വഴി നടപ്പില്ലാത്ത വഴികൾ
കടം നിർത്തിയ കടകൾ
ഉയരുന്നു; വിലപേശലല്ല കൂർക്കം വലികൾ
ഈച്ചയാട്ടുന്ന സ്വപ്‌നങ്ങൾ
മുഖം മൂടിമുടി, മുഖംപോയ മനുഷ്യർ
അകന്നകന്നു നടന്നു, അകന്നകന്നിരുന്നു
തിരിച്ചറിയാത്ത കൂടെപ്പിറപ്പുകൾ ചുറ്റും
അടുപ്പമെല്ലാം അകലെയായ്
ജ്യേഷ്ഠന്റെ അസുഖം കൂടി
പത്തുനാൾ ഒളിവിൽ താമസിക്കുന്നാസ്പത്രിയിൽ
ആരും വരേണ്ടന്നു കാവൽക്കാരി ഭാര്യ
സാമൂഹികാകലം മുഖ്യം
സൂമിലും യൂട്യുബിലും വാട്സാപ്പിലും
ആവലാതിപ്പെട്ടി പേറും ടീവി ലാപ്ടോപ്പ് ഫോണുകൾ
മൂക്കും വായും കെട്ടിയ ദൈവങ്ങൾ
ഉത്തരം തരാതെ പോകുന്നു
കാട്ടിലൊരാറു മാസം… അജ്ഞാത വാസം കാമ്യം
ശാന്തിവീഥികൾ അശാന്തിയാക്കി
മൗനത്തിന്റെ കൊടിയിൽ കോളാമ്പി കെട്ടി
ശുഭ്രതയുടെ വെണ്മയിന്നടിയിൽ
നനക്കാത്തോരടിവസ്ത്രം
കൈകൂപ്പി മൂക്കു ചൊറിയും ഭക്തിവേഷങ്ങൾ
നഖം കറുത്ത വിരലുകളിലമേദ്യശകലം
അടിത്തൂണിളകിയ വീടിന്റെ തറയിലെ
ഓടു മിനുക്കിയിട്ടെന്തു കാര്യം ?
ദൈവം അവധിക്കു പോകുകയാണ്
കുറേക്കാലം സ്വസ്ഥമായിരിക്കട്ടെ
പള്ളിവഴിയിലെ തളർവാത രോഗി
ഭിക്ഷാപാത്രം തൂക്കി നടന്നുപോയ്
കാണിക്ക വീഴാത്ത പെട്ടികൾ
വഴിപാട് വരാത്ത വെടിക്കൂനകൾ
ആൾരൂപം കാൽരൂപം കൈരൂപമൊക്കെ
കൊട്ടയിൽ തമ്മിൽ തല്ലി ക്കി ടക്കുന്നു
രോഗശാന്തിയില്ലാ കൂട്ടായ്മകൾ
മാളത്തിലൊളിച്ച മുഖംമൂടികൾ
ദൈവം അവധിക്കു പോകുകയാണ്
കുറേക്കാലം സ്വസ്ഥമായിരിക്കട്ടെ
ജനമകന്നീ അമ്പലം, സഭ വഴക്കിൻ പള്ളികൾ
ദൈവം അജ്ഞാതവാസമെന്നറിയാത്ത
വേഷംകെട്ടികൾ “വരക്കു മുകളി”ലൂടെ *
സ്വീകരണമുറിയിൽ വന്നൂ ടീവി ചാനലായ്
മേൽക്കൂരയിൻ ഓടിളക്കിയിറങ്ങി
കിടപ്പുമുറിയിൽ ടീവിയും വാട്സാപ്പും
ഉറക്കാതെ നിരന്തരം ചലപലച്ചു
“വിധി ദിവസമെത്തുന്നു നിൻ കണ്ണീരേ ശരണം”
“കൊറോണയോ ദൈവ പരീക്ഷണങ്ങൾ”
മണ്ണിരകളില്ലാത്ത മണ്ണും
പച്ചനോട്ടുകളും പച്ചവിട്ടിലുമില്ലാത്ത നാടും
ചീവീടുകൾ ചത്ത ടാർ വഴികളിൽ
ഇല്ലാത്ത ചിരട്ടയും മെഴുതിരിയും
നനഞ്ഞ ചൂട്ടുകറ്റയിൽ കെട്ട വെളിച്ചവും
ചിന്നിയ വാഴയിലക്കീഴിൽ നനഞ്ഞ ബാല്യവും
മദ്യത്തിന്റെ ചൂരിൽ വഴിയിൽ വീണ യുവത്വവും
അനാധത്വത്തിൻ ഭിത്തികൾ തടഞ്ഞിട്ട വാർദ്ധക്യവും
റബ്ബറു വെച്ച പാടങ്ങളും, ചത്ത മീനിന്റെ പുഴയും
ക്വറി തകർത്ത കാടും താണ്ടി
ദൈവം അവധിക്കു പോകുകയാണ്
കുറേക്കാലം സ്വസ്ഥമായിരിക്കട്ടെ
എബി ചാക്സ്