Skip to content

മഞ്ഞവീട്

“അങ്ങനെ വരാം. ഒരാളിനോടു നമുക്കു ശക്തമായ പ്രണയം തോന്നുന്നുവെങ്കിൽ ക്രമേണ അയാളുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും നമുക്കു പ്രണയം തോന്നാം. അയാളുടെ വീടിനോടു തീർച്ചയായും അതു തോന്നാം. നിന്റെ മഞ്ഞവീടിന്റെ കാര്യത്തിൽ സംഭവിച്ചത് അതുതന്നെ”, ഹെർബർത്ത് എന്ന സായിപ്പ് മീരയോടു പറഞ്ഞു. അവൾക്ക് അതു പൂർണമായും ശരിയാണെന്ന് തോന്നിയില്ല. മഞ്ഞവീടിനു മറ്റെന്തോ മാജിക്കുണ്ട്. അതാരോടും പറഞ്ഞു മനസ്സിലാക്കാൻ നേരം കഴിയില്ല. പാരീസിനു മുകളിലൂടെ പറക്കുമ്പോഴാണ് മീര ഹെർബത്തിനോടു മഞ്ഞവീടിന്റെ കാര്യം പറയുന്നത്. എല്ലാ കാമുകന്മാരോടും അവൾ അക്കഥ പറഞ്ഞിട്ടുണ്ട്. മിക്കവരും താൽപ്പര്യം കാണിച്ചില്ല. ചിലർ നീരസം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഹെർബത്തുമായുള്ള ബന്ധം നിർമ്മാണ ഘട്ടത്തിൽ ആണെന്നു പറയാം. അതുകൊണ്ടാകാം അയാൾ അസ്വസ്ഥത പ്രകടിപ്പിക്കാഞ്ഞത് . അയാൾ തുടർന്നു പറഞ്ഞത് ആ കെട്ടിടമങ്ങ് വാങ്ങാൻ നോക്കൂ എന്നാണ്.

‘ലാൻഡ് ഈസ് ഓൾവെയ്‌സ് എ സെയ്ഫ് ബൈ. എനിവെയർ, എനി ടൈം’.

ലാഭത്തിനു വേണ്ടിയല്ലെങ്കിലും ആ ആശയം അവൾക്കിഷ്ടപ്പെട്ടു. മഞ്ഞവീട്‌സ്വന്തമാക്കുക! അതിന്റെ നിർവൃതി അറിയുക. അത്രകണ്ട് ഓർമ്മകൾ ആ കെട്ടിടത്തിനെ ചുറ്റിപ്പറ്റി നിൽക്കുകയാണ്.

കോളേജ് പഠനം തുടങ്ങിയ സമയത്ത് ആ സ്ഥലത്തേക്കുള്ള അച്ഛന്റെ ജോലിമാറ്റം …..നജീറയുമായുള്ള ചങ്ങാത്തം….. മഞ്ഞവീടിനു മുൻപിലൂടെ കോളെജിലേക്ക് പോകാൻ നജീറയുമൊത്തു നിത്യവുമുള്ള നടത്തം ……വീടിനു പുറത്ത് മന്ദഹസിച്ചു നില്ക്കുന്ന ‘ചേട്ടൻ’…

ആദ്യമാദ്യം അയാൾ മുന്നോട്ടു വന്നു നില്ക്കാൻ തുടങ്ങുന്നു. നജീറയുമൊത്തുള്ള നടത്തം വേഗത്തിൽ ആകുന്നു. പ്രണയ ഗാനങ്ങൾ മൂളിയെത്തുന്നു. ക്രമേണ, അവഗണിച്ചു പോകുമ്പോഴും മനം മെല്ലെ അയാൾക്ക്‌ വേണ്ടി തുടി കൊട്ടാൻ തുടങ്ങുന്നു. പിന്നീട് അത് ദ്രുതതാളത്തിലാകുമ്പോഴേക്കും അയാൾ പൊടുന്നനെ അപ്രത്യക്ഷനാകുന്നു. അതോടെ മനസ്സിന്റെ ചായക്കൂട്ടുകൾ കലങ്ങിമറിഞ്ഞു.

ഭ്രാന്തു പിടിക്കും എന്ന് തോന്നിപ്പോയിരുന്നു. നജീറയ്ക്കും അയാളെപ്പറ്റി ഒരു വിവരവും തരാൻ കഴിഞ്ഞില്ല.എവിടെയെങ്കിലും കാണാൻ കഴിഞ്ഞാൽ അയാളോട് നേരിട്ട് സംസാരിക്കാമെന്നും തന്റെ കാര്യം പറയാമെന്നും അവൾ വാക്കു തന്നു. കൗമാരത്തിന്റെ വാക്ക്‌! അതൊന്നും നടന്നില്ല.

മഞ്ഞവീട് എന്ന് കെട്ടിടത്തെ മനസ്സിൽ വിളിക്കാൻ തുടങ്ങിയത് അക്കാലത്താണ്. അച്ഛന് വീണ്ടും സ്ഥലംമാറ്റം ആയെങ്കിലും എല്ലാവർഷവും ഉത്സവത്തിന് നജീറയുടെ വീട്ടിൽ എത്തും. മഞ്ഞവീടിനു മുമ്പിലൂടെ നടക്കും. പുതിയ താമസക്കാരെ അവിടെ കണ്ടു. നജീറയുടെ നിക്കാഹിനു പോകാൻ കഴിഞ്ഞില്ല. അവൾ ആത്മഹത്യ ചെയ്തപ്പൊഴും പോകാൻ കഴിഞ്ഞില്ല. മഞ്ഞവീട് പിന്നെ കാണാൻ കഴിഞ്ഞിട്ടില്ല.

എങ്കിലും തിരക്കിനിടയിലും മഞ്ഞവീട് കൂടെക്കൂടെ മനസ്സിൽ പൊന്തിവന്നുകൊണ്ടിരുന്നു. ഓഷോയുടെ ആശ്രമത്തിൽ വച്ച് എന്തെങ്കിലും പ്രിയ വസ്തുവിൽ മനസ്സുറപ്പിക്കാൻ പറഞ്ഞപ്പോൾ ആചാര്യന്റെ അനുമതിയോടെ മഞ്ഞവീടിലാണ് മനസ്സുറപ്പിച്ചത്. അമേരിക്കയിൽ വച്ച് രണ്ടു ദിവസ്സം ഹിപ്പികളുടെ തടവിൽ കിടന്നപ്പൊഴും മനസ്സ് പിഞ്ഞിപ്പോകാഞ്ഞത് മഞ്ഞവീട് നിറഞ്ഞു നിന്നതു കൊണ്ടാണ്. കൂടെക്കൂടെ അതിശയം തോന്നും. ഒരു വീടിന് മനസ്സിനെ ഇത്രകണ്ട് കീഴ്‌പ്പെടുത്താൻ കഴിയുന്നതെങ്ങനെ !

രണ്ടു മാസം കഴിഞ്ഞ് വൃശ്ചിക മാസത്തിൻറെ തണുപ്പിലേക്കാണ് നാട്ടിൽ വന്നിറങ്ങിയത് . പിറ്റേ ദിവസം തന്നെ സെക്രട്ടറി സുരേഷുമൊത്ത് മഞ്ഞവീട് തേടി പുറപ്പെട്ടു. ഗ്രാമത്തിൻറെ ചൂണ്ടുപലക കണ്ണിൽ പെട്ടപ്പോൾ തന്നെ ഹൃദയം പരിചിതമായ തുടികൊട്ടു തുടങ്ങി. മഞ്ഞവീട് കണ്ണിൽ പെട്ടപ്പോൾ മനസ്സ് സുഖകരമായ ഒരു ഭ്രാന്ത് അനുഭവിക്കാൻ തുടങ്ങി. കാറ് നിറുത്തുവാൻ പറയാൻ ഒരു നിമിഷംമറന്നു. വാഹനം നിറുത്തിച്ച് തിരികെ നടന്നു .മഞ്ഞവീടിനു പ്രായമായിരിക്കുന്നു . ഗേറ്റ് തുറന്ന് കയറിയപ്പോൾ തുരങ്കത്തിൽ പ്രവേശിച്ചപോലെ തോന്നി. മ്ലാനമായ മുഖമുള്ള, ഭൂമിയോളം പ്രായമുണ്ടെന്നു തോന്നിച്ച ഒരു വൃദ്ധ വീടിനുപുറത്ത് നിൽക്കുന്നുണ്ടായിരുന്നു .അവരോട് സ്ഥലത്തെ കുറിച്ച് വെറുതെ ചില അന്വേഷണങ്ങൾ നടത്തിയ ശേഷം തിരികെ നടന്നു കാറിൽ കയറി.

സുരേഷ് പിറ്റേന്ന് തനിയെ എത്തി കാര്യങ്ങൾ നീക്കിത്തുടങ്ങി . മോഹവില തന്നെ വാഗ്ദാനം ചെയ്തു. ഗതികേടുകാർ സന്തോഷത്തോടെ വീടും സ്ഥലവും നൽകി. അറ്റകുറ്റപ്പണി ഒരാഴ്ച കൊണ്ട് സുരേഷ് തീർത്തു. സ്വയം കാർ ഡ്രൈവ് ചെയ്താണ് മഞ്ഞവീട്ടിലേക്ക് പുറപ്പെട്ടത്‌ . കൂട്ടിന് ബ്രൂണോയെ മാത്രം കൂട്ടി . ബ്രൂണോ എന്നാൽ ഒരു വയസ്സുള്ള പൊമെറേനിയൻ നായ. അതിവേഗത്തിൽ തന്നെയാണ് ഡ്രൈവ് ചെയ്‍തത്. മഞ്ഞവീടിൽ എത്രയും വേഗം എത്തി അലിഞ്ഞില്ലാതെയാകണം . പുളകപ്രസരത്തോടെയാണ് മഞ്ഞവീടിന്റെ ഗേറ്റ്‌ കടന്ന് മുറ്റത്തേക്ക് വണ്ടി ഓടിച്ചു കയറ്റിയത്. ഇറങ്ങി ഒന്നുരണ്ട്‌ നിമിഷം വീടിന്റെ ഭിത്തിയിൽ ചാരിനിന്നു. വീട് മുത്തശ്ശിയെപ്പോലെ തന്നെ ചുംബിക്കുന്ന പോലെ മീരക്ക് തോന്നി.കണ്ണിൽ നിന്നു താഴേക്കു പതിച്ച അശ്രുബിന്ദുക്കളെ കൌതുകത്തോടെ ബ്രൂണോ തല പൊക്കിയും താഴ്ത്തിയും നോക്കി. റോഡിലൂടെ രണ്ടു പെണ്‍കുട്ടികൾ വീട്ടിലേക്കു നോക്കി വർത്തമാനം പറഞ്ഞു പോയി.അവർ കാണാമറയത്താകുന്നതു വരെ മീര നോക്കി നിന്നു.നജീറക്ക് എന്താകും സംഭവിച്ചിട്ടുണ്ടാവുക!

