Skip to content

ഓട് പ്രവാസി കണ്ടം വഴി !

odu kandam vazhi

ഓട് പ്രവാസി കണ്ടം വഴി ! അല്ലെങ്കിൽ അതുവേണ്ട “Go for a desert Drive “

രണ്ടുവർഷം മുൻപുള്ള ഒരു അവധിക്കാലത്താണ്,ഏകദേശം രാവിലെ ഒരു പത്തുമണിയായിക്കാണും ഞാൻ ഒരു ചെറിയ മയക്കത്തിലായിരുന്നു , തലേദിവസത്തെ യാത്രക്ഷീണം എന്നെ വളരെഅധികം തളർത്തിയിരുന്നു. അപ്പോഴാണ് ‘അമ്മ വിളിക്കുന്നത് ,ഡാ ആ പാറോമ്മ വന്നിട്ടുണ്ട് ! അതിന് ? സാധാരണ ഒരു ശരാശരി മലയാളിയുടെ ആശ്ചര്യം പോലെ ഞാൻ ചോദിച്ചു ,അതായതു അവരെന്തിനു ഇവിടെ എന്നതായിരുന്നു ആ ചോദ്യത്തിന്റെ അർഥം !

നിന്നെ കാണാൻ വന്നതാ , ഇന്നലെ സാവിത്രിയോട് പറഞ്ഞിരുന്നു ഇന്ന് മുതൽ ഒരുമാസത്തേക്കു കുറച്ചു പാൽ അധികം വേണം നീ വരുന്നുണ്ടെന്ന്, അവൾ പോയി പറഞ്ഞിട്ടുണ്ടാവും,അതാ രാവിലെ തന്നെ വന്നത് നീ പോയി എന്തെങ്കിലും കൊടുക്ക് , പൈസയാണ് ഉദ്ദേശം എന്നെനിക്കു മനസ്സിലായീ ‘അമ്മ പറഞ്ഞില്ലെങ്കിൽ കൂടി ! ഒപ്പം ‘അമ്മ ഇതുകൂടി പറഞ്ഞു മിട്ടായി ഉണ്ടെങ്കിൽ കുറച്ചതുകൂടി കൊടുത്തോ കണ്ണന്റെ മക്കളും ഉണ്ടാകും അവിടെ !

ഇന്നലെ വന്ന ഈ ഗൾഫുകാരന്റെ ഓട്ടകീശയിൽ എങ്ങനെ ഗാന്ധിയുണ്ടാകും ? അവിടെയെല്ലാം ശൈഖല്ലേ എന്ന ദയനീയ കോമഡിയും പറഞ്ഞു അച്ഛന്റെ പോക്കറ്റിൽ കയ്യിട്ടു ,ആദ്യം കിട്ടിയത് ഒരു അഞ്ഞൂറിന്റെ നോട്ടാണ് ,അത് അതുപോലെ അവിടെവച്ചു വീണ്ടും പരാതിയപ്പോൾ നമ്മൾ ഉദ്ദേശിച്ച എന്നാൽ അത്രക്ക് മോശമില്ലാത്ത നമ്മുടെ നൂറിന്റെ ഗാന്ധിയെക്കിട്ടി.

അതും , കൂടെ സ്നിക്കേഴ്സിന്റെ രണ്ടുമൂന്നു ചോക്ലേറ്റസും ആയി അങ്ങനെ ഞാൻ പറോമ്മാടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, മുറുക്കി ചുകപ്പിച്ച ചുണ്ടും അതിനുള്ളിൽ കറപിടിച്ച ബാക്കിവന്ന പല്ലുകളും കാട്ടി പറോമ്മ ഒന്ന് ചിരിച്ചു ,ചിരിയിലൊന്നും ഒരുമാറ്റവും ഇല്ല ,എനിക്ക് ബുദ്ധിവച്ച കാലം മുതൽ ,അല്ലെങ്കിൽ അതുവേണ്ട അത് മറ്റുപല ചർച്ചകൾക്കും ഇടവരുത്തും ,കാരണം ഇനിയും അത് വന്നിട്ടില്ല എന്നും അല്ല അതുണ്ടെന്നും ഒക്കെയുള്ള തർക്കങ്ങൾ ഇപ്പോളും എന്റെ സുഹൃത്തുക്കൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ് ,അതൊനൊരുതീരുമാനം ആകുന്നതിനുമുന്പ് അങ്ങനെ ആധികാരികമായി എനിക്കെഴുതാൻ പറ്റില്ല . എന്തായാലും ഞാൻ കാണുന്നതുമുതൽ പറോമ്മ ചിരിക്കുന്നത് ഇങ്ങനെത്തന്നെയാണെന്ന് എനിക്കുറപ്പിച്ചു പറയാൻകഴിയും.

“എന്റെ കുട്ടീനെ കണ്ടിട്ട് എത്രകാലമായി” , ആദ്യത്തെ നൂറിനുവേണ്ടിയുള്ള ഒരു ചെറിയ ട്രൈലെർ ആണ് ,അല്ലാതെ ആരും തെറ്റി ധരിക്കേണ്ട. ഞാൻ ഒരു ചെറിയചിരിയിലൊതുക്കി. ഇനി എന്ന് തിരിച്ചുപോകും ? കാര്യം എന്തായാലും ഗള്ഫുകാരനോട് ശരാശരി ഒരു നാട്ടുകാരൻ ചോദിക്കുന്ന അടിസ്‌ഥാന ചോദ്യങ്ങൾ പാറോമ്മ പഠിച്ചുവച്ചിട്ടുണ്ട് , കാരണം നാട്ടിൽ ഞാൻ മാത്രമല്ല ഗൾഫ് കാരൻ ,”ഗൾഫിൽ മഴപെയ്തു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് പറോമ്മാടെ മനസ്സിൽ “അവരൊക്കെ എന്ന് മുളച്ചു വരും എന്നുകൂടി ശരിയായി അറിയാം, നമ്മുടെ പാറോമ്മക്കു ! അവരുടെ വീട്ടുകാർക്കറിയില്ലെങ്കിൽകൂടി.

എന്തായാലും , ഞാൻ ആ കടമ നിറവേറ്റി കയ്യിലിരുന്ന നൂറിന്റെ ബാപുജിയും കുറച്ചു മിട്ടായികളും അങ്ങ് നീട്ടി ഒരു ചോദ്യമങ്ങു കാച്ചി ” സുഖല്ലേ ? ( അല്ല എന്ന് പറയരുതേ ഈശ്വരാ). ആ വിളി ഈശ്വരന് ഇഷ്ടായില്ല ന്നു തോന്നുന്നു , പിന്നാലെ വന്നു പറോമ്മാടെ സ്വരം ” കാലിനു നീരാണ് ഒരടി വക്കാൻ പറ്റില്ല നടക്കാൻ മുദ്ധിമുട്ടാണ് ,ഉണ്ടാകും കാരണം രാവിലെ 7 മണിക്ക് തുടങ്ങിയ നടത്തമാണ് എന്റെ ഒരു ഏകദേശ കണക്കു വച്ച് എന്റെ വീട് നാലാമത്തെ സ്റ്റോപ്പാണ് , “ഇനിയും കിടക്കുന്നു കാതങ്ങൾ തണ്ടാൻ, ദൂരെ ഞാൻ കത്തിചൊരാശതൻ തിരിതാഴുംമുൻപേ !” എന്ന ഞാൻ എനിക്കുവേണ്ടി എഴുതിയ കവിത ,ഇവിടെ ചേർത്ത് വായിക്കാം എന്ന് തോന്നിപോകുന്നു.

വയസ്സ് എഴുപതിനോടടുത്തായിരിക്കും എങ്കിലും പറോമ്മ ഇന്നും എന്നും ഉന്മേഷവതീയാണ് , ഇനി ഇതുപോലെ ഒരു മൂന്നു നാല് വീടുകൂടി കയറീട്ടെ തിരിച്ചു വീട്ടിലെത്തൂ , ഇതിനിടക്ക്‌ എവിടുന്നെങ്കിലും ഫുഡ് അടിയും നടക്കും” ഒപ്പം പണ്ട് ഫിലോമിന പറഞ്ഞപോലെ ചിലപ്പോൾ ചില ഡയലോഗുകളും ” ഞാൻ പണ്ട് കേണൽ സുർജിത് സിംഗിന്റെ കൂടെയായിരുന്നപ്പോൾ പട്ടാള ചിട്ടയിലായിരുന്നു ഭക്ഷണ൦ ,അതോണ്ട് എനിക്ക് കറക്ട് ടൈമിൽ ഭക്ഷണം കഴിക്കണം” എന്തായാലും ഞങ്ങൾ പട്ടാളക്കാരല്ലാത്തതുകൊണ്ടു ഫുഡിന്റെ ചാൻസ് കമ്മിയാണ് ,പക്ഷെ ഒന്നും പറയാൻ പറ്റില്ല !

അപ്പോളാണ് ,പറോമ്മ എന്നോടും എന്നാൽ അത് ‘അമ്മ കൂടി കേൾക്കണം എന്നരീതിയിൽ പറയുന്നത് “സാവിത്രിക്കു ഒരു ആലോചന വന്നിരിക്കുന്നു , ചെക്കൻ പട്ടാമ്പിന്നാണ് അവനു തിരുപ്പൂരിൽ ബനിയൻ കമ്പനിയിലാണ് ജോലി ! അവനും കൂട്ടുകാരനും കൂടി വന്നിരുന്നു അവർക്കു പെണ്ണിനെ പിടിച്ചിരിക്കുന്നു അവൾക്കും താല്പര്യകേടൊന്നും ഇല്ല ! ഇനി അവന്റെ അമ്മയും മാമനും മറ്റു ബന്ധുക്കളും കൂടി അടുത്താഴ്ച വരാൻ ഇരിക്കുകയാണ് അവർക്കും കൂടി ഇഷ്ടപെട്ടാൽ എന്തായാലും ഈ ചിങ്ങത്തിൽ തന്നെ കല്യാണം ഉണ്ടാകും ! അപ്പൊ മോൻ ഈ കാര്യം മറക്കരുത് നിങ്ങളൊക്കെ കൂടി വേണം ഈ കല്യാണം നടത്തിത്തരാൻ ,അനിയനോടും പറയണം ! ഈ ഒരു വടികൂടി വച്ചിട്ടാണ് നമ്മുടെ പാറോമ്മ ആ ദിവസം വീട്ടിൽ നിന്ന് പോയത്. തിരിച്ചു കൊടുക്കാൻ ഞാൻ ബുദ്ധിമുട്ടിയുണ്ടാക്കിയ ഒരു ചിരിമാത്രമേ എന്റെ മുഖത്തുണ്ടായുള്ളു , തിരിഞ്ഞു നോക്കിയപ്പോൾ ഏതാണ്ടിതേ പോലെയുള്ള ഒരു ചിരി അമ്മയുടെ മുഖത്തും ഞാൻ കണ്ടു, എന്നാൽ പട്ടാളത്തിലെ സുർജിത് സിന്ഗല്ലെങ്കിലും ഇതെല്ലാം കേട്ടുകൊണ്ടിരുന്ന എന്റെഅച്ഛൻ, ഇത്ര ബുദ്ധിമുട്ടാണെങ്കിൽ ആ ചിരിയെനിക്ക് വേണ്ട എന്ന് തോന്നുന്ന വിധം മന്നാഡിയാർ കഷത്രിയാണ്, സോറി കക്ഷത്രിയനാണെന്നു തോന്നിക്കുന്ന തരത്തിൽ അകത്തേക്ക് കയറിപ്പോയി ,പിന്നാലെ അമ്മയും അതിനു പിന്നിലായി ഞാനും. ഈ ഒരു അദ്ധ്യായം ഇവിടെ കഴിഞ്ഞു !

എന്റെ ലീവ് കഴിഞ്ഞു ഞാൻ തിരിച്ചു ഗൾഫിലോട്ടു വന്നു , കാലം ഷെയ്ഖ് സയ്ദ് റോഡിലെ ക്യാമറയെ പോലും പേടിക്കാതെ ചീറി പാഞ്ഞുകൊണ്ടിരുന്നു. കാലമിനിയുമുരുളും,വിഷുവരും വര്ഷം വരും തിരുവോണം വരും എന്ന് കവി പാടിയപോലെ ,ഞങ്ങൾ പ്രവാസികൾക്ക് ഇതെല്ലാം ഒപ്പം വരുന്നത് സ്വന്തം നാട്ടിലെത്തുമ്പോഴാണ് ,കാലമേതായാലും ഞങ്ങൾക്കതു വിഷുവും ഓണവും പെരുന്നാളുമൊക്കെയാണ്. എന്തായാലും ഞാനും എന്റെ അടുത്ത അവധിയെകുറിച്ചാലോചിച്ചു കാലത്തിനൊപ്പം വച്ച് പിടിച്ചുകൊണ്ടിരുന്നു , ചിലർ നമ്മളെ തട്ടിമാറ്റി കാലത്തിനു മുൻപേ ഓടാൻ നോക്കുമ്പോൾ മറ്റു ചിലർ കാലത്തിനൊപ്പം എത്താൻ പറ്റാതെ വീണുപോകുന്നതും എന്റെ ഈ ഗള്ഫയുഗത്തിൽ ഞാൻ ധാരാളം കണ്ടിട്ടുണ്ട് ,ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.

നാട്ടിലെ കാര്യവും , ഓഫീസിലെ മറ്റു പല ചിന്തകളും ആയി ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടക്കുമ്പോൾ മുകളിൽ നിന്നും ഒരു ചോദ്യം ! എന്താ താഴെ ഒരു പണി , ഞാൻ അറിയുന്നുണ്ട് ! ആരും തെറ്റി ധരിക്കേണ്ട ,ദൈവം അല്ല ! മുകളിലെ ബെഡിൽ കിടക്കുന്ന ബെന്നിയാണ് ! എന്റെ സഹമുറിയൻ , സ്ഥലം ലഭിക്കാൻ ഞങ്ങളുടെ റിയൽ സ്റ്റേറ്റ് ഭീമൻ ( പാവം ഒരു കാക്ക , മ്മ്‌ടെ കുന്നംകുളം കാരൻ അസീസ്‌ക്ക ) ന്റെ ഒരഡ്ജസ്റ്മെന്റാണ് “2 ബെഡ്‌റൂം” ഫ്ലാറ്റ് വാടകക്കെടുത്തു കക്കൂസ് ഒഴികെയുള്ള സ്ഥലത്ത് ഡബിൾ ഡെക്കർ ബെഡ് ഇടുക .ഓരോ ബെഡിനുമാണ് വാടക. അതൊക്കെ പോട്ടെ , ബെന്നി ചോദിച്ചു ,എന്താടാ ഉറക്കം വരുന്നില്ലേ ? ഇനി ഇല്ല എന്നുപറഞ്ഞിട്ടുവേണം അവന്റെ തള്ളു കേൾക്കാൻ ,അതോണ്ട് ഒന്നും മിണ്ടാതെ ,ഉരിയാടാതെ , പ്രജട പ്രജട , സോറി തിലകൻ കയറിവന്നു !പുതപ്പെടുത്തു തലയിൽമൂടി ഉറങ്ങിയതായി ഭാവിച്ചു ,പിന്നെ അങ്ങുറങ്ങിപ്പോയീ.

രാവിലെ , രണ്ടു ടോയ്ലറ്റും ബിസിയായതുകൊണ്ടു , അതൊന്നു ഫ്രീ ആകട്ടെ ന്നു കരുതി ബാൽക്കണിയിൽ വന്നപ്പോൾ , ബെന്നിയുണ്ട് അവിടെ ഇരിക്കുന്നു ,എന്താടാ ജോലിക്കു പോകണ്ടേന്നു ചോദിക്കുന്നതിനു മുൻപേ അവൻ പറഞ്ഞു , ഇത് നോക്കിയേ ചൈനയിൽ ഏതാണ്ട് ബിയറിന്റെ പേരിൽ ഒരു വൈറസ് പടരുന്നത്രെ , ആളുകളൊക്കെ മരിച്ചുകൊണ്ടിരിക്കുന്നു ! അതിനു ? (വീണ്ടും ഞാനൊരു മലയാളി എന്നും മണ്ണിന് കൂട്ടാളി ) സ്വഭാവം ഞാൻ കാണിച്ചു ? വെറുതെ ഒരു ആശ്ചര്യം ? നമ്മുടെ തലയ്ക്കു മുകളിൽ വരാത്തതൊന്നും നമുക്ക് പേടിക്കേണ്ട എന്നാണല്ലോ നമ്മളെ സംബന്ധിച്ചിടത്തോളം പാണൻമാർ പാടി നടക്കുന്നത് !

എങ്കിലും ചൈനീസ് ജനതക്കുനേരെ ഒരു പ്രതിഷേധം എന്ന നിലയിൽ ഞാൻ പറഞ്ഞു ,ഈ പട്ടിയെയും പൂച്ചയേയും എന്തിനധികം ഉറാങ്ഒട്ടങ്ങിനെ പോലും പിടിച്ചു തിന്നുന്ന ഇവന്മാർക്ക് ഇതുതന്നെ വരണം !അങ്ങനെ വെറുതെ ഒരു വിശ്വാമിത്രൻ കളിച്ചു ചൈനീസ് ജനതയ്ക്ക് മൊത്തം ഒരു ശാപം വെറുതെ കൊടുത്തു ഞാൻ എന്റെ പ്രഭാത കർമങ്ങൾക്കായി കുളിമുറിയിലോട്ടു പോയി ,തിരക്ക് ഉണ്ടെങ്കിലും എനിക്കൊരു ടോയ്ലറ്റ് കിട്ടി. ഓട്ടപ്രദിക്ഷണം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി ബെന്നിയെ കാണാൻ ഇല്ല , ചിലപ്പോൾ സിഗരറ്റു വാങ്ങാനോ മറ്റോ താഴെ പോയിട്ടുണ്ടാകും ,ഏന്തയാല് പെരുന്തച്ചൻ അടിയിൽ കെട്ടാറുള്ളതെടുത്തു കഴുത്തിൽ കെട്ടി ഞാൻ ഓഫീസിലോട്ടു ഓടി , താഴെ ബസ് വരുമ്പോഴേക്കും അവിടെയെത്തണം അല്ലെങ്കിൽ കാശ്മീര് കിട്ടാത്തതിന്റെ ദേഷ്യം ആ പട്ടാണി എന്റെ നേരെ തീർക്കും.

ഞങ്ങളുടെ ബസ് ഷെയ്ഖ് സായിദ് റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു , ആടുത്തിരിക്കുന്നതു കൃഷ്ണകുമാരിയാണ് കുട്ടിയെ ബേബിസിറ്റിങ്ങിൽ വിടേണ്ടി വന്നതിന്റെ ദുഖവും വിടാൻ കാരണം ഭർത്താവിന്റെ ‘അമ്മ നാട്ടിൽ നിന്നും വിസിറ്റ വിസ അയച്ചു കൊടുത്തിട്ടുകൂടി വരാൻ തയ്യാറാവാത്തതാണെന്നുള്ള സത്യവും ആ മാതൃഹൃദയത്തെ ഉലച്ചുകൊണ്ടിരുന്നു ,ആ ഉലക്കൽ പിന്നീട് ഉലക്കയായി ഭർത്താവിന്റെ മുതുകത്തു വീഴാറുണ്ടെന്ന കാര്യം അങ്ങേരെ പലപ്പോഴും ലുലുവിൽ കുട്ടിക്ക് പാമ്പേഴ്സ് വാങ്ങാൻ വരുബോൾ ആ ഹതഭാഗ്യൻ എന്നോട് പറയാറുണ്ട് ,എന്നാലും എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ദിവസവും ഞാൻ കൃഷ്ണകുമാരിയെ പിരി കേറ്റികൊണ്ടേയിരിക്കും ,അതിനു വേണ്ടി ഗൾഫ് ഇതുവരെ കാണാത്ത ഫാമിലിയുടെ കൂടെ ഉദാഹരണങ്ങൾ ഞാൻ നിരത്തിക്കൊടുക്കും , അവിടെ ആ ചേച്ചിടെ ഹസ്ബൻഡ്‌ എല്ലാ ജോലികളും നോക്കും , ഇവിടെ ഈ ചേച്ചിടെ ഹസ്ബൻഡ് ഇങ്ങനെ ചെയ്യും ആ ചേട്ടൻറെ അമ്മയാണ് കുട്ടിയെ നോക്കുന്നത് എന്നെല്ലാം പറഞ്ഞു ! വെറുതെ അങ്ങേർക്കു കിട്ടേണ്ട അടി ഞാനായിട്ടു കളയേണ്ടല്ലോ .ഭാര്യയെ സ്വമേധയാ അറിഞ്ഞു സഹായിക്കുന്ന ഭർത്താവിനെ ഗൂഗിളിന് പോലും തിരഞ്ഞു കണ്ടുപിടിക്കാൻ പറ്റില്ല എന്നെനിക്കറിയാം , പക്ഷെ കൃഷ്ണകുമാരി ടെക്കി അല്ലാത്തോണ്ട് ഗൂഗിളിലൊന്നും പോയി നോക്കി സമയം കളയാറില്ല ,എന്തോ എങ്കിലും കൃഷ്ണകുമാരിക്ക് എന്നെ വിശ്വാസമാണ്. ഇതുപോലെ ഒരു യാത്ര വൈകീട്ട് വീട്ടിലേക്കും അങ്ങനെ അന്നത്തെ ആ ദിവസം കഴിഞ്ഞു ,ഇതാണ് എന്റെ ഗൾഫിലെ ഒരു സാധാരണ ദിവസത്തെ ദിനചര്യ

രാത്രി മെസ്സിൽ നിന്നും കൊണ്ടുവന്ന ഹാരപ്പ- മോഹൻജൊദാരോ കാലഘട്ടത്തിൽ ഉണ്ടാക്കിയ എന്തോ ഒരു സാധനം കഴിച്ചു വെറുതെ ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് കതകു തുറന്നു ബെന്നി വന്നത് , നാളെ വെള്ളിയാഴ്ച അല്ലാഞ്ഞിട്ടുകൂടി അവന്റെ കാലു നിലത്തുതട്ടാൻ വെമ്പൽ കൊള്ളുന്നത് ഞാൻ മനസ്സിലാക്കി , അല്പം കൊതികൊണ്ടും അതിലേറെ അസൂയകൊണ്ടും ഞാൻ ചോദിച്ചു ,എന്താ ആകെ ഒരു ആട്ടം ? എടാ , കമ്പനി ഒക്കെ നഷ്ടത്തിലാണത്രെ ,മുതലാളി മുങ്ങിയതായി പറയുന്നു ,എന്തായാലും മിക്കവാറും ജോലി ഖുദാ ഗവഃ ആകാൻ സാധ്യത ഉണ്ട് ! എന്തായാലും അവന്റെ നാക്കു പൊന്നായീ , ഒരാഴ്ചക്കകം നോട്ടീസ് കിട്ടി അതിലെഴുതിയതു ഇങ്ങനെയൊന്നുമല്ലെങ്കിലും ,ചുരുക്കത്തിൽ അതിതാണ് ” അൽഹംദുലില്ലാ നിന്നിട്ടു കാര്യമില്ല വേഗം നാട്ടീപോയ്ക്കോ”. പിന്നെ എല്ലാം പെട്ടന്നായിരുന്നു ബെന്നിടെ സാധനങ്ങൾ പാക്ക് ചെയുന്നു , കാർഗോ അയക്കുന്നു ടിക്കറ്റ്എടുക്കുന്നു അങ്ങനെ അവൻ നാട്ടിലോട്ട് പോകുന്നു . എന്തായാലും അടുത്ത ദിവസം മുതൽ നമ്മുടെ റിയൽ എസ്റ്റേറ്റ് ഭീമൻ ആളെ നോക്കാൻ നടക്കുന്നു ,പലരും വന്നു നോക്കി പോകുന്നു എന്നാൽ ആരും അങ്ങ് അടുക്കുന്നില്ല ,ചിലപ്പോൾ ഈ ലക്ഷ്വറി താങ്ങാൻ പറ്റുന്നതിനും അപ്പുറം ആകും . എന്തായാലും ആരെങ്കിലും ഒന്ന് വന്നാൽ മതിയെന്നായി എനിക്കും. ,ബെന്നി പോയിട്ടിപ്പോ ഏകദേശം മൂന്നു മാസത്തോളമായിട്ടുണ്ടാകും ,ചില്പ്പോൾ റൂമിൽ വല്ലാത്ത ഒരു ഏകാന്തത എനിക്കും തോന്നി തുടങ്ങിയിരുന്നു , ഈ ഒരു വാടകക്ക് ഇതിലും മെച്ചപ്പെട്ട ഒരു റൂം എന്തായാലും കിട്ടില്ല എന്നെനിക്കുറപ്പായിരുന്നു.അതുകൊണ്ടു ആ ഒരു പരീക്ഷണത്തിന് ഞാൻ മുതിർന്നില്ല.

പണ്ട് ചൈനീസുകാരെ ശപിച്ചതങ്ങു ഏറ്റിട്ടില്ല എന്ന് മെല്ലെ മെല്ലെ എനിക്ക് മനസ്സിലായയി തുടങ്ങി ,ആദ്യമാദ്യം മുഖത്തു ഇഡലി കെട്ടിവച്ചപോലെ (N95 മാസ്ക് അയിനാണ്‌ ) ഒന്ന് രണ്ടു ഫിലിപ്പിനോകളെ അങ്ങിങ്ങായി കാണാൻ തുടങ്ങി , പിന്നെ പിന്നെ അവരെപ്പോലെ ഉള്ള ആളുകളെ കൂടുതൽ പലയിടത്തും കാണാൻ തുടങ്ങി , അങ്ങനെ അവസാനം ഞാനും പോയി ഒരു ഇഡലി വാങ്ങാൻ ,അപ്പോളാണ് കേട്ടത് ഇഡലി പോലെ ഉള്ളത് കിട്ടാൻ ഇല്ല,ഇനി ഉണ്ടെങ്കിൽ തന്നെ അതിന്റെ വില ഇഡലി വാങ്ങി തിന്നുന്നത്ര എളുപ്പമല്ല .പകരം വേറെ സാധനം തരാം , രണ്ടുകൊല്ലം കൂടുമ്പോൾ വിസ പുതുക്കാൻ വേണ്ടി മെഡിക്കൽ ടെസ്റ്റിന് പോകുമ്പോൾ അവിടുള്ള ചേച്ചിമാർ ( ചിലപ്പോൾ അനിയത്തിമാർ ) മുഖത്തുവക്കുന്ന അതെ സാധനം ! മാസ്ക് ! ഇത് പിന്നീട് നമ്മുടെ ജീവിതത്തിന്റെ ഭാഗം ആകുമെന്ന് ആരെങ്കിലും ചന്ദ്രനെയോ ,നക്ഷത്രങ്ങളെയോ നോക്കി പറഞ്ഞതായി എനിക്ക് അന്നോ ഇന്നോ യാതൊരു അറിവും ഇല്ല ! എന്തായാലും ഒരു ബോക്സ് ഞാനും വാങ്ങി ആദ്യമായി ! എന്നാൽ അധികം താമസിയാതെ ടെലിഫോൺ കാർഡിനേക്കാൾ അത്യാവശ്യം മാസ്കിനാകുന്നതാണ് പിന്നീട് ഞാൻ കണ്ടത് !

ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി , ഞാൻ ലീവ് കഴിഞ്ഞു വന്നിട്ട് ഏകദേശം ഒരു നാലുമാസം കഴിഞ്ഞപ്പോഴേക്കും ഒരു ദിവസം ‘അമ്മ വിളിച്ചു എന്നോട് പറഞ്ഞു നമ്മുടെ സാവിത്രിടെ ,(അതെ പാറോമ്മാടെ അതെ സാവിത്രി ) കല്യാണം ഉറച്ചു അടുത്തമാസം ആണ് .കുറച്ചു കാശ് ചോദിച്ചിട്ടുണ്ട് , എത്ര എന്ന് ഞാൻ ചോദിക്കുന്നതിനു മുൻപേ ‘അമ്മ പറഞ്ഞു പതിനായിരം ആണ് ചോദിച്ചിട്ടുള്ളത് ,ഒരഞ്ചായിരം കൊടുത്താൽ മതി ! എന്നാൽ അച്ഛനില്ലാത്ത കുട്ടിയാണ് മാത്രമല്ല സ്കൂളി പഠിക്കുന്ന കാലം മുതൽക്കു ഞങ്ങൾക്കറിയാവുന്ന കുട്ടിയാണ് , ഞാൻ പറഞ്ഞു ‘അമ്മ ഒരു കാര്യം ചെയ്തോളു , പതിനായിരം തന്നെ കൊടുത്തോളു തിരിച്ചു തരുമ്പോൾ ( അഥവാ , ഇനി ബിരിയാണി കൊടുത്താലോ ) അഞ്ചായിരം വാങ്ങിയാൽ മതി ! അങ്ങനെ ആ മാസം പൈസ അയക്കുമ്പോൾ സാവിത്രിടെ കല്യാണത്തിനുള്ളത് കൂടി ഞാൻ വീട്ടിലോട്ടു അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു.

ഒരു ദിവസം ഓഫീസിൽ പോയപ്പോഴാണറിയുന്നതു , ഇവിടെയും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ ! ചൈനയിൽ പോയി വന്ന ഒരു ഫാമിലിക്കാണ് , ചെറുതായി ഒരു പേടിതോന്നിയെങ്കിൽ കൂടി അത് പുറത്തു കാണിക്കാതെ അഭിനയിച്ചു.പിന്നീട് ന്യൂസ് ചാനലുകളിൽ വാർത്ത ടൈം എന്ന പേര് മാറ്റി ” കോവിഡ് ലൈവ് അപ്ഡേറ്റ് ” എന്ന പുതിയ പ്രോഗ്രാം കൊണ്ടുവരുന്നതാണ് കണ്ടത് !

കോവിഡ് കേസുകൾ ദിവസവും കൂടി കൊണ്ടിരിക്കുന്നു , ഇടക്കൊക്കെ ചില മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട് , ലോകം മുഴുവൻ മറ്റൊന്നും കേൾക്കാനില്ല. അതിനിടക്ക് ഒരു ദിവസം ഓഫീസിൽ പോയപ്പോഴാണ് ഓണത്തിനടിക്കു പുട്ടു കച്ചവടം പോലെ ആ വാർത്ത കേൾക്കുന്നത് , നമ്മുടെ ഈ ബ്രാഞ്ച് ഇപ്പോൾ ലാഭത്തിലല്ലത്രേ ( അതായതു പണ്ടെങ്ങാണ്ടോരു ലാഭം ഉണ്ടാർന്നേ ) എന്ന് കവി പാടിയപോലെ ,എന്റെ അറിവ് വച്ച് ഒരു ഇരുപതു കൊല്ലമായിട്ടു എന്റെ കമ്പനി ഇതേ ലെവലിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് ,അതിപ്പോ ലാഭമായാലും നഷ്ട്ടമായാലും , പപ്പു പണ്ട് പറഞ്ഞപോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയതായി എനിക്കറിവില്ല . എന്തായാലും” സീ മിസ്റ്റർ പെരേര ,നിങ്ങളെ ഞങൾ പിരിച്ചുവിട്ടിരിക്കുന്നു” എന്ന ആ വാർത്ത കേൾക്കാൻ എനിക്കധികം ദിവസം കാത്തുനിൽക്കേണ്ടിവന്നില്ല. അങ്ങനെ കമ്പനി നന്നാക്കാൻ എന്റെ വിഹിതം കൊടുത്തു ഞാൻ ആ പടിയിറങ്ങി .തിരിച്ചു നടക്കുമ്പോൾ എന്നെ നോക്കി ” പഞ്ചാബി ഹൌസിൽ കൊച്ചിൻ ഹനീഫയെ നോക്കി പറയുന്നപോലെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു ,പാവം അവൻ കരഞ്ഞിട്ടാണ് പോണെന്നും അല്ല അവൻ ചിരിച്ചിട്ടാണെന്നും ,അത് ഇന്നും തർക്ക വിഷയമാണ് .അതോണ്ട് അതവിടെ നിൽക്കട്ടെ !

ജോലി എന്ന വൻമരം വീണു ,ഇനിയെന്തു ഈ ചിന്ത ഒരു “ലോ സഫറായി” എന്നെ അലട്ടുന്നുണ്ടായിരുന്നു ,പക്ഷെ ഒരുവിധം എല്ലാ ഓഫീസുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ! അങ്ങനെ ഒരു രണ്ടുമാസം ഞാൻ രാത്രി മുറിക്കുള്ളിലും പകൽ പുറത്തുമായി കഴിച്ചു കൂട്ടി ! ജോലിന്വേഷണം തന്നെ ! സിനിമയിൽ അഭിനയിച്ച പരിചയം ഇല്ലാത്തതുകൊണ്ട് ഗൾഫിലെ “IV ശശി” യുടെ വീടാനോഷിച്ചു എന്തായാലും പോയില്ല ! നാട്ടിലെ ഏതെങ്കിലും പാവനായിമാർ കണ്ടെങ്കിലോന്നു പേടിച്ചു ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കാനും തുനിഞ്ഞില്ല

അപ്പോഴേക്കും കൊറോണയെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ പല മെസ്സേജുകളും വാട്സാപ്പിൽ വന്നു നിറയാൻ തുടങ്ങി. ഓണം വിഷു പെരുനാൾ ക്രിസ്റ്മസ് പിന്നെ ന്യൂ ഇയർനും മാത്രം വാട്സാപ്പിൽ കണ്ടുവരുന്ന പല ബന്ധുക്കളെയും ചില കസിന്സിനെയും ഒക്കെ സമയം തെറ്റി വാട്സാപ്പിൽ കണ്ടു കലികാലം എന്നല്ലാതെ എന്തുപറയാൻ എന്ന് നെടുവീർപ്പിട്ടു പിന്നെയും ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. അതിനിടക്ക് കൊറോണക്കു തിന്നാനും കുടിക്കാനും പറ്റാത്ത ഫുഡുകൾ ഈ സമയത്തു കഴിക്കണം,അതേതൊക്കെ എന്നും, കൊറോണയുടെ കണ്ണിൽ പെടാതെ എങ്ങനെ ജീവിക്കാം എന്നും തുടങ്ങി WHO പോലും കണ്ടു പിടിക്കാത്ത കൊറോണയുടെ ലക്ഷണങ്ങൾ ( പണ്ട് ജഗതി പറഞ്ഞപോലെ ,ഇനി ഞാൻ കണ്ടുപിടിച്ച ചില രസങ്ങൾ ) അതായതു വിശക്കുമ്പോൾ ഫുഡ് കഴിക്കാൻ തോന്നുക , സിഗരറ്റ് വലിച്ചാൽ പുക പുറത്തേക്കു വിടാൻ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഭാഗമാണെന്നൊക്കെ പറഞ്ഞു കുറെ യൂട്യൂബ് ചേച്ചിമാരും ചേട്ടന്മാരും വീഡിയോ ഇടാനും തുടങ്ങി.അതൊക്കെ കാണാതിരുന്നാൽ പോരെ എന്ന് ചോദിക്കരുത് കാരണം , ” ഇതൊരെണ്ണം മതി കൊറോണ കണ്ടം വഴി ഓടാൻ ” ഇങ്ങനെയൊക്കെ ആകും വിഡിയോടെ ക്യാപ്‌ഷൻ ആരായാലും ഒന്ന് കണ്ടു പോകും.

നാട്ടിൽ നിന്നും മൂന്നുനേരം ‘അമ്മ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നുണ്ട് , ലോകത്തിന്റെ പല ഭാഗത്തു നടക്കുന്ന കാര്യങ്ങളും , ജനങ്ങൾ കൊറോണയെ നേരിടുന്ന രീതിയും തിരിച്ചു കൊറോണ ജനങ്ങൾക്ക് കൊടുക്കുന്ന പണിയും എന്ന് വേണ്ട ഗൾഫിൽ എന്റെ ബിൽഡിങ്ങിന്റെ താഴെ നടക്കുന്ന കാര്യങ്ങൾ വരെ എനിക്ക് വാട്സാപ്പ് മെസ്സജ് ആയി ‘അമ്മ അയക്കാൻ തുടങ്ങി ,ചിലപ്പോളൊക്കെ ഇതിനെ കുറിച്ച് മറ്റു പല ഫാമിലി ഗ്രൂപ്പിലും നടക്കുന്ന ചർച്ചകളുടെ സ്ക്രീൻഷോട്ടുകളും എനിക്ക് കിട്ടാറുണ്ട് ,അങ്ങനെ എല്ലാവരും നികേഷ് കുമാറും , വിനുവും വേണുവും ഒക്കെ ആയി അവനവനെ കൊണ്ട് കഴിയുന്ന ചർച്ചകൾ പല ഗ്രൂപ്പിലും നടത്തി സ്വന്തം കഴിവ് തെളിയിച്ചു കൊണ്ടേയിരുന്നു!

ഇതിനിടക്കാന് , രാത്രി കാലം തെറ്റി നമ്മുടെ മോദിജിയെ ചാനൽ മാറ്റുന്നിതിടയിൽ ടീവിയിൽ കണ്ടത് , എന്തായാലും ഗൾഫിൽ ആയിരം ഇല്ല ,ഇനി അഞ്ഞൂറെങ്ങാനും !! ഏയ് അതാവാൻ വഴിയില്ല. എന്തായാലും ഒന്ന് നോക്കാം എന്ന് കരുതി ടീവിയിലേക്കു നോക്കി ഇരിക്കുമ്പോഴാണ് ആ സത്യം ഞാൻ അറിഞ്ഞത്, ഇനി കുറച്ചു കാലത്തേക്ക് നാട്ടിലെ കുട്ടികൾക്ക് വിമാനം കാണാൻ മുകളിലേക്ക് നോക്കി കഴുത്തുളുക്കി എന്ന പരാതി പറയേണ്ടി വരില്ല ,താഴേക്ക് നോക്കി എത്ര വേണെമെങ്കിലും വിമാനം കാണാം.

ഞാൻ വീണ്ടും ” മൂ ….വന്തി താഴ്‌വരയിൽ ” എന്ന ഗാനത്തിന്റെ ഒരു രണ്ടു വരി മൂളി.

ഈ മാസം കൂടി നോക്കി , നാട്ടിലേക്ക് പോകാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇനി നാട്ടിൽ നിന്നോ , അല്ലെങ്കിൽ നാട്ടിലേക്കോ കുറച്ചു കാലത്തേക്ക് വിമാനങ്ങൾക്കു പ്രവേശനം ഇല്ല എന്നറിയിപ്പു ഉണ്ടാകുന്നത് , പിന്നീട് വളരെ പെട്ടന്ന് ലോകം മുഴുവൻ ഈ തീരുമാനം എടുക്കുന്നതാണ് കണ്ടത്. ഇപ്രാവശ്യം ” അതിന്” എന്ന എന്റെ സാധാരണ ചോദിക്കാറുള്ള ചോദ്യം ഞാൻ ചോദിച്ചില്ല ! കാരണം ആദ്യം പറഞ്ഞ ആ വാൾ ഇപ്പൊ എന്റെ തലക്കും മുകളിലെത്തി എന്നെനിക്കു മനസ്സിലായീ . അതുവരെ സ്വന്തമായി ഉണ്ടായിരുന്നതും , യൂട്യൂബിൽ കോൺഫിഡൻസ് വിൽക്കുന്നവരുടെ വീഡിയോ കണ്ടു൦ ഉണ്ടാക്കിയ ധര്യം ചോർന്നു പോകാൻ തുടങ്ങി , മ്മടെ അശോകേട്ടൻ പറഞ്ഞപോലെ ‘എന്തെങ്കിലും ചോർന്നുപോകുന്നെങ്കിൽ തടയാൻ ഒന്നും ഇല്ല” എന്നതായി ചുരുക്കത്തിൽ എന്റെ അവസ്ഥ. കയ്യിലെ കാശും തീരാറായി ,ഇനി മൂന്നു നേരത്തെ ഭക്ഷണം രണ്ടു നേരമാക്കത്തെ നിവൃത്തിയില്ല , അഥവാ ആരെങ്കിലും നീ എന്തെ ക്ഷീണിച്ചേന്നു ചോദിച്ചാൽ , മെലിഞ്ഞവരെ കൊറോണ പെട്ടന്ന് കണ്ടുപിടിക്കില്ല എന്ന വളിച്ച കോമഡി അടിക്കാം എന്ന് എന്റെ തലച്ചോർ പറഞ്ഞ ബുദ്ധി ഒരായുധമാക്കി എടുത്തു ഞാൻ മുന്നോട്ടു നീങ്ങി.

ഇപ്പൊ, ഫ്‌ളൈറ് ഓടാതെ ആയിട്ട് ഏകദേശം ഒരു മാസത്തോളം ആയി , ഇതിനിടക്ക് രണ്ടു നേരം എന്ന ഫുഡ് പരിപാടി ഞാൻ ,ദിവസത്തിൽ ഒരു നേരം ആക്കി ,പക്ഷെ നീ എന്തെ മെലിഞ്ഞെ എന്ന ആ ചോദ്യം മാത്രം ഞാൻ കേട്ടില്ല ! ആര് ചോദിയ്ക്കാൻ ,ആരോട് ചോദിയ്ക്കാൻ ! ഓട്ടത്തിനിടയിൽ നമുക്കൊക്കെ ദൂരെ കെട്ടിയ ആ റിബൺ മാത്രമേ കാണു ,ഒപ്പം ഓടുന്നവന്റെ മുഖമോ ,രൂപമോ എന്തിന് അവനൊരു കാലുണ്ടോന്നു കൂടി നോക്കാൻ നമുക്കെവിടെ സമയം!

എന്തായാലും, വീണ്ടും ഒന്നു രണ്ടാഴ്ച കഴിഞ്ഞു , “വന്ദേ ഭാരത് ” എനിക്കും ഒരു ടിക്കറ്റ് കിട്ടി, പുറത്തേക്കു കാണുന്ന എന്റെ ശരീരത്തിലെ എല്ലാ പഴുതുകളും അടച്ചെന്നു ഞാനും ,എന്നെ നോക്കിയ എയർ പോർട്ടിലെ ജോലിക്കാരും ഉറപ്പു വരുത്തി അങ്ങനെ ഞാൻ ഐര്പോര്ട്ടിനകത്തേക്കു നടന്നു , പാസ്സ്പോർട്ടിൽ സീൽ അടിക്കുന്ന അറബി എന്നെ ഒന്നു തീക്ഷണമായി നോക്കി ” തുളു നാട്ടിൽ നിന്നും കള്ള പയറ്റ് പഠിച്ചു വന്ന കള്ള ബടുവാ, ഇന്നിറങ്ങിക്കോണം ഈ അങ്കത്തട്ടിന് ” എന്നാണോ മനസ്സിൽ പറയുന്നതെന്ന് എനിക്കറിയില്ല ! എന്തായലും സ്റ്റാമ്പ് അടിച്ചതിനു ശേഷവും വീണ്ടും അങ്ങേരെ തന്നെ നോക്കി നിന്ന എന്നോട് “പോടേയ്” എന്നറബിയിൽ പറഞ്ഞത് എനിക്ക് മനസ്സിലായീ ! അതുകേട്ടതും എന്റമ്മച്ചീ എന്നും പറഞ്ഞു ഞാൻ വീമാനത്തിനകത്തോട്ടൊടി.

ഇനിയങ്കം, വിമാനത്തിനകത്താണ് ! കയറിയ വിമാനത്തിനകത്തെ കാഴ്ച ,മ്മടെ ആ പഴയ ഫ്രഡ്‌ഡി സന്തോഷ് ജോർജ് കുളങ്ങരക്കു പറഞ്ഞുകൊടുത്തതിനും അപ്പുറം ആയിരുന്നു ! പണ്ടെങ്ങോ കണ്ട ഇംഗ്ലീഷ് സിനിമയിൽ സായിപ്പും മദാമ്മയും ചൊവ്വയിലെ അറബിക്കടലിൽ മീൻ പിടിക്കാൻ പോകുന്ന റോക്കറ്റിനകം പോലായിരുന്നു. ഓക്സിജൻ സിലിണ്ടർ ഒഴികെ ബാക്കി എല്ലാം എലാവരുടെ ശരീരത്തിലും വച്ച് കെട്ടിയിരുന്നു, ഐർഹോസ്‌റ്റസ്‌ മാരെ കാണുമ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് ,എന്റെ നാട്ടിലെ പിള്ള ചേട്ടനെ യാണ് , മഴത്തു പേപ്പർ ഇടാൻ ചേട്ടൻ വരുന്നത് ഇതുപോലെയാണ് നീല റൈൻകോട്ടും ,കണ്ണടയും തൊപ്പിയും, സൂക്ഷിച്ചു കയ്യിൽ പേപ്പർ ഉള്ളത്കൊണ്ട് മാത്രം ആളെ തിരിച്ചറിയാം. ( തമാശക്ക് പറഞ്ഞതാണ് ട്ടോ , നിങ്ങളും ദൈവത്തിന്റെ മാലാഖമാർ തന്നെയാണ് )

അങ്ങനെ ഞാൻ എനിക്ക് കിട്ടിയ സീറ്റിൽ ഇരുന്നു , ഇനി ഇപ്പൊ അടുത്തിരിക്കുന്നതു അപ്പുറത്തെ വീട്ടിലെ നാരായണേട്ടനാണെങ്കിൽ കൂടി നമുക്ക് തിരിച്ചറിയാൻ പറ്റില്ല, കാരണം കണ്ണിന്റെ കൃഷ്ണമണിയുടെ ഒരു ഭാഗം അല്ലാതെ വേറൊന്നും ആർക്കും ആരുടേയും കാണാൻ പറ്റില്ല . ഇങ്ങനെ ഒക്കെ സംഭവിക്കും ന്നു പണ്ടെങ്ങാനും നമ്മുടെ ഭാവി പറയുന്ന ചേട്ടൻ മാർ ടിവിയിൽ പറഞ്ഞിരുന്നേൽ ,വെറുതെ “ഫെയർ ആൻഡ് ലോവ്‌ലി” വാങ്ങി ആർക്കും കാശു കളയേണ്ടി വരില്ലായിരുന്നു.

അങ്ങനെ ഞാൻ നമ്മുടെ നാട്ടിൽ വിമാനം ഇറങ്ങി ! മുന്നിലിരുന്ന വെള്ളരി പ്രാവുകളെ പോലെ തോന്നിച്ചിരുന്ന ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഞാനും സർക്കാർ കേന്ദ്രത്തിലേക്ക് പോയി ! അങ്ങനെ സർക്കാർ നിർദ്ദേശിച്ച നീണ്ട പതിനാലു ദിവസങ്ങൾക്കു ശേഷം ഇന്ദു ചൂടൻ വന്നിരിക്കുന്നു ! ചില കളികൾ കാണാനും ,ചിലതു കാണിച്ചു പഠിപ്പിക്കാനും എന്ന സ്ഥിരം പഞ്ച് ഡയലോഗ് മനസ്സിൽ ആവാഹിച്ചു ഞാനെന്റെ വീട് ലക്ഷ്യമാക്കി നീങ്ങി ! ഏകദേശം പുലർച്ചെ അഞ്ചു മണിയായിക്കാണും വണ്ടി വീട്ടിലെത്തിയപ്പോൾ , കഴിഞ്ഞിട്ടില്ല ഇനിയും ഒരു പതിനാലു ദിവസം വീട്ടിനകത്തു തന്നെ കഴിയണം അപ്പോൾ മാത്രമാണ് സർക്കാർ നിർദ്ദേശിച്ച ഏകാന്ത വാസം പൂർത്തിയാകൂ ! മുകളിലുള്ള ഒരു മുറി എനിക്കൊഴിച്ചിട്ടതായീ ‘അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു , പുറകു വശത്തെ കോണി വഴി ഞാൻ എന്തായാലും അങ്ങനെ ഞാൻ ആ മുറിയിലെത്തി. സോപ്പ്,ചീപ് ,കണ്ണാടി എന്നുവേണ്ട ഒരു പതിനാലു ദിവസത്തേക്ക് വേണ്ട ഒരു വിധം സാധനങ്ങൾ ആ മുറിയിൽ ‘അമ്മ ഒരുക്കി വച്ചിട്ടുണ്ട് .എന്തായാലും അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് ഒരു കുളി പാസാക്കി ഞാൻ ഒന്നു കിടന്നു , അത്രയേ എനിക്കോർമ്മയുള്ളു പിന്നെ ഞാൻ എണീക്കുന്നതു താഴെ എന്തോ ഒരു ശബ്ദം കേട്ടാണ് ,ഇനി ബഹളമാണോ ?

സമയം ഏതാണ്ട് രാവിലെ എട്ടുമണിയാണ് , അമ്മയെ വിളിക്കാൻ പോകുമ്പോഴേക്കും സ്വന്തം സാരി തലപ്പ് മുഖത്തു ചുറ്റി N95 മാസ്ക് സ്വയം ഉണ്ടാക്കി എന്റെ ‘അമ്മ അതാ വാതിൽക്കൽ വന്നു നില്കുന്നു ! ആരാ അമ്മെ അത് ? എന്താ ബഹളം ? ‘അമ്മ കരയുന്നുണ്ടുന്നോ ? ഏയ് ഇല്ല , ആരാ ? ഞാൻ ചോദിച്ചു ! അത് പറോമ്മയാണ് ! അവരെന്താ ഈ നേരത്തു ? പിന്നെ വരാൻ പറയൂ !എനിക്കുറങ്ങണം ! ‘അമ്മ ഒന്നും പറയുന്നില്ല !

എന്തായാലും ,എന്നെ കാണാതെ അവർ പോകില്ല എന്ന് എനിക്കുറപ്പായിരുന്നു ! നാട്ടിലെത്തി ഏകദേശം രണ്ടാഴ്ച ആയതോണ്ട് ഗാന്ധിയെ തപ്പാൻ അച്ഛന്റെ പോക്കറ്റിൽ കൈയിടേണ്ടി വന്നില്ല , ഒരു നൂറിന്റെ കുഞ്ഞു ഗാന്ധിയും , വിശക്കുമ്പോൾ കഴിക്കാൻ വേണ്ടി എപ്പോഴോ ഞാൻ വാങ്ങിവെച്ച ഒരു സ്നിക്കേഴ്‌സിന്റെ ചോക്ലേറ്റും കയ്യിലെടുത്തു മുഖത്തൊരു മാസ്കുംഫിറ്റ് ചെയ്തു ഞാൻ താഴേക്കിറങ്ങി ! ഇപ്പൊ പറോമ്മാടെ ശബ്ദം ശരിക്കും കേൾക്കാം ! ” നിങ്ങടെ മോനിതെന്തിന്നു ഭാവിച്ചാ ? ഞങ്ങളെ കൂടി കൊല്ലാനാണോ ? സാവിത്രിടെ കുട്ടീടെ ഇരുപത്തെട്ടാണ് ,ആ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ അവനെ ഞങ്ങൾ വെറുതെ വിടില്ല ! മര്യാദക്ക് അവനോടു എങ്ങോട്ടാച്ചാൽ പോകാൻ പറഞ്ഞോളണം ,ഇവിടെ അങ്ങനെ ഒരു സൂക്കേടും പരത്താൻ ഞങ്ങൾ സമ്മതിക്കില്ല ! അച്ഛനോടാണ് പറോമ്മ പറയുന്നത് ! കയ്യിലിരുന്ന സ്നിക്കേഴ്സ് ഒന്നുകൂടി ഉരുകുന്നതായി എനിക്ക് തോന്നി എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടോ എന്ന സംശയം എന്നെ അലട്ടികൊണ്ടിരിക്കുന്നു, ഇനി കണ്ണിൽ നിന്നും വെള്ളം വരുന്നത് കൊറോണയുടെ ലക്ഷണമാണോ എന്നൊരു ശങ്കയും എനിക്കില്ലാതില്ല ! മൂക്കു വരെ ഉള്ള മാസ്ക് കണ്ണ് മൂടുന്നത് വരെ പൊക്കാൻ പറ്റുമോ ന്നു നോക്കി ! ഞാൻ കരയുന്നതു മറ്റുള്ളവർ കാണാതിരിക്കാനല്ല ,കാരണം ഗൾഫ് കാരൻ കരഞ്ഞെന്നു പറഞ്ഞാൽ അതും തള്ളണല്ലോ ! എന്റെ ‘അമ്മ കരയുന്നതു കാണാതിരിക്കാനാണ്.

സ്വന്തം വീട്ടുകാർ കരയാതിരിക്കാനാണ് ഓരോ മനുഷ്യനും പ്രവാസിയാകുന്നത് ! അപ്പൊ പിന്നെ ഈ ഗൾഫുകാരനായ എന്റെ ‘അമ്മ കരയുന്നതു കാണേണ്ടിവന്നാൽ ഞാൻ വെറുതെ പ്രവാസിയെന്നും പറഞ്ഞു തള്ളുന്നതെന്തിനാ ല്ലേ ?

എന്തായാലും മാസ്കിനു വലുപ്പം കൂട്ടണം ,ചുരുക്കത്തിൽ കണ്ണ് മൂടുന്നത് വരെയെങ്കിലും ” ഹൈ കമാന്റിലോട്ടൊന്നു വിളിച്ചു ചോദിച്ചാലോ പിള്ളേച്ചാ !!

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!