Skip to content

ഉള്ളടക്കം

story

വിളിച്ചിറക്കി കൊണ്ട് പോകാൻ വേണ്ടി അവൻ വീടിന്റെ മുന്നിൽ വന്നു നിന്നു…!

നൊന്ത് പ്രസവിച്ച അമ്മയെ അടക്കം എന്നെയും അച്ഛനെയും ഒരു നോക്കു കുത്തിയാക്കി കൊണ്ട് ചേച്ചി അവനോടൊപ്പം പൂവാണെന്ന് പറഞ്ഞ് ഇറങ്ങി…

അമ്മയുടെ നെഞ്ച് തല്ലിയുള്ള കരച്ചിൽ കേട്ട് അയൽപ്പകത്തെ വീടിന്റെ വാതിലുകൾ ഒന്നൊന്നായി തുറന്നു..

പലരും മൂക്കത്തു വിരൽ വെച്ച് കൊണ്ട് മതിലിന്റെ അരികത്ത് സ്ഥാനം പിടിച്ചു..

തോൽപ്പിച്… , എല്ലാം നേടിയത് പോലെ എന്നെയും അച്ഛനെയും നോക്കി അവൻ പടിക്കൽ നിൽക്കുന്നത് കണ്ടപ്പോൾ നിയന്ത്രണം വിട്ട് അവനെ തല്ലാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയ എന്നെ അച്ഛൻ തടഞ്ഞു നിർത്തി …

അൽപ്പസമയത്തിനകം അവളെയും കൊണ്ട് അവൻ വന്ന കാർ പടി കടക്കുന്നത് കണ്ടപ്പോൾ കരഞ്ഞു തളർന്ന് കിടന്ന അമ്മ എന്തോ ഓർത്തെടുത്ത പോലെ തെക്കേ പുറത്തെ വേലിക്ക് അരികിലേക്ക് ഓടി.. !!.

കാഴ്ചയിൽ നിന്ന് മായും വരെ നിറഞ്ഞ കണ്ണുകളോടെ അമ്മ അവിടെ തന്നെ നിന്നു…..

പിന്നെ ദേഷ്യത്തിൽ കണ്ണുകൾ തുടച്ചു…

അവളുടെ മുറിയിൽ നിന്ന് വാരി കൂട്ടിയ തുണികളുമായി അമ്മ അടുക്കള വാതിലിലൂടെ പറമ്പിന്റെ ഒരു അറ്റത്തേക് പോകുന്നത് കണ്ടു..

എന്തൊക്കെയോ പിറു പിറുത് ……

തുണികൾ ചവറിന്റെ കൂടെ കൂട്ടി ഇട്ട് മണ്ണെണ്ണ ഒഴിച്ച് ഒരു തീ പെട്ടി കൊള്ളി അതിലേക്ക് ഉരസി ഇട്ടു..

കത്തി ആളുന്ന തീയിലേക്ക് നോക്കി ശപിച് കൊണ്ട് അമ്മ കാർക്കിച്ചു ഒന്ന് തുപ്പി..

ഒരു പ്രതികാരത്തോടെ കുറച് നേരം ആ എരിയുന്ന തീയിലേക് തന്നെ അമ്മ നോക്കി നിന്നു…

എനിക്ക് ആദ്യമായ് ശമ്പളം കിട്ടിയ അന്ന് ഞാൻ അവൾക്ക് വാങ്ങി കൊടുത്ത പച്ച ധവണിയിൽ തീ പടർന്ന് പിടിക്കുന്ന കണ്ടപ്പോൾ എന്റെ മനസൊന്നു വിങ്ങി…

അമ്മയുടെ പരാക്രമം കണ്ട് തടയാൻ ഓടിയെത്തിയ സുധേടത്തിക്കും കേട്ടു വയറു നിറച്ച്..

എല്ലാം കണ്ട് സ്തംഭിച്ചു നിൽക്കുന്ന എന്നോട് അമ്മ കിതപ്പ് മാറാതെ പറഞ്ഞു…

ഇനി മുതൽ നിനക്ക് അങ്ങനെ ഒരു ചേച്ചി ഇല്ലാട്ട…!!!

കേട്ടോടാ…?

അമ്മയുടെ ആ വാക്കുകൾക്ക് കേട്ട് പ്രായം മറന്ന് ഒരു കുട്ടിയെ പോലെ ഞാൻ തലയാട്ടി..

ആരൊക്കെയോ ഫോണിൽ വിളിച്ച് അറിയിച് അച്ഛനും ഇടനാഴിയിലെ തിണ്ണയിൽ വന്നിരുന്നു..

വീട്ടിൽ ആകെ ഒരു നിശബ്ദത പരന്നു…

പെട്ടന്ന് അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഞാനും അച്ഛനും ഓടി എത്തുമ്പോൾ തറയിൽ ബോധം കേട്ട് വീണ് കിടക്കുന്ന അമ്മയാണ് കണ്ടത്….

കരഞ്ഞു തളർന്നിട്ട് വീണാതായിരുന്നു ഞാനും അച്ഛനും അമ്മയെ എടുത്ത് കട്ടിൽ കിടത്തി…

ചേച്ചിയെ കല്യാണം ഉറപ്പിച്ച വീട്ടിലേക്ക് വിവരം അറിയിക്കാൻ അച്ഛന്റെ കൂടെ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു ..

പോകാനായി ഞാൻ വണ്ടി വിളിക്കാൻ ഒരുങ്ങുന്നത് കണ്ട് അച്ഛൻ ചോദിച്ചു ….

നാണക്കേട് കൊണ്ടാണോ വണ്ടി വിളിക്കാൻ പോകുന്നതെന്ന് ….??

നാണക്കേട് ഭയന്ന് ഒളിച്ചോടാൻ നിന്നാൽ ഇനി ഈ നാട്ടിൽ ജീവിക്കാൻ പറ്റിന്നു
വരില്ല..

ഇന്ന് മുതൽ എല്ലാവർക്കും മുന്നിലൂടെയും തല കുനിച് നടന്ന് ശീലിക്കേണ്ടി വരുമെന്നും പറഞ്ഞ് അച്ഛൻ മുന്നിൽ നടന്നു…

പോകുന്ന വഴിയിലും കവലയുടെ മൂലയിലും പരിഹാസം നിറഞ്ഞ മുഖങ്ങളും അടക്കം പറഞ്ഞ് ചിരിച്ചവരെയും ഞാൻ കാണാതിരുന്നില്ല…

പന്തലും പാത്രങ്ങളും ഏൽപ്പിച്ച കടയിൽ വേണ്ടന്ന് പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരുടെ ഇടയിൽ നിന്നും കേട്ടു ഒരു കൂട്ട ചിരി….

ചെക്കന്റെ വീട്ടിൽ എത്തി മകൾ ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയെന്ന് പറയാൻ പണിപ്പെട്ട് അവരുടെ വീടിന്റെ പടിക്കൽ തളർന്ന് നിന്ന അച്ഛനോട് ഉള്ളിലൊട്ടു വരണ്ടന്ന് പറഞ്ഞ് അവരോട് പോയി സംസാരിച്ചത് ഞാൻ ആയിരുന്നു …

പൊട്ടി തെറിക്കും അധിക്ഷേപങ്ങൾക്കും ഒടുവിൽ … മാനനഷ്ടമായും നിശ്ചയത്തിന് അവർ അവൾക്കിട്ട ഒരു പവന്റെ വളയുടെയും കണക്ക് പറഞ്ഞ് ഒരു ഒരു വലിയ തുക അവർ തന്നെ നിശ്ചയിച്ചു…..

അതെ ചൊല്ലി തർക്കിക്കാൻ പോയ എന്നോട് എത്രയാണ് എന്ന് വെച്ചൽ അവർ ചോദിക്കുന്നത് കൊടുത്തൊള്ളാൻ അച്ഛൻ പറഞ്ഞപ്പോൾ മുപ്പത് പവൻ തികയ്ക്കാൻ വേണ്ടി ഇത്ര കാലം ഓടി നടന്ന അച്ഛന്റെ പിശുക് പോലും മാറി നിന്ന് ഞങ്ങളെ നോക്കി പുച്ഛിക്കുന്ന പോലെ എനിക്ക് തോന്നി ….

വീട്ടിൽ തിരിച്ച് എത്തി…

വീട് നിറച്ച് ആളുകൾ..

ചെറിയച്ചന്മാർ… മേമ്മമാർ.. വിവരം അറിഞ്ഞ് അമ്മാവനും എത്താതെ ഇരുന്നില്ല….

വീട്ടിൽ എവിടെ തിരിഞ്ഞാലും ചേച്ചിയെ പഴിച്ചും പ്രാകിയുമുള്ള ശകാര വർഷങ്ങൾ…

പല വട്ടം എന്നെ ചായിപ്പിന്റെ അടുത്തേക്ക് വിളിച്ച് ചെറിയച്ഛൻ ചോദിച്ചു അവളെയും അവനും എന്താ വേണ്ടതെന്ന്..

അഞ്ചു വയസ് തികയാത്ത അമ്മാവന്റെ മകൾ എന്തോ കുരുത്ത കേട് കാണിച്ചതിന് അമ്മായി ഈർക്കിളി ഒടിച് അവളെ തല്ലുമ്പോൾ ഉച്ചത്തിൽ പറയുണ്ടായിരുന്നു വലുതാക്കുമ്പോൾ നീ ആരുടെ കൂടെയാ ഒളിച്ചോടാൻ കണ്ടേക്കുന്നതെന്ന്…

കരഞ്ഞു തളർന്ന് അകത്തെ മുറിയിൽ കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്നപ്പോൾ പിച്ചും പിഴയും പറയുന്ന കണക് അമ്മ എന്നോട് ചോദിച്ചു..

മോനെ മോള് തിരിച്ചു വന്നോ എന്ന്…

മടങ്ങി വന്ന് ആരോടും ഒന്നും മിണ്ടാതെ ഉമ്മറത്തെ കസേരയിൽ ഇരുന്ന ഇരിപ്പ് ഇരിക്കുന്ന അച്ഛനോട് ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കാൻ പറഞ്ഞ് അമ്മായി അച്ഛനെ ഏറെ നിര്ബന്ധിക്കുന്നത് കേട്ടു…

ഇന്നലെ സന്ധ്യക്ക് ഞാൻ വാങ്ങി കൊണ്ട് വന്ന കല്യാണ കുറികളിലൊക്കെ അമ്മാവന്റെ മക്കൾ എന്തൊക്കെയോ കോറി വരച് കളിക്കുന്നത് കണ്ടു .

ചിലതൊക്കെ പിച്ചി ചിന്തി തെങ്ങിന്റെ കടക്കലും കിടന്നു.. …

മനസിലെ ഇഷ്ട്ടം ആദ്യമേ തുറന്ന് പറഞ്ഞ ചേച്ചിയോട് അച്ഛൻ വാശി തീർത്തത് അവളുടെ സമ്മതമില്ലാതെ ഉറപ്പിച്ച കല്യാണം കൊണ്ടായിരുന്നു…

അവൾ കരഞ്ഞു പറഞ്ഞപ്പോഴും കാലു പിടിച്ചപ്പോഴും അച്ഛന്റെ വാശി കൂടി …

ഒരിക്കൽ അവൻ വന്ന് പെണ്ണ് ചോദിച്ചതിന് ജാതിയുടെ പേരും പറഞ്ഞ് അച്ഛൻ അവരെ പുച്ഛിച് ഇറക്കി വിടുമ്പോൾ അച്ഛൻ ഓർത്തില്ല സ്വന്തം ചോരയിൽ പിറന്ന മകൾക്കും അതെ വാശി കാണുമെന്ന് ..

വീടിന് പുറത്തിറങ്ങാൻ വിലക്കിയതും.. അവളെ മാമന്റെ വീട്ടിൽ മാറ്റി താമസിപ്പിച്ചതും എല്ലാം അവൾ അവനെ മറക്കുമെന്നുള്ള അച്ഛന്റെ പ്രതീക്ഷകളായിരുന്നു..

കോലായിലെ തിണ്ണയിൽ ഇരുന്ന് മനസിലേക്ക് തെളിഞ്ഞു വരുന്ന ആ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓരോന്നും തള്ളി നീക്കാൻ ഞാൻ ഏറെ പാടുപെട്ടു…

സന്ധ്യയായിപ്പോൾ വന്നവരെല്ലാം സമാധാന വാക്കുകളും പറഞ്ഞ് മടങ്ങി പോയി…

വീടിന് അടുത്ത അമ്പലത്തിൽ അവന്റെയും അവളുടെയും കല്യാണം നാളെത്തേക്ക് ചീട്ടാക്കിയിട്ടുണ്ടെന്ന് രാത്രി എന്നെ കാണാൻ വന്ന കൂട്ടുക്കാരിൽ ഒരാളിൽ നിന്ന് ഞാൻ അറിഞ്ഞു..

കല്യാണം വിവരം കേട്ട് അച്ഛൻ ഒരു കുറ്റ ബോധത്തോടെ പറഞ്ഞു..

അച്ഛന് തെറ്റ് പറ്റി പോയെന്ന്…

അച്ഛൻ വാക്കുകൾ കേട്ട് അകത്തളത്തിൽ നിന്ന് കണ്ണീര് കൊണ്ട് മാത്രം ഉത്തരം പറഞ്ഞ അമ്മയുടെയും മനസ്സ് അലിയുന്നത് ഞാൻ കണ്ടു..

അച്ഛനെയും കഴിപ്പിച് രണ്ട് പിടി ചോറുണ്ട് ഞാൻ നേരത്തെ കിടന്നു….

ഉറങ്ങാൻ കഴിയുന്നില്ല…

കണ്ണടക്കുമ്പോൾ മുഴുവൻ ചേച്ചിയുടെ മുഖം മനസ്സിൽ തെളിയുന്നു ..

അമ്മ വലിച്ചെറിഞ് പൊട്ടിച്ച ചേച്ചിയുടെ ഫോട്ടോ ആരും കാണാതെ ഞാൻ എന്റെ മുറിയിൽ കൊണ്ട് വെച്ചു..

ഇന്നലെ വരെ ഈ വീടിന്റെ എല്ലാമായിരുന്നവളെ ഇനി നേർക്ക് നേർ കണ്ടാൽ പോലും മിണ്ടാൻ മടിക്കുന്ന തരത്തിൽ ആരുമല്ലതായി തീർന്നെന്ന് എന്നോർത്തപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു..

എനിക്ക് എന്റെ കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല..

ശബ്ദം അടക്കി പിടിച്ച് ഞാൻ ആ രാത്രി മുഴുവൻ കരഞ്ഞു….

പിറ്റേന്ന് രാവിലെ അച്ഛൻ തന്ന് വിട്ട സ്വർണ്ണ പണ്ടം വിറ്റ് പൈസ ഞാൻ അവർക്ക് കൊണ്ട് കൊടുത്തു.

എന്റെ മുന്നിൽ നിന്ന് ഓരോ നോട്ട് എണ്ണിത്തീർക്കുമ്പോഴും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു സ്വഭാഗ്യത്തിന്റെ തിളക്കമായിരുന്നു ആ കാരണവരുടെ മുഖത്ത്…

ശപിച്ചു കൊണ്ട് ആ മുഖത്ത് നോക്കി എനിക്ക് വിളിച്ച് പറയാണമെന്നുണ്ടായിരുന്നു ഇതൊരു മനുഷ്യന്റെ ഒരായുസിന്റെ സമ്പാദ്യമാണെന്ന്…

തിരിച്ച് കവലയിൽ ബസ് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് നടന്നു…

ചോദ്യങ്ങളെ ഭയന്നിട്ടവണം എവിടെയും തങ്ങാൻ എന്റെ മനസ് അനുവദിച്ചില്ല ….

അമ്പലത്തിന്റെ വഴി എത്തിയപ്പോൾ മനസ്സിൽ ഒരു കല്യാണ മേളത്തിന്റെ താള പെരുപ്പം കേൾക്കുന്ന പോലെ …

വീർപ്പ് മുട്ടലോടെ ഞാൻ വീട്ടിൽ വന്നു കയറി …

ഞാൻ അച്ഛനെ തിരഞ്ഞു…

അമ്മയോട് ചോദിച്ചു….

കുറച് നേരം മുൻപ് വരെ ഉമ്മറത് ഇരിക്കുന്നത് കണ്ടെന്ന് അമ്മ പറഞ്ഞു.. …

ഉമ്മറത് ഇല്ല…

ഞാൻ വെപ്രാളപ്പെട്ട് തൊടിയിലേക് ഇറങ്ങി …

അവിടെയും ഇല്ല..

അയാൽപ്പകത്തെ വീടുകളിലെ മുറ്റത്തേക്കും ഉമ്മറത്തേക്കും എത്തി നോക്കി.

അവിടെയും കണ്ടില്ല ….

എന്തോ അരുതാത്തതു സംഭവിച്ചെന്ന് ഒരു തോന്നൽ…..

ഞാൻ കവലയിലേക്ക് ഓടി….

ഗോപിയേട്ടന്റെ ചായ പീടികയിൽ ചോദിച്ചു എന്റെ അച്ഛനെ കണ്ടോന്ന്…

ഇല്ലാന്ന് മറുപ്പടി പറഞ്ഞ് അവർ പരസ്പരം മുഖത്തേക് നോക്കി…

ഇടയിൽ വെച്ച് ആരോ പറഞ്ഞു കുറച്ച് നേരത്തെ അമ്പല കുളത്തിന്റെ വഴി ഇറങ്ങുന്ന കണ്ടെന്ന്…..

ശ്വാസം അടക്കി പിടിച്ച് ഞാൻ കുളത്തിന്റെ അടുത്തേക്ക് ഓടി.. .

കിതപ്പ് മാറാതെ കുള കടവിലും ആൽത്തറയിലും ഞാൻ പരതി

കണ്ടില്ല….

എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി..

ഞാൻ ആ കൽപടവിൽ തളർന്നിരുന്നു……

അമ്പലത്തിന്റെ ഉള്ളിൽ നിന്ന് കേൾക്കുന്ന നാദസ്വരത്തിന്റെയും തകിലിന്റെയും ശബ്ദം എന്നെ പ്രാന്ത് പിടിപ്പിച്ചു…

ഒരു വീടിന്റെ എല്ലാ സന്തോഷവും സമാധാനവും കളഞ്ഞു ജീവിക്കാൻ പോയവളോട് എന്തെന്നില്ലാത്ത പ്രതികാരം എനിക്ക് തോന്നി….

എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി..

രണ്ടും കൽപ്പിച്ചു ഞാൻ അമ്പലത്തിന്റെ ഉള്ളിലേക് നടന്നു…

ഞാൻ മുന്നിൽ കണ്ട ആളുകളെ ഒന്നൊന്നായി തള്ളി മാറ്റി…

വിയർത്തോലിച്ചു നടന്ന് വരുന്ന എന്നെ പലരും ശ്രദ്ധിച്ചു..

പെട്ടന്ന് എന്റെ കണ്ണുകൾ എവിടെയായോ തടഞ്ഞു…

അച്ഛൻ…..!!!!

അതെ… അവളെയും അവനെയും ആശിർവദിചു കൊണ്ട് അച്ഛൻ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നു….

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുക്കി….

നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു…

പരിഹസിച്ചവരോടും പുച്ഛിച്ചവർക്കും മുന്നിൽ മുഖമുയർത്തി നടക്കാൻ ആദ്യമേ അച്ഛന്റെ ഈ ക്ഷമ മതിയാകുമായിരുന്നു..

മുപ്പത് പവൻ സ്ത്രീധനം ചോദിച് കല്യാണം ഉറപ്പിച്ചവനെക്കാൾ ഒരു തുണ്ട് പൊന്നില്ലാതെ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കാണിച്ച മനസ്സിന്റെ പത്തരമാറ്റ് തിളക്കം അച്ഛന്റെ അരികിൽ നിന്നിരുന്ന അവന്റെ മുഖത്തെ പുഞ്ചിരിക്ക് ഉണ്ടായിരുന്നു

കണ്ണുകൾ തുടച് ഞാൻ ആളുകൾക്ക് ഇടയിലേക് മറഞ്ഞു നിന്നു…

മേളങ്ങൾ മുറുകി അവളുടെ നെറുകയിൽ സിന്ധൂരം ചേർന്നു……

വീഴാൻ പോയ കണ്ണുനീർ തുടച്ചു കൊണ്ട് അച്ഛൻ അവരെ ചേർത്ത് പിടിച്ചു…

എല്ലാം മിഴി വെട്ടാതെ ഞാൻ നോക്കി നിന്നു..

ഞാൻ വേഗത്തിൽ കവലയിലെ ഭാസ്കേരട്ടന്റെ പിടികയിലേക്ക് നടന്നു..

പൊതി കെട്ടി കൊണ്ടിരിക്കുന്ന ഭാസ്കേരട്ടനോട് ഞാൻ തിടുക്കത്തിൽ പറഞ്ഞു..

ഭാസ്കരേട്ട ഒരു സദ്യക്ക് ഉള്ള പച്ചക്കറി വേണം..

പച്ചക്കറിയും വാങ്ങി വെപ്രാളപ്പെട്ട് ഞാൻ വീട്ടിലേക് ഓടി..

വീട്ടിൽ എത്തി കാര്യങ്ങൾ പറഞ്ഞ് അമ്മയെ എടുത്ത് രണ്ട് വട്ടം കറക്കി..

കൈയിലെ പച്ചക്കറികൾ ഞാൻ അമ്മയെ ഏൽപ്പിച്ചു…

എന്നിട്ട് ഒരു ഉഗ്രൻ സദ്യ ഉണ്ടാക്കാൻ പറഞ്ഞു..

ഇലയിൽ വിളമ്പാനായി തൊടിയിൽ നിൽക്കുന്ന പാതി പഴുത്ത ഞാലി പൂവന്റെ കുല വെട്ടി ഞാൻ മടങ്ങി വരുമ്പോൾ…

അമ്മ ഇന്നലെ കത്തിച്ച അവളുടെ തുണികൾ മണ്ണിട്ട് മൂടാനും ഞാൻ മറന്നില്ല…

By

Sarath Krishna

4.2/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!