളും വഴിമാറിപ്പോവും.

എന്റെ ക്‌ളാസ്സ് മേറ്റ് ശിവനും ഞങ്ങളുടെ കൂടെയുണ്ട് അവനും ഫിറ്റാ അവന്റെ അച്ഛൻ സുധാകരേട്ടൻ കൊടുത്തതാന്നാ പറഞ്ഞേ, പക്ഷേ അവൻ സുധാരേട്ടൻ കൊണ്ടുവന്ന് വെച്ചതീന്ന് കട്ടെടുത്ത് കുടിച്ചതാ എന്നിട്ട് അറിയാണ്ടിരിക്കാൻ അതില് വെള്ളം ഒഴിച്ചുവെച്ചു . സുധാകരേട്ടൻ വന്ന് കട്ടക്ക് രണ്ട് ഗ്ലാസ്സ് മോന്തിയിട്ടും ഒന്നും ആവണില്ല പാവം വെള്ളത്തിലാ വെള്ളം ഒഴിച്ച് അടിച്ചോണ്ടിരുന്നത് . ആ റപ്പായീനെ ഇന്ന് ഞാൻ കൊല്ലൂന്നും പറഞ്ഞ് വാറ്റുകാരൻ റപ്പായിയുടെ അടുത്തേക്ക് സൈക്കിളെടുത്ത് പാഞ്ഞിട്ടാ സുധാരേട്ടൻ പോയത് . പൂരം ആയ കാരണം ഇല്ലാത്ത കാശും കൊടുത്ത് വാങ്ങീതാ .

സംഗതി ശിവൻ എന്റെ ക്‌ളാസ്സ് മേറ്റാണെങ്കിലും വയസ്സോണ്ടും ശരീരം കൊണ്ടും ആള് ഡിഗ്രിക്ക് പഠിക്കാ . എല്ലാ ക്ലാസ്സിലും ഒന്നോ രണ്ടോ കൊല്ലം തോറ്റിട്ടാ ശിവൻ വരാറ് അത്രേം അത്മബന്ധം ഓരോ ക്ലാസ്സുമായിട്ട് ശിവൻ പുലർത്താറുണ്ട് . നന്നായി പഠിക്കായിരുന്നെങ്കീ ഇപ്പോ ഏതെങ്കിലും ജോലിക്ക് പോവണ്ടോനാന്നാ പീതാംബരൻ മാഷ് ഇടക്കിടക്ക് പറയാറ്.

ഞങ്ങടെ സ്‌കൂളിലെ മാഷുമാരുടെ ഒരേ ഒരു തലവേദന ശിവനാ . ഹെഡ്മാഷ് തന്നെ പറഞ്ഞേക്കണത് എങ്ങിനെയെങ്കിലും ആ മാരണത്തെ ജയിപ്പിച്ച് വിടാനാ പക്ഷേ എങ്ങനെ മാർക്ക് കൊടുത്തിട്ടും ശിവൻ മാത്രം ജയിക്കില്ല . .എന്ന് വെച്ച് എന്തോരം മാർക്കാ എന്റെ മാഷേ വെറുതേ കൊടുക്കാന്നാ നളിനി ടീച്ചറ് ഒരു പ്രാവശ്യം ഹെഡ് മാഷിനോട് ചോദിച്ചത് . ശിവന്റെ ഉത്തരപേപ്പറ് കണ്ടപ്പോ ടീച്ചർ ആദ്യം വിചാരിച്ചത് സംസ്കൃതം ക്ലാസ്സിലെ ഏതോ കുട്ടിയുടേതാന്നാ പിന്നെ സംശയം തോന്നീട്ട് ഒന്നുകൂടി നോക്കിയപ്പോഴാ ആളെ മനസ്സിലായത് .., അവന്റെ എഴുത്ത് കണ്ടാ സംസ്കൃതം പോല്യാ തോന്നാ പാവം ടീച്ചർ ഒരു ദിവസം മുഴുവനും ഇരുന്നിട്ട് ഒരക്ഷരം വായിക്കാൻ പറ്റാണ്ട് കരഞ്ഞു അവസാനം പീതാംബരൻ മാഷാ പറഞ്ഞേ

എന്റെ ടീച്ചറേ അവന്റെ പേപ്പറ് നോക്കീട്ട് വെറുതേ പ്രാന്ത് വരത്തണ്ടാ ഉത്തരത്തിന്റെ എന്തെങ്കിലും ഒന്നോ രണ്ടോ അക്ഷരം ഉണ്ടെങ്കീ വല്ല മാർക്കും കൊടുത്തേക്ക് .

ശിവന്റെ പേപ്പറില് ഒറ്റ ഉത്തരം പോലും ശരിയായി ഉണ്ടാവാത്ത കാരണം പലപ്പോഴും മാഷെന്നെ ഒന്നോ രണ്ടോ ഉത്തരം എഴുതിവെച്ചിട്ട് അതിനു മാർക്കിട്ടു കൊടുക്കാറാ പതിവ് .

എനിക്കെന്താ മാഷേ മാർക്ക് കുറഞ്ഞു പോയല്ലോന്നും ചോദിച്ച് ശിവൻ പീതാംബരൻ മാഷിന്റെ അടുത്ത് വഴക്കിന് പോവാറുള്ളതാ . പാവം പീതാംബരൻ മാഷ് സ്വന്തം തലേലെന്നെ രണ്ടിടി ഇടിച്ചിട്ടാ വിഷമം മാറ്റാറ്.

വല്യ വല്യ ആഗ്രഹങ്ങളാ ശിവന്.., എന്താവാനാ ആഗ്രഹം ന്ന് ചോദിച്ചാ ഐ പി എസ് കാരനാവണന്നാ ശിവൻ പറയാറ് . ശിവന്റെ അച്ഛൻ സുധാകരേട്ടനും ശിവൻ ഐ പി എസ് കാരനാവണതാ ഇഷ്ടം .

എല്ലാ സിനിമാ നടന്മാരുടേയും പോലീസ് ഫോട്ടോ ശിവന്റെ വീട്ടിലുണ്ട് .

പൂരായ കാരണം ശിവന്റെ അച്ഛൻ എനിക്കും എന്തെങ്കിലും തരൂന്നും വിചാരിച്ച് ഞാൻ കുറേനേരം ചുറ്റിപറ്റി നിന്നതാ പക്ഷേ തന്നില്ല . ഞാൻ ശിവനോട് കണ്ണോണ്ട് കാണിച്ചതാ എനിക്ക് തരാൻ പറയാൻ പക്ഷേ അവനത് കാണാത്ത പോലെ നിന്നു അപ്പളാ അവന്റെ അച്ഛൻ കുപ്പീം കൊണ്ട് ഒരു വെടിച്ചില്ല് പോലെ പുറത്തേക്ക് പാഞ്ഞത് . ഞാൻ വിചാരിച്ചെ എനിക്ക് തരാണ്ടിരിക്കാനാ അങ്ങേര് കുപ്പീം കൊണ്ട് പായണെന്നാ .

പെരുന്നാള് വരട്ടെ ഒരു തുള്ളി പോലും ഞാൻ കൊടുക്കത്തില്ലാ.

എടാ അതിലപ്പടി വെള്ളാന്നും പറഞ്ഞ് അങ്ങേര് നമ്മടെ റപ്പായീനെ തല്ലാൻ പോയതാ . ഇപ്പൊ എങ്ങന്യാ ശിവൻ ഫിറ്റായേന്ന് എനിക്ക് മനസ്സിലായി. പാവം റപ്പായി മനസ്സാ വാചാ അറിയാത്ത കാര്യത്തിനാ തല്ലു കൊള്ളാൻ പോണത് .

അവറാൻ ചേട്ടന്റെ ഓളി കേട്ട് ഞങ്ങളെല്ലാവരും ഓടിച്ചെന്നു നോക്കുമ്പോ അവറാൻ ചേട്ടൻ പമ്പരം പോലെ നിന്ന് കറങ്ങുന്നുണ്ട് . ഏതോ കളരി മുറ കാണിക്കാന്നാ ഞങ്ങളാദ്യം വിചാരിച്ചത്. അവറാൻ ചേട്ടനാണെങ്കീ പഴേ കളരിയാ ചൂണ്ടാണി മർമ്മമൊക്കെ അറിയാവുന്ന ആളാ. ഒരാളെ നോക്കി ചൂണ്ടിക്കഴിഞ്ഞാ അയാള് അങ്ങനെത്തന്നെ നിക്കൂത്രെ. ശിവനാ എന്നോടിത് പറഞ്ഞത് . അത് പഠിക്കാൻ വേണ്ടി ഞാൻ കുറെ കള്ള് അവറാൻ ചേട്ടന് വാങ്ങിക്കൊടുത്തീട്ടുള്ളതാ . ഈ ചൂണ്ടാണി മർമ്മം പഠിച്ചു കഴിഞ്ഞിട്ടു വേണം എനിക്ക് ജിമ്മൻ കുമാറിനെ പോയി ഇടിക്കാൻ .

കുമാറ് ജിമ്മെടുക്കുമ്പോഴാ ഞാൻ ചൂണ്ടാണി മർമ്മം കാണിക്കാ അനങ്ങാൻ പറ്റാണ്ട് നിക്കണ കുമാറിനെ എന്തോരം വേണെങ്കിലും ഇടിക്കാലോ ?. ജിമ്മൻ കുമാറിന് എപ്പോഴും എന്നെ കാണുമ്പോ ഒരു പുച്ഛാ ഞാൻ ആദ്യം കുമാറിന്റെ അടുത്താ ജിമ്മിന് പോയത് . അർണോൾഡിന്റെ പടം കണ്ടപ്പൊ അർണോൾഡ് ആവണന്നും പറഞ്ഞാ ജിമ്മിന് പോയത്. ഞാൻ വിചാരിച്ചെ ഏതാണ്ട് ഒരു ആറു മാസം കൊണ്ടൊക്കെ അർണോൾഡാവാന്നാ ഞാനത് ജിമ്മൻ കുമാറിനോട് ചോദിക്കേം ചെയ്തു . കുമാറ് പറഞ്ഞത് ഒരു മാസം കൊണ്ടെന്നെ എന്നെ അർണോൾഡ് ആക്കിത്തരാന്നാ.

സംഗതിയത് കുമാറെന്നെ ഒന്ന് ആക്കിയതായിരിന്നു അപ്പോഴെനിക്കത് മനസ്സിലായില്ല.

ആ സമയത്താ ജാക്കി ചാന്റെ ഒരു പടം കണ്ടിട്ട് എനിക്ക് ജാക്കി ചാനാവണന്ന് തോന്നീത് . അതോടെ അർണോൾഡിനെ ഒരു മൂലക്കിരുത്തിയിട്ട് ഞാൻ ജാക്കി ചാനാവാൻ തമ്പി മാഷ്ടെ അടുത്ത് കരാട്ടെ പഠിക്കാൻ പോയി .

