മാർച്ച് മാസത്തിലെ ഒരു ഉച്ച കഴിഞ്ഞ നേരം.
ഒരു ചെറിയ മയക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ ജോസഫ് അബ്രഹാം കണ്ടത്, മുകളിൽ അതിവേഗം കറങ്ങി കൊണ്ടിരുന്ന ഫാൻ ആയിരുന്നു. ഒരു ലുങ്കി മാത്രമായിരുന്നു അയാളുടെ വേഷം. അയാൾ കിടക്കുന്ന മുറിയുടെ പടിഞ്ഞാറ് വശത്ത്, നീല കർട്ടണിന്റെ പിറകിലെ ജനാലകൾ അടഞ്ഞു കിടന്നിരുന്നു.
“ഈ ജനാലകൾ ഒക്കെ ഒന്ന് തുറന്നു വച്ചു കൂടെ? എന്തൊരു ചൂടാ?” അലീന ഡേവിഡ് ചോദിച്ചു. അവൾ അത് തുറക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല.
അലീന ഡേവിഡ് വെളുത്ത് സുന്ദരിയായിരുന്നു. ഉരുണ്ട മുഖം. നീല മിഡിയും ടോപ്പും ധരിച്ച അവൾക്ക് ഏകദേശം ഇരുപ്പത്തിയഞ്ച് ഇരുപത്തിയാറ് വയസ്സ് തോന്നിക്കും. മുടിയിൽ മനോഹരമായ ഒരു പോനിറ്റൈൽ.
“നീ എങ്ങനെയാണ് അകത്തു കയറിയത്? ഞാൻ വാതിൽ അടച്ചിരുന്നതാണല്ലോ?” അയാൾ അന്ധാളിപ്പോടെ അവളെ നോക്കി.
“അതുകൊള്ളാം നമ്മൾ ഒരുമിച്ചല്ലേ ഇതിനകത്ത് വന്നത്? ഞാൻ വാഷ്റൂമിലായിരുന്നപ്പോഴാണ് നിങ്ങൾ വാതിലടച്ചത്. ഒന്നും ഓർമ്മയില്ല, അല്ലേ?”
ജനാലക്കടുത്തു നിന്നും, അയാളുടെ അടുക്കലേക്ക് വന്ന് അവൾ പറഞ്ഞു.
“നിങ്ങൾക്ക് മദ്യം വാങ്ങിച്ചു തന്നത് ഞാനായിരുന്നു.” അവൾ, അയാൾക്ക് മുന്നിൽ വെച്ചിരുന്ന കസേരയിൽ ഇരുന്നു.
“നീ എന്തിനാണ് എനിക്ക് മദ്യം വാങ്ങിച്ചു തരുന്നത്? അല്ല, നിന്നെ എനിക്ക് മനസ്സിലായില്ലല്ലോ?” നെറ്റി ചുളിച്ചു കൊണ്ട് അയാൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു.
“ഞാൻ അലീന ഡേവിഡ്. ഗോസ്റ്റ് റൈറ്റർ ആണ്. നിങ്ങൾ എന്റെ ക്ലയന്റ് ആണ്.”
“ഗോസ്റ്റോ?”
“ഗോസ്റ്റ് അല്ല, ഗോസ്റ് റൈറ്റർ. പൈസ വാങ്ങി എഴുതി കൊടുക്കുന്നവൾ. നിങ്ങളുടെ ബയോഗ്രാഫി എഴുതാൻ വേണ്ടി നിങ്ങൾ എനിക്ക് കാശു തന്നു. എന്റെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു വന്നു. ഇതിനകത്ത് കയറി, വാതിലടച്ചു, വെള്ളമടിച്ചു എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു നിങ്ങൾ കിടന്നുറങ്ങി. ഇപ്പൊ ഓർമ്മ കിട്ടിയോ?”
“ഓ. ഇപ്പം മനസ്സിലായി. അലീന ഡേവിഡ്. പല ഗോസ്റ്റ് റൈറ്റർസിനെ ഞാൻ സമീപിച്ചു. പക്ഷേ എന്റെ കഥ കേൾക്കാനുള്ള താൽപര്യം അവർക്കാർക്കും ഉണ്ടായിരുന്നില്ല. പിന്നെയാണ് ഞാൻ നിന്നെ കുറിച്ച് അറിഞ്ഞത്.” അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു.
“എത്ര നേരമായി ഞാൻ വെയിറ്റ് ചെയ്യുന്നു എന്നറിയോ? എന്തൊരു ഉറക്കമാ ഇത്?”
“ശരിയാ. നേരം ഒരുപാട് ആയി, അല്ലേ? ഉറങ്ങിപ്പോയി. നല്ല ക്ഷീണമുണ്ടായിരുന്നു,” അയാൾ രണ്ടു കൈയ്യും ഉയർത്തി ഒരു കോട്ടുവായിട്ട് കട്ടിലിൽ നിന്നെഴുന്നേറ്റു.
“വാതിലും ജനലും അടച്ചു പൂട്ടി അകത്ത് ഇരിക്കുമ്പോൾ എനിക്ക് ഒരു തരം ശ്വാസം മുട്ടലായിരുന്നു.”
“ഇവിടെ തന്നെ ഇരിക്കുകയായിരുന്നുവെങ്കിൽ നിനക്കെന്നെ വിളിച്ച് ഉണർത്താമായിരുന്നില്ലേ ഗോസ്റ്റേ?” അയാൾ ചോദിച്ചു.
“നിങ്ങൾ ഉറങ്ങിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു. അത് പോട്ടെ,. ഈ വേനൽചൂടിൽ നിങ്ങൾ എന്തിനാണ് ജാലകങ്ങളൊക്കെ അടച്ച് ഇങ്ങനെ വെന്തുരുകി ഇരിക്കുന്നത്? ഞാൻ കുറെ നേരമായി തുറക്കാൻ ശ്രമിക്കുന്നു എനിക്കാണെങ്കിൽ അത് തുറക്കാനുള്ള ശക്തിയുമില്ല.”
“ഞാനെന്തിനാ അത് അടച്ചത് എന്ന് എനിക്കറിയില്ല. ചില നേരത്ത് ഞാൻ ഇങ്ങനെയാണ്. സ്ഥലകാലബോധം ഇല്ലാതെ പ്രവർത്തിക്കും,” അയാൾ പറഞ്ഞു.
“എന്നാൽ അതൊന്നു തുറക്ക്. കുറച്ചു കാറ്റും വെളിച്ചവും അകത്ത് കയറട്ടെ.” അവൾ പറഞ്ഞു.
“നമുക്കൊരു പ്രൈവസി ഒക്കെ വേണ്ടേ, അലീനേ? ഫാൻ കറങ്ങുന്നുണ്ടല്ലോ. അത് മതി. ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരാം. നീ ആ കർട്ടൺ ഒക്കെ ഒന്ന് നീക്കിയിട്, അപ്പോൾ ആവശ്യത്തിന് വെളിച്ചം കിട്ടും,”
അയാൾ ബാത്ത്റൂമിൽ കയറി കതകടച്ചു
കട്ടിലിന്നരികിലെ മേശപ്പുറത്ത് ഒരു ബ്രാണ്ടികുപ്പിയും, സമീപത്തുണ്ടായിരുന്ന ഗ്ളാസ്സിൽ നേരത്തെ അയാൾ പകുതി കുടിച്ചു വെച്ച മദ്യവും ഉണ്ടായിരുന്നു.
“രണ്ടെണ്ണം അകത്ത് പോയാലുള്ള കലാപരിപാടികൾ ഒക്കെ ഞാൻ കണ്ടു,” അയാൾ വന്നതും, ഒരു ചെറുചിരിയോടെ അവൾ പറഞ്ഞു.
അയാൾ ചിരിച്ചു. “ചില ആണുങ്ങൾ മദ്യപിച്ചാൽ അങ്ങനെയാണ്.”.അയാൾ, ഹാങ്കറിൽ നിന്ന് ഒരു ഷർട്ട് എടുത്ത് ധരിച്ച്, അവൾക്കഭിമുഖമായി മേശയുടെ അപ്പുറത്ത്, കസേരയിൽ ഇരുന്നു.
അവൾ തന്റെ കൈത്തലം മേശപ്പുറത്ത് വെച്ചു. വെളുത്ത് നീണ്ട, മനോഹരമായ വിരലുകൾക്ക് വയലറ്റ് നിറത്തിലുള്ള നെയിൽ പോളിഷ്, ആ വിരലുകളുടെ സൗന്ദര്യം വർദ്ധിപ്പിച്ചു.
“ഞാൻ എന്തോ എഴുതുകയായിരുന്നല്ലോ. പക്ഷെ അതെന്താണെന്ന് ഓർമ്മ കിട്ടുന്നില്ല.” അയാൾ അവളുടെ വിരലുകൾ കൈയിൽ എടുത്തുകൊണ്ട് പറഞ്ഞു.
“എങ്ങനെ ഓർമ്മ വരാനാ? എത്രയെണ്ണം വീശി?” അവൾ ഒരു ചെറുചിരിയോടെ, പതുക്കെ, തന്റെ കൈത്തലം അയാളിൽ നിന്നും അടർത്തി.
“നാല് പെഗ്ഗ് അടിച്ചു കാണും. കാരണം രണ്ടെണ്ണം ഇതിനകത്തുണ്ട്,” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇനി എന്തിനാണ് ഇതായിട്ട് ബാക്കി വെക്കുന്നത്?”
“ഇവിടെ നമ്മൾ രണ്ടുപേരും അല്ലാതെ വേറെ ആരും ഇല്ലല്ലോ?” അവൾ ചോദിച്ചു.
“എന്തിനാ?”
“എനിക്കൊരു രഹസ്യം പറയാൻ ഉണ്ടായിരുന്നു.” അവൾ ഒരു ചെറുപുഞ്ചിരിയോടെ അയാളെ നോക്കി.
“എന്താണെന്ന് വെച്ചാൽ പറ?” അയാൾ മുന്നോട്ടാഞ്ഞു.
“പറയാം. പക്ഷേ അതിനു മുമ്പ് നിങ്ങൾക്ക് എന്നോട് പറയാനുള്ളത് പറയണം.” അവൾ ആവശ്യപ്പെട്ടു. തന്റെ ബാഗ് തുറന്നു അവൾ കുറച്ച് കടലാസുകളും, ഒരു പേനയും, ഒരു സെൽഫോണും എടുത്ത് മേശപ്പുറത്തു വെച്ചു.
“അതിന് എനിക്ക് നിന്നോട് ഒന്നും പറയാനില്ലല്ലോ?” അയാൾ ചോദിച്ചു..
“അത് ശരി. പിന്നെ എന്തിനാണ് എന്നെ എന്റെ വീട്ടിൽ നിന്നും ഈ ലോഡ്ജിലേക്ക് വിളിച്ചോണ്ട് വന്നത്? എന്നിട്ട് കതകടച്ചിരുന്നു ഇങ്ങനെ മണിക്കൂറുകളോളം എന്റെ സമയം നഷ്ടപ്പെടുത്തിയത്?”
“ഓ, മനസ്സിലായി. ഗോസ്റ് റൈറ്റിങ്. എന്റെ പൊന്ന് ഗോസ്റ്റേ, എനിക്ക് മൂടോന്നും കിട്ടുന്നില്ല. അത് കൊണ്ട് ഞാൻ ഒന്നും എഴുതിയില്ല.”
“ചേട്ടൻ എഴുതിയത് എഡിറ്റ് ചെയ്യുകയല്ല എന്റെ ജോലി. ചേട്ടൻ എനിക്ക് സ്റ്റോറിയുടെ ഔട്ലൈൻ പറഞ്ഞാൽ മതി. പൊടിപ്പും തൊങ്ങലും വെച്ച് ഞാൻ മനോഹരമായി എഴുതിക്കൊള്ളാം,” അവൾ പറഞ്ഞു.
“ഞാൻ പറഞ്ഞു തന്നാൽ നീ എപ്പോഴാണ് അത് മുഴുവനായിട്ട് എഴുതി എനിക്ക് തരിക?”
“ഇപ്പം കുറച്ച് ഭാഗങ്ങൾ പറഞ്ഞാൽ ഞാൻ എഴുതിയിട്ട് നാളെ രാവിലെ ചേട്ടനെ കാണാൻ വരാം.”
“ഈ സ്റ്റോറി നമുക്ക് കലക്കണം, കേട്ടോ.”
“അതൊക്കെ ഞാൻ ഏറ്റു,” അവൾ ചിരിച്ചു.
“കുറച്ചു കഴിയട്ടെ. ഇപ്പോൾ പറയാൻ ഒരു മൂഡില്ല.”
“മൂഡ് കിട്ടാൻ വേണ്ടിയാണ് നിങ്ങൾക്ക്, നിങ്ങൾ പറഞ്ഞ ബ്രാൻഡ് തന്നെ ഞാൻ വാങ്ങിച്ചു തന്നത്. ഇനിയും വേണമെങ്കിൽ പറഞ്ഞാൽ മതി.”
അയാൾ ചിരിച്ചു. “ഞാൻ പറയാം.”
“അത് കെട്ടിട്ടേ ഞാൻ പോകുള്ളൂ. വയറ്റിപ്പിഴപ്പ് ആണ് ചേട്ടാ. ചേട്ടൻ തന്ന കാശ് കൊണ്ട് വേണം എന്റെ വീട്ടിൽ അടുപ്പ് പുകയാൻ,” അവൾ പറഞ്ഞു. അവൾ ബാഗ് തുറന്ന് ഒരു കുപ്പി പുറത്തെടുത്തു. അയാളുടെ കണ്ണു തള്ളിപ്പോയി.
ജോണിവാക്കർ ബ്ലൂ ലേബൽ.
“കാശ് എനിക്കൊരു പ്രശ്നമല്ല. കേട്ടോ ഗോസ്റ്റേ, ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്തു തന്നാൽ മാത്രം മതി.” ആവേശത്തോടെ അയാൾ പറഞ്ഞു. ആ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു.
അവൾ ഒരു പെഗ്ഗ് ഗ്ലാസ്സിൽ ഒഴിച്ച്, അൽപ്പം സോഡയും ഒഴിച്ചു കൊടുത്തു. “ഇത് കുടിക്ക്, അപ്പോൾ എല്ലാം ഓർമ്മ വരും,” അവൾ പറഞ്ഞു.
ഗ്ളാസ് ചുണ്ടോടടുപ്പിച്ച് അയാൾ ഒരു കവിൾ കുടിച്ചപ്പോൾ, അവൾ പറഞ്ഞത് പോലെ തന്നെ, താൻ മറക്കാൻ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും അയാളുടെ സ്മരണകളിലേക്ക് ഓടി എത്തി.
“നിനക്കറിയോ, ജീവിതത്തിലെ എല്ലാവിധ സുഖങ്ങളും സന്തോഷങ്ങളും ത്യജിച്ച ഒരു വ്യക്തി ആയിരുന്നു ജോസഫ് അബ്രഹാം എന്ന ഈ ഞാൻ. പക്ഷേ ഞാൻ അർഹിച്ച പരിഗണനയോ സ്നേഹമോ ആരിൽ നിന്നും എനിക്ക് ലഭിച്ചിരുന്നില്ല.” അയാൾ പറഞ്ഞു തുടങ്ങി.
“നിക്ക് നിക്ക്, ഞാൻ ഒന്ന് റെക്കോർഡ് ചെയ്തോട്ടെ,” അവൾ പറഞ്ഞു. അവൾ ഫോണിൽ ഒരു ബട്ടൺ അമർത്തി.
അയാൾ അത് ശ്രദ്ധിക്കാതെ തുടർന്നു. “ഈ ലോകം എന്നെപ്പോലുള്ളവർക്ക് പറ്റിയതല്ല എന്ന വിച്ചിത്രമായ ഒരു തോന്നൽ പതുക്കെ എന്നിലുണ്ടായി.”
“ചേട്ടന് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ?” അവൾ ചോദിച്ചു. “ഒരു ട്വിസ്റ്റിന് വേണ്ടി ചോദിച്ചതാണ് കേട്ടോ.”
“ഉവ്വ്, ഉണ്ടായിരുന്നു,” അയാൾ പറഞ്ഞു.
“എന്നാൽ അവളെക്കുറിച്ച് പറ. എന്തായിരുന്നു അവളുടെ പേര്?”
“ടാനിയ ഫിലിപ്പോസ്.”
“നിങ്ങളുടെ ഈ വിചിത്ര കാഴ്ചപ്പാടുകളൊക്കെ ടാനിയ ഫിലിപ്പോസിന് ഉൾക്കൊള്ളാൻ പറ്റുമായിരുന്നോ?” കഥക്ക് ഒരു ഒഴുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ അവൾ ചോദിച്ചു.
“ഉവ്വ്. പക്ഷെ, ഞാൻ പറയുന്നതെന്തും അപ്പടി വിശ്വസിക്കുന്നവൾ അല്ലായിരുന്നു ടാനിയ. ചിലപ്പോൾ അവളുടെ നിലപാടുകൾ പറഞ്ഞ് എന്നോട് കലഹിക്കുകയും ചെയ്യുമായിരുന്നു.”
അവൾ വീണ്ടും തന്റെ ബാഗ് തുറന്നു ഒരു പാക്കറ്റ് പുറത്തെടുത്തു. അതിൽ ബനാന ചിപ്സ് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഒഴിഞ്ഞ പ്ലേറ്റ് എടുത്ത്, പാക്കറ്റ് തുറന്നു, ചിപ്സ് അതിലേക്കിട്ടു.
“എല്ലാ സെറ്റപ്പുമായാണ് വന്നിരിക്കുന്നത് അല്ലേ?” അയാൾ ചിരിച്ചു.
അവൾ ചിരിച്ചു. പിന്നെ ഒന്നും മിണ്ടാതെ എന്തൊക്കെയോ എഴുതി തുടങ്ങി.
അയാൾ കുറേനേരം ആലോചനയിലാണ്ടു. പിന്നെ, പതുക്കെ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.
“ഞാൻ ഒരു സാമ്പിൾ വായിച്ചു തരാം. കേട്ടോളൂ. നിങ്ങൾക്കിഷ്ടമാവുകയാണെങ്കിൽ നമുക്ക് ഈ ഡീൽ പ്രോസീഡ് ചെയ്യാം,” അവൾ പറഞ്ഞു. “കുറച്ചൊക്കെ എഡിറ്റിംഗ് നടത്താനുണ്ട്. നാളെ ഇതിലും മനോഹരമായി ഞാൻ എഴുതിത്തരാം.”
*********
ഒരു ബീച്ച് റിസോർട്ടിലെ കടൽക്കരയിൽ, പൂവിന്റെ ആകൃതിയിലുള്ള കുടയുടെ കീഴിൽ ഇരുവശത്തും അഭിമുഖമായി ഇരിക്കുകയായിരുന്നു ജോസഫ് അബ്രാഹാം എന്ന സുമുഖനായ യുവാവും,, ടാനിയ ഫിലിപ്പോസ് എന്ന തന്റെ കാമുകിയും. തിരമാലകൾ തീരത്ത് വന്നടിയുന്ന മനോഹരമായ, സംഗീതാത്മക ശബ്ദം ശ്രവിച്ചു കൊണ്ട്, അവർ പ്രണയ പരവശരായി, മുഖത്തോടു മുഖം നോക്കി ഇരുന്നു.
ടാനിയ മെനു നോക്കി വെയിട്ടറിനോട് പറഞ്ഞു, “രണ്ട് സ്ട്രോബെറി ഐസ്ക്രീം, രണ്ട് മഷ്‌റൂം ഫ്രൈ.” ഓർഡർ ചെയ്തതിന് ശേഷം അവൾ അയാളുടെ നേർക്ക് തിരിഞ്ഞ് ചോദിച്ചു:
“എന്താണാവോ പുതിയ കണ്ടുപിടുത്തം? എന്തോ ഒരു മണ്ടത്തരം പറഞ്ഞല്ലോ ഇപ്പം?”
“മണ്ടത്തരം എന്ന് നിനക്ക് മാത്രമേ തോനുള്ളു ടാനിയ, ഒരു മഞ്ഞ ഫ്രോക്കും ഇട്ടോണ്ട് വന്നിരിക്കുകയാ, ഞാൻ എന്തു പറഞ്ഞാലും തർക്കിക്കാൻ.”
“ചൂടാവാതെ കാര്യം പറയൂ.” ടാനിയ പുഞ്ചിരിച്ചു.
“ഈ ലോകം എന്നെപ്പോലുള്ളവർക്ക് പറ്റിയതല്ല, എന്നാണ് ഞാൻ പറഞ്ഞത്,” അയാൾ വ്യക്തമാക്കി.
കടൽക്കരയിൽ വീശിയ തണുത്ത കാറ്റ് സ്നേഹപൂർവ്വം ഇരുവരെയും തഴുകി. ടാനിയയുടെ പ്രതികരണമറിയാൻ ജോസഫ് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“കൊള്ളാം.!” അവൾ പറഞ്ഞു. “അപ്പൊ നിങ്ങളേപ്പോലുള്ള, സ്വയം ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്നവർക്ക് പറ്റിയ സ്ഥലം ഏതാണാവോ?”’ ടാനിയ ഉറക്കെ ചിരിച്ചു. കടൽക്കരയിലെ കാറ്റേറ്റ് അവളുടെ മുടിയിഴകൾ പാറിക്കളിച്ചു.
അവൾ ചിരിക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന സുന്ദരമായ നുണക്കുഴികൾക്ക് ഒരു വശ്യതയുണ്ടെന്ന് അയാൾക്ക് തോന്നി. അപ്പോഴേക്കും, അവർ ഓർഡർ ചെയ്ത ഭക്ഷണം എത്തി.
“നീ ഇങ്ങനെ പരിഹസിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? നിനക്ക് തോന്നുന്നത് ഞാൻ ഇൻഫീരിയർ ആയിട്ടാണ് സംസാരിച്ചതെന്ന്. പക്ഷേ അങ്ങനെയല്ല. വാസ്തവത്തിൽ, നമ്മൾ എത്രയോ മുകളിലാണ് എന്ന അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്.” അയാൾ ഒരു സ്പൂൺ മഷ്റൂം ഫ്രൈ എടുത്തു വായിൽ വെച്ചു.
“അടിപൊളി സ്വാദാണ്,” അയാൾ അഭിപ്രായപ്പെട്ടു. തുടർന്ന്, അവളും അത് രുചിച്ചു നോക്കി.
“നീ ഒന്നും പറഞ്ഞില്ല?”
“ഏത് അർത്ഥത്തിൽ ആയാലും, പക്വതയോടെ പെരുമാറിയാൽ ജീവിക്കാനുള്ള സാഹചര്യം ഇവിടെത്തന്നെ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നും.” ടാനിയ പറഞ്ഞു.
“എങ്ങനെയാണ് പക്വതയോടെ പെരുമാറുക? ഒന്ന് വിശദീകരിച്ചേ… ആ പക്വതയെ നീ ഒന്ന് ഡിഫൈൻ ചെയ്യ്, എടോ,, ഈ ലോകത്ത് എല്ലാവരും വളരെ പക്വതയോടെ പെരുമാറിയാൽ പ്രണയം എന്ന വികാരം ഉണ്ടാവുമോ? ഒരൽപ്പം കുട്ടിത്തവും അപക്വവുമായ പെരുമാറ്റത്തിലൂടെ മാത്രമല്ലേ പ്രണയം ഉടലെടുക്കുകയുള്ളൂ?” അയാൾ ചോദിച്ചു.
“നിങ്ങൾക്ക് തെറ്റി. പ്രണയത്തിന്റെ കെമിസ്ട്രി വെച്ച് നോക്കിയാൽ, പ്രണയം നിലനിൽക്കാൻ പക്വത ഒരു മാനദണ്ഡമൊന്നുമല്ല. പക്ഷേ ആ പ്രണയത്തിന് മറ്റൊരു ഭാവമായിരിക്കും. അത് മറ്റൊരു കോണിൽ നിന്ന് വീക്ഷിച്ചാൽ മാത്രമേ നമ്മൾക്ക് അതിനെ നിർവ്വചിക്കാൻ പറ്റുകയുള്ളൂ.” ടാനിയ തന്റെ നിലപാട് വ്യക്തമാക്കി.
“ശരി ഞാൻ തർക്കിക്കുന്നില്ല. നീ ഐസ്‌ക്രീം കഴിക്ക്.”
“ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും. പ്രണയത്തെ കുറിച്ച് നിങ്ങൾ ശരിക്ക് റിസർച്ച് നടത്തിയിട്ടില്ല. ഒരു പുനർചിന്തനാം നടത്തേണ്ടതുണ്ട്,” അവൾ പറഞ്ഞു.
************
“എങ്ങനെയുണ്ട്? അലീന ഡേവിഡ് ചോദിച്ചു.
അയാൾ പുഞ്ചിരിച്ചു. “കൊള്ളാം. നീ ഞാൻ വിചാരിച്ചതിനേക്കാൾ സൂപ്പറാ. നല്ല ടാലന്റുള്ള റൈറ്റർ. നിനക്ക് എന്തെങ്കിലും കുടിക്കാൻ വേണോ? ഞാൻ റൂം ബോയെ വിളിച്ചു പറയാം. വെയിറ്റ്,”
അയാൾ സ്വിച്ചിൽ വിരലമർത്താൻ തുനിഞ്ഞപ്പോൾ അവൾ തടഞ്ഞു. “എനിക്കൊന്നും വേണ്ട,” അവൾ പറഞ്ഞു.
“എന്ന് പറഞ്ഞാൽ എങ്ങനെയാ? ഫോൺ ചെയ്ത് പറയാം.” അയാൾ റിസീവർ കയ്യിലെടുത്ത്, നമ്പർ ഡയൽ ചെയ്ത്, രണ്ട് ചായക്കും പഫ്‌സിനും ഓർഡർ ചെയ്തു.
“താങ്ക്യൂ ബാക്കി കൂടി എഴുതണ്ടേ?” അവൾ ചോദിച്ചു.
‘പിന്നെ വേണ്ടേ? വെറുതെയാണോ നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്?”
അവൾ, താനിരുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് റൂമിലെ വലിയ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു. കണ്ണാടി നോക്കി തന്റെ കൈകൾ കൊണ്ട് മുടി ഒതുക്കി വെച്ചു.
“ഇതാരാണ് ഈ കണ്ണാടിയിൽ ‘ഗുഡ്ബൈ’ എന്ന് എഴുതിവച്ചിരിക്കുന്നത്?” അവൾ ചോദിച്ചു.
“ഇതൊരു ലോഡ്ജല്ലേ? എത്രപേർ ഇവിടെ വന്നിട്ടുണ്ടാവും?” അയാൾ ചിരിച്ചു.
ടാനിയ മുടി വീണ്ടും ഒതുക്കിയ ശേഷം, അയാളുടെ മുന്നിലെത്തി.
“എന്താ എന്നെ തന്നെ ഇങ്ങനെ നോക്കുന്നത്?” അവൾ ഒരു കള്ളപ്പുഞ്ചിരിയോടെ ചോദിച്ചു
“നീ ശരിക്കും ഒരു സുന്ദരി തന്നെ,” ജോസഫ്
അവളുടെ മുഖത്തു നോക്കി പറഞ്ഞു.
“ആണോ? സന്തോഷം.” അവൾ ചിരിച്ചു. “ആദ്യം നമുക്ക് നമ്മുടെ ജോലി തീർക്കാം, സൗന്ദര്യ ആസ്വാദനം ഒക്കെ പിന്നെ.” അവൾ പറഞ്ഞു.
“ടാനിയയുമായി ബ്രേക്ക് അപ്പ് ആയി. അപ്പൊ പിന്നെ മറ്റൊരാളെ ആ സ്ഥാനത്ത് കാണുന്നതിൽ തെറ്റൊന്നുമില്ല,” അയാൾ പറഞ്ഞു.
“ടാനിയയുമായുള്ള അഭിപ്രായ വ്യത്യാസമാണോ നിങ്ങളെ ഒരു ബ്രേക്ക് അപ്പിൽ കൊണ്ടു ചെന്നെത്തിച്ചത്?” അലീന ചോദിച്ചു. അവൾ വീണ്ടും അയാൾക്ക് അഭിമുഖമായി ഇരുന്നു.
“ഇല്ല. അവൾ ബുദ്ധിയുള്ള പെണ്‍കുട്ടി ആയിരുന്നു. ഞങ്ങൾ പരസ്പരം തോൽക്കാൻ വേണ്ടി മത്സരിച്ച്, അത് വഴി ജീവിതത്തില്‍ മുന്നേറാനുള്ള വിശാല മനസ്കതയും ശുഭാപ്തി വിശ്വാസവും വേണ്ടുവോളം ഞങ്ങൾ രണ്ടു പേർക്കും ഉണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് യഥാർഥ പ്രണയം ഉടലെടുക്കുന്നതെന്ന തിരിച്ചറിവ് പിന്നീടെപ്പോഴോ എനിക്കുണ്ടായി.”
“നല്ല കാര്യം,” അവൾ പറഞ്ഞു. “പക്ഷേ നിങ്ങൾക്ക് തിരിച്ചറിവ് വന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്,” അവൾ പുഞ്ചിരിച്ചു.
“അതെന്താണപ്പ അങ്ങനെ?”
“നിങ്ങൾക്ക് തിരിച്ചറിവ് വന്നിട്ടേ ഞാൻ ഇവിടുന്ന് പോകൂ, നിങ്ങളുടെ എടുത്തു ചാട്ടത്തിന്റെ ഫലം നിങ്ങളെ അറിയിച്ചിട്ടേ ഞാൻ പോകൂ.” അവൾ ചിരിച്ചു.
“അലീന ഇവിടുന്ന് പോണം എന്ന് എനിക്കൊരു നിർബന്ധവുമില്ല. അവിടെ ഇരിക്ക്. ഞാൻ മുഴുവനും പറയട്ടെ.”
“ഇവിടെയൊക്കെ ഒരു നാറ്റം ഉണ്ട്,” അവൾ പറഞ്ഞു. “ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കഴുകാതെ വെച്ചിരുന്നത് കൊണ്ടാണ്. ഞാൻ ഇതൊക്കെ ഒന്ന് വൃത്തിയാക്കി തരാം,” അവൾ പറഞ്ഞു.
“ഞാനും കൂടി കൂടാം,” അയാൾ എഴുന്നേറ്റു.
“ഈ വെയിസ്റ്റ് ഒക്കെ ഒന്ന് ഡസ്റ്റ്ബിന്നിലോട്ട് ഇട്ടാൽ മതി,” അവൾ പറഞ്ഞു.
“നിങ്ങൾ വേറെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ? ഇതെന്താണ് ഈ പാക്കറ്റിൽ? ഹാൻസൊ? ഇതെന്താണ് ഈ ചെറിയ കുപ്പിയിൽ?” അവളത് മണത്തു നോക്കി.
“മയക്കുമരുന്നോ കഞ്ചാവോ മറ്റോ ആണെങ്കിൽ ഉപയോഗം ഒക്കെ നിർത്തണം കേട്ടോ,” അവൾ കർശനമായി പറഞ്ഞു.
“അതൊക്കെ അവിടെ വെക്ക്. എപ്പോഴും ഇല്ല വല്ലപ്പോഴും മാത്രം.”
“ടാനിയക്ക് ഈ സംഭവങ്ങൾ ഒക്കെ അറിയാമോ? നിങ്ങളുടെ ഈ വക കലാപരിപാടികൾ ഒക്കെ?” അവൾ ഗൗരവത്തോടെ ചോദിച്ചു.
“അറിയാം.”
“എനിക്ക് മനസ്സിലാവുന്നില്ല.” അവൾ ഒരൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ പറഞ്ഞു. “ഇത്രയേറെ മാനസിക ഐക്യം ഉണ്ടായിട്ടും എന്തേ നിങ്ങൾ വിവാഹം കഴിക്കാതിരുന്നത്? ഒരു പരിധിവരെ നിങ്ങളുടെ ദൂസ്വഭാവങ്ങൾ ഒക്കെ നിൽക്കുമായിരുന്നല്ലോ?” അവൾ അയാൾക്ക് അരികിൽ കട്ടിലിൽ ഇരുന്നു.
“ഞാൻ ടാനിയയെ വിവാഹം കഴിക്കുന്നത്, എന്റെ വീട്ടുകാർക്ക് താൽപ്പര്യം ഉള്ള ഒരു കാര്യം ആയിരുന്നില്ല. കാരണം,, ടാനിയ സാമ്പത്തിക ശേഷി ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നായിരുന്നു. എനിക്കാണെങ്കിൽ, എന്നെ മാത്രം ആശ്രയിച്ചു ആറ് പേര് എന്റെ വീട്ടിലുണ്ടായിരുന്നു. അതിൽ, ഭർത്താവിന്റെ കൂടെ അത്ര രസത്തിൽ അല്ലാത്ത എന്റെ മൂത്ത സഹോദരിയും, അവരുടെ രണ്ട് പെണ്മക്കളും ഉൾപ്പെട്ടിരുന്നു. ചേച്ചി ഗർഭിണിയായിരുന്നു. എന്റെ വീട്ടുകാർ എന്നോട് ആവശ്യപ്പെട്ടത് കല്യാണമേ കഴിക്കാതെ ജീവിതത്തിൽ ഒരു സാക്രിഫൈസ് ചെയ്യാൻ വേണ്ടിയായിരുന്നു.”
“ഈ വിവരം നിങ്ങൾ ടാനിയയോട് പറഞ്ഞിരുന്നോ?”
“ഉവ്വ്. അതിന്റെ പ്രതികരണം അവളുടെ തുടർന്നുള്ള പെരുമാറ്റത്തിൽ കാണാനിടയായി,” അയാൾ പറഞ്ഞു.
അലീന അൽപ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പതുക്കെ അയാളെ നോക്കി കൊണ്ട് പറഞ്ഞു, “ഇപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടിയത്,” അവൾ, അയാളുടെ കണ്ണുകളിൽ നോക്കി. “ഞാൻ ഓർത്തു നിങ്ങൾ ജെനുവിൻ ആണെന്നാണ്.”
“നീ പറഞ്ഞു വരുന്നത്?”
“ഒന്നുമില്ല. എന്നെ ഏൽപ്പിച്ച ജോലി മാത്രം ഞാൻ ചെയ്യാം,” അവൾ പറഞ്ഞു. അവൾ വീണ്ടും കസേരയിൽ ഇരുന്നു. മേശപ്പുറത്ത് ഉണ്ടായിരുന്ന വെളുത്ത കടലാസുകളിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി.
അയാൾ, അടച്ചിട്ട ജനാലയുടെ സുതാര്യമായ ഗ്ലാസിലൂടെ താഴേക്ക് നോക്കിയപ്പോൾ വിജനമായ റോഡ് കണ്ടു. ഒരു പോലീസ് ജീപ്പ് വന്ന് ലോഡ്ജിന് മുൻവശത്ത് നിൽക്കുന്നത് അയാൾ കണ്ടു. കുറച്ച് ആളുകൾ കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു. അയാൾക്ക് ഒന്നും മനസ്സിലായില്ല.
തിരികെ വന്ന കട്ടിലിലിരുന്നപ്പോൾ എന്തോ അസ്വസ്ഥത അയാളെ ബാധിച്ചു. അയാൾ ഒരു സിഗരറ്റെടുത്ത് കത്തിച്ചു.
“ദേ, എന്റെ തീരാറായി കേട്ടോ. ഞാൻ കുറച്ചു കഴിഞ്ഞു പോകും,” അവൾ പറഞ്ഞു.
“അതാരാ പുറത്ത്?” അയാൾ ചോദിച്ചു. “പോലീസുകാരെയും മറ്റ് പല ആളുകളെയും കാണുന്നുണ്ടല്ലോ?”
“എവിടെ?” അവൾ എഴുനേറ്റു ജനാലയുടെ അരികിലേക്ക് ചെന്നു, താഴേക്ക് നോക്കിയപ്പോൾ ഒരു ആൾക്കൂട്ടത്തെ
അവളും കണ്ടു.