ഇരുള് പരന്നു.വീട് തന്നോട് ഇടതടവില്ലാതെ സംസാരിക്കുന്ന പോലെ മീരക്ക് തോന്നി. ഋതു മര്യാദകൾ തെറ്റിച്ചു കൊണ്ട് ഒരു മഴ ഇരച്ചു വന്നു പെയ്തത് ബ്രൂണോ ഉൽക്കണ്‍ഠയോടെ നോക്കിനിന്നു.

കട്ടിലിൽ കിടന്നുറങ്ങാൻ തോന്നിയില്ല. മഞ്ഞവീടിന് പറയാനുള്ളതു മുഴുവൻ കേൾക്കണം. ഷീറ്റ് വിരിച്ച് തറയിൽ കിടന്നു. റോഡിലൂടെ ആരോ പാടിക്കൊണ്ടു പോയി .ഏതോ സുന്ദരിയെ സ്തുതിക്കുന്ന ഗാനം .മീര ഏഴുന്നേറ്റിരുന്നു. ഓർമ്മകൾ പിന്നോക്കം പോയി .’അയാൾ ‘ എവിടെയായിരിക്കും ! കൊള്ളിയാൻ പോലെ ഒരു ആശയം മനസ്സിലേക്ക് കടന്നു വന്നു. ലൈറ്റിട്ട് സ്യൂട്ട്കെയ്സ് തുറന്ന് പ്രമാണക്കെട്ടെടുത്തു. തൊണ്ണൂറ്റി അഞ്ചിലായിരുന്നു തങ്ങളിവിടെ. അക്കാലയളവിലെ ആധാരമെടുത്ത് ആളുകളുടെ പേരുകൾ നോക്കി . ‘താജ്മഹൽ’ എന്നായിരുന്നു മഞ്ഞവീടിൻറെ പഴയ പേര് ! ഉടമസ്ഥന്റെ പേരുകൂടെ കണ്ടപ്പോൾ ചിരി വന്നു.ഷാജഹാൻ.ഒരു പൈങ്കിളി മനസ്സിന്റെ ഉടമ അപ്പോൾ ഇവിടെ വസിച്ചിരുന്നു. ഷാജഹാൻ വിറ്റത് ഒരു സ്ത്രീക്ക് ആണ്. ‘ജാനകിയമ്മ ,പഴവരുവിള,കടമ്പനാട് ,നാൽപ്പത്തിയെട്ടു വയസ്സ്. ഇതു തന്നെ. ‘അയാളുടെ’ അമ്മയായിരിക്കണം ഈ ജാനകിയമ്മ.

‘അയാൾ’ എവിടെയായിരിക്കും? നല്ല നിലയിൽ തന്നെ ആയിരിക്കും .ഒരിക്കലും ദു:ഖം വരില്ലെന്ന് എഴുതി വെച്ച മുഖമായിരുന്നു.എവിടെയോ സ്വയം ആനന്ദിച്ചും മറ്റുള്ളവർക്ക് ആനന്ദം പകർന്നും ജീവിക്കുകയാകും.പിന്നെ,

അങ്ങനെയൊന്നും ആകണമെന്നുമില്ല.ജീവിതമാണ്.ഏതായാലും കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തണം. കഴിയുമെങ്കിൽ ……..മോഹമാണ് ,അയാളെ മഞ്ഞവീടിന് മുൻപിൽ നിറുത്തി കുറെ പടങ്ങളെടുക്കണം. ചെറുതായി ,ചെറുതായി മാത്രം ഒരു കണക്കു തീർക്കുകയും വേണം.

മുറ്റത്ത്‌ ഉറക്കെയുള്ള ചുമ കേട്ടുകൊണ്ടാണ് ഉണർന്നത്. നേരം നല്ലവണ്ണം പുലർന്നിരിക്കുന്നു.കതകു തുറന്നു നോക്കി.ഒരു മദ്ധ്യവയസ്ക്കനാണ്. കക്ഷത്തിൽ ഒരു ഡയറിയുണ്ട്.തന്നെ നോക്കി മിഴിച്ചു നില്ക്കുകയാണ്.മീര മന്ദഹസിച്ചു.”എന്താണ്?”

കണ്‍ഠ ശുദ്ധിവരുത്തി ആഗതൻ പറഞ്ഞു ” പുതിയ താമസക്കാര് വന്നു എന്നറിഞ്ഞു.ഒന്നു കാണാൻ വന്നതാണ്.”

ജാരവൃത്തി ജീവിതചര്യയായി സ്വീകരിച്ച ആളാണെന്ന് കണ്ണുകളുടെ ചലനം വിളിച്ചു പറയുന്നുണ്ട്.

“പണിക്കാരെ ഏർപ്പെടുത്തി കൊടുത്തത് ഞാനാണ്.തടിപ്പണി നന്നായി ചെയ്തിട്ടുണ്ട്.”, വീട്ടിനകത്തേക്ക്‌ കയറാനെന്നമട്ടിൽ അകത്തേക്ക് എത്തി നോക്കി.

മീര ഒരു പ്ലാസ്റ്റിക്ക് കസേര എടുത്ത് മുറ്റത്തേക്ക് വച്ചു.

” ഇപ്പഴത്തെ പണിക്കാർക്കൊന്നും ആരോഗ്യമില്ല.ഞാനൊറ്റക്കാ ആ കട്ടിള പൊക്കി വച്ചത്.”,അയാൾ കൈ ചൂണ്ടി.” നമുക്ക് പൊതുപ്രവർത്തനം കാരണം കുടുംബമില്ല.അത് നാട്ടുകാർക്ക് പ്രയോജനമായി. എല്ലാത്തിനും ചന്ദ്രദാസ് സാറുണ്ടല്ലോ?”. ചന്ദ്രദാസ് എന്ന വെറും ഗ്രാമീണൻ സ്വയം അവതരിപ്പിക്കുന്ന രീതി മീര സാകൂതം ശ്രദ്ധിച്ചു. തികഞ്ഞ കൗശലക്കാരനാണ് മുന്നിൽ നിൽക്കുന്നത്. താമസം വിനാ പറഞ്ഞു വിടേണ്ട സാധനം .ഒഴിച്ചു വിടുമ്പോൾ ഒരു ഷോക്ക് കൂടി കൊടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ വീണ്ടും വരാനുള്ള സകല സാധ്യതയുമുണ്ട് . അകത്തു കയറി സിഗറെറ്റ് ഒരെണ്ണം കത്തിച്ച് ചുണ്ടത്ത് വച്ചുകൊണ്ട് വാതിൽക്കലേക്ക് വന്നു. ചന്ദ്രദാസ് കണ്ണുതള്ളി നോക്കുന്നത് കണ്ട് മീരയ്ക്കു ചിരി വന്നു .ഒരു പുക പുറത്തു വിട്ട് പറഞ്ഞു “ഞാൻ എഴുന്നേറ്റതേ ഉള്ളു.പിന്നെ കണ്ടാൽ പോരെ?”

“മതി,മതി .ഞാൻ പിന്നെ വരാം” , ചന്ദ്രദാസ് വേഗം പിൻവാങ്ങി.

ഉറുമ്പ് പഞ്ചസാര കണ്ടുപിടിക്കുന്ന സ്വാഭാവികതയോടെയാണ് അയാൾ വന്നുചേർന്നത് എന്ന് മീര അതിശയിച്ചു.അയൽപക്കത്തു നിന്ന് ഒരു സ്ത്രീ വിടർന്നു ചിരിച്ചു.മീരയുടെ ശൈത്യം കണ്ട് ചിരി മാഞ്ഞു .

വിചാരിച്ചത് പോലെയല്ല സംഭവിച്ചത്. ചന്ദ്രദാസ് ഉച്ചയോടെ മടങ്ങിയെത്തി. ഇത്തവണ ബൈക്കിലാണ് വരവ്. ടീ ഷർട്ടും പാൻറും വേഷം. പ്രഫഷണൽസമീപനം.ഈർഷ്യയോടൊപ്പം മീരക്ക് അൽപ്പം മതിപ്പും തോന്നി. അയാൾ സംഭാഷണം തുടങ്ങുന്നതിനു മുൻപെ മീര തുടങ്ങി .

“എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം.”

“എന്താ ,പറയൂ .” അയാളുടെ സംസാരത്തിൽ നിധി മുന്നിൽക്കണ്ട പരിഭ്രമം.

“ഞാൻ ഈ വീടിൻറെ പഴയ പ്രമാണങ്ങൾ മറിച്ചു നോക്കുകയായിരുന്നു.അപ്പോൾ വെറുതെ ഒരു കൗതുകം പഴയ താമസക്കാരെ കുറിച്ച് അറിയാൻ. നിങ്ങൾക്ക് എല്ലാവരെയും അറിയാമോ?”

“കസേര”

കസേര എടുത്തു കൊടുത്തു.

“ഇപ്പം പോയവര് ഒരു പത്തിരുപതു കൊല്ലമായിട്ട് ഇവിടെയുണ്ട്.ചൂരൽക്കസേരയും മറ്റുമൊക്കെ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു പണ്ട്”. ചന്ദ്രദാസിന്റെ കണ്ണുകൾ മീരയുടെ ദേഹത്ത് കൊത്തി. “പിന്നീട് അയാൾക്ക്‌ അയാൾക്ക്‌ അസുഖം വന്നതോടെ അവര് മുടിയാൻ തുടങ്ങി.”

“എന്തസുഖം?”

“ഏതാണ്ട് അസുഖം.തിരുവനന്തപുരത്ത് ആയിരുന്നു ചികിത്സ.മൂന്നു നാല് കൊല്ലം മുമ്പ് അയാൾ മരിച്ചു.മൂത്ത കൊച്ച് ആരുടെയോ കൂടെ ഇറങ്ങിപ്പോയി.ഇളയവൾ മിടുക്കിയായിരുന്നു.” ചന്ദ്രദാസിന്റെ മുഖം പ്രകാശിച്ചു.

“അതിനു മുൻപ് ആരാ ,ഒരു ജാനകിയമ്മ?”

ചന്ദ്രദാസിന്റെ കണ്ണുകൾ ഭൂതകാലത്തിലേക്ക് പോയി. “അവർ കുറച്ചു കാലമേ ഇവിടെയുണ്ടായിരുന്നുള്ളു.”

ചന്ദ്രദാസ് ഒന്നിളകിയിരുന്നു ശബ്ദം താഴ്ത്തി .”ചെറുക്കൻ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി.”

മീര നീറാൻ തുടങ്ങി.”ഒരു മകനേയുണ്ടായിരുന്നുള്ളോ?”

“ഒന്നേ ഉള്ളു. ആളിപ്പം ടൌണിലുള്ള കാനറാ ബാങ്കിൽ മാനേജരാ.അജയൻ.’ക്രോണിക് ബാച്ചിലർ’ എന്നാണ് അറിയപ്പെടുന്നത്. ഇടയ്ക്കിടയ്ക്ക് അയാൾ ഈ വീടിൻറ്റെ മുമ്പിൽ വണ്ടി നിറുത്തി നോക്കിനിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .”

ഹൃദയം പെരുമ്പറ കൊട്ടി പുറത്തു വരാൻ തുടങ്ങി. ഉദാസീനത അഭിനയിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഭാവമാറ്റം ചന്ദ്രദാസ് ശ്രദ്ധിച്ചു.”എന്തു പറ്റി ?”

“എനിക്ക് പ്രധാനമായും അറിയേണ്ടത് ഷാജഹാൻ എന്ന താമസക്കാരനെക്കുറിച്ചാണ്.” ,കള്ളം പറഞ്ഞു.

ചന്ദ്രദാസ് സംശയത്തോടെ മീരയെ നോക്കി.

“വടക്കൻ നാട്ടിൽ നിന്നെങ്ങോ വന്നു താമസിച്ച ഒരു കിഴവൻ ആയിരുന്നു.കല്ല്യാണം ഒന്നും കഴിച്ചിട്ടില്ലായിരുന്നു.ഇപ്പം നമ്മളിരിക്കുന്നിടത്ത് ഒരു നല്ല മാവ് ഉണ്ടായിരുന്നു.അതിന്റെ ചുവട്ടിലിരുന്ന് അങ്ങേർ ഗസൽ

പാടുമായിരുന്നു.ഹാർമോണിയം ഒക്കെ വച്ച്.”

“പിന്നെ”

“ങാ.അയാൾക്ക്‌ ഒരു അടുപ്പക്കാരിയുണ്ടായിരുന്നു . പത്തറുപതു വയസ്സായപ്പോ അവർക്ക് മാറാരോഗം വന്നു.മക്കളു കൈ ഒഴിഞ്ഞപ്പം ഇങ്ങേരു ഈ വീട് വിറ്റ് പൈസ അവരുടെ ഭർത്താവിനെ ഏൽപ്പിച്ച് നാടുവിട്ടു പോയി.എന്തേ?”

എല്ലാം വ്യക്തമായിക്കഴിഞ്ഞു.ചന്ദ്രദാസ് ഇനി മിനക്കേടാണ്.ഏതു വിധേനയും ഒഴിവാക്കണം.

“ഈ നായ ഏതിനമാണ്?”.ചന്ദ്രദാസ് സംസാരം വർത്തമാനകാലത്തേക്ക് കൊണ്ടുവരാൻ നോക്കി.മീര ബ്രൂണോയെ എടുത്തു ലാളിച്ചു.”നിന്റെ കാര്യമാണ് അങ്കിൾ ചോദിക്കുന്നത്.”

ചന്ദ്രദാസിൻറ്റെ മുഖം കറുത്തു.

ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായി.ആഗോള വ്യാപകമായി പലതവണ പ്രയോഗിക്കേണ്ടി വന്നിട്ടുള്ളത്.ചന്ദ്രദാസിന്റെ മാറിലേക്കും അയക്കാതെ തരമില്ല .

“ഇവിടെ അടുത്ത് വൈറോളജി ലാബ് ഉള്ള ആശുപത്രി എവിടെയാണ്?” ,മീര ആരാഞ്ഞു.

“മെഡിക്കൽ കോളേജ്.എന്താ കാര്യം?”

“എനിക്കൊരു ചെറിയ പരിശോധന ഉണ്ട്.വിദേശത്ത് ഇതൊക്കെ സാധാരണയാണ്.നമ്മുടെ നാട്ടിൽ ഇതുമതി വലിയ പുകിലാകാൻ.നിങ്ങൾക്ക് മറ്റന്നാൾ എന്തെങ്കിലും പരിപാടിയുണ്ടോ?”

ചന്ദ്രദാസിന്റെ കണ്ണുകളിലെ കഴുകൻ പറന്നു പോയിക്കഴിഞ്ഞിരുന്നു .പകരം ഒരു മുയൽ ചകിതനായി നിൽക്കുന്നുണ്ടായിരുന്നു.

“ഇല്ല .ഒരാഴ്ച ഞാൻ സ്ഥലത്തില്ല.ഞങ്ങളുടെ സമുദായ സംഘടനയുടെ സമ്മേളനം കോട്ടയത്തുവച്ച്.”

മീര ശബ്ദം താഴ്ത്തി, “നിങ്ങളിവിടെ വരുന്നതും പോകുന്നതും പലരും ശ്രദ്ധിച്ചിട്ടുണ്ട്.വടക്കോട്ടൊന്നു നോക്കൂ.”

അയൽക്കാരി നോക്കി നിൽക്കുന്നുണ്ടായിരുന്നു.ചന്ദ്രദാസ് ദയനീയമായി മന്ദഹസിച്ചു.

നാലുമണിയോടെയാണ് ബാങ്കിലെത്തിയത് .മഞ്ഞവീടിന്റെ ഗന്ധം ബാങ്കിനുമുണ്ടെന്നു മീരക്ക് തോന്നി.സന്ദർശകർക്കുള്ള കസേരയിലിരുന്നാൽ മാനേജരുടെ ക്യാബിൻ നല്ലവണ്ണം കാണാം.ഒരാൾ തിരിഞ്ഞു നിന്ന് എന്തോ പരതുന്നു.കഷണ്ടി തലയുടെ പിൻഭാഗത്തെ പകുതിയോളം കീഴടക്കിയിട്ടുണ്ട്.

“എന്താ ഇരിക്കുന്നത്?”

സാരിയുടുത്ത ഒരു പെണ്‍കുട്ടിയാണ്.

“മാനേജരെ ഒന്നു കാണണം”

“ചെന്നോളൂ.സാറൽപ്പം തിരക്കിലാണ്.രണ്ടു ദിവസം കഴിഞ്ഞാൽ ഓഡിറ്റാണ്.”

മധുരമായിട്ടാണ് പറഞ്ഞതെങ്കിലും മീരക്ക് പെണ്‍കുട്ടിയോട് പരിഭവം തോന്നി.

വാതിൽ മെല്ലെ തുറക്കുമ്പോൾ പാദങ്ങളിൽ തണുപ്പുണ്ടായിരുന്നു.അയാൾ തല ഉയർത്തി നോക്കി അകത്തേക്കും കസേരയിലേക്കും ക്ഷണിച്ചു.മീര അയാളെ നോക്കിക്കൊണ്ടിരുന്നു.അയാൾ മന്ദഹാസം നിറുത്തി പകച്ചു നോക്കി .”പറയൂ”

“അയാം മീര”

“അജയൻ “

താൻ അയാളുടെ സ്മരണയിലെവിടെയുമില്ലെന്ന് മീരക്ക് മനസ്സിലായി.അവൾക്ക് ചെറുതായി പക തോന്നി.

“ഒരു ഹൌസിംഗ് ലോണ്‍ ആവശ്യമുണ്ട്. ഒരു വീട് റിനവേറ്റ് ചെയ്യാനാണ് “

“എത്ര പഴക്കം ഉള്ള വീടാണ്?”

“എൻറെ മനസ്സിൽ പുതിയതാണ്”

അയാൾ വിടർന്നു ചിരിച്ചു.കൈ ആട്ടി ആരെയോ അകത്തേക്ക് വിളിച്ചു.നേരത്തെ കണ്ട പെണ്‍കുട്ടി കയറി വന്നു.അയാൾ രണ്ട് ഫയലുകൾ എടുത്തുനീട്ടി.

“ഷീന, സപ്പോർട്ടിങ്ങ് വൌച്ചർ ഇല്ലാത്ത പെയ്മെന്റുകൾ ഞാൻ മാർക്ക് ചെയ്തിട്ടുണ്ട്.എങ്ങനെയും തപ്പിയെടുക്കണം.”

പെണ്‍കുട്ടി പോയി. അയാൾ മീരയുടെ നേരെ തിരിഞ്ഞു മന്ദഹസിച്ചു.”നമ്മുടെ മനസ്സിലെ പഴക്കമല്ല ബാങ്ക് നോക്കുന്നത്.വീടിന്റെ യഥാർഥ പഴക്കം.അതെത്ര കാണും?”

“ഇരുപത്തി അഞ്ച് വർഷം.”

“അയ്യൊ! ഇരുപത്തഞ്ച് ബോർഡർലൈൻ കേസ് ആണ്.ഭൂമി എത്രയാണ്?”

“പന്ത്രണ്ട് സെൻറ്”

“ഏതായാലും ഫീല്ഡ് ഓഫീസർ വന്നു കാണട്ടെ.എന്നിട്ട് പറയാം.”

“ഇക്കാര്യങ്ങളിലൊക്കെ മാനേജരുടെ വിവേചനാധികാരങ്ങലില്ലേ?”,മീര ചോദിച്ചു.

അജയൻ പുഞ്ചിരി തൂകി.”നിങ്ങൾ എന്തുചെയ്യുന്നു?”

“ഇംഗ്ലണ്ടിലും ഇൻഡ്യയിലുമായി ബിസിനസ്സാണ്.സോഫ്റ്റ്‌വേർ സൊലുഷൻസ് .”

ഈ പറഞ്ഞ വീട് എവിടെയാണ് ?”

സ്ഥലം പറഞ്ഞപ്പോൾ അയാൾ നിവർന്നിരുന്നു.എന്തോ പറയാൻ തുടങ്ങിയിട്ട് നിശ്ശബ്ദനായി.മീര വീട് വ്യക്തമായി പറഞ്ഞപ്പോൾ അയാളുടെ മുഖത്തും നിശ്ശബ്ദത വന്നുനിന്നു.

“നിങ്ങളാണോ അവിടത്തെ പുതിയ താമസക്കാരി?”

“അതെ.ലോണ്‍ കിട്ടുന്നെങ്കിൽ ഉടനെ പണി തുടങ്ങണം.എനിക്ക് തിരിച്ചു പോകാറായി.”

“ലോണ്‍ വിഷയമുണ്ടെന്നു തോന്നുന്നില്ല.ഞാൻ തന്നെ വന്നു നോക്കാം.നിങ്ങൾക്കു ബുദ്ധിമുട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ.”, അയാളുടെ മുഖത്ത് യാചനയുണ്ടായിരുന്നു.

“മൈ പ്ലെഷർ”

പതുക്കെയാണ് മീര കാറോടിച്ചത്.അയാൾ മുൻ സീറ്റിൽ ചിന്താധീനനായിരുന്നു.ഒടുവിൽ മെല്ലെ ചോദിച്ചു,

“നിങ്ങളുടെ കുടുംബം?”

“തനിച്ചാണ്.”

“ആ നാട്ടുകാരിയാണോ പണ്ടുമുതൽ?”

“ഞാൻ പാലക്കാട്ടുകാരിയാണ്.എന്റെ കൂട്ടുകാരിക്ക് വേണ്ടിയാണ് ഈ വീട് ഞാൻ വാങ്ങിയത്.”

“കൂട്ടുകാരി ഈ നാട്ടുകാരിയാണോ?”,അജയൻറെ ചോദ്യത്തിൽ വിഹ്വലതയുണ്ടായിരുന്നു.

“അവളും പാലക്കാട്ടുകാരിയായിരുന്നു”.മീര കാറിൻറെ വേഗത വീണ്ടും കുറച്ചു.

“തൊണ്ണൂറ്റി അഞ്ചിലോ മറ്റോ അവൾ അച്ഛനോടൊപ്പം ഈ പ്രദേശത്തു വന്നു.ഇപ്പം നമ്മൾ പോകുന്ന വീടിൻറെ മുൻപിലൂടെ അവൾ കൂട്ടുകാരി നജീറയുമൊത്ത് കോളേജിൽ പോകാൻ നടക്കുമായിരുന്നു.വീട്ടിൽ അന്ന് താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ അവളെ കാണുമ്പോൾ മൂളിപ്പാട്ട് പാടിക്കൊണ്ട് റോഡിലേക്ക് വരുമായിരുന്നു.”

മീര അയാളെ പാളിനോക്കി.അയാൾ കണ്ണടച്ചിരിക്കുകയാണ്.മുഖത്തെ പേശികൾ മുറുകിയിട്ടുണ്ട്.

“ക്ഷമിക്കണം.താങ്കളോട് ഞാൻ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞുപോയി.വീട് വാങ്ങാനുള്ള സാഹചര്യം അങ്ങനെയൊക്കെയാണ്.”

“”തുടർന്നു പറയൂ.”

കാറിൻറെ നിയന്ത്രണം പോകാതിരിക്കാൻ വേഗം നന്നേ കുറക്കേണ്ടി വന്നു.

“അയാളെ ഒഴിഞ്ഞു പോകാൻ നോക്കിയെങ്കിലും എൻറെ കൂട്ടുകാരിക്ക് ക്രമേണ അയാളെക്കാണാതെ വയ്യെന്നായി. അവളൊരു മഠയി. അയാളാകട്ടെ പെട്ടെന്ന് അപ്രത്യക്ഷനുമായി.നമുക്കൂഹിക്കാമല്ലോ ഒരു നാട്ടിൻ പുറത്തുകാരി പെണ്ണിൻറെ മനസ്സ്.അവൾക്കു ഭ്രാന്തുപിടിച്ചില്ല.പക്ഷെ അയാളും അയാളേക്കാൾ ആ വീടും അവളുടെ മനസ്സിൻറെ ആധാരശ്രുതിയായി മാറി.എന്റെ സാഹിത്യം ക്ഷമിക്കണേ.വെളിനാട്ടിൽ പോയിട്ടും എനിക്ക് നമ്മുടെ ഭാഷയും സാഹിത്യവും ലഹരിയാണ്.”

“കൂട്ടുകാരിയുടെ കൂട്ടുകാരിയോ?”

“അവൾ ആത്മഹത്യ ചെയ്തു.എന്റെ കൂട്ടുകാരിയും മരിച്ചു.മരിക്കുന്നതിന് മുമ്പ് അവൾ എന്നെ ഏൽപിച്ച കാര്യമാണിത്.ആ വീട് വാങ്ങണം.പുതുക്കിപ്പണിയണം.കഴിയുമെങ്കിൽ ആ മനുഷ്യനെ കണ്ടെത്തി വീട് അയാളെ ഏൽപ്പിക്കണം.”

മഞ്ഞവീട് ദൃശ്യമായി. കാറ് ഒരു ചെറിയ പാറക്കല്ലിൽ കയറിക്കുണുങ്ങി മഞ്ഞവീടിൻറെ ഗേറ്റ് കടന്നു. അസ്തമയ സൂര്യന് അഭിമുഖമായി വീടിനു മുമ്പിൽ മൂളിച്ച ഒടുക്കി നിന്നു . അജയൻ കുറെ സമയം കാറിൽ തരിച്ചിരുന്നു. മീര ആത്മവിശ്വാസത്തോടെ വീടിന്റെ കതകു തുറന്നു മലർത്തിയിട്ടു ക്ഷണിച്ചു . തിരികെ ചെന്ന് കാറിൽ നിന്ന് ഹാൻഡിക്യാം എടുത്തു.അജയൻ വീട്ടിലേക്കു കയറുന്നത് പിന്നിൽ നിന്ന് പകർത്തി.

കുറെ സമയം കഴിഞ്ഞ് അയാൾ പുറത്തുവന്നു.വന്നത് രണ്ട് പ്ലാസ്റ്റിക്ക് കസേരകളുമായി.അവ മുറ്റത്തിട്ട് മീരയെ

ക്ഷണിച്ചു.

“ഒരു കഥ നിങ്ങളും കേൾക്കണം .എന്റെ ഒരു കൂട്ടുകാരൻറെ കഥ.അവനും മരിച്ചുപോയി .ഈ വീട്ടിൽ തന്നെ താമസിച്ചിരുന്ന ആളാണ്‌.ഏതാണ്ട് നിങ്ങൾ പറഞ്ഞ കാലയളവിൽ.ഒരു പക്ഷെ നിങ്ങളുടെ കഥയിലെ ചെറുപ്പക്കാരൻ അവൻ തന്നെയാകാം. ആകാതിരിക്കട്ടെ.ഏതായാലും കഥകൾ തമ്മിൽ സാമ്യമുണ്ട്.റോഡിൽ കൂടി രണ്ട് പെണ്‍കുട്ടികൾ പോകുമായിരുന്നു.അവരിലെ മുസ്ലിം പെണ്‍കുട്ടി അവൻറെ ഹൃദയത്തിൽ കയറിയത് കേവലം ഒരു നോട്ടം കൊണ്ട് മാത്രമായിരുന്നു.അവൾ പോലുമറിയാതെ അയച്ച ഒരു നോട്ടം കൊണ്ട്.”

താൻ അവസാനിച്ചു കഴിഞ്ഞു എന്ന് മീരക്ക് ബോദ്ധ്യപ്പെട്ടു.ബ്രൂണോയെ കെട്ടിപ്പിടിച്ച് അവൾ കുനിഞ്ഞിരുന്നു.

അയാൾ തുടർന്നു :”അവളോടുള്ള താല്പര്യം വീട്ടിൽ ഭൂകമ്പമുണ്ടാക്കി.അമ്മ ഉത്തരത്തിൽ കെട്ടിട്ടു.അവൻ അമ്മയുടെ കാലുപിടിച്ചു കരഞ്ഞു.പിന്മാറാമെന്നു സമ്മതിച്ചു.അവർ ഈ സ്ഥലത്ത് നിന്നേ പോയി. മൂന്നു വർഷം കഴിഞ്ഞ് അമ്മ മരിച്ചു.ഉറ്റവരാരുമില്ലാത്തതിനാൽ അവൻ ഈ നാട്ടിലേക്ക് തിരികെ വന്നു.അതാണ്‌ സകല അനർത്ഥങ്ങൾക്കും ഇടയാക്കിയത്.”

മീര തലപൊക്കി അയാളെ നോക്കി.അവളുടെ കണ്ണ്‍ കലങ്ങിയിരുന്നത് ഗൗനിക്കാതെ അയാൾ തുടർന്നു:

“തിരികെ വന്ന് അടുത്ത ദിവസം അവർ തമ്മിൽ കണ്ടു.അവളാണ് അവനെക്കണ്ട് ഓടിയടുത്തത്.അവൾ ഓടി വരുന്നത് കണ്ട് അവൻറെ മുമ്പിൽ നിന്നു ലോകം പാടെ മാഞ്ഞുപോയി.അവൻ അവളെ വാരിപ്പുണർന്നു.അവൾ നിലവിളിച്ചുകൊണ്ട് തിരിച്ചോടി.നാലുപാടുനിന്നും പ്രഹരങ്ങൾ ദേഹത്തു വീഴുന്നത് ബോധം മറയും വരെയും അവനെ വേദനിപ്പിച്ചില്ല.അന്നു രാത്രി അവൾ ജീവനൊടുക്കി.”

അയാൾ വീടിനെ നോക്കി പുഞ്ചിരി തൂകി.”ഇതൊരു പ്രണയ ബാധയുള്ള വീടാണ്.താജ് മഹൽ” .

അവളും പുഞ്ചിരി തൂകി “ഈ മണ്ടിയുടെ മഞ്ഞവീട്.”

ഒരു വലിയ കണ്ണീർത്തുള്ളി ഉരുണ്ടുകൂടുന്നത് കണ്ട് ബ്രൂണോ ഉഷാറായി.

4.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!