അമ്മ അറിയാണ്ട് തേങ്ങേടെ കാശ് അവറാൻ ചേട്ടന്റെ അടുത്തൂന്ന് അഡ്വാൻസ് വാങ്ങീട്ടാ ഞാൻ അർണോൾഡും , ജാക്കി ചാനും ആവാൻ പോയത് , ഇതറിഞ്ഞതോടെ ‘അമ്മ ബ്രൂസിലിയായി പാവം അവറാൻ ചേട്ടൻ രണ്ടുപ്രാവശ്യം ഫ്രീ ആയിട്ട് തെങ്ങ് കേറീകൊടുത്തീട്ടാ അമ്മേടെ മേത്തൂന്ന് ബ്രൂസിലീടെ ബാധേനെ ഒഴിവാക്കീത്

എന്താ നീ ജിമ്മിന് വരാത്തേന്ന് കുമാർ ചോദിച്ചപ്പോ കരാട്ടെ പഠിക്കണതാ നല്ലതെന്നാ ഞാൻ കുമാറിനോട് പറഞ്ഞേ അതീപ്പിന്നെ എന്നെ എപ്പോ കാണുമ്പോഴും ഡേയ് ജാക്കിച്ചാൻ ന്നും പറഞ്ഞ് കുമാറെന്നെ കളിയാക്കും. എനിക്കത് കേക്കുമ്പോ തന്നെ ചൊറിഞ്ഞു വരും പക്ഷെ ഞാനൊരു ജാക്കി ചാൻ ആവാത്തതുകൊണ്ട് ആ ചൊറിച്ചല് ഞാൻ മാന്തി തീർത്തു. കുമാറിന് എന്നെ ഒന്ന് ഞൊട്ടാൻ പോലും ഇല്ല .

അവസാനാ അവറാൻ ചേട്ടന്റെ അടുത്തൂന്ന് ചൂണ്ടാണി മർമ്മം പഠിച്ചിട്ട് കുമാറിനിട്ട് രണ്ടു പൊട്ടിക്കണം എന്നുള്ള മോഹം എന്നിലുദിച്ചത്. പക്ഷേ എത്രെ കള്ളു വാങ്ങിക്കൊടുത്തീട്ടും അവറാൻ ചേട്ടൻ എനിക്കത് പറഞ്ഞു തന്നില്ല കുട്ടികള് പഠിക്കാൻ പാടില്ലത്രേ .

വലുതാവുമ്പോ ഞാൻ പഠിപ്പിച്ചു തരാന്നും പറഞ്ഞ് എന്റെ കൈയ്യീന്ന് വീണ്ടും കള്ള് വാങ്ങിക്കുടിക്കാൻ നോക്കിയതാ, പക്ഷേ വലുതാവുമ്പോ വാങ്ങിത്തരാന്നും പറഞ്ഞ് ഞാൻ മുങ്ങി . കാശും കുടുക്ക പൊളിച്ച കാശാ അവറാൻ ചേട്ടൻ കുടിച്ചു തീർത്തത്, പെരുന്നാളിന് ഒരു ജീൻസ് വാങ്ങായിരുന്നു .

ഏതായാലും അവറാൻ ചേട്ടൻ നിന്ന് കറങ്ങണ കണ്ടപ്പോ ഞങ്ങള് വിചാരിച്ചെ ഏതോ അടവ് കാണിക്കാൻ പോവാന്നാ പക്ഷേ പിന്ന്യാ മനസ്സിലായത് ആള് അടി കിട്ടീട്ട് നിന്ന് കറങ്ങണതാന്ന് കറങ്ങി കറങ്ങി അവറാൻ ചേട്ടൻ ഭൂമിയിലോട്ട് താഴ്ന്നു പോവോ? അത്രേം സ്പീഡിലാ പാവം നിന്ന് കറങ്ങണത് നല്ല ഇടിയാ കിട്ടിയേക്കണേന്ന് കറക്കത്തിന്റെ സ്പീഡ് കണ്ടാലറിയാം . അരേല് ആകെക്കൂടി ഒരു ട്രൗസറ് മാത്രേയുള്ളൂ സൂക്ഷിച്ച് നോക്കിയാ മുണ്ട് കാണാം ഞാനാദ്യം വിചാരിച്ചത് അത് ബെൽറ്റാന്നാ.

ഞാൻ ബെൽറ്റല്ലാ , മുണ്ടാന്നും പറഞ്ഞ് അത് അവറാൻ ചേട്ടന്റെ ആരേല് ചുരുണ്ടിരിപ്പുണ്ട് . വേറൊരാള് താഴത്തും വീണു കിടപ്പുണ്ട് .

ഈശ്വരാ, അവറാൻ ചേട്ടൻ അയാളെ കൊന്നോ ? സൂക്ഷിച്ചു നോക്കിയപ്പോഴാ ആളെ മനസ്സിലായത് മീൻകാരൻ മമ്മദാണ് . . അടി കിട്ടി വീണ് കിടക്കണതാ ഇടിയ്ക്കിടക്ക് മമ്മദ് തല പൊക്കി നോക്കുന്നുണ്ട് . സംഗതി അവറാൻ ചേട്ടനും മമ്മദും നല്ല ഫിറ്റാ .

പൂരായ കാരണം വറീതിന്റെ കള്ളു ഷാപ്പീന്നു രാവിലെ തൊട്ട് തൊടങ്ങിയ അടിയാ രണ്ടുപേരും അതും പോരാഞ്ഞു വാറ്റുകാരൻ റപ്പായീടെ അടുത്തൂന്ന് നല്ല നാടനും വാങ്ങി അടിച്ചേക്കണൂ .

ഏതാണ്ട് ഉച്ചയാവാറായപ്പോഴാ വറീത് നിർബന്ധിച്ച് അവറാൻ ചേട്ടനേം മമ്മദിനേം പറഞ്ഞയച്ചേ

എന്റെ അവറാനെ രാവിലെ തൊട്ട് തൊടങ്ങീതല്ലേ , നിറുത്ത്, ഇനി ഒരു തുള്ളി പോലും ഞാൻ തരത്തില്ലാട്ടാ

നീ ആരെടാ എന്നെ ഉപദേശിക്കാൻ നായിന്റെ മോനേന്നും ചോദിച്ച് അവറാൻ ചേട്ടൻ ചൂടായി വറീതിന്റെ അടുത്തോട്ട് ചെന്നതാ .

കള്ള് കുടിച്ചാ വയറ്റികിടക്കണം അല്ലാതെ ചെരക്കാൻ വന്നാ അരിഞ്ഞു കളയൂന്നും പറഞ്ഞ് വറീത് കറിക്കരിയണ കത്തിയെടുത്തതാ .

അതോടെ പാഞ്ഞു ചെന്ന അവറാൻ ചേട്ടൻ ഒരു സഡൻ ബ്രെക്കിട്ടു വറീതാണെങ്കീ ഒരു ഒരുപോക്കനാ അന്തോം കുന്തോം ഇല്ലാത്തോൻ ചിലപ്പോ പറഞ്ഞ പോലെ തന്നെ ചെയ്യും . പൂരായിട്ട് വെറുതേ വറീതിന്റെ കത്തിക്ക് പണികൊടുക്കണ്ടാന്ന്
അവറാൻ ചേട്ടന്റെ ബുദ്ധിയും അവറാൻ ചേട്ടന് ഉപദേശം കൊടുത്തു .

വറീത് കത്തിയെടുത്തവശം മമ്മദ് ഓടാനായി എണീറ്റതാ, ഈ അവറാൻ വറീതിന്റെ കൈയ്യീന്ന് തല്ലുവാങ്ങിവെക്കും അതിന്റെ പകുതി ചിലപ്പോ തനിക്കും കിട്ടും . സംഗതി അവറാൻ ചേട്ടനാണ് കുടിക്കണതിനെല്ലാം കാശു കൊടുക്കണത് അത് കാരണം മമ്മദിന് ഓടാനൊരു മടി . ഇനീം കുറേ കുടിക്കാനുള്ളതാ ഓടിക്കഴിഞ്ഞാ അത്പോവും ആ ഒറ്റ കാരണം കൊണ്ടാ മമ്മദ് ഓടാണ്ടിരുന്നേ. കള്ളിനു വേണ്ടി ഒരടി കൊണ്ടാലും കുഴപ്പില്ലെന്ന് മമ്മദ്, മമ്മദിനോടെന്നെ സ്വയം പറഞ്ഞു ആശ്വസിപ്പിച്ചു.

അവറാനേ നമുക്കാ റപ്പായിയുടെ അടുത്തോട്ട് പോവാടാ.., ഇവന്റെ ആനമയക്കി ഇനി നമുക്ക് വേണ്ടാട്ടാന്നും പറഞ്ഞ് മമ്മദാ അവറാൻ ചേട്ടനേം കൊണ്ട് വാറ്റുകാരൻ റപ്പായിയുടെ അടുത്തേക്ക് പോയത് .

എന്റെ അവറാനെ ആവശ്യത്തിനുള്ളതായില്ലേ ഇനിയെങ്കിലും വീട്ടീപ്പോയിക്കൂടേ?

നീ പോടാ മൈ ..ന്നും പറഞ്ഞ് മുട്ടനൊരു തെറിയാ അവറാൻ ചേട്ടന്റെ വായീന്ന് പുറത്തേക്ക് ചാടിവന്നത് അത് കേട്ടവശം വറീത് അകത്തേക്ക് പോയി . കത്തി എടുക്കാനായിരിക്കും വറീത് അകത്തേക്ക് പോയേന്നും വിചാരിച്ച് അവറാൻ ചേട്ടനും മമ്മദും മുങ്ങി.

മെയിൻ റോഡീക്കൂടെ പോയ ചിലപ്പോ എസ് ഐ ഇടിയൻ ജോണിയുടെ മുന്നിലാവും ചെന്ന് ചാടാ അത്കാരണം ബണ്ടു വഴിയാ രണ്ടുപേരും റപ്പായിയുടെ അടുത്തേക്ക് പോയത് . ഇടിയൻ ജോണി രണ്ടുപ്രാവശ്യം അവറാൻ ചേട്ടന് വാണിംഗ് കൊടുത്തീട്ടുള്ളതാ ഇനി കള്ള് കുടിച്ചിട്ട് സൈക്കിളോടിച്ചാ കൈയ്യും കാലും തല്ലി ഒടിക്കൂന്നും പറഞ്ഞ് . കൈയ്യും കാലും ഒടിക്കാൻ ഇഷ്ടമില്ലാത്ത കാരണാ അവറാൻ ചേട്ടൻ ബണ്ടുമ്മക്കൂടെ പോയത് .

നീ വാ അവറാനെ നമുക്ക് റോഡീക്കൂടെ തന്നെ പോവാന്നും പറഞ്ഞ് മമ്മദ് ധൈര്യം കൊടുക്കാൻ നോക്കീതാ . റോഡീക്കൂടെ പോയ വാറ്റുകാരൻ റപ്പായിയുടെ അടുത്ത് പെട്ടെന്നെത്താം അത് കാരണാ മമ്മദ് അങ്ങനെ പറഞ്ഞത് .

അങ്ങനെ വാറ്റുകാരൻ റപ്പായിയുടെ അടുത്തൂന്ന് രണ്ടു കുപ്പി കൂടി അടിച്ചിട്ടാ പൂരപ്പറമ്പിലേക്ക് വന്നത്. വാറ്റുകാരൻ റപ്പായി അവറാൻ ചേട്ടന് ഒരു ഗ്ലാസ്സ് ഒഴിച്ചുകൊടുക്കുമ്പോ ആ പേരും പറഞ്ഞ് ഒരു ഗ്ലാസ് തനിച്ചും മോന്തും . ഇന്ന് നമ്മടെ അവറാന്റെ ചിലവാന്നും പറഞ്ഞാ റപ്പായി അടിക്കണത് . കാശ് കൊടുത്തപ്പോ അവറാൻ ചേട്ടൻ ഒന്നര കുപ്പീടെ കാശേ കൊടുത്തുള്ളൂ
അവറാനെ ഞാൻ രണ്ടു കുപ്പിയാ തന്നത്

അതില് അര കുപ്പി നീ തന്നെയല്ലേ കുടിച്ചേ അത് കേട്ടതോടെ റപ്പായിയുടെ ഗ്യാസ് പോയി ആ സമയത്താ ശിവന്റെ അച്ഛൻ സുധാകരേട്ടൻ കുപ്പിയുമായി പാഞ്ഞെത്തിയത്

നായിന്റെ മോനേ പച്ചവെള്ളം തന്ന് ആളെ പറ്റിക്കാ ?

എന്താ സുധാകരാ പ്രശ്നം ?

ഇത് കുടിച്ച് നോക്കെടാ നായേ

സുധാകരാ ഈ തോന്ന്യാസം എന്റടുത്ത് കാണിക്കല്ലേ കുടിച്ചു കഴിഞ്ഞ് വെള്ളം ഒഴിച്ചോണ്ട് വന്നിരിക്കാല്ലേ ഈ പറ്റിക്കല് എന്നോട് വേണ്ടാട്ടാന്ന് പറയലും .

ട്ടേ .. ന്ന് പടക്കം പൊട്ടണ പോലൊരു സൗണ്ട് നോക്കുമ്പോൾ റപ്പായിച്ചേട്ടൻ തലേം കുത്തി താഴെ വീണു കിടപ്പുണ്ട് കൈയ്യിലപ്പോഴും കുപ്പീണ്ട് . ചാരായം കുടിക്കാൻ വന്ന പലചരക്ക് കടക്കാരൻ സുപ്രു റപ്പായിക്ക് കിട്ടിയ അടി കണ്ട് ഇന്നിനി ചാരായം വേണ്ട കള്ള് കുടിക്കാന്നും പറഞ്ഞ് വറീതിന്റെ ഷാപ്പിലേക്ക് പോയി .

ആരാ ഇവിടെ പടക്കം പൊട്ടിക്കണെന്നും ചോദിച്ചാ റപ്പായി ചേട്ടന്റെ ഭാര്യ ഏലിച്ചേടത്തി പുറത്തേക്ക് വന്നത് .

ഈ മനുഷ്യൻ കച്ചോടം നോക്കാണ്ട് മോന്തീട്ട് തലേം കുത്തി കിടക്കാ

എന്റെ ചേട്ടത്തി റപ്പായി ചേട്ടൻ കുടിച്ചിട്ട് കിടക്കല്ല സുധാകരൻ ഒന്ന് പൊട്ടിച്ചതാ സൈക്കിള് കടക്കാരൻ നാണുവേട്ടനാ അത് വിളിച്ചു പറഞ്ഞേ അത് കേട്ടതോടെ ചേട്ടത്തി വന്ന സ്പീഡിലെന്നെ അകത്തേക്ക് എസ്കേപ്പായി .

റപ്പായി ചേട്ടന്റെ നായ സുഗുണൻ ശബ്ദം കേട്ട് ഓടിവന്നതാ അവൻ തലകുത്തി കിടക്കായിരുന്ന റപ്പായി ചേട്ടനെ നക്കോട് നക്ക് എടാ മരങ്ങോടൻ നായേ എന്നെ നക്കി കൊല്ലാണ്ട് അവനെ പോയി കടിച്ചു കൊല്ലെടാ

സുഗുണൻ കടിക്കാനോടി വന്നതാ പക്ഷേ സുധാരകരേട്ടന്റെ കുപ്പീം പിടിച്ചുള്ള നിപ്പ് കണ്ടപ്പോ അവൻ വാലാട്ടി നിന്നു. വെറുതെ ഇയാൾക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കണോ ? സുധാകരനെ കടിച്ചു കൊല്ലാൻ പോയി അവസാനം താനാവും തല്ലു കൊണ്ട് ചാവാ തന്റെ ആരോഗ്യത്തിന് ഇതൊന്നും പറ്റിയതല്ല അല്ലെങ്കി തന്നെ കുരക്കാൻ പോലും ആവുതില്ലാണ്ടാ സുഗുണൻ നടക്കണത്

അങ്ങനെ എല്ലാവടുത്തൂന്നും അടിച്ച് ഫുൾ പിമ്പിരി ആയിട്ടാ മമ്മദും അവറാൻ ചേട്ടനും ബാൻഡ് സെറ്റിന്റെ ഉള്ളിലേക്ക് കേറിയത്

സത്യത്തില് വേറേതോ ഗ്രൂപ്പുകാരുടെ ബാൻഡ് സെറ്റായിരുന്നു അത്, ഞങ്ങടെ ഗ്രൂപ്പിന്റെ സെറ്റ് ആണെന്നു വിചാരിച്ചിട്ടാ അവറാൻ ചേട്ടനും മമ്മദും കേറീത് . അതിന്റെ ഉള്ളീക്കൂടെ ആകെ അലമ്പാക്കീട്ടാ അവറാൻ ചേട്ടനും മമ്മദും നടക്കണത്. അവറാൻ ചേട്ടൻ പറയണ പാട്ട് മാത്രേ പാടാൻ പാടുള്ളൂത്രെ .

ചേട്ടൻ പറയണ പാട്ട് പാടെടാ.., പാടെടാ ..ന്നും പറഞ്ഞ് മമ്മദും കട്ടക്ക് കൂടെ നിപ്പുണ്ട്

പ്രായമായ ആളല്ലേന്നും വിചാരിച്ച് ആദ്യമൊക്കെ അവരും അവറാൻ ചേട്ടൻ പറയണ പാട്ടെന്നെ നാലും അഞ്ചും പ്രാവശ്യം പാടീ . പിന്നേം പിന്നേം അതെന്നെ പറഞ്ഞോണ്ടിരുന്നപ്പോ അവര് മര്യാദക്ക് പറഞ്ഞതാ

ചേട്ടൻ പോയി ചേട്ടന്റെ സെറ്റുകാരോട് പറയ്

ഈ അവറാൻ ആരാന്നു നിനക്കറിയാടാ നായിന്റെ മോനേന്നും ചോദിച്ച് അവറാൻ ചേട്ടൻ ഒറ്റ അലറലാ ?

കഷ്ടകാലം . അത് അവറാൻ ചേട്ടന്റെയാണോ അതോ മമ്മദിന്റെയാണോന്ന് അറിയത്തില്ല . മിഠായി സതീശന്റെ ഗ്രൂപ്പായിരുന്നൂവത് , അവറാൻ ചേട്ടൻ പോയി കോർത്തത് മിഠായി സതീശന്റെ അടുത്തും . അതോടെ കഷ്ടകാലം അവറാൻ ചേട്ടന്റെയാന്ന് മനസ്സിലായി . മിഠായി സതീശന്റെ പേര് കേട്ടാ തന്നെ എല്ലാവരും പേടിച്ച് വിറക്കണതാ അത്രേം വല്യ റൗഡിയാ. ആരെയെങ്കിലും തല്ലിയാലും തല്ലുന്നതിനു മുൻപും സതീശൻ മിഠായി കൊടുക്കും അതൊരു ശീലാ മധുരം കൊടുത്തിട്ടാ കരയിപ്പിക്കാ . മിഠായി കൊടുത്ത് കഴിഞ്ഞ് പിന്നെ തല്ലോട് തല്ലാ. അവസാനം തിന്ന മിഠായി തിരിച്ച് ചോദിക്കൂത്രെ അത് കൊടുത്തില്ലെങ്കീ വീണ്ടും തല്ലും .

മിഠായി വായീന്ന് എടുത്ത് കൊടുത്താ തിന്ന മിഠായിയാണോ തരണേന്നും ചോദിച്ചും ഇടിക്കും , എന്തായാലും സതീശൻ മിഠായി എടുത്താ അടി ഉറപ്പാ

സതീശൻ മിഠായി തരുമ്പോ ആദ്യം വിചാരിക്കാ ഇനി തല്ലില്ലാന്നാ. മിഠായി തിന്നു കഴിയണവരേക്കും സതീശൻ ചിരിച്ചോണ്ട് നിക്കും .

ഒരു പ്രാവശ്യം സതീശൻ എനിക്കും മിഠായി തന്നതാ ..ഞാൻ കവലയിലേക്ക് പോവുമ്പോ എന്നെ വിളിച്ചിട്ടാ തന്നത്. പക്ഷേ ഞാൻ ജീവനും കൊണ്ട് പറന്നു . എനിക്ക് മിഠായി തിന്നാൻ കൊതീണ്ടായിരുന്നു പക്ഷേ ഇടി കൊള്ളാൻ ശരീരത്തിന് കൊതിയില്ലാത്ത കാരണം ശരീരം എന്നേം കൊണ്ട് ഓടി .

സത്യത്തില് സതീശൻ അന്നെനിക്ക് സ്നേഹം കൊണ്ട് മിഠായി തന്നതാ . പക്ഷേ എനിക്ക് പേടിയായ കാരണാ ഞാൻ പറന്നത് വീട്ടിപ്പോയിട്ടും എന്റെ കിതപ്പ് മാറീണ്ടായിരുന്നില്ല . കൊല്ലാനാണോ വളർത്താനാണോ വിളിക്കണേന്ന് അറിയത്തില്ലല്ലോ ? എന്നാലും ആ മിഠായി തിന്നായിരുന്നൂന്ന് ഒരു ആശ എനിക്കുണ്ടായിരുന്നു .

ഒരു പ്രാവശ്യം കവലേല് വെച്ച് നമ്മടെ പ്രേക്ഷിതൻ സുകുവായിട്ട് സതീശൻ കോർത്തതാ . സുകും പഴേ കാലത്ത് വല്യ റൗഡി ആയിരുന്നു നമ്മടെ ഇടിയൻ ജോണി വന്നിട്ടാ സുകൂനെ ഇടിച്ച് നന്നാക്കീത് എന്നാലും ചില സമയത്ത് ആ പഴയ റൗഡി സുകു അറിയാണ്ടെന്നെ സുകൂന്റെ ഉള്ളീന്ന് പുറത്തേക്ക് ചാടും . അങ്ങനെ ഒരു പ്രാവശ്യം ചാടിയപ്പോഴാ സുകു, സതീശനുമായി കോർത്തത് . പാക്കരൻ ചേട്ടന്റെ ചായക്കടേല് വെച്ചാ സംഭവം. ചായ കുടിച്ച് കഴിഞ്ഞ് കാശിനു പകരം സതീശൻ ഒരു മിഠായി കൊടുത്തൂത്രെ അത് കണ്ട് പാക്കരൻ ചേട്ടന് ഒന്നും മനസ്സിലായില്ല . കാശ് എവിടെയാന്ന് പാക്കരൻ ചേട്ടൻ ചോദിച്ചപ്പോ കാശിനു പകരം ഇത് വെച്ചൊന്നും പറഞ്ഞാ മിഠായി കൊടുത്തത് . സത്യത്തില് പാക്കരൻ ചേട്ടനും സതീശനെ വല്യ പിടീണ്ടായിരുന്നില്ല ഏതോ വരത്തനാന്നാ പാക്കരൻ ചേട്ടൻ വിചാരിച്ചത് .

ടാ .. തെണ്ടി മര്യാദക്ക് കാശ് വെച്ചിട്ട് പോടാ

തെണ്ടീന്നുള്ള വിളി കേട്ടപ്പോ സതീശൻ കോപം കൊണ്ട് വിറച്ചു . സതീശന്റെ വിറ കണ്ടപ്പോ പാക്കരൻ ചേട്ടൻ വിചാരിച്ചത് സതീശൻ പേടിച്ചിട്ട് വിറക്കാന്നാ .

അത് കാരണം പാക്കരൻ ചേട്ടൻ വീണ്ടും അതാവർത്തിച്ചു

കാശ് വെക്കടാ തെ …. ണ്ടി .. പക്ഷേ അത് ..മുഴുമിപ്പിക്കാൻ പാക്കരൻ ചേട്ടന് കഴിഞ്ഞില്ല .

ഡേയ് …. ന്നും അലറിക്കൊണ്ട് സതീശൻ ഡെസ്ക്കുമ്മേ ഒറ്റ ഇടി. ആ ആലർച്ച കേട്ട് പാക്കരൻ ചേട്ടൻ ഞെട്ടി . ചായ കുടിക്കായിരുന്ന നമ്മുടെ തമിഴൻ മുരുകന്റെ സിരസ്സിലേക്ക് ചായ കേറിപ്പോയി മുരുകൻ ചുമച്ച് ചുമച്ച് ആ ചുമയോട് കൂടി തന്നെ കാശ് കൊടുക്കാണ്ട് പുറത്തേക്കോടി. ആ സമയത്താ സുകു കേറി ഇടപെട്ടത്

മര്യാദക്ക് കാശ് കൊടുത്തിട്ട് പോടാ ഞാൻ ആരാന്ന് നിനക്കറിയോ? അത് കേട്ടപ്പോഴാ സുകുവിനും സതീശൻ മിഠായി കൊടുത്തത് . സുകുവാ മിഠായി അത് വാങ്ങി ഒറ്റ ഏറ് . സുകുവിന്റെ വിചാരം സതീശൻ സോപ്പിടാൻ വേണ്ടി മിഠായി തന്നതാന്നാ .

മിഠായി എറിയുന്നോ നായിന്റെ മോനേന്നും ചോദിച്ചോണ്ട് ഒറ്റ ഇടിയാ സുകു നിന്ന നില്പില് തലേം കുത്തി വീണു .

അയ്യോ സുകു ചത്തൂ…

നിലവിളിച്ചോണ്ട് പാക്കരൻ ചേട്ടൻ സുകുവിന്റെ മുഖത്തൊഴിക്കാൻ കുറച്ച് വെള്ളമെടുത്തതാ പക്ഷേ..,കൈയ്യിട്ടത് തിളച്ചു കൊണ്ടിരിക്കണ പാലിലായിരുന്നു .

അന്നമ്മേന്നും നിലവിളിച്ചോണ്ട് പാക്കരൻ ചേട്ടൻ അവിടെ കുത്തിയിരുന്നു

സതീശൻ മിഠായി എടുത്തപ്പോ റോമും ഓടിപ്പോയി നിന്നതാ ഓസിന് മിഠായി കിട്ടൂന്നും വിചാരിച്ച് .

സതീശൻ പാക്കരൻ ചേട്ടനും മിഠായി കൊടുത്തതാ എനിക്ക് ഷുഗറാന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ കരഞ്ഞു . മിഠായി തിന്നാലേ സതീശൻ ഇടിക്കത്തുള്ളൂന്നാ പാക്കരൻ ചേട്ടന്റെ വിചാരം.

സതീശൻ ആ മിഠായി പാക്കരൻ ചേട്ടന്റെ വായേലിക്ക് കുത്തിക്കേറ്റി പേടിച്ചിട്ട് പാക്കരൻ ചേട്ടൻ അണ്ണാക്ക് തുറന്നില്ല ശ്വാസകോശാ തുറന്നത് ആ മിഠായി നേരെ ശ്വാസ കോശത്തിലേക്ക് കേറിപ്പോയി അവസാനം കുറേ തുമ്മിയിട്ടാ പാക്കരൻ ചേട്ടന്റെ ജീവൻ തിരിച്ചു കിട്ടീത് ഇല്ലെങ്കീ ആ മിഠായി കാരണം പാക്കരൻ ചേട്ടൻ മേലോട്ട് പോയേനേ

ഒരു മണിക്കൂറ് കഴിഞ്ഞാ സുകു എണീറ്റു വന്നത് എവിടെ അവൻ ? എവിടെ അവൻ, അവനെ ഞാനിന്ന് കൊല്ലുംന്നും പറഞ്ഞ് സുകു വെറുതേ കുറേ അലർച്ച

എന്റെ സുകു അവൻ അപ്പോഴേ പോയി അന്നമ്മച്ചേടത്തി അത് പറഞ്ഞപ്പോഴാ സുകു നിറുത്തിയത്

അവന്റെ ഭാഗ്യം ഇല്ലെങ്കീ ഞാൻ അവനെ കൊന്നേനേന്നാ സുകു പറഞ്ഞത് സത്യത്തില് സതീശൻ പോണ കണ്ടപ്പൊഴാ സുകു എണീറ്റ് വന്നത് ഒളിച്ച് നോക്കായിരുന്നു . ഞാനും ചായകുടിക്കാൻ അവിടെ ഉണ്ടായിരുന്നതാ ഒരിക്കലും ഞാനാ സമയത്ത് ചായ കുടിക്കാൻ പോവാത്തതാ. സതീശന്റെ ഇടി കണ്ട് ഞാൻ ഡെസ്കിന്റെ കീഴില് ഒളിച്ചിരിക്കായിരുന്നു അന്ന് പേടിച്ചിട്ട് എനിക്ക് പനി വന്നു .

എന്താ ചെക്കന് പനി ?

മഴ കൊണ്ടിട്ടാന്നാ അമ്മ , അന്നമ്മ ചേടത്തിയോട് പറഞ്ഞത്

ഡോക്ടര് ചോദിച്ചപ്പോ ഞാൻ സത്യം പറഞ്ഞു. തനിക്ക് നാണം ആവില്ലേന്നാ ഡോക്ടർ എന്നോട് ചോദിച്ചേ ?

പിന്നെ .. ഇതില് നാണിക്കാൻ എന്തൂട്ടാ ഉള്ളത് ? അടി കണ്ടപ്പോ ഒളിച്ചിരുന്നു ഇങ്ങേരുടെ വർത്താനം കേട്ടാ രക്തസാക്ഷി ആവണമായിരുന്നോന്ന് തോന്നും. ഇതിപ്പോ പനിയല്ലേ വന്നുള്ളൂ ജീവൻ പോയില്ലല്ലോ?

അടി കണ്ട് പേടിച്ചതിന് ഡോക്ടറെന്തിനാ എന്നോട് അങ്ങനെ പറഞ്ഞേന്ന് എത്രെ ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല .

പിന്ന്യാ മനസ്സിലായത് ഡോക്ടർ ധൈര്യം തന്ന് എന്നെ കൊലക്ക് കൊടുക്കാൻ നോക്കിയതാന്ന്

ആ മിഠായി സതീശന്റെ അടുത്താ അവറാൻ ചേട്ടൻ പോയി കോർത്തത് സതീശൻ മിട്ടായി കൊടുത്തപ്പോ അവറാൻ ചേട്ടാ ൻ അതുവാങ്ങി ഒറ്റ ഏറാ . ആ എറിഞ്ഞത് മാത്രേ അവറാൻ ചേട്ടന് ഓർമ്മയുണ്ടായുള്ളൂ . ആ കരച്ചില് കേട്ടാ ഞങ്ങള് എല്ലാം ഓടിച്ചെല്ലുന്നത്

അതിനു മുന്നേ മമ്മദിനെ അടിച്ചു താഴെയിട്ടിരുന്നു. അധികമൊന്നും അടിക്കണ്ടി വന്നില്ല വെറുതെ ഒന്ന് കൈ ഓങ്ങിയതേ ഉള്ളൂ ആ കാറ്റ് വന്നതും മമ്മദ് ചുരുണ്ട് താഴേ വീണു എന്താന്നറിയില്ല മമ്മദിന്, സതീശൻ മിഠായി കൊടുത്തില്ല

ആരെടാ അവറാൻ ചേട്ടനെ തൊടുന്നേന്നും ചോദിച്ചാ സുകു അലറീത് സുകൂന്റെ ഒപ്പം ഞാനും അലറി അപ്പളാ മിഠായി സതീശനെ കണ്ടത് . സതീശനെ കണ്ടവശം സുകു അവറാൻ ചേട്ടനെ നോക്കീട്ടായി അലർച്ച . തിരിഞ്ഞു തിരിഞ്ഞു അവറാൻ ചേട്ടൻ താഴത്തിരിപ്പുണ്ട് . തിരിഞ്ഞ കാരണം തല ചുറ്റിട്ടാ ഇരിക്കണത്

എന്തിനാ ചേട്ടാ വെറുതെ വഴക്കുണ്ടാക്കണേന്നാ സുകു അവറാൻ ചേട്ടനോട് ചോദിച്ചെ . ഡാ സുകു അവനെ അടിച്ചു കൊല്ലടാ ന്നും പറഞ്ഞു അവറാൻ ചേട്ടൻ സുകൂനെ നോക്കി കരഞ്ഞു . അതോടെ സതീശൻ മിഠായി സുകുവിന് നീട്ടി. ആ മിഠായി വാങ്ങിത്തിന്ന് സുകു ജീവനും കൊണ്ടോടി

അവറാൻ ചേട്ടാ ചൂണ്ടാണി മർമ്മം കാണിക്ക്ന്ന് ഞാനാ വിളിച്ചു പറഞ്ഞേ..,

ആളെ കൊലക്ക് കൊടുക്കാൻ നിക്കാണ്ട് ഒന്ന് പോടാ ഞാഞ്ഞൂളേ… അവറാൻ ചേട്ടൻ കരഞ്ഞുകൊണ്ടാ അത് പറഞ്ഞേ

സത്യത്തില് അവറാൻ ചേട്ടൻ ചൂണ്ടാണി മർമ്മം കാണിച്ചതായിരുന്നു. പക്ഷേ മിഠായി സതീശൻ ആ വിരല് പിടിച്ചു തിരിച്ചു ഇപ്പൊ അത് അവറാൻ ചേട്ടനെ നോക്കിയാ ചൂണ്ടാണി മർമ്മം കാണിച്ചോണ്ടിരിക്കണത് . പാവം ഒരു മാസത്തോളം ചൂണ്ടാണി വിരലുമ്മേ പ്ലാസ്റ്ററിട്ട് നടപ്പായിരുന്നു.

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!