Skip to content

അദ്വിതീയ ഗന്ധം

aksharathalukal-malayalam-stories

വാതിലുകളും ജനലുകളും അടയുന്ന ശബ്ദം കേട്ട് ദേവി ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു.നല്ല കാറ്റും മഴയും. പുതു മഴയുടെ ഗന്ധം. ആ ഗന്ധം ഭൂതകാലത്തിലെ പ്രിയപ്പെട്ട ഗന്ധങ്ങളെ ഓർത്തെടുക്കാൻ അവളെ പ്രേരിപ്പിച്ചു..ഓർമ വെച്ച നാൾ മുതൽ അവളുടെ മനസ്സിൽ ഓരോ ജീവജാലങ്ങൾക്കും ഗന്ധം ഉണ്ടായിരുന്നു. ഓരോന്നിനെയും അവൾ തിരിച്ചറിഞ്ഞത് ഗന്ധങ്ങളിലൂടെയായിരുന്നു.ഗന്ധം അവളുടെ ലഹരിയായി. .ജീവിതത്തിനു സൗന്ദര്യം കൊടുക്കുന്ന ലഹരി.പുസ്തക താളിലെ മയിൽ പീലിക്കുംപുതു മഴക്കും എന്നു വേണ്ടാ എല്ലാത്തിനും ഗന്ധം ഉണ്ട്.അദ്വിതീയമായ ഗന്ധം.

ദേവിക്ക്‌ അവളുടെ മുത്തശ്ശിയായിരുന്നു രൂപം കൊണ്ടും വർണം കൊണ്ടും ഗന്ധം കൊണ്ടും പൂർണ സ്ത്രീ രൂപം.വൃത്തിയുള്ള വസ്ത്രങ്ങൾ,സിന്ദൂര പൊട്ട് , തുളസ്സിക്കതിരിന്റെയും പനിനീർ പൂവിൻറെയും ഇടകലർന്ന ഗന്ധം , ശുദ്ധതയുള്ള ചിന്തകൾ , വിഗ്രഹത്തിന്റെ രൂപം, ആർത്തിരമ്പുന്ന തിരമാലകൾ പോലുള്ള കാർകൂന്തൽ , കടലോളം ആഴമുള്ള കഥ പറയുന്ന കണ്ണുകൾ , ഒരു ജന്മം വേണം ആ കഥകൾ ഒപ്പി എടുക്കാൻ . മടിയിൽ തല വെച്ച് മുത്തശ്ശി കഥകൾ കേട്ടു ഉറങ്ങാൻ നല്ല സുഖമായിരുന്നു. പന്ത്രണ്ടു വയസ്സിൽ കല്യാണം കഴിഞ്ഞു ബാല്യം നഷ്ടപ്പെട്ട മുത്തശ്ശിയുടെ കഥകൾ ,വീര വനിതകളുടെ കഥകൾ എന്നിങ്ങനെ ഒരു നിര തന്നെ ഉണ്ട് .ഇന്നത്തെ ധൈര്യമുള്ള ഉന്നത ഉദ്യോഗസ്ഥയായ ദേവിയിലേക്കുള്ള വളർച്ചയിൽ ആ കഥകൾ ഒരുപാടു സ്വാധീനം ചെലുത്തിയിട്ടുണ്ട് .മുത്തശ്ശി വാരി തരുന്ന ഓരോ ഉരുളകൾക്കും പകരം വയ്ക്കാൻ കഴിയാത്ത അമൃതിന്റെ സ്വാദാണ്. . ഗന്ധം ഉപയോഗിച്ച് കറികളുടെ രുചി നോക്കാൻ വരെ മുത്തശ്ശി പഠിപ്പിച്ചു തന്നു. മുത്തശ്ശി പഠിപ്പിച്ചിട്ടില്ലാത്ത ഏക ഭാവമാണ് ദേഷ്യം . ഇതൊക്കെ തന്നെയാണ് മുത്തശ്ശിയെ ദേവിയുടെ മനസിലെ സ്ത്രീത്വത്തിൻറെ പൂർണ്ണ രൂപമാക്കി മാറ്റിയത്..

മുത്തശ്ശിയോടുള്ള കൊഞ്ചൽ പാരമ്യതയിൽ എത്തി നിന്നപ്പോൾ അവളെ പഠനത്തിനായി പട്ടണത്തിലേക്കു പറിച്ചു നട്ടു.പുതിയ വിദ്യാലയത്തിൽ അവൾ പഴയ കൂട്ടുകാരുടെ രൂപവും ഗന്ധവും വർണവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.അവൾ വിഭിന്നമായ ഗന്ധവും വർണ്ണവും രൂപവും ഉള്ള കൂട്ടുകാരെ പരിചയപെട്ടു തുടങ്ങി.

പുതിയ ലോകത്തിൽ അവൾക്കു അമ്മയെയും അച്ഛനെയും മുത്തശ്ശിയേയും പൂർണമായും നഷ്ടപ്പെട്ടു. ഇടയ്ക്ക് വരുന്ന കത്തുകളിലൂടെ അവരുടെ സാമീപ്യം അനുഭവപെട്ടു.അവളുടെ കൊഞ്ചിയുള്ള സംസാരം കേൾക്കാൻ ആരും ഇല്ലാതായി . മുത്തശ്ശിയോടുള്ള അകലം അവളെ വല്ലാതെ തളർത്തി. തളർന്ന മനസുകൾക്കു ആശ്രയം കൃഷ്ണൻ ആണെന്ന അവളുടെ വിശ്വാസം മുടങ്ങാതെ ക്ഷേത്രത്തിൽ പോകാൻ അവളെ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു.പരിഭവങ്ങൾ കൃഷ്ണനോട് പറഞ്ഞുതുടങ്ങി.

ഒരു ദിവസം ദേവി ക്ഷേത്രത്തിൽ വെച്ച് മുത്തശ്ശിയുടെ രൂപ സാദൃശ്യം ഉള്ള ഒരു സ്ത്രീയെ കണ്ടെത്തി.അവൾ എന്നും ആ മുത്തശ്ശിയോട് കുശലം പറയുകയും പൂക്കൾ കോർക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ ആ മുത്തശ്ശിക്ക് അവളുടെ മുത്തശ്ശിയുടെ പൂർണതയുടെ ഗന്ധം ഇല്ലായിരുന്നു.

അവൾ സ്കൂൾ ജീവിതം പൂർത്തിയാക്കി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. ഇതിനിടയിൽ മുത്തശ്ശി ഇഹലോക വാസം വെടിഞ്ഞ വിവരം കത്തിലൂടെ അവൾ അറിഞ്ഞു. ദേവിക്ക്‌ അവളിലെ സ്വത്വം നഷ്ടപെട്ട പോലെ തോന്നി തുടങ്ങി. ആഴ്ചകളോളം മുത്തശ്ശിയുടെ ഓർമകൾ അവളെ വേട്ട ആടിക്കൊണ്ടിരുന്നു .

വർഷങ്ങൾ കഴിഞ്ഞു.ഉപരിപഠനം പൂർത്തിയാക്കി ദേവി നാട്ടിലേക്ക് മടങ്ങി. പട്ടണത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉയർന്ന ജോലിയിൽ പ്രവേശിച്ചു. അതിനടുത്തു തന്നെ താമസവും ശെരിയാക്കി. ജോലി സ്ഥലത്തേക്കുള്ള അവളുടെ കാൽനട യാത്ര അവളിൽ ബാല്യകാല സ്മരണകൾ ഉണർത്തി. അവളുടെ അനുഭവത്തിൽ രൂപ വർണ സാദൃശ്യം ഉള്ളവരെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും ഗന്ധ സാദ്ര്യശ്യം ഉള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ജോലിയുടെ ഭാഗമായി ദേവിക്ക് ജില്ലയിലെ ഒരു ആശ്രമത്തിൽ പോകേണ്ടി വന്നു. സ്വീകരണ മുറിയിൽ പ്രവേശിച്ച അവൾക്കു അവളിലെ നഷ്ടപെട്ട സ്വത്വത്തിന്റെ ഗന്ധം അനുഭവപെട്ടു തുടങ്ങി. അവൾ സ്വീകരണമുറിയിലെ പെൺകുട്ടിയോട് അന്തേവാസികളെ കുറിച്ച് അന്വേഷിച്ചു.അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു. മുത്തശ്ശിയുടെ ഗന്ധത്തെ പിന്തുടരാൻ തുടങ്ങി.അതിനെ പിന്തുടർന്ന് എത്തിയ അവൾ അവളുടെ മുത്തശ്ശിയെ കണ്ടു. സന്തോഷത്തോടെ മുത്തശ്ശിയെ വാരിപ്പുണർന്നു. മുത്തശ്ശി നിറകണ്ണുകളോടെ അവിടെ എത്തിപ്പെട്ട ദുരന്ത കഥ പറഞ്ഞു.മുത്തശ്ശി മരിച്ചു പോയി എന്ന് അവൾ കബളിക്കപെടുകയായിരുന്നെന്ന സത്യം അവൾ മുത്തശ്ശിയിൽ നിന്നും മറച്ചു വച്ചു. മുത്തശ്ശി ആകെ ക്ഷീണിച്ചിരിക്കുന്നു.രൂപവും സൗന്ദര്യവും നഷ്ടപ്പെട്ടിരുന്നു.പക്ഷെ മുത്തശ്ശിയുടെ ഗന്ധം കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ആശ്രമം മുഴുവൻ പരിശുദ്ധമാക്കാൻ ആ ഗന്ധം മതി.

അവിടെ നിന്നു പടിയിറങ്ങുമ്പോൾ, ദേവി ഒന്ന് തീർച്ചപ്പെടുത്തി. ആർക്കും ഞാൻ എൻ്റെ ഈ അദ്വിതീയ ഗന്ധത്തിനെ വിട്ടുകൊടുക്കില്ല.ഇത് എൻ്റെ ഗന്ധമാണ്… എൻ്റെ ആത്മാവിലും ഹൃദയത്തിലും കുടികൊള്ളുന്ന ഗന്ധം…..
ഇത് എൻ്റെ മാത്രം സ്വന്തം.

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!