“”രേവു.,.ഗായു ആയിരുന്നു വിളിച്ചത്….അഭിക്ക് നമ്മുടെ ചിന്നുനെ നോക്കിയാലോ എന്നൊരു ആലോചന..നമ്മളോടൊന്നു ആലോചിക്കാൻ പറഞ്ഞു..”
ഫോൺ വച്ച് അച്ഛനത് പറഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ….അമ്മയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം..
“ഇതിൽ ആലോചിക്കാൻ ഒന്നുമില്ല..അഭിയെ ആഗ്രഹിക്കാത്തവർ ആരാ.എന്റെ മനസ്സിലും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു..ഈ വർഷത്തോടെ അവളുടെ ഹൗസ് സർജൻസി കഴിയും..ബാക്കി വിവാഹത്തിന് ശേഷോം പഠിക്കാലോ..””
കേട്ടപ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ….. പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല….വേഗം മുറിയിലേക്ക് നടന്നു..
കുട്ടിക്കാലത്തെ കുടുംബ ഫോട്ടോ നോക്കി , കൂട്ടുകാരികളിൽ ആരോ മുറചെറുക്കൻ എന്നു പറഞ്ഞു കളിയാക്കിയപ്പോൾ മനസ്സിൽ തോന്നിയ പൊട്ടത്തരം..ആരും വെറുതെപോലും ആങ്ങനെയൊന്നു ഓർത്തിട്ടുണ്ടാവില്ല…അഭിയേട്ടനും ചിന്നുചേച്ചിയും തന്നെയാണ് ചേർച്ച..
കുടുംബത്തിലെ എല്ലാവരും പഠിപ്പ്‌സ്റ്റ് കളായിരുന്നു….എല്ലായിടത്തും കാണുമല്ലോ ആ ഗണത്തിൽ പെടാത്ത ഒന്ന്.. ഇവിടെ അത് ഞാനായിരുന്നു….എല്ലാവരും ഉയർന്ന മാർക്കോടെ പാസായപ്പോൾ ഞാൻ തട്ടിയും മുട്ടിയും ഡിഗ്രി വരെ എത്തി നിൽക്കുന്നു..അതുകൊണ്ട് വേറൊരു പേരുകൂടി കിട്ടി “മണ്ടൂസ് “.. അമ്മയെ പേടിച്ചു തോറ്റിട്ടില്ലെന്നു മാത്രം..എന്നെക്കുറിച്ചു ആരെങ്കിലും ചോദിക്കുമ്പോഴാണ് അതുവരെ ഉയർത്തിപ്പിടിച്ച അച്ഛന്റെയും അമ്മയുടെയും തല കുനിയുന്നത്..
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പഠിപ്പിസ്റ്റ് ഈ പറഞ്ഞ അഭിയേട്ടനായിരുന്നു.. ആൾ പഠിച്ചിറങ്ങുന്നത് ഏതെങ്കിലും റാങ്കോടെ തന്നെയാവും..അതുകൊണ്ട് എല്ലായിടത്തും പ്രശസ്തനായിരുന്നു..ആൾ എൻജിനീയറിംഗ് കഴിഞ്ഞ് ബാംഗ്ളൂർ ഇപ്പോൾ സ്വന്തമായി ഒരു firm തുടങ്ങി…ഓഫിസ് ആവശ്യത്തിനു കൊച്ചിയിൽ വരുമ്പോൾ.. ,ഇവിടെ നിന്നു ഒന്നര മണിക്കൂർ ഉണ്ട് കൊച്ചിയിലേക്ക്… എന്നാലും ഇവിടെയാണ് തങ്ങാറ്.
കുറച്ച് മുൻപ് കല്യാണക്കാര്യം സംസാരിച്ചില്ലേ അതാണെന്റെ അച്ഛൻ Dr..ചന്ദ്രദാസ്..കാർഡിയോളജിസ്റ് ആണ്..’അമ്മ Dr.രേവതി..ഡോക്ടറേറ്റ് ഫിസിക്‌സ് ലാണ്..ഇവിടെ അടുത്തുള്ള കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ് ഹെഡ്..
