” മുരളി ഈസ് നോട്ട് ഇൻ ദിസ് ക്ലാസ് “, കണക്കു ടീച്ചർ രാധാമണി മിസ് എൻ്റെ അച്ഛനോട് പറഞ്ഞു. ഞാൻ കേട്ടില്ല, സുബിൻ ആണ് എന്നോട് പിന്നെ പറഞ്ഞത് എന്താ ഉണ്ടായേ ന്നു . ഓമനിച്ചു വളർത്തിയ മോൻ തങ്ങളെ വിഡ്ഢികളാക്കുവായിരുന്നു ന്നു എൻ്റെ അച്ഛനും അമ്മയും മനസ്സിലാക്കിയ ദിവസം. പിന്നീട് ഒരു പാട് ദുരനുഭവങ്ങളും ദുർദിനങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനോളം വരില്ല ഒന്നും. ആ ദിവസം ഒരു നാഴിക കല്ലായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു.
ഞാൻ മുരളി. മദ്രാസിൽ ഒരു തരക്കേടില്ലാത്ത കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. എൻ്റെ അച്ഛൻ പട്ടാളത്തിൽ ഹവിൽദാർ ആയിരുന്നു . പിന്നെ കുറച്ചു കാലം കാനറാ ബാങ്കിൽ ക്ലാർക് ആയി ജോലി ചെയ്തു . ആറു വര്ഷം മുമ്പ് അച്ഛൻ മരിച്ചു.കാൻസർ ആയിരുന്നു . ഇത് കുറച്ചു പഴയ കഥയാണ്. എൻ്റെ സ്കൂൾ കാലഘട്ടം.
അച്ഛൻ പട്ടാളക്കാരനായ കാരണം കേന്ദ്രിയ വിദ്യാലയത്തിലാണ് ഞാൻ പഠിച്ചത് (പട്ടാളക്കാരുടെ മക്കൾക്ക് അവിടെ മുൻഗണന ഉണ്ട്) . ആറാം ക്ലാസ്സിലാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത്. അത് വരെ മൂന്നു സ്കൂളിൽ പഠിച്ചു. എല്ലാം നോർത്ത് ഇന്ത്യയിൽ. ഞാൻ ആറിലായപ്പോ അച്ഛനു ആന്ഡമാനിലേക്കു ഒരു പോസ്റ്റിങ്ങ് കിട്ടി. അവിടെ പോവണ്ട ന്നു വെച്ച്, അമ്മയേം എന്നേം അച്ഛൻ നാട്ടിലേക്കയച്ചു.
അച്ഛൻറെ നാടാണ്. നല്ല നാടൻ സ്ഥലവും നാട്ടുകാരും ഒക്കെ എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഭാഷ ഒരു പ്രശ്നം ആയിരുന്നു എനിക്ക്. എൻ്റെ മലയാളം കേട്ട് കുട്ടികളൊക്കെ കളിയാക്കാൻ തുടങ്ങി. സ്വതവേ പഠിക്കാൻ വല്യ മിടുക്കൻ ഒന്നും ആയിരുന്നില്ല ഞാൻ. ഇതും കൂടി ആയപ്പോ, സ്കൂളിനോടൊക്കെ ഒരു മടുപ്പു തോന്നി തുടങ്ങി. കൗമാരത്തിലേക്കുള്ള ചുവടു വെപ്പും , കൂട്ടിനു ഒരു താന്തോന്നി കൂട്ടവും കൂടി കിട്ടിയപ്പോ, എനിക്ക് അവിടം ഇഷ്ടമാവാൻ തുടങ്ങി. പോരാത്തതിന്, അച്ഛൻ ദൂരെ ആയ കാരണം അമ്മക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ആയി. അങ്ങിനെ ഞാൻ ഒമ്പതാം ക്ലാസ്സിൽ തോറ്റു.
മാഷന്മാരെ ഒക്കെ ശപിച്ചു ശപിച്ചു ഞാൻ വീട്ടിലേക്കു പോയി : അമ്മയോട് എന്താ പറയണ്ടേ ന്നു ആലോചിച്ചു വെച്ചിരുന്നില്ല. വീട്ടിൽ ചെന്ന് കേറിയപ്പോ, അവിടെ അച്ഛൻറെ കൂടെ ജോലി ചെയ്യുന്ന ഒരു ദിവാകരൻ അങ്കിളും ഭാര്യയും വന്നിട്ടുണ്ട് വീട്ടിൽ. അച്ഛനു കൊടുത്തയാക്കാനുള്ള കവർ വാങ്ങാൻ വന്നതാ. എന്നെ കണ്ടതും ‘അമ്മ ചോദിച്ചു : “എന്തായെടാ റിസൾട്ട് ? “.
ഇപ്പൊ സത്യം പറഞ്ഞാൽ, അങ്കിൾ അച്ഛനോട് പറയും ന്നു ഉറപ്പാണ്. എന്തിനാ വെറുതെ. “പാസ് ആയി. മാർക്ക് കുറവാ”. ഭാഗ്യത്തിന് പ്രോഗ്രസ്സ് കാർഡ് ചോദിച്ചില്ല. നന്നായി പഠിക്കണം എന്ന ഒരു സ്ഥിരം ഉപദേശം തന്നിട്ട് അവര് പോയി. അടുത്ത വീട്ടിലെ സുജാത ആന്റി വന്ന കാരണം എനിക്ക് പിന്നെ അമ്മയോട് പറയാനുള്ള ഗാപ് കിട്ടിയില്ല. ഞാൻ കളിയ്ക്കാൻ പോയി (എന്തൊക്കെ സംഭവിച്ചാലും എന്നും ഉള്ള ക്രിക്കറ്റ് കളി മുടക്കാറില്ല) . ഒരു ഏഴു മണിക്ക് തിരിച്ചെത്തിയപ്പോളേക്കും അച്ഛൻ എൻ്റെ റിസൾട്ട് അറിഞ്ഞു ന്നു എനിക്ക് മനസിലായി. അപ്പുറത്തെ വീട്ടിലെ ഗോപിയേട്ടന്റെ വീട്ടിലെ ഫോണിൽ ഇടയ്ക്കു വിളിക്കും. രണ്ടു ദിവസം മുമ്പാണ് വിളിച്ചത്, അപ്പൊ ഇന്ന് ഈ വിളി ഞാൻ പ്രതീക്ഷിച്ചില്ല. എൻ്റെ റിസൾട്ട് അറിയാനാ വിളിച്ചതെന്ന് അമ്മ പറഞ്ഞു. പാസ് ആയ വിവരം അച്ഛൻ അറിഞ്ഞു. മാർക്ക് കുറഞ്ഞാലും സാരല്യ, പത്താം ക്ലാസ്സിൽ അല്ലെ പബ്ലിക് എക്സാം ഉള്ളു, അത് ശ്രദ്ധിച്ചാൽ മതി എന്നൊക്കെ പറഞ്ഞു ത്രേ.
ഈശ്വരാ, ഇനി ഇപ്പൊ എന്താ ചെയ്യാ. അമ്മയെ വലിയ പേടി ഒന്നും ഇല്ലെങ്കിലും അച്ഛൻ ഒരു ടെറർ ആണ്. ഭയം കലർന്ന ഒരു തരം ബഹുമാനം എന്നൊക്കെ വേണെങ്കി വിളിക്കാം. അപ്പൊ ഇനി മാറ്റി പറഞ്ഞാൽ ശെരിയാവില്ല. കൊറച്ചു ദിവസം ഇങ്ങനെ പോട്ടെ, പിന്നെ സാവധാനത്തിൽ അമ്മയോട് പറയാം.
ഞാൻ എന്താ തോറ്റതു എന്ന് ഒരു മുന്വിധിയില്ലാതെ ഒന്ന് വിശകലനം ചെയ്താൽ : സ്കൂളുകാരെ കുറ്റം പറയാൻ പറ്റില്ല. നല്ല അസ്സലായിട്ടു ഉഴപ്പി. ഇതിനു മുന്നേ തോക്കണ്ടതാണ്. പത്താം ക്ലാസ്സിൽ നൂറു ശതമാനം വിജയം എന്ന ലക്‌ഷ്യം നേടാൻ ഒരു വിധം മണ്ടൻമാരെ ഒക്കെ അവര് തോൽപ്പിക്കും. വല്യ അത്ഭുതം ഒന്നും ഇല്ല.
ഞാൻ ഒമ്പതാം ക്ലാസ്സിൽ തന്നെ പോയി ഇരുന്നു (അല്ലെങ്കിലും പത്താം ക്ലാസ്സിൽ ഇരിക്കാൻ അവര് സമ്മതിക്കില്ലല്ലോ). ഇനി ഏതായാലും പഠിക്കണം . ചീത്ത കൂട്ടുകെട്ടൊക്കെ വിടണം. ആദ്യത്തെ യൂണിറ്റ് ടെസ്റ്റിൽ ഒരു എൺപതു ശതമാനം എങ്കിലും മാർക്ക് വാങ്ങി അച്ഛനെ വിളിക്കണം. എല്ലാം മനസ്സിൽ കണക്കുകൂട്ടി. പക്ഷെ നമ്മൾ വിചാരിക്കുന്നതെന്തോ , ദൈവം നടത്തുന്നത് വേറെന്തോ .
ഒരു മാസം കഴിഞ്ഞു. ഒരു ദിവസം പെട്ടെന്ന് അച്ഛൻ സ്കൂളിൽ വന്നു. മൂപ്പര് അന്ന് രാവിലെ വന്നതാ – അറിയിക്കാനൊന്നും പറ്റാഞ്ഞിട്ടാണോ, അതോ ‘അമ്മ പറയാഞ്ഞിട്ടാണോ ന്നു അറിയില്ല. അച്ഛൻ നേരെ പത്താം ക്ലാസ്സിൽ പോയി മുരളിയെ കാണണം ന്നു പറഞ്ഞു. എന്നെ ഒട്ടും ഇഷ്ടമല്ലാത്ത (ഇഷ്ട്ടമുള്ള ഒരു ടീച്ചറും ഇല്ല) കണക്കു ടീച്ചർ ആണ് നേരത്തെ നിങ്ങൾ വായിച്ച ആ ഡയലോഗ് പറഞ്ഞെ.
“മുരളി . കെ . കൃഷ്ണ . അവൻ പത്താം ക്ലാസ്സിലാണ്. ഇനി വേറെ ഡിവിഷൻ വല്ലതും ആണോ ?” അച്ഛൻ ചോദിച്ചു .
രാധാമണി ടീച്ചർക്ക് കാര്യം മനസിലായി.
“നിങ്ങളോടു അവൻ പത്താം ക്ലാസ്സിലാണെന്നാണോ പറഞ്ഞിരിക്കുന്നെ? ” ടീച്ചർ മലയാളത്തിലേക്കാക്കി സംസാരം.
“നിങ്ങൾ എന്താ പറയണേ? അവൻ പത്താം ക്ലാസ്സിലെ ട്യൂഷൻ ഒക്കെ പോവുന്നുണ്ട്. എനിക്കറിയില്ലേ എൻ്റെ മോൻ ഏതു ക്ലാസ്സിലാണെന്നു ?”
കുട്ടികൾ ചിരിക്കാൻ തുടങ്ങിയപ്പോ എന്തോ കുഴപ്പം ഉണ്ട് ന്നു പാവം അച്ഛനു മനസ്സിലായി. പിന്നെ ടീച്ചർ നിർത്താതെ സംസാരിച്ചു. അത് വരെ എന്നോടുള്ള എല്ലാ ദേഷ്യവും (ഞാൻ ഒരിക്കൽ ബോര്ഡില് ശവപ്പെട്ടി വരച്ചു അവരുടെ പേര് എഴുതി വെച്ച് സസ്പെന്ഷന് ഒക്കെ വാങ്ങിച്ചിട്ടുണ്ട് ) അവര് അച്ഛൻറെ മുന്നിൽ തീർത്തു. ആ സ്ത്രീ കിട്ടിയ അവസരത്തിൽ അച്ഛനെ വല്ലാതെ അപമാനിച്ചു. മോന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല ന്നു പറഞ്ഞു. പിന്നെയും എന്തൊക്കെയോ പറഞ്ഞു. ഒരു പട്ടാളക്കാരൻ അവന്റെ രാജ്യ സുരക്ഷയിൽ ആണ് ശ്രദ്ധിക്കേണ്ടത് – ഒരു സാധാരണ ദിവസം ആണെങ്കിൽ അച്ഛൻ അത് പറഞ്ഞേനെ. പക്ഷെ സ്വന്തം മകനാൽ ഇങ്ങനെ പറ്റിക്കപെട്ടു നിക്കുമ്പോ ,അഭിമാനമുള്ള ഒരച്ഛനും തല ഉയർത്താൻ പറ്റില്ല. ഞാൻ കാരണം അച്ഛൻ അവിടെ നിന്ന് നാണം കേട്ട് ഇറങ്ങി പോയി. അതിൽ പിന്നെ അച്ഛൻ എന്നോട് വാത്സല്യത്തോടെ സംസാരിച്ചിട്ടില്ല, മരിക്കുന്ന ദിവസം വരെ. എനിക്ക് അന്നൊന്നും അതൊരു വിഷയം ആയിരുന്നില്ല. ഇപ്പൊ ആലോചിക്കുമ്പോ വല്ലാത്ത വിങ്ങലുണ്ട് മനസ്സിൽ.
അച്ഛൻ എന്നെ ചീത്ത പറയാതെ വിട്ടപ്പോ, എൻ്റെ ധൈര്യം കൂടി . അത് ഒരു തുടക്കം മാത്രം ആയിരുന്നു. ഞാൻ കാരണം അച്ഛനും അമ്മയ്ക്കും പിന്നെയും ഒരുപാടു വിഷമങ്ങൾ. അതൊക്കെ ഇനി ഒരിക്കൽ എഴുതാം. ഇപ്പൊ ഇതോർക്കാൻ കാരണം ഇന്ന് രാവിലെ എൻ്റെ ഭാര്യ എൻ്റെ മോനെ ഒരു പാട് തല്ലി. അവൻ എന്തോ ചെറിയ നുണ പറഞ്ഞതിനാണ്. ബാംഗ്ലൂർ കോൺവെൻറ് വിദ്യാഭ്യാസം കഴിഞ്ഞ അവൾക്കറിയില്ലലോ അവളുടെ ഭർത്താവ് എത്ര വലിയ നുണയനായിരുന്നു എന്ന്. വേണ്ടത്ര അടി കിട്ടാഞ്ഞിട്ടാണോ ഞാൻ നുണ പറഞ്ഞിരുന്നേ? അതോ അടി കിട്ടുമെന്ന പേടി കൊണ്ടോ ? അറിയില്ല.
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Liar Story by Gopan Sivasankaran – Aksharathalukal Online Malayalam Story