പണ്ട് അപ്പച്ചന്റെ കൈ പിടിച്ചു ഉത്സാഹത്തോടെ തൊടിയിലേക്ക് ഇറങ്ങിയപ്പോൾ മത്തായികുഞ്ഞിന്റെ കെയിൽ ഒരു കുഞ്ഞു നാട്ടുമാവിൻ തൈയ് ഉണ്ടായിരുന്നു.അപ്പനും മോനും കൂടി ആണ് അത് നട്ടത്.നീ വേണേടാ കുഞ്ഞോനേ ഇതിനെ നോക്കാൻ എന്ന് പറഞ്ഞപ്പോൾ അവന്റെ ഉത്സാഹം ഒന്ന് കാണേണ്ടാതായിരുന്നു.നിനക്കു താങ്ങായും തണലായും ദുഃഖങ്ങളിൽ ആശ്വാസം ആവും ഈ കൊച്ചു നാമ്പ് എന്ന് അപ്പൻ പ്രത്യേകം ഓർമിപ്പിച്ചു.
പിന്നീടങ്ങോട്ട് സ്കൂളിൽ നിന്ന് വന്നാൽ അവൻ അതിന്റെ ചുവട്ടിലേക്കോടും, അതിനു വെള്ളമൊഴിച്ചു അതിനോട് സ്കൂളിൽ നടന്ന വിശേഷങ്ങൾ ഒക്കെ പറഞ്ഞു അങ്ങനെ ഇരിക്കും. ഒരു മഴ പെയ്താൽ പുതിയ നാമ്പ് വന്നോ എന്ന് ആകാംക്ഷയോടെ വന്നു നോക്കും. ആദ്യമായി അതിൽ ഒരു പൂക്കുല കണ്ടപ്പോൾ അവനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പോകപ്പോകെ ഭൂമിയെ ഗാഢമായി പ്രണയിച്ച നാട്ടുമാവിൻ വേരുകൾ അതിന്റെ ആഴങ്ങളിലെക്ക് തന്റെ സഞ്ചാരം ആരംഭിച്ചു.
ഇതേ സമയം മത്തായികുഞ്ഞും വളരുകയായിരുന്നു.പലകുറി മൊട്ടിട്ടു കായ്ച്ചു മാവ് വളർന്ന് പന്തലിച്ചു.പലവട്ടം ഇലകൊഴിഞ്ഞു പുതിയവ തളിരിടവേ മത്തായികുഞ്ഞിന്റെ ബാല്യവും യവ്വനവും കടന്ന് പോയി.ഉപരിപഠനത്തിനായി പട്ടണത്തിലേക്ക് പോയ അവന്റെ ഉള്ളിൽ നിന്ന് പഴയ നാട്ടുമാവിൻ ഓർമകൾ വേരറ്റുപോയി, പകരം പരിഷ്കാരത്തിന്റെ പുതിയ വേരുകൾ മുളപൊട്ടി. ഇന്ന് അവൻ ഒരു ഭർത്താവാണ്, ഒരു അച്ഛൻ ആണ്.പണ്ടത്തെ ഓടിട്ട വീടുമാറി അതിന്റെ ഇരട്ടിവലുപ്പത്തിൽ പണിത മാളിക നാട്ടുമാവിൻ ചുവട്ടിൽ വന്നുനിന്നു.
“എന്റെ മനുഷ്യ എത്ര നാളായി പറയുന്നു ഈ മാവൊന്നു വെട്ടാൻ, ഒരു കാറ്റടിച്ചാൽ മതി മുഴുവൻ ഇലയും മുറ്റത്താ…ടൈൽ മുഴുവൻ വൃത്തികേടാക്കും … അടിച്ചുവാരി ഞാൻ മടുത്തു” ഭാര്യ പറഞ്ഞു. “വേണ്ട പപ്പാ….. നല്ല ടേസ്റ്റി മംഗോസ് ആണ്… കുട്ടന് എന്ത് ഇഷ്ടം ആണെന്ന് അറിയുവോ അത്…ഇത് വെട്ടിയാൽ കുട്ടൻ എവിടെ ഊഞ്ഞാൽ കെട്ടും…ഈ മമ്മി പറയണ കേട്ട് അത് വെട്ടല്ലേ പപ്പാ…പ്ളീസ് … “പക്ഷെ പരിഷ്കാരത്തിന്റെ വേരുകൾ അത്രമേൽ കരുത്താർജിച്ചിരുന്ന മത്തായികുഞ്ഞിന്റെ മനസ്സിൽ മകന്റെ വാക്കുകൾക്ക് തെല്ലും സ്പർശിച്ചില്ല.അധികം വൈകാതെ ആ നാട്ടുമാവ് നിലംപൊത്തി.
മാത്തുക്കുട്ടി ഇപ്പോൾ അതീവ സന്തുഷ്ടനാണ്. തന്റെ ഭാര്യയും മകനും ആയി ജീവിതം ആസ്വദിക്കുകയാണ് അയാൾ.എന്തുകൊണ്ടും മറ്റുള്ളവരിൽ അസൂയ ചെലുത്തും വിധം സന്തോഷം നിറഞ്ഞ നാളുകൾ.പക്ഷെ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു. വെള്ള പൊതിഞ്ഞ തന്റെ മകന്റെ ശരീരം പേറി പുഷ്പങ്ങളാൽ നിറഞ്ഞ പേടകം സെമിത്തേരിയിലേക്ക് എടുത്തപ്പോൾ അൾത്താരയെ നോക്കി മാതാവേ നീ എനിക്ക് സർവ സ്വഭാഗ്യങ്ങളും തന്നത് ഇതിനായിരുന്നോ എന്ന് മത്തായികുഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു.ദിവസങ്ങൾ കഴിയേ ആശ്വാസവാക്കുകൾ പറഞ്ഞു വന്നവരെല്ലാം പലവഴി പോയി.മത്തായികുഞ്ഞും ഭാര്യയും ഏകാന്തത എന്ത് എന്ന് അനുഭവിച്ചറിഞ്ഞു.
ഭാര്യയുടെ മുന്നിൽ സങ്കടം കടിച്ചമർത്തി നിന്ന അയാൾ ആശ്വാസത്തിനായി പുറത്തേക്കിറങ്ങി.വെട്ടിമാറ്റിയ മാവിൻ ചുവട്ടിൽ അപ്പോൾ പുതിയ മുളകൾ പൊട്ടിയിരുന്നു. അവ രഹസ്യമായി കുഞ്ഞോനോട് മന്ത്രിച്ചു “നിന്റെ ദുഃഖങ്ങൾ എന്നോട് പറയാമായിരുന്നിലേ…. എന്റെ ചില്ലകൾ നിന്നെ ആശ്വസിപ്പിക്കുമായിരുന്നില്ലേ …..വെട്ടി മാറ്റിയതെന്തിനാ കുഞ്ഞോനേ എന്നെ …വേരറത്തു കളഞ്ഞതെന്തിനാ….ഇനിയും അറക്കപെട്ടു കളയില്ല എന്ന വിശ്വാസത്തിൽ ഞാൻ മുളച്ചോട്ടെ…..ഈ മണ്ണിൽ ഒന്നുടെ ആദ്യത്തേതിനേക്കാൾ ഉറപ്പോടെ വേരോടിച്ചോട്ടെ ….ഇനിയും കണ്ട നിൽക്കാൻ ആവില്ല നിന്റെ വേദന…കാരണം എന്റെ വേരുകളെ മണ്ണിനെ പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ്…”