ഇപ്പൊൾ മാസത്തിന്റെ ആദ്യയാഴ്ചക്കു തിളക്കമേയില്ല
ഇപ്പോൾ വരാന്ത്യത്തിന്റെ കുപ്പികൾ മുറിയിലേക്കെത്തുന്നില്ല
ഒരു പെഗ്ഗിനു കൂട്ടു ചോദിക്കുന്ന വിളികൾ എത്താറില്ല
മെട്രോസ്റ്റേഷന്റെ 9.20 ട്രെയിനിൽ പോകാറില്ല
മെട്രോ ലോബിയിലെ കൂട്ടിമുട്ടലുകൾ ഉണ്ടാവുന്നില്ല
സൽവാർ കമ്മീസിലവുളുടെ പിന്നാമ്പുറം കാണുന്നില്ല
ആ തിരിച്ചറിയാത്ത നോട്ടത്തിനുള്ളിലെ നോട്ടവും
ആ നിഴലായി നടന്നവനെ തിരയുന്ന കൺകളും കാണുന്നില്ല
ചുരുങ്ങി ചുരുങ്ങി ചുരളലും ചുരുങ്ങി
മുറിയുടെ മൂലക്കെ കട്ടിലിന്റെ രണ്ടാം നിലയിൽ
ഫോണിൽ ചുണ്ണാമ്പു തേച്ചു വിരൽ കഴച്ചു
ഫാനിന്റെ മുരുമ്മലും തലയിലെ ഇരമ്പലുമായി ഞാൻ കിടന്നു
ഒറ്റക്കല്ല ഞാൻ; വേറെയുമുണ്ടഞ്ചാളുകൾ
വേലയില്ലാർക്കും; കയറേണ്ട കമ്പനി പ്പടികൾ
താഴെ മമ്മദ് പനിച്ചു കിടക്കുന്നു
പനി പേടിച്ചു ഹരിയും ബക്കറും പാർക്കിലിരിക്കുന്നു
ബോട്ടിമിൽ അമ്മയെ കണ്ടു.
തീയടുപ്പിലൂതുമെൻ പെങ്ങളെ കണ്ടു
അനുജൻ ചിലവിനെപ്പറ്റി
അമ്മ അസുഖത്തെപ്പറ്റി
പെങ്ങൾ വരവിനെപ്പറ്റി
അപ്പൻ മരണത്തെപ്പറ്റി
ദൂരെയെൻ ഗ്രാമം പതിയെ മരിക്കുന്ന ഗ്രാമം
തമ്മിൽ തിരിച്ചറിയാ മുഖം മൂടി വച്ച ഗ്രാമം
അയലത്തെ ചാണ്ടിയും കിഴക്കേലെ പാ പ്പനും
വിളിക്കാത്ത തെറിയില്ല; തമ്മിൽ ചെയ്യാത്ത പണിയില്ല
ഇപ്പോളൊരേ വാർഡിൽ തൊട്ടടുത്തു പനിച്ചു കിടക്കുന്നു.
പനിക്കുന്ന പപ്പൻ; ശ്വാസം വലിക്കുന്ന ചാണ്ടി
വലിവും പനിയും കുശലം ചോദിക്കും കൊറോണക്കാലം
എന്താടാ ഒട്ടും മേലേ .. വെള്ളം ..ചൂട് വെള്ളം വേണോ..
വെന്റിലേറ്റർ പിടയുന്നു ….ഓടുന്നു നഴ്സുമാർ
തലങ്ങും വിലങ്ങും ആംബുലൻസിന്റെ നിലവിളി
താഴെ മമ്മദ് പനിച്ചു കിടക്കുന്നു
പനി പേടിച്ചു ഹരിയും ബക്കറും പാർക്കിലിരിക്കുന്നു
അടുക്കളയിൽ സലാം കഞ്ഞി വയ്ക്കുന്നു
വലിയ കലം രാവിലെ ഉച്ചക്ക് രാത്രിയും
ഓൻ ജനലുങ്കൽ മുഖം കോട്ടി വന്നു നിന്നു
പിന്നെ പതിയെ പറഞ്ഞു തിരിച്ചുപോയി
ഉപ്പ പോയ്..ആവില്ലെനിക്കിപ്പോൾ പോകാനുമവിടെ
കരയാനറിയാത്തൊരിരുമ്പാണ് സലാം
ഞാൻ കണ്ണടച്ചു
തിളക്കമില്ലാത്ത മാസാദ്യയാഴ്ചകൾ
കുപ്പികളില്ലാത്ത വരാന്ത്യരാത്രികൾ
ഞാൻ ചെവിയടച്ചു
ഒരു പെഗ്ഗിനു കൂട്ടുകൂടാത്ത സൗഹൃദങ്ങൾ
മെട്രോസ്റ്റേഷൻ ട്രയിൻ പോയി നിശബ്ദമായ്
ഞാൻ നെഞ്ചടച്ചു
മെട്രോ ലോബിയിലെ ഓളുടെ അലസമായ കണ്ടുമുട്ടലില്ല
യുവത്വത്തിൻ നിമ്നോന്നതങ്ങളൊഴുക്കും ചലന സൗന്ദര്യമില്ല
ഞാൻ ചിറകടിച്ചു
അപരിചിതയുടെ മൂടിയുമായ് ഓൾ ഈ വഴി വന്നുവെങ്കിൽ
നിഴലായി നടന്നവനെനോക്കിപ്പിടയും കൺകളെ കണ്ടുവെങ്കിൽ
ഒഴുകട്ടെ ഞാൻ മേഘങ്ങളിൽ
താഴെ മുഖം മുത്തുമോരോ മെട്രോ ട്രെയിനുകൾ ഓടിയകലുന്നു
എബി ചാക്സ്
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission