ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ

3021 Views

Oru rathri irutti velukkumbol

എബി ചാക്സ്

പ്രാരാബ്ധത്തിൻ ഉപ്പുചാക്കുകൾ
ചുമ്മി തീർത്ത പകലിന്റെ ബാക്കി
അന്തിക്കൂരയിൽ ചുമടിറക്കി
നെടുവീർപ്പിട്ടീ തറയിലെൻ നടു-
നിവർത്തി മേൽക്കൂര നോക്കി
കണ്ണടക്കാത്ത സ്വപ്നങ്ങളായി
രാവിൻ യാമം കൊഴിഞ്ഞീടുമ്പോൾ
ഇറ്റിറ്റു ചോരുന്നോ ജീവിതം?

കാൽചിരട്ടകൾ കണ്ണു തുറ
ന്നൂറി ഉറവയായ് കടയും വേദന
മേൽക്കൂര മേലെ ഇടിയുന്ന മാനം
ചാൽ കീറി വായ് കീറി ഉള്ളാൽ വലിക്കുന്ന
മണ്ണിന്റെ മാത്രം രഹസ്യ കുശിപ്പുകൾ
ധൃതതാളമായെൻ ഹൃദയമിടിപ്പുകൾ

നടുപൊള്ളിക്കും ചൂടുസഞ്ചിയും 1
കാലിലിഴയും കോട്ടക്കലെണ്ണയും
വെട്ടിതിളച്ചാവിയായ് വെള്ളവും
പൊരുതുന്നീ വേദന മറക്കാൻ
കണ്ണടച്ചില്ലാതാക്കും ഉപ്പുചാക്കിൻ കനം
ചെവിയടച്ചില്ലാതാക്കും ചന്തയിൻ ആരവം

കൂട്ടമായ് പറക്കും തൃസന്ധ്യയിൽ പക്ഷികൾ
കൂട്ടത്തിൽ പിന്നിൽ ഇരകിട്ടാ പക്ഷികൾ
പാലം കടന്നീ പുഴയും കടന്നു
പാടം കടന്നു, തോട്ടം കടന്നു
വഴി കുരുക്കും കേബിളും കടന്നു
പഴി പറഞ്ഞൂ “കൂടെത്തിയില്ലേ ”?

മുറിവേറ്റ സ്വപ്നങ്ങളെൻ ചിന്തകൾ
തലക്കുള്ളിൽ തിരക്കുന്ന പണിയായുധങ്ങൾ
തട്ടി തെറിപ്പിച്ച ചോരപൊടിപ്പുകൾ
ജീവൻ കെട്ട കൺതട കെട്ടുകൾ
ഊറിയിറങ്ങി നരയൻ രോമകുറ്റികൾ
ഞാനറിയാതുറങ്ങി കിടന്നോ?

ഇരുളിന്റെ ഇരുണ്ട മുടിയിൽ
നിലാവിൻ വെള്ളിഴ പാകി
മിന്നി മറഞ്ഞ പൊട്ടു വെളിച്ചത്തിന്നാകാശം
ഇരുട്ടി വെളുത്തപ്പോൾ
ഉറങ്ങിക്കിടന്നയെൻ
മുടി വെള്ള പൂശിയതാരോ ?

കഴുകിയെത്ര, പോകാതെ
പ്രാരാബ്ധത്തിൻ നിഴൽപ്പാടുകൾ
വേനൽ, മണ്ണ് പിളർന്നപ്പോൾ
വരണ്ടുണങ്ങിയോരെൻ മുഖം.

ഇളകുന്നു തെങ്ങോല നക്ഷത്രക്കൂട്ടവും
ഒന്നല്ല പലമേഘം കമ്പിളിയേറ്റുന്നു
ദയ തോന്നി നൽകിയ നിദ്രയിൻ സ്വപ്നങ്ങൾ
കെടുന്നൂ താരാവലി മറഞ്ഞപോലെ

ഉറങ്ങുന്ന ലോകത്തിനപ്പുറം ഇപ്പോഴും
ഉറങ്ങാത്ത വേറെ ചലിക്കുന്ന ലോകം
ഒന്നുറങ്ങി ഞാൻ കൺതുറക്കവേ
എന്തൊക്കെ എന്തൊക്കെ കൈവിട്ടു പോയി

സെൻസസിൽ പോയിന്റ് കൂടി കുറഞ്ഞു
ഉറക്കത്തിൽ ധനവാൻ ദരിദ്രനായി
ഒന്ന് തിരിഞ്ഞിട്ടു വീണ്ടും ഉറങ്ങുമ്പോൾ
ഏതൊക്കെ കീഴ്രേഖ മേലിലെത്തി?

ഒരു രാത്രി നേരം ഇരുട്ടി വെളുക്കുമ്പോൾ
എന്തൊക്കെ മാറ്റങ്ങൾ വന്നീടുന്നു
സെന്സസിൽ പോയിന്റ് കൂടികുറഞ്ഞാലും
എൻ പഴ്സിനുള്ളിലോ മാറ്റമില്ല

ഞാനുറങ്ങും നേരം പെട്രോൾ വില കൂടി
എട്ടായ് ചുരുങ്ങി എൻ പത്തു ലിറ്റർ
ആയിരം രൂപയ്ക്കു കിറ്റു സഞ്ചി
ഇന്നലെ ഇന്നേക്കു മെലിഞ്ഞു സഞ്ചി

ഇന്നലെ ചിരിതൂകി കൈവീശിപ്പോയവർ
ഇന്നു ചരമപ്പേജിലെ ഫോട്ടോകൾ
ഒരു രാത്രി നേരം ഇരുട്ടി വെളുക്കുമ്പോൾ
യാത്ര പറയാതെ യാത്രക്കു പോകുന്നോർ

പോത്തിൻ മുകളിൽ കയറുമായെത്തുന്ന
യമമഹാരാജാവിൻ അനുചരന്മാർ
തരം നോക്കി തലയണക്കീഴിൽ ഒളിച്ചിതാ
മരണക്കയറിൻ കുടുക്കുമായി

കുടഞ്ഞിട്ടു തട്ടും കൊടുത്തിട്ടു തലയണ
തലക്കീഴിൽ വെക്കൂ .. കരുതലോടെ
ഒരു കൊച്ചു പ്രാർത്ഥന: മരണക്കയറിന്റെ
കുടുക്കെൻ കഴുത്തിൽ മുറുക്കരുതേ

കാറ്റത്തൊടുങ്ങിയ പൂക്കളും, കയ്യാല
ഭേദിച്ചു ചാലായ് ഒഴുകും മഴവെള്ളം
വാഴകൾ അടിതെറ്റി വീഴുന്നു, ശിഖരങ്ങൾ
കൈവിട്ടു ചിതറും കടച്ചക്കകൾ

ഈ കാളരാത്രി ഇരുണ്ടു വെളുക്കുമ്പോൾ
ആരുണ്ടു ബാക്കി? എന്തുണ്ട് ബാക്കി ?
ഒരു കൊച്ചു പ്രാർത്ഥന മരണക്കയറിന്റെ
കുടുക്കെൻ കഴുത്തിൽ മുറുക്കരുതേ

000000000000000000000000000000000

എബി ചാക്സ്

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply