Skip to content

ന്റെ ഗതികേട് കൊണ്ടാ ഞാനി കല്യാണത്തിന് സമ്മതിച്ചെ

Sooryakanthi stories

ദാമ്പത്യം

അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി…

ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ശാന്തമായി ഉറങ്ങാൻ കഴിയുന്നു. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കാണുന്ന രാജീവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഗീതുവിൽ പുച്ഛം വന്നു നിറഞ്ഞു.. ആത്മ നിന്ദയും…

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലെപ്പോഴോ,മൂന്നു മാസം മുൻപുള്ള ആദ്യരാത്രിയിൽ, കട്ടിലിൽ ഗീതു തീർത്ത അതിർവരമ്പിനിപ്പുറത്തേക്ക് രാജീവന്റെ ഇടത് കൈ ചെറുതായൊന്നു നീണ്ടത് കണ്ടപ്പോൾ ഗീതുവിന് ഈർഷ്യ തോന്നി. ഇല്ല…തന്റെ ദേഹത്തോളം എത്തില്ല.. എങ്കിലും..

മൂന്നുമാസം കഴിഞ്ഞിരിക്കുന്നു ഒരു കൂരയ്ക്ക് കീഴിൽ ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട്…

വെളുത്തു തുടുത്തു സുന്ദരിയായ ഗീതുവിന് കോളേജിലും നാട്ടിലുമൊക്കെ ഒട്ടനേകം ആരാധകന്മാരുണ്ടായിരുന്നു. അതിൽ, ചെറുതല്ലാത്ത തലക്കനവും ഉണ്ടായിരുന്നത് കൊണ്ട്, അവൾ ആർക്കു മുൻപിലും തല കുനിക്കാൻ തയ്യാറായില്ല…

ആരുടെയൊക്കെയോ, ഭാഗ്യമോ നിർഭാഗ്യമോ കൊണ്ട് തുരുതുരാ വന്ന കല്യാണാലോചനകൾക്കിടയിലാണ് ആ ഞെട്ടിക്കുന്ന സത്യം അവൾ മനസ്സിലാക്കിയത്…
ജാതകത്തിൽ ചൊവ്വാദോഷം…

വരുന്ന വിവാഹാലോചനകളൊക്കെ മുടങ്ങി. ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞു നോക്കിയെങ്കിലും, കെട്ടിയാൽ കെട്ടുന്നവൻ തട്ടിപ്പോവും, വിധവയാകും എന്നൊക്കെ കേട്ടപ്പോൾ, സ്വന്തം കാര്യം വരുമ്പോൾ മാത്രം, വിശ്വാസങ്ങൾക്ക് ചെറിയൊരു ഇളവ് നല്കുന്ന, മറ്റെല്ലാവരെയും പോലെ, അവൾക്കും ചെറിയൊരു പേടി തോന്നി.

ഒരു ദിവസം വൈകുന്നേരം ടീവിയിൽ ഹൃതിക്ക്റോഷന്റെ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് അമ്മ അച്ഛനോട് ചോദിക്കുന്നത് ഗീതു കേട്ടത്.

“നാളെ എത്ര മണിയ്ക്കാ അവര് വരുന്നത്..? ”

“രാവിലേന്നാ പറഞ്ഞേ.. നല്ല കൂട്ടരാന്നാ രാഘവൻ പറഞ്ഞത്. ചെക്കൻ കെ സ് ഇ ബിയിൽ എഞ്ചിനീയർ ആണ്.. ഒറ്റ മോനാ..അച്ഛൻ മരിച്ചു പോയി. അമ്മ ഹെഡ് മിസ്ട്രസ് ആയി റിട്ടയർ ചെയ്തു.. കണക്കില്ലാത്ത സ്വത്തിനാവകാശിയായി ഒറ്റ മോനും..ജാതകവും ചേരും ”

അച്ഛന്റെ വാക്കുകളിലെ സന്തോഷവും, അമ്മയുടെ ചിരിയും, ടിവിയിലെ ഹൃതിക്ക്റോഷന്റെ റൊമാന്റിക് സീനും, എല്ലാം കൂടെ ഗീതുവങ്ങു പുളകിതയായി…

ഒരുങ്ങിയൊരുങ്ങി മടുപ്പ് വന്നു തുടങ്ങിയിരുന്നെങ്കിലും അന്നവൾ നന്നായി ചമഞ്ഞൊരുങ്ങി…

മുറ്റത്ത്‌ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ജനലരികിലേക്ക് അവൾ ഓടിയെത്തി. കാറിന്റെ മുന്നിലെ ഡോർ തുറന്ന് ഒരു പുരുഷനും സ്ത്രീയും ഇറങ്ങി. ഇത്തിരി തടിച്ചിട്ട്, കണ്ണട വെച്ച സ്ത്രീ രാജീവന്റെ അമ്മയാവുമെന്ന് ഗീതു ഊഹിച്ചു. പക്ഷേ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ ആൾ ആരായിരിക്കും…. ഇത്തിരി ഇരുണ്ട നിറത്തിൽ, അധികം പൊക്കമൊന്നുമില്ലാതെ ഒരാൾ…ചേട്ടനാവുമോ? … അതിന് രാജീവൻ ഒറ്റ മോനാന്നല്ലെ പറഞ്ഞത്. ഗീതു പിന്നെയും കാറിന്റെ പുറകിലെ സീറ്റിലേക്ക് എത്തി നോക്കി. ആരുമില്ല…

ചെറിയൊരു അങ്കലാപ്പോടെയാണവൾ അമ്മയ്ക്ക് പിന്നാലെ ചായയുമായി എത്തിയത്.

“ഇതാണ് ട്ടോ ചെറുക്കൻ.. രാജീവൻ. ഇത് അമ്മ, ദേവകി ടീച്ചർ”

ബ്രോക്കർ രാഘവേട്ടന്റെ വാക്കുകൾ കേട്ടതും,രാജീവന് നേരേ ചായ നീട്ടിയ ഗീതുവിന്റെ കൈയൊന്ന് വിറച്ചു. വിളറിയ മുഖം അവർ കാണാതിരിക്കാൻ അവൾ വേഗം തിരിഞ്ഞു നടന്നു.

തനിച്ചു സംസാരിക്കാൻ, മുറിയിൽ അയാളെയും കാത്ത് നിൽക്കവേ, പണ്ടൊരിക്കൽ കോളേജിൽ നിന്ന് പ്രണയാഭ്യർഥനയുമായി തനിക്ക് പിറകെ നടന്നിരുന്ന, കാണാൻ ഒട്ടും സുന്ദരനല്ലാത്ത, അജിത്തിനെ അവൾക്കോർമ്മ വന്നു. അന്നവന് കൊടുത്ത മറുപടിയും..

“നാണമില്ലേ നിനക്കെന്നോട് ഇഷ്ടമാണോന്ന് ചോദിക്കാൻ..? അതിനുള്ള എന്ത് യോഗ്യതയാണ് നിനക്കുള്ളത്?. നീ എപ്പോഴെങ്കിലും കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ, ഇല്ലെങ്കിൽ പോയി നോക്ക് ”

മിക്കവരും ചോദിക്കുന്നത് പോലെ രാജീവനും ഇഷ്ടമായോന്ന് ചോദിക്കും. എന്ത് തന്നെ സംഭവിച്ചാലും ഏതാണ്ടന്ന് അജിത്തിന് കൊടുത്ത മറുപടി തന്നെ കൊടുക്കണമെന്ന് ഗീതു മനസ്സിലുറപ്പിക്കുമ്പോൾ പുറകിൽ അനക്കം കേട്ടു. അവളെ ഒന്ന് നോക്കി രാജീവൻ പറഞ്ഞു.

“ഗീതുവിന്‌ ഇഷ്ടമായിക്കാണില്ല എന്നെനിക്കറിയാം, അമ്മ നിർബന്ധിച്ചിട്ടാണ് ഞാനും ഈ പ്രഹസനത്തിന് തയ്യാറായത്. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം ”

രാജീവൻ ഗീതുവിനെ ഒന്ന് നോക്കി. പ്രതീക്ഷിക്കാത്തത് കേട്ടപ്പോൾ, തിരിച്ചൊന്നും പറയാനാവാതെ നിൽക്കുന്ന ഗീതുവിനെ ഒന്ന് കൂടെ നോക്കി അയാൾ ഇറങ്ങിപ്പോയി.

ഗീതുവിന്റെ കരച്ചിലും നിരാഹാരസമരവുമെല്ലാം അച്ഛനമ്മമാരുടെ കണ്ണീരിനും സെന്റിമെൻറ്സിനും മുന്നിൽ തോറ്റു മടങ്ങി.

ഗീതുവിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് സമ്മതമാണെന്ന വിവരം കിട്ടിയപ്പോൾ രാജീവൻ ഞെട്ടിക്കാണണം…

കല്യാണം ഉറപ്പിച്ച ചെക്കനും പെണ്ണും, തമ്മിലുണ്ടാവുന്ന പതിവ് ഫോൺ വിളികളോ, റൊമാൻസോ ഒന്നും അവർക്കിടയിൽ ഉണ്ടായില്ല. വിവാഹം പെട്ടെന്ന് തന്നെ നടന്നു.

വിവാഹദിനത്തിൽ, എല്ലാവർക്കും മുൻപിൽ ചിരിച്ചു നിൽക്കുമ്പോഴും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴുമൊന്നും, മനസ്സിൽ തട്ടിയ ഒരു പുഞ്ചിരി പോലും ഗീതുവിന്റെ ചുണ്ടിലെത്തിയിരുന്നില്ല. നീറിക്കൊണ്ടിരുന്ന മനസ്സിലേക്ക് കനലുകളായ് പലയിടത്തുനിന്നും വരുന്ന പിറുപിറുക്കലുകളും അവളുടെ ചെവിയിലെത്തി.

നിലവിളക്കിന്റെയും കരിവിളക്കിന്റെയും ഉപമ മുതൽ,പെണ്ണിനെന്തേലും കുഴപ്പമുണ്ടാവും, ചെറുക്കന്റെ കാശ് കണ്ടു മയങ്ങീതാവും ന്ന് വരെ ഉണ്ടായിരുന്നു, കല്യാണസദ്യ മൂക്ക് മുട്ടെ തട്ടിയിട്ട്, കുറ്റം പറഞ്ഞവരുടെ വാക്കുകൾ.

ആദ്യരാത്രി ദേവകിടീച്ചർ കൊടുത്ത പാലുമായി റൂമിലെത്തിയ ഗീതു പാൽഗ്ലാസ്സ് ശക്തിയിൽ മേശപ്പുറത്തു വെച്ചു. ഷെൽഫിൽ നിന്ന് എന്തോ എടുക്കുകയായിരുന്ന രാജീവൻ ഞെട്ടി തിരിഞ്ഞു.

“എന്ത് പറ്റി ഗീതു..? ”

തനിക്കരികിലേക്ക് വന്ന രാജീവനെ കൈയ്യുയർത്തി വിലക്കി നിശ്ചിത അകലത്തിൽ നിർത്തിക്കൊണ്ട് ഗീതു പറഞ്ഞു.

“ന്റെ ഗതികേട് കൊണ്ടാണ് ഈ താലിയ്ക്കു വേണ്ടി തല കുനിച്ചത്.അതിന്റെ പേരിൽ ന്റെ ദേഹത്ത് തൊടാനോ, അധികാരം കാണിക്കാനോ വന്നാൽ, പിന്നെ നിങ്ങളെന്നെ ജീവനോടെ കാണില്ല ”

ഒന്ന് പകച്ചെങ്കിലും,വലിയ ഭാവമാറ്റമില്ലാതെ,പുറത്തെ ബാൽക്കണിയിലേക്ക് നടക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു..

“ഗീതു കിടന്നോളൂ… ”

ഉറക്കമില്ലാതെ കിടക്കുന്നതിനിടയിലെപ്പോഴോ, തന്റെ ദേഹത്ത് മുട്ടാതെ കട്ടിലിനോരത്ത് രാജീവൻ വന്നു കിടന്നത് അവളറിഞ്ഞിരുന്നു….

ആ റൂമിന് പുറത്ത് അവർ സ്നേഹമുള്ള ഭാര്യാ ഭർത്താക്കന്മാരായി. അമ്മയുടെ മുൻപിലുള്ള, ചുരുക്കം ചില സന്ദർഭങ്ങളിലൊഴികെ, രാജീവൻ എപ്പോഴും ഗീതുവിനോട് കൃത്യമായ അകലം പാലിച്ചു. അത്യാവശ്യത്തിന് മാത്രം സംസാരിച്ചു.
ഗീതുവിന്റെ അച്ഛനമ്മമാർക്ക് രാജീവൻ സ്നേഹമുള്ള മരുമകനായി. മകൾക്ക് കൈ വന്ന സൗഭാഗ്യത്തിൽ അവർ സന്തോഷിച്ചു.

അന്നൊരു ഒഴിവു ദിനത്തിൽ, ഉച്ചമയക്കത്തിനിടയിലെപ്പോഴോ ഡോർബെല്ല് അടിക്കുന്നത് ഗീതു കേട്ടിരുന്നു. പിന്നെ സ്വീകരണമുറിയിലെ സംസാരവും. അവിടേക്കെത്തിയ ഗീതുവിന്റെ കണ്ണുകൾ വിടർന്നു… മനോജ്‌ … രാജീവന്റെ ബാല്യകാലസുഹൃത്ത്.ആറടിയോടടുത്ത പൊക്കവും, വെളുത്ത നിറവും, കട്ടിമീശയുമൊക്കെയായി ഗീതുവിന്റെ മനസിലെ നായകസങ്കല്പം. എല്ലാറ്റിനും മീതെ ആരെയും മയക്കുന്ന സംഭാഷണചാതുരിയും..

ആരും പറയാതെ തന്നെ, ഗീതു ചായയിട്ട്, ഗ്ലാസ്സുകളിലേക്ക് പകർന്നെടുത്ത്, അതുമായി സ്വീകരണമുറിയിലെത്തി. ചായ കൊടുത്ത ഗീതുവിന്റെ പുഞ്ചിരിയ്ക്കു പകരമായി കുസൃതി നിറഞ്ഞൊരു പുഞ്ചിരി മനോജ്‌ അവൾക്ക് നൽകി. രാജീവന്റെ മുഖത്തേക്ക് ഗീതു നോക്കിയത് പോലുമില്ല…

കല്യാണദിവസം തന്നെ ഗീതു മനോജിന്റെ ഭാര്യ, ലേഖയെ കണ്ടിട്ടുണ്ട്. എടുത്തു പറയത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത, ഒരു സാധാരണ പെണ്ണ്. അവൾ കാശുള്ള വീട്ടിലെയാണെന്ന് എപ്പോഴോ ദേവകിയമ്മ പറഞ്ഞു ഗീതു കേട്ടിട്ടുണ്ട്.

ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിൽ മാത്രമേ രാജീവനും ഗീതുവും ഒരുമിച്ചു പുറത്ത് പോകാറുള്ളൂ. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത് ടൗണിലുള്ള മനോജിന്റെ സൂപ്പർ മാർക്കറ്റിൽ നിന്നാണ്. മിക്കപ്പോഴും ഗീതു തനിച്ചാണ് പോവുക. ഗീതുവിനെ കാണുമ്പോഴൊക്കെ മനോജ്‌ വന്നു സംസാരിക്കാറുമുണ്ട്.

അന്ന് സാധനങ്ങളൊക്കെ വാങ്ങി ബില്ലിങ്ങിൽ എത്തിയപ്പോഴാണ് ഗീതു അത് ശ്രദ്ധിച്ചത് . രാജീവന്റെ എ ടി എം കാർഡ് എടുത്തില്ല. കൈയിലുള്ള പണം തികയില്ല. മനോജ്‌ ക്യാബിനിൽ ഉണ്ടെന്നറിഞ്ഞു കൗണ്ടറിൽ പറഞ്ഞേൽപ്പിച്ചു, ഗീതു മനോജിന്റെ ക്യാബിനിലേക്ക് നടന്നു. പൂർണ്ണമായും അടയാത്ത ഡോറിനിടയിലൂടെ അടക്കിപ്പിടിച്ച ചിരിയും പിറുപിറുക്കലും കേട്ട് നോക്കിയ ഗീതു കണ്ടത്, അവിടുത്തെ സൂപ്പർവൈസർ രജനിയെ കെട്ടിപ്പിടിച്ചു ചുംബിക്കുന്ന മനോജിനെയായിരുന്നു. ഒരു നിമിഷം ഇടിവെട്ടേറ്റ പോലെ നിന്ന അവൾ ധൃതിയിൽ തിരിഞ്ഞു നടന്നു.

പിന്നെ പഴയത് പോലെ മനോജിനോട് സംസാരിക്കാനോ,സൂപ്പർ മാർക്കറ്റിൽ പോവാനോ ഗീതു ഉത്സാഹം കാട്ടിയില്ല. വല്ലപ്പോഴും കാണുമ്പോഴൊക്കെ, സംസാരത്തിനിടെ, മനോജിന്റെ കണ്ണുകൾ തന്റെ ശരീരത്തിലുടനീളം ഒഴുകി നടക്കുന്നത് ഗീതു ശ്രദ്ധിച്ചിരുന്നു.

ദേവകിയമ്മയ്ക്ക് ബി പി യിൽ വേരിയേഷൻ വന്നത് കൊണ്ട്, ഹോസ്പിറ്റലിൽ അഡ്മിറ്റാവേണ്ടി വന്ന നാളുകളിലൊന്നിലാണ്, ഹോസ്പിറ്റലിലെ കോറിഡോറിലൂടെ, തന്റെ തൊട്ട് മുൻപിൽ ധൃതിയിൽ നടക്കുന്ന ലേഖയെ ഗീതു കണ്ടത്. മോൾക്ക് പനിയായിട്ട് അഡ്മിറ്റാണെന്ന് ലേഖ പറഞ്ഞു. ഹോസ്പിറ്റലിൽ ഓരോരോ കാര്യങ്ങൾക്കായി തിരക്കിട്ടു നടക്കുന്ന ലേഖയെ പിന്നെയും പലതവണ ഗീതു കണ്ടുമുട്ടി.ഫാർമസിയിൽ നിന്ന് ഒരുമിച്ചു തിരികെ വാർഡിലേക്ക് നടക്കവേ മടിച്ചു മടിച്ചാണ് ഗീതു ചോദിച്ചത്.

“മനോജേട്ടൻ…? ”

ലേഖയുടെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയിലെവിടെയോ വേദന നിഴലിച്ചിരുന്നു…

“തിരക്കിലാവും…”

പിന്നെ ഒന്നും ചോദിക്കേണ്ടെന്ന് ഗീതു വിചാരിച്ചപ്പോൾ, നടക്കുന്നതിനിടെ ലേഖ പതിയെ പറഞ്ഞു.

“പ്രണയവിവാഹമായിരുന്നു…അച്ഛനും അമ്മയ്ക്കും ഇഷ്ടമില്ലായിരുന്നെങ്കിലും, എന്റെ നിർബന്ധത്തിന് വഴങ്ങി അവർ സമ്മതിച്ചു. എന്റെ പേരിലുള്ള സ്വത്തുക്കൾ എല്ലാം കൈവശപ്പെടുത്തുന്നത് വരെ നീണ്ടു നിന്ന പ്രണയം… ”

ലേഖയുടെ ചിരിയിൽ പുച്ഛമായിരുന്നു…

“ഇപ്പോഴും എവിടെയോ ഏതോ പെണ്ണിന്റെ ചൂടും പറ്റി കിടക്കുന്നുന്നുണ്ടാവും അയാൾ.. ”

“പക്ഷേ.. ചേച്ചിയ്ക്ക്… ”

ഗീതു പൂർത്തിയാക്കുന്നതിന് മുൻപേ ലേഖ പറഞ്ഞു.

“ഗീതുവിന്റെ കണ്ണുകളിൽ ആ ചോദ്യം എനിക്ക് കാണാം.. ഒന്നും ചെയ്യാനാവില്ല എനിക്ക്.. അതിനുള്ള ധൈര്യമില്ല.അച്ഛനുമമ്മയും മരിച്ചു, പോകാനൊരിടമില്ല.സമൂഹത്തിൽ ഞാൻ അയാളുടെ ഭാര്യയാണ്, ആരും എന്റെ മാനത്തിനു വില പറയില്ല, കയറി കിടക്കാൻ എനിക്കൊരു വീടുണ്ട്. സമൂഹത്തിന് മുൻപിൽ അയാൾ ഒരിക്കലും മക്കളെ തള്ളി പറയില്ല. സ്നേഹവും വാത്സല്യവുമൊന്നും കൊടുക്കാറില്ലെങ്കിലും പണത്തിനു കുറവ് വരുത്താറില്ല. മറ്റാരെയും കിട്ടാത്ത ചുരുക്കം ചില രാത്രികളിൽ അയാൾക്ക് കീഴടങ്ങി കൊടുക്കേണ്ടി വരുമ്പോൾ മാത്രമേ എന്നെയും ഈ ജീവിതത്തെയും ഞാൻ വെറുത്ത് പോവാറുള്ളൂ.. ”

ആ മുഖത്ത് ശാന്തതയായിരുന്നെങ്കിലും കൺപീലികൾ നനഞ്ഞിരുന്നു….

“ചേച്ചി ഇങ്ങിനെ…”

“എനിക്ക് പേടിയാണ് ഗീതു, എന്റെ കുഞ്ഞുങ്ങൾ, അവർക്ക് വേണ്ടി ഞാനെന്തും സഹിക്കും. ഒരിക്കൽ അച്ഛന്റെയും അമ്മയുടെയും വാക്കുകൾ അനുസരിക്കാത്തതിന്റെ പേരിൽ കിട്ടിയ ശിക്ഷയായാണ് ഞാൻ എന്റെ ജീവിതത്തെ കാണുന്നത്.. ”

ഗീതുവിനെ ഒന്ന് നോക്കി ലേഖ തുടർന്നു.

“ഗീതു ഭാഗ്യം ചെയ്ത കുട്ടിയാണ്, രാജീവനെ പോലൊരാളെ കിട്ടിയില്ലേ. ഒരാവശ്യം വന്നാൽ, ഏതു പാതിരാത്രിയ്ക്കും, ധൈര്യമായി കൂടെയിറങ്ങി പോവാൻ മടിയില്ലെനിക്ക്, രാജീവനോടൊപ്പം… പെണ്ണിനെ വെറും ശരീരം മാത്രമായി കാണാത്തൊരാൾ…”

ലേഖ യാത്ര പറഞ്ഞു പോയിട്ടും ഗീതു കുറച്ചു സമയം കൂടെ വരാന്തയിൽ തന്നെ നിന്നു…

ഗീതു തിരികെ ദേവകിയമ്മയുടെ അടുത്ത് എത്തുമ്പോൾ രാജീവൻ എത്തിയിട്ടുണ്ടായിരുന്നു. അമ്മയുടെ അരികെ ഇരുന്നു ഓറഞ്ച് തൊലി പൊളിച്ചു കൊടുക്കുന്ന രാജീവനെ കണ്ടതും ഗീതുവിന്റെ ചുണ്ടിൽ അന്നാദ്യമായി മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.. അവനായി…

അമ്മയെ ഡിസ്ചാർജ് ചെയ്ത അന്ന് രാത്രി, ജോലികളെല്ലാമൊതുക്കി ഗീതു എത്തിയപ്പോഴേക്കും, പതിവ് പോലെ കട്ടിലിന്റെ ഓരം ചേർന്നു രാജീവൻ ഉറക്കമായിരുന്നു.

കാൽപ്പാദത്തിൽ നനവ് വീണതറിഞ്ഞാണ് അയാൾ കണ്ണു തുറന്നത്. ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും ഗീതു പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിൽ വീണിരുന്നു. തെല്ലൊന്ന് പകച്ചെങ്കിലും അവളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

അന്നാണ് രാജീവിന്റെയും ഗീതുവിന്റെയും ദാമ്പത്യജീവിതം തുടങ്ങിയത്… പ്രണയവും…

സൂര്യകാന്തി 💕

©Jisha Raheesh (Sooryakanthi)

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!