“അവർ ഒരു റെയ്ഡിന് വന്നതാവാനാണ് സാധ്യത,” അവൾ പറഞ്ഞു. അയാൾ അവളുടെ അടുത്ത് ചെന്നു നിന്നു.
“ചുറ്റുവട്ടത്തുള്ള ഹോട്ടലുകളിലൊക്കെ റെയ്ഡ് ചെയ്തതായി പത്രത്തിൽ ഉണ്ടായിരുന്നു. ചിലപ്പോൾ ഇമ്മോറൽ ട്രാഫിക്കിന്റെ പേരിൽ ഞങ്ങളെ രണ്ടു പേരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇങ്ങോട്ട് വന്നേക്കും.” അവൾ പറഞ്ഞു.
“കുഴപ്പമാകുമോ?” അയാൾ സിഗററ്റിലെ പുകയൂതി കൊണ്ട് ചോദിച്ചു.
“പേടിക്കാതിരിക്ക്. പൊലീസുകാർക്ക് അതിനുള്ള വകുപ്പ് ഒന്നുമില്ല. ഇനി നിങ്ങടെ മുഖത്ത് പേടി കണ്ടാൽ അവർ ഏതെങ്കിലും വകുപ്പിൽ നമ്മളെ പെടുത്തും. ഇത് ഞാൻ ഡീൽ ചെയ്തോളാം. ധൈര്യമായിരിക്കുക,” അവൾ പറഞ്ഞു.
ആ ഉറപ്പ് കേട്ടതോടെ അയാൾ വീണ്ടും കട്ടിലിലിരുന്നു.
“നമുക്ക് കഥ തുടരാം.” അവൾ പറഞ്ഞു.
“എന്താണ് ഈ കഥക്ക് നീ പേരിടാൻ പോകുന്നത്?” വെറുതെ ഒരു കൗതുകത്തിന് വേണ്ടി അയാൾ ചോദിച്ചു.
“തിരിച്ചറിവ്,” അവൾ പറഞ്ഞു.
“ശരി. നീ വായിക്കൂ, ഞാൻ കേൾക്കാം.”
*************
ഒരു നട്ടുച്ചനേരം. ഞായറാഴ്ച.
ട്രാഫിക്കിൽ പെട്ട് നിരനിരയായി കിടന്ന ഒരുപാട് വാഹനങ്ങൾകിടയിലൂടെ, റോഡ് മുറിച്ച് കടന്ന്, പാതയോരത്ത് കൂടി, കയ്യിൽ പച്ചക്കറികളുമായി വീട്ടിലേക്ക് പോവുകയായിരുന്ന ജോസഫ് അബ്രഹാം, എതിരെ നിന്ന് വരുന്ന ടാനിയയെ കണ്ടു. അസഹനീയമായ ചൂട് കാരണമാവാം അവൾ കുട തുറന്നു പിടിച്ചിരുന്നു..
ജോസഫ് അവളോട് സംസാരിക്കാൻ തുനിഞ്ഞപ്പോൾ, അവൾ റോഡ് മുറിച്ച് മറുവശത്ത് കടന്നു. ജോസഫ് തന്നെ നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അവൾ കുട കൊണ്ട് തന്റെ മുഖം മറച്ച് നേരെ നടന്നു.
അയാളുടെ നേർക്കൊന്നു നോക്കുക പോലും ചെയ്യാതെയുള്ള ടാനിയയുടെ ആ അവഗണന ജോസഫിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
അന്ന് രാത്രി, അതീവ വ്യസനത്തോടെ അയാൾ ഫോണിൽ ടാനിയയെ വിളിച്ചു.
“നിങ്ങളോട് എനിക്കൊന്നും സംസാരിക്കാനില്ല,” ടാനിയ അറുത്ത് മുറിച്ച് പറഞ്ഞു.
“ഞാൻ എന്ത് തെറ്റാണ് തന്നോട് ചെയ്തത് എന്ന് കൂടി പറ,” അയാൾ വേദനയോടെ തിരക്കി. വീട്ടിൽ റേഞ്ച് കുറവായിരുന്നതിനാൽ അയാൾ പുറത്തിറങ്ങി. തന്റെ സംസാരം വീട്ടിൽ ആരും കേൾക്കരുത് എന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.
“നിങ്ങൾക്ക് നിങ്ങളുടേതായ ശരി. എനിക്ക് എന്റേതും.” ടാനിയ തന്റെ കിടക്കയിൽ കയറി കിടന്നു. “നിങ്ങൾ വീട്ടുകാരോട് ചോദിച്ചിട്ടൊന്നും അല്ലല്ലോ എന്നെ സ്നേഹിച്ചത്? ഇനി ദയവ് ചെയ്തു എന്നെ ശല്യപ്പെടുത്തരുത്. ഓക്കേ, ദാറ്റ്സോൾ” ടാനിയ ഫോൺ കട്ട് ചെയ്തു.
അവൾ ലൈറ്റ് ഓഫ് ചെയ്തു, ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു.
************
കഥ കേട്ട് ഇത്തവണ ജോസഫ് അവളെ അഭിനന്ദിച്ചില്ല. അയാൾ തന്റെ ദുരനുഭവം കേട്ട ദുഃഖത്തോടെ, തനിക്ക് സംഭവിച്ചിരിക്കുന്നതിൽ വിഷമിച്ച്, എന്തോ ആലോചനയിലാണ്ടു. അയാൾ എഴുന്നേറ്റ് വീണ്ടും ജനാലക്കരികിലേക്ക് ചെന്നു.
“എന്താ ഒരു വിഷമം പോലെ?” അലീന അയാളുടെ അടുത്ത് വന്നു ചോദിച്ചു. അവൾ അയാളുടെ ചുമലിൽ സ്പർശിച്ചു. അയാൾ തിരിഞ്ഞു.
“ഏത് പരിതസ്ഥിതിയിലും ടാനിയ എന്റെ കൂടെ നിൽക്കും എന്ന് ആത്മാഭിമാനത്തോടെ കരുതിയിരുന്ന എനിക്ക്, ടാനിയയുടെ അപ്രതീക്ഷിത പെരുമാറ്റം തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.” അയാൾ അലീനയോട് പറഞ്ഞു.
“അതിന് എന്തിനാണ് വിഷമിക്കുന്നത്? അതൊക്കെ കഴിഞ്ഞില്ലേ?”
“എത്ര പെട്ടെന്നാണ് ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവായത്? എനിക്കു പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും അവൾ സമ്മതിച്ചില്ലല്ലോ?” ജോസഫ് പറഞ്ഞു.
അലീന ഡേവിഡ് ഒരു ദീർഘനിശ്വാസം ഉതിർത്തു.
“എന്നാൽ നിങ്ങൾ തന്നെ പറ. ആരാണ് ശരിക്കും പക്വത ഇല്ലാത്ത പ്രവർത്തി കാണിച്ചത്?” അലീന അയാളുടെ അടുത്ത് നിന്നു കൊണ്ട് ചോദിച്ചു.
“നിങ്ങൾക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചും, വരാനിരിക്കുന്ന സാഹചര്യത്തെ കുറിച്ചും, ഉൾക്കാഴ്ചകൾ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും പരിഹരിക്കാൻ നിങ്ങൾ മെനക്കെട്ടില്ല.”
“അപ്പോ, അവൾ ചെയ്തത് ശരി എന്നാണോ?” അയാൾ ശബ്ദമുയർത്തി ചോദിച്ചു.
“എന്ന് ഞാൻ പറയില്ല. നിങ്ങൾ രണ്ടുപേരുടെ ഭാഗത്തും തെറ്റ് ഉണ്ടായിരുന്നു. മാത്രമല്ല, ഈ പ്രശ്നം വളരെ നിസ്സാരമാണ്. കുടുംബത്തിനു വേണ്ടി ബലിയാടാകുന്നു എന്ന് അവളോട് പറഞ്ഞു അവളിൽ അരക്ഷിതാവസ്ഥയും അങ്കലാപ്പും സൃഷ്ടിക്കുന്നതിന് പകരം ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ കരകയറാം എന്ന് ചിന്തിച്ച്, പ്രായോഗികമായ ഒരു തീരുമാനമെടുക്കുന്നതായിരുന്നില്ലേ ഉചിതം?”
“ശരി ഒന്ന് സംസാരിക്കാൻ ആ കുട്ടി ഒന്ന് നിന്ന് തന്നിരുന്നെങ്കിലോ?” അയാൾ ചോദിച്ചു.
“അത് അവളുടെ തെറ്റ്. ആ ബുദ്ധി ആ കുട്ടിയും കാണിച്ചില്ല. ആ നിമിഷങ്ങളിൽ നിങ്ങൾ രണ്ടുപേരെയും ഭരിച്ചത് നിങ്ങളുടെ മനസ്സിലുള്ള സൂപ്പർ ഈഗോ ആയിരുന്നു,” അവൾ പറഞ്ഞു.
“അതിനുശേഷമാണ് ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ വന്നത്.” അയാൾ പറഞ്ഞു അവസാനിപ്പിച്ചു.
“ഒരു ആത്മപരിശോധന നടത്തൂ. നിങ്ങളുടെ ചെയ്തികൾ ഒക്കെ ഒന്ന് ശരിക്ക് വിശകലനം ചെയ്തു നോക്കൂ. ഈ ഭൂമിമലയാളത്തിൽ ടാനിയ എന്ന പെണ്‍കുട്ടി മാത്രമാണോ ഉള്ളത്?” അവൾ ചോദിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല. ഒരുപാട് സമയം ആലോചിച്ചപ്പോൾ എന്തോ ഒരു തിരിച്ചറിവ് അയാൾക്ക് കിട്ടി. എന്തോ ഒരു ഉൾപ്രേരണയാൽ മാറിച്ചിന്തിച്ചെന്നപോലെ ജോസഫ് ഉത്സാഹഭരിതനായി.
“ഒന്ന് സംസാരിച്ചാൽ തീരാവുന്ന തെറ്റിദ്ധാരണകൾ മാത്രമേ ഉള്ളു, എന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യമായത്,” അയാൾ പറഞ്ഞു.
“ഇത് നിങ്ങൾക്ക് നേരത്തെ തോന്നേണ്ടതായിരുന്നില്ലേ?” അവൾ ചോദിച്ചു.
“ജീവിതത്തിൽ ഏതു പരിതസ്ഥിതിയും തന്മയത്വത്തോടെ നേരിടാനുള്ള ആത്മധൈര്യം ഞാൻ ഇപ്പോൾ കൈവരിച്ചു കഴിഞ്ഞു, ഇനി എന്റെ മുന്നോട്ടുള്ള ജീവിതം ഒരു ലക്ഷ്യം വെച്ചുകൊണ്ടാണ്.” അയാൾ ദൃഢനിശ്ചയിച്ചതോടെ പറഞ്ഞു.
“പക്ഷെ, നിങ്ങൾ വൈകിപ്പോയി, സുഹൃത്തേ.”
“ഇല്ല. ഞാൻ ഒരു തീരുമാനം എടുത്തു. ഇനി എന്നെ പിന്തിരിപ്പിക്കാനാവില്ല.”
ആരോ വാതിൽക്കൽ മുട്ടുന്ന ശബ്‌ദം കെട്ട് അയാൾ നോക്കി.
“ചെന്ന് വാതിൽ തുറക്കു. അവർ നിങ്ങളെ കാണാൻ വന്നതാണ്.” അവൾ കൂസലില്ലാതെ പറഞ്ഞു.
“ആര്? ഓ ചായയും പപ്സും കൊണ്ടു വന്നതായിരിക്കും.”
“അതിന് നിങ്ങൾ ഒന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ?” അവൾ ചിരിച്ചു.
“അപ്പൊ നേരത്തെ ഞാൻ ഓർഡർ ചെയ്തതോ?”
“അപ്പുറത്ത് ഉള്ളത് നിങ്ങളെ കാണാൻ വേണ്ടി വന്ന കുറച്ച് ആളുകളാണ്. ചെല്ല്, ചെന്ന് വാതിൽ തുറക്ക്. നിങ്ങൾ തുറക്കുന്നോ, അതോ ഞാൻ തുറക്കണോ?”
“ഇനി നീ പറഞ്ഞതു പോലെ റെയ്ഡിന് വന്നതായിരിക്കുമോ?” അയാളുടെ കണ്ണുകളിൽ ഭീതി ജനിച്ചു.
“ഇങ്ങനെ പേടിച്ചാൽ എങ്ങനെയാണ്? കുറച്ച് ധൈര്യം ഒക്കെ വേണ്ടേ?”
“നീയാ ബാത്റൂമിൽ കേറി ഒളിച്ചോ,” അയാൾ പറഞ്ഞു.
“വിഡ്ഢിത്തം പറയാതെ ചെന്ന് വാതിൽ തുറക്ക്.’
“അവർ നിന്നെ ഇവിടെ കണ്ടാൽ?”
“പേടിക്കണ്ട ഒന്നും സംഭവിക്കില്ല.”
അയാൾ വീണ്ടും മടിച്ചുനിന്നു അലീന അൽപനേരം കൂടി അയാളുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഒന്നും മിണ്ടാതെ വാതിൽക്കലേക്ക് നടന്നു. “ഞാൻ പോവുകയാണ്,” അവൾ പറഞ്ഞു. “ഇനി വരാനിരിക്കുന്നതൊക്കെ നിങ്ങൾ ഒറ്റയ്ക്ക് നേരിട്ടാൽ മതി.”
“ഹേ അലീന എങ്ങോട്ട് പോകുന്നു? നിൽക്ക്…” അയാൾ വിളിച്ചു പറഞ്ഞു.
“ഞാൻ അലീന ഡേവിഡ് അല്ല,” ഒരു പുഞ്ചിരിയോടെ, വളരെ സൗമ്യമായി അവൾ പറഞ്ഞു.
“പിന്നെ?”
അവൾ അല്പനേരം അയാളുടെ മുഖത്ത് നോക്കി. അയാളുടെ കണ്ണുകളിൽ ഭീതി ജനിച്ചിരുന്നു. അമ്പരപ്പോടെയും, അതിലേറെ ഭയത്തോടും കൂടി ജോസഫ് അവളെ തുറിച്ചു നോക്കി.
“എനിക്കൊന്നും മനസ്സിലാകുന്നില്ല,” അയാൾ പറഞ്ഞു.
“ഞാൻ എല്ലാം പറയാം.”
വാതിൽക്കൽ വീണ്ടും മുട്ട് കേട്ടപ്പോൾ അയാൾക്ക് പേടി തോന്നി തുടങ്ങി.
“പേടിക്കണ്ട,” അവൾ പറഞ്ഞു. “വാതിൽ തുറക്കുന്നതിനു മുൻപ് എനിക്ക് പറയാനുള്ളത് കേട്ടിട്ടേ വാതിൽ തുറക്കാവൂ.”
അയാൾ നെഞ്ചിടിപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.
“നിങ്ങളുടെ കഴിവുകളെ അംഗീകരിക്കാൻ താൽപര്യമില്ലാത്ത ചിലരുടെ മുന്നിൽ സ്വന്തം വ്യക്തിത്വം കാണിക്കുവാൻ വേണ്ടി നിങ്ങൾ ആവത് ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. പരാജയബോധം അംഗീകരിക്കാൻ തയ്യാറല്ലാത്ത നിങ്ങളുടെ മനസ്സ്,, അലീന ഡേവിഡ് എന്ന കഥാപാത്രത്തെ സ്വയം സൃഷ്ടിക്കുകയായിരുന്നു.”
“നീ എന്തൊക്കെയാണ് ഈ പറയുന്നത്?”
“അലീന എന്നുള്ളത് നിങ്ങളുടെ മനസ്സിൽ മാത്രം ജനിച്ച ഒരു സാങ്കല്പിക കഥാപാത്രം മാത്രം. അൽപ്പനേരം കൂടി കാത്തിരിക്കൂ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്നതാണ്.” അലീന പറഞ്ഞതും എങ്ങോട്ടെന്നറിയാതെ അപ്രത്യക്ഷമായി!
അവിടെയെങ്ങും ഭയാനകമായ നിശബ്ദത!
താൻ തനിച്ചായിപ്പോയി എന്ന തിരിച്ചറിവ് വന്നതോടെ ഗ്ലാസ്സിൽ അവശേഷിച്ചിരുന്ന മദ്ധ്യം ഒറ്റവലിക്ക് അകത്താക്കി അയാൾ വാതിൽക്കലേക്ക് നടന്നു.
എന്നാൽ വാതിൽ തുറക്കുന്നതിന് മുമ്പേ, വല്ലാത്ത ഒരു ശബ്ദത്തോടെ, തന്റെ മുന്നിലേക്ക് തള്ളിത്തുറക്കപ്പെട്ട വാതിലിലൂടെ, ഒരുപറ്റം ആളുകൾ അയാളേയും കടന്ന്, മറ്റെന്തിന്റെയോ നേർക്ക്, ധൃതിയിൽ നടന്നു നീങ്ങി.
“ഹേ, എന്താണ് നിങ്ങളീ കാണിക്കുന്നത്? ആരാണ് നിങ്ങളൊക്കെ? എങ്ങോട്ടേക്കാ ഇങ്ങനെ ഇടിച്ച് കേറി പോകുന്നത്?” അയാൾ അമ്പരപ്പോടെ, തെല്ലുറക്കെ ചോദിച്ചു.
ആരും അയാളെ ഗൗനിച്ചില്ല. അവർ കട്ടിലിന് നേർക്കാണ് നടന്നത്.
“ആ ടാനിയ കൊച്ചിനെ ഇങ്ങോട്ടേക്കൊന്നും വിളിച്ചേക്കല്ലേ,” ആരോ ഉറക്കെ വിളിച്ചു പറഞ്ഞു.
“ടാനിയ ഈ കൂട്ടത്തിലുണ്ട് എന്നോ? അവൾ എന്തിനാണ് ഇവന്മാരുടെ കൂടെ കൂടി ഇങ്ങോട്ട് വന്നത്?” ജോസഫിന് സംശയമായി.
ആകുലതയോടെ അയാൾ പുറത്ത് കടന്നപ്പോൾ എല്ലാം തകർന്ന മട്ടിൽ, ചുമരിനോട് ചാരി നിലത്തിരിക്കുന്ന ടാനിയയെ കണ്ട് അയാൾ ഞെട്ടി.
എന്താണ് ഇവൾക്ക് സംഭവിച്ചത്?
ജോസഫ് കുനിഞ്ഞു മുട്ടുകുത്തി അവളുടെ അരികിൽ ഇരുന്നുകൊണ്ട്, അവളുടെ മുഖം തന്റെ കൈകളിൽ പിടിച്ചുയർത്തി. ആ കവിളിലൂടെ ഒലിച്ചിറങ്ങിയ അവളുടെ കണ്ണ്നീർ തുടച്ചു കൊണ്ട്, വിട്ടുമാറാത്ത അമ്പരപ്പോടെ അയാൾ ചോദിച്ചു: എന്ത് പറ്റി ടാനിയ, നിനക്ക്?
ഒടുവിൽ, ഒന്നും മനസ്സിലാകാതെ അയാൾ, ടാനിയയെ അവിടെ വിട്ട്, എഴുന്നേറ്റു ധൃതിയിൽ അകത്തേക്ക് കടന്നു.
കട്ടിലിൽ ആരോ ഒരാൾ കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. ചുറ്റും കൂടി നിന്നിരുന്ന ആൾക്കൂട്ടത്തെ തള്ളിമാറ്റിക്കൊണ്ട് അയാൾ മുന്നോട്ടാഞ്ഞു.
കട്ടിലിൽ കിടന്ന ആളെ കണ്ടപ്പോൾ അയാളുടെ മുഖം വിളറി വെളുത്തു.
അയാൾക്ക് എന്തൊക്കെയോ ഓർമ്മ വരുന്നത് പോലെ―
നൊമ്പരപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ!
അയാൾ കണ്ടത് ഒരു ജഡമായിരുന്നു!
നിശ്ചലമായി കിടന്നിരുന്ന ആ ശവശരീരം― അത് തന്റേത് തന്നെ ആയിരുന്നു!
മേശപ്പുറത്തുണ്ടായിരുന്ന, തലേ രാത്രി തന്റെ സ്വന്തം കൈപ്പടയിൽ, താനെഴുതിയ ആത്മഹത്ത്യാക്കുറിപ്പ് പിടിച്ചു കൊണ്ട്, സ്വന്തം ജഡത്തെ നോക്കിക്കൊണ്ട് അയാൾ പകച്ചു നിന്നു!
മുന്നോട്ടോ പിറകോട്ടോ ചലിക്കാനാവാതെ, ഒരുപാട് നേരം!
ഇപ്പോഴാണ് അയാൾക്ക് ശരിക്കും തിരിച്ചറിവ് വന്നത്. അയാൾ എന്തിനായിരുന്നു ജനാലകൾ അടച്ചതെന്നും, അയാൾ എന്തായിരുന്നു എഴുതിക്കൊണ്ടിരുന്നത് എന്നും, അലീന ഇടയ്ക്കിടെ പറഞ്ഞ തന്റെ എടുത്തുചാട്ടം എന്തായിരുന്നുവെന്നും, കണ്ണാടിയിൽ ഗുഡ്ബൈ എഴുതിയതും, മുറിക്കുള്ളിൽ നിന്ന് കിട്ടിയ ചെറിയ കുപ്പിയും എന്താണെന്നും അയാൾക്ക് മനസ്സിലായി.
എല്ലാറ്റിനുമുപരി, അലീനക്ക് തന്നോട് പറയാണുണ്ടായിരുന്ന രഹസ്യം എന്തെന്ന് അയാൾക്ക് മനസ്സിലായതും അപ്പോൾ മാത്രമായിരുന്നു!
~ലതീഷ് ശങ്കർ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission