Skip to content

ഒരു ലോക്ക്ഡൌൺ കല്യാണം

lockdown-marriage-story

രാശികല്യാണം

“ഇരുപത്തിമൂന്നാം വയസ്സിൽ മംഗല്യം നടന്നില്ലാച്ചാൽ പിന്നങ്ങട് യോഗം നാല്പതാം വയസ്സില.. ”

ദിനേശപണിക്കർ കവടി നിരത്തി മംഗല്യ യോഗം പറയുന്നതിനൊപ്പം വടക്കേലെ ചുമരിലിരുന്ന് പല്ലി ചിലച്ചപ്പോൾ ‘ അമ്മ ആധിയോടെ എന്നെയൊന്നു നോക്കി..

ഷാറോത്തെ ദിനേശപണിക്കർ പറഞ്ഞാൽ അച്ചട്ടാന്നാണ് അമ്മയുടെ വയ്‌പ്‌.. കാരണമുണ്ടെ,

ദീനം വന്നു ചാകാറായ പൂവാലി പശു മൂന്നാം നാൾ പയർ പോലെ എണീച്ചു നിന്നതും ഒളിച്ചു പോയ പുപ്പി പൂച്ച തിരിച്ചു വീട്ടിൽ വന്നതിനും പിന്നിൽ പണിക്കരുടെ പ്രവചനം ആയിരുന്നു..

23 തികയാൻ ആറു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് മനുഷ്യന്റെ മനസമാധാനം കളയാൻ പണിക്കരുടെ
ഒരു പ്രവചനം..

പ്രളയം വന്നാലും ശരി ആറുമാസത്തിനുള്ളിൽ മോളെ കെട്ടിച്ചേ അടങ്ങൂ ന്ന് അമ്മയും, കേരളത്തിലെ സകല ബ്രോക്കർമാരെയും വിളിച്ചു പറയാൻ അച്ഛനും അരയും തലയും മുറുക്കി ഇറങ്ങുന്നത് കണ്ടു കണ്ണുമിഴിച്ചു ഞാൻ ഇരുന്നു.. ..

ദിനം ചെല്ലുന്തോറും വേഷംകെട്ടി ചെറുക്കന്റെ മുന്നിൽ പോയി നിന്ന് ഞാൻ മടുത്തത് മാത്രം മിച്ചം..

പത്രാസും പരമ്പരയും നോക്കുമ്പോൾ പൊരുത്തം ഒക്കുല.. പൊരുത്തം ഒത്താൽ ചെക്കന് വിദ്യാഭ്യാസം പോരാ.. ഓരോ കണ്ടുപിടുത്തങ്ങളെ..

അമ്മാത്തൊട്ട് എത്തില്ല ഇല്ലത്തുന്ന് പുറപ്പെടുവേം ചെയ്തു ന്ന് പറഞ്ഞ പോലെയായി ദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞുപോകുന്തോറും അമ്മയുടെ അവസ്ഥ.

പതിവ് പോലെ അന്നും ഒരുങ്ങിപിടിച്ചു താഴേക്കു ചെന്നപ്പോഴാണ് സിന്ധുവന്റി കിച്ചണിൽ നിന്ന് ഗ്ലാസ്സിലേക്ക് ചായ പകർത്തി കൊണ്ട് എന്നോട് ചോദിച്ചത്..

“നിനക്ക് കോളേജിൽ ആരെയെങ്കിലും പ്രണയിച്ചു കൂടായിരുന്നോ ദേവി ന്ന്…

കൂടെ പഠിച്ച ചങ്കത്തികളുടെ പ്രണയസല്ലാപവും ബ്രേക്ക്അപ്പ്
കേട്ട് മടുത്തിട്ടാണ് ആ വഴിക്ക് തിരിയാത്തത് പറഞ്ഞപ്പോൾ ആന്റി എന്നെ അത്ഭുതത്തോടെയൊന്നു നോക്കി..

നിശ്ചയം കഴിഞ്ഞാൽ ധൈര്യമായി പ്രേമിക്കലോ ആന്റി..കെട്ടാൻ പോണ ആൾടെ സ്വഭാവവും പിടികിട്ടും, നഷ്ടമാകുമെന്ന പേടിയും വേണ്ട.

ചായ ഗ്ലാസ്‌ നിറച്ച ട്രെയുമായി ഞാൻ ഹാളിലേക്ക് നടന്നു ചെന്നു..

ബന്ധുമിത്രാദികൾക്ക് നടുവിൽ ഇരിക്കുന്ന ചെറുക്കന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി..

സീനിയർ അജിത്..

ഒരുകാലത്തു തന്റെ ആരാധനപാത്രം സഖാവ്.. ക്യാമ്പസിലെ നിറസാന്നിദ്യം.. ശ്ശെടാ ഇയാൾ ഇതെങ്ങനെ ഇവിടെതന്നെ വന്നു..

സഖാവിനു ചായ കൊടുക്കുമ്പോൾ കൈ ഒന്ന് വിറച്ചു..

ചെറുക്കനും പെണ്ണും പരസ്പരം സംസാരിക്കട്ടെ ന്ന് കാരണവന്മാർ പറഞ്ഞപ്പോൾ വടക്കേ മുറ്റത്തെ മാവിൻ ചുവട്ടിന് സമീപം പോയി നിന്ന് ഞാൻ..

വലതുകാലിലെ പെരുവിരലിനാൽ നിലത്ത് ചിത്രം വരയ്ക്കുന്ന എന്റെ സമീപത്തേക്ക് സഖാവ് പതിയെ നടന്നു വന്നു.

അടുത്ത് s പോലെ വളഞ്ഞു നിക്കുന്ന തെങ്ങിന്റെ മണ്ടയ്ക്ക് നോക്കി അയാൾ എന്നോട് ചോദിച്ചു.. ഈ തെങ്ങ് ഇപ്പൊ ചെത്താറുണ്ടോ..

ഇയാൾ ഇത് എന്തോന്ന് പെണ്ണിന്റ കാര്യം ചോദിക്കാൻ വന്നിട്ട് തെങ്ങിന്റെ കാര്യം ചോദിക്കുന്നെയെന്ന അർത്ഥത്തിൽ ഞാൻ അയാളെയും തെങ്ങിന്റെ മണ്ടയ്ക്കും മാറിമാറി നോക്കി. .

കുലയ്ക്കാറായ കണ്ണൻ വാഴയുടെ തണ്ടിൽ നിന്നും ഒരു ഇരട്ടവാലൻ കിളി പറന്നു പോകുന്നുണ്ടായിരുന്നു..

ഹാ സഖാവല്ലേ ഇനി വല്ല തൊഴിലാളിയൂണിയനിലും
മെമ്പർ ആയിരിക്കുമെന്ന് ആത്മഗതം പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നു..

“ചേട്ടൻ എന്നെ കണ്ടിട്ടുണ്ടോ ഇതിനു മുൻപ്.. ”

“ഇല്ല എന്തെ.. ”

“ഞാൻ മാർത്തോമാ കോളേജിൽ ചേട്ടനേക്കാൾ രണ്ടുവർഷം ജൂനിയർ ആയിരുന്നു.. ”

അജിത് എന്നല്ലേ പേര്.. ഒന്നുകൂടെ ഉറപ്പിക്കാനെന്ന വണ്ണം ഞാൻ ചോദിച്ചു.

“മം സഖാവ് അജിത്.. ”

പൊടുന്നനെ എന്റെ വലത് കയ്യിലെ നടുവിരലിൽ പതിയെ പിടിച്ചു വലിച്ചടുപ്പിച്ചു എന്റെ മിഴികളിലേക്ക് ഇമവെട്ടാതെ നോക്കികൊണ്ട് അവൻ പറഞ്ഞു
‘ചായ കൊടുക്കുമ്പോൾ കൈ വിറയ്ക്കരുത്.. പ്രേത്യേകിച്ചു സഖാവിന്റെ പെണ്ണായാൽ.. ”

അമ്പരന്നു നിൽക്കുന്ന എന്നോട് മുറ്റത്തെ കട്ടചെമ്പരത്തിയിൽ നിന്നും ഒരു പൂവിറുത്തെടുത് ഉള്ളംകയ്യിൽ വച്ചമർത്തി കൊണ്ട് സഖാവ് വീണ്ടും പറഞ്ഞു.. എന്റെ പ്രണയത്തിനും വിപ്ലവത്തിനും നിറം ചുവപ്പ.

കോളേജിൽ വച്ചേ ചേട്ടന്റെ ആരാധികയായ ഞാൻ സഖാവിന്റെ ആ ഡയലോഗ് കൂടി കേട്ടപ്പോ ഫ്ലാറ്റ്..

ഏതായാലും മൂന്നു മാസം കൊണ്ട് അങ്കം ജയിച്ച സന്തോഷത്തിലായിരുന്നു അച്ഛനും അമ്മയും .

പിന്നീട് എടുപിടി ന്ന് കല്യാണനിശ്ചയം നടന്നു.വരുന്ന മൂന്നാം മാസത്തിൽ മീനം പത്തിനു കല്യാണം ഫിക്സ് ചെയ്തു.. ..

ചുരുങ്ങിയ ദിനം കൊണ്ട് തന്നെ മാലാഖയെന്ന ഞാനും ചെ’യുടെ സഖാവും പ്രണയത്തിന്റെ ചിറകിലേറി പറന്നുയർന്നു എന്ന് പറയുന്നതാവും സത്യം..

വിവാഹത്തിന് മുൻപുള്ള രണ്ടു മാസം കൂടി ബാംഗ്ലൂർനഴ്സിംഗ് ജോലി ചെയ്തിട്ട് തിരിച്ചു വരാമെന്ന് കരുതിയാണ് നിശ്ചയം കഴിഞ്ഞിട്ടും അവിടെക്ക് പോകാൻ ഞാൻ നിര്ബന്ധിതയായത്..

നഴ്സിങ്ങിനോട് എനിക്ക് സഖാവിനോളം തന്നെ പ്രണയം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു സത്യം..

ഒടുവിൽ നാട്ടിലേക്കു പുറപ്പെടാൻ നൈറ്റ്‌ ബാഗ് പാക്ക് ചെയ്യുമ്പോഴാണ് ന്യൂസ്‌ൽ പ്രധാന മന്ത്രിയുടെ പ്രസംഗം കേട്ടത്.

കൊറോണ
” രാജ്യം 21 ദിവസം ലോക്ക് ഡൌൺ..”

ലോക്ക് ഡൗണ് തീർന്നാൽ പിറ്റേന്ന് കേറിവരാന്നു സമാധാനിച്ചു തല്ക്കാലം നിർവൃതിയടയാനെ ആ സമയം എനിക്ക് ആവുമായിരുന്നുള്ളു..

പതിനഞ്ചു ദിനം കഴിഞ്ഞപ്പോഴാണ് വീണ്ടും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത വന്നത്

“ലോക്‌ഡോൺ വീണ്ടും പതിനഞ്ചു ദിവസത്തേക്ക് കൂടി നീട്ടി..

അത് കേട്ടതും ചങ്ക് തകർന്നു പോയി..
സഖാവിനെ മനസ്സിൽ കയറ്റി വയ്ക്കുകയും ചെയ്തു ഇനിയൊരു മുഹൂർത്തം കുറിച്ച് നടത്താൻ പണിക്കർ പറയും പോലെ കാര്യം കൈവിട്ടു പോയാലോ.. ആലോചിക്കുന്തോറും ടെൻഷൻ കൂടികൂടി വന്നു..

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതിരുന്നപ്പോൾ മനസ്സിൽ ഒരു കാര്യം തീരുമാനിച്ചു ഞാൻ ഫോണെടുത്തു..

സഖാവിനെ വിളിച്ചു യോഗം ഉണ്ടച്ചാൽ വിവാഹത്തിനു കാണാം. ഇല്ലേ എന്നെ മറന്നേക്കു ന്ന് പറഞ്ഞു ഞാൻ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു…

രണ്ടും കല്പിച്ചു ബാഗ് തോളിലിട്ട് നേരേ അടുത്തുള്ള ലോറി സ്റ്റാന്റിനടുത്തേക്ക് പോയി.. ആരും കാണാതെ ലോഡ് കേറ്റി തീർന്ന ഒരു ലോറിയിൽ കയറി ഞാൻ ഒളിച്ചിരുന്നു.

ഡ്രൈവറും കിളിയും വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു . കുറച്ചു മുൻപോട്ട് നീങ്ങിയപ്പോ എന്റെ തുമ്മൽ കേട്ട് അവർ പെട്ടന്ന് വണ്ടി ബ്രേക്ക്‌ ചവിട്ടി നിർത്തി ഒരു വശത്തേക്ക് ഒതുക്കി..

വിവാഹകാര്യം അറിഞ്ഞപ്പോ മോൾടെ പ്രായത്തിൽ ഒരു പെണ്ണ് എനിക്കും ഉണ്ടെന്നാണ് പ്രായമുള്ള അയ്യപ്പൻനായർ എന്ന ഡ്രൈവർ പറഞ്ഞത്.. പോകുന്ന വഴിയിൽ ഇടയ്ക്ക് നിർത്തുമ്പോഴൊക്കെ ദാഹം മാറ്റാൻ എനിക്കും കുപ്പിവെള്ളം മേടിച്ചു തന്നു.. മോള് വിഷമിക്കണ്ട എല്ലാം ശരിയാവുമെന്നു ഇടയ്ക്ക് പറഞ്ഞ് ആശ്വസിപ്പിക്കുമ്പോൾ അച്ഛന്റെ മുഖം ഓർമ്മ വന്നു..

സേലം വരെയേ ആ ലോഡ് ഉണ്ടായിരുന്നുള്ളൂ.. അവിടെ നിന്ന് ജോസഫ്ന്റെ ലോറിയിൽ കേരളത്തിലേക്ക് കയറ്റി വിട്ടതും അയ്യപ്പൻ നായർ ആയിരുന്നു.

പഴ്സിൽ നിന്നും കുറച്ചു പണം കൊടുക്കാൻ തുടങ്ങിയപ്പോ നഴ്സ് എന്നത് ദൈവം പോലെ.. സഹായത്തിനു പണം വാങ്ങിയ മനുഷ്യത്വം നഷ്ടമാകുമെന്ന് പറഞ്ഞു അയ്യപ്പൻ തന്നെ ആ പഴ്സിന്റെ ചെയിൻ വലിച്ചടച്ചു..

ജോസഫ് എന്ന ചെറുപ്പക്കാരന്റെ ലോറിയിൽ കയറാൻ പേടി തോന്നിയ എന്നോട് ധൈര്യത്തോടെ പൊയ്ക്കോ മോളെ ന്ന് ആത്മവിശ്വാസം തന്നത് അയ്യപ്പൻ നായർ ആയിരുന്നു..

പോണ വഴിയിൽ ജോസഫ് എന്റെ പേര് ചോദിക്കുമ്പോഴും അല്പം ഭയത്താൽ തന്നെയാണ് ഞാൻ ദേവി യെന്നു മറുപടി പറഞ്ഞത്..

കടകളെല്ലാം അടഞ്ഞു കിടക്കുന്നത് കൊണ്ട് വിശപ്പ് അടക്കിപിടിക്കാൻ മാത്രമേ ആ സമയം ഞങ്ങൾ രണ്ടാൾക്കും കഴിയുമായിരുന്നുള്ളൂ..

കുറെ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ വണ്ടിയൊതുക്കി ഒരു വീട്ടിലേക്കു ജോസഫ് നടന്നപ്പോൾ എനിക്ക് അപകടം മണത്തു.. എന്റെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു..

എങ്ങനെയെങ്കിലും രെക്ഷപെടണമെന്നു കരുതി ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ടത്.. രണ്ടു കയ്യിലും ഭക്ഷണപൊതിയുമായി നടന്നു വരുന്ന ജോസഫ്നെ..

ഉള്ളെ ഇരു മ്മ,, പാസിക്കരുതെക്ക് ഏതവത് വേണമെ അതാ നാൻ ഇങ്കെ വന്നത് ന്ന് പറഞ്ഞു കൊണ്ട് ഒരു ഇലയിൽ പൊതിഞ്ഞ ദോശ എനിക്കായ് വച്ചു നീട്ടി..

അത് കഴിക്കുമ്പോൾ ഇന്നൊരു പൊതിയിരുക്ക് അത് എൻ വീട് തങ്കച്ചി ക്ക് താ ന്ന് ജോസഫ് പറയുമ്പോ ഒരു ഏട്ടന്റെ കരുതലും സ്നേഹവും ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

വണ്ടി വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ ഹൈവേ പോലീസ് കൈ കാണിച്ചപ്പോൾ ഒളിച്ചിരിക്കാൻ പാകത്തിൽ ഒരു സ്ഥലം സീറ്റിനടുത് ശരിയാക്കി തന്നതും ജോസഫ് ഏട്ടൻ ആയിരുന്നു..

തടസ്സമില്ലാതെ അവരെ മറികടന്നു വണ്ടി വീണ്ടും മുന്നോട്ടു നീങ്ങുമ്പോൾ ജോസഫ് സ്റ്റീയറിങ്ങിൽ നിന്നും ഒരു കയ്യുയർത്തി പറഞ്ഞു.. ഒളിഞ്ചിരിക്കണത് തപ്പ് താൻ,അതും ഇന്ത നേരത്തിൽ.. ഇരുന്താലും തങ്കച്ചി കേരള വരേയ്ക്കും കവലപെട വേണ.. നാനും കാതലിച്ചു താ കല്യാണം പണ്ണിത്..

കൊച്ചിയില് വണ്ടി നിർത്തിയിട്ട് ചുറ്റുപാടും നോക്കി ഇറങ്ങിക്കോ തങ്കച്ചി ന്ന് പറയുമ്പോ നാട്ടിൽ എത്തിപ്പെട്ടതിന്റെ സമാധാനത്തിലായിരുന്നു ഞാൻ..

മറക്കില്ലൊരിക്കലും ന്നു പറഞ്ഞു പിന്തിരിഞ്ഞു നടക്കുമ്പോൾ നല്ലായിരുമ്മാ ന്ന് പറഞ്ഞു ജോസഫ് അനുഗൃഹിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു വന്നു.. ..

നേരേ വൈറ്റില പോലീസ് സ്റ്റേഷനിൽ ചെന്ന് കയറുമ്പോ ആദ്യം തന്നെ അവർ തിരക്കിയത് മോള് വല്ലതും കഴിച്ചോന്നാണ്
ഒരു പൊതിച്ചോർ അവർ എനിക്കായ് വച്ചു നീട്ടുമ്പോൾ ആർത്തിയോടെ ഞാനാ വെള്ളരിച്ചോറ് കൈനിറച്ചു വാരികഴിച്ചു..

ശേഷം ഭദ്രമായി പോലീസ്വാഹനത്തിൽ എന്നെ വീട്ടിൽ കൊണ്ട് വിട്ടു പതിനഞ്ചു ദിവസത്തേക്ക് നിരീക്ഷണം നിർദ്ദേശിച്ചു മടങ്ങുമ്പോൾ പോലീസ് സേനയുടെ ഹൃദയം നിറഞ്ഞ, മനുഷ്യത്വം നിറഞ്ഞ ആദർശതയുടെ മറ്റൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു.

വിജയകരമായി പതിനഞ്ചു ദിവസം നീക്കി ഞാൻ പുറത്തു വരുമ്പോൾ നിശ്ചയിച്ച മുഹൂർത്തത്തിനു മൂന്നു ദിനം കൂടി ബാക്കിയുണ്ടായിരുന്നു..

പതിനെട്ടാം നാൾ നാലുപേർ സാക്ഷിയായി സഖാവ് എന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ കാതിൽ മെല്ലെ പറഞ്ഞു നമ്മുടെ പ്രണയം ദൈവം കാണാതിരുന്നില്ലടോ..

മണ്ഡപത്തിനു ചുറ്റും കൈകോർത്തു വലം വെയ്ക്കുമ്പോൾ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.. ശരിയാ, ദൈവം പ്രത്യക്ഷപ്പെടുന്നത് മനുഷ്യരിലൂടെയാണെന്നു.

അച്ഛന്റെ പ്രായമുള്ള അയ്യപ്പൻ നായരിലൂടെ
ഏട്ടന്റെ കരുതലുള്ള ജോസഫ് ലൂടെ,
വിശന്നപ്പോൾ അന്നം തന്ന വീട്ടിൽ സുരക്ഷിതമായി കൊണ്ട് വിട്ട മജീദ് സാറിലൂടെ..

മനസ്സിൽ നന്മയുള്ള മനുഷ്യൻ ഉള്ളിടത്തോളംകാലം ഒരു വൈറസ്നും തോൽപ്പിക്കാൻ ആവില്ല ഞങ്ങളെ ✌️

ഓരോ മലയാളിയെയും..

(കാർത്തിക് )

Nb :കോട്ടയം മനോരമ എഡിഷൻലെ ന്യൂസ്‌ ആധാരം ✌️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!