വേലിയോട് വഴക്കിട്ട്
വീട് തന്നെ ഉപേക്ഷിച്ചു
പാദരക്ഷകൾ ശത്രുവായ്
കാലു തന്നെ ഉപേക്ഷിച്ചു
കണക്കു ശാസ്ത്രം നൂറിൽ നൂറു
കണക്കു തെറ്റി വീട്ടിനുള്ളിൽ
വയറിനുള്ളിൽ കാറ്റു കേറി
ചായ പീടിക വേലയായ്
തമിഴ് പേശി ആകണം
മാത്തനാടി കന്നഡ
മുംബെയെത്തി, ഹിന്ദി ബോലേ
മല്ലുവിന്റെ ജന്മവും
അറബി വാഴും മണൽപ്പരപ്പിൽ
ചായ തുക്കൻ, മനക്കീഷും
ചുരുളെടുക്കും കുബൂസിനുള്ളിൽ
കോഴി ഷവർമ ചില്ലി സോസ്
തിരക്കിനുള്ളിൽ കോള് വന്നു
അനിയനെഞ്ചിനീയറാവാൻ
പത്തു ലക്ഷം ഉടനെ വേണം
ചന്തയോരം, വിദ്യയിന്നു
കൊട്ടയിൽ വില പേശുന്നു
വിദ്യയിന്നോരഭ്യാസമായി
ആർത്തു കൂവും കൂലികൾ
മല്ലുവായ് നാൻ മറുനാട്ടിൽ
വെയിലും കൊണ്ട് കരിയുന്നു
ജനം പഠിച്ചാൽ ജനം ജയിക്കും
ജനം ജയിച്ചാൽ നീ ജയിക്കും
എത്ര കൂന പണം വേണം
എന്തിനാണീ പണ ഭ്രാന്ത്
വേലി കെട്ടി നാടടച്ചു
നാട്ടുകാരോ പെരുവഴിയിൽ
ഗേറ്റ് പൂട്ടി ,കടിയൻ നായ
ഗൂർഖ വന്നു ചെറിയ ലോകം
കറുത്ത ചില്ലിൻ കാറു വാങ്ങി
മുഖം കൊടുക്കാ ജീവിതം
ബർഗറായ് ചൂട് പട്ടിയായ്
ഹോർമോൺ ചിക്കനായേ ജീവിതം
ഉള്ളി എണ്ണ മുളക് ചേർത്ത്
കല്ലിടിച്ചൊരു സമ്മന്തി
ചൂട് കഞ്ഞിയും പർപടകവും
ആവി ഊറ്റിക്കുടിക്കുവാൻ
കൊരണ്ടിയില്ലെൻ അമ്മയില്ല
വിറകു തള്ളുമടുപ്പുമില്ല
നീ മരിച്ചാൽ നീ മരിക്കും,
നിന്റെ സ്വത്തും, നിന്റെ നോട്ടും
നിന്റെ പാപോം നിന്റെ ചതിവും
നിന്റെ നെഞ്ചും ചിതലെടുക്കും
“അപ്പനാരാ” മക്കളോട്
“അപ്പനോ ഒരു നോട്ടു പ്രേമി
എന്റെ കൈയിൽ ചോര വേണ്ട
കണ്ണുനീരിൻ കയ്പ് വേണ്ട”
അമ്മ കരയും മക്കൾ പോകും
ജനിച്ച വീട്ടിൽ ചിതല് കേറും
ശവപ്പറമ്പിൻ അരികിലെ മരം
നിന്നിൽ വേരിൻ കൂടിറക്കും
വേലിയോട് വഴക്കിട്ട്
വീട് തന്നെ ഉപേക്ഷിച്ചു
പാദരക്ഷകൾ ശത്രുവായ്
കാലു തന്നെ ഉപേക്ഷിച്ചു
*****
By Aby Chacs