Skip to content

നക്ഷത്രവള്ളിയിലെ സ്വർഗാരൂഢർ

nakshathra story

ചെവി പൊട്ടിപോകുന്ന തരത്തിൽ അന്തരീക്ഷത്തിൽ ആകെ ഒരു ഇരമ്പൽ. ആ ഇരമ്പൽ തന്റെ കർണപടത്തെ അസഹ്യമായ രീതിയിൽ കുത്തിനോവിക്കാൻ ശ്രമിക്കുന്നത് തടയാൻ തന്റെ ഇരു കൈകളും ഉപയോഗിച്ച് അഷ്റഫ് തന്റെ ചെവികളെ മറക്കാൻ പരിശ്രമിക്കുകയാണ്.
ചെവിക്കുള്ളിൽ ഒരു തേനീച്ചക്കൂട് ഉള്ളത് പോലെ..!!
അന്തരീക്ഷത്തിൽ
എന്തൊക്കെയോ നടക്കുന്നുണ്ട്.. ആകെ ബഹളമയം!!
എന്നാലും ആ പരിചിത സന്ദർഭത്തിലും ഒരു അപരിചിതത്വം തന്നെ വേട്ടയാടുന്നതായി അഷ്റഫിനു തോന്നി.
അയാൾ പതിയെ തന്റെ കണ്ണുകൾ അടച്ചു.
__________________________________

” സൽമാനെ ഇജ്ജ് എന്താ അവിടെ ചെയ്യണേ? നിന്ന് നേരം കൂട്ടാണ്ട് വേഗം ബാ.. ഇക്കാമത്ത് വിളിക്കുന്നെന് മുന്നേ പള്ളീൽ എത്തീലേൽ ഉപ്പാപ്പ കലമ്പും ട്ടാ .. ഇജ്ജ് വായോ..”

” ഇത് കണ്ടാ ബാപ്പാ ഇങ്ങളു നച്ചത്ര പൂക്കള്?
എന്ത് മൊഞ്ച് ആല്ലെ ഇയിന്”

ജിന്ന് പള്ളിയിലേക്ക് പൊന്ന വഴിയരികിൽ ഉള്ള മതിലിൽ പടർന്നു നിന്ന നക്ഷത്ര വള്ളിയിലേക്ക് ചൂണ്ടി സൽമാൻ അഷ്റഫിനോട് പറഞ്ഞു.

“നച്ചത്രം അല്ലടാ മുത്തെ.. നക്ഷത്രം!!”

അഷ്റഫ് മൃദുവായി പുഞ്ചിരിച്ചു.

“അല്ല ബാപ്പാ.. ഇൗ പൂവെന്താ നച്ച..നക്ഷത്രം പോലിരിക്കണെ?”

കുഞ്ഞ് സൽമാൻ കൗതുകത്തോടെ ചോദിച്ചു

” മാനത്തെ നക്ഷത്രം തന്നെയാടാ ഇത്”

“അതെങ്ങനെ ബാപ്പ..ഉമ്മ പറഞ്ഞിനല്ലോ മയ്യത്തായി ഇൗ ദുനിയാവീന്ന് സ്വർഗ്ഗത്തിൽ പൊന്നോരാന്ന്‌ നചത്രം ആവനെന്ന് ?!!”

” അതന്നെ..പക്ഷേ നക്ഷത്രം ആവണെന്ന് മുന്നേ അവരു ഇൗ നക്ഷത്ര വള്ളിയിൽ നക്ഷത്ര പൂവായി വിടരും, അന്നിറ്റ് അത് പൊഴിഞ്ഞു പോവുമ്പോഴാണ് മാനത്തേക്കു നക്ഷത്രം ആയി പോണെ.!!”

സൽമാൻ അത്ഭുതത്തോടെ നക്ഷത്ര വള്ളിയെ തഴുകി.

“ഇജ്ജ് ബേം വായോ”
____________________________________

അഷ്റഫ്.
ജിന്ന് പള്ളിയിലെ മുഅദ്ദിൻ ആയ
മുക്ക്രാലിയിക്ക എന്നറിയപ്പെടുന്ന അലിയുടെ ഒരേയൊരു ആൺതരി.
പഠിക്കാൻ മിടുക്കൻ ആയിരുന്നു അഷ്റഫ് .
ചെറുപ്രായത്തിൽ തന്നെ സർക്കാർ ജോലി സ്വന്തമാക്കി, നാലു പെൺമക്കൾ ഉള്ള മുക്ക്രാലിയിക്കയ്ക്ക്‌ അത് വലിയൊരു ആശ്വാസമായിരുന്നു.
അതുകൊണ്ടൊന്നും പക്ഷേ തൃപ്ത്തനായിരുന്നില്ല അഷ്റഫ്. രാജ്യ സേവനം ആയിരുന്നു അവന്റെ ലക്ഷ്യം. ഒടുവിൽ തന്റെ ഇരുപതാം വയസ്സിൽ തന്റെ ആ ആഗ്രഹം ഒരു പട്ടാളക്കാരനായി അഷ്റഫ് സഫലീകരിച്ചു.

“ആ ചെക്കന് പിരാന്താണ്..നല്ല ഒരു തൊഴിലും കളഞ്ഞു വെടിക്കൊള്ളാൻ ഇറങ്ങിയേക്കുന്നു”

നാട്ടുകാരിൽ ചിലർ ഇങ്ങനെ മുറുമുറുത്തെങ്കിലും മുക്ക്രാലിയിക്കായ്ക്കും മുക്രിയുടെ കെട്ടിയോളായ ആമിനായ്ക്കും അതൊരു അഭിമാനമായിരുന്നു.!

____________________________________

ആ ഇരമ്പൽ ചെവിക്കകത്ത് ഇപ്പോഴും ഉണ്ട് .മറ്റു ചില ശബ്ദങ്ങള് കൂടി കേൾക്കാം. ശരീരത്തിന് ആകെ ഒരു മരവിപ്പ്. അവിടെ ആകെ നിഴലിച്ചിരുന്ന അപരിചിതത്വം അകറ്റാൻ അഷ്റഫിന്റെ ബോധമനസ്സ്‌ ശ്രമിച്ചെങ്കിലും അവന്റെ ഉപബോധമനസു അവനെ അതിനു അനുവദിച്ചില്ല.!
____________________________________

നന്നായി ഭക്ഷണം പാകം ചെയ്യുമായിരുന്നു അഷ്റഫ് നാട്ടുകാരിൽ ചിലർക്ക് പട്ടാളത്തിലെ പാചകക്കാരൻ ആയിരുന്നു.
ചിലർക്ക് ഡ്രൈവർ ആയിരുന്നു.
എന്തിനേറെ പറയുന്നു ഒരിക്കൽ ലീവിന് വന്ന സമയത്ത് താടി വളർത്തിയ അവനോടു പട്ടാളത്തിൽ ജിഹാദി തുടങ്ങിയോ എന്ന് വരെ ചോദിച്ചവരുണ്ട്.
മറുപടി അർഹിക്കാത്ത ഇൗ വക ചോദ്യങ്ങളെ പതിവ് പോലെ തന്റെ മൗനം കൊണ്ട് അഷ്റഫ് നേരിട്ടിരുന്നു.
_________________________________

ശരീരത്തിലെ മരവിപ്പ് വേദനയായി മാറാൻ തുടങ്ങിയിരിക്കുന്നു. തണുപ്പ് അതിന്റെ എല്ലാ തീവ്രതയോടെയും അഷ്ഫിന്റെ ശരീരത്തിലേക്ക് ആഴ്‍ന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു. ദൂരെ ചില വെടിയൊച്ചകൾ കേൾക്കാം.വേദന സഹിക്കാൻ വയ്യാതെ അയാള് വീണ്ടും തന്റെ കണ്ണുകൾ അടച്ചു.
_________________________

“ആർക്ക് വേണ്ടിയാണ് ഇങ്ങളിങ്ങനെ കഷ്ടപ്പെടുന്നത്.എനിക്കിവിടെ കിടന്നിട്ട് ഒരു സമധാനോം ഇല്ല..നിർത്തി നാട്ടിൽ വല്ല തൊയിലും നോയിക്കൂടെ.സൽമാൻ മാത്രല്ല. ഒരാളൂടെ വരുന്നുണ്ടെന്ന് ഓർത്താൽ നന്ന്”

ഫാത്തിമ പതിവ് പോലെ തന്റെ ആധി പറഞ്ഞു.

അതെ ആർക്ക് വേണ്ടിയാണ്?

അങ്ങോട്ടും ഇങ്ങോട്ടും പൊറാട്ട് നാടകം കളിക്കുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടിയോ?

അതോ ഇപ്പോഴും ജാതിയുടെ പേരിൽ പരസ്പരം കൊല്ലുന്ന മനുഷ്യർക്ക് വേണ്ടിയോ?

പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാപാലികർക്ക് വേണ്ടിയോ?

അല്ല.
തനിക്കു വേണ്ടി
തന്റെ മാതൃരാജ്യത്തിനു വേണ്ടി
തന്റെ സഹോദരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി.
നല്ലൊരു നാളേക്ക് വേണ്ടി.
ത്യാഗമല്ല..മറിച്ച് അത് തന്റെ കടമയാണെന്ന് അഷ്റഫ് തന്നോട് തന്നെ പറഞ്ഞു.
താൻ ഇതുവരെ കാണാത്ത സൽമയെ കാണാൻ പോകേണ്ട സമയത്താണ് കോവിഡ്‌ വന്നതും ലീവ് ക്യാൻസൽ ആവുന്നതും.
തന്റെ സൽമയുടെ നക്ഷത്രവള്ളിയിലെ നക്ഷത്ര പൂവുപോലെ മനോഹരമായ മുഖം
അഷ്റഫ് ഒരായിരം തവണ തന്റെ മനസ്സിൽ വരച്ചിട്ടിരുന്ന സമയത്തായിരുന്നു അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നതും…!
_____________________________

“ഹയ്യാൽ അലസ് – സലാഹ്
ഹയ്യാൽ അലൽ – ഫലഹ്‌
അല്ലാ-ഹു അക്ബർ അല്ലാ-ഹു അക്ബർ
അല്ലാ-ഹു അക്ബർ അല്ലാ-ഹു അക്ബർ
ലാ ഇലഹ ഇല്ലല്ലഹ്‌”

അങ്ങ് ജിന്ന് പള്ളിയിൽ മുക്ക്രിയാലിക്ക അന്നത്തെ സോബഹി ബാങ്ക് കൊടുത്ത് കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ.

ഇങ്ങ് ഗൽ‌വാൻ വാലിയിൽ തന്റെ ബോധമനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയായിരുന്നു അഷ്റഫ്.

“ബോയ്സ്, हम उनसे लड़ेंगे, हमारी आखिरी सांस तक लड़ेंगे
(നമ്മൾ അവരോട് പൊരുതും,നമ്മുടെ അവസാന ശ്വാസം വരെയും )”

കേണൽ സന്തോഷ് ബാബു ഇങ്ങിനെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഇതുകേട്ട് തന്റെ ബോധ മനസ്സിനെ തിരിച്ചു പിടിച്ച് തന്റെ വേദനയെയും ,കൊടും തണുപ്പിനെയും വകവെയ്ക്കാതെ മുന്നോട്ട് ഇഴഞ്ഞു നീങ്ങിയ അഷ്റഫ് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു.

വന്ദേമാതരം!!!

Sachin Aby James

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!