ചെറുപ്പംമുതൽ എനിക്ക് കൂട്ട് അച്ഛമ്മയായിരുന്നു…എന്റെ സങ്കടങ്ങൾ സന്തോഷങ്ങൾ ഒക്കെ ഞാൻ പങ്കുവെച്ചത് അച്ഛമ്മയോടാണ്..സങ്കടമോ സന്തോഷമോ എന്തായലും എനിക്ക് മാത്രമായി എന്തെങ്കിലും വിഭവമുണ്ടാക്കിത്തന്നാണ് അച്ഛമ്മയെന്നെ സന്തോഷിപ്പിക്കാറ്…അതിൽ സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സ്‌പെഷ്യൽ കാണും..
അച്ഛമ്മക്കു വയ്യാതെ ആയതിൽ പിന്നെ അത് പതിയെ ഞാൻ ഏറ്റെടുത്തു..സങ്കടമുണ്ടായാലും സന്തോഷമുണ്ടായാലും കിച്ചനിൽ കേറി എന്തെങ്കിലും ഒരു പരീക്ഷണം…അത് കഴിക്കുന്ന ആളുടെ മുഖത്തുണ്ടാവുന്ന സംതൃപ്തി..അത് കാണുന്നതായിരുന്നു എന്റെ സന്തോഷം..കിച്ചൻ ആയിരുന്നു വീട്ടിലെ എന്റെ പ്രിയപ്പെട്ട ഇടം..
എക്സാം അടുക്കുമ്പോൾ അമ്മയുടെ ഭീഷണി എത്തും..കിച്ചന്റെ പരിസരത്തു കണ്ടുപോകരുതെന്നു..എങ്ങാനും തോറ്റാൽ പിന്നെ അതിൽ എത്തി നോക്കാൻ പോലും സമ്മതിക്കില്ലെന്ന്..
തിരക്ക് പിടിച്ച അച്ഛനുമമ്മയും.. പിന്നെ ചിന്നുചേച്ചി ഹോസ്റ്റലിലും അതുകൊണ്ട് ഇടക്ക് വരുന്ന അഭിയേട്ടനിലാണ് എന്റെ പരീക്ഷണങ്ങൾ കൂടുതൽ..ആൾ എല്ലാം ആസ്വദിച്ചിരുന്നു കഴിക്കുന്നത് കാണുന്നതിലായിരുന്നു എന്റെ ആനന്ദം..
ഒരിക്കൽ ഉച്ചകഴിഞ്ഞ നേരത്തായിരുന്നു അഭിയേട്ടന്റെ പറയാതെയുള്ള വരവ്..എനിക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് ഉള്ള കറി കൂട്ടി എന്റേം അച്ചമ്മേടേം ഊണ് കഴിഞ്ഞിരുന്നു…അഭിയേട്ടൻ ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞപ്പോൾ ആകെയൊരു വെപ്രാളമായിരുന്നു.
.കുറച്ചു ചോറിരിപ്പുണ്ട്..ഫ്രിഡ്ജിൽ നോക്കിയപ്പോൾ മോരിരിപ്പുണ്ട്.. പെട്ടെന്നൊരു മോരുകാച്ചിയുണ്ടാക്കി.. മുട്ടയും സ്‌പെഷ്യൽ കൂട്ടും ചേർന്നൊരു ഓംലെറ്റും..മുറ്റത്തെ മാങ്ങ പൊട്ടിച്ചൊരു ചമ്മന്തിയും ബാക്കി മാങ്ങാ കൊത്തിയരിഞ്ഞു അല്പം മുളകും കായവും ചേർത്തു വെളിച്ചെണ്ണയിൽ കാച്ചിയെടുത്തു.. പപ്പടവും..
അച്ഛമ്മയോട് സംസാരിച്ച് അഭിയേട്ടൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ഊണ് റെഡി..
കഴിച്ചുകൊണ്ടിരുന്നപ്പോൾ അഭിയേട്ടൻ എന്റെ മുഖത്തേക്കൊന്നു നോക്കി..
“നീ ഇവിടെ ഉണ്ടെന്നറിഞ്ഞോണ്ടാ നേരം തെറ്റിയിട്ടും പുറത്തുന്നു കഴിക്കാതെ വന്നത്…അത് വെറുതെയായില്ല ..നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ..”
കേട്ടപ്പോൾ എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു..മനസ്സിനുള്ളിലെ മയിൽ ആയിരം പീലിവിടർത്തി നൃത്തമാടി…
ഓരോന്നോർത്ത് എപ്പോഴാണ് ഉറങ്ങിയതെന്നോർമയില്ല…മനസ്സിലെ പൊട്ടചിന്തകളെയൊക്കെ തുടച്ചുമാറ്റി നല്ലമനസ്സോടെയാണ് പിറ്റേന്ന് എണീറ്റത്..
വൈകീട്ട് വീട്ടിലെത്തുമ്പോൾ കണ്ടു..മുറ്റത്ത് അഭിയേട്ടന്റെ വീട്ടിലെ കാർ..ഇത്രപെട്ടെന്നെത്തിയോ എന്നൊരു അമ്പരപ്പുണ്ടായിരുന്നു..അപ്പച്ചിയെ കണ്ടിട്ടു ഒരുപാട് നാളായിരുന്നു.. കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചുമ്മ കൊടുത്തു……വരുന്നത് അറിഞ്ഞിട്ടാവണം അച്ഛനുമമ്മയും നേരത്തെ എത്തിയിട്ടുണ്ട്..
മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ കേട്ടു…
“അതേ..മോൾടെ ഈ കൈപ്പുണ്യവും രുചിയും പുറത്താരും കൊണ്ടുപോകേണ്ട….അവനു സ്വന്തമായി വേണമെന്നാണ് അഭി പറയുന്നത്..മോൾ എന്തു പറയുന്നു..”
പറഞ്ഞതു മുഴുവനായി മനസ്സിലായില്ല..ഞെട്ടലോടെ തിരിഞ്ഞു നോക്കി..അപ്പോഴാണ് ചിരിയോടെ കൗച്ചിൽ ഇരിക്കുന്ന അഭിയേട്ടനെ കണ്ടത്..
“ഇന്നലെ ഇവിടെ വിളിച്ചു എന്നു കേട്ടതിൽ പിന്നെ ചെക്കൻ ചെവിതല കേൾപ്പിച്ചിട്ടില്ല…രാവിലെ തന്നെ ആൾ ഇങ്ങെത്തി…ചിന്നുവിനെയല്ല ചാരുവിനെയാട്ടോ അഭിക്കു വേണ്ടത്…”
കേട്ടത് വിശ്വസിക്കാനാവാതെ പാളി നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്ന അഭിയേട്ടനെ..,
**********
കുറച്ച് കാലങ്ങൾക്കു ശേഷം….
ഞങ്ങളുടെ കോഫീഷോപ്പിന്റെ മൂന്നാമത് ബ്രാഞ്ച് ഇന്വഗ്രേഷൻ ആണിന്നു… കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നല്ലൊരു പേരെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു…
തിരക്കിനുള്ളിലൂടെ ഓടിപ്പാഞ്ഞു നടക്കുമ്പോൾ കണ്ടു…..ക്ഷണിക്കപ്പെട്ട അതിഥികൾക്ക് നടുവിൽ അവരോടു സംസാരിച്ചു അച്ഛനുമമ്മയും…..തലയുയർത്തിപ്പിടിച്ചിട്ടുണ്ട്..
എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ തികഞ്ഞ അഭിമാനം….
പെട്ടെന്നൊരു കൈ വന്നെന്നെ ചേർത്തുപിടിക്കുന്നതറിഞ്ഞു…
“നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാവും…എന്നു വച്ച് എന്റെ കുഞ്ഞിനെ നോക്കാതെ ഇങ്ങനെ ചാടിമറിഞ്ഞു നടന്നാൽ ഞാൻ സഹിക്കില്ല..”
എന്റെ അല്പം വീർത്തുന്തിയ വയറിൽ തലോടി അഭിയേട്ടനത് പറഞ്ഞപ്പോൾ ഞാൻ ചമ്മലോടെ ചുറ്റും നോക്കി…പിന്നെ ചിരിയോടെ ആ തോളിലേക്കു ചാഞ്ഞു…
സ്നേഹത്തോടെ…..
Nitya Dilshe
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission