Skip to content

ഒരു യത്തീമിന്റെ നിലവിളി

  • by
aksharathalukal-malayalam-kathakal

ജൂൺ – 16
മറക്കാനാകാത്ത ദിവസം

മോളെ… ദാ.. ഇതെടുത്ത് കഴിക്ക് … സ്കൂളിൽ പോകാൻ സമയമായി കേട്ടോ? ഇത്താത്തമാരിലൊരാൾ അടുക്കളയിൽ നിന്നു വിളിച്ച് പറഞ്ഞു ..

ഞാനെങ്ങും പോകില്ല … ഉമ്മച്ചിവരും. എന്നെ ഇന്ന് കൊണ്ട് ചെല്ലാൻ വാപ്പച്ചി പ്രത്യേകം .. പറഞ്ഞതാ.. ഞാൻ കരയാൻ തുടങ്ങി.

ഇക്കാക്കമാരങ്ങെത്തിയാൽ ഉടൻ ഉമ്മച്ചി ഇങ്ങ് വരും, അപ്പോൾ ഉമ്മച്ചിയുടെ കൂടെ ൻ്റെ മോള് ഇങ്ങ് വരണേ… പ്രിയ മോളോട് വരാൻ പറഞ്ഞിട്ടുണ്ടെന്ന് മിനിഞ്ഞാന്ന് വാപ്പച്ചി ഉറപ്പിച്ചു പറഞ്ഞതാ.. ഞാനെങ്ങുമില്ല..

അതാരാ മോളെ പ്രിയമോള് ……. മൂത്ത ഇത്ത ചോദിച്ചു..

ആശുപത്രിയിലേതാ.
ഏതോ ഒരു സ്കൂളിലെ ഹെഡ് മാഷിൻ്റെ മോളാ.
ഞങ്ങള് വരാന്തയിലിരുന്ന് ഒത്തിരി വർത്തമാനം പറയേം .. കളിക്കേം ഒക്കെ ചെയ്തു. ഞാൻ തിരികെ വരാൻ നേരം പ്രിയ കരഞ്ഞപ്പോഴാ.. വാപ്പച്ചി ഉമ്മച്ചിയോട് പറഞ്ഞത്. കരയല്ലേ മോളേ… തിങ്കളാഴ്ച ‘ൻ്റെ’ മോളിങ് വരുംന്ന്…
നീ പോയിങ്ങ് കൊണ്ട് വരണേ.. യെന്ന് ഉമ്മച്ചിയോടും പറഞ്ഞതാ…

വാ.. മോളെ..ഉമ്മച്ചിയിന്ന് വരില്ല.
വരുമായിരുന്നെങ്കിൽ.. ഏഴ് മണിക്ക് വരുമായിരുന്നു. വാപ്പച്ചിക്ക് ഇന്നലെ ശ്വാസമുട്ട് കുറഞ്ഞിട്ടുള്ളതിനാൽ ചിലപ്പോൾ ഇന്ന് പേര് വെട്ടി കൊണ്ട് വരും..

അപ്പോ .. വാപ്പച്ചിക്കിനി പുതിയ പേരിടോ?

എടീ.. മണ്ടൂസേ. പേരുവെട്ടുന്നത് ആശുപത്രിയിൽ വാപ്പച്ചിയുടെ കട്ടിലിൽ തൂക്കിയിട്ടിരുന്ന ഒരു ബോർഡില്ലേ … അതിലെ പേരാ വെട്ടുന്നത്.
മൂന്നു പേരും കൂടെ നല്ല വാക്ക് പറഞ്ഞും.. കൊഞ്ചിച്ചും എന്നെ സ്കൂളിൽ പോകാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാമത്തെ ഇത്ത എന്നെയും നാലാമത്തെ ഇത്തയെയും ഒരുക്കി. നാലമത്തെ ഇത്ത എപ്പോഴും കാഴ്ചകാരിയാണ്.. ഗുണത്തിനുമില്ല ദോഷത്തിനുമില്ല..

ഞങ്ങൾ സ്കൂളിലേക് നടന്നു പോകുന്നത് കണ്ണിൽ നിന്നു മറയുന്നത് വരെ മൂന്നു പേരും ഗേറ്റ് പടിക്കൽ വന്ന് നോക്കി നിന്നു. നാലമത്തെ ഇത്ത ഇടത്തോട്ടും (ഗവ. യൂ.പി.എസ്സിലും) ഞാൻ വലത്തോട്ടും നടന്നു.

വീട്ടിൽ നിന്നും കുറച്ച് ദൂരമുണ്ട് ഗവ.എൽ.പി.എസ്സിലെത്താൻ.
ആരോടും കൂട്ടില്ലെനിക്ക് ..
മിനിഞ്ഞാന്ന് കൂടി ഉമ്മച്ചി പ്രിയയുടെ അമ്മയോട് പറയുന്നത് കേട്ടു മൂത്ത കുട്ടികളെ പോലെയല്ല.. വല്യ മട്ടും ഭാവവുമാ.. ആരോടും കൂടില്ല. അവളെ പോലെയിരിക്കുന്നത് കൊണ്ടായിരിക്കും പ്രിയ മോളോട് കൂടിയത്.

ശരിയായിരുന്നു

ക്രോപ്പ് ചെയ്ത തലമുടിയും നിറവും.. വണ്ണവും പൊക്കവും എല്ലാം ഒരു പോലെ .. ഇട്ടിരുന്ന ഫ്രോക്കിൻ്റെ നിറം പോലും ഒരു പോലെ .. പഠിക്കുന്നതും നാലിൽ

പാവം.. പ്രിയ എന്നെ കാത്തിരിക്കുന്നുണ്ടാവും..

സ്കൂളിലെത്തിയതും .. സൈനബ മാമി വിളിച്ചു.(മലയാളം ടീച്ചറാണ്. അകന്ന ബന്ധത്തിലുള്ള എൻ്റെ മാമി .. )

ഇങ്ങ് വാ.. മോളെ വാപ്പച്ചിക്ക് എങ്ങനെയുണ്ട്.

ഇന്ന് പേര് വെട്ടും.. ഞാൻ പറഞ്ഞു.

ചെല്ലമ്മ ടീച്ചറും പുതിയ എച്ച്.എമ്മും വരാന്തയിലുണ്ടായിരുന്നു ..
സാറിനിതാരെന്ന് മനസ്സിലായോ .. ടീച്ചർ ചോദിച്ചു.. വാപ്പച്ചിയുടെ പേര് കേട്ടതും.. സാറെന്നെ പൊക്കിയെടുത്തു കവിളത്തുമ്മ വച്ചു..

അദ്ദേഹത്തിൻ്റെ മകളെന്താ .. സർക്കാർ സ്കൂളിൽ

ജീവിതത്തിൽ മറ്റുള്ളവർ അനുഭവിക്കുന്ന കഷ്ടതകൾ സ്വന്തം കുട്ടികൾ മനസ്സിലാക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
സ്വകാര്യ സ്കൂളിൽ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും മക്കൾ സർക്കാർ സ്‌കൂളിൽ പഠിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം..

ചെല്ലമ്മ ടീച്ചർ എച്ച്.എമ്മിനോട് പറഞ്ഞു .. വർഷാവർഷം നല്ലൊരു തുക .. പാവപ്പെട്ട കുട്ടികൾക്കായി തരാറുണ്ട് അദ്ദേഹം.

എച്ച് എം എടുത്തുയർത്തിയതും കവിളത്ത് ഉമ്മവച്ചതുമൊക്കെ കണ്ടിട്ടാവാം.. ക്ലാസ്സിലിരിക്കുമ്പോൾ മറ്റു കുട്ടികളെല്ലാം എന്നെ തന്നെ നോക്കിയിരിപ്പാണ്…

രണ്ടാമത്തെ പിരീഡ് കണക്ക് പഠിപ്പിക്കാനെത്തിയത് ചെല്ലമ്മ ടീച്ചറായിരുന്നു. പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ .. അടുത്ത ക്ലാസ്സിൽ നിന്നും സൈനബ ടീച്ചറിൻ്റെ ശബ്ദം. ടീച്ചറേ… രാവിലെ മുതലേ മഴക്കോളാണല്ലോ.. മിക്കവാറും ഉച്ചവരെയേ ക്ലാസ്സ് കാണൂന്ന്… എച്ച്.എം. പറയുന്നത് കേട്ടു.

അല്പം കഴിഞ്ഞ്

സൈനബ മാമി വന്ന് ചെല്ലമ്മ ടീച്ചറിനോടെന്തോ പറഞ്ഞ് പുറത്തേക്ക് പോയി. പിന്നീട്
സൈനബ മാമി വന്ന് എൻ്റെ പെട്ടിയും കുടയുമൊക്കെ എടുത്ത് വാതിലിൽ നിന്ന നൗഷാദ് ഇക്കാടെ കയ്യിൽ കൊടുത്തു. മോള് നൗഷാദിൻ്റെ കൂടെ പോണമെന്ന് പറഞ്ഞു.(നൗഷാദ് ഇക്ക ബന്ധം കൊണ്ട് അകന്ന ബന്ധു ആണെങ്കിലും കർമ്മം കൊണ്ട് ഞങ്ങൾക്ക് ഏറ്റവും അടുത്ത ബന്ധുവായിരുന്നു.)

എൻ്റെ കുഞ്ഞ് മനസ്സ് ഒത്തിരി സന്തോഷിച്ചു. ക്ലാസ്സ് റൂമിൻ്റെ മൂന്നാമത്തെ പടിയിറങ്ങാൻ നേരം.. മൂന്ന് വർഷം തോറ്റ് എനിക്കൊപ്പം ഇരുന്ന അജന്ത ചേച്ചി പറഞ്ഞത് ഒരിടിമുഴക്കം പോലെയാണ് എൻ്റെ ചെവിയിൽ വന്ന് പതിച്ചത് .. പറയുമ്പോൾ മഷിയെഴുതിയ അജന്ത ചേച്ചിയുടെ വിടർന്ന കണ്ണിൽ കണ്ണീർ നിറഞ്ഞിരുന്നു.

സാബൂ …അവളുടെ അച്ഛൻ മരിച്ചു.

ആണോ.. …നൗഷാദ് ഇക്ക

ആ പെണ്ണ് ചുമ്മാ പറഞ്ഞതാ… മോള് വാ…
തിരിച്ച് ചെന്ന് അജന്ത ചേച്ചിക്ക് ഇറുക്കി ഒരു നുള്ളും വച്ച് ഒരു ഇടിയും കൊടുത്ത് … വെള്ളമണൽ തരികളെ ചവിട്ടി തെറിപ്പിച്ച് നൗഷാദിക്കാൻ്റെ സൈക്കിളിൽ കയറാൻ വേണ്ടി ഒരു കുതിപ്പായിരുന്നു.

കാറ്റിനേക്കാൾ വേഗതയിൽ നൗഷാദിക്കാ.. സൈക്കിൾ ചവിട്ടി …

വാപ്പച്ചിയെന്നെ പെട്ടന്ന് കൊണ്ട് ചെല്ലാൻ പറഞ്ഞോ നൗഷാദിക്കാ……

ഉം… നൗഷാദിക്കാ.. മൂളി ..

ഞാൻ പറഞ്ഞതാ.. രാവിലെ..സ്കൂളിൽ വരുന്നില്ലാന്ന്… ആരെങ്കിലും കേൾക്കണ്ടേ….

നൗഷാദിക്കായുടെ കണ്ണുനീരിനൊപ്പം വലിയ വലിയ മഴതുള്ളികളും .. എൻ്റെ ഉച്ചിയിൽ വീണ് ചിതറി. നൗഷാദിക്കായെയും കാത്ത് അവിടെ അവിടെ .. സൈക്കിളിൽ ഓരോരുത്തർ.
കൂട്ടത്തിലാരോ .. ചോദിച്ചു.
വാപ്പ മരിച്ചെന്ന് മോള് … അറിഞ്ഞോ ?

അതു കേട്ടതും…എൻ്റെ … വാ..പ്പച്ചീ…. എന്ന എൻ്റെ നിലവിളിക്കും അലർച്ചക്കുമൊപ്പം അന്തരീക്ഷത്തെ കിടുക്കി കൊണ്ട് ഒരു ഇടിവെട്ടി … എൻ്റെ കണ്ണുനീരിനെ മായ്ച്ച് കളയാൻ ആർത്തലച്ച് മഴയും ചെയ്തു…

തോരാതെ പെയ്തൊരാമഴയിൽ മഴനീരും മിഴിനീരും മത്സരിച്ച് എന്നെ നനച്ചപ്പോൾ അങ്ങകലെ ഇളംപച്ച പുതച്ച വയൽ വരമ്പത്ത് കൂടി …ഒരു പറ്റം ബന്ധുക്കൾക്കിടയിലൂടെ നിലവിളിച്ച് കൊണ്ട് നടന്നു നീങ്ങുന്ന എൻ്റെ കൂടെ പിറപ്പുകളെ കണ്ടപ്പോൾ കണ്ണീരോടെ ഒതുക്കിപ്പിടിച്ചു വെച്ച എൻ്റെ കുരുന്നു മനസ്സിൻ്റെ സംശയം ബലപ്പെട്ട നിമിഷം, നഷ്ടപ്പെട്ടു പോയതിൻ്റെ വിലയറിഞ്ഞ് ഞാനും നിലവിളിച്ചോടിയരികിലെത്തുമ്പോൾ കൂട്ടത്തിലാരോ എന്നെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് ആകാശത്തേക്ക് നോക്കി ഇങ്ങനെ പറഞ്ഞു … റബ്ബേ..ൻ്റെ കുട്ടികളെ നീ
യത്തിമാക്കിയല്ലോ.. ഇവർക്കിനി നീയേ.. ഉള്ളൂ.
ഈ യത്തീമക്കളുടെ നിലവിളി നീ കേൾക്കാതെ.. പോകരുതേ…

വയൽ വരമ്പിൽ ഒരുമിച്ച് കെട്ടിപിടിച്ചു നിന്ന ഞങ്ങളുടെ നിലവിളിയങ്ങനെ പെരുമഴക്കും .. ഇടിമുഴക്കത്തിനുമിടയിൽ നനഞ്ഞൊലിച്ചും പ്രതിധ്വനിച്ചും നിന്നു..

ഇക്കരെ വീട്ടിൽ നിന്നും അക്കരെ വീട്ടിലേക്ക് ..
വാപ്പച്ചിയുടെ വിയർപ്പു വീണ സ്വന്തം നെൽ പാടത്തിലൂടെ … വലിയ വരമ്പ് പാലത്തിലൂടെ … കൈപിടിച്ചും നിലവിളിച്ചും തലയിൽ തല്ലിയും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം ഒരു കാൽ നട യാത്ര…

റോഡിന് ഇടത് വശത്ത് നിന്നും വലത് വശത്ത് നിന്നും കരിങ്കൊടികളുമായ് രണ്ട് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും മൗനമായ് വരി വരിയായി വന്ന് കൊണ്ടിരുന്നു. ചേച്ചിയുടെ സ്കൂളിലെ കുഞ്ഞമ്മ ടീച്ചർ എന്നെ വാരിയെടുത്തു .. കൈകാലിട്ടു കുടഞ്ഞ് നിലത്തക്കു് ഊർന്നിറങ്ങി ഉമ്മച്ചിയുടെ അരികിലെത്തിയപ്പോൾ … മക്കളേയെന്ന് വിളിച്ച പൊട്ടി കരഞ്ഞുകൊണ്ട് ഞങ്ങളെ ചേർത്ത് പിടിക്കുമ്പോൾ കരഞ്ഞു തളർന്ന് തൊണ്ടയടഞ്ഞതിനാൽ
ഉമ്മച്ചിയുടെ ശബ്ദമൊന്നും പുറത്ത് വന്നിരുന്നില്ല….
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ശബ്ദവും പുറത്തേക്ക് വരാതായി.

വെള്ളപുതച്ച് കിടത്തിയ വാപ്പച്ചിയുടെ ശരീരം വിടാതെ
കെട്ടി പിടിച്ച് അങ്ങനെ കിടന്ന എന്നെ കയ്യിൽ കിട്ടുന്നവരൊക്കെ മാറി മാറിയെടുത്തു ..
വാപ്പച്ചി എൻ്റെ..വാപ്പച്ചി .. യെന്ന് പറഞ്ഞ് കരഞ്ഞ ഞാൻ കുഞ്ഞമ്മ ടീച്ചറിൻ്റെ തോളിൽ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി…

ഞെട്ടിയുണരുമ്പോൾ മഴയുടെ നേർത്ത ശബ്ദം… കേൾക്കാം ..ആരൊക്കെയോ.. ഗോവണി കയറുകയും ഇറങ്ങുകയും ചെയ്യുന്ന ശബ്ദം.. കട്ടിലിൻ്റെ ഓരത്ത് തല വെച്ച് പൊട്ടി കരയുന്ന ഇത്തമാർ… ആശ്വസിപ്പിക്കുന്ന ബന്ധുക്കൾ … ഖുർആൻ പാരായണം കേൾക്കാനില്ല. ഓടി മുറികളോരോന്നും കടന്ന് വാപ്പച്ചിയെ കിടത്തിയിരുന്ന ഹാളിലെത്തി… വാപ്പച്ചി കിടന്ന സ്ഥലം ശൂന്യം. ഓരോ ജനാലയിലൂടെ പുറത്തേക്കു് , റോഡിലേക്ക് നോക്കി നിൽക്കുന്ന സ്ത്രീകൾ. അവരെ തള്ളിമാറ്റി ജനാലയിൽ കയറി നോക്കാൻ ശ്രമിച്ചതും. ആരോയെടുത്ത് ഉയർത്തി കാണിച്ച് തന്നു…
നെഞ്ചിടിപ്പോടെ ഞാനാ കാഴ്ച കണ്ടു നിന്നു. കുടകൾ ചൂടിയും മഴ നനഞ്ഞും വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ എൻ്റെ വാപ്പച്ചിയെയും കൊണ്ട് ലാ ഇലാഹ ഇല്ലള്ളാ.. ചൊല്ലി നടന്നകലുന്നവരെ കണ്ടപ്പോൾ അലമുറയിട്ട് വീണ്ടും .. വാപ്പച്ചിയെ കിടത്തിയിരുന്ന അതേ … തറയിൽ ഉരുണ്ടും പിരണ്ടും .. നിലത്ത് കിടന്ന പഞ്ഞി തുണ്ടുകൾ വാരിക്കൂട്ടിയും ഇനിയൊരിക്കലും എൻ്റെ വിളി കേൾക്കില്ലാന്ന് അറിഞ്ഞിട്ടും ..ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു കൊണ്ടേയിരുന്നു.. പിന്നെ,വാപ്പച്ചിയുടെ മണത്തിനായി വെറും തറയിൽ മുഖം ചേർത്തു വിതുമ്പി വിതുമ്പി എപ്പോഴോ ഉറങ്ങി…

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അക്കരെ വീട്ടിൽ നിന്ന് ഇക്കര വീട്ടിലേക്ക് സ്ഥിരമായ ഒരു യാത്ര..

സ്കൂളിൽ ചെല്ലുമ്പോൾ ഞാനറിഞ്ഞു. അജന്ത ചേച്ചിക്കും .. സാബുവിനും അച്ഛനും അമ്മയുമില്ലെന്ന്. മറ്റു കുട്ടികൾ ഓടി ചാടി കളിക്കുമ്പോൾ അവർ രണ്ടു പേരും കളിക്കാറില്ലാത്തതിൻ്റെ കാര്യം അതായിരുന്നു.

മദറസയിൽ ചെന്ന ആദ്യ ദിവസം. … ഉമ്മച്ചി പറഞ്ഞു. പളളിയിൽ പോങ്ങ് മരത്തിനോട് ചേർന്ന് രണ്ടേ രണ്ട് മീസാൻ കല്ലുകൾ കാണാം. അത് നിങ്ങടെ കടേല വാപ്പച്ചിയുടേയും കടേല ഉമ്മച്ചിയുടെയും ഖബറാണ്. ( വാപ്പച്ചിയുടെ ഉമ്മയും വാപ്പയും ഞാൻ കണ്ടിട്ടില്ല) ബാക്കിയെല്ലാം .. പലകയോ.. മൈലാഞ്ചി ചെടിയോ.. ഒക്കെ ആയിരിക്കും. മിസാൻ കല്ലിനടുത്താണ് വാപ്പച്ചിയുടെ ഖബർ.

പള്ളിയിൽ ചെന്ന പാടേ ഓടി ഖബറിനരികിലെത്തി .. എൻ്റെ കുഞ്ഞ് ഹൃദയം വല്ലാതെ തേങ്ങി പോയി. ഒത്തിരി പരാതികൾ ബോധിപ്പക്കാനുണ്ടായിരുന്നു എനിക്ക്. അപ്പഴാണ് അത് കണ്ടത്… ഖബറിനിരുവശവും ശവം തീനി ചെടികൾ വളർന്നു നിൽക്കുന്നു… ഇത് ശവംതിന്നുന്ന ചെടികളാണെന്ന് മദറസ കുട്ടികളും വലിയ വരുമൊക്കെ പറഞ്ഞ് കേട്ടിരിക്കുന്നു.

റബ്ബേ… വാപ്പച്ചിയുടെ ശരീരം ഇത് തിന്നുകളയുമോന്ന് ഭയന്ന് എല്ലാം പിഴുതെറിഞ്ഞു. പിന്നെ നല്ല വെളുത്ത മണൽ വാരി കുട്ടി തേച്ച് ഷേപ്പാക്കി … അതിനു ശേഷം .. ചെറുതായിട്ടൊന്നു കെട്ടി പിടിച്ചു. മണ്ണിടിഞ്ഞ് ഞാനും താഴോട്ട് പോണേയെന്ന് പ്രാർത്ഥിച്ചു. മണലിൽ മുഖം ചേർത്ത് വച്ചു കരഞ്ഞു.എൻ്റെ പൊന്നു വാപ്പച്ചീ….. എത്ര വിളിച്ചിട്ടും വരാത്തതെന്താ… എനിക്ക് വേണം വാപ്പച്ചിയെ….. ഓരോന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ടിരുന്ന നിമിഷം. ആരോ കയ്യിൽ തുക്കി വലിച്ചെടുത്തു.
നോക്കുമ്പോൾ ഉസ്താദ് .. കയ്യിൽ ചൂരൽ ..
അസത്തേ…..ഖബർ അലങ്കരിക്കുന്നോ…
ആര് പറഞ്ഞു നിന്നോടിത് ചെയ്യാൻ. ഭയം കൊണ്ട് ചുണ്ടുകളും ശരീരവും വിറച്ചു.. എൻ്റെ വലത് കരം ഉസ്താദിൻ്റെ കയ്യിലിരുന്ന് ഞെരിഞ്ഞു. ചൂരൽ എൻ്റെ തുടയിൽ ആഞ്ഞ് ആഞ്ഞ് പതിച്ചു. എൻ്റെ നിലവിളികളെ, വാപ്പച്ചി കേൾക്കാതിരിക്കാനായി എൻ്റെ വേദനയെ ഞാൻ ആദ്യമായ് നെഞ്ചത്തടക്കി പിടിച്ചു..

മോദീനുപ്പുപ്പ ഓടി വന്നു.. ഉസ്താദേ..
കുട്ടിയല്ലേ… പോട്ടേ..പോരാത്തതിന് യത്തീമും .
ഈ മണ്ണിൽ ഉറങ്ങുന്നത് അവളുടെ വാപ്പച്ചിയാ .. ഈ പള്ളിയുണ്ടാക്കിയ വലിയ മനുഷ്യൻ്റെ മകളാ. അദ്ദേഹം ചെയ്ത സത്കർമ്മങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല ഉസ്താദേ.. ആ ഖബറിനു മുന്നിലിട്ട് തല്ലല്ലേ…

അഹങ്കാരിയാ.. കല്ല് പോലെ നിക്കണ കണ്ടില്ലേ.. ഉസ്താദ് ഒരു വലിയ അടിയും കൂടി തന്നു, വലിച്ച് പിടിച്ച് മദറസയുടെ അകത്ത് തളളി..

കുനിഞ്ഞിരുന്ന് കണ്ണീര് പൊഴിച്ച എൻ്റെ കവിളത്ത് പഞ്ഞി തുണ്ടു പാലെ ഒരു സ്പർശം. അടുത്ത വീട്ടിലെ കുട്ടി.. ഒരു മതിലപ്പുറത്ത് കണ്ടിട്ടുള്ള മുഖം.. കണ്ണ് നീർ തുടച്ച് തന്നിട്ട് പറഞ്ഞു.പോട്ടെ!

ഒരിക്കൽ ഓടി വന്ന് കൈപിടിച്ച് കളിക്കാൻ വിളിച്ചപ്പോൾ തട്ടിമാറ്റിയകന്ന എൻ്റെ കൈകൾക്ക് ഇന്ന് പഴയ അഹങ്കാരത്തിൻ്റെ ശക്തിയില്ലായിരുന്നു … എൻ്റെ അഹങ്കാരം ഒരിക്കലും തിരിച്ചു വരാതെ ആ മണ്ണിൽ അതാ.. തനിച്ച് … പുഴുക്കൾക്ക് തിന്നാനായ് ……
വാപ്പച്ചീ…ഈ മോൾക്ക് സഹിക്കണില്ലാട്ടോ? ജനാലയിലൂടെ ഖബറിലേക്ക് നോക്കി എൻ്റെ കുഞ്ഞ് ഹൃദയം മറ്റാരും കേൾക്കാതെ നിലവിളിച്ചു.

വെളുത്ത മുണ്ടും .. സ്വർണ്ണ നിറത്തിലുള്ള ചെയിനിൽ അതേ നിറമുള്ള ബട്ടൻ പിടിപ്പച്ച വെള്ള ജൂബയും കറുത്ത ലെതറുള്ള ചെരിപ്പും കണ്ണടയും ഒരു കുടയുമൊക്കെ പിടിച്ച് പാടവരമ്പത്തൂടെ അക്കരെ വിട്ടിൽ നിന്ന് ഇക്കരെ വീട്ടിലേക്കു് ഈ കൈ പിടിച്ച് കൂട്ടു വരാൻ കഴിയാതെ… വെറും മണ്ണിൽ… ഉറങ്ങുന്നു. കാണുന്നുണ്ടോ ഈ മോളുടെ സങ്കടം. പിന്നെയും വിതുമ്പുന്ന എന്നെ അവൾ ചേർത്തു പിടിച്ചു.. “ഫാസില ” എൻ്റെ ആദ്യത്തെ കൂട്ടുകാരി..
വീട്ടിൽ ചെന്ന പാടേ .. വാപ്പച്ചിയുടെ ചാരുകസേരയിൽ കയറി കിടന്നു.

നല്ല പനിയുണ്ടല്ലോ.. മൂത്തതിനെയൊക്കെ എങ്ങനെം ആശ്വസിപ്പിക്കാം…. ഇതിനെ സമാധാനിപ്പിക്കാനാ റബ്ബേ… വയ്യാത്തത്. വൈകിട്ട് പള്ളി കമ്മിറ്റക്കാർ വന്ന് പറഞ്ഞപ്പോഴാണ് ഉമ്മച്ചി അറിഞ്ഞത് അടിച്ചു തുട പൊട്ടിച്ച വിവരം ..

രാത്രിയിലുറങ്ങാൻ നേരം.. ഉമ്മച്ചി തുടയിൽ എണ്ണ പുരട്ടി തന്നിട്ട് പറഞ്ഞു ..പോട്ടെ! ഉസ്താദ് തല്ലിയ സ്ഥലം സ്വർഗ്ഗത്തിലെത്തും….. ഉസ്താദിനിഷ്ടമായത് കൊണ്ടാ.. തല്ലിയത് ..

ഉമ്മച്ചിയോട് ഞാൻ ചോദിച്ചു…

ഉമ്മാ…..ഈ യത്തീമെന്ന് പറഞ്ഞാലെന്താ.

വാപ്പയില്ലാത്തത് കൊണ്ടാ.. അങ്ങനെ പറയുന്നത്.

അനാഥയെന്നാണോ?

ഉമ്മച്ചി കരഞ്ഞ് കൊണ്ടെന്നെ ചേർത്തു പിടിച്ചു.അതെങ്ങനെ അനാഥയാവും.. നിങ്ങൾക്ക് ഉമ്മച്ചിയില്ലേ.. നിൻ്റെ കൂടെ പിറപ്പുകളില്ലേ … പ്രാർത്ഥിച്ച് കിടന്നോ?
കണ്ണടച്ച് കിടക്കുമ്പോഴും ആ വാക്കുകളായിരുന്നു മനസ്സിൽ യത്തീം..

ബന്ധുക്കളുടെ വരവ് കുറഞ്ഞു …നെല്ലറകൾ ഒഴിഞ്ഞു … പത്തായപുര കാലിയായി .. പണപെട്ടി ശൂന്യമായ് കൃഷിയിടങ്ങൾ വെറും നിലമായി. അടുക്കളയിൽ തീ.. പുകയാതായി.. വയറിൻ്റെ എരിച്ചിലടങ്ങാതായി. ഇക്കാമാർ ജോലി തേടിയിറങ്ങി …
ഉമ്മച്ചിയുടെ ചിറകിനടിയിൽ തേങ്ങലടക്കി നാലെണ്ണം ചൊതുങ്ങി.

വിശന്നിട്ട് ഞാൻ കാണിക്കുന്ന പോക്രിത്തരങ്ങൾ പലതും കടുത്തു പോയിരുന്നു… ഇത്താ മാരെ മണ്ണ് വാരിയെറിയൽ കഴികിയിടുന്ന തുണി തളളി താഴെയിടൽ. കാണുന്നതെന്തും തട്ടിയെറിയൽ മുതിർന്നവരെ പട്ടി… കുരങ്ങി വിളിക്കൽ അങ്ങനെ അങ്ങനെ ഒത്തിരി …… അനുസരണകേട് കാട്ടി തല്ല് വാങ്ങി കൂട്ടി കണ്ണീർ തൂകി കഴിച്ച ഞാൻ ഉമ്മയുടെ ചിറകിൽ ചൊതുങ്ങാൻ തയ്യാറായില്ല..

അകലെ മാറി നിന്ന് ആകാശത്തേക്ക് നോക്കി .. വാ കീറി കരഞ്ഞു.. യത്തീമിൻ്റെ നിലവിളി അയൽ വീടുകളിൽ മുഴങ്ങി കേട്ടു ..

ചോറും മരച്ചീനിയും മീൻകറിയും കഞ്ഞി വെള്ളവും അയൽ വീടുകളിൽ നിന്നവിടെയെത്തി… പതയ്ക്കുന്ന വയറിൻ്റെ നിലവിളിയടങ്ങി… ഉമ്മച്ചിയെൻ്റെ തുടയിൽ
അമർത്തിയൊരു നുള്ളു തന്നു.. വിശപ്പിൻ്റെ വേദനയേക്കാൾ വലുതല്ലാത്തതിനാൽ ഞാൻ തൂത്ത് കളഞ്ഞ് ചോറ് വാരി വാരി കഴിച്ചു.എല്ലാർക്കുമുണ്ടായിരുന്നെങ്കിലും ഉമ്മച്ചി കഴിച്ചില്ല.

ഭക്ഷണത്തിൻ്റെ വരവ് പതിവായപ്പോൾ എൻ്റെ വീട്ടിലെ
അടുപ്പ് വീണ്ടും പുകഞ്ഞ് തുടങ്ങി. അയൽവീട്ടിൽ നിന്നും ഭക്ഷണം വരാതിരിക്കാനായി അടുപ്പിൽ കലവും വെള്ളവും വച്ച് ഉമ്മച്ചി വെറുതെ പുകയ്ക്കും. എന്നിട്ട് പറഞ്ഞു. ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല .. നിങ്ങടെ വാപ്പ … എല്ലാർക്കും വാരിക്കോരി കൊടുത്തിട്ടേയുള്ളൂ. ഇന്ന് ഞാനും എൻ്റെ മക്കളും കൂടി അദ്ദേഹത്തിൻ്റെ പേര് കളഞ്ഞു.

എനിക്ക് കുറ്റബോധം തോന്നി.. കരയാതിരിക്കാൻ മൂത്തവരെ പോലെ ഞാനും പരിശീലിച്ചു തുടങ്ങി.എങ്കിലും കൈവിട്ട് പോകും. ചിലപ്പോഴൊക്കെ അപ്പോൾ
ഉമ്മച്ചിപറഞ്ഞു.വിശന്നാൽ പാവാട മുറുക്കി കെട്ടിക്കോണം എല്ലാം ..

എനിക്ക് പവാടയല്ലല്ലോ ? ഫ്രോക്കാ… മുറുക്കി കെട്ടാൻ പറ്റില്ല കേട്ടോ. അത് കൊണ്ട് വിശക്കുമ്പോൾ ചോറ് തന്നെ വേണം.. അത് കേട്ട് എല്ലാരും ചിരിച്ചു.. അത് കണ്ടപ്പോൾ കണ്ണീരോടെ ഞാനും ചിരിച്ചു..പിന്നെ പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞ്..ഞാനെല്ലാരെയും ചിരിപ്പിക്കും.. വിശപ്പിനെ അതിജീവിക്കാനൊരു ശ്രമം..

പള്ളിയിൽ മതപ്രഭാഷണ പരമ്പര നടക്കുന്നത് പ്രമാണിച്ച് വലിയ ഉത്സാഹത്തിലായിരുന്നു .. കുട്ടികളിൽ പലരും …

മോളെയിങ് വാ… ഒരു പാട്ട് പാട് നൗഷാദിക്ക മൈക്ക് എൻ്റെ കയ്യിൽ തന്നു.. അരചുവരുള്ള നീളൻ വരാന്തയുടെ അങ്ങേയറ്റം മൈക്ക് പിടിച്ചു ഞാൻ വാപ്പച്ചിയുടെ ഖബറിലേക്ക് നോക്കി. പിന്നെ.. പാടി…

ചെറുപ്പത്തിൽ യത്തീമാക്കീട്ടെന്നെ വിട്ടു പിരിഞ്ഞല്ലോ.. അരുമ പൂ
കനിയായ വാപ്പാ…………………….
…………………………………………..
ചുടു മുത്തം പകരാനും ഇല്ലല്ലോ .. പുന്നാര വാപ്പ യെന്ന പാട്ട്.

എല്ലാർക്കും സങ്കടമായി…

ഉസ്താദ് പറഞ്ഞിട്ട് മോദീനുപ്പ എന്നെ ഉസ്താദിൻ്റെ അരികിൽ കൊണ്ട് പോയി. നിലത്ത് പായ വിരിച്ചിരുന്നു ചോറ് കഴിച്ച് കൊണ്ടിരുന്ന ഉസ്താദ്
എന്നോട് ഇരിക്കാൻ പറഞ്ഞു.

ഭയന്നിട്ട് ഞാൻ ഇരുന്നു .. ചോറിൽ മീൻ കറിയും തോരനും ഒഴിച്ച് കറിയും എല്ലാം വച്ച് കുഴച്ച് ഉരുളയാക്കി എനിക്ക് നേരെ നീട്ടി..

ഒരു നിമിഷം വാപ്പച്ചിയെ ഓർത്തു

വേണ്ട … ഞാൻ പറഞ്ഞു.

കഴിക്ക് മോളെ… ഉസ്താദിൻ്റെ കയ്യിൽ നിന്നും ഉരുള വാങ്ങി കഴിച്ചാൽ സ്വർഗ്ഗത്തിൽ പോകും.. നിഷേധിച്ചാൽ നരകത്തിൽ പോകും..
കുട്ടികളെല്ലാം ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

ഒത്തിരി സത്കർമ്മങ്ങൾ ചെയ്തയാളാ നിങ്ങടെ വാപ്പച്ചി .. സ്വർഗ്ഗത്തിൽ തന്നെ പോയിട്ടുണ്ടാവും.. എങ്കിലും പ്രാർത്ഥിക്കണമെന്ന് …പലരും പറഞ്ഞിട്ടുണ്ടായിരുന്നത് ഓർമ്മ വന്നു. ഈ ഉരുള കഴിച്ചാൽ എനിക്കും സ്വർഗ്ഗത്തിൽ പോകാം. ഞാൻ വാ തുറന്നു.
ഉസ്താദ് തലയിൽ തടവി ഓരോ ഉരുളയും തന്നു.. വാപ്പച്ചി തരും പോലെ ഇടക്കിടക്ക് പൊരിച്ച മീനും പിച്ചു വായിൽ വച്ചു തന്നു.
തല്ലിയ കൈകൾ തലോടുന്നു .. എനിക്കത്ഭൂതം തോന്നി…

സന്തോഷത്തോടെ ഞാൻ വീട്ടിലെത്തി ഉമ്മച്ചിയോട് പറഞ്ഞു… ഉമ്മാ… എനിക്ക് രണ്ടാമതും സ്വർഗ്ഗം കിട്ടി… ങാ.. സത്യം ..ഉസ്താദ് ചോറ് വാരി തന്നു.

വളരെ കുറച്ച് നാളത്തെതാണെങ്കിലും കഷ്ടപ്പാടുകൾ ഞങ്ങളെ സംബന്ധിച്ച് എത്ര വലുതായിരുന്നെന്നും. ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം ഞങ്ങൾക്കുണ്ടായ ആ വലിയ നഷ്ടം എത്രത്തോളം വലുതാണെന്നും വർഷങ്ങൾ കുറെയേറെ പോയ് മറഞിട്ടും മങ്ങാതെ.. മറയാതെ… കൂടുതൽ തെളിച്ചത്തോടെ ഞങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു… നേർത്തൊരു നൊമ്പരമായ്….

എല്ലാവർഷവും മതപ്രഭാഷണത്തിനെത്തുന്ന മത പണ്ഡിതന്മാർ ആദ്യം ഞങ്ങളുടെ വാപ്പച്ചിക്ക് ദുആ ചെയ്ത ശേഷം ആണ് പ്രസംഗമാരംഭിക്കുന്നത് ..അത് കേൾക്കുമ്പോൾ ഇന്നും നിറകണ്ണുകളോടെ ഞങ്ങൾ ഓർക്കുന്നു ആ നന്മ മനസ്സിനെ.

ആ നല്ല മനുഷ്യൻ്റെ മക്കളായി ജനിക്കാൻ കഴിഞ്ഞതിൽ ഇന്നും ഞങ്ങൾ അഭിമാനിക്കുന്നു
എന്ന് നിറഞ്ഞ സന്തോഷത്തോടെ എൻ്റെ പ്രിയ വായനക്കാരോട് ഞാനെൻ്റെ ഓർമ്മ പങ്ക് വച്ചതാണ് കേട്ടോ?

എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യം കണ്ട മരണം അത് എൻ്റെ വാപ്പച്ചിയുടേതായിരുന്നു. എൻ്റെ ബാല്യത്തെ മൂകമാക്കി കളഞ്ഞ ആ ദിനം…….. ഞങ്ങൾക്ക് യത്തീമെന്ന പദവി നേടിത്തന്ന ആ ദിനം………. മറക്കാനാവില്ലിന്നും ..

വസന്തങ്ങൾ വിരിഞ്ഞും വാടിയും ഓടിയകലുമ്പോഴും ഒരിക്കലും വാടാത്ത മണവും നനവുമുള്ള ഒരു നൊമ്പരപ്പൂവായി .. വാപ്പച്ചി ഇന്നും എൻ്റെ ഹൃദയത്തിൽ വിരിഞ്ഞ് നിൽക്കുന്നു…

മറ്റുള്ളവർക്ക് വേണ്ടി നാം ചെയ്യുന്ന നല്ല പ്രവർത്തികൾ നാം മരിച്ചാലും നമ്മുടെ പേരിനെ നിലനിർത്തും.

ഭക്ഷണം കഴിക്കുമ്പോൾ അയൽവീട്ടിലക്കു് ഒന്ന് നോക്കാൻ മറക്കല്ലേ… ഒരു പക്ഷേ! എന്നെ പോലെ വിശപ്പ് സഹിക്കാനാകാതെ വയറ് പൊത്തി പിടിച്ച് ഒരു കുട്ടി നമ്മുടെ വീട്ടിലേക്ക് നോക്കിയിരിപ്പുണ്ടാവും ഒരു ഉരുള ചോറിനായി.. അത് ഭക്ഷിച്ച്. സന്തോഷത്താൽ അവർ പൊഴിക്കുന്ന കണ്ണീരിന് നമ്മുടെ പാപത്തെ കഴുകി കളയാനുള്ള ശക്തിയുണ്ട്. ഓരോ വീട്ടുകാരും അങ്ങനെ ചിന്തിച്ചാൽ നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കില്ല… ശരിയല്ലേ…

❤️❤️❤️ബെൻസി❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!