ഞാൻ മാത്യു, ഒരുപാടു പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം നയിച്ചവൻ. ജീവിതമെന്നത് അറിവിന്റെ ഒരു അന്വേഷണമാണ്, ആ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയില്ലെങ്കിൽ നെയ്തെടുത്ത സ്വപ്നങ്ങളും പ്രതീക്ഷകളും ദിശ അറിയാതെ നിന്ന് പോകും.
ഗുരുവിൽ നിന്ന് കാൽഭാഗം, സൗഹൃദങ്ങളിൽ നിന്നു കാൽഭാഗം, സ്വയം നേടുന്ന കാൽഭാഗം, കാലം തരുന്ന കാൽഭാഗം ഇവയിൽ പിഴവ് പറ്റിയാൽ നാം എത്തിച്ചേരാൻ ആഗ്രഹിക്കാത്ത ഇടങ്ങളിൽ പോലും ജീവിതം നമ്മെ എത്തിക്കും.
മനുഷ്യർ ഒരു വിവേചനവും ഇല്ലാതെ കടന്നു പോകുന്ന ഒരു യാത്ര… ആ യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് ഞാൻ. എത്ര ശ്രമിച്ചിട്ടും എനിക്ക് തയാറാകുവാൻ കഴിയുന്നില്ല, കാരണം… എനിക്കറിയില്ല. അറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കാനായിരുന്നു എനിക്കിഷ്‌ടം. പക്ഷേ എന്തുകൊണ്ടോ എനിക്കു കഴിയുന്നില്ല. വാക്കുകൾ ആവർത്തിച്ചു വരുന്നു. കാരണം എനിക്കറിയില്ല. അടയ്ക്കപ്പെട്ട കാരാഗ്രഹത്തിൽ ഇരുമ്പഴികൾക്കിപ്പുറം അതാണെന്റെ സ്ഥാനം.
ഞാൻ ജനിച്ചത് ഒരു സാധാരണ കുടുംബത്തിലാണ്, ഡിഗ്രി വരെ പഠിച്ചു. പഠനത്തിനുശേഷം ജോലിയൊന്നും കിട്ടാതെ നാളുകൾ പോയി. വീട്ടിൽ നിന്നും ഏതെങ്കിലും ഒരു തൊഴിൽ കണ്ടെത്താൻ ഉള്ള നിർബന്ധം ദിവസവും കൂടി വന്നു. എന്റെ അപ്പൻ ഒരു കൃഷിക്കാരനും അമ്മ ഒരു വീട്ടമ്മയുമാണ്. എല്ലാ സാധാരണക്കാരെയും പോലെ സാമ്പത്തികമായ കുറച്ചു ബാധ്യതകൾ ഞങ്ങൾക്കുമുണ്ട്. ഡിഗ്രിക്ക് പഠിക്കാൻ വേണ്ടി എടുത്ത ലോൺ എങ്ങനെയെങ്കിലും തിരിച്ച് അടയ്ക്കണം, അതിന് ഒരു ജോലി അത്യാവശ്യമാണ്. പലയിടത്തും ജോലിക്കുവേണ്ടി അപേക്ഷിച്ചു. പക്ഷേ, ഒരിടത്തും എനിക്കു ജോലിയിൽ കയറുവാൻ സാധിച്ചില്ല.
അപ്പനെ കൃഷിയിൽ സഹായിക്കുന്നുണ്ടെങ്കിലും കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ മാത്രമേ സാധിച്ചിരുന്നുള്ളു.
ജീവിതം എന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയ നാളുകൾ. ജീവിച്ചു തീർത്ത വർഷങ്ങളിലൊന്നും ഞാൻ അതുപോലൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ല. സമൂഹവും എന്നെ ഒരു പുച്ഛഭവത്തോടെയാണ് നോക്കിയത്. പലരോടും നേരിട്ട് സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. ‘ജോലിയൊന്നുമായില്ലേ‘ എന്ന ചോദ്യത്തിൽ നിന്നും മാറി മറഞ്ഞിരുന്ന കാലം.
ശ്രമിക്കാതെയിരുന്നിട്ടല്ല. എന്തുകൊണ്ടോ നടക്കുന്നില്ല. കൂടെ പഠിച്ച പലരും എന്നെപോലെ ജോലി കിട്ടാതെ നിൽക്കുന്നുണ്ട്. എല്ലാവർക്കും ജോലി അത്യാവശ്യമല്ലല്ലോ? ഞാൻ ജനിച്ചുപോയ സഹചര്യത്തോടുപോലും എനിക്കു വെറുപ്പ് തോന്നിതുടങ്ങി.
എന്റെ അടുത്ത കൂട്ടുകാരൻ രാഹുൽ, ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്. അവൻ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്നു. അവന്റെ അച്ഛൻ ശ്രീധരേട്ടൻ രാഷ്ട്രീയക്കാരനും എന്റെ അപ്പൻ ജോസഫ് കൃഷിക്കാരനുമായിപോയി. ഞാൻ ഒറ്റപ്പെട്ടുപോകുകയാണെന്ന് എനിക്കു തോന്നിതുടങ്ങി.
ആ സമയത്താണ് പിഎസ്‌സി എൽഡി ക്ലാർക്കിനായുള്ള പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചത്. ഒരു ജോലി എനിക്ക് അത്യാവശ്യമായിരുന്നതുകൊണ്ടു ഞാൻ പരീക്ഷ എഴുതാൻ തീരുമാനിച്ചു. എത്ര കഷ്ടപ്പെട്ടിട്ടായാലും ജോലി നേടണമെന്നു ഞാൻ ഉറപ്പിച്ചു. ടൗണിലുള്ള ഒരു കോച്ചിങ് സെന്ററിൽ ഞാൻ ചേർന്നു. ചിലർ എന്നെപോലെ ആദ്യമായിട്ട്, ചിലർ വർഷങ്ങളായി എഴുതുന്നവർ, മറ്റുചില്ലർക്ക് ഇത് അവസാനത്തെ അവസരമാണ്.
പരീക്ഷാ ദിവസം അടുത്തു കൊണ്ടിരുന്നു ദിവസവും മണിക്കൂറുകൾ ഞാൻ അതിനായി ചിലവഴിച്ചു. പ്രീതിക്ഷിച്ച രീതിയിൽ പരീക്ഷ എഴുതാൻ എനിക്ക് സാധിച്ചു. ബാങ്കിൽ നിന്ന് എടുത്ത ലോൺ തിരിച്ചടക്കേണ്ട സമയം ആയിതുടങ്ങിയിരിക്കുന്നു അപ്പോഴും എഴുതിയ പരീക്ഷയിൽ വിശ്വാസത്തോടെ ഞാൻ കാത്തിരുന്നു. കുറച്ചു കൃഷിസ്ഥലം വിറ്റാണെങ്കിലും ലോൺ അടയ്ക്കണമെന്ന് അപ്പൻ പറയും, പക്ഷേ സ്ഥലം വിറ്റാൽ അത് സാമ്പത്തികമായി തുടർന്നുള്ള കാര്യങ്ങൾക്കു ബുദ്ധിമുട്ടാകും. ഒരു ജോലി ഉണ്ടെങ്കിൽ അതും സർക്കാർ ജോലി ബുദ്ധിമുട്ടില്ലാതെ കഴിയാം.
പരീക്ഷ എഴുതി മാസങ്ങൾക്കു ശേഷം പിഎസ്സി റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു. തരക്കേടില്ലാത്ത ഒരു സ്ഥാനം എനിക്കുണ്ട്, പെട്ടെന്നു ജോലിയിൽ കയറാൻ കഴിയില്ല എന്നാലും റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുൻപ് ജോലിയിൽ കയറാൻ പറ്റുമെന്നാണ് കോച്ചിങ് സെന്ററിലെ ഹരീഷ് സർ പറഞ്ഞത്. ജോലി കിട്ടുമെന്ന് ഏകദേശം ഉറപ്പായതോടെ ലോൺ തിരിച്ചടയ്ക്കാൻ വേണ്ടി കൃഷിസ്ഥലം വിൽക്കാൻ തീരുമാനിച്ചു. കുറച്ചു മാസങ്ങൾ കുഴപ്പങ്ങൾ ഇല്ലാതെ പിടിച്ചുനിൽക്കാൻ ഉള്ളത് ലോൺ അടച്ചു കഴിഞ്ഞു വരുന്ന പൈസകൊണ്ട് സാധിക്കും. പിന്നെ ബാക്കിയുള്ള സ്ഥലത്തു എന്തെങ്കിലും കൃഷി ചെയ്യാം. തൽക്കാലത്തേയ്ക്കു പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ല.
പക്ഷേ, കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ല. റാങ്ക് ലിസ്റ്റ് വന്നു മാസങ്ങൾ കഴിഞ്ഞു എന്റെ 20 റാങ്ക് മുൻപിലുള്ളവർ വരെ ജോലിയിൽ കയറി. ആ വർഷം ഇലക്ഷൻ നടക്കാൻ പോകുകയായിരുന്നു അതുകൊണ്ടാകും അരെയും പിന്നെ റാങ്ക് ലിസ്റ്റിൽനിന്ന് എടുക്കാത്താതെന്നു ഞങ്ങൾക്കിടയിൽ വാർത്തകൾ വന്നു. പുതിയ സർക്കാർ അധികാരം ഏറ്റ ശേഷം വീണ്ടും ബാക്കിയുള്ളവരെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നു ഞങ്ങൾ കരുതി. ഇലക്ഷൻ കഴിഞ്ഞു പതിവുപോലെ ഭരണം മാറിവന്നു, പുതിയ സർക്കാർ വന്നു. ദിവസങ്ങൾ കടന്നുപോയി പക്ഷേ ആർക്കും നിയമനം കിട്ടിയില്ല. റാങ്ക് ലിസ്റ്റിലുളള കുറച്ചുപേർ സെക്രട്ടറിയറ്റിൽ പോയി അന്വേഷിച്ചു ബാക്കിയുള്ള എല്ലാ പോസ്റ്റുകളിലേക്കും കഴിഞ്ഞുപോയ സർക്കാർ താത്കാലിക ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായിരുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിയമനം ലഭിക്കാത്ത ഞങ്ങൾ എല്ലാവരും ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. മനസ്സ് തകർന്ന് അടങ്ങിയ നിമിഷങ്ങളായിരുന്നു ഞങ്ങൾക്കത്.
പലരും വർഷങ്ങളുടെ പ്രയത്നംകൊണ്ട് നേടിയവർ, എന്നെപോലെ കഷ്ടപ്പാടുകളിൽ നിന്നും എഴുതിയവർ ഇനി എഴുതാൻ അവസരം ഇല്ലാത്തവർ. അർഹതപ്പെട്ടത് ആരോ തട്ടിയെടുത്തപോലെ. ഈ ജോലിയിൽ കയറുമെന്നു വിചാരിച്ചു കൃഷിഭൂമി വരെ വിൽകേണ്ടി വന്നു. ആരൊക്കെയോ ചേർന്ന് എന്റെ ജീവിതം കീറിമുറിക്കുന്നതുപോലെ, മനസ് ഉറച്ചുനിൽക്കുന്നില്ല. വിദേശത്തേക്കു ജോലിക്കു പോകണമെങ്കിലും കുറച്ചാധികം പണം ആവശ്യമുണ്ട്, എനിക്കതു സാധ്യമായിരുന്നില്ല.
ഞങ്ങൾ കൊടുത്ത കേസ് ഞങ്ങൾക്ക് അനുകൂലമായല്ല വിധിച്ചത്. താത്കാലിക ജീവനക്കാരെ ഉടനടി പിരിച്ചു വിടരുത് എന്നായിരുന്നു ഉത്തരവ്. ഞങ്ങളുടെ റാങ്ക് ലിസ്റ്റ് അവസാനിക്കാറായി. വീണ്ടും കേസുമായി പോകാൻ പലർക്കും താത്പര്യമില്ലായിരുന്നു. ലിസ്റ്റിൽപെട്ട ആളുകളിൽ ഭൂരിപക്ഷത്തിനും നിയമനം ലഭിച്ചിരുന്നു. അർഹരായ അവസാന റാങ്കുകാർക്കായിരുന്നു നിയമനം ലഭിക്കാതെ പോയത്. ഇതിൽ പലരും പുതിയ ജോലി അന്വേഷിച്ചുപോയി, അങ്ങനെ അവിടെയും ഞാൻ ഒറ്റപ്പെട്ടു. ഒറ്റയ്ക്ക് ഒരു കേസ് നടത്താൻ എനിക്കു സാധിക്കില്ല. വിറങ്ങലിച്ച മനസുമായിട്ടാണ് ഞാൻ അന്ന് വീട്ടിൽ എത്തിയത്. എന്റെ മുഖത്തു നിന്ന് ഞാൻ പറയാതെ തന്നെ എല്ലാം എന്റെ അപ്പനും അമ്മയും മനസിലാക്കി.
എനിക്കവരുടെ മുഖത്ത് നോക്കാൻ പോലും സാധിച്ചില്ല. ഞാൻ തകർന്നടിഞ്ഞു പോകുന്ന പോലെ. മുന്നോട്ടു ചിന്തിക്കാൻ പോലും കഴിയാതെ ഞാൻ എന്റെ കട്ടിലിൽ തലാകുനിച്ചിരുന്നുപോയി. എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ എന്റെ മനസ്സ് പറയുന്നതുപോലെ, മനസ്സ് നിർവികാരമായി എന്നോട് സംസാരിക്കാൻ തുടങ്ങി. അന്ന് രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഇരുട്ടിന്റെ മറവിൽ ഞാൻ വീട്ടിൽ നിന്നിറങ്ങി.
എവിടേക്ക് പോകണം? എന്ത് ചെയ്യണം?
ഒന്നും എനിക്കറിയില്ല. മനസ്സിന്റെ വിളികേട്ട് സാഹചര്യങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നു അത്.
ഞാൻ എന്നെപ്പറ്റി മാത്രം ചിന്തിക്കുവാൻ തുടങ്ങി എനിക്കു മാത്രം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടണം എന്റെ അപ്പനെയും അമ്മയെയും പോലും ഞാൻ ഓർത്തില്ല പിന്നീടുള്ള അവരുടെ അവസ്ഥ… എനിക്കിപ്പോഴും അറിയില്ല അവരെപ്പറ്റി.
എല്ലാം മുറിച്ചുമാറ്റപ്പെട്ട ഒരു രാത്രിയായിരുന്നു അത്. കുട്ടിച്ചേർക്കാൻ കഴിയാത്ത രീതിയിലുള്ള വേർതിരിവ് ആ രാത്രിയിൽ എന്നിൽ സംഭവിച്ചു. എന്റെ ബലഹീനതയാകാം, ഒരു രക്ഷപ്പെടൽ ആയിരുന്നു പ്രധാനമായും അത്. എല്ലാത്തിനോടും എനിക്കു ദേഷ്യം തോന്നിതുടങ്ങി എല്ലാം തച്ചുടക്കണം ഇവിടെ നീതിയെന്ന പേരിൽ അറിയപ്പെടുന്ന കാപട്യങ്ങൾ നിറഞ്ഞ സംവിധാനങ്ങൾ.. എല്ലാം… പക്ഷേ ഞാൻ നിസഹായനായിരുന്നു.
ഒരു ഭ്രാന്താനെ പോലെ ഞാൻ ആ രാത്രിയിൽ നടന്നു, എവിടെയെങ്കിലും ഓടി മറയാൻ എനിക്കു തോന്നി. ഏതോ ഭാഗത്തേക്കുള്ള ട്രെയിനിൽ വെറും കൈയോടെ നിർവികാരനായി ഞാൻ കയറി. ലക്ഷ്യസ്ഥാനം എനിക്കറിയില്ല ശൂന്യമായിരുന്നു മനസ്സ്. മനസ്സിൽ ശൂന്യത പിറന്നാൽ ശൂന്യത മാറ്റാൻ കടന്നു വരുന്ന ആശയങ്ങൾക്ക് അനുസരിച്ചാകും പിന്നീടുള്ള നമ്മൾ.
പുറത്തുള്ള തരിശു നിലങ്ങൾ നോക്കി നിൽക്കുമ്പോഴായിരുന്നു ഒരു കൈ എന്റെ തോളിൽ സ്പർശിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ നല്ല ഉയരമുള്ള താടിയുള്ള ഒരു മനുഷ്യൻ.
ഹിന്ദിയിൽ അയാൾ എന്നോട് സംസാരിച്ചു തുടങ്ങി. എന്റെ ഹിന്ദി കേട്ടിട്ടാകും അയാൾക്കു ഞാൻ മലയാളിയാണെന്നു മനസിലായി. അയാൾ പിന്നീട് അയാളുടെ അപൂർണ്ണമായ മലയാളത്തിൽ എന്നോട് സംസാരിക്കാൻ തുടങ്ങി.
തുടക്കത്തിൽ ഞാൻ അൽപം വിമുഖത അയാളോട് കാട്ടിയിരുന്നെങ്കിലും പതിയെ ഒരു അടുപ്പം എനിക്ക് അയാളോട് തോന്നിതുടങ്ങി. ഞാൻ അയാളെ കണ്ടുമുട്ടുന്നതിനു കാരണമായ കാര്യങ്ങൾ അയാളോട് പറഞ്ഞു. അയാൾ എല്ലാം കേട്ടിരുന്നു ഞാൻ പറഞ്ഞു കഴിഞ്ഞതിനുശേഷം അയാൾ എന്നോട് അയാളുടെ കൂടെ വരുന്നുണ്ടോ എന്നു ചോദിച്ചു “നിന്നെ പോലെ ഉള്ളവർക്കു പലതും എന്റെ കൂടെ നിന്നാൽ ചെയ്യാനാകും” എന്നായിരുന്നു അയാളുടെ വാക്കുകൾ. ശൂന്യമായ മനസിലേക്ക് ശൂന്യത മാറ്റി പുതിയതായി ഒന്ന് നിറക്കാൻ ഉള്ള വിളിയായിരുന്നു അത്. എവിടേക്കാണ് എന്നുപോലും ചോദിക്കാതെ ഞാൻ അയാളുടെ കൂടെ പോയി.
ഉത്തരേന്ത്യയിലെ ഏതോ ഒരു സ്റ്റേഷനിൽ ആയിരുന്നു അയാൾക്കൊപ്പം ഞാൻ ഇറങ്ങിയത്. സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ അയാളെ കാത്ത് ഒരു ജീപ്പ് പുറത്തു നിൽക്കുന്നുണ്ടായിരുന്നു. അതിനകത്ത് ഡ്രൈവറെ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു. വണ്ടിയിൽ ഉള്ളവർ ഒന്നും പരസ്പരം സംസാരിക്കുന്നില്ല. നിശബ്ദത മാത്രമേ അവർക്കിടയിൽ സംസാരിക്കൂ എന്ന് എനിക്കു തോന്നി. യാത്ര നീങ്ങുന്നത് വിജനമായ വഴികളിലേക്കായിരുന്നു, അവസാനം വണ്ടി നിർത്തിയത് തീർത്തും വിജനമായ ഒരു സ്ഥലത്തായിരുന്നു.
പിന്നീടങ്ങോട്ടു ഞങ്ങൾ നടന്നാണ് പോയത്. എന്നെ ഇവിടെ എത്തിച്ച ആളുടെ പേരുപോലും ഞാൻ ചോദിച്ചിരുന്നില്ല നടന്നു നിങ്ങുന്നതിനിടയിൽ അയാൾ അയാളുടെ പേര് മാധവദാസ് ആണെന്നു പറഞ്ഞു. ഒരു അച്ചടക്കത്തിന്റെ ഭാഷ്യം അവർക്കിടയിൽ ഉണ്ടായിരുന്നു. ഉൾകാടിലൂടെ സഞ്ചരിച്ചു ഞങ്ങൾ ഒരിടത്ത് എത്തി. അവിടെ എനിക്ക് കാണാനായത് ഒരു കൂട്ടം ആളുകളെയാണ് സ്ത്രീകളും പുരുഷന്മാരും ചേർന്ന ഒരു കൂട്ടം. മാധവദാസ് ആരാണെന്നു എനിക്ക് വ്യക്തമായി തുടങ്ങുകയായിരുന്നു. എന്നെ അയാൾ അവിടെ ഉള്ളവർക്കു പരിചയപ്പെടുത്തി. മനസ്സിന്റെ ഉള്ളിൽ ഒരു പേടി ഉടലെടുത്തു, കാര്യങ്ങൾ വ്യക്തമാണ്. എന്റെ മുഖത്തെ ഭാവങ്ങൾ മനസിലാക്കിയിട്ടാണെന്നു തോന്നുന്നു എന്നെ അയാൾ അവിടെ നിന്ന് മാറ്റി നിർത്തി.
ആ കൂട്ടത്തിൽ മലയാളം സംസാരിക്കാൻ അറിയാവുന്ന ഒരാൾ ഞങ്ങളുടെ കൂടെ വന്നു, രാജു എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. എന്റെ തോളത്തു കൈവച്ചുകൊണ്ടു അയാൾ പറഞ്ഞു “ഇവിടെ നീതി എന്ന കാപട്യമാണ് എന്നെയും നിന്നെയും ദേ ഇവരെയും ഇവിടെ എത്തിച്ചത് ഇവിടുത്തെ അധികാരവർഗ്ഗത്തിന്റെ അടിമകളായി ഇവിടുത്തെ ജനങ്ങൾ മാറുന്നു. ഇന്നി എന്നെപോലെയും നിന്നെപോലെയും ആളുകൾ ഉണ്ടാകരുത്. നിനക്കു ലഭിക്കേണ്ട ജോലി തട്ടിമാറ്റിയതല്ലേ ഇവിടുത്തെ സംവിധാനം” അയാളുടെ വാക്കുകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദുഃഖത്തെ സമൂഹത്തോടുള്ള ആളികത്തുന്ന വിദ്വേഷമാക്കി തീർത്തു.
ഞാൻ പതിയെ അവിടുത്തെ ഒരാളായി, ആയുധപരിശീലനം അടക്കം പലതും ഞാൻ അവിടെ നിന്നു പഠിച്ചു. എന്നിൽ ഒരു ആത്മവിശ്വാസം ഉടലെടുത്തു. ഇവിടെയുള്ള വ്യവസ്ഥകൾ തകർക്കുകയായിരുന്നു പിന്നീട് എന്റെ ലക്ഷ്യം. പലയിടത്തു നിന്നും കൊള്ളയടിച്ചു ഞങ്ങൾ അവിടെ തുടർന്നു. ഞങ്ങൾ എല്ലാവരുടെയും ഉള്ളിൽ ഒരു കത്തുന്ന തീ ഉണ്ടായിരുന്നു അവഗണനയുടെ, അടിച്ചമർത്തലിന്റെ, പട്ടിണിയുടെ ദുരിതത്തിന്റെ അങ്ങനെ വേദനയുടെ പ്രീതികങ്ങളായ എല്ലാ വിചാരവികാരങ്ങളുമായിരുന്നു ഞങ്ങളെ നയിച്ചത്. ഞങ്ങൾ ഈ കാട്ടിനുള്ളിൽ ഒതുങ്ങി നിന്നാൽ മാറ്റങ്ങൾ ഒന്നും യാഥാർഥ്യമാകില്ല. ഭരണകൂടം ശ്രദ്ധിക്കണം എങ്കിൽ പലതും ചെയ്യേണ്ടിയിരിക്കുന്നു.
കാട്ടിൽ താമസിക്കുന്നതുകൊണ്ടാകും ഒരു മൃഗത്തെ പോലെ ഞങ്ങൾ ചിന്തിക്കുന്നതെന്ന് മാധവ്ജി പറയാറുണ്ട്. റെയിൽവേ പാളങ്ങളിൽ ബോംബ് വച്ചുകൊണ്ടാണ് ഞാൻ ആ സ്വഭാവം എന്നിൽ ഉടലെടുത്തു എന്ന് മനസിലാക്കിയത്. ട്രെയിൻ മറിഞ്ഞ് അന്നു മരിച്ചവർ 60-ഓളം പേര് ആയിരുന്നു. ആ മരണങ്ങൾ ഞങ്ങൾക്ക് ഒരു ലഹരിയായിരുന്നു മാറ്റത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ആ ട്രെയിൻ അപകടം ഭരണകൂടത്തിൽ ഒരു പേടി സൃഷ്ടിച്ചു. പെട്ടെന്നായിരുന്നു ഒരു രാത്രി ഞങ്ങളുടെ ക്യാമ്പിന്റെ പരിസരത്തു പോലീസ് വളഞ്ഞത്. അവരുടെ വരവ് അറിഞ്ഞ ഞങ്ങൾ കുഴിബോംബുകൾ സ്ഥാപിച്ചു. അവിടെയെത്തിയ പത്തംഗസംഘവും പിന്നീട് തിരിച്ചുപോയില്ല. ഞങ്ങൾ ആ ക്യാമ്പ് വിടാൻ തീരുമാനിച്ചു.
പുതിയ സ്ഥലത്തു താവളം ഉറപ്പിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഞങ്ങൾ പരസ്പരം പിരിഞ്ഞു. രാജ്യം മുഴുവൻ ഞങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. പിന്നീട് പലയിടത്തും ഞങ്ങളിൽ പലരുടെയും പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു, ഇതിനിടയിലാണ് മാധവ്ജി കൊല്ലപ്പെട്ടത് ഞാൻ അറിയുന്നത്. ഓരോ രക്തതസാക്ഷിയും ഞങ്ങളിൽ വീര്യം കൂട്ടുകയാണ് ചെയ്തത്. അതിനുപകരമായി ഞങ്ങൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു അതിനു തീയിട്ടു.
പകരത്തിനു പകരം,അങ്ങനെ ഭരണകൂടത്തിന് ഞങ്ങൾ മറുപടി കൊടുത്തുകൊണ്ടിരുന്നു. ഇതിനിടയിൽ വർഷങ്ങൾ കടന്നുപോയി ചുമതലകൾ വർധിച്ചുവന്നു. എന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ ഉണ്ടായി. ഒരു രാത്രി സുരക്ഷാസൈനികർ ഞങ്ങളുടെ ക്യാമ്പ് ആക്രമിച്ചു. ഞാനടക്കം എല്ലാവരും തടവിലായി, പ്രതിരോധിച്ചവർ മരണം ഏറ്റുവാങ്ങി. പിന്നെയുള്ളത് വിചാരണയുടെ നാളുകളായിരുന്നു മാധ്യമങ്ങൾ ഞങ്ങളുടെ അറസ്റ്റ് ആഘോഷിച്ചു.
ലക്‌ഷ്യം എവിടെയും എത്തിക്കാൻ സാധിക്കാതെ ഞങ്ങൾ തോറ്റുപോയി. വിചാരണ തീരാൻ വർഷങ്ങൾ എടുത്തു. ഓരോ തവണയും കോടതിയിൽ എത്തുമ്പോൾ ഏതൊക്കെയോ മുഖങ്ങൾ എന്നെ നോക്കുന്നുണ്ടായിരുന്നു ആഴത്തിൽ ആ മുഖങ്ങൾ എന്നെ അസ്വസ്ഥനാക്കി. എനിക്ക് ഉറങ്ങാൻ പോലും സാധിക്കാതെ ആയി. എന്നെ നോക്കുന്നവർ
ആരാണ്? എന്തിനാണ്?
ചോദ്യങ്ങൾ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കേണ്ട ദിവസം എത്തി, ശിക്ഷ പ്രഖ്യാപിച്ച ശേഷം അപരിചിതരായ പലരുടെയും മുഖത്ത് ദുഖവും സന്തോഷവും ഇടകലർന്ന ഭാവങ്ങൾ. എന്നെ പിന്തുടർന്ന കുറെ മുഖങ്ങൾ. അവർ ആരാണ്? എനിക്കറിയില്ല. ഇരുമ്പഴികൾക്കിപ്പുറം ഏകാന്തത എന്നെ വീണ്ടും ഒറ്റപ്പെടുത്തി. ആ മുഖങ്ങൾ എന്നെ വേട്ടയടികൊണ്ടിരുന്നു. അവസാനം എന്റെ മനസ്സ് തന്നെ എന്നോട് പറഞ്ഞു,
ഞാൻ കാരണം മരിക്കപ്പെട്ടയാളുകളുടെ ഉറ്റവരോ സുഹൃത്തുക്കളോ ആകാം അവർ?
അവർ എന്തിനാണ് എന്നെ പിന്തുടരുന്നത്?
അവരുടെ സ്വപ്നങ്ങളും പ്രീതിക്ഷകളും ഞാൻ തകർത്തതുകൊണ്ടാണോ?
ഞാൻ വർഷങ്ങൾക്കു മുൻപുള്ള എന്നെത്തന്നെയല്ലേ അവരിലൂടെ സൃഷ്ടിച്ചത്?
എന്റെ മനസ്സ് ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ചു തുടങ്ങി. സത്യത്തിൽ എനിക്ക് എന്താണ് സംഭവിച്ചത്. ഞാൻ കാരണം മരിച്ചവർ പലരും പുതിയ സ്വപ്നങ്ങൾ തേടി ട്രെയിനിൽ യാത്ര തിരിച്ചവരാകും, കഷ്ടപ്പെട്ട് ജീവിക്കുന്നവരാകും, അവരുടെ ജീവനുകൾ അവരുടെ കുടുംബങ്ങളെ ദുരിതത്തിലേക്ക് വീഴ്ത്തിയിരിക്കും. ഞാൻ അവരോടായിരുന്നോ പോരടേണ്ടിയിരുന്നത് ഞാൻ തന്നെയല്ലേ അവരും?
പിന്നെ എന്തിനു ഞാൻ?
പുതിയ ജീവിതത്തിലേക്ക് നടത്താൻ എന്റെ തോളിൽ കൈവച്ച മാധവ്ജിയുടെ കൈകൾ ദൈവത്തിന്റെ കൈകളാണെന്നു ഞാൻ വിശ്വസിച്ചത് തെറ്റായിപോയോ?
സത്യത്തിൽ ഇരപിടിക്കാനിരിക്കുന്ന വേട്ടകരനായിരുന്നു അയാൾ, ചെകുത്താന്റെ കൈകളായിരുന്നു അയാളുടേത്.
ഞാൻ അർക്കെതിരെയാണ് പോരാടിയത്?
എന്തിനെതിരെ?
എന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് ഞാൻ ഒളിച്ചോടി, ഒരു ഭീരുവായ ഞാൻ ഒരു സമൂഹത്തിനു തന്നെ വിഷമായി മാറി. ഞാനാണോ ഇന്നത്തെ എന്റെ അവസ്ഥയ്ക്ക് കാരണം?
അർഹതപ്പെട്ട എനിക്കുപകരം ഇഷ്ടകാരെ നിയമിച്ച് ഇറങ്ങിപ്പോയ രാഷ്ട്രീക്കാർ അല്ലെ?
അർഹതപെടാത്ത ജോലിയിൽ കയറിയവർ അല്ലെ?
എന്റെ തോളിൽ കൈവെച്ചു എന്നെ ഒരു മൃഗമാക്കിയ മാധവ്ജി അല്ലെ? സത്യത്തിൽ ഈ സാമൂഹമല്ലെ…?.
പ്രതിപട്ടിക തയാറാക്കിയാൽ ഞാൻ തന്നെയാണ് ഒന്നാം പ്രതി വേറെ ആരുമല്ല. എന്റെ ജീവിതം ഞാൻ തിരുമാനിക്കണമായിരുന്നു. ഇരപിടിക്കാൻ വന്ന മിൻ ചൂണ്ടയിൽ കുരുങ്ങിയ അവസ്ഥ തന്നെയാണ് എന്റെയും. എന്റെ ചിന്തകളും പ്രവർത്തികളും ഞാൻ മറ്റൊരാൾക്കു നിയന്ത്രിക്കാൻ കൊടുത്താൽ ഞാൻ വെറും ഒരു കളിപ്പാട്ടമായിമാറും. ഏതോ അദൃശ്യ മനുഷ്യന്റെ ആജ്ഞകൾ അനുസരിച്ചു എന്തിനോവേണ്ടി ഞാൻ എന്നെപോലുളളവരെ കൊന്നു. ജയിലിൽ നിന്നു കിട്ടിയ ഈ പേപ്പറുകളിൽ ഞാനിത് എഴുതുന്നത് ഒരു ഓർമപ്പെടുത്തലിനുവേണ്ടിയാണ്…
അടുത്ത തിങ്കളാഴ്ച രാവിലെ 5 മണിക്ക് ഞാൻ കാരണം മരിച്ചവരുടെ എണ്ണത്തിൽ ഒരു അംഗം കൂടി ചേർക്കപ്പെടുന്നു. ആ അംഗം ഞാനാണ്…. എന്റെ വധശിക്ഷ……